പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഫുട്‌ബോളും സിനിമയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജി.പി. രാമചന്ദ്രൻ

ലേഖനം

ഫുട്‌ബോൾ വെറുമൊരു കളി മാത്രമാണോ? കോടികൾ മാറിമറയുന്ന, പ്രൊഫഷണൽ ക്ലബ്ബുകൾ പരസ്യവരുമാനവും വിപണനങ്ങളും അടങ്ങിയ വ്യാപാരമാണോ അത്‌? അതോ, ചരിത്രവും ചരിത്രത്തിലെ തെറ്റുതിരുത്തലും പ്രതികാരങ്ങളും രാജ്യങ്ങൾ തമ്മിലുളള പ്രതീതി യുദ്ധങ്ങളും ഗോത്രത്തനിമയുടെ പുനരായനവും എല്ലാം ഇടകലരുന്ന ഒരു ചലനാത്മക പ്രതിഭാസമോ? ഫുട്‌ബോൾ സംഗീതവും നൃത്തവും നാടകവും പ്രണയവും വീരാരാധനയും രാജ്യസ്‌നേഹവും രാജ്യദ്രോഹവും എല്ലാമെല്ലാമാണോ? ഉത്തരങ്ങളുണ്ട്‌, പക്ഷെ ഇല്ല.

നൂറു കോടിയിൽ പരം ജനങ്ങളധിവസിക്കുന്ന ഇന്ത്യയിലെ ഫുട്‌ബോൾ ഇത്രയും നിലവാരം കുറഞ്ഞതായതെന്തുകൊണ്ട്‌? ലോകകപ്പിന്റെ ക്വാളിഫയിങ്ങ്‌ റൗണ്ടിൽ വെച്ചുതന്നെ അത്‌ നിഷ്‌ക്കരുണം തളളപ്പെടുന്നതെന്തുകൊണ്ട്‌? ഈ കളിക്കുറവുകാരുടെ രാജ്യത്ത്‌ പക്ഷെ ഫുട്‌ബോൾ വമ്പിച്ച ഹരമായി മനുഷ്യരുടെ മനസ്സിലും ശാരീരികാനന്ദത്തിലും ഉൾച്ചേർന്നതെങ്ങനെ? മലയാളത്തനിമയുടെ ഘടകവിസ്‌താരങ്ങളിൽ എന്നും മാറ്റിനിർത്തപ്പെടുന്ന മലപ്പുറത്തുകാർക്കുളളത്ര ഫുട്‌ബോൾ ഭ്രാന്ത്‌ കൊൽക്കത്തക്കാർക്കുകൂടിയുണ്ടാവുമോ എന്ന്‌ സംശയമാണ്‌. ഈ മലപ്പുറത്ത്‌ വളർന്നതുകൊണ്ടാവണം ഫിലിം സൊസൈറ്റി പ്രവർത്തകനും ഡോക്കുമെന്ററി സംവിധായകനുമായ മധു ജനാർദ്ദനന്‌ ഫുട്‌ബോളും ഫുട്‌ബോൾ സിനിമയും ഇഷ്‌ടവിഷയമായത്‌. പ്രൊഫഷണൽ എഴുത്തുകാരനല്ലെങ്കിലും മാധ്യമരചനയിൽ വേണ്ടത്ര മികവ്‌ നേരത്തെതന്നെ പ്രകടിപ്പിച്ചിട്ടുളള മധുവിന്‌ സംഘാടകലഹരിയിൽ ആ വാസന ഉപേക്ഷിക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ എഴുത്തിലെ ചതുരവടിവുകൾക്കു പകരം സത്യസന്ധതയും സുതാര്യതയും ആണ്‌ ഈ പുസ്‌തകത്തിലെ ലേഖനങ്ങളെ പ്രസന്നമധുരമാക്കുന്നത്‌. അതല്ല പക്ഷെ പ്രധാനം. ഫുട്‌ബോൾ രക്തത്തിലും ധമനികളിലും നിരന്തരസാന്നിദ്ധ്യമായ ലോകജനതയുടെ കാഴ്‌ചകൾ, കാഴ്‌ചപ്പാടുകൾ, വികാരങ്ങൾ, ഉത്‌ക്കണ്‌ഠകൾ, ആഹ്ലാദങ്ങൾ, നിരാശകൾ എല്ലാം പ്രതിഫലിക്കുന്ന ഒരർത്ഥത്തിൽ ഏറ്റവും മാനുഷികമായ ഒരു കായികപ്രകടനം എന്ന അന്വേഷണം കൂടിയാണ്‌ ഈ ലേഖനങ്ങളിൽ നടത്തപ്പെടുന്നത്‌. അതുകൊണ്ടുതന്നെ കേവലം ഫുട്‌ബോൾ സംബന്ധമായി ഇറങ്ങിയ ഡോക്യുമെന്ററി&ഫീച്ചർ സിനിമകളെ പരിചയപ്പെടുത്തുന്ന കുറെ ലേഖനങ്ങൾ മാത്രമായി അന്യഥാ പരിമിതപ്പെടുമായിരുന്ന ഇത്തരമൊരു പുസ്‌തകം ഏതൊരു ചരിത്ര&രാഷ്‌ട്രീയ വിദ്യാർത്ഥിക്കും മനുഷ്യസ്‌നേഹിക്കും പ്രയോജനപ്രദമായിത്തീരുന്നു.

ഫുട്‌ബോളിന്റെ നിലനിൽക്കുന്ന അക്കാദമിക്‌ ശൈലി നിരാകരിച്ചുകൊണ്ടും ഫുട്‌ബോൾ വ്യാകരണം അട്ടിമറിച്ചുകൊണ്ടും ലോകത്തെ ആകമാനം രസിപ്പിക്കുകയും അതേസമയം സ്വയം ദുരന്തമായി മാറുകയും ചെയ്‌ത ബ്രസീലിയൻ താരം ഗാരിഞ്ച, മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ താരം ജോർജ്‌ ബെസ്‌റ്റ്‌ എന്നിവരുടെ ജീവിതം ഫുട്‌ബോളിന്റെ സ്‌പിരിറ്റിനുമപ്പുറം മനുഷ്യജീവിതത്തിന്റെ സകല സങ്കീർണതകളിലേക്കുമാണ്‌ നമ്മെ നയിക്കുന്നതെന്ന്‌ മധു ആദ്യലേഖനത്തിൽ നിരീക്ഷിക്കുന്നു. ഫുട്‌ബോൾ കാർണിവലിന്റെ ആരവങ്ങളിൽനിന്ന്‌ അത്‌ മനുഷ്യശരീരത്തിന്റെ ഉത്സവങ്ങളിലേക്കും ആദിമ ചോദനയുടെ ആഘോഷത്തിലേക്കും വളരുന്നു. ഒരിക്കൽപോലും ലോകകപ്പിൽ കളിച്ചിട്ടില്ലാത്ത കളിക്കാരനാണ്‌ ജോർജ്‌ ബെസ്‌റ്റ്‌. എന്നാൽ മെയ്‌വഴക്കംകൊണ്ടും ശരീരസൗന്ദര്യംകൊണ്ടും കാണികളെയും ആരാധകരെയും പ്രണയിനികളെയും സ്‌തബ്‌ധരാക്കിയ ബെസ്‌റ്റ്‌ ഫുട്‌ബോളിലെ സൂപ്പർസ്‌റ്റാറായിരുന്നു. മദ്യാസക്തിയും ലൈംഗികപ്രണയങ്ങളും ആ ഫുട്‌ബോൾ പ്രതിഭയുടെ ജീവിതം സ്വർഗീയപ്രത്യക്ഷമാക്കിയെങ്കിലും നരകസമാനമാക്കിത്തീർത്തതെങ്ങനെയെന്ന്‌ അന്വേഷിക്കുന്ന ഡോക്കുമെന്ററിയെക്കുറിച്ച്‌ വിശദമായിത്തന്നെ ഗ്രന്ഥകാരൻ പ്രതിപാദിക്കുന്നു. ജയവും പരാജയവും സംയോജിച്ച രണ്ട്‌ പകുതികൾ പൂർണ്ണമാക്കിയ ഗാരിഞ്ചയുടെ ജീവിതം ഒരു ഫുട്‌ബോൾ മത്സരത്തിന്റെ വൈകാരികതയും സമ്പൂർണ്ണതയും സങ്കീർണ്ണതയും നിറഞ്ഞതായിരുന്നു. പെലെയല്ല യഥാർത്ഥത്തിൽ ഗാരിഞ്ചയായിരുന്നു രാജാവ്‌ എന്നൊരഭിപ്രായവുമുണ്ട്‌. ഒരു കളിക്കുവേണ്ടി, ഒരു പെണ്ണിന്‌ വേണ്ടി, മറ്റു പലതിനുംവേണ്ടി നിരവധി മത്സരങ്ങൾ കളിച്ചിട്ടുളള ഈ നായകന്‌ നിരാശയുടെ, നിരാലംബതയുടെ, തൊഴിലില്ലായ്‌മയുടെ, അവശതയുടെ, രോഗങ്ങളുടെ, മദ്യാസക്തിയുടെ, പരിക്കുകളുടെ, ദാരിദ്ര്യത്തിന്റെ, അവമതിയുടെ, അപമാനത്തിന്റെ, തകർച്ചയുടെ അന്ത്യനാളുകളാണ്‌ അവസാനം വന്നുചേർന്നത്‌. സദാചാരത്തിന്റെ പേരു പറഞ്ഞ്‌ അന്ന്‌ അവഹേളിക്കപ്പെട്ട ആ ബൊഹീമിയൻ ജീവിതത്തിന്റെ വൈവിധ്യവും ആകുലതകളും ദൗർബല്യങ്ങളും സിനിമ ചിത്രീകരിക്കുന്നുവെന്നാണ്‌ ഗ്രന്ഥകാരന്റെ അഭിപ്രായം. നമ്മുടെ സർക്കാരും സമൂഹവും കല്പിച്ചുനൽകുന്ന സദാചാര അളവുതൂക്കങ്ങൾ വെച്ച്‌ പരിശോധിച്ചാൽ ഈ സിനിമയും നമ്മുടെ പടിക്ക്‌ പുറത്താക്കപ്പെട്ടേക്കാം എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. ജീവിക്കുമ്പോൾ അവഗണിക്കപ്പെടുകയും മരിച്ചതിനുശേഷം വിഗ്രഹവൽക്കരിക്കപ്പെടുകയും ചെയ്യുക എന്ന അവസ്ഥാന്തരം നേരിടുന്ന മൗലികപ്രതിഭകളുടെ ഒരു പ്രതീകമാണ്‌ ഗാരിഞ്ച എന്നും അവരുടെ സംഭാവനകൾ ലഭിക്കണമെങ്കിൽ അവരെ സഹിഷ്‌ണുതയോടെ സ്വീകരിച്ചേതീരൂ എന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു. അവരുടെ ദൗർബല്യങ്ങളായിരിക്കാം അവരുടെ പ്രചോദനം എന്ന നിരീക്ഷണവും സുപ്രധാനമാണ്‌. എന്നാൽ പ്രതിഭകളെ മഹത്ത്വവൽക്കരിക്കുകയും ആ മഹത്ത്വവൽക്കരണത്തിലൂടെ അവരുടെ ജീവിതശൈലിയെ വിമർശനരഹിതമായി വിഗ്രഹവൽക്കരിക്കുകയും ചെയ്യുന്ന കേവലാരാധനാപരമായ സമീപനത്തിലേക്ക്‌ ഈ ധാരണ പരിമിതപ്പെട്ടുപോകുമോ എന്ന ജാഗ്രതയും അനിവാര്യമാണെന്നത്‌ മറന്നുകൂടാ.

മനുഷ്യന്റെ അസ്‌തിത്വംതന്നെ ചോദ്യം ചെയ്‌ത ജർമൻ ഫാസിസം അവന്റെ സ്വാതന്ത്ര്യത്തിന്റെ എല്ലാ പ്രയോഗങ്ങളിലും ഇടപെടുകയും അതിലൂടെ അവനെ ഭൗതികമായും ആത്മീയമായും ഇല്ലായ്‌മ ചെയ്യുകയും ചെയ്‌തു. സകല ജന്തുജാലങ്ങളുടെയും നൈസർഗിക പ്രകാശന രൂപങ്ങളിൽ പ്രഥമമായ ‘വിനോദ’ങ്ങൾ, ഫാസിസം അതിന്റെ വിജയത്തിന്റെ അപ്രമാദിത്വം ആഘോഷിക്കാനും ആർത്തി അടക്കാനുമുളള പരീക്ഷണ മാതൃകകളായി ഉപയോഗിച്ചിരുന്നു എന്നതിന്റെ അറിയപ്പെടുന്ന ഉദാഹരണമായ കീവ്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹങ്കേറിയൻ ചലച്ചിത്രകാരനായ സൊൾടാൻ ഫാബ്രി സംവിധാനം ചെയ്‌ത ‘ടു ഹാഫ്‌ ടൈംസ്‌ ഇൻ ഹെൽ’, ഹോളിവുഡ്‌ ചിത്രമായ ‘വിക്‌ടറി’ എന്നീ ചിത്രങ്ങളെ പരിചയപ്പെടുത്തുകയും താരതമ്യപ്പെടുത്തുകയുമാണ്‌ രണ്ടാമത്തെ ലേഖനത്തിൽ. ചരിത്രത്തെക്കുറിച്ചുളള രണ്ട്‌ കാഴ്‌ചപ്പാടുകൾ ആണ്‌ അവ നമുക്ക്‌ നൽകുന്നതെന്ന്‌ മധു അഭിപ്രായപ്പെടുന്നു. ഫാസിസത്തിന്റെ അതിഭീതിദമായ ക്രൂരത അനുഭവിച്ച യൂറോപ്പിന്റെ ചരിത്രത്തെക്കുറിച്ചുളള ഉൾക്കാഴ്‌ചയും യുദ്ധം ഒരു കച്ചവടവും വിനോദവുമായി കൊണ്ടുനടക്കുന്ന അമേരിക്കയുടെ ചരിത്രത്തെക്കുറിച്ചുളള അറിവില്ലായ്‌മയും ആയി പിളരുന്ന ഭാവുകത്വങ്ങളാണീ സിനിമകളിലുളളതെന്ന കൃത്യമായ അഭിപ്രായം ശ്രദ്ധേയമാണ്‌.

നിഷ്‌കളങ്കബാല്യം മുതൽ പൗരുഷത്തിന്റെ പക്വത നേടിയതുവരെയുളള രണ്ട്‌ പതിറ്റാണ്ടുകാലം അർജന്റീനയുടെ ശുഭാപ്‌തിവിശ്വാസത്തിന്റെ പ്രതീകമായിരുന്നു മറഡോണ. മറഡോണയുടെ നിരാശയായിരുന്നു അർജന്റീനയുടെ ദുരന്തം. മറഡോണയുടെ ആഘോഷമായിരുന്നു അർജന്റീനയുടെ പ്രതാപം. ദൈവസമാനമായ ഇതിഹാസമായി അർജന്റീനക്കാരും ലാറ്റിൻ അമേരിക്കക്കാരും ലോകരാകെയും കൊണ്ടാടുന്ന മറഡോണയെ അടുത്തുനിന്നു പരിശോധിക്കുന്ന രണ്ട്‌ ഡോക്കുമെന്ററികളെക്കുറിച്ചുളള അവലോകനം വായിക്കുന്നതുപോലും വിസ്‌മയാവഹമായ അനുഭൂതിയാണുണർത്തുക. കാരണം, ഗ്രന്ഥകാരൻ പറയുന്നതുപോലെ, മറഡോണയുടെ ഇതിഹാസകഥ പറയുക എന്നതിനർത്ഥം, അർജന്റീനയുടെ, ലാറ്റിനമേരിക്കയുടെ കഥ പറയുക എന്നർത്ഥം. ലാറ്റിനമേരിക്കയുടെ രാഷ്‌ട്രീയം, സംസ്‌കാരം, സാമൂഹികമാറ്റം എന്നിവയും ഫുട്‌ബോളും തമ്മിലുളള അഭേദ്യമായ ബന്ധം പഠനവിധേയമാക്കുക എന്നർത്ഥം. പട്ടാളഭരണം, സ്വേച്ഛാധിപത്യം, അഴിമതി, യുദ്ധം, തൊഴിലില്ലായ്‌മ എന്നിവ അർബ്ബുദംപോലെ ബാധിച്ച അർജന്റീനയുടെ ചരിത്രം പരിശോധിക്കുക എന്നർത്ഥം, എന്നതുതന്നെയാണ്‌. ഇതിനുപോൽബലകമായ ഒരു പശ്ചാത്തലമാണ്‌ ലാറ്റിൻ അമേരിക്കയിലുളളതെന്ന്‌ മധു നിരീക്ഷിക്കുന്നുണ്ട്‌. ലാറ്റിനമേരിക്കയെ സംബന്ധിച്ച്‌ ഫുട്‌ബോൾ കളി ഒരു കളിമാത്രമല്ല. സ്വത്വബോധത്തിന്റെയും സംസ്‌കാരത്തിന്റെയും വർഗ്ഗപരവും ലിംഗാധിഷ്‌ഠിതവും ദേശീയവും പ്രാമാണികവുമായ ആശയങ്ങളെ കാക്കുകയും പ്രബലപ്പെടുത്തുകയുമാണ്‌ അത്‌ ചെയ്‌തുപോരുന്നത്‌ എന്നദ്ദേഹം വ്യാഖ്യാനിക്കുന്നു.

ലാറ്റിനമേരിക്ക മുതൽ മലപ്പുറംവരെ നീണ്ടും പരന്നും കിടക്കുന്ന ഫുട്‌ബോൾ കളിയുടെയും സമീപനത്തിന്റെയും വൈജാത്യങ്ങളും സമാനതകളും കഴിഞ്ഞ്‌ ഭൂട്ടാനിലും തിബത്തിലും ഈ കളി കടന്നുചെല്ലുമ്പോളുണ്ടാകുന്ന വിസ്‌മയകരമായ അനുഭവങ്ങളാണ്‌ ‘കപ്പ്‌ എന്ന ഭൂട്ടാൻ സിനിമയിലുളളതെന്ന്‌ ഗ്രന്ഥകാരൻ മറ്റൊരു ലേഖനത്തിൽ വിശദീകരിക്കുന്നു. ബുദ്ധദർശനത്തിന്റെ ആത്മീയവും ഭൗതികവുമായ കാലിക പ്രതിസന്ധിയുടെ പശ്ചാത്തലത്തെ, ഫുട്‌ബോൾപോലെയും ടെലിവിഷൻ പോലെയുമുളള യാഥാർത്ഥ്യങ്ങൾ അഭിമുഖീകരിക്കുന്നതെങ്ങനെ എന്നാണീ സിനിമ അന്വേഷിക്കുന്നത്‌. സ്വത്വ&ദേശീയ പ്രതിസന്ധിയും ഫുട്‌ബോളിന്റെ മാനുഷികതയും ഇടകലരുകയും വേർപിരിയുകയും ചെയ്യുന്ന സംത്രാസംതന്നെയാണ്‌ ഈ സിനിമയുടെയും പ്രചോദനം.

1985-ൽ നടന്ന ഹെയ്‌സൽ ദുരന്തത്തിന്റെ രേഖപ്പെടുത്തലിലൂടെ, കളിഭ്രാന്തും രാജ്യസ്‌നേഹവും കൂടിക്കലരുന്ന രക്തചലനത്തിലൂടെ ഇംഗ്ലീഷ്‌ ആരാധകർ മനുഷ്യത്വത്തിനും ജൈവസ്വഭാവത്തിനും അപ്പുറത്തുളള അഥവാ പരോക്ഷമായ ചില ഗോത്രസ്വഭാവം ജ്വലിപ്പിക്കുന്ന തെമ്മാടിത്തത്തിലേക്ക്‌ വഷളാകുന്നതെങ്ങനെ എന്നന്വേഷിക്കുന്ന ഡോക്യുമെന്ററിയും പ്രസക്തമായ കാഴ്‌ചയും വിചാരവുമാണ്‌ പങ്കുവെക്കുന്നത്‌. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അതിരുകൾ വികസിപ്പിക്കാൻ ശ്രമിച്ച ഭരണാധികാരികൾ നൂറ്റാണ്ടുകളായി യുദ്ധത്തിനയച്ച ഒരു ജനതയുടെ അനന്തരതലമുറയുടെ പരമ്പരാഗതമായ ആക്രമണോൽസുകസ്വഭാവമാണ്‌ ഇംഗ്ലീഷ്‌ ഫുട്‌ബോൾ ഹൂളിഗാനിസത്തിന്റെ കാരണമെന്ന്‌ സാമൂഹികവും നരവംശശാസ്‌ത്രപരവുമായ പേരുകൾ അന്വേഷിച്ചിട്ടുളള ചില ഗവേഷകർ നിരീക്ഷിച്ചിട്ടുണ്ട്‌ എന്ന്‌ ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നു.

ലോകഫുട്‌ബോൾ ഭൂപടത്തിന്റെ അതിർത്തിരേഖയ്‌ക്കുളളിലേക്ക്‌ ഇന്ത്യയുടെ നൂറുകോടി മക്കളിൽനിന്ന്‌ കേവലം പതിനൊന്ന്‌ പേരെ കടത്തിവിടാൻ ഇന്ത്യാമഹാരാജ്യത്തിന്‌ സാധിക്കാതെ പോയതെന്തുകൊണ്ടെന്നത്‌ വിദഗ്‌ദ്ധർ(?) കണ്ടുപിടിക്കട്ടെ. മലപ്പുറത്തിന്‌ തൊട്ടു സമീപത്ത്‌ ജീവിക്കുന്ന ഒരാൾ എന്ന നിലയിൽ ഞാൻ ഈ കളിക്കുറവിൽ ആശ്വാസം കൊളളുന്നു. കാരണം, ഇപ്പോഴത്തെ സ്ഥിതിക്കു പകരം ഇന്ത്യയ്‌ക്കും പാകിസ്ഥാനും രണ്ട്‌ പ്രബല ടീമുകളെ ലോകകപ്പിലേക്ക്‌ ക്വാളിഫൈ ചെയ്യാൻ കഴിഞ്ഞിരുന്നു എന്നു കരുതുക. അപ്പോൾ ഓരോ തെരുവിലും അർജന്റീനയുടെയും ബ്രസീലിന്റെയും ഉറുഗ്വേയുടെയും കാമറൂണിന്റെയും ജർമനിയുടെയും ഇംഗ്ലണ്ടിന്റെയും കൊടികളും ജഴ്‌സികളും ആരാധനയും വാഗ്വാദങ്ങളും വാതുവെപ്പുകളും തർക്കങ്ങളും അത്യാവശ്യം അടിപിടികളും നിറയ്‌ക്കാൻ ഈ നിഷ്‌കളങ്കരായ കളിഭ്രാന്തൻമാർക്ക്‌ സാധിക്കില്ലല്ലോ! ക്രിക്കറ്റിൽ പാകിസ്ഥാൻ നന്നായി കളിച്ചാലും അഭിനന്ദിച്ചാലും വർഗീയകലാപം പൊട്ടിപ്പുറപ്പെടുന്ന സാമുദായികസന്തുലനമാണല്ലോ ഇവിടെയുളളത്‌. യഥാർത്ഥത്തിലുളള സ്‌പോർട്‌മാൻ സ്‌പിരിറ്റോടെ കളി കാണാനുളള പശ്ചാത്തലം നിലനിൽക്കാൻ ഇന്ത്യക്കാർ ഇനിയും നിലവാരം കുറഞ്ഞ കളിതന്നെ കളിച്ചു തുടരട്ടെ.

മലപ്പുറത്തുളളത്‌, കുന്നിൻചരിവുകളുടെയും കുത്തനെയുളള കയറ്റിറക്കങ്ങളുടെയും ഒരു ഭൂഭാഗമാണ്‌. പരപ്പിൽ മാത്രം കളിക്കാൻ കഴിയുന്ന ഫുട്‌ബോളിനെ മനസ്സിനോടും ശരീരത്തിനോടും ചേർത്തുവെക്കാൻ ഈ ഭൂമിശാസ്‌ത്ര ദൗർബല്യം മലപ്പുറത്തുകാരെ തടയുന്നില്ല എന്നത്‌ വിസ്‌മയകരമായ ഒരു യാഥാർത്ഥ്യമാണ്‌. പരിമിതികളെ സാധ്യതകളാക്കി വളർത്തുന്നതിലൂടെ സ്വയം അതിജീവിക്കാൻ പരിശീലിച്ച ഈ ഗംഭീരമായ മലപ്പുറം മനസ്സും കാഴ്‌ചയുമാണ്‌ മധു ജനാർദ്ദനനെ സിനിമയിലൂടെ അവതരിപ്പിക്കപ്പെട്ട ലോകഫുട്‌ബോളിനെ തികഞ്ഞ അന്വേഷണ സൂക്ഷ്‌മതയോടെ അവലോകനം ചെയ്യാൻ പ്രാപ്‌തനാക്കുന്നത്‌. വിശാലമായ അർത്ഥത്തിൽ ഫുട്‌ബോൾ, ജീവിതത്തിന്റെ സുപ്രധാനമായ എല്ലാ വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന ഒരു രൂപകമാണ്‌, സിനിമയോ അതിനു മുമ്പുളള എല്ലാ കലാരൂപങ്ങളെയും മാധ്യമപദ്ധതികളെയും അതിജീവിച്ച ഒരു അസാമാന്യ ആവിഷ്‌ക്കാരരീതിയും. മലബാറുകാരുടെ നാടൻഭാഷയിൽ പറഞ്ഞാൽ സിനിമ ’ഒരു‘ കലയല്ല ’ഒരൊന്നൊന്നര‘ കല വരും! ഫുട്‌ബോളിനെയും ഫുട്‌ബോളിന്റെ വിജയങ്ങളെയും ദുരന്തങ്ങളെയും സിനിമയുടെ സവിശേഷമായ സത്യാവിഷ്‌ക്കാരത്തിലേക്ക്‌ സംക്രമിപ്പിക്കുന്ന അപൂർവങ്ങളായ സൃഷ്‌ടികളെയാണ്‌ ഈ പുസ്‌തകത്തിലൂടെ നാം പരിചയപ്പെടുന്നത്‌ എന്നതാണു വാസ്‌തവം.

(മധു ജനാർദ്ദനൻ എഴുതി ഡിസി ബുക്‌സ്‌ പ്രസിദ്ധീകരിച്ച “ഫുട്‌ബോൾ സിനിമകൾ-കാഴ്‌ചയും പ്രതിനിധാനവും” എന്ന പുസ്‌തകത്തിന്റെ അവതാരികയിൽ നിന്നും)

ജി.പി. രാമചന്ദ്രൻ

പാലക്കാട്ടെ മണ്ണാർക്കാട്ട്‌ എ.പി.നാരായണന്റെയും ജി.പി.ദേവകിയുടെയും മകനായി 1963ൽ ജനിച്ചു. പെരുവയൽ സെന്റ്‌ സേവ്യേഴ്‌സ്‌ യുപി.സ്‌കൂളിലും ദേവഗിരി സേവിയോ ഹൈസ്‌കൂളിലും ദേവഗിരി കോളജിലും പഠിച്ചു. ഗണിതശാസ്‌ത്രത്തിൽ ബിരുദവും മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും നേടി. 1983 മുതൽ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ ജോലി ചെയ്യുന്നു. ഇപ്പോൾ ബാങ്കിന്റെ തച്ചമ്പാറ ശാഖയിൽ അസിസ്‌റ്റന്റ്‌.

സിനിമയും മലയാളിയുടെ ജീവിതവും എന്ന കൃതിയ്‌ക്ക്‌ 1998ലെ ഏറ്റവും നല്ല ചലച്ചിത്ര ഗ്രന്ഥത്തിനുളള കേരള സർക്കാർ അവാർഡും ഭാഷാപോഷിണി (1998 ഒക്‌ടോബർ)യിൽ പ്രസിദ്ധീകരിച്ച സിനിമയിലെ സവർണാധികാരം എന്ന ലേഖനത്തിന്‌ കേരള സർക്കാർ പ്രസിദ്ധീകരണ വകുപ്പിന്റെ പ്രഥമ സംസ്‌കാര കേരള അവാർഡും ലഭിച്ചു. മലയാള സിനിമയിലെ വർഗ്ഗീയ അധിനിവേശം (1993) ആണ്‌ പ്രസിദ്ധീകൃതമായ മറ്റൊരു കൃതി.

വിലാസം

അകം,

പെരിമ്പടാരി (തപാൽ),

മണ്ണാർക്കാട്‌ ,

പാലക്കാട്‌ ജില്ല.

678 762
Phone: 9447239544
E-Mail: gpramachandran@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.