പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അഴകും ആഴവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സക്കറിയാസ്‌ നെടുങ്കനാൽ

എന്തെന്നില്ലാത്ത ഒരു ചൈതന്യമായി എന്‍റെ കൊച്ചു മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരു ഐറണിയിലെ ഭംഗി പങ്കു വയ്ക്കാന്‍ മോഹം. വെളിപാടിന്റെ പുസ്തകത്തില്‍ നിന്നുള്ള "സൂര്യനെ വസ്ത്രമാക്കിയ സ്ത്രീ" എന്നൊരു പ്രയോഗമാണ് അതിനു നിദാനം. ഈ ക്ളാസിക് വചനം സങ്കല്‍പ്പിക്കുമ്പോള്‍തന്നെ ഉള്ളില്‍ ഒരു നിറവു തോന്നും എന്ന് ഫാ. ബോബി കപ്പൂച്ചിൻ തന്‍റെ ഒരു കൃതിയില്‍ (മൂന്നാംപക്കം) പറയുന്നത് എത്ര സത്യമാണെന്ന് അത് വായിച്ച നാള്‍ മുതല്‍ എന്‍റെ മനസ്സിലുറച്ചു. പ്രകാശത്തെ വസ്ത്രമാക്കുക! ഇതിലും ആഴത്തില്‍ ഒരു കാര്യം ഭാഷയിലൂടെ എങ്ങനെ പറയാനാവും? ഒളിഞ്ഞിരിക്കുന്നതിനെ വെളിപ്പെടുത്തുന്നതാണ് പ്രകാശം. പ്രകാശത്തെ വസ്ത്രമാക്കുകയെന്നാല്‍, അതിനര്‍ഥം ഒളിഞ്ഞിരിക്കുന്നതൊന്നും അവിടെ ഇല്ലെന്നുള്ളതിന്‍റെ ഏറ്റവും സുതാര്യമായ സ്ഥിരീകരണം തന്നെയാണ്. എപ്പോഴാണ് സ്ത്രീ ഏറ്റവും വശ്യയും സുന്ദരിയുമാകുന്നത്? തീര്‍ച്ചയായും, പുരുഷനല്ലാതെ വേറൊരുടയാടയും അവള്‍ക്കില്ലാതിരിക്കുമ്പോള്‍.. എന്നാല്‍ ആഴമുള്ള പുരുഷന്‍ ഉടയാടകള്‍ക്ക് അപ്പുറത്തേയ്ക്ക് കാണുന്നു. അതുകൊണ്ടാണ് സന്യാസിനിയുടെ കട്ടിയുള്ള ഉടുപ്പുകൊണ്ട് മൂടിയിരുന്ന ക്ളാരയെ കാണുമ്പോള്‍ ഫ്രാന്‍സിസ് പറയുമായിരുന്നു, ദൈവത്തിന്‍റെ കളങ്കരഹിതമായ സൃഷ്ടി എന്ന്. ഒരു പുരുഷന്റെ ആഴത്തിനിനു പിറകെ ഓടിയിറങ്ങിയ സ്ത്രീയിലെ അഴകിന്‍റെ ഉത്തമോദാഹരണങ്ങളാണ് മഗ്ദലെനയും ക്ളാരയും. എന്നാല്‍, അഴകും ആഴവും രണ്ടാണോ? ദൈവത്തിന്‍റെ കരങ്ങള്‍ പുറത്തുകൊണ്ടുവന്ന അവസാനത്തേതും ഏറ്റവും കലാപരവുമായ സൃഷ്ടി സ്ത്രീയായിരുന്നുവെന്ന് ഉല്പത്തി പുസ്ത്തകം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സ്ത്രീയുടെ അഴകിനെ വെല്ലുന്നതൊന്നും ഈ ഭൂമിയിലില്ല എന്നുതന്നെയാണ് എല്ലാ പുരുഷന്മാരും അതിനെ മനസ്സിലാക്കേണ്ടത്. എന്നാല്‍ അവള്‍ക്ക് ആഴം നല്‍കാന്‍ പുരുഷന്‍ വേണമെന്ന് സ്ത്രീയും അറിഞ്ഞിരിക്കണം. സൃഷ്ടിയിലേയ്ക്ക് കണ്ണ് തുറന്ന സ്ത്രീ കണ്ടത് അവളുടെ ലോലമായ വശ്യതക്ക് ആഴമേകാന്‍ ഒരു പുരുഷന്‍ അവിടെയുണ്ട് എന്നാണ്. പക്ഷേ, അതിനവള്‍ അവനെ അനുവദിക്കേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ ഒരു പുരുഷനെ തകര്‍ക്കാനും ഏതു സ്ത്രീക്കും നിഷ്പ്രയാസം സാധിക്കും - തന്നിലെ അഴകിനെ അവനില്‍ നിന്ന് ഒളിപ്പിച്ചാല്‍ മാത്രം മതി. അവയെ ആസ്വദിക്കാന്‍ അവനെ അനുവദിക്കാതിരുന്നാല്‍ മതി. എന്നാല്‍ ആസ്വദിക്കപ്പെടാത്ത അഴക്‌ കെട്ടുപോകും എന്നറിയാത്ത സ്ത്രീകള്‍ ദൈവത്തിനു തന്നെ അപമാനമാണ്. കാരണം, അവിടുത്തെ ഏറ്റവും വലിയ കലാസൃഷ്ടി അപ്പോള്‍ വൃഥാവിലാവുകയാണ്. ശരീരത്തേക്കാള്‍ പ്രധാനം അതിനെ മൂടുന്ന തുണികളും ആഭരണങ്ങളും ആണെന്ന തെറ്റായ ധാരണ നമ്മുടെ ആള്‍ക്കാര്‍ ഒരു വിശ്വാസം പോലെ കാത്തുസൂക്ഷിക്കുന്നു. ഒരിക്കലും നിലക്കാത്ത പരസ്യങ്ങള്‍ അവയെ ഊട്ടിപ്പോറ്റുന്നു. മനുഷ്യരെ ചൂഷണം ചെയ്തുകൊണ്ടിരിക്കാന്‍ വ്യവസായികള്‍ക്ക് വേണ്ടത് ഈ വിശ്വാസമാണ്. സ്ത്രീകള്‍ ബാഹ്യമായവയില്‍ ആകൃഷ്ടരായി സ്വന്തം അഴകിനെ മറക്കുന്നതാണ് എല്ലാ പീഡനങ്ങള്‍ക്കും ദുരുപയോഗങ്ങള്‍ക്കും ദാമ്പത്യക്ഷുദ്രതക്കും തകര്‍ച്ചക്കും കാരണമാകുന്നത്. മാര്‍ത്താ, മാര്‍ത്താ, നിന്റെ വ്യര്‍ഥ വ്യഗ്രതകള്‍ മറന്നിട്ട്, മറിയം ചെയ്യുന്നത് ശ്രദ്ധിക്കൂ, യേശു പറഞ്ഞു. അവള്‍ എന്‍റെയടുത്തിരുന്ന് അവളുടെയഴകിന് ആഴം കൂട്ടുന്നത്‌ കണ്ടു പഠിക്കൂ. പാട്ടായാലും പ്രാര്ത്ഥനയായാലും കലയായാലും ഭക്ഷണമായാലും രുചിച്ചറിയാതെ ആസ്വദിക്കാനാവില്ല. എപ്പോഴുമെന്നും നമ്മുടെ മുന്നില്‍തന്നെയുള്ള പ്രാകൃതിക സൌന്ദര്യങ്ങള്‍ കാണാനും രുചിക്കാനും അവയെപ്പറ്റി നിതാന്ത നന്ദിയോടെ ജീവിക്കാനും വേണ്ട ചില പ്രാഥമിക പാഠങ്ങള്‍ അവിടെയുണ്ട്. അഴക് അതിന്‍റെ ഏറ്റവും ആഴത്തില്‍ എപ്പോഴും നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അതിലെത്രമാത്രം ശരിക്കും നമ്മുടേതാകുന്നുണ്ട്?

സക്കറിയാസ്‌ നെടുങ്കനാൽ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.