പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

യുവ പത്രപ്രവർത്തകനായ ശ്രീ ശൈലേഷ് തൃക്കളത്തൂര്‍നടത്തിയ അഭിമുഖം (തുടര്‍ച്ച)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം കെ ഹരികുമര്‍

യുവ പത്രപ്രവര്‍ത്തകനായ ശ്രീ ശൈലേഷ് തൃക്കളത്തൂര്‍നടത്തിയ അഭിമുഖം ഇവിടെ ചേര്‍ക്കുകയാണ്‌. വൈറ്റ്ലൈനിന്റെ പ്രിയമുള്ള വായനക്കാര്‍ ഇതു ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു.

എം. കെ. ഹരികുമാര്‍

ശൈലേഷ്‌ തൃക്കളത്തൂര്‍ : എന്താണ്‌ താങ്കള്‍ വിശദീകരിക്കുന്ന നിരാസവും നിര്‍മ്മാണവും?

എം.കെ.ഹരികുമാര്‍: ജീവിതം നമുക്ക്‌ കൂടെക്കൊണ്ടുപോകാനുള്ളതല്ല. അത്‌ എപ്പോഴും നമുക്ക്‌ ബോധ്യപ്പെടണമെന്നില്ല. കാലം നമ്മെ തോല്‍പിക്കുമെന്നറിഞ്ഞാലും നമ്മള്‍ വൃഥാ ശ്രമിച്ചുകൊണ്ടിരിക്കും. വലിയ യാഥാര്‍ത്ഥ്യങ്ങള്‍ ചിലപ്പോള്‍, ഇടവേളകളുടെ നേരിയ അംശങ്ങളില്‍ നമ്മളിലേക്ക്‌ പ്രകാശമായി കടന്നുവരാം. എന്നാല്‍ അതവിടെ നില്‍ക്കില്ലല്ലോ. മനസ്സിന്റെ ചുമതലയോ സ്വഭാവമോ അല്ല, ഇങ്ങനെ വരുന്ന സിഗ്നലുകളെ പിടിച്ചെടുത്ത്‌ വ്യാഖ്യാനിക്കുക എന്നത്‌. അത്‌ സംഭവിക്കുന്നു എന്ന്‌ മാത്രം. ജീവിതം ഒന്നും കൊണ്ടുപോകാനുള്ളതല്ലെങ്കില്‍, പിന്നെ അവശേഷിക്കുന്നത്‌, അത്‌ എവിടെയെങ്കിലും കളഞ്ഞിട്ടുപോകുക എന്നതാണ്‌. വെറുതെ കളയാനൊക്കില്ല.. അത്‌ ഒന്നിലധികം വസ്തുക്കളെ മുന്‍നിര്‍ത്തി ഏതാണ്‌ നല്ലത്‌ എന്ന്‌ നോക്കി തിരഞ്ഞെടുക്കുന്നുണ്ട്‌. ഒന്ന്‌ എപ്പോഴും പ്രാമാണ്യത്തോടെ മുന്‍നിരയില്‍ വരുന്നു. അപ്പോഴും അതിനേക്കാള്‍ നല്ലത്‌ ഏതാണെന്ന ചിന്ത നാമ്പെടുത്തുകൊണ്ടിരിക്കും. മറ്റെല്ലാം വിസ്മൃതിയിലേക്കാണ്‌ പോകുന്നത്‌. കാലമാണ്‌ ഇതിനു സഹായിക്കുന്നത്‌. ഈ നിമിഷത്തില്‍ ഒരു തിരഞ്ഞെടുപ്പുണ്ട്‌. അത്‌ കഴിഞ്ഞാല്‍ കാലം അതിനെ വിസ്മൃതിയില്‍ ലയിപ്പിക്കുന്നു. അപ്പോഴും ഒന്ന്‌ അവശേഷിക്കുന്നു. ഏതൊരു വസ്തുവിനും ഇങ്ങനെ മറ്റൊന്നാകാതിരിക്കാനാവില്ല. അചേതന വസ്തുക്കള്‍പോലും കാലത്തിലും മനുഷ്യചിന്തയിലും മറ്റൊന്നായി മാറുകയാണ്‌. കല്ല്‌ ഓരോ നിമിഷത്തിലും പുതിയതാണ്‌. നാം എങ്ങനെ കാണുന്നുവോ അതിനനുസരിച്ച്‌ മാറും. കല്ലില്‍ എല്ലാ രൂപങ്ങളുമുണ്ട്‌. ഏത്‌ വേണമോ, മറ്റെല്ലാം അതില്‍ നിന്ന്‌ നീക്കിയാല്‍ മതി. ഒരു വസ്തുവിനും അതായിതന്നെ നിലനിൽക്കാൻ കഴിയില്ല. ആശയങ്ങളാണ്‌ അങ്ങനെ നില്‍ക്കാന്‍ ശ്രമിക്കുന്നത്‌. ഉദാഹരണത്തിന്‌, സ്വരം എന്ന വാക്കില്‍ സ്വരം എന്ന ആശയമുണ്ട്‌. സ്വരം എന്ന ആശയം മറ്റൊന്നിനേയും അതിനുള്ളിലേക്ക്‌ പ്രവേശിപ്പിക്കില്ല. ആ ആശയം മൗലികവാദ സ്വഭാവമുള്ളതാണ്‌. ഇത്‌ ജീര്‍ണതയാണ്‌. മറ്റൊന്നിനെയും ഉള്ളിലേക്ക്‌ പ്രവേശിപ്പിക്കാത്ത ആശയതുറുങ്കുകള്‍ സംവാദത്തെയും സമന്വയത്തെയും വളര്‍ച്ചയെയും തളര്‍ത്തുന്നു. ഇതിനു ബദലായി, ഓരോ നിമിഷവും സ്വയം നിരസിച്ചുകൊണ്ട്‌ മറ്റൊന്നാകുന്നതാണ്‌ വളര്‍ച്ച. ജീവിതം ഈ വളർച്ചയാണ്‌. അല്ലെങ്കില്‍ ആകണം. ജീവിതത്തിന്റെ സ്തംഭനാവസ്ഥയും ജീര്‍ണ്ണതയും ഭൂതകാലജ്വരങ്ങളും കഴുകി ശുദ്ധീകരിക്കാന്‍ ഇതാവശ്യമാണ്‌. വാക്കുകള്‍, ആശയങ്ങള്‍, സൗന്ദര്യശാസ്ത്രം, തുടങ്ങിയവയെല്ലാം സ്വയം നിരസിച്ച്‌, മറ്റൊന്നാകുമ്പോള്‍ അത്‌ ജലാത്മകതയാകും. ഒഴുക്ക്‌ എന്ന സ്വഭാവവും നവീകരണവും അതില്‍ ഉണ്ടാകുന്നു.

ചോദ്യം: ഇന്നത്തെ ജീവിതവുമായി ഈ നിരാസവും നിര്‍മ്മാണവും എങ്ങനെയാണ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌?

എം.കെ.ഹരികുമാര്‍: ഇന്ന്‌ ജീവിതത്തെ, അതിന്റെ തത്ത്വശാസ്ത്രം, ശൈലി, എന്നിവയുടെ അടിസ്ഥാനത്തില്‍ കമ്പാര്‍ട്ട്മെന്റായി കാണാനാവില്ല. ജനതകള്‍ അലഞ്ഞുതിരിയുന്നവരായി. ഏതെങ്കിലും ഒരാശയം മാത്രം മുറുകെ പിടിച്ചുകൊണ്ട്‌ ജീവിതകാലമത്രയും നീങ്ങാനാവില്ല. എല്ലായ്പ്പോഴും ഒരു നിരാസവും നിര്‍മ്മാണവും നമ്മെ കാത്തിരിക്കുന്നുണ്ട്‌. ആധുനിക ജീവിതം ദീര്‍ഘകാലത്തിലുള്ള പദ്ധതിയല്ലാതായി. നൈമിഷികത വലിയ തോതില്‍ ജീവിതത്തെ ആഴമുള്ളതും സുന്ദരവുമാക്കുന്നു. ജീവിക്കുന്നത്‌ ഒരു നിമിഷത്തേക്കായാലും മതി എന്ന ചിന്ത ഇപ്പോഴും പലരും ഗൗനിക്കുന്നു.

ചോദ്യം : ജീവിതത്തെ ആകെ കാണാന്‍ കഴിയുന്നില്ലെങ്കില്‍, ഉദ്ഗ്രഥനാത്മകമായ അനുഭവം എവിടെയാണ്‌?

എം.കെ.ഹരികുമാര്‍: ജീവിതം എന്ന അമൂര്‍ത്ത തത്ത്വത്തേക്കാള്‍, അതിന്റെ ഓരോ നിമിഷത്തിലുമുള്ള അതിജീവനത്തിനു പ്രാമുഖ്യം കൈവന്നു. ഓരോ വ്യവഹാരവും നോക്കൂ. വീട്‌ എന്നത്‌ ഇപ്പോള്‍ താമസിക്കാനുള്ള സ്ഥിരം സങ്കേതമല്ല. അത്‌ സൗന്ദര്യബോധത്തിന്റെയും സമ്പാദ്യത്തിന്റെയും പ്രതിനിധാനമായി. ജീവിതത്തില്‍ ഭൂരിഭാഗം സമയവും പലയിടങ്ങളിലായി അലയുന്നവര്‍, വീട്‌ സ്വപ്നം എന്ന നിലയിലാണ്‌ പണിയുന്നത്‌. അറുപത്‌ വയസ്സിനോടടുപ്പിച്ച്‌ വീട്‌ വയ്ക്കുന്നവര്‍, അത്‌ പൂര്‍ത്തിയാക്കിയശേഷം പിന്നെയും വീട്‌ വിട്ട്‌ പോകുന്നു. വീട്‌ ചിഹ്നമായി അവശേഷിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക്‌ വീടില്ല. അവര്‍ അലഞ്ഞുതിരിയുന്നവരാണ്‌. ലോകത്തിന്റെ ഏതെങ്കിലുമൊക്കെ കോണുകളില്‍ കഴിയും. വീട്‌ വികാരമല്ല. സുന്ദരമായ വസ്തു എന്ന നിലയിലേക്കത്‌ മാറിയിരിക്കുന്നു. ജീവിതത്തിന്റെ 80 ശതമാനവും വീട്ടില്‍ കഴിയാത്തവര്‍ ഇന്ന്‌ വലിയൊരു സമൂഹമാണ്‌. വീടിന്റെ ഒരു ഭാഗം അതിഥികള്‍ക്ക്‌ വാടകയ്ക്ക്‌ കൊടുക്കുന്നവരും, റസ്റ്റോറന്റ്‌ നടത്താനായി നീക്കിവയ്ക്കുന്നവരും ഉണ്ട്‌. അര്‍ജന്റീനയില്‍ ശനി,ഞായര്‍ ദിവസങ്ങളില്‍ വീട്‌ റസ്റ്റോറന്റായി ഉപയോഗിക്കുന്ന കുടുംബത്തെപ്പറ്റി വായിച്ചതോര്‍ക്കുന്നു. നമ്മുടെ കൊച്ചിയില്‍, നിത്യവും വീട്‌ ഹോട്ടലാക്കി ബിസിനസ്സ്‌ നടത്തുന്നവരുണ്ട്‌. ഇതെല്ലാം വ്യതിയാനങ്ങളാണ്‌. ഫ്യൂഡല്‍ കാലഘട്ടത്തിലെ സഞ്ചരിക്കാത്ത ജീവിതമല്ല ഇന്നത്തേത്‌. അന്നത്തെ വീടുകള്‍, ദീര്‍ഘകാലം നിലനില്‍ക്കുന്ന തരത്തില്‍ പണിതതും, വളരെക്കാലം കേടുകൂടാതെ അവശേഷിക്കുന്ന തരത്തില്‍ പണിത ഫര്‍ണിച്ചറുകള്‍ ഉള്ളതുമാണ്‌. ദീര്‍ഘകാലം നിലനില്‍ക്കുന്നത്‌ എന്നത്‌ വലിയ ആശയമായിരുന്നു. കസേരകള്‍, മേശകള്‍, ജനാലക്കര്‍ട്ടനുകള്‍, കട്ടിലുകള്‍, സോഫകള്‍ എല്ലാം ദീര്‍ഘകാലത്തെ നോട്ടമിട്ടു നിര്‍മ്മിച്ചതായിരുന്നു. ഇന്ന്‌ ഈ കാഴ്ചപ്പാടില്ല. പെട്ടെന്ന്‌ മാറാവുന്നതായിതീര്‍ന്നു, എല്ലാം. പുതിയ ഫാഷനനുസരിച്ച്‌ മാറ്റാന്‍ കഴിയണം. ഫാഷന്‍ സ്വാതന്ത്ര്യം നല്‍കും. ജാതിപരമോ, ഗോത്രപരമോ ആയ മുദ്രകള്‍ ഇല്ലാത്ത ഉപകരണങ്ങള്‍ വന്നു. മാര്‍ക്കറ്റില്‍ വസ്തുക്കളുടെ സൗന്ദര്യത്തിനും വിലയ്ക്കും ഉപയുക്തതയേക്കാള്‍ പ്രാധാന്യം കൈവന്നു. മാര്‍ക്കറ്റിലെ ഏറ്റവും സൗന്ദര്യമുള്ള, വിലയേറിയ വസ്തു സ്വന്തമാക്കുന്നവനാണ്‌ സാംസ്കാരിക ശ്രദ്ധ കിട്ടുന്നത്‌. മാറുന്ന ശൈലികളില്‍ ആളുകള്‍ വിശ്വസിക്കുന്നു. സ്ഥിരമായ ബ്രാന്‍ഡുപോലും ഇല്ലാതായി. കൂടുതല്‍ പരസ്യം ചെയ്യപ്പെടുന്നത്‌, മേല്‍ത്തരമെന്ന്‌ അവകാശപ്പെടുന്നത്‌ എല്ലാം സ്വന്തമാക്കിയാല്‍ മതി. അതിന്റെ പേരില്‍ വരുന്ന പണനഷ്ടത്തെപ്പറ്റി വേവലാതിയില്ല. കൂടുതല്‍ കാലം കിട്ടുന്ന ഉപയുക്തത്തയ്ക്കല്ല പണം ചെലവഴിക്കുന്നത്‌. കുറച്ചു കാലത്തേക്കായാലും വേണ്ടില്ല, ആകര്‍ഷകമായ, ആളുകള്‍ക്കിടയില്‍ ശ്രദ്ധകിട്ടുന്ന ഉല്‍പന്നമായാല്‍ മതി. മൊബൈള്‍ ഫോണ്‍, കാര്‍ എന്നിവയുടെയെല്ലാം വില്‍പനയിലുള്ള മനഃശ്ശാസ്ത്രം ഇതാണ്‌. പണത്തേക്കാള്‍ വലിയ മൂല്യങ്ങളാണിവ. ഫ്ലാറ്റുകള്‍, വില്ലകള്‍ തുടങ്ങിയവയാണ്‌ ബ്രാന്‍ഡിംഗിനുള്ള മറ്റ്‌ മേഖലകള്‍. ആശുപത്രികളും ചികിത്സാരീതികളും മറ്റു ചില മേഖലകളാണ്‌. ആശുപത്രികളിലും മറ്റും പുതിയ ഉപകരണങ്ങളാണ്‌ പുതിയ രോഗികളെ സൃഷ്ടിക്കുന്നത്‌. ഉപകരണങ്ങള്‍ രോഗം ഉണ്ടോയെന്ന്‌ ചെക്ക്‌ ചെയ്യാനുള്ളവയാണ്‌. രോഗം ഉണ്ടോ എന്നറിയാനുള്ള ജിജ്ഞാസ പുതിയ രോഗമേഖലയാണ്‌. ധാരാളം പേര്‍ ഈ രോഗം ബാധിച്ചവരായി എത്തുന്നു. ഇവര്‍ രോഗമില്ലെന്ന്‌ ഉറപ്പുവരുത്താന്‍ വേണ്ടി ഇപ്പോള്‍ ടെസ്റ്റുകള്‍ക്ക്‌ വിധേയരാവുന്നു. രോഗചികിത്സയേക്കാള്‍ ചെലവ്‌ ടെസ്റ്റുകള്‍ക്കാണ്‌. യഥാര്‍ത്ഥ രോഗികള്‍ക്ക്‌ ഇന്ന്‌ ചികിത്സ നല്‍കാന്‍ ഇടമില്ല. പകരം ടെസ്റ്റുകള്‍ നടത്താന്‍ കഴിവുള്ളവര്‍ക്കേ ചികിത്സയുള്ളു. ഡോക്ടര്‍മാര്‍ ടെസ്റ്റുകള്‍ നടത്തി ഫലം പ്രഖ്യാപിക്കുന്ന പുതിയ ജ്യോത്സന്മാരായി അവതരിച്ചു കഴിഞ്ഞു. പുതിയ ഉപകരണങ്ങള്‍ പുതിയ 'രോഗി'കളെ സൃഷ്ടിക്കുകയാണിന്ന്‌. എന്തും രോഗമാണ്‌. കുഴപ്പമാണ്‌, അല്ലെങ്കില്‍ രോഗമാവും, കുഴപ്പമാകും എന്ന ചിന്ത പ്രബലമായിക്കഴിഞ്ഞു. 50 വയസ്സുവരെ നല്ലപോലെ ശ്വാസം പിടിച്ചവരൊക്കെ, ഇപ്പോള്‍ ശ്വാസം പിടിക്കേണ്ടതെങ്ങനെയെന്നറിയാതെ, ഇതുവരെ ശ്വാസം പിടിച്ചതു തെറ്റായിപ്പോയെന്ന ചമ്മലോടെ, ശ്വാസം പിടിക്കാനായി പുതിയ ഗുരുക്കന്മാരുടെയടുത്ത്‌ പോകുന്ന കാലമാണിത്‌.

ചോദ്യം: ബ്രാന്‍ഡുകളില്‍ കടിച്ചുതൂങ്ങി ജീവിക്കുന്നത്‌ നിരാസവും നിര്‍മ്മാണവുമാണോ?

നിരാസവും നിര്‍മ്മാണവും സ്വഭാവ വിശേഷങ്ങളാണ്‌. അതിനു എല്ലായ്പ്പോഴും പോസിറ്റീവായ ലക്ഷ്യം മാത്രമേ ഉണ്ടാവൂ എന്നില്ല. പുതിയ കാലത്ത്‌ മനുഷ്യന്‍ ജീവിതത്തിന്റെ വര്‍ത്തമാനകാലത്തെയാണ്‌ ആഘോഷിക്കുന്നത്‌; ഭൂതകാലത്തെയല്ല എന്ന്‌ പറയാനാണ്‌ ഞാന്‍ ശ്രമിച്ചത്. ബ്രാന്‍ഡുകള്‍ക്ക്‌ അടിപ്പെടുന്നവരും മൗലികവാദികളായി മാറാറുണ്ട്‌. ചിലര്‍, അവര്‍ പിന്തുടരുന്ന ബ്രാന്‍ഡ്‌, ഉപദേഷ്ടാവ്‌, സ്ഥാപനം മാത്രമാണ്‌ ശരിയെന്ന്‌ ശഠിക്കും. വായനയിലും ചിന്തയിലുമെല്ലാം ഇതുണ്ട്‌. മറ്റൊരാള്‍ എത്രവലിയ സത്യം പറഞ്ഞാലും അങ്ങോട്ട്‌ തിരിഞ്ഞുനോക്കണമെന്നില്ല. മാധ്യമങ്ങളാണ്‌ ഇതെല്ലാം ഡിസൈന്‍ ചെയ്യുന്നത്‌.

ചോദ്യം: ഇന്നത്തെ മാധ്യമങ്ങള്‍ മനുഷ്യരെ സ്വതന്ത്രരാക്കുന്നില്ല എന്നാണോ താങ്കള്‍ പറയുന്നത്‌.?

പുതിയ സാങ്കേതികവിദ്യ, പുതിയതരം കേള്‍വിക്കാരെയും കാഴ്ചക്കാരെയും സൃഷ്ടിച്ചിട്ടുണ്ട്‌. കാഴ്ചയും കേള്‍വിയും, എല്ലാത്തിനെക്കുറിച്ചും അഭിപ്രായം പറയാനുള്ള ഉത്തരവാദിത്തവും വിധിയുമാണ്‌. മാധ്യമങ്ങള്‍ നിര്‍മ്മിക്കുന്നത്‌ അരാഷ്ട്രീയതയാണ്‌. ഒരു യാഥാര്‍ത്ഥ്യത്തിനും വേണ്ടി അവ നിലകൊള്ളുന്നില്ല. അവ സൂപ്പര്‍മാര്‍ക്കറ്റാണ്‌. പലതും അവിടെ ഷോപ്പിംഗ്‌ നടത്താം. വാര്‍ത്തകള്‍പോലും ഇന്ന്‌ ഷോപ്പിംഗിന്റെ ഭാഗമാണ്‌. ഒരു ചാനലില്‍ ഇഷ്ടമുള്ളത്‌ അഞ്ചോ പത്തോ മിനിട്ട്‌ കാണാം. അത്‌ ബോറടിച്ചാല്‍ അടുത്ത ചാനലിലുള്ളത്‌ ഷോപ്പിംഗ്‌ ചെയ്യാം. വലിയ സമരങ്ങളൊക്കെ, ചാനലുകള്‍ക്ക്‌ വേണ്ടിയാണെന്ന തോന്നല്‍ ഉണ്ടാകുന്നു. രാഷ്ട്രീയസംഭവങ്ങള്‍ ചാനലുകള്‍ക്ക്‌ മുമ്പിലിരുന്ന്‌ ആളുകള്‍ വിനോദപരിപാടിയായാണ്‌ വീക്ഷിക്കുന്നത്‌. തീര്‍ച്ചയായും ഉപകരണങ്ങള്‍ ഉണ്ടാക്കിയ പുതിയ സംസ്കാരമാണിത്‌. മാധ്യമങ്ങള്‍, വാര്‍ത്തയുണ്ടെന്ന്‌ കണ്ടാല്‍ എത്ര വേണമെങ്കിലും യാഥാസ്ഥിതികമാകും.

ചോദ്യം: കാണികളുടെ മനസ്സും ഒരു ഷോപ്പിംഗ്മാള്‍ ആണോ?

ഷോപ്പിംഗ്‌ മാള്‍ ഇന്ന്‌ സാംസ്കാരിക ജീവിതത്തിന്റെ പുതിയ അനുഭവമായി അവതരിപ്പിക്കുന്നു. മേല്‍ത്തരം ബ്രാന്‍ഡുകളെല്ലാം ഒരു കുടക്കീഴില്‍ നിരത്തിയിരിക്കുന്നത്‌ കാണുന്നത്‌, വിനോദവും വിജ്ഞാനവുമാണ്‌. കണ്‍സ്യൂമറിസം പുതിയ വിജ്ഞാനമേഖലയുമാണ്‌. ഫിസിക്സിലോ, മാത്തമാറ്റിക്സിലോ ഉന്നത ബിരുദമുള്ളവര്‍ ഷോപ്പിംഗ്‌ മാളുകളിലെ ബ്രാന്‍ഡഡ്‌ ലേഡീസ്‌ ഷോറൂമുകളില്‍ നിരക്ഷരരായിരിക്കും. പുതിയ പുതിയ ഉല്‍പന്നങ്ങള്‍ എന്തിനാണെന്ന്പോലും അവര്‍ക്കറിയില്ലായിരിക്കും. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, മറ്റ്‌ വസ്തുക്കള്‍ എന്നിവയെപ്പറ്റി ധാരാളം വിവരങ്ങള്‍ ശേഖരിക്കാനുണ്ട്‌. ഇതെല്ലാം പുതിയ വിജ്ഞാനരംഗമാണ്‌. അതുകൊണ്ട്‌ മാളുകള്‍ വിജ്ഞാനവേദിയുമാണ്‌. അവിടെ നൂറുകണക്കിന്‌ പേര്‍ക്കിരുന്ന്‌ ഭക്ഷണം കഴിക്കാവുന്ന 'ഫുഡ്കോര്‍ട്ടുകള്‍' ഉണ്ട്‌. അലങ്കരിച്ച ആകര്‍ഷകമായ ആ ഫുഡ്കോര്‍ട്ടുകളില്‍ സ്വസ്ഥമായിരുന്ന്‌ എന്തെങ്കിലും വാങ്ങി കഴിക്കുന്നത്‌ പുതിയ സാംസ്കാരികാനുഭവമാണ്‌. ഭക്ഷണത്തിന്റെ ലോകവും വിപുലമാണ്‌. പലതരം ഭക്ഷണം കമനീയമായി ഉണ്ടാക്കിവച്ചിട്ടുണ്ടാകും. പലതും ഓര്‍ഡര്‍ കൊടുത്താലേ തയ്യാറാക്കൂ. ഓര്‍ഡര്‍ കൊടുത്ത്‌ ഉണ്ടാക്കികൊണ്ടുവരുന്നതുവരെ കാത്തിരിക്കുന്നത്‌, വീട്ടനുഭവം കൂടിയാണ്‌. അതുകൊണ്ട്‌ ഭക്ഷണം കഴിക്കുന്നതും അതുവഴി സാമൂഹ്യജീവിതത്തിന്റെ ഭാഗമാകുന്നതും പുതിയ സാംസ്കാരിക പ്രവര്‍ത്തനമാണ്‌. ചിലപ്പോള്‍ അഞ്ചോ ആറോ പേര്‍ വന്നേക്കാവുന്ന, സായാഹ്നങ്ങളിലെ കഥകളി അവതരണത്തിലോ, കവിയരങ്ങിലോ കിട്ടാത്ത സാംസ്കാരിക പങ്കാളിത്തം ഈ മാളുകളിലെ ഭക്ഷണ വേളയിലും കളികളിലും ലഭിക്കുന്നു, കഥകളിയവതരണത്തിലും കവിയരങ്ങിലും, വെറുതെ കാണിയായി ഇരിക്കാനേ പറ്റൂ. എന്നാല്‍ ആധുനിക ഫുഡ്കോര്‍ട്ടിലോ, മാളിലോ, അമ്യൂസ്‌മന്റ്‌ പാര്‍ക്കിലോ ഉപഭോക്താവിന്‌, കലാസ്വാദകന്‌, കാണിക്ക്‌ കുറേക്കൂടി പങ്കാളിത്തം ലഭിക്കുന്നു. അയാള്‍ മറ്റൊരാളുടെ കല ആസ്വദിക്കുന്ന 'കണ്‍സ്യൂമര്‍' അല്ല ; അതിനെ ശരിക്കും അവനവന്റെ ഭാഗമാക്കി, സ്വാതന്ത്യം രുചിക്കുന്ന ഉപഭോക്താവായി മാറുകയാണ്‌.

ചോദ്യം: ഇതെല്ലാം താങ്കള്‍ പറഞ്ഞപോലെ 'തുണ്ടുകളുടെ ജീവിതമല്ലേ?

അനുഭവങ്ങള്‍ തുണ്ടുകളാണ്‌. ബൃഹത്തായ അനുഭവങ്ങള്‍ക്കായി മൂന്നോ നാലോ മണിക്കൂര്‍ അടച്ചിട്ട മുറിയിലിരിക്കുന്ന കാലം കഴിഞ്ഞു. സിനിമയുടെ മരണം ഇങ്ങനെ സംഭവിക്കുന്നു. വന്‍ സിനിമകള്‍ കാണാന്‍, മറ്റെല്ലാം മാറ്റിവച്ച്‌ മണിക്കൂറുകള്‍ ചെലവഴിക്കാന്‍ ഇന്ന്‌ പലര്‍ക്കും കഴിയാറില്ല. തിരക്കുള്ള ജീവിതത്തില്‍, മണിക്കൂറുകള്‍ വെറുതെ ഇരുന്ന്‌ കൊടുക്കാനില്ല. ആ മണിക്കൂറുകളെ നമുക്ക്‌ കൂടി പങ്കാളിത്തമുള്ള സാംസ്കാരിക ജീവിതമാക്കാനാണ്‌ നാം ശ്രമിക്കുക. അതുകൊണ്ട്‌ തുണ്ടുകള്‍, അത്‌ റിംഗ്ടോണുകളാകാം, പരസ്യങ്ങളാകാം, ടെലിവിഷന്‍ ഗാനങ്ങളാകാം, യു ട്യൂബുകളാകാം, എസ്‌.എം.എസ്സുകളാകാം... നമുക്കുകൂടി പങ്കാളിത്തമുള്ള സാംസ്കാരിക ഉല്‍പന്നങ്ങള്‍ കൂടിയാണ്‌.

ചോദ്യം: സംസ്കാരത്തിന്റെ നിര്‍മ്മാതാവ്‌ എന്ന നിലയില്‍ ഇന്നത്തെ കലാകാരനെ താങ്കള്‍ എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌?

ഇന്നത്തെ കലാകാരന്‍ കലയുടെ സ്രഷ്ടാവല്ല. അയാള്‍ക്കതിനു കഴിയില്ല. അയാള്‍ വസ്തുക്കള്‍ കൂട്ടിഘടിപ്പിക്കുന്ന (assemble)തിലൂടെയാണ്‌ കലയുണ്ടാക്കുന്നത്‌. ഒന്നിനും ഒറ്റയ്ക്ക്‌ കലയാകാന്‍ കഴിയില്ല. അത്‌ എവിടെ, എങ്ങനെ സംയോജിക്കുന്നു എന്നതിനാണ്‌ പ്രാധാന്യം. തേനീച്ചക്കൂടിന്റെ നിര്‍മ്മാണത്തില്‍ കലയുണ്ട്‌. പക്ഷേ, അത്‌ കലയാണെന്ന്‌ അവകാശപ്പെടാന്‍ തേനീച്ചകള്‍ ശ്രമിക്കുന്നില്ല. കാരണം, ആ നിര്‍മ്മാണം അവയുടെ ജീവിതത്തിന്റെ ഭാഗമാണ്‌. പ്രകൃതിയിലെ വസ്തുക്കളിലെല്ലാം വിസ്മയിപ്പിക്കുന്ന തലമുണ്ട്‌. അത്‌ നമ്മെ സങ്കല്‍പിക്കാന്‍ പ്രേരിപ്പിക്കുന്നു. മഴവില്ലില്‍, പുലരിയില്‍ എല്ലാം കലയുണ്ട്‌. പാമ്പ്‌ ഇഴയുന്നതില്‍പ്പോലും കലയുണ്ട്‌. ഈ മൗലിക സ്വഭാവമുള്ള കലാവസ്തുക്കളെ മനുഷ്യന്‍ എവിടെ പ്രതിഷ്ഠിക്കുന്നു എന്നതിലാണ്‌ കലയുടെ അര്‍ത്ഥം തേടേണ്ടത്‌. പലനിറങ്ങളെ പല അര്‍ത്ഥങ്ങള്‍ക്കായി ഉപയോഗിക്കുന്നതുപോലെ, പല സംജ്ഞകളെ, ദൃശ്യങ്ങളെ ചേര്‍ത്ത്‌ ഒരിടത്ത്‌ കലയുണ്ടാക്കുന്നു. അതിനു ഒരിടം വേണം. അത്‌ കടലാസാകാം, പ്രകൃതിയാകാം. പഴയ ഫോട്ടോഗ്രാഫുകള്‍, പെയിന്റിംഗുകള്‍ എന്നിവ ഉപയോഗിച്ച്‌ പോസ്റ്ററോ, ഗ്രാഫിക്സോ ഉണ്ടാക്കാം. ഓരോന്നിനും സ്വന്തമായുള്ള അര്‍ത്ഥം ഒരിടത്ത്‌ ഒന്നിച്ച്‌ അണിനിരക്കുന്നതോടെ മാറി മറ്റൊരു അര്‍ത്ഥമുണ്ടാകുന്നു. ഇതാണ്‌ നിരാസവും നിര്‍മ്മാണവും. പരമ്പരാഗതമായി വാക്കുകള്‍ക്കുള്ള അര്‍ത്ഥത്തെ, വിചിത്രമായ സംയോജനങ്ങളിലൂടെ തകര്‍ത്ത്‌ പുതിയ അര്‍ത്ഥം സൃഷ്ടിക്കാനായാല്‍ സാഹിത്യമുണ്ടാകും. ഇതിലൂടെ വാക്കുകളിലെ മൗലികമായ അര്‍ത്ഥത്തെ തന്നെ നവീകരിക്കാനാകും. എല്ലാ വസ്തുക്കളെയും ഇങ്ങനെ മൗലികതയില്‍ നിരസിച്ച്‌, കലാകാരന്‍ പുനര്‍നിര്‍മ്മിക്കുമ്പോഴാണ്‌ കലയുണ്ടാകുന്നത്‌.

ചോദ്യം: സാങ്കേതിക ഉപകരണങ്ങള്‍ ജീവിതത്തില്‍ അമിത പ്രാധാന്യം നേടുമ്പോള്‍ കലയുടെ ആത്മീയത മരിക്കുകയല്ലേ?

കലയുടെ അത്മീയത പുസ്തകങ്ങളില്‍ നിന്ന്‌ മാത്രം ജനിക്കുന്നതല്ല. ആളുകള്‍ക്ക്‌ പങ്കാളിത്തമുള്ള കലയാണ്‌ ഇന്ന്‌ അവര്‍ തേടുന്നത്‌. മൂകരായി, വെറും കാഴ്ചക്കാരായി, ഇരകളായി കലാരചനകള്‍ക്ക്‌ മുമ്പില്‍ നില്‍ക്കാന്‍ ഇന്ന്‌ അധികം പേരും തയ്യാറാവുകയില്ല. മനുഷ്യന്റെ സകലപ്രവൃത്തികളിലേക്കും കലയുടെയും സംസ്കാരത്തിന്റെയും അടയാളങ്ങള്‍ കടന്നുചെന്നിരിക്കയാണ്‌. ഇത്‌ ഇന്നത്തെ കലയുടെ ജനാധിപത്യമാണ്‌. മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രിക്കല്‍ സാമഗ്രികള്‍, കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ഭക്ഷ്യവിഭവങ്ങള്‍ (കേക്കുകള്‍, കറികള്‍) എന്നിവയിലെല്ലാം കലയുടെ ടച്ച്‌ ഇന്ന്‌ നിര്‍ബന്ധമാണ്‌. കലയുടെയല്ല, സംസ്കാരത്തിന്റെ സ്പര്‍ശമാണ്‌ എവിടെയും. എന്താണ്‌ ഈ സംസ്കാരം? ഇത്‌ ഏതെങ്കിലും ദേശത്തിന്റെയോ, മതത്തിന്റെയോ ചിഹ്നങ്ങളോ, ശൈലികളോ, പൈതൃകമോ ഒന്നുമല്ല. സംസ്കാരത്തെ ഇനിമേല്‍ കള്ളികളിലാക്കാനും കഴിയില്ല. എല്ലാ ദേശങ്ങളും എല്ലാവരുടേതുമാണ്‌. മെഡിക്കല്‍ പരിശോധനകള്‍ക്കുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണപരമായ ഭംഗി ആ വസ്തുക്കളെ പെട്ടെന്ന്‌ സംസ്കാരവല്‍ക്കരിക്കുന്നു. കമ്പ്യൂട്ടര്‍ ടെംപ്ലേറ്റുകള്‍ എത്ര കലാപരമായാണ്‌ തയ്യാറാക്കുന്നത്‌! ഏറ്റവും അതിശയിപ്പിക്കുന്നത്‌, മൊബെയില്‍ ഫോണുകളും ഇലക്ട്രോണിക്സ്‌ ഉല്‍പന്നങ്ങളുമാണ്‌. ഇവയെല്ലാം ഉപയോഗപ്രദമായ സാമഗ്രികള്‍ എന്നപോലെ കലാവസ്തുക്കളുമാണ്‌. സാങ്കേതികമായ അറിവ്‌, കലയുടെ ഉപയോഗത്തെപ്പറ്റിയുള്ള ചിന്തയ്ക്കും വികാസം നല്‍കി. കല ഇന്ന്‌ പ്രത്യേകസിദ്ധിയുള്ളവരുടെ മാത്രം വൈകാരിക പ്രശ്നമല്ല. അത്‌ സന്തോഷിക്കാനും ആലോചിക്കാനും കഴിവുള്ള ആര്‍ക്കും കടന്നു ചെല്ലാവുന്ന മേഖലയാണ്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കല ഇന്ന്‌ ആളുകളുടെ ഉപഭോക്തൃവസ്തുവാണ്‌. അവരത് പ്രത്യേകം ചതുരത്തില്‍ ഒരുക്കി നിര്‍ത്തിയല്ല ഉള്‍ക്കൊള്ളുന്നത്‌. കലയാണെന്ന് പറഞ്ഞ്‌ ആസ്വദിക്കാനായി തയ്യാറെടുക്കുന്നതിനു മുമ്പുതന്നെ അത്‌ സംസ്കാരമായി അവരുടെയുളളില്‍ കടന്നുചെന്നിരിക്കും. ഡിവിഡി പ്ലേയറിലുള്ള പുതിയതരം സ്വിച്ച്ബട്ടനുകള്‍ രൂപകല്‍പന ചെയ്യുന്നതില്‍ ഡിസൈനിംഗും കലയുമുണ്ട്‌. വസ്തുക്കളുടെ പുനക്രമീകരണം, വൈകാരികാനുഭൂതി, രൂപഭംഗി എന്നിവയെല്ലാം ഒരു ബട്ടനെ ഇന്ന്‌ പ്രിയങ്കരമാക്കുന്നു. ഇതെല്ലാം ചേര്‍ന്നാണ്‌ വസ്തുവിന്റെ ഉപയോഗം സമകാലീനമായ സംസ്കാരവല്‍ക്കരണമായി മാറുന്നത്‌. കല വസ്തുവിലേക്ക്‌ ചേര്‍ക്കുന്ന ഭംഗി ഉപഭോക്താവിനെ സംസ്കാരവല്‍ക്കരിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. കലയും വാണിജ്യവും ചേര്‍ന്നാണ്‌ സംസ്കാരവല്‍ക്കരണത്തിനു ശക്തിവര്‍ദ്ധിപ്പിക്കുന്നത്‌.

ചോദ്യം: വ്യാജയാഥാര്‍ത്ഥ്യങ്ങള്‍ നിര്‍മ്മിക്കുന്ന ആധുനിക മാധ്യമങ്ങളെപ്പറ്റി താങ്കള്‍ എഴുതിയതോര്‍ക്കുന്നു. മാധ്യമങ്ങളുടെ വ്യാജയാഥാര്‍ത്ഥ്യങ്ങള്‍ ആളുകള്‍ വിശ്വസിക്കുമോ?

ഇക്കാലത്ത്‌ ആര്‍ക്കാണ്‌ വിശ്വസിക്കാന്‍ താത്പര്യം? ഒരു വാണിജ്യ സിനിമയിലെ നായകന്‍ സകല പ്രതിസന്ധികളെയും തരണം ചെയ്ത്‌, അനേകം പേരെ വകവരുത്തി മുന്നേറുന്നത്‌ ആളുകള്‍ തലകുലുക്കി സമ്മതിക്കുന്നു. എന്നാല്‍ അതില്‍ വിശ്വസിക്കുന്നുണ്ടോ? വിശ്വാസം ഇന്നത്തെ സമൂഹത്തില്‍ ധൂര്‍ത്താണ്‌. വിശ്വാസത്തിനു മുടക്ക്‌ മുതല്‍ കൂടുതലുണ്ട്‌. ദൈവത്തില്‍പ്പോലും ആളുകള്‍ വിശ്വസിക്കുന്നില്ല; വേണമെങ്കില്‍ ദൈവം നമ്മളില്‍ വിശ്വസിക്കട്ടെ എന്ന നിലപാടു കാണാം. ദൈവം എങ്ങനെ നമ്മളില്‍ വിശ്വസിക്കും? ദൈവത്തിനു പ്രിയങ്കരമായേക്കാവുന്ന കാര്യങ്ങള്‍ യാന്ത്രികമായി ചെയ്യുക. സ്വയം പ്രദര്‍ശിപ്പിക്കുകയാണ്‌ ഇന്നത്തെ ഭക്തര്‍ ചെയ്യുന്നത്‌. ദൈവം അവനില്‍ വിശ്വസിക്കുന്നതിനാവശ്യമായ ഭൗതിക സാഹചര്യം സൃഷ്ടിക്കുകയാണ്‌ ചെയ്യുന്നത്‌. ഈ മനോഭാവം മാധ്യമങ്ങളും പുലര്‍ത്തുന്നു. മാധ്യമങ്ങള്‍ ഒരു പ്രശ്നത്തെപ്പറ്റി തന്നെ പലതരം വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു. ഒന്നും അവര്‍ വിശ്വസിക്കുന്നില്ല. നമുക്ക്‌ വേണമെങ്കില്‍ വിശ്വസിക്കാം. ആ വ്യാഖ്യാനങ്ങളെ വിശ്വസിക്കാനാവശ്യമായ വഴി തെളിച്ചിട്ട ശേഷം അവര്‍ പിന്മാറുന്നു. പിന്നീടത്‌ നമ്മുടെ വിധിയായി മാറുന്നു. ഈ വിധിയുടെ ദുരിതം മനസ്സിലാക്കിയ പ്രേക്ഷകര്‍ (വായനക്കാര്‍) വാര്‍ത്തകളെയും വിശകലനങ്ങളെയും വിശ്വസിക്കുകയല്ല ചെയ്യുന്നത്‌, സിനിമയിലെന്നപോലെ ആസ്വദിക്കുകയാണ്‌. അതുകൊണ്ട്‌ പ്രേക്ഷകര്‍ക്ക്‌ യഥാര്‍ത്ഥ വസ്തുത വേണ്ട, നാടകീയത മതി. മന്ത്രി കെ.എം.മാണി ഒരു പ്രശ്നത്തെപ്പറ്റി ഡല്‍ഹിയില്‍ നടത്തിയ പ്രസ്താവന വിവാദമായപ്പോള്‍ അദ്ദേഹം കൊച്ചിയിലെത്തി അത്‌ നിഷേധിച്ച ശേഷം കൂടുതല്‍ വിശദീകരണം നല്‍കി. അതും പ്രശ്നമായപ്പോള്‍ തിരുവനന്തപുരത്ത്‌ മുന്നാമതൊരു വ്യാഖ്യാനം കൂടി നല്‍കി. ഇങ്ങനെ ഒരേ സംഗതിതന്നെ വിഭിന്നമായ രീതിയില്‍, ഒരാള്‍ തന്നെ വ്യാഖ്യാനിക്കുമ്പോള്‍ അത്‌ സിനിമാറ്റിക്കാവുന്നു, യാഥാര്‍ത്ഥ്യമല്ല. മൂന്ന്‌ വ്യാഖ്യാനങ്ങളും കണ്ട്‌ ആസ്വദിച്ചശേഷം പ്രേക്ഷകര്‍ തൃപ്തിയോടെ ഉറങ്ങാന്‍ പോകുന്നു. നേതാവ്‌ കൂടുതല്‍ ലൈവാകാന്‍ ഇത്‌ സഹായിക്കും. പണ്ടത്തെപ്പോലെ, നേതാവ്‌ ഇന്ന്‌ നേതൃസ്ഥാനത്ത്‌ മാത്രമല്ല ഉള്ളത്‌, ലൈവാക്കുക എന്ന ചുമതല അദ്ദേഹത്തിനുണ്ട് . ലൈവാകാന്‍ പ്രതികരിച്ചുകൊണ്ടിരിക്കണം. ഈ പ്രതികരണങ്ങള്‍ (അത്‌ പരസ്പരവിരുദ്ധമാണെങ്കിലും) നേതാവിനെ പുതിയ മാധ്യമങ്ങളിലൂടെ സംസ്കാരവല്‍ക്കരിക്കുന്നു. രാഷ്ട്രീയം ഇന്ന്‌ ടെക്നോളജിയുടെ സഹായത്തോടെയാണ്‌ സംസ്കാരമാകുന്നത്‌. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌ തുടങ്ങിയ ആധുനിക സാങ്കേതിക സഹായമില്ലെങ്കില്‍ ഇന്ന്‌ രാഷ്ട്രീയം അനുഭവിക്കാനോക്കുമോ? നേതാക്കളെല്ലാം ഈ മാധ്യമങ്ങളിലൂടെയാണല്ലോ വരുന്നത്‌.

ചോദ്യം: എന്താണ്‌ നവാദ്വൈതം? അത്‌ ശ്രീശങ്കരന്റെ അദ്വൈതത്തിന്റെ നവീകരണമാണോ?

നിമിഷത്തിലാണ്‌ ജീവിതമെന്ന്‌ പ്രസ്താവിച്ചല്ലോ. ഓരോ നിമിഷവും പുതുതായി ജനിക്കുകയാണ്‌, ഇന്നലെ കണ്ട പൂവല്ല ഇന്നത്തേത്‌. ഓരോ നിമിഷം കഴിയുന്തോറും കാലത്തിന്റെ വളര്‍ച്ചയുണ്ടാകുന്നു. ഒരു മുട്ട പൊട്ടുമ്പോഴും, ശലഭം പിറക്കുമ്പോഴും കാലം വികസിക്കുന്നു. പിന്നീട്‌ ആ കാലത്തിനു പൂര്‍വ്വസ്ഥിതിയിലേക്ക്‌ മടങ്ങാന്‍ കഴിയില്ല. നവാദ്വൈതത്തിലും ഈ വളര്‍ച്ചയുണ്ട്‌. നവാദ്വൈതത്തിലും കാലത്തിലൂടെയുള്ള സഞ്ചാരം പ്രധാനമാണ്‌. ഓരോ നിമിഷത്തിലും കാലം വളരുന്നതുപോലെ നമ്മളും വളരുകയാണ്‌. പുതുതാകാന്‍ വിധിക്കപ്പെട്ട നമുക്ക്‌ പഴയ വഴികളിലൂടെ എത്തിച്ചേരാന്‍ ഒരിടമില്ല. ഇതാണ്‌ ഏകാന്തത. വഴികളില്‍ തനിച്ചാകുന്ന അവസ്ഥ. ജലത്തെപ്പോലെ പിന്നോട്ട്‌ ഒഴുക്കില്ല. മുന്നോട്ടുള്ള ഒഴുക്ക്‌ പ്രവചിക്കാനുമാകില്ല. അപ്രവചനീയമായ ഏകാന്തതയാണിത്. ഏത്‌ വസ്തുവിനും സ്വയം നിരസിക്കാനുള്ള അവകാശമുണ്ട്‌. മാനസികമായും സൗന്ദര്യാത്മകമായും ചിന്താപരമായും ഇതല്ല, ഇതല്ല എന്ന്‌ പറയാനുള്ള സത്യസന്ധതയും ഉത്തരവാദിത്തവുമുണ്ട്‌. സ്വന്തം അവസ്ഥയിലേക്ക്‌ വളരെ ജാഗ്രതയോടെ നോക്കുന്നവർക്ക്‌, പ്രത്യേകിച്ചും സ്വയം നിരസിക്കാനുള്ള വാഞ്ചയുണ്ടാകും. കല്ലിനും മരത്തിനുമെല്ലാം ഓരോ കാഴ്ചയിലും നമ്മള്‍ കൊടുക്കുന്ന അര്‍ത്ഥം കൂടിയുണ്ട്‌. വിവിധ മൂലകങ്ങളെ കൂട്ടിയോജിപ്പിച്ച്‌, മനുഷ്യന്‌ പുതിയ അര്‍ത്ഥമേഖലകള്‍ സൃഷ്ടിക്കാം. വീടുണ്ടാക്കിയാല്‍ മാത്രം പോരാ, അത്‌ മനസ്സിനിണങ്ങുന്ന തരത്തിലാക്കാന്‍ മുറ്റത്ത്‌ ചെടികളോ, കല്ലുകളോ വേണം. മുറിയില്‍ ചിത്രങ്ങളാകാം. ചുമരിലെ നിറങ്ങൾ പോലും നമ്മുടെ മനസ്സിനെ പ്രതിഫലിപ്പിക്കും. പല വസ്തുക്കളും നിറങ്ങളും കൂട്ടിയോജിപ്പിച്ച്‌ നാമുണ്ടാക്കുന്ന യുക്തിയുടെ പുതിയ മിഥ്യയാണിത്‌. ഇതിനെ സൗന്ദര്യമെന്നും വിളിക്കാം. ഇത്‌ പുറമേ നിന്ന്‌ വരുന്നവരുടെ സൗന്ദര്യശാസ്ത്രമാകണമെന്നില്ല. നമ്മുടെ തന്നെ ഭാവനയാണ്‌. നമ്മുടെ തന്നെ സംസ്കാരവല്‍ക്കരണമാണിത്‌. ഇത്‌ നിരാസവും നിർമ്മാണവുമാണ്‌. ജീവിതം ഓരോനിമിഷത്തിലും മറവിയായും ഓര്‍മ്മയായും, ഈ നിരാസവും നിര്‍മ്മാണവും സാക്ഷാത്കരിക്കുന്നു. മറവി നിരാസമാണ്‌. മറവിയെ മാത്രമാണ്‌ ടിവി ചാനലുകള്‍ നിര്‍മ്മിക്കുന്നത്‌. സംസ്കാരം മറവിയുടേതു കൂടിയാണ്‌. നാം ഓരോ സംസ്കാരത്തെയും ഏത്‌ കാലത്തിന്റെ, പ്രസ്ഥാനത്തിന്റെയെന്ന്‌ നോക്കാതെ യഥേഷ്ടം എടുത്ത്‌ ഉപയോഗിക്കുകയാണ്‌ . ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍പ്പോലും ഓലക്കുടയും കഥകളി രൂപങ്ങളും കാണാം. അതുപോലെ സാധാരണ ഗ്രാമീണ ഹോട്ടലുകള്‍പോലും ഉയര്‍ന്നതരം ടൈലുകളും പൂക്കളും ഉപയോഗിക്കുന്നത്‌ കാണാം. മറവി പുതിയ മറവികള്‍ നിര്‍മ്മിക്കുന്നു. ഓര്‍ക്കുന്നത്‌ മറവിയെയാണ്‌. ഈ നിരന്തര മാറ്റത്തിന്റെ പ്രവാഹാത്മകതയാണ്‌ നവാദ്വൈതം. പ്രവാഹാത്മകത, നിരാസം, മറവി, നിര്‍മ്മാണം, ഒഴുക്ക്‌, നവീകരണം അല്ലാതെ മറ്റൊന്നും ഇല്ല. ഇതാണ്‌ പുതിയ അദ്വൈതം. അദ്വൈതത്തില്‍ ഒരു ബിന്ദു പൂര്‍വ്വനിശ്ചിതമായി ഉണ്ടല്ലോ; ബ്രഹ്മം. അതിലേക്ക് കോഡ് ചെയ്ത് വച്ചിരിക്കയാണ് എല്ലാം.നവാദ്വൈതം തീർത്തും വ്യത്യസ്തമാണ്.

കല്ലിനും മരത്തിനുമെല്ലാം ഓരോ കാഴ്ചയിലും നമ്മള്‍ കൊടുക്കുന്ന അര്‍ത്ഥം കൂടിയുണ്ട്‌. വിവിധ മൂലകങ്ങളെ കൂട്ടിയോജിപ്പിച്ച്‌, മനുഷ്യന്‌ പുതിയ അര്‍ത്ഥമേഖലകള്‍ സൃഷ്ടിക്കാം. വീടുണ്ട...

എം കെ ഹരികുമര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.