പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഞാൻ കണ്ട നീലാംബരി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സൈജുഷ്‌ ചെമ്മങ്ങാട്ട്‌, പയ്യന്നൂർ.

എന്നും പോകുന്ന അതേ വഴികൾ, അതേ കാഴ്‌ചകൾ, പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാത്ത ഒരു ട്രെയിൻ യാത്രയിൽ സ്‌ഥിരം കാഴ്‌ചകൾ മനം മടുപ്പിച്ചപ്പോൾ അപ്രതീക്ഷിതമായി എന്റെ മുന്നിലേയ്‌ക്ക്‌ ഒരു കെട്ട്‌ ബുക്കുമായ്‌ കടന്നു വന്ന ചെറുപ്പക്കാരൻ നീട്ടിയ ബുക്കിന്റെ കവറിൽ കണ്ട സുന്ദരിയായ യുവതിയുടെ മുഖചിത്രം എന്നെ വല്ലാതെ ആകർഷിച്ചു.

അനന്തരഫരമായി നൂറ്റിഅമ്പതിൽ തുടങ്ങിയ വിലപേശൽ നൂറ്റി ഇരുപതിൽ അവസാനിച്ചു. അങ്ങനെ ആ ബുക്ക്‌ എനിക്ക്‌ സ്വന്തം. ആദ്യമായി പ്രണയിനിയുടെ ഫോട്ടോ കൈക്കലാക്കിയ ഒരു കൗമാരക്കാരന്റെ ആവേശമായിരുന്നു എന്നിലപ്പോൾ. ഒരുപാട്‌ നേരം ആ മുഖചിത്രം നോക്കിയിരുന്ന ഞാൻ, കുറച്ചുനേരം എടുത്തു അതൊന്നു തുറന്നു നോക്കാൻ. ധീരമായ തുറന്നു പറച്ചിലുകൾ കൊണ്ട്‌ വിവാദം സൃഷ്‌ടിച്ച ലോകപ്രശസ്‌ത സാഹിത്യകാരി ഡോ. കമല ദാസ്‌ എന്ന മാധവിക്കുട്ടിയുടെ “എന്റെ കഥ” എന്ന ആത്മകഥ ആയിരുന്നു. എന്റെ കൈയ്യിൽ. മാധവിക്കുട്ടി എന്ന എഴുത്തുകാരിയെക്കുറിച്ച്‌ അന്നേവരെ വെറും കേട്ടറിവ്‌ മാത്രമായിരുന്നു എനിക്ക്‌. അവർ ഇത്രയും സുന്ദരിയായിരുന്നു എന്ന്‌ മുഖചിത്രം കണ്ടപ്പോഴാണ്‌ ഞാൻ മനസ്സിലാക്കിയത്‌. അതുകൊണ്ട്‌ തന്നെ ഈ ട്രെയിൻ യാത്രയിൽ സുന്ദരിയായ ആ യുവതിയുടെ സാമിപ്യം തനിക്ക്‌ കൂട്ടായിരിക്കണം എന്ന ആഗ്രഹത്തോടെ ഞാൻ അതിന്റെ താളുകൾ മറിച്ച്‌ നോക്കി.

ഒരേ സമയം ഭാര്യയും അമ്മയും വീട്ടുജോലിക്കാരിയും മറ്റെല്ലാവേഷങ്ങൾക്കുമായ്‌ സ്വയം പങ്കുവെച്ചൊഴിയാതെ വന്ന, പ്രതിസന്ധിയിൽ ആശ്വാസകേന്ദ്രങ്ങളായി പല അപരിചിതമുഖങ്ങളെയും, സ്‌ത്രീയുടെ ഇടങ്ങളെ അനുഭവിക്കുകയും അവൾക്ക്‌ ചുറ്റുമുള്ള വ്യക്തിബന്ധങ്ങളെ നിർവചിക്കുകയും ചെയ്യുന്ന എതിർപ്പിന്റെ കഥയായിരുന്നു. “എന്റെ കഥ” സ്വയം കഥാപാത്രമായും ഒപ്പമുള്ളവരെ കഥാപാത്രങ്ങളാക്കിയും ആഗ്രഹിച്ചത്‌ കിട്ടാതിരിക്കുകയും കിട്ടിയതൊന്നും ആഗ്രഹിക്കാതിരിക്കുകയും പരസ്യമായി തുറന്നു പറഞ്ഞ ധീരയായ ആ എഴുത്തുകാരിയോട്‌ എനിക്ക്‌ തോന്നിയ എന്തെന്നില്ലാത്ത ആരാധനയുടെ തുടക്കമായിരുന്നു അവിടം. ട്രെയിനിൽ നിന്നുമിറങ്ങുമ്പോൾ ഒരു മികച്ച സൃഷ്‌ടി ഹൃദിസ്‌ഥമാക്കിയതിന്റെ ആവേശമായിരുന്നു എന്റെ മനസ്സിൽ, ഒപ്പം ആ കഥ തന്ന പൂർണ്ണതയിൽ എഴുത്തുകാരിയോടുള്ള അഗാധ പ്രണയവും. അതിന്‌ ശേഷം നീർമാതളം പൂത്തകാലവും നഷ്‌ടപ്പെട്ട നീലാംബരിയും തന്നത്‌ വ്യത്യസ്‌ത അനുഭവങ്ങളായിരുന്നു.

ഇന്ത്യയിലെ സ്‌ത്രീയുടെ ലൈംഗീക അഭിലാഷങ്ങളെക്കുറിച്ച്‌ പച്ചയായി സംസാരിച്ച ആദ്യത്തെ വനിതാ എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. സ്‌നേഹാന്വേഷണത്തിന്റെ ഭാഗമായി മാധവിക്കുട്ടി അവതരിപ്പിച്ച കാവ്യാത്മഭാവനകൾ ഏറെ അവമതിക്കപ്പെട്ടു. കൃഷ്‌ണൻ തനിക്ക്‌ കാമുകനോ ഭർത്താവോ ഒക്കെയാണെന്ന്‌ പറയാൻ മടിക്കാതിരുന്ന ജീവിത യഥാർത്ഥ്യങ്ങളെ പച്ചയായി വിളിച്ചു പറഞ്ഞ എഴുത്തുകാരി. അടുത്ത ഒരു ജന്മമുണ്ടെങ്കിൽ യാതൊരു കെട്ടുപാടുകളുമില്ലാതെ ഒരു പറവായി പാറി പറക്കാനാഗ്രഹിച്ച അവർ, ഒരിക്കലും ഒരു മനുഷ്യ സ്‌ത്രീ ആകരുതെന്ന്‌ ആഗ്രഹിച്ചു.... സ്വന്തം ജീവിതവും എഴുത്തുമായിരുന്നു അവരുടെ ആയുധങ്ങൾ.

രണ്ട്‌ വർഷത്തിനുശേഷം എറണാകുളത്തെ ടൗൺഹാളിൽ നടക്കുന്ന ഒരു സിമ്പോസിയത്തിൽ കമലാ സുരയ്യാ പങ്കെടുക്കുന്നു എന്ന വാർത്ത, ഒരു ജീവിതം മുഴുവൻ സ്‌നേഹത്തിനും സ്‌ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ മലയാളികളുടെ സ്വന്തം നീലാംബരിയെ കാണുവാനുള്ള അതിയായ ആഗ്രഹം എന്റെയുള്ളിൽ ജനിച്ചു. അന്നേദിവസം ബാക്കി എല്ലാ കാര്യങ്ങളും മാറ്റിവച്ച്‌ അവിടേക്ക്‌ ചെന്നു. വിചാരിച്ചത്രയും ജനക്കൂട്ടം ഇല്ലെങ്കിലും, ഇരിക്കാനുള്ള സ്‌ഥലത്തിനായി ബുദ്ധിമുട്ടി. മലയാള സാഹിത്യത്തിലെ പേരെടുത്ത സാഹിത്യകാരും എഴുത്തുകാരും അവിടെ സന്നിഹിതരായിരുന്നു. ആരുടെയും മുഖമത്ര പരിചയമില്ലെങ്കിലും പേരുകൾ കേട്ടപ്പോൾ ആളുകളെ തിരിച്ചറിഞ്ഞു. അപ്പോഴൊക്കെയും എന്റെ കണ്ണുകൾ നിലാംബരിയെ പരതുകയായിരുന്നു. ഏറെ നേരം പരതിയിട്ടും കാണാതെ വന്നപ്പോൾ അടുത്തിരുന്നയാളോടായി ചോദിച്ചു. കമലാ സുരയ്യാ ദേഹാസ്വാസ്ഥ്യം കാരണം വന്നില്ല എന്ന അയാളുടെ മറുപടി എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒടുവിൽ വിഷാദനായി ആ ഹാൾ വിട്ടു പോകുമ്പോൾ എന്റെ മനസ്സ്‌ നിറയെ ട്രെയിനിൽ നിന്നും വാങ്ങിയ ബുക്കിന്റെ മുഖചിത്രത്തിലെ സുന്ദരിയായ യുവതിയുടെ മുഖമായിരുന്നു. ആ മുഖം അതിന്‌ ശേഷം ഞാൻ പല വേദികളിലും തേടിയലഞ്ഞു. സുന്ദരിയായ സാഹിത്യകാരിയെ ഒരുനോക്കു കാണാൻ. പക്ഷെ എന്റെ മോഹങ്ങൾക്ക്‌ കാമ്പില്ലെന്നു തോന്നുന്നു. നീലാംബരി നമ്മെ വിട്ട്‌യാത്രയായി. എന്റെയുള്ളിൽ ഞാൻ കണ്ട നീലാംബരിയുടെ മുഖം ഇന്നും അതുപോലെ തന്നെ.

“ഇന്നും

നീർമാതളം പൂക്കുമ്പോൾ,

ഞാൻ അവിടെ എത്താറില്ല”

മാധവിക്കുട്ടിയുടെ ഈ വാക്കുകൾ ഞാനിവിടെ കടമെടുക്കുന്നു.

സൈജുഷ്‌ ചെമ്മങ്ങാട്ട്‌, പയ്യന്നൂർ.


E-Mail: saijush@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.