പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ആത്മാവിലേക്ക്‌ നോക്കി പാടുമ്പോൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീകുമാരൻ തമ്പി

കവിയുടെ വാങ്ങ്‌മയത്തെ നിയന്ത്രിക്കുന്ന ചില ഘടകങ്ങളുണ്ട്‌. കാവ്യഭാഷയുടെ വികാസ പരിണാമങ്ങളെക്കുറിച്ചു പഠിക്കുന്നവർക്ക്‌ പരിചിതമായ വിഷയമാണത്‌. കാലവും സമൂഹവുമാണ്‌ ഇവയിൽ പ്രധാനം. കാവ്യരൂപം, കഥാപാത്രം, പ്രാദേശികാന്തരീക്ഷം എന്നിവയിലുണ്ടാകുന്ന പരിവർത്തനമാകട്ടെ, കവിയുടെ സ്വത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കണ്ണശ്ശ രാമായണത്തിലെ കാവ്യശൈലിയും ഇന്നത്തെ പുതുകവികളുടെ കാവ്യശൈലിയും തമ്മിലുളള അന്തരം എത്ര വലുതാണ്‌. തമിഴ്‌വാണിയുമായി മലയാളത്തിനുളള രക്തബന്ധം വെളിപ്പെടുത്തുന്ന നിരണം കവികളുടെ ഭാഷയല്ല നാം ചെറുശ്ശേരിയുടെ ‘കൃഷ്‌ണഗാഥ’യിൽ കേട്ടത്‌.

‘കണ്ണനായുളെളാരു നൽവിളക്കങ്ങനെ

തിണ്ണം മറഞ്ഞങ്ങുപോയനേരം

ദുഃഖമായുളേളാരിരുട്ടുവന്നുളളത്തിൽ

ഒക്കവെയങ്ങു പരന്നുപോയി’

എന്നിങ്ങനെ എഴുതിയ ചെറുശ്ശേരിയിൽനിന്ന്‌ എഴുത്തച്ഛൻ വ്യത്യസ്‌തനാകുന്നത്‌ പദപ്രയോഗത്തിൽ മാത്രമാണെന്ന്‌ അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്‌. ലളിത സംസ്‌കൃതപദങ്ങൾക്കും തികച്ചും ജനകീയമെന്നു പറയാവുന്ന മലയാള പദങ്ങൾക്കും എഴുത്തച്ഛൻ തുല്യപ്രാധാന്യം നൽകിയെന്നത്‌ ശരിതന്നെ. അതുപോലെ ഗരിമയുളള ബിംബങ്ങൾ സൃഷ്‌ടിക്കുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്തുകയുണ്ടായി.

‘സ്വർണ്ണവർണ്ണത്തെപ്പൂണ്ട മൈഥിലിമനോഹരി

സ്വർണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ

സ്വർണ്ണമാലയും ധരിച്ചാദരാൽ മന്ദംമന്ദ-

മർണ്ണോജനേത്രന്മുന്നിൽ സത്രപം വിനീതയായ്‌

വന്നുടൻ നേത്രോല്‌പലമാലയുമിട്ടാൾമുന്നേ

പിന്നാലെ വരണാർത്ഥമാലയുമിട്ടീടിനാൾ“

എന്നിങ്ങനെ എഴുത്തച്ഛൻ പാടിയപ്പോൾ പണ്‌ഡിതനും പാമരനും ഒരുപോലെ ശ്രദ്ധിച്ചു. തുഞ്ചന്റെ പിറകെവന്ന കുഞ്ചൻനമ്പ്യാർ ഒരുപടികൂടി താഴേക്കിറങ്ങിനിന്ന്‌ ജനങ്ങൾക്കുവേണ്ടി മാത്രം പാടി. ജ്ഞാനപ്പാനയിലൂടെ പൂന്താനം ആ കാലഘട്ടത്തിലെ സാധാരണക്കാരന്റെ ഭാഷതന്നെ കാവ്യഭാഷയാക്കിമാറ്റി. പാരമ്പര്യവഴികളിലൂടെത്തന്നെ സഞ്ചരിക്കണമെന്ന്‌ നിർബന്ധം പിടിച്ചവരും അല്പസ്വല്പം മാറി നടക്കാമെന്നു തീരുമാനിച്ചവരും ’ഞാൻ എന്റേതായ പുതിയ വഴി കണ്ടുപിടിക്കും‘ എന്നു പ്രതിജ്ഞ ചെയ്‌തവരു​‍ും നമ്മുടെ ഭാഷയിൽ കവികളായി വളർന്നു. മഹാകവികളെന്നു നാം വിളിച്ചുപോരുന്ന വളളത്തോൾ, കുമാരനാശാൻ, ഉളളൂർ എന്നിവരും അവർക്കു തൊട്ടുപിറകെ വന്ന ജി. ശങ്കരക്കുറുപ്പ്‌, പി. കുഞ്ഞിരാമൻനായർ, വൈലോപ്പിളളി, ഇടശ്ശേരി തുടങ്ങിയ പ്രഗല്‌ഭരും പാരമ്പര്യത്തെ പാടേ നിഷേധിക്കുകയുണ്ടായില്ല. എതിർപ്പുകളെ വകവെയ്‌ക്കാതെ കാല്പനികതയിൽ മുങ്ങിക്കുളിച്ചു സംസാരഭാഷയിൽ കവിതകൾ രചിച്ച ചങ്ങമ്പുഴ ജനങ്ങളുടെ ഇഷ്‌ടകവിയായി മാറി. പിന്നീട്‌ എത്രയെത്ര മാറ്റങ്ങൾ.’

‘വെളിച്ചം ദുഃഖമാണുണ്ണി

തമസ്സല്ലോ സുഖപ്രദം’ എന്ന്‌ അക്കിത്തം പാടിയപ്പോഴും

‘ചോരതുടിക്കും ചെറുകയ്യുകളേ

പേറുക വന്നീ പന്തങ്ങൾ’ എന്ന്‌ വൈലോപ്പിളളി പാടിയപ്പോഴും

‘യാത്രയാക്കുന്നൂ സഖീ& നിന്നെ ഞാൻ

മൗനത്തിന്റെ

നേർത്തപട്ടുനൂൽപൊട്ടി

ച്ചിതറുംപദങ്ങളാൽ’ എന്ന്‌ പിന്ന ഭാസ്‌കരൻ പാടിയപ്പോഴും

‘സ്‌നേഹിക്കയില്ല ഞാൻ

നോവുമാത്മാവിനെ

സ്‌നേഹിച്ചിടാത്തൊരു

തത്ത്വശാസ്‌ത്രത്തെയും’ എന്ന്‌ വയലാർ പാടിയപ്പോഴും

‘ഈയപൂർണ്ണതയുടെ

ചിപ്പിയിലൊരുപൂർണ്ണ

ജീവിതം വിളയിക്കാൻ

വേദനവരിക്കുക’

എന്ന്‌ ഒ.എൻ.വി പാടിയപ്പോഴും

‘പാവം മാനഹൃദയം’, ‘കൃഷ്‌ണ, നീ

യെന്നെയറിയില്ല’ എന്നെല്ലാം സുഗതകുമാരി പാടിയപ്പോഴും നാം കേട്ടത്‌ മാറ്റത്തിന്റെ ശബ്‌ദമാണ്‌. പിന്നീട്‌ മലയാള കാവ്യഭാഷയിൽ ഒരു ഷോക്ക്‌ ട്രീറ്റ്‌മെന്റ്‌ തന്നെ നടന്നു. സംസ്‌കൃതവൃത്തങ്ങളിൽ നിന്ന്‌ ദ്രാവിഡവൃത്തങ്ങളിലേക്കു ദ്രുതപ്രയാണം നടത്തിയ മലയാളകവിത മുക്തഛന്ദസ്സിലെത്തി. ചിലർ കവിതയെ ‘അ കവിത’യെന്നും വിളിച്ചു.

‘മായികരാത്രി കഴിഞ്ഞു, മനോഹരീ

നാമിനി, കഷ്‌ടം! വെറും മണ്ണുമാത്രം’ എന്നെഴുതിയ (1954) അയ്യപ്പപണിക്കർ

കം

തകം

പാതകം

എന്നിങ്ങനെ എഴുതുന്നതും ചെറുപ്പക്കാരിൽ പലരും കാര്യമറിഞ്ഞും അറിയാതെയും അദ്ദേഹത്തെ അനുഗമിക്കുന്നതും നാം കണ്ടു. അങ്ങനെ എന്താണു കവിത എന്താണ്‌ അകവിത എന്നൊക്കെയാലോചിച്ച്‌ യഥാർത്ഥ കലാസ്‌നേഹികൾ ചിന്താക്കുഴപ്പത്തിലായിരിക്കുമ്പോഴാണ്‌ ഈ ‘മോഹാന്ധകാരസഞ്ചാരി’ പുറത്തിറങ്ങുന്നത്‌.

കവിത പ്രകാശം പോലെയാണ്‌ എന്ന്‌ ഡോക്‌ടർ സാമുവൽ ജോൺസൺ പറഞ്ഞിട്ടുണ്ട്‌. തന്റെ ജീവചരിത്രമെഴുതിയ ബോസ്‌ വെല്ലിന്റെ ചോദ്യത്തിനുളള മറുപടിയായാണ്‌ ജോൺസൺ അപ്രകാരം പറഞ്ഞത്‌.

‘എന്താണ്‌ കവിത?’ എന്നായിരുന്നു ബോസ്‌വെല്ലിന്റെ ചോദ്യം.

”പ്രകാശം എന്താണെന്നെനിക്കറിയാം, അനുഭവത്തിലൂടെ. എന്നാൽ പ്രകാശത്തിന്‌ നിർവ്വചനം നല്‌കാൻ ഞാനാളല്ല. കവിതയുടെ കാര്യവും അങ്ങനെയാണ്‌. എന്താണ്‌ കവിത എന്ന ചോദ്യത്തിന്‌ ഉത്തരം പറയാൻ എനിക്കാവില്ല. പക്ഷേ എന്തല്ല കവിത എന്നു ചൂണ്ടിക്കാണിക്കാനെനിക്കു കഴിയും.‘

ഏതൊരു കവിക്കും അയാളുടേതുമാത്രമായ ഒരു സംവേദനാന്തരീക്ഷമുണ്ടായിരിക്കും. ആ അന്തരീക്ഷത്തിൽ പ്രവേശിക്കാൻ കഴിയുന്ന സമാനഹൃദയർക്ക്‌ കവിതയെ മനസ്സിലാകും; കവിതയുടെ സൗന്ദര്യവും.

മലയാള കവിതയുടെ പാരമ്പര്യ സൗന്ദര്യത്തെ നിഷേധിക്കാതെ തന്നെ തന്റേതായ കാവ്യസങ്കേതം കണ്ടെത്തിയ കവിയാണ്‌ ശ്രീ. വേണു വി. ദേശം. ’മോഹാന്ധകാരസഞ്ചാരി‘ എന്ന പുസ്‌തകനാമം ആദ്യം എന്നെ തെല്ലൊന്നതിശയിപ്പിക്കുകയുണ്ടായി. എന്നാൽ വേണുവിന്റെ ഈ സമാഹാരത്തിലെ മുഴുവൻ കവിതകളും വായിച്ചു കഴിഞ്ഞപ്പോൾ ആ പേരുതന്നെയാണനുയോജ്യം എന്നു തോന്നി. മനസ്സുകൊണ്ട്‌ എപ്പോഴും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നവനല്ലേ കവി? ഓരോ കവിതയും യഥാർത്ഥത്തിൽ ഓരോ തീർത്ഥാടനമല്ലേ? മോഹങ്ങളുടെ പിന്നാലെ യാത്ര ചെയ്യുമ്പോൾ പാതയിൽ ഇരുൾ നിറയുന്നു. ചിലപ്പോൾ മോഹം തന്നെ തമസ്സായിമാറുന്നു. ആഘോരതിമിരത്തിലും കവി തന്റെ സഞ്ചാരം തുടരുന്നു.

“എരിയുവാനൊരു ജീവനും, കൺകളിൽ

പിടയുവാനൊരുസ്വപ്‌നവുമില്ലാതെ

ബധിരയായ്‌ നിൽക്കുമീയരയാലിലെ

തണലിലിന്നെന്റെ മാറാപ്പിറക്കിവെ

ച്ചതിലുറങ്ങുന്ന ഭൂതകാലത്തിന്റെ

ചുരുൾനിവർത്തിഞ്ഞാനെന്നെ ദഹിപ്പിച്ച

ചുടലമാന്തിച്ചികഞ്ഞതിന്നാഴത്തിര

പകുതിവെന്തു കരിഞ്ഞൊരെന്നസ്ഥികൾ

ചിതറിയാകെ ദ്രവിച്ച സ്വപ്‌നങ്ങളും (വ്യർത്ഥം)

ഒരു ജന്മത്തിൽതന്നെ അനേകം ജന്മങ്ങൾ കാണുന്നവനാണ്‌ കവി. സ്വന്തം ജഡം ചുമന്നു നടക്കാൻ വിധിക്കപ്പെട്ടവൻ. ’പുനരപിജനനം പുനരപി മരണം.‘

’അണയുമോർമ്മതൻ മഞ്ഞവെളിച്ചത്തി

ലലയുമീനിഴൽപ്പാടുകളെന്തിനോ?

മിഴികളിൽ നിദ്ര പെയ്യുന്നതുമില്ല

വിജനമീരാത്രി വീണ പാടങ്ങളും‘

എന്ന്‌ ’വ്യർത്ഥം‘ അവസാനിക്കുമ്പോൾ ആത്മനിഷ്‌ഠമായ ആ കവിത ഒട്ടുംതന്നെ വ്യർത്ഥമല്ല എന്നു നാം തിരിച്ചറിയുന്നു.

അതെ. വേണു വി. ദേശം ആത്മാവിലേക്കു നോക്കി പാടുന്നവനാണ്‌. താൻ ജീവിക്കുന്ന ലോകത്തെയും കാലത്തെയും സമൂഹത്തെയും അദ്ദേഹം മറക്കുന്നു എന്ന്‌ ഇപ്പറഞ്ഞതിനർത്ഥമില്ല. ’തിയോയ്‌ക്ക്‌‘, ’പർവ്വീൺബാബിക്ക്‌‘, ’സൈഗാൾ‘, ’നിലയില്ലാത്ത കാഴ്‌ചകൾ‘, ’ശവമുറി‘, ’ജരൽക്കാരു‘, ’ചാവേർപ്പട‘, ’ഗ്രേസി‘ തുടങ്ങിയ കവിതകളിൽ കാലത്തെയും ചരിത്രത്തെയും തിരിച്ചറിയുന്ന കവിയെയാണ്‌ നാം കാണുന്നത്‌. എങ്കിലും മറ്റുളളവരുടെ ദുഃഖങ്ങളെ തന്നിലേക്കാവാഹിച്ച്‌ ആത്മദുഃഖമാക്കി മാറ്റി ആ വേദനയിൽ സ്വയം ദഹിച്ചു പാടാനാണ്‌ വേണു ശ്രമിക്കുന്നത്‌.

’നിൻ കറയറ്റശുദ്ധികൾതൻ സ്വപ്‌ന

മുളെളാരിരുണ്ട ഭൂഗർഭങ്ങളിലൂടെ

ആളിപ്പടരും വ്യസനസമുദ്രങ്ങ-

ളാവഹിച്ചും കൊണ്ടൊരാൾ, ഏകൻ

തിരസ്‌കൃതൻ സഞ്ചരിക്കുന്നു

അന്തരാത്മാവെക്കടിച്ചുമുറിക്കുവാൻ

വെമ്പുകയാണ്‌ മഹോഷ്‌ണസമസ്യകൾ‘ (തിയോയ്‌ക്ക്‌)

എന്നീ വരികൾ വായിക്കുമ്പോൾ കവി ’തിയോ‘ ആയി മാറുകയല്ലേ?

ലളിതകോമളപദങ്ങളും മനംമയക്കുന്ന ബിംബങ്ങളും വേണുവിന്റെ കവിതയ്‌ക്ക്‌ അനന്യമായ ചാരുത നൽകുന്നു.

’പാതിരാവിൻ രഹസ്യസംഗീതമാം

പാരിജാത സുഗന്ധത്തിരയിലെൻ

ലോലനീലത്തിരശ്ശീല പാളവേ

കാണ്മതോ നിന്റെ സാന്ത്വനജാലകം

സ്‌മൃതിപഥങ്ങളിൽ കാത്തുനിൽക്കുന്നു നിൻ

നിഴലുവീണ വനികയും പൊയ്‌കയും

വിരലുകൾ കോർത്തുനാം നടന്നേറിയ

വിഷമസന്ധ്യകളേ വിഷാദാത്മകം‘ (ഇനിയും?)

വേണുവിന്റെ കാവ്യചിത്രങ്ങളിലുടനീളം പ്രകൃതിയെയും പ്രണയത്തെയും സ്വകാര്യദുഃഖങ്ങളെയും ആരാധിക്കുന്ന ഒരു ഛായാഗ്രാഹകന്റെ കരവിരുതു കാണാം. മനോഹരങ്ങളായ എത്രയെത്ര ’ഫ്രെയിമുകൾ‘! ശ്രദ്ധിക്കുക.

ഒന്ന്‌ ഃ

വരിഞ്ഞുപടരുന്ന ഏകാകിതയിൽ

ആനന്ദത്തിന്റെ ക്ഷണികപ്രകാശം

ഓർമ്മയുടെ ഗുഹാമുഖം നിറയെ

പുരാലിഖിതങ്ങൾ (വിധിവിധാനങ്ങൾ)

രണ്ട്‌ഃ

അന്തിയിരുളിൽ മയങ്ങും പടിപ്പുര

കരിയിലകളിൽ കാറ്റു കരയുന്നു

ചുറ്റിലും കൃഷ്‌ണനാഗങ്ങൾ പാർക്കുന്ന

പച്ചവറ്റിയ വാഴ്‌ത്തൊടിപ്പൊന്ത

മൂന്ന്‌ഃ

പുലർസന്ധ്യകൾ നൃത്തം തുടരും

ശാന്താകാശം സൗമ്യം

നാല്‌ഃ

വിഷക്കുത്തേൽപ്പിക്കും കടന്നലിൻപരി

ഭ്രമങ്ങൾ കാറ്റിന്റെ കരളിൽകൊത്തുന്നു

മഹാഭാരങ്ങളും വലിച്ചുപാതയിൽ

മരണലോറികൾ മറഞ്ഞുപോകുന്നു

അഞ്ച്‌ഃ

കൺകൾ കൂമ്പുമ്പോഴെൻ

കരളിന്നടിത്തട്ടിൽ

വെന്തുവെന്തൊരു ക്ഷീണ

ചന്ദ്രനുണ്ടിഴയുന്നു.

ആറ്‌ഃ

പീഡയേറ്റിടിഞ്ഞീപ്പെരുവീഥി വെന്താർത്തു

സൂര്യനും വിണ്ടണയുന്നുവോ?

ഏഴ്‌ഃ

കരളികെയലിയുന്ന

തൊരുനിലാച്ചിത്രം

മൃദുവാം വെളിച്ചമൊ-

ന്നിതൾപൊഴിക്കുന്നു.

എട്ട്‌ഃ

ദ്രവിച്ച സാന്ധ്യവിഷാദത്തിൽ

മഴയുടെ ഓർമ്മച്ചീളുകൾ

പാടത്തിനപ്പുറം

മഞ്ഞക്കൊക്കുകളൊഴുകുന്നത്‌

എന്നിലേക്കുതന്നെയല്ലേ?

ഒമ്പത്‌ഃ

മറവിയുടെ ജനൽവിരിക്കപ്പുറം

പഴകിത്തേഞ്ഞ സിംഹസ്‌തംഭങ്ങളും

പത്ത്‌ഃ

ഏതോ നിഗൂഹനം ചെയ്‌തു കൊണ്ടേക്ലാന്ത

ചന്ദ്രൻ, നിലാധൂമമിറ്റുന്നുചുറ്റിലും.

കവിയുടെ മനസ്സും പ്രപഞ്ചവും ഒന്നായിത്തീരുകയാണിവിടെ- യഥാർത്ഥത്തിൽ നാം ബാഹ്യനേത്രങ്ങൾ കൊണ്ടു കാണുന്ന ഈ മഹാപ്രപഞ്ചം മനസ്സിനുളളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ എന്ന്‌ ആദിശങ്കരൻ പറഞ്ഞത്‌ ഉത്തമകവികളെ സംബന്ധിച്ചെങ്കിലും സത്യംതന്നെ.

”അവനവനിലേക്കുളള നടപ്പാതയാണ്‌ കവിത“ എന്നു വേണു പറയുന്നു. അത്‌ സത്യത്തിലേക്കുളള വഴിയാണ്‌, സത്യമാണ്‌. ഈ കവിയുടെ വൃത്തനിബദ്ധമല്ലാത്ത വരികളിലും അക്ഷരങ്ങളുടെ താളമുണ്ട്‌. ആശയഗാംഭീര്യമുണ്ട്‌. സരളമായ സംഗീതമുണ്ട്‌.

ഈ സത്യസംഗീതത്തിൽ അഭിരമിച്ചുകൊണ്ട്‌ അഭിമാനപൂർവ്വം ഈ കവിതകൾ ഞാൻ അവതരിപ്പിക്കുന്നു.

(ഒലീവ്‌ പുറത്തിറക്കുന്ന വേണു വി. ദേശത്തിന്റെ ’മോഹാന്ധകാരസഞ്ചാരി‘ എന്ന കാവ്യപുസ്‌തകത്തിന്റെ അവതാരിക.)

ശ്രീകുമാരൻ തമ്പി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.