പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സ്‌പർശം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നഫീസത്ത്‌ ബീവി

“ഒരു വാക്കുപോലും വേണ്ട തിരമാലയായ്‌ സ്‌നേഹജലപാളികളുണരുവാൻ” “മാന്ത്രീകതയുടെ ഒരു മായിക സ്‌പർശം നൊമ്പര കോട്ടക്കുള്ളിൽ തപസ്സനുഷ്‌ഠിക്കുന്നവനെ” പുറത്തേക്ക്‌ നയിക്കും. നിഗൂഢ സ്‌പർശത്തിന്റെ അർത്ഥതലങ്ങളുടെ ആഴമളക്കാൻ ഏതു സ്‌കെയിലിനാണാവുക.

ആക്രമണമല്ല ആർദ്രതയാണ്‌ സ്‌നേഹത്തിന്റെ ഉറവിടം. തഴുകിത്തലോടി സാന്നിദ്ധ്യമുറപ്പിച്ചിരുന്നെങ്കിൽ എന്ന്‌ ഉത്‌ക്കടമായി കൊതിച്ചിരിക്കുന്ന സമയത്തെ ആക്രമണം എത്ര ഭീതിദം ആണെന്നൊ? സൃഷ്‌ടാവ്‌ നമുക്കു വേണ്ടി വിരൽ തുമ്പുകളിൽ ഒളിപ്പിച്ചുവെച്ചിട്ടുള്ള അതിവിശാലമായ സാദ്ധ്യതയാണ്‌ സ്‌പർശത്തിന്റെ മാന്ത്രികത.

ലോകത്തെ ഏറ്റവും സുരക്ഷിത പാർപ്പിടമായ അമ്മയുടെ ഗർഭപാത്രത്തിന്നുള്ളിൽ നിന്നും കോലാഹലങ്ങളുടെ ഈ ലോകത്തേക്ക്‌ പിറന്നു വീഴുന്ന കുഞ്ഞിന്‌ തിരിച്ചറിയാനാവുന്ന ഏക ഭാഷയാണ്‌ സ്‌പർശനം. ജീവദായകമായ സ്‌പർശനത്തിലൂടെ ശിശു സുരക്ഷയും സ്‌നേഹവും പരിഗണനയും അനുഭവിക്കുകയാണ്‌.

കുഞ്ഞിന്‌ ലഭിക്കുന്ന അമ്മയുടെ സ്‌നേഹപൂർണ സ്‌പർശനം വളർച്ചയുടെ ഘട്ടങ്ങളിൽ അവന്റെ ആരോഗ്യവും ബുദ്ധിശക്തിയും വർദ്ധിപ്പിക്കുന്നു.

ശിശുക്കളെ കമഴ്‌ത്തികിടത്തി തലയുടെ പിൻവശത്തുനിന്നും മുതുകെല്ലിന്റെ താഴെവരെ സ്‌നേഹപൂർവം തലോടി കൊടുക്കുവാൻ ദിവസത്തിൽ രണ്ടോ മൂന്നോ തവണയെങ്കിലും സമയം കണ്ടെത്തുക കുട്ടിയുടെ വളർച്ചയിൽ ഇതിന്റെ ഗുണം ദർശിക്കാനാവും.

സ്‌പർശനത്തിനുള്ള അഭിലാഷം എല്ലാ പ്രായക്കാരിലും ഉണ്ടാകും. മനുഷ്യമനസ്സിന്റെ എല്ലാതരത്തിലുള്ള വികാരങ്ങളെയും പ്രതിഫലിപ്പിക്കുവാൻ സ്‌പർശത്തിനു കഴിയും.

സ്‌പർശനം അനുഭൂതിദായകമാവാൻ സ്‌പർശിക്കുന്നവൻ നമ്മെക്കാൾ ഉന്നതനോ പ്രധാനിയോ ആകണമെന്നില്ല. സ്‌നേഹത്തിലൂന്നിയ സ്‌പർശനം ആരിൽ നിന്നായാലും അത്‌ പോസറ്റീവ്‌ എനർജി നൽകും.

ഒരിക്കൽ സുകുമാർ അഴിക്കോട്‌ പറയുകയുണ്ടായി “സ്വയം സ്‌പർശനത്തിലൂടെയും നമുക്ക്‌ ചിലപ്പോഴൊക്കെ ഊർജ്ജം നേടാനാവും” നന്നായി സങ്കടമോ ദേഷ്യമോ വരുന്ന സമയത്ത്‌ ഇടം കൈകൊണ്ട്‌ നെറ്റിയിൽ നിന്ന്‌ മുകളിലോട്ട്‌ തലയുടെ പിൻഭാഗത്തേക്ക്‌ കയ്യെത്തുവോളം ഉഴിഞ്ഞു നോക്കുക ആശ്വാസം ലഭിക്കുന്നത്‌ നമുക്ക്‌ അനുഭവിച്ചറിയാനാവും.

മരുന്നില്ലാതെ സ്‌പർശനത്തിലൂടെയും ധ്യാനത്തിലൂടെയും എല്ലാം അസുഖം ഭേദമാക്കാം എന്നവകാശപ്പെടുന്നവരെ പാടേ നിഷേധിക്കാൻ നമ്മിൽ പലരും മടിക്കാറില്ല. ചിലരാവട്ടെ അത്‌ഭുതത്തോടെയാണ്‌ ഇത്‌ ശ്രവിക്കുന്നത്‌.

നമ്മുടെ മനസ്സിനെ സംബന്ധിക്കുന്നതാണ്‌ ശരീരത്തിലെ 70% അസുഖങ്ങളും അതുകൊണ്ടുതന്നെ സ്‌പർശ ചികിത്സ ഒരളവുവരെ ഫലപ്രദവുമാണ്‌.

ഭാരതീയ സംസ്‌കാരത്തിൽ പണ്ടുമുതലേ സ്‌പർശ ദീക്ഷാ സമ്പ്രദായം നിലനിന്നിരുന്നു. ശ്രീരാമ പാദസ്‌പർശമേറ്റ അഹല്യയ്‌ക്ക്‌ ശാപമോക്ഷം കിട്ടിയ കഥ വാത്‌മീകി രാമായണത്തിൽ പ്രദിപാദിച്ചിട്ടുള്ളത്‌ കാണാം.

കാണുമ്പോഴേ കെട്ടിപ്പിടിച്ച്‌ ചുംബിക്കുന്ന നിർവികാര രീതിയല്ല നമ്മുടേത്‌. സ്‌പർശനം നമുക്ക്‌ തികച്ചും വികാരപരം തന്നെയായിരിക്കും.

ഏറെ നാളുകൾക്ക്‌ ശേഷം കണ്ടുമുട്ടുന്ന നമ്മുടെ പ്രിയപ്പെട്ടവരോട്‌ ചേർന്നു നിൽക്കുമ്പോൾ അവരുടെ ഹൃദയത്തിൽ നിന്നും നമ്മിലേക്ക്‌ സ്‌നേഹം ഒരു കാന്തീക പ്രഭാവം പോലെ പ്രസരിക്കുന്നത്‌ നമുക്ക്‌ അനുഭവിച്ചറിയാനാവും.

മാതാ അമൃതാനന്ദമയിയുടെ സ്‌നേഹപൂർണവും ദയാപൂർവവുമായ ചുറ്റിപിടിക്കലിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു വിങ്ങൽ നമ്മുടെ ഹൃദയം അനുഭവിക്കുന്നതും എല്ലാ വ്യഥകളും അതോടെ നീങ്ങുന്നതും സ്‌പർശനത്തിന്റെ മാന്ത്രിക ശക്തിയാണ്‌.

ഇംഗ്ലണ്ടിലെ എഡ്വേർഡ്‌ രാജാവ്‌ രോഗികളെ തൊട്ടുസുഖപ്പെടുത്തിയിരുന്നതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. അരികത്തുചേർത്തുനിർത്തിയുള്ള തലോടൽ ഉഗ്രശാസനയെക്കാൾ ഫലം ചെയ്യും.

“നോവിൻ അലകൾ തൂങ്ങിയാടും ഇടനെഞ്ചിൻ സാന്ത്വനമായ്‌ സ്‌പർശനമരിച്ചിറങ്ങുമ്പോൾ”

“ആർദ്രമാം കരവല്ലികളിലമർന്നു മയങ്ങുമ്പോൾ”

“ശ്യാമ ഘന മേഘ മെല്ലാം”

“വൻ കാറ്റെടുത്തു പാഞ്ഞു പോം”

എപ്പോഴെങ്കിലുമൊക്കെ സ്‌പർശനത്തിന്റെ മാന്ത്രികത അനുഭവിച്ചറിഞ്ഞവരാകും നാമെല്ലാം. ആറും അറുപതും ഒരുപോലെയല്ല എന്നാണ്‌ പഴമൊഴി എങ്കിലും, ആറിലും അറുപതിലും സ്‌നേഹപൂർണമായ സ്‌പർശനത്തിനു കൊതിക്കുന്ന മനസ്സാണ്‌ മനുഷ്യന്റേത്‌.

നാം ദയയോടെയും കാരുണ്യത്തോടെയും ഒരാളെ സ്‌പർശിക്കുമ്പോൾ അയാളിലെ ഹൃദയ വ്യഥകൾ നീങ്ങി സമാധാനം സ്‌ഥാപിക്കപ്പെടുന്നു. സ്‌നേഹപൂർണമായ തലോടൽ ഒരു ലക്ഷം രൂപ വില മതിക്കുന്ന മാനസിക ആരോഗ്യ മരുന്നിനേക്കാൾ ഫലപ്രദം ആയിരിക്കും.

നഫീസത്ത്‌ ബീവി

കൊമ്പനെഴുത്ത്‌ ഹൗസ്‌,

കോണത്ത്‌കുന്ന്‌. പി.ഒ,

തൃശ്ശൂർ ജില്ല,

പിൻ - 680123.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.