പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ബിസിനസ് പഠിച്ചറിയുക ഭദ്രമായി നിക്ഷേപിക്കുക

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിലാത്തി മലയാളി

എന്താണ് ഓഹരി?

ഒരു കമ്പനിയുടെ മൂലധനത്തിന്റെ ഭാഗം

അതാണ് സാങ്കേതിക നിര്‍വചനം . അതു സാധാരണഭാഷയില്‍ പറഞ്ഞാല്‍ കമ്പനിയുടെ ഉടമസ്ഥതയുടെ ഒരു ഭാഗം.

ഓഹരിയുടമ കമ്പനിയുടമയാണ്. കമ്പനിയുടെ മുഴുവനും ഉടമസ്ഥാവകാശം അയാള്‍ക്കില്ല. എത്രമാത്രം ഓഹരിയുണ്ടോ അത്രമാത്രം.

ഓഹരി = കമ്പനിയുടെ ഉടമസ്ഥത

ഓഹരിയുടമ = കമ്പനിയുടെ ഉടമ

അതിനാല്‍, ഓഹരി വാങ്ങുകയെന്നാല്‍ കമ്പനി വാങ്ങുക എന്നര്‍ത്ഥം.

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യവും അവസാനവും ഓര്‍ത്തിരിക്കേണ്ട കാര്യമാണിത്. ഓരോ ഓഹരി വാങ്ങുമ്പോഴും ഓരോ കമ്പനിയെയാണു വാങ്ങുന്നത്.

ഇങ്ങനെയൊരു സമീപനം കൈക്കൊണ്ടാല്‍ കാര്യങ്ങള്‍ എളുപ്പമായി. സ്കൂട്ടറോ ബൈക്കോ കാറോ റഫ്രിജേറ്ററോ വാഷിംഗ് മെഷീനോ ടി വി യോ മിക്സിയോ മൈക്രോവേവ് അവ്നോ ഒക്കെ വാങ്ങുന്നതു പോലെയാണ് ഓഹരി വാങ്ങുന്നതും എന്നു മനസിലാകും.

ഇനി സാദാ നിക്ഷേപകന്റെ ജീവിതത്തിലേക്കൊന്നു നോക്കു.

സാരി വാങ്ങാന്‍ ഗൗരവമായ ചര്‍‍ച്ച നടക്കും വീട്ടിലും കടയിലും.

സ്കൂട്ടറോ ബൈക്കോ കാറോ വാങ്ങാന്‍ അതിലേറെ ചര്‍ച്ച നടക്കും അല്ലെങ്കില്‍ നടത്തും.

ഉപയോഗിക്കുന്നവരോടു സംസാരിക്കും ഇന്ധനക്ഷമത തിരക്കും. പറ്റിയാലോടിച്ചുനോക്കും സര്‍വ്വീസിംഗ് ചെലവുകള്‍ അന്വേഷിക്കും റീസെയില്‍ വില തിരക്കും.

റഫ്രിജറേറ്ററോ വാഷിംഗ് മെഷീനോ ഒക്കെ വാങ്ങുമ്പോഴും ഇങ്ങനെ തന്നെ ധാരാളം അന്വേഷിക്കും ഗവേഷണം നടത്തും.

ഈ സാധനങ്ങളെല്ലാം ഉപയോഗത്തിനുള്ളവയാണ്. അതുകൊണ്ടാണല്ലോ ഇത്രയും പഠിക്കുന്നത്. പോരാത്തതിനു ഗണ്യമായ പണം മുടക്കുന്നതുമാണ്.

ഒരു കാര്യം വിട്ടുപോകുന്നു ഈ സാധങ്ങളൊക്കെ ഉപയോഗിച്ചുതീരുന്നവയാണ്. ഏതാനും വര്‍ഷം കഴിയുമ്പോള്‍ വേറെ വാങ്ങേണ്ടി വരും. ഓരോ വര്‍ഷവും മൂല്യശോഷണം സംഭവിക്കുന്നു.

തീര്‍ന്നു പോകുന്ന , ദിവസവും വിലയിടിയുന്ന , തുരുമ്പെടുക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ നാം എത്രമാത്രം ഗവേഷണം നടത്തുന്നു. എന്നാല്‍ നിക്ഷേപ കാര്യത്തിലോ?

നിക്ഷേപകാര്യത്തില്‍ ഭാര്യയോടു ചര്‍ച്ചയില്ല, മക്കളോട് ചോദ്യമില്ല, അളിയനോട് ആലോചനയില്ല, കൂട്ടുകാരോട് പറയാറില്ല.

അതാണ് രീതി.

നല്ലകാര്യം.

പക്ഷെ...

ഒരു പക്ഷെയുണ്ട് അഞ്ചോ പത്തോ കൊല്ലം മാത്രം ഉപയോഗിക്കാവുന്ന ഒരു യന്ത്രം വാങ്ങാന്‍ എത്രമാത്രം ആലോചന? പക്ഷെ പാടുപെട്ടുണ്ടാക്കിയ പണം ഭാവിയില്‍ ആദായം നല്‍കാവുന്ന വിധമാക്കാനായി നിക്ഷേപിക്കുമ്പോള്‍ ഒരാലോചനയുമില്ല ചര്‍ച്ചയുമില്ല പഠനവുമില്ല.

ബൈക്ക് വാങ്ങാന്‍ ഒത്തിരി ആലോചിക്കും. പക്ഷെ കമ്പനി വാങ്ങാന്‍ അതൊന്നുമില്ല.

അതാണ് ചെയ്യുന്നത് പക്ഷെ അതിനെ അങ്ങനെ കാണുന്നില്ല.

കമ്പനി വാങ്ങുന്നതായി നിക്ഷേപകന്‍ മനസിലാക്കുന്നില്ല. കയറുകയും ഇറങ്ങുകയും ചെയ്യുന്ന വിലയുള്ള ഓഹരി വാങ്ങുന്നതായി മാത്രമാണ് കണക്കാക്കുന്നത്.

ആ കാഴ്ചയിലാണ് തരക്കേട്. ആ കാഴ്ചപ്പാടാണ് തെറ്റിയത്.

നിക്ഷേപിക്കുമ്പോള്‍ ഓഹരിയല്ല കമ്പനിയുടെ ഒരു വീതമാണ് വാങ്ങുന്നതെന്ന് മനസിലാക്കണം. ആ കമ്പനിയുടെ ഭാവിയിലാണ് നിക്ഷേപം. കമ്പനി നന്നായി നടന്നാല്‍ നിക്ഷേപം നന്നാകും ലാഭകരമാകും. മോശമായാല്‍ നിക്ഷേപം നഷ്ടമാകും അബദ്ധമാകും.

അതിനാല്‍ വേണ്ടെത്ര പഠിച്ചിട്ടു വേണം നിക്ഷേപിക്കാന്‍. ഓഹരി വിലയെ പറ്റിയല്ല കമ്പനിയെപ്പറ്റി പഠിക്കണം.

കമ്പനി എന്തു ചെയ്യുന്നു? ഉല്‍പ്പന്നം/ സേവനം എത്രമാത്രം വേണം? അതിന്റെ ഭാവി എന്ത്? ആ ഉല്‍പ്പന്ന/ സേവന വിപണിയില്‍ മത്സരം എത്രയുണ്ട്?മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കമ്പനിക്ക് എത്ര ശേഷിയുണ്ട്? ആരാണ് കമ്പനി നടത്തുന്നത്? അവരുടെ മറ്റു കമ്പനികള്‍ എങ്ങനെയാണ് ?നടത്തിപ്പുകാരുടെ നിലവാരം എങ്ങനെ? കമ്പനിയുടെ ധനകാര്യനില എങ്ങനെ ? കടം എത്രയുണ്ട്? ഇങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ അന്വേഷിക്കാനുണ്ട്. അന്വേഷിക്കുകയും വേണം. അങ്ങനെയാണ് ശരിയായ നിക്ഷേപ തീരുമാനത്തില്‍ എത്താന്‍ പറ്റുക.

ഓ ഇതൊക്കെ ആര്‍ക്കു പറ്റും? ആര്‍ക്കാണ് അതിനു സമയമുള്ളത്?

ക്ഷമിക്കണം - ഇത്രയൊക്കെ പഠിക്കാന്‍ പറ്റാത്തവര്‍ക്കു നിക്ഷേപത്തിന് അര്‍ഹതയില്ല.

പ്രയാസപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെടുത്തുന്നവരാകും അര്‍ഹതയില്ലാത്തവര്‍. അവര്‍ വല്ല കിംവദന്തിയും പ്രചാരണവും കേട്ട് നിക്ഷേപിക്കും. വിദഗ്ദ വേഷം കെട്ടുന്നവരുടെ വായത്താരി ഏറ്റുപിടിച്ച് വിപണിയെപറ്റി പല അബദ്ധപ്രതീക്ഷകളും കൊണ്ടു നടക്കും. ഒടുവില്‍ പ്രശ്നങ്ങളില്‍ വീഴും. നഷ്ടം ഏറ്റുവാങ്ങും.

വാറന്‍ ബഫറ്റ് പറഞ്ഞത് ഓര്‍ക്കുക: ഓഹരിയല്ല വാങ്ങുന്നത് ഒരു ബിസിനസിന്റെ ഭാഗമാണ്.

അതുകൊണ്ട് ആ ബിസിനസിനെപറ്റി പഠിക്കുക.

അങ്ങനെ പഠിച്ച് നിക്ഷേപിക്കുന്നവര്‍ക്ക് അബദ്ധം പറ്റുകയില്ല. അവര്‍ക്ക് വിപണി അഞ്ചോ പത്തോ കൊല്ലം അടഞ്ഞു കിടന്നാലും നഷ്ടം വരില്ല.

കടപ്പാട്- ബിലാത്തി മലയാളി

ബിലാത്തി മലയാളി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.