പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

കുട പുരാണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഹരിലാൽ കെ.ആർ

എട്ട്‌ ഇരുമ്പുകമ്പികൾക്കു മേലെ കറുത്തിരുണ്ട പരുത്തിത്തുണികൊണ്ട്‌ വിതാനമിട്ട, അർദ്ധവൃത്താകൃതിയിൽ അറ്റം വളച്ച ചൂരൽകാലുള്ള, നാലഞ്ചടി വ്യാസമുള്ള, അറ്റം കുനിഞ്ഞ കുടകൾ ഒരു തലമുറയുടെ വഴിനടപ്പിലെ സഹചാരിയായിരുന്നു. അകലെയകലെയുള്ള കാൽവയ്‌പിന്‌ സഹായമേകുന്ന മാതിരി ഒരു കരദണ്ഡായി, പുറകിലേക്ക്‌ നാലിഞ്ചു നീളമുള്ളിടത്ത്‌ ഇരുമ്പു തൊപ്പിയണിഞ്ഞ, മൂന്നടിയിലേറെ നീളമുള്ള ചുരുക്കിയ കുടകൾ ഉപയോഗിച്ചിരുന്നു. ചിലപ്പോൾ ഈ കുടകൾ ഷർട്ടിനുപുറകിൽ തൂക്കിയിടുമായിരുന്നു. അവ ഇന്നത്തെ നവംനവങ്ങളായ കുടകൾക്ക്‌ സൃഷ്‌ടിപരമായ സൂചനകൾ നൽകി, ഇനിയൊരിക്കലും തിരിച്ചുവരാത്ത മാതിരി കാലഗതിയിൽ പോയ്‌മറഞ്ഞു.

കേരളത്തിൽ കുടകളുടെ പഴയ രൂപം പനയോല വച്ചുണ്ടാക്കിയ കുടകളുടേതായിരുന്നു. പനയോലകൾ വെയിലേൽക്കാതെ തണലിലിട്ട്‌ ഉണക്കി, ഓരോ കുടയും തനതായ സൃഷ്‌ടിവൈഭവത്തോടെ തുന്നിക്കൂട്ടിയിരുന്നു. അക്കാലത്ത്‌ കുടനിർമാണം വ്യവസായമായിട്ടില്ല. ഓരോ കുടയുടെയും നിർമാണത്തിൽ രൂപഭംഗിയും കലാവിരുതും സമഞ്ജസമായി സമ്മേളിച്ചിരുന്നു.

1950 ഘട്ടങ്ങളിൽ ഓലക്കുടകൾ ഉന്നത സമുദായത്തിന്റെ ഗാർഹണിയമായ ഗർവിന്റെ പ്രകടനചിഹ്നമായിരുന്നു. ഏറെ കാലം മഴ പെയ്യുന്ന കേരളത്തിലെ നാട്ടിൽ പുറങ്ങളിൽ വാഴയില, ചേമ്പില, തേക്കില എന്നിവ ഗ്രാമീണരുടെ മഴയെ പ്രതിരോധിക്കാനുള്ള ഗ്രാമ്യശീലങ്ങൾ ആയിരുന്നു. കീറിയെടുത്ത്‌ ഉണക്കിയ കൈതയോലപൊളിയിൽ നെയ്‌തെടുത്ത, കുനിഞ്ഞുനിന്ന്‌ നെൽപാടത്ത്‌ ജോലി ചെയ്യുമ്പോൾ തല മുതൽ ശരീരം മുഴുവനും മൂടിയിടാവുന്ന പൊടല്‌ എന്ന ഗ്രാമീണ നാമമുള്ള തിരശീല, പണ്ടു മഴ ദിവസങ്ങളിൽ പണിചെയ്യാൻ കർഷകരായ ഗ്രാമീണസ്‌ത്രീകൾക്ക്‌ സഹായമേകിയിരുന്നു. വർണപ്പൂക്കളുള്ള പോളിത്തീൻ മഴക്കാട്ടുകൾ പൊട്‌ലിന്റെ സ്‌ഥാനമേറ്റെടുത്തു. അതും ഓർമയായി. കൈക്കോട്ടുജോലികൾ, കന്നുകാലിപ്പണികൾ എന്നിവ ചെയ്യുന്ന കർഷകരും കായലിലെ ജലപ്പരപ്പിൽ വള്ളമൂന്നുന്നവരും പനയോലയിൽ നെയ്‌തെടുത്ത തൊപ്പിക്കുടയും കവുങ്ങിൻപാളയിൽ വിചിത്രരൂപഭംഗിയോടെ നിർമിച്ച പാളതൊപ്പിയും മഴക്കാലത്ത്‌ അണിഞ്ഞിരുന്നു. കടപ്പുറത്തുനിന്ന്‌ മുളങ്കാവിലെ ഇരുതലയ്‌ക്കലും കയറിൽ തൂങ്ങിയാടുന്ന ഒരു മീറ്ററോളം വ്യാസവും നാലിഞ്ച്‌ ഉയരവുമുള്ള മുളംകുട്ടകളിൽ നേരം പുലരും മുമ്പേ പിടിച്ചമീനുമായി പുലരാൻ കാലത്ത്‌ ഉച്ചത്തിൽ കൂകിവിളിച്ച്‌ ഓടിയെത്തുന്ന മുക്കുവരും ഈ വൃത്തത്തിൽ മേലാപ്പുള്ള തൊപ്പിക്കുടകൾ അണിഞ്ഞിരുന്നു. ഇതൊക്കെ പണ്ടത്തെ പതിവു ഗ്രാമീണകാഴ്‌ചകളായിരുന്നു.

തപാൽ സിപായിമാരുടെ മാത്രം സ്വന്തമായിരുന്ന, നിവർത്തിയാൽ പുഷ്‌പാകൃതിയിൽ അന്യോന്യം പിണഞ്ഞു വിടരുന്നതോടൻ കമ്പികളുള്ള, നാലടിയിലേറെ വ്യാസമുള്ള കുടകൾ അവർക്ക്‌ സർക്കാരിൽ നിന്ന്‌ വിതരണം ചെയ്‌തിരുന്നതാണത്രേ. മലയ, സിലോൺ (യഥാക്രമം മലേഷ്യ, ശ്രീലങ്ക) എന്നീ നാടുകളിൽ നിന്ന്‌ അവധിക്കു വരുന്നവരുടെ കയ്യിൽ കാണപ്പെട്ടിരുന്ന കമ്പികൾക്കും ശീലയ്‌ക്കും പ്രത്യേകം ഉറപ്പും കൈപ്പിടികൾക്ക്‌ വിശേഷഭംഗിയുമുള്ള അഴക്‌ വിടരുന്ന കുടകൾ നാട്ടിൻപുറത്തുകാരുടെ മനസ്സിൽ കൊതിയൂട്ടിയിരുന്നു. നനുനനുത്ത മഴ പെയ്യുമ്പോൾ കേരളത്തിലെ നാട്ടുവഴികളിലൂടെ കറുത്ത കാൽകുടകളുടെ ചലനം മനസ്സിൽ ഇന്നും കൗതുകമുണർത്തുന്ന ഓർമകളാണ്‌. ഇന്ന്‌ രണ്ടുമുതൽ അഞ്ചുവരെ മടക്കുകളുള്ള വർണക്കുടകൾ ഹാന്റ്‌ബാഗിൽ സുരക്ഷിതമായിരിക്കുന്നവയാണ്‌.

കേരളീയജീവിതത്തിലെ സഹചാരിയാണ്‌ കുട. വിവാഹം തുടങ്ങിയ പല ആചാരങ്ങളിലും മഹത്‌വ്യക്‌തികളുടെ സ്വീകരണത്തിലും കുടകളുടെ സ്‌ഥാനം ഗണ്യമാണ്‌. വിവാഹത്തിന്‌ വരനെയും സ്വീകരണത്തിന്‌ വിശിഷ്‌ടാതിഥിയെയും കുട ചൂടി ആനയിക്കുന്നത്‌ ഒരു ചടങ്ങാണ്‌. പൂരങ്ങളിലും ക്രിസ്‌ത്യൻ-മുസ്ലിം പെരുന്നാളുകളിലും കുടകളുടെ സ്‌ഥാനം അതിവിശിഷ്‌ടമാണ്‌. കേരളത്തിലെ സുപ്രസിദ്ധമായ തൃശൂർ പൂരത്തിന്‌ കുടമാറ്റം എന്ന പേരിൽ നയനസുഭഗമായ ആചാരവുമുണ്ട്‌. തിങ്ങിനിറഞ്ഞ ജനസമുദ്രത്തിന്‌ നടുവിൽ തലയുയർത്തി നിരന്നുനിൽക്കുന്ന ആനകളുടെ പുറത്ത്‌ മാറി മാറി വിടരുന്ന വ്യത്യസ്‌ത വർണത്തിലുള്ള കുടകൾ പൂരത്തിന്‌ ഏറ്റവും സൗന്ദര്യമേകുന്ന ഒരു സന്ദർഭമാണ്‌. ആറാട്ടുപുഴ പൂരത്തിന്‌ അമ്പലത്തിനു മുന്നിലെ കൊയ്‌ത്തു കഴിഞ്ഞ അതിവിസ്‌തൃതമായ നെല്‌പാടത്തെ ജനത്തിരക്കിനു മുന്നിൽ നൂറോളം വരുന്ന സ്വർണവർണത്തിലുള്ള നെറ്റിപ്പട്ടവും കോലവും അണിഞ്ഞ ആനപ്പുറത്ത്‌ നിരന്നു കാണുന്ന വിവിധ വർണത്തിലുള്ള പട്ടുകുടകൾ ഓർമകളെ പൊന്നണിയിക്കുന്ന കാഴ്‌ചയാണ്‌.

നാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മഹാഭാരതത്തിൽ ജമദഗ്നിയുടെ ഭാര്യ രേണുക സൂര്യതാപംകൊണ്ട്‌ വലയുന്നതു കണ്ട്‌ ഭർത്താവ്‌ സൂര്യനോട്‌ കോപിഷ്‌ടനായപ്പോൾ, കോപം ശമിപ്പിക്കാൻ സൂര്യൻ വെയിലിൽ നിന്ന്‌ മറ പിടിക്കാൻ രേണുകയ്‌ക്ക്‌ ഒരു കുട കൊടുത്തതായി ഉപകഥയുണ്ട്‌. ഭാരതീയ ഐതിഹ്യകഥകളിലെ മഴയുടെ അധിപനായ ഇന്ദ്രൻ മഴയുടെ സകല വാതായനങ്ങളും തുറന്ന്‌ ജനജീവിതം സ്‌തബ്‌ധമാക്കിയപ്പോൾ ജനങ്ങളെ മഴയിൽനിന്ന്‌ രക്ഷിക്കാൻ ശ്രീകൃഷ്‌ണൻ ഗോവർദ്ധനഗരിയെ ഒറ്റവിരലിൽ ഒരു കുടപോലെ ഉയർത്തിയ ഐതിഹ്യവും പ്രസിദ്ധമാണ്‌.

ഇന്ന്‌ ഇരുനൂറിലധികം വ്യത്യസ്‌തമായ കുടകൾ നമ്മുടെ വിപണികളിലുണ്ട്‌. ഇരുപതിലേറെ വരുന്ന തരങ്ങൾ യുവജനതയ്‌ക്ക്‌ മാത്രമായി മനോഹരാമായി രൂപകല്‌പന ചെയ്‌ത്‌ നിർമിച്ചവയാണ്‌. ഇന്ന്‌ നമ്മുടെ നാട്ടിൽ 200 കോടി രൂപ പ്രതിവർഷം കുടനിർമാണത്തിന്‌ ചെലവഴിക്കുന്നുണ്ട്‌. പ്രതിവർഷം 30.6 കോടി കുടകൾ നിർമിക്കപ്പെടുന്നതായി കണക്കാക്കുന്നു. ഇതിൽ എൺപതു ശതമാനവും കേരളത്തിലും പശ്ചിമ ബംഗാളിലുമായാണ്‌ വിറ്റഴിയുന്നത്‌. കേരളത്തിൽ മാത്രം പത്ത്‌ വ്യത്യസ്‌ത വാണിജ്യമുദ്രകളിലായി 1.5 കോടി കുടകൾ പ്രതിവർഷം നിർമിക്കപ്പെടുന്നു.

കുടയുടെ മേൽവിതാനത്തിൽ പരുത്തിത്തുണിയുടെ കാലം കഴിഞ്ഞു. റയോൺ, പോളിസ്‌റ്റർ, സാറ്റിൻ തുണികൾ കൂടാതെ കാഞ്ചീവരം പട്ടുതുണികൊണ്ട്‌ തീർത്ത കുടകൾ പോലും ഇന്ന്‌ വിപണിയിൽ ലഭ്യമാണ്‌. രണ്ടു മുതൽ അഞ്ചുവരെ മടക്കുകൾ ഉള്ള ഇന്നത്തെ കുടകളുടെ വിലനിലവാരം 40 രൂപയിൽ തുടങ്ങി 2000 രൂപ വരെയാണ്‌.

1760-84 കാലത്തെ പേശ്‌വാഭരണകർത്താക്കളുടെ മാറാഠാസേനാമേധാവിയായ മഹാദ്‌ജി ശിൻഡേയുടെ സ്‌മരണയ്‌ക്കായി പൂനെയിൽ പണിതീർത്ത സ്‌മാരക കുടീരമാണ്‌ ശിൻഡേ ചി ഛത്രി. സമചതുരാകൃതിയിൽ നിർമിച്ച ഈ കുടീരത്തിന്‌ 50 അടി ഉയരമുണ്ട്‌. രാജസ്‌ഥാൻ വാസ്‌തുശില്‌പ മാതൃകയിൽ ഇത്‌ 1915-ൽ മാധവ്‌ റാവു സിന്ധ്യ 1 ആണ്‌ നിർമിച്ചത്‌. പുനെ നഗരത്തിലെ കീർത്തിസ്‌തംഭങ്ങളിൽ പ്രമുഖമായ ഇത്‌ ഇന്നും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

(കടപ്പാട്‌ - പ്രവാസിശബ്‌ദം)

ഹരിലാൽ കെ.ആർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.