പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ജാതിയല്ല തകര്‍ക്കപ്പെടേണ്ടത്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മാഞ്ഞൂര്‍ ഗോപാലന്‍

ഇന്ത്യയില്‍ ജാതിവ്യവസ്ഥയ്ക്ക് ബീജീവാപം ചെയ്തത് 3500 വര്‍ഷം മുന്‍പ് മധ്യേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കു കുടിയേറിപ്പാര്‍ത്ത ആര്യന്മാരാണ്. ആര്യന്‍ അധിനിവേശത്തിനു ശേഷം ബിസി 1500-ാമാണ്ടോടടുപ്പിച്ചാണ് 'ഋഗ്വേദം' തുടങ്ങിയ ഹിന്ദുമത ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത്. അതിനു ശേഷമാണ് ജാതി വ്യവസ്ഥ രൂഢമൂലമായതെന്നു ചരിത്ര ഗവേഷകര്‍ പറയുന്നു. ഋഗ്വേദത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നായ ' പുരുഷ സൂക്ത' ത്തിന്റെ പ്രചാരണത്തോടുകൂടിയാണ് ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഇവിടെ വേരുറച്ചത്.

ആര്യന്‍ അധിനിവേശത്തിന് ശേഷം ഹിന്ദുമതവും ജാതിവ്യവസ്ഥയും അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിക്കുകയും ഇന്ത്യയൊട്ടാകെ അവ പ്രചരിക്കുകയും ചെയ്തു. ഹിന്ദുമതത്തിന്റെ ശക്തമായ വേരോട്ടത്തില്‍ ജാതിവ്യവസ്ഥയ്ക്ക് ആഘാതമാകുമായിരുന്ന ബുദ്ധമതവും ജൈനമതവും ഒലിച്ചു പോയി.

സംഘകാലത്ത് കേരളത്തില്‍ ജാതിമത ഭേദങ്ങളൊന്നും ഉണ്ടായിരുന്നില്ല. അക്കാലത്ത് എല്ലാവരും സഹോദരങ്ങളെപ്പോലെ സ്വാതന്ത്ര്യത്തോടെ, സന്തോഷത്തോടെ സമത്വ സുന്ദരമായ സാമൂഹിക ജീവിതം നയിച്ചിരുന്നു. ജനങ്ങളെല്ലാം യാതൊരുവിധ വിവേചനവുമില്ലാതെ പരസ്പര സ്‌നേഹത്തോടെ ജീവിച്ച ആ പുണ്യഭൂമിയെയാണ് ആര്യന്മാര്‍ ഒരു ഭ്രാന്താലയമാക്കി മാറ്റിയത്.

മൂന്നര സഹസ്രാബ്ദം പഴക്കമുള്ള ജാതിവ്യവസ്ഥയെ പെട്ടെന്നു തച്ചുടയ്ക്കാന്‍ ആര്‍ക്കുമാവില്ല. അത് മനുഷ്യന്റെ രക്തത്തിലും മജ്ജയിലും അലിഞ്ഞു ചേര്‍ന്നുപോയി. ഓരോരുത്തരും പിറന്നു വീഴുന്നതുതന്നെ ജാതിയുടെ പിള്ളത്തൊട്ടിലിലാണ്. അതിനാല്‍ ഒരുവന് സ്വന്തം ജാതി ഉപേക്ഷിച്ച് മറ്റൊന്ന് സ്വീകരിക്കാനാവില്ല. എന്നാല്‍ ആര്‍ക്കുവേണമെങ്കിലും സ്വന്തം മതം ഉപേക്ഷിച്ചു മറ്റൊരു മതം സ്വീകരിക്കാവുന്നതാണ്. മനുഷ്യനും ജാതിയും തമ്മിലുള്ള ബന്ധം അത്രമാത്രം ദൃഢതരമാണ്.

ആര്യന്മാരുടെ വരവിനു ശേഷമാണ് ഇന്ത്യക്കാര്‍ക്കിടയില്‍ വര്‍ണത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുണ്ടായതെന്നു സൂചിപ്പിച്ചല്ലോ. അവരുടെ ഇടയില്‍ നിലനിന്നിരുന്നത് ഗോത്രപരമായ സ്വത്വബോധമാണ്. ഈ സ്വത്വ ബോധത്തെ ജാതീയമാക്കിയത് ഇന്ത്യയില്‍ വന്ന പോര്‍ച്ചുഗീസുകാരാണ്. കാസ്റ്റസ്(castus) എന്ന ലാറ്റിന്‍ പദത്തിന് രൂപാന്തരം വരുത്തി സ്‌പെയ്ന്‍കാര്‍ ഉപയോഗിക്കുകയും അവരില്‍ നിന്നു പോര്‍ച്ചുഗീസുകാര്‍ ഈ പദം തട്ടിയെടുത്ത് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുകയുമായിരുന്നു. പിന്നീട് ഈ വാക്ക് കാസ്റ്റ(casta) ആവുകയും ഒടുവില്‍ കാസ്റ്റ്(caste) ആവുകയും ചെയ്തുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ജാതി സ്വത്വം നിലവില്‍ വരാന്‍ ഗോത്രപരമായ പേരുകളാണ് സഹായകമായത്. ഇന്ന് ഇന്ത്യയില്‍ മൊത്തം 26.000 ജാതി സ്വത്വങ്ങളുണ്ടെന്നു ചില ചരിത്ര ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ ഗോത്ര ഘടനയില്‍ എല്ലാവരും സമന്മാരും എന്നാല്‍ വ്യത്യസ്തരുമായിരുന്നു. പിന്നീട് ജനങ്ങള്‍ക്കിടയില്‍ അസമത്വം സൃഷ്ടിച്ചത് ആര്യന്മാരാണ്.

ജാതി സമ്പ്രദായത്തെക്കുറിച്ച് 27-2-97ലെ കേരള കൗമുദി ദിനപത്രത്തില്‍ ഗോ. ഗോപീമണി എഴുതി ' ഇന്ത്യയിലെ ജാതി സമ്പ്രദായത്തെ കുറിച്ചു പഠിച്ചിട്ടുള്ളവര്‍ പറയുന്നത് ഏറ്റവും കുറഞ്ഞത് 80,000 ജാതി വിഭാഗങ്ങള്‍ രാജ്യത്തുണ്ടെന്നാണ്. അവയുടെ ഉത്ഭവത്തിന് 5,000 വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടാകുമെന്നു കണക്കാക്കിയാല്‍ അന്നത്തെ പരിമിതമായ ജനസംഖ്യയെ 80,000 കൊണ്ട് ഹരിച്ചുവേണം ഓരോ ജാതിയുടെയും മൂല്യ സമിഷ്ടി ( base population) വിലയിരുത്താന്‍. മിശ്രവിവാഹം നിഷിദ്ധമായി കാണുന്ന ഈ സമിഷ്ടികള്‍ കഴിഞ്ഞ 5,000 വര്‍ഷങ്ങളായി ഗോത്ര വിവാഹത്തിലൂടെ മാത്രമാണ് നിലനിന്നിരുന്നതെന്നു കാണുമ്പോള്‍ മിശ്രവിവാഹ നിരക്ക് ഇന്ത്യയില്‍ അതിസൂഷ്മം തന്നെയെന്നോര്‍ക്കുക. പാരമ്പര്യ ശാസ്ത്രത്തിലെ അന്ത: പ്രജനന നിയമങ്ങള്‍ (inbreeding laws) അനുസരിച്ച് ഓരോ ജാതിയിലും പെട്ടവര്‍ വ്യത്യസ്തമായ ഓരോ ജീന്‍ പൂളുകളാണെന്നു തെളിയും. ഇതിനര്‍ഥം ജാതികള്‍ തമ്മില്‍ പാരമ്പര്യ വ്യത്യാസം ഉണ്ടെന്നാണ്.'

ജാതികള്‍ തമ്മില്‍ പാരമ്പര്യമായി തന്നെ വ്യത്യാസമുണ്ടെന്നാണ് ഡോ. ഗോപീമണിയുടെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. അതിനാലാണ് മിശ്രവിവാഹങ്ങള്‍ മിക്കതും പരാജയപ്പെടുന്നതും.

ജാതികള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രൊഫ. രാജു തോമസ് പറയുന്നത് ശ്രദ്ധിക്കുക. 'വ്യത്യസ്ത ജാതിയില്‍പ്പെട്ടവരുടെയിടയില്‍ രൂപംകൊള്ളുന്ന സവിശേഷതയാണ് തങ്ങളൊന്നാണെന്ന ബോധം. ഈ ബോധം ഓരോജാതിയിലും ഉണ്ടെന്നത് ഒരു യാഥാര്‍ഥ്യവുമാണ്. ഈ ബോധത്തെയാണ് സഹജഭാവം (fillow fuling) എന്നു പറയുന്നത്. കൂട്ടായ്മയില്‍ ഈ വൈകാരികതയില്ലെങ്കില്‍ ആ കൂട്ടായ്മ നിലനില്‍ക്കില്ല. കേരളത്തിലെയും മുഴുവന്‍ ഇന്ത്യയിലെയും ഓരോ ജാതിക്കുള്ളിലും ഓരോ അംഗത്തിനുള്ളിലും ഈ വൈകാരിക ബോധം അന്തര്‍ലീനമായി കിടക്കുന്നത് കാണാം. പുലയര്‍ക്കു പറയരോട് ചേരാനോ, പറയര്‍ക്കു കുറവരോട് ചേരാനോ അല്ല താത്പര്യം. മറിച്ച് പുലയര്‍ക്ക് പുലയരോടും പറയര്‍ക്ക് പറയരോടും കുറവര്‍ക്ക് കുറവരോടും നായര്‍ക്ക് നായരോടും ക്രിസ്ത്യാനിക്ക് ക്രിസ്ത്യാനിയോടും മാത്രം ചേരാനുള്ള അഭിവാഞ്ച സ്വാഭാവികമാണ്. ഇത് വര്‍ഗീയതയല്ല, സാമുദായികതയാണ്. ഈ സാമുദായികതയെ വര്‍ഗീയതയെന്നു പേരിടുന്ന അബദ്ധം കാണിച്ചത് ആരെന്നറിയില്ല. എന്നാല്‍ ഇതാണ് യഥാര്‍ഥ ജാതിസ്വത്വബോധം. ഈ ബോധമാണ് അടിസ്ഥാനപരമായി ഓരോ ജാതിക്കും ഉണ്ടാകേണ്ടത്'(ഡോ. തോമസ് കാടന്‍കാവില്‍ എഡിറ്റ് ചെയ്ത ദലിത് ഏകോപനം: ചില ഉള്‍ക്കാഴ്ചകള്‍ എന്ന ഗ്രന്ഥം)

പ്രസിദ്ധ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ എം.പി. നാരായണപിള്ള എഴുതി ' ജാതി ചോദിക്കരുത് എന്ന തത്വത്തില്‍ വിശ്വസിക്കുന്ന ഒരാളല്ല ഞാന്‍. ഞാനൊരു നായരാണ്. ഒരാളെ പരിചയപ്പെടുമ്പോള്‍ ഞാന്‍ നിസ്സങ്കോചം അയാളോട് ജാതി ചോദിക്കാറുണ്ട്. അയാളുടെ സാമൂഹികമായ പശ്ചാത്തലം അറിയാനായി ആ ഇന്‍ഫൊര്‍മേഷന്‍ എന്നെ സഹായിക്കും. അതിലൊരു തെറ്റും കാണുന്നില്ല'

'എനിക്കു നിങ്ങള്‍, പുലയന്‍ പുലയനും പറയന്‍ പറയനും നായാടി നായാടിയുമാണ്. ഞാന്‍ ജാതി ചോദിക്കും. നിങ്ങള്‍ ധൈര്യമായി, ആണായി പറയും ഞാന്‍ പുലയനാണ്,പറയനാണ്, നായാടിയാണ്..' ( മറുനോട്ടം - ലേഖന സമാഹാരം. പേജ് 98- 102)

അധിനിവേശത്തോടെ ഇന്ത്യയില്‍ പടന്നുപന്തലിച്ച ജാതി വ്യവസ്ഥയുടെ ഫലമായി ഇവിടെ ഒരു വിഭാഗം ജനങ്ങള്‍ നികൃഷ്ടരായി, അധസ്ഥിതരായി, അസ്പര്‍ശ്യരായി, തീണ്ടിക്കൂടാത്തവരായി, ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളവരായി മാറി. ഇന്നും പ്രത്യക്ഷമായും പരോക്ഷമായും ജാതി തന്നെയാണ് കേരളത്തില്‍ നിര്‍ണായക ഘടകം. ഒരുവന്‍ തന്റെ ജാതിയെ തള്ളിപ്പറയുന്നത് അയാള്‍ക്കു ജന്മം നല്‍കിയ മാതാപിതാക്കളെ തള്ളിപ്പറയുന്നതിന് തുല്യമാണ്. ജാതി നല്ലതാണെന്നും ജാതീയതയാണ് മോശമെന്നും നാം തിരിച്ചറിയണം. അതിനാല്‍ ജാതി നിലനിര്‍ത്തുകയു ജാതീയത തുടച്ചുമാറ്റുകയുമാണ് വേണ്ടത്. കാലഘട്ടത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് ജാതിക്കെതിരായി ശബ്ദമുയര്‍ത്താതെ, ജാതിവിവേചനമെന്ന കാലസര്‍പ്പത്തെ തല്ലിത്തകര്‍ക്കാനാണ് മനുഷ്യ സ്‌നേഹികളായ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ജാഗ്രത കാട്ടേണ്ടത്.

മാഞ്ഞൂര്‍ ഗോപാലന്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.