പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

രൗദ്രഭക്തിയുടെ കൊടുങ്ങല്ലൂർക്കാഴ്‌ച

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രദീപ്‌ മൂഴിക്കുളം

ഉച്ചിയിൽ മീനമാസത്തിലെ സൂര്യൻ എറിഞ്ഞിട്ടു കൊടുത്ത കൊടുംചൂട്‌. വരണ്ടകാറ്റിന്റെ ഓർമ്മപ്പെടുത്തലിൽ നിറുത്താതെ മന്ത്രം ജപിച്ച്‌ വിറയ്‌ക്കുന്ന ആലിലകൾ. അവകാശത്തറകളിൽ നിന്നും ഉയരുന്ന ഭക്തരുടെ ശരണം വിളികളിൽ മുഖരിതമായ നഗരം. കേരളത്തിലെ അറുപത്തിനാല്‌ ഭദ്രകാളീക്ഷേത്രങ്ങളുടെയും മൂലക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിക്കാവിലെ ഭരണിയുത്സവകാലം. ചെമ്പട്ടുടുത്ത്‌ ചിലമ്പണിഞ്ഞ്‌, അരമണികെട്ടി, കൈയ്യിൽ മൂർച്ചയൊത്ത വാളുകളുമായി കോൽത്താളത്തിൽ ശരണം വിളികളും തെറിപ്പാട്ടുകളുമായി നഗരവീഥികളെ ചുവപ്പിച്ച്‌ അലറിക്കുതിച്ചെത്തുകയാണ്‌ ‘ചെല്ലിയാന്മാ’രെന്ന്‌ നാട്ടുകാർ വിളിക്കുന്ന ദേശക്കാരുടെ വെളിച്ചപ്പാടുമാർ. ജടപിടിച്ച്‌ വളർന്നു പടർന്ന മുടിയെ മാടിയൊതുക്കി ദേവീസന്നിധിയിൽ രൗദ്രാവേശത്തിൽ വാളാൽ സ്വയം തല പിളർത്തി “താനാരോ... തന്നാരോ” പാടി ആടിത്തിമിർക്കുമ്പോൾ, നെറുകയിലെ ചോരയൊഴുകിയ വഴികളിൽ മഞ്ഞൾപ്പൊടി വാരിപ്പൊത്തി കൂടെനിൽക്കുന്നവർ നെഞ്ചുപിളർന്നു വിളിക്കുന്നു... “അമ്മേ ശരണം.... ദേവീ ശരണം..”

പ്രാചീനമായ ഒരു കാലത്തിന്റെ ഓർമ്മകൾ ഉണർത്തുന്നതാണ്‌ കൊടുങ്ങല്ലൂരിലെ ഭരണിയുത്സവം. കിരാതമായ ആചാരങ്ങൾ ഇത്രയും അനുഷ്‌ഠിക്കുന്ന മറ്റൊരു പ്രമുഖക്ഷേത്രം കേരളത്തിൽ ഇല്ലെന്നു തന്നെ പറയാം. ചരിത്രം ഇതിന്‌ പല വ്യാഖ്യാനങ്ങളും നല്‌കുന്നുണ്ട്‌. കണ്ണകിയുടെ കഥയും, ബൗദ്ധരുടെ പാലായനവും ഇതിൽ ചിലതാണ്‌. കോഴിയെ അറുത്തും, സ്വയം തലപിളർത്തിയും ദേവിക്ക്‌ ചോര സമർപ്പിച്ച ഭക്തരുടെ വിശ്വാസത്തിന്‌ കാലത്തിന്റെ മാറ്റം എതിരു നില്‌ക്കുന്നുണ്ടെങ്കിലും, തെറിപ്പാട്ട്‌ മന്ത്രാക്ഷരംപോലെ ആസ്വദിക്കുന്ന സ്‌ത്രീശക്തിയുടെ പരംരൂപമായ ഈ ഭദ്രകാളീസന്നിധിയിൽ, ഭക്തി അതിന്റെ മൂർത്തതയിൽ നില്‌ക്കുമ്പോൾ മഞ്ഞൾപ്പൊടിയും കുങ്കുമവും രക്താഭിഷേകവുമായി ചെമ്പട്ടിന്റെ തിളക്കത്തിൽ ഭക്തർ തീത്തെയ്യമാകുന്നു. കൊടുങ്ങല്ലൂരിനിപ്പോൾ മീനഭരണിയുടെ കൊടും ചൂട്‌.

ദേവിയുടെ ആജ്ഞപ്രകാരം, പാലക്കാട്ടെ കോഴിക്കറയിൽ നിന്നത്രേ, ആദ്യത്തെ വെളിച്ചപ്പാടുണ്ടായത്‌. ഇവർ, ആയുധപൂജ കഴിഞ്ഞ്‌ കാരണവന്മാരോടൊത്ത്‌, വാദ്യമേളങ്ങളുടെ അകമ്പടിയോടെ, താന്താങ്ങളുടെ തറകളിൽ നിലയുറപ്പിക്കുന്നതോടെ ഭരണിയുത്സവം അതിന്റെ പാരമ്യത്തിലെത്തുകയായി. ഓരോ ദേശത്തിനും ഓരോ തറകളാണുളളത്‌. ദേശക്കാർക്ക്‌ ഈ തറകളോടുളള ആത്മബന്ധം കൊണ്ടുതന്നെ, ഒരു ദേശക്കാരൻ മറ്റൊരു ദേശത്തറയിൽ നിൽക്കുന്നത്‌ ആചാരവിരുദ്ധമായി കരുതുന്നു. അശ്വതിനാളിലെ കാവുതീണ്ടലിനുശേഷം, തറകളിൽ ഉപവിഷ്‌ടരായ കാരണവന്മാരുടെ അനുവാദം വാങ്ങിയശേഷം മാത്രമേ ഇവർ മടങ്ങിപ്പോവുകയുളളൂ. കണ്ണകിയുടെ ശിലയത്രേ ഇവിടെ പ്രതിഷ്‌ഠ. ചേരരാജാവായ ചേരൻ ചെങ്കുട്ടവനാണ്‌ ഈ ക്ഷേത്രം നിർമ്മിച്ചത്‌. അദ്ദേഹത്തിന്റെ സഹോദരനും കവിയുമായ ഇളംകോ അടികളുടെ ചിലപ്പതികാരത്തിൽ കണ്ണകിയുടെ കഥയാണ്‌ പറയുന്നത്‌.

കണ്ണകി

ഒരിക്കൽ ചെങ്കുട്ടവൻ പത്നിയോടും പരിവാരങ്ങളോടും കൂടി പെരിയാറിന്റെ തീരത്തുളള ചെങ്കൽകുന്നിലേക്ക്‌, ഒരുല്ലാസയാത്ര നടത്തി. ഇളംകോ അടികളും അദ്ദേഹത്തിന്റെ സുഹൃത്തും രാജസദസ്സിലെ അംഗവുമായ ചാത്തനാരും പ്രത്യേക ക്ഷണിതാക്കളായി ഒപ്പമുണ്ടായിരുന്നു. രാജാവിന്റെ വരവറിഞ്ഞ്‌ കുറവന്മാരും മലവേടന്മാരും ആദിവാസികളുമൊക്കെ ആനക്കൊമ്പ്‌, ചന്ദനം, കുന്തിരിക്കം, കാട്ടുതേൻ, കുരുമുളക്‌ തുടങ്ങി വിലപിടിച്ച ദ്രവ്യങ്ങളുമായി അദ്ദേഹത്തെ എതിരേറ്റു. സന്തുഷ്‌ടനായ ചെങ്കുട്ടവൻ അവരോട്‌ സുഖാന്വേഷണങ്ങൾ നടത്തവേ, ആയിടക്കുണ്ടായ ഒരു അത്ഭുതസംഭവം അറിയുവാനിടയായി - ഒരുദിവസം കണ്ണീരോടുകൂടി, ഒറ്റമുലയുളള ഒരു സുന്ദരി കാട്ടിൽ വന്നു. അവൾ, ആരോടും ഒന്നും പറയാതെ, ഭക്ഷണമുപേക്ഷിച്ച്‌, വേങ്ങാമരത്തണലിൽ തപസ്സാരംഭിച്ചു. അങ്ങിനെയിരിക്കെ ഒരു ദിവസം ആകാശത്തുനിന്നും സ്വർണ്ണവിമാനത്തിൽ ഒരു ദിവ്യപുരുഷൻ വരികയും അവളെയും കൂട്ടി അപ്രത്യക്ഷമാവുകയും ചെയ്‌തുവത്രേ! - പിന്നീട്‌ ജ്ഞാനിയായ ചാത്തനാരാണ്‌, ചെങ്കുട്ടവന്‌ വേണ്ടി ആ സ്‌ത്രീയുടെ പൂർവ്വകഥ പറയുന്നത്‌.

പുകാർ പട്ടണത്തിലെ രണ്ട്‌ സമ്പന്ന കുടുംബങ്ങളിൽപ്പെട്ട കോവലനും കണ്ണകിയും വിവാഹിതരായി. മാധവി, പുകാർ രാജസദസ്സിലെ നർത്തകിയാണ്‌. ആയിടെ നൃത്തം അരങ്ങേറിയപ്പോൾ, സന്തുഷ്‌ടനായ രാജാവ്‌ വിലപിടിച്ച രത്നങ്ങൾ പതിച്ച ഒരു പച്ചക്കൽമാല അവൾക്ക്‌ സമ്മാനിച്ചു. സദസ്സിലുണ്ടായിരുന്ന കോവലൻ അവളിൽ ആകൃഷ്‌ടനാവുകയും അവളെ സ്വന്തമാക്കണമെന്ന്‌ ആഗ്രഹിക്കുകയും ചെയ്‌തു. 1008 കഴഞ്ച്‌ പൊന്ന്‌ നൽകി മാല വാങ്ങുന്നവൻ തന്റെ കാമുകനാകുമെന്നുളള മാധവിയുടെ പ്രഖ്യാപനം കോവലൻ അറിയുകയും, മാല വാങ്ങി അവളെ സ്വന്തമാക്കുകയും ചെയ്‌തു. അവർക്ക്‌ കാലാന്തരത്തിൽ മണിമേഖല എന്ന ഒരു കുഞ്ഞ്‌ പിറന്നു. പിന്നീട്‌ മാധവിയിൽ കോവലന്‌ വിരക്തി തോന്നിത്തുടങ്ങി. അതിനിടെ അയാൾ സമ്പത്തെല്ലാം അവളിൽ നഷ്‌ടപ്പെടുത്തിയിരുന്നു. ഒടുവിൽ പരമദരിദ്രനായി കണ്ണകിയുടെ അടുത്ത്‌ കോവലൻ മടങ്ങിയെത്തി. കണ്ണകിയുടെ രണ്ട്‌ ചിലമ്പുകളിലൊന്ന്‌ വിറ്റ്‌ മധുരയിൽ വ്യാപാരം തുടങ്ങുവാൻ നിശ്ചയിച്ച്‌, യാത്ര തിരിച്ചു. ചിലമ്പ്‌ വിൽക്കുന്നതിനിടയിൽ, കൊട്ടാരം തട്ടാന്റെ ചതിയിൽപ്പെട്ട്‌, കോവലൻ രാജ്ഞിയുടെ ചിലമ്പ്‌ മോഷ്‌ടിച്ചെന്ന കുറ്റം ചുമത്തപ്പെട്ട്‌ വധിക്കപ്പെടുന്നു. കഠിന കോപത്തോടും തകർന്ന മനസ്സോടും കൂടി പാണ്ഡ്യരാജധാനിയിൽ പാഞ്ഞെത്തിയ കണ്ണകി തന്റെ പ്രിയതമന്റെ നിരപരാധിത്വം തെളിയിച്ചു. ചെയ്‌തുപോയ തെറ്റിൽ മനംനൊന്ത്‌ പാണ്ഡ്യരാജാവും പത്നിയും ഹൃദയം പൊട്ടി മരിക്കുകയും ചെയ്‌തു. കലിയടങ്ങാതെ കണ്ണകി തന്റെ ഒരു മുല പറിച്ചെറിഞ്ഞ്‌, മധുര അഗ്നിക്കിരയാകട്ടെ എന്ന്‌ ശപിക്കുകയും, മധുരയ്‌ക്ക്‌ ആ ഗതിതന്നെ വരുകയും ചെയ്‌തു.

വീരോജ്വലമായ ഈ കഥ കേട്ട ചെങ്കുട്ടവന്റെ രാജ്ഞി കണ്ണകിയെന്ന പതിവ്രതാരത്നത്തിന്‌ ഒരു ക്ഷേത്രം പണിയണമെന്ന്‌ ആഗ്രഹിച്ചു. തന്റെ പത്നിയുടെ ആഗ്രഹപ്രകാരം ചെങ്കുട്ടവനാണ്‌ ഈ ക്ഷേത്രം പണി കഴിപ്പിച്ചതെന്ന്‌ ഐതിഹ്യം.

വീരാരാധനയും ഭരണിപ്പാട്ടും

പ്രാചീന ഭാരതത്തിൽ മരിച്ചുപോയ വീരന്മാരുടെ ഓർമ്മയിൽ കാവുകൾ, ചെമ്പകത്തറകൾ, കളരികൾ തുടങ്ങിയിടങ്ങളിൽ നടുക്കല്ലുകൾ വച്ച്‌ ആരാധിച്ചിരുന്നുവത്രെ. ഭക്തിയോടെയുളള ഈ ആരാധനാക്രമത്തിന്‌ മിനുസപ്പെടുത്തിയ കല്ലുകളോ, രൂപം കൊത്തിയ കല്ലുകളോ ആണ്‌ ഉപയോഗിച്ചിരുന്നത്‌. ചില പ്രദേശങ്ങളിൽ ഇത്തരം കല്ലുകൾക്ക്‌ ചുവരുകളും മേൽക്കൂരയും പണിതു. കാലക്രമേണ അവ ഗ്രാമക്ഷേത്രങ്ങളായി മാറി. യോഗീശ്വരൻ, മന്ത്രമൂർത്തി, മറുത, മുത്തപ്പൻ എന്നിങ്ങനെയാണ്‌ പരേതാരാധനയുടെ വിവിധ രൂപങ്ങൾ. ആരാധനയുടെ ഭാഗമായി ഇത്തരം കല്ലുകൾക്ക്‌ മുന്നിൽ മരിച്ചുപോയവരുടെ വീരേതിഹാസങ്ങൾ പാടുക എന്നത്‌ ഇത്തരം ഗ്രാമീണദൈവങ്ങൾക്ക്‌ കൂടുതൽ വിശ്വാസ്യത പകരുകയും സമൂഹത്തിൽ കൂടുതൽ സ്വാധീനം നേടിക്കൊടുക്കുകയും ചെയ്‌തു. ഇത്തരം വീരാരാധനയുടെ ഭാഗമായാണ്‌ കണ്ണകീപ്രതിഷ്‌ഠയും നടന്നത്‌. ചെങ്കുട്ടവൻ ഇതിനായി ഹിമാലയത്തിൽ നിന്നാണ്‌ ശില കൊണ്ടുവന്നത്‌. സംഘകാലകൃതികൾ സ്‌ത്രീയുടെ ചാരിത്ര്യശുദ്ധിയെ ധാരാളം പ്രകീർത്തിക്കുന്നുണ്ട്‌. പതിവ്രതയായ ഒരു സ്‌ത്രീക്ക്‌ ഒരു രാജ്യത്തെത്തന്നെ ചുട്ടെരിക്കാനുളള ശക്തിയുണ്ടെന്നും, മുക്തിനേടി സ്വർഗ്ഗത്തിലെത്തുമെന്നുമുളള വിശ്വാസമാണ്‌ കണ്ണകിയെ ദേവതാസങ്കല്പമാക്കി മാറ്റിയത്‌. ആരാധനയുടെ പാരമ്യത്തിൽ ശരീരവും മനസ്സും പ്രകമ്പനം കൊളളുമ്പോഴുളള മാന്ത്രികാന്തരീക്ഷത്തിലാണ്‌ പാട്ടുകൾ പിറവി കൊളളുന്നത്‌. ഭദ്രകാളിപ്പാട്ട്‌, ബ്രാഹ്‌മണിയമ്മപ്പാട്ട്‌, പാനപ്പാട്ട്‌, കുറുപ്പപ്പാട്ട്‌ തുടങ്ങി ഒട്ടനവധി പാട്ടുരൂപങ്ങൾ ആരാധനയുമായി ബന്ധപ്പെട്ട്‌ നിലനിൽക്കുന്നുണ്ട്‌.

കൗളമാർഗ്ഗത്തിലുളള ആരാധനാരീതിയാണ്‌ ഭരണിപ്പാട്ട്‌. അശ്ലീലമെങ്കിലും, ഭക്തിയോടുകൂടി പാടിയിരുന്ന ഇത്തരം പാട്ടുകൾ ഉദ്ദേശ്യശുദ്ധി നഷ്‌ടപ്പെട്ട്‌ ശക്തമായ എതിർപ്പ്‌ നേരിടുന്നുണ്ട്‌. കോവലന്റെ കൊലപാതകത്തിലെ അനീതിയിൽ മനംനൊന്ത്‌, കോപാക്രാന്തയായി പാണ്ഡ്യരാജധാനിയിൽ ചെന്ന്‌ ഘോരഘോരം ശപിക്കുന്ന കണ്ണകിയുടെ പ്രതിഷേധങ്ങളാണത്രേ ഭരണിപ്പാട്ടുകൾ. ഭരണിയ്‌ക്ക്‌ പോകുന്നവർ വഴിനീളെ ആഭാസം വിളിച്ച്‌ പറഞ്ഞ്‌ പോയില്ലെങ്കിൽ വ്രതത്തിന്‌ ഫലമുണ്ടാകില്ലെന്ന്‌ ഇന്നും വിശ്വസിക്കുന്നുണ്ട്‌. ചേർത്തല പൂരം, ചെനക്കത്തൂർ പൂരം, കൊട്ടിയൂർ പൂരം തുടങ്ങിയവ സമാന ആരാധനാരീതികളുളള ക്ഷേത്രോത്സവങ്ങളാണ്‌.

ഇത്തരം ആരാധനാലയങ്ങളിൽ ബലി കൊടുക്കുക എന്നത്‌ ഒരു പ്രധാന ചടങ്ങാണ്‌. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ബലികൊടുത്തിരുന്നത്‌ കോഴികളെയാണ്‌. മൂടിയ കോഴിക്കല്ലിന്‌ മുകളിൽ പൂവൻ കോഴികളെ ബലിയർപ്പിക്കുന്നതോടെ കോഴിക്കല്ല്‌ മൂടൽ പൂർണ്ണമായി. ഇതിനുളള അവകാശം തച്ചോളിത്തറവാട്ടുകാർക്കായിരുന്നു. ഇതിനുശേഷം മാത്രമാണ്‌ ഏഴുദിവസം നീണ്ട്‌ നിൽക്കുന്ന ഭരണിയുത്സവം തുടങ്ങുന്നത്‌. കുറെക്കാലമായി കൊടുങ്ങല്ലൂരിൽ കോഴിവെട്ട്‌ നിരോധിച്ചിരിക്കുകയാണ്‌.

വെളിച്ചപ്പാട്‌, ഭരണിപ്പാട്ട്‌, കോഴിവെട്ട്‌ തുടങ്ങിയവയെല്ലാം തന്നെ ബുദ്ധമതക്കാരെ തുരത്തിയതിന്റെ ഓർമ്മയിലാണത്രെ ഇന്നും നടക്കുന്നത്‌. അക്കാലത്ത്‌ പ്രബലരായിരുന്ന ബുദ്ധമതക്കാരെ ഓടിക്കുന്നതിനായി ബ്രാഹ്‌മണർ ശാക്തേയരുമായി സന്ധി ചെയ്‌തു. ഹീനമായ ശാക്തേയാചാരങ്ങളിൽ മനംമടുത്ത്‌ ബുദ്ധമതാനുയായികൾ നാടുവിട്ടു എന്ന്‌ ചരിത്രം. കോഴിക്കല്ല്‌ മൂടിക്കഴിഞ്ഞാൽ ആളുകൾ കാർഷികവിളകളും, പണവുമടങ്ങിയ പൊതികൾ ക്ഷേത്രത്തിന്‌ പുറത്തുനിന്നും അകത്തേക്ക്‌ എറിയുന്ന ഒരു ചടങ്ങുണ്ട്‌. ഇതും ബുദ്ധമതക്കാരെ എറിഞ്ഞ്‌ ഓടിച്ചതിന്റെ പ്രതീകമാണെന്ന്‌ വിശ്വസിക്കുന്നു.

കൊടുങ്ങല്ലൂരും ബുദ്ധമതവും

പ്രാചീനഭാരതത്തിൽ ഗൗതമബുദ്ധൻ സ്ഥാപിച്ച നവബുദ്ധമതം ഏറെ പ്രചാരം നേടിയിരുന്നു. കേരളത്തിലും ഇത്‌ ശക്തി പ്രാപിക്കുകയും രാജവർമ്മനും, ചന്ദ്രവർമ്മൻ രണ്ടാമനും ബുദ്ധമതം സ്വീകരിക്കുകയും ചെയ്‌തിരുന്നു. എ.ഡി. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആര്യദേവൻ എന്ന ബുദ്ധമതചിന്തകൻ കൊടുങ്ങല്ലൂരുകാരനാണെന്ന്‌ കരുതപ്പെടുന്നുണ്ട്‌. കടലെടുത്തുപോയ മൂലമാസം എന്ന പ്രശസ്ത ബുദ്ധമതകേന്ദ്രം കൊടുങ്ങല്ലൂരിന്‌ അടുത്തായിരുന്നുവത്രേ. എന്നാൽ ഇതേ കാലഘട്ടത്തിലെത്തന്നെ എഴുതപ്പെട്ട തമിഴിലെ ഏക മുത്തമിഴ്‌ കാവ്യമായ ചിലപ്പതികാരം ജൈനമതാനുഭാവമുളള ഒന്നാണ്‌. ചിലപ്പതികാര രചയിതാവായ ഇളംകോ അടികൾ ബുദ്ധമതാനുയായിയാണെന്നും, ജൈനമതാവലംബിയാണെന്നും ശൈവനാണെന്നുമുളള വാദങ്ങളുണ്ട്‌. എങ്കിലും ചിലപ്പതികാരത്തിന്റെ തുടർച്ചയെന്ന്‌ പറയുന്ന മണിമേഖല ബുദ്ധമതത്തോടാണ്‌ അടുത്തുനിൽക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ബുദ്ധമതവും, ജൈനമതവും, ഒരേപോലെ ശക്തമായി ഇവിടെ നിലനിന്നിരുന്നു എന്ന്‌ കരുതാം.

കഥകളും, ഉപകഥകളും ഇനിയുമേറെയുണ്ട്‌ കൊടുങ്ങല്ലൂർ ഭരണിക്കു പറയുവാൻ. പല ആചാരങ്ങളും അന്ധവിശ്വാസത്തിന്റെയും ആഭിചാരത്തിന്റെയും മാതൃകയിലാണെങ്കിലും ചരിത്രത്തിന്റെ വലിയ അടയാളപ്പെടുത്തലുകൾ ഇതിലൊക്കെയുമുണ്ട്‌. ഒരു ആരാധനാകേന്ദ്രം എന്നതിലുപരി കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഭരണിയുത്സവം നമ്മെ പഠിപ്പിക്കുന്നത്‌ മലയാള മണ്ണിലേയ്‌ക്കുവന്ന അധിനിവേശങ്ങളുടെയും പ്രതിരോധങ്ങളുടെയും സ്‌ത്രീപക്ഷ ചിന്തകളുടെയും പോയകാല രേഖകളാണ്‌.

പ്രദീപ്‌ മൂഴിക്കുളം

പുതുക്കോടത്ത്‌, മൂഴിക്കുളം, കുറുമശ്ശേരി.പി.ഓ, പിൻ - 683 579.


E-Mail: pradeep.zeus@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.