പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

കടലോരജീവിതത്തിന്റെ ചലച്ചിത്ര പ്രതിനിധാനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിയാദ് കെ എം

കാഴ്ചകളെ വിപണതന്ത്രമായി ഉപയോഗിക്കുക എന്നത് ദൃശ്യ മാധ്യമങ്ങളുടെ ഏറ്റവും പ്രകടമായ രാഷ്ട്രീയമാണ്. പക്ഷപാതപരമായ കാഴ്ചകളിലൂടെയാണ് ആ‍ധുനിക സിനിമ അതിന്റെ രാഷ്ട്രീയം പറയുന്നത്. സമൃദ്ധമായ ദൃശ്യാനുഭവങ്ങളുടെ കേന്ദ്രീകരണത്തിലുടെ സിനിമ സംസ്ക്കാരത്തിലിടപെടുകയും വ്യക്തി, കുടുംബം, സമൂഹം, മതം, ജാതി, ലിംഗം, വര്‍ണ്ണം തുടങ്ങിയവയെ സിനിമയുടെ പ്രത്യയശാസ്ത്രത്തിന്‍ കീഴില്‍ വിവരിക്കുകയും ചെയ്യുന്നു. ഉപഭോഗം പ്രതിനിധാനം ഇവയെ കൂട്ടു പിടിച്ചാണ് സിനിമ സംസ്ക്കാരത്തെ നിര്‍വചിക്കുന്നത്.‍ മണവാട്ടി എന്ന പേരു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്കു കടന്നു വരുന്നത് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞു പട്ടു സാരിയും ചുറ്റിനില്‍ക്കുന്ന രൂപമാണ്. സിനിമയുടെയും പരസ്യത്തിന്റേയും മണവാട്ടിയുടെ പ്രതിനിധാനമാണ് നമ്മെ സ്വാധീനിക്കുന്നത്. ബോധപൂര്‍വമോ അബോധപുര്‍വമോ സിനിമ പകര്‍ത്തുന്ന ഇത്തരം ദൃശ്യങ്ങള്‍ നമ്മുടെ മനസില്‍ ഒരു സംസ്ക്കാരത്തിന്റെ നിര്‍വചനമായിത്തീരുകയും ചെയ്യുന്നു.

സിനിമയില്‍ പ്രതിനിധാനത്തിന്റെ രാഷ്ട്രീയം കൊണ്ട് വ്യതിരിക്തമാ‍ക്കപ്പെട്ട ഒരു സമൂഹമാണ് കടലോരജനത. സ്ഥലപരവും സംസ്ക്കാരപരവുമായി കടലിനെ പശ്ചാത്തലവത്ക്കരിക്കുന്ന സിനിമകള്‍ ദൃശ്യപരവും ആശയപരവുമായ സമീപനങ്ങളിലൂടെ കടലോരജനതയുടെ സമുദായ, തൊഴില്‍, വിശ്വാസ, ഭാഷാ, വേഷതലങ്ങളിലെല്ലാം പ്രേക്ഷകരെ അയാഥാര്‍ത്ഥ അപ്രയോഗികതലങ്ങളിലേക്ക് നയിക്കുന്നു. ക്യാമറയിലൂടെ രൂപീകൃതമാകുന്ന ഫോട്ടോഗ്രാഫിക്ക് ഇമേജുകള്‍ വസ്തുവും അതിന്റെ പ്രതിനിധാനവും തമ്മിലുള്ള അന്തരത്തെ ചെറുതാക്കിക്കൊണ്ടാണ് സമകാലികജീവിതത്തിന്റെ ചിഹ്നമണ്ഡലങ്ങളില്‍ നിലകൊള്ളുന്നത് . ചലചിത്രപ്രതിനിധാനം മിക്കപ്പോഴും സംരക്ഷിക്കുന്നത് ഉപരിവര്‍ഗത്തിന്റെ താത്പര്യങ്ങള്‍ മാത്രമായിരിക്കും. ഇല്ലം, നാലുകെട്ട്, തുളസിത്തറ, വള്ളുവനാടന്‍ ഭാഷ തുടങ്ങിയ സവര്‍ണ്ണ മൂല്യങ്ങളെ മേന്മയുടെ മൂല്യങ്ങളായി പ്രതിനിധീകരിക്കുന്ന സിനിമ താഴ്മയുടെ മേഖലകളെ പ്രതിനിധീകരിക്കുവാന്‍ പ്രത്യേക സമുദായങ്ങളെ കൂട്ടുപിടിക്കുന്നു. ഇവരുടെ സംസ്ക്കാരം പ്രാചീനവും നികൃഷ്ടവുമാണെന്ന് സിനിമയിലൂടെ സ്ഥാപിക്കുന്നു. ആദിവാസികള്‍, കടലോരജനത, സാധാരണതൊഴിലാളികള്‍, മാര്‍ക്കറ്റ് എന്നിവയെ സിനിമ പ്രതിനിധീകരിക്കുന്നത് ഈ ആശയത്തില്‍ നിന്നുകൊണ്ടാണ്.

ഇക്കൂട്ടരെ സിനിമയുടെ തുടരെത്തുടരെ ഒരേ രീതിയില്‍ പ്രതിനിധാനം ചെയ്യുന്നതിലൂടെ കാഴ്ചക്കാരന്റെ ബോധവും അതിനനുസരിച്ച് മാറ്റപ്പെടുന്നു. വിവിധ സമയങ്ങളിലിറങ്ങിയ കടലോര ജനപ്രിയ ചിത്രങ്ങളായ ചെമ്മീന്‍ , അമരം, ചാന്തുപൊട്ട് എന്നി സിനിമകള്‍ ഇത്തരത്തില്‍ പ്രത്യയശാസ്ത്രത്തിന്റെ കീഴില്‍ വിവരിക്കപ്പെടെണ്ടവയാണ്. കടലോരജീവിതത്തിന്റെ പ്രതിഫലനമെന്നപേരില്‍ പ്രേക്ഷകരിലേക്കെത്തുന്ന ഈ സിനിമകള്‍ അവരുടെ ജീവിതത്തിലുണ്ടായ പുരോഗമനകരമായ മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. ചെമ്മീന്‍ പ്രതിനിധാനം ചെയ്യുന്ന ദൃശ്യങ്ങളില്‍ ആശയങ്ങളില്‍ നിന്നും ചാന്തുപൊട്ടിലെത്തുമ്പോഴേക്കു കാര്യമായ മാറ്റങ്ങള്‍ കടന്നു വരുന്നില്ല. സ്റ്റീരിയോടൈപ്പുകളായി കടലോരമേഖലയെ നിലനിര്‍ത്തുക എന്ന രാഷ്ട്രീയമാണിതിനു പിന്നില്‍. തകഴിയുടെ ചെമ്മീന്‍ 1962 - ലെ സാഹചര്യങ്ങളുമായി ഒരു വിധം സമരസപ്പെട്ട് കടന്നുപോകുമായിരുന്നു. എന്നാല്‍ പിന്നീടു വന്ന മുഴുവന്‍ കടലോരപ്രമേയ ചിത്രങ്ങളും ആ ‘’ ചെമ്മീന്‍ ഇഫക്ട്’‘ അതേ പടി പിന്തുടരുകയായിരുന്നു ചെയ്തത്. മേല്‍പ്പറഞ്ഞ സിനിമകളില്‍ കടന്നുവരുന്ന സമുദായ, തൊഴില്‍, വിശ്വാസ ഭാഷാ- വേഷ ചിഹ്നങ്ങള്‍ വിശകലനം ചെയ്ത് അവയുടെ പൊതുവായ രാഷ്ട്രീയത്തെ വിശകലനം ചെയ്യാം.

സമുദായം

കടലോരസിനിമ പ്രതിനിധാനം ചെയ്യുന്നത് കൂടുതലും അരയസമുദായത്തെയാണ്. കടലില്‍ പോകുന്ന അരയനെ മരക്കാന്‍ എന്നാണ് സിനിമ അഭിസംബോധന ചെയ്യുന്നത്. കടലില്‍ പോകുന്ന മരക്കാന്‍ ബാക്കി മുഴുവന്‍ സമയവും ചീട്ടുകളിയും മദ്യപാനവുമാണ് എന്നൊരു ധാരണ എല്ലാ കടലോരസിനിമകളും ഒരേ പോലെ പകര്‍ത്തുന്നു ‘’ അത് പിന്നെ മരക്കാന്റെ പതിവല്ലേ കയ്യീ കൊറെ കാശ് കിട്ടിയാ തീരണവരെ ക്ഷീണമാ’‘ എന്ന് ചെമ്മീനില്‍ ചക്കി ചെമ്പന്‍ കുഞ്ഞിനോട് പറയുന്നത് ഉദാഹരണമാണ്. കടലില്‍ പണിയെടുക്കുന്നവരുടെ വീടുകള്‍ കുടിലെന്ന സങ്കല്‍പ്പം സിനിമ വിടാതെ പിന്തുടരുന്നു. ഉയര്‍ന്ന സമുദായക്കാര്‍ തൊറേലച്ചന്‍ എന്നിവരുടെ വീടുകള്‍ മാത്രമായിരിക്കും മെച്ചമായുള്ളത്. അമരത്തില്‍ മകളെ കോളേജില്‍ വിടുന്നതിനെ പറ്റി ആലോചിക്കുമ്പോല്‍ അച്ചുതങ്കുട്ടി ‘’ കണ്ടാ മെനേയുള്ള വീട്ടിലെ കൊച്ചാണെന്ന് പറയണം’‘ ഈ വാചങ്ങളില്‍ നിന്നും യഥാര്‍ത്ഥത്തില്‍ മെനയുള്ള വീട്ടിലെ കുട്ടി അല്ലയെന്ന പ്രതീതി ലഭിക്കുന്നു. കടലോരജനതയെ വൈദ്യുതി ലഭിക്കാത്ത അപരിഷ്കൃത ജനത എന്ന ലേബലില്‍ പാര്‍ശ്വവത്ക്കരിക്കുകയാണ് സിനിമ ചെയ്യുന്നത്. ‘’ മരക്കാന് വള്ളോം വലേം മേടിക്കാനുള്ള അധികാരമില്ല കടലില്‍ പോയി മീന്‍ പിടിക്കുന്നതിനു മാത്രമാണ് അധികാരം. വള്ളോം വലേം മേടിച്ച് കരക്ക് വച്ചേക്കത്തെയുള്ളു. മരക്കാന് വള്ളോം വലേം മേടിക്കാനുള്ള അധികാരമെവിടുന്നു കിട്ടി’‘ എന്ന ചെമ്മീനിലെ ഈ സംസാരം വളരെ വ്യക്തമാണ്. ഈ ശബ്ദം ആശാന്റെ രൂപത്തില്‍ ചാന്തുപൊട്ടിലും പ്രകടമാണ്. കടലോരജനതക്ക് അറിവിനുള്ള മാധ്യമങ്ങള്‍ സിനിമ വക വെച്ചു കൊടുക്കുന്നില്ല. ചെമ്മീനില്‍ പത്രം വായിക്കുന്നത് തൊറേലച്ചനാണ്. അതേപോലെ ചാന്തുപൊട്ടില്‍ ടെലിവിഷനുള്ള ഒരേയൊരു വീട് ആശാന്റെ വീടാണ്. അറിവ് ഉപരിവര്‍ഗ്ഗത്തിന്റേതാണെന്നും അധ:കൃതവര്‍ഗ്ഗമായ അരയസമുദായത്തിന് കടലറിവ് മാത്രം മതിയെന്നും സിനിമകളുറപ്പിക്കുന്നു. ദൃശ്യപരവും സംഭാഷണപരവുമായ മുഴുവന്‍ സങ്കേതങ്ങളും ഉപയോഗിച്ച് ഒരു സമുദായത്തിന്റെ താഴ്ച സിനിമ ഉറപ്പുവരുത്തുന്നു.

തൊഴില്‍

‘’ എടാ ഈ കടാലിലുള്ള സമ്പാദ്യം മുഴുവന്‍ മരക്കാന്റേതാണ് പിന്നെന്തിനാ വേറെ സമ്പാദ്യം ‘’ ചെമ്പന്‍ കുഞ്ഞിന്റെ ഈ വാക്കുകള്‍ കടലിന്റെ മകന്‍ എന്ന സങ്കല്‍പ്പത്തിലധിഷ്ഠിതമാണ്. അതായത് മത്സ്യബന്ധനം മാത്രമാണ് കടലോരജനതക്കുള്ള തൊഴില്‍ . സ്ത്രീകളുടെ തൊഴില്‍ അത് വില്‍പ്പന നടത്തുക എന്നുള്ളതും. കടലിന്റെ മകന്‍ എന്ന വിശ്വാസത്തിന്റെ മൂര്‍ദ്ധന്യത തെളിയിക്കാന്‍ പുറം കടലില്‍ പോയി കൊമ്പനെ പിടിക്കണമെന്നുള്ളത്. ചെമ്മീനിലെ പളനി കൊതുമ്പു വള്ളത്തില്‍ ഒറ്റക്ക് പുറം കടലില്‍ നിന്ന് കൊമ്പനെ പിടിക്കുന്ന ആണാണ്. അമരത്തിലെ അച്ചുതന്‍ കുട്ടിയും ഈ പറഞ്ഞ ആണത്തം തെളിയിച്ച ആളാണ്. തന്റെ മകളെ വിവാഹം കഴിക്കുന്ന രഘുവിനെ അയാള്‍ വെല്ലുവിളിക്കുന്നതും കൊമ്പനെ പിടിച്ച് ആണത്തം തെളിയിക്കാനാണ്. ചാന്തുപൊട്ടിലും രാധാകൃഷ്ണന്‍ രാത്രിയില്‍ കൊതുമ്പുവള്ളത്തില്‍ കടലിലേക്ക് പോകുന്നത് തന്റെ ആണത്തത്തിനു വെല്ലുവിളി നേരിടുമ്പോഴാണ്. കടലോരമേഖലയില്‍ നിന്നും മറ്റു തൊഴിലുകള്‍ ചെയ്യുന്നവരെ സിനിമ അവഗണിക്കുന്നു. പഴയ വിശ്വാസപ്രമാണങ്ങളില്‍ മാത്രം വിശ്വസിച്ച് കടലില്‍ മാത്രം പണിയെടുക്കുന്നവരെന്ന് ദൃശ്യവത്ക്കരിച്ച് വിദ്യാഭ്യസപരമായും സാമൂഹികപരമയും അപരിഷ്കൃതരുടെ കൂട്ടത്തില്‍ കടലോരജനതയെ സിനിമ ഒറ്റപ്പെടുത്തുന്നു.

വേഷം - ശരീരം

വേഷത്തിന്റെ കാര്യത്തില്‍ ഒട്ടുമിക്ക കടല്‍ പ്രമേയ സിനിമകളും തികച്ചും ഏകപക്ഷീയമായ സമീപനമാണ് പുലര്‍ത്തുന്നത്. വസ്ത്രങ്ങളുടെ കടുപ്പമുള്ള നിറം , ലുങ്കി ഉടുക്കുന്നതിലെ പ്രത്യേകത എന്നിവ പുരുഷന്‍മാരുടെ വേഷങ്ങളാണെങ്കില്‍ സ്ത്രീകള്‍ക്ക് മുണ്ടും ബ്ലൗസും എന്നതില്‍ക്കവിഞ്ഞൊരു വേഷം നല്‍കാന്‍ ആരും തയാറായിട്ടില്ല. മുണ്ടും ബ്ലൗസും കടലോരസ്ത്രീകളുടെ വസ്ത്രമാക്കുക വഴി പ്രേക്ഷകരുടെ ലൈംഗികതയെ ഉണര്‍ത്താനുള്ള ഒരു ഉപാധി കൂടിയാക്കി വാണിജ്യവത്ക്കരിക്കുകയാണ് ഇത്തരം സിനിമകള്‍ ചെയ്യുന്നത്. യഥാര്‍ഥത്തില്‍ മത്സ്യം വിറ്റ് ഉപജീവനം നടത്തുന്ന സ്ത്രീകളുടെ ശരീരം സിനിമയില്‍ വരുമ്പോള്‍ ചിത്രം മാറുന്നു. കറുത്തമ്മയായി അഭിനയിച്ചത് വെളുത്ത നിറമുള്ള ഷീലയായിരുന്നു എന്നത് ശ്രദ്ധേയമാണ്. കറുപ്പിക്കാമായിരുന്നിട്ടു കൂടി വെളുത്ത നിറത്തില്‍ കറുത്തമ്മയെ അവതരിപ്പിക്കുകയാണ് ചെയ്തത്. ചെമ്മീനില്‍ കറുത്തമ്മ തുറന്നിട്ട ഈ കച്ചവട സാധ്യത അമരത്തില്‍ നായകനെ മോഹിക്കുന്ന ചന്ദ്രിക എന്ന പെണ്‍കുട്ടിയിലൂടെ ഏറ്റെടുക്കുന്നു. ചാന്തുപൊട്ടിലെ മാലു എന്ന നായികയെ കച്ചവട സാധ്യതക്കുപയോഗിക്കുന്നു. കടല്‍, ചമയം, തുമ്പോളിക്കടപ്പുറം എന്നീ സിനിമകളിലെല്ലാം തന്നെ മദാലസകളായ കടലോരസ്ത്രീകളെ പകര്‍ത്തുന്നു. കടപ്പുറത്തെ പുരുഷന്മാര്‍ കടുത്ത നിറത്തിന്റെവക്താക്കളായിരിക്കും. പരീക്കുട്ടി, പളനി, അമരത്തിലെ രഘു, ചാന്തുപൊട്ടിലെ രാധാകൃഷ്ണന്‍, കുമാരന്‍ എന്നിവര്‍ കടുത്ത നിറത്തിലുള്ള വസ്ത്രങ്ങല്‍ അണിയുന്നവരാണ്. സിനിമ സാംസ്ക്കാരികമായി ഇടം ചേരുന്നത് സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴും കഥയില്‍ സാധാരണ ജീവിതങ്ങള്‍ വരച്ചിടുകയും ചെയ്യുമ്പോഴാണ്. അതുകൊണ്ടു തന്നെ ജനപ്രിയ സംസ്ക്കാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സിനിമ സാംസ്ക്കാരികരൂപീകരണത്തിലും ശ്രേഷ്ഠമായ പങ്ക് വഹിക്കുന്നു. ഭൂപ്രദേശത്തിന്റെ അതിര്‍ത്തിയായ കടലോരത്തെ സിനിമ പകര്‍ത്തുന്നത് സാംസ്ക്കാരികമായി അവരെ ഉന്നമനത്തിലേക്കല്ല നയിക്കുന്നത്. മറിച്ച് , പ്രാകൃതവല്‍ക്കരിക്കാനും ശൈലീകരിക്കാനുമാണ്. സമുദായം, തൊഴില്‍, വിശ്വാസം, ഭാഷ, വേഷം, ശരീരം എന്നീ തലങ്ങളിലെല്ലാം സിനിമയുടെ ദൃശ്യപ്രമേയചിഹ്നങ്ങളില്‍ ബോധപൂര്‍വമോ അബോധപൂര്‍വമോ ആയി ഉപരിവര്‍ഗ്ഗപ്രത്യയശാസ്ത്രം പ്രവര്‍ത്തിക്കുകയും കടലോരസംസ്ക്കാരത്തെ ഇകഴ്ത്തിക്കാണിക്കുകയും ചെയ്യുന്നു.

ജിയാദ് കെ എം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.