പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അന്വേഷിക്കുക; അറിയുക

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.കെ. നന്ദന വർമ്മ

ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ദൗത്യം മനുഷ്യരാശിയെ ഏകോപിപ്പിക്കുകയാണ്‌. ഈ പരിവർത്തനത്തിന്റെ പ്രക്രിയ രണ്ടു തലത്തിലാണ്‌ നടത്തുന്നത്‌. ഒന്ന്‌ വ്യക്തിഗതപരിവർത്തനം. മറ്റൊന്ന്‌ സമൂഹത്തിന്റെ - രാജ്യത്തിന്റെ പരിവർത്തനം. അദ്ധ്യാത്മികതക്ക്‌ ആസക്തിയുള്ള മനുഷ്യർ ലോകമെമ്പാടുമുണ്ട്‌. ബാബയുടെ സന്ദേശം ഉൾക്കൊള്ളുവാൻ ആഗ്രഹിക്കുന്നവർ സ്വയം മാറ്റത്തിന്‌ വിധേയരാവുകയാണ്‌. ഇടുങ്ങിയ മതപരമായ വിധേയത്വങ്ങൾക്കപ്പുറമുള്ള മനുഷ്യരുടെ സത്യസന്ധമായ ഐക്യം - ജാതി, മത, ഭാഷ, വിശ്വാസം എന്നിവക്കപ്പുറമുള്ള ഐക്യം - ഇവിടെ സംഭവിക്കുന്നു. വിവിധ രാഷ്‌ട്രത്തലവന്മാർ ഭഗവാന്റെ സന്ദേശങ്ങൾ സ്വീകരിക്കുമ്പോൾ അവർ ആ ദിവ്യമായ കുടക്കീഴിൽ സ്വയം മാറ്റത്തിനു വിധേയരായി എത്തുന്നു. പ്രശ്‌നപരിഹാരങ്ങൾ അറിഞ്ഞ്‌ സംതൃപ്‌തിയോടെ മടങ്ങുന്നു. വിവിധ രാഷ്‌ട്രീയപാർട്ടികളുടെ നേതാക്കൾ സ്വാമിയെ ദർശിക്കുവാൻ എത്തുക പതിവുണ്ട്‌. ഇതിന്റെ ശക്തികേന്ദ്രം ഭഗവാന്റെ നിസ്സീമമായ പ്രേമമാകുന്നു. വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സത്യം, ധർമ്മം, ശാന്തി, പ്രേമം, അഹിംസ എന്നീ പഞ്ചമഹാമൂല്യങ്ങളിൽ ഊന്നിയുള്ള ജീവിത ക്രമം ചിട്ടപ്പെടുത്തുവാൻ ഭഗവാൻ ഉപദേശിക്കുന്നു. നൂറ്റാണ്ടുകളായി മനുഷ്യമനസ്സുകളിൽ നിരന്തരം പ്രവർത്തിച്ചുവരുന്ന വിഭാഗീയതയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും സമൂഹത്തെ പ്രേമത്തിന്റെ പച്ചത്തുരുത്ത്‌ സ്വാമി കാട്ടിക്കൊടുക്കുന്നു.

“ഞാൻ വന്നത്‌ നിങ്ങളുടെ ഹൃദയത്തിൽ പ്രേമത്തിന്റെ ദിവ്യശോഭ തെളിയിക്കുവാനാണ്‌. അത്‌ ദിവസംതോറും പ്രകാശമാനമാക്കണം. ഒരു പ്രത്യേക പ്രത്യയ ശാസ്‌ത്രത്തിന്റെ പിൻഗാമികളെത്തേടിയുമല്ല; ഞാൻ എത്തിയിട്ടുള്ളത്‌. ഞാൻ വന്നത്‌ സാർവ്വ ലൗകികമായ, വിശ്വജനീനമായ ഏകദൈവത്തിന്റെ തത്വം ഉൽബോധിപ്പിക്കുവാനാണ്‌.”

സ്വാമിയുടെ നിരന്തരമായ പ്രഭാഷണങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും മനുഷ്യജാതിയുടെ മനുഷ്യത്വം നഷ്‌ടപ്പെടുത്താതിരിക്കുവാൻ പ്രേരണ നൽകുകയാണ്‌. പാലസ്‌റ്റീൻ കാരനും, ഇസ്രായൽകാരനും, നീഗ്രോയും, മംഗോളിയനും, ഹിന്ദുവും, ക്രിസ്‌ത്യാനിയും, സിക്കുകാരും, മുഹമ്മദീയരും സഹോദര്യം പുലർത്തുന്ന അതി മഹത്തായ സംഗമസ്‌ഥാനമാണ്‌ പുട്ടപർത്തിയിലെ പ്രശാന്തി നിലയം. ആത്മസംഘർഷങ്ങളുടെ രോഗാതുരമായ മനസ്സുകളുടെ, തീരാവ്യാധികളാൽ കഷ്‌ടപ്പെടുന്നവരുടെ, നിരാലംബരുടെ, വിമോചകനായി കലിയുഗ അവതാരമായി 1926 നവംബർ 23-​‍ാം തിയതി പൈദ്ദവെങ്കപ്പ രാജുവിന്റെയും ഈശ്വരാംബയുടെയും എട്ടാമത്തെ പുത്രനായി ഭൂജാതനായി. സത്യനാരായണരാജു എന്നാണ്‌ നാമകരണം ചെയ്യപ്പെട്ടത്‌. സത്യൻ വളർന്നു. ലീലാവിലാസങ്ങൾ പലതും കാണിച്ചു. അത്ഭുത ബാലന്റെ ദീനാനുകമ്പയും, സ്‌നേഹംനിറഞ്ഞ പെരുമാറ്റവും, സവിശേഷശ്രദ്ധ ആകർഷിച്ചു. ഭജനകീർത്തനങ്ങൾ രചിച്ചു പാടുക, ഗുണപാഠങ്ങളുളള നാടകങ്ങൾ രചിച്ച്‌ അവതരിപ്പിക്കുക അഭിനയിക്കുക ഇവയെല്ലാം പഠനത്തിലെന്നപോലെ പ്രാവീണ്യമുള്ളതായിരുന്നു. സഹപാഠികൾക്ക്‌ എവിടെ നിന്നോ സൃഷ്‌ടിക്കുന്ന പലതരത്തിലുള്ള പഴങ്ങൾ, കൽക്കണ്ടം, ചോക്കലേറ്റ്‌ എന്നിവ സത്യൻ നൽകി സന്തോഷിപ്പിച്ചിരുന്നു. വുക്കപട്ടണം, കമലാപുരി, ഉറവകൊണ്ട എന്നീ സ്‌ഥലങ്ങളിൽ സത്യനാരായണൻ സ്‌കൂൾ വിദ്യാഭ്യാസം ചെയ്‌തു. അതിബുദ്ധിമാനായ അത്ഭുത ബാലനെക്കുറിച്ച്‌ വാർത്തകൾ നാടെങ്ങും പരന്നു. സാധുക്കളെ സ്‌നേഹിക്കുന്ന, ദുരിതമനുഭവിക്കുന്നവർക്ക്‌ ആശ്വാസം നൽകുന്ന ബാലനെ കാണുവാൻ ജനങ്ങൾ വന്നുതുടങ്ങി. ഉറവക്കൊണ്ടയിൽ കുടിവെള്ളം കിട്ടാത്ത സ്‌ഥലത്ത്‌ സത്യൻ തന്റെ ചുമലിൽ കിലോമീറ്ററുകൾ താണ്ടി ശുദ്ധജലം സംഭരിച്ച്‌ വിതരണം ചെയ്‌തു.

1940 ലാണ്‌ ഭഗവാൻ ബാബയുടെ അവതാരപ്രഖ്യാപനം നടത്തുന്നത്‌. “ഞാൻ സത്യസായിബാബയാണ്‌” ആ വർഷം സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച്‌ വീടുവിട്ടിറങ്ങി. “എന്റെ ഭക്തന്മാർ എന്നെ വിശ്വസിക്കുന്നു. എനിക്ക്‌ പോയേ തീരൂ... ഞാൻ നിങ്ങളുടെയല്ല” സായിബാബമുന്നോട്ടു നീങ്ങി. തൊഴുകൈയ്യുമായി നിന്ന ജനാവലിയെ സാക്ഷിനിന്ന്‌ ബാബ പാടി.

“മാനസഭജരെ ഗുരുചരണം

ദുസ്‌തര ഭഗവസാഗരതരണം”

അന്നുതൊട്ട്‌ ഇന്നുവരേ നിരന്തരമായ സേവനമാണ്‌ ബാബ അനുഷ്‌ഠിച്ചുകൊണ്ടിരിക്കുന്നത്‌. ലോകം മുഴുവനും ബാബയെഉറ്റുനോക്കുകയാണ്‌, സമാധാനത്തിനുവേണ്ടി ശാന്തിക്കുവേണ്ടി.

അതിഗഹനമായ ആദ്ധ്യാത്മിക കാര്യങ്ങൾ വളരെ വിനീതമായ ഭാഷയിൽ സ്വാമി പറഞ്ഞുതരുന്നു. “എല്ലാവരേയും, സ്‌നേഹിക്കു, എല്ലാവരെയും സേവിക്കു” പുരാണേതിഹാസങ്ങളുടെ അന്തരാർത്ഥം ജനഹൃദയത്തിൽ എത്തിക്കുവാൻ ഭഗവാൻ പ്രഭാഷണങ്ങളിലൂടെയും പുസ്‌തകരചനയിലൂടെയും മാനവജനതയെ സഹായിക്കുന്നു. ഭാഗവതവാഹിനി, ധർമ്മവാഹിനി, ധ്യാനവാഹിനി, ഗീതാവാഹിനി, ജ്ഞാനവാഹിനി, പ്രേമവാഹിനി, പ്രശ്‌നോത്തരവാഹിനി രാമകഥാരസവാഹിനി എന്നിങ്ങനെ നിരവധിയാണ്‌ സ്വാമി രചിച്ചിട്ടുള്ള പുസ്‌തകങ്ങൾ. ഭഗവാൻ ബാബ വേദോച്ഛാരകനാണ്‌. വേദങ്ങളിലെ തത്വങ്ങൾ വിശദികരിക്കുന്ന പ്രഭാഷണങ്ങൾ പുസ്‌തകരൂപത്തിലായതാണ്‌ ഭഗവാന്റെ വാണികൾ.

സ്വാമിയുടെ പ്രവർത്തനങ്ങൾ വിദ്യാഭ്യാസം, ആതുരസേവനം, ആദ്ധ്യാത്മികം എന്നീ മേഖലകളിലാണ്‌. “ശ്രീ സത്യസായി ഇൻസ്‌റ്റിട്യൂട്ട്‌ ഓഫ്‌ ഹൈയർ ലേണിംഗ്‌”- യൂണിവേഴ്‌സിറ്റിയായി മാറിക്കഴിഞ്ഞു. ഇവിടെ സൗജന്യ വിദ്യാഭ്യാസമാണ്‌ നൽകുന്നത്‌. മാനുഷിക മൂല്യങ്ങളിൽ അടിസ്‌ഥാനപ്പെടുത്തിയ വിദ്യാഭ്യാസ സമ്പ്രദായം ലോകം മുഴുവൻ അംഗീകരിച്ചുകഴിഞ്ഞു. അനവധി വിദേശരാജ്യങ്ങളിൽ സ്വാമിയുടെ ഈ വിദ്യാഭ്യാസ സമ്പ്രദായം പിൻ തുടരുന്നു. മറ്റൊരു പ്രധാന മേഖല ആതുരസേവനമാണ്‌. ബാംഗ്ലൂരിലും, പുട്ടപർത്തിയിലും അതിഗംഭീരമായ രണ്ട്‌ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലുകളാണ്‌ നടന്നുവരുന്നത്‌. തികച്ചും സൗജന്യമായി ചികിത്സലഭിക്കുന്ന ഈ ആശുപത്രികൾ ലോകത്തിന്‌ മാതൃകയാണ്‌. ക്യാഷ്‌ കൗണ്ടർ ഇല്ലാത്ത ആശുപത്രി എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഇവിടെ ഹൃദയശസ്‌ത്രക്രിയകൾ അടക്കം മറ്റ്‌ അസുഖങ്ങൾക്കെല്ലാം വിദഗ്‌ദ്ധ ചികിത്സലഭിക്കുന്നു.

സേവനത്തിന്റെ മറ്റൊരു മാതൃകയാണ്‌. ബാബ നമുക്ക്‌ കാണിച്ചുതരുന്നത്‌. ആന്ധ്രയിലെ രായലസീമ എന്ന സ്‌ഥലത്തെ 750 ഗ്രാമങ്ങളിലാണ്‌ ഭഗവാൻ കുടിവെള്ളമെത്തിച്ചത്‌. അതോടൊപ്പം ചെന്നൈപട്ടണത്തിലും ഭഗവാന്റെ വാട്ടർ പ്രോജക്‌ടിലൂടെ ദാഹജലം എത്തുന്നു.

ആരാണ്‌ ഈശ്വരൻ?

സ്വാമിയോടു ചോദിച്ചു. അങ്ങ്‌ ഈശ്വരനാണോ? സംശയമുണ്ടായില്ല. ‘അതെ’ സ്വാമി പറഞ്ഞു. ‘പക്ഷെ അവിടെ നിർത്തിയില്ലാ.... നിന്നെപ്പോലെതന്നെ ഒരു വ്യത്യാസം മാത്രം ’നീ അത്‌ അറിയുന്നില്ല ഞാൻ അറിയുന്നു‘.

നാമെല്ലാം ഫ്യൂസായ ബൾബുകളാണ്‌. അതിലെ ടങ്ങ്‌സ്‌റ്റൺ കറന്റ്‌ ഒഴുകിവരുവാൻ തയ്യാറല്ലാത്തരീതിയിൽ ആയിരിക്കുന്നു. അതിന്‌ ആരാണ്‌ ഉത്തരവാദി - തീർച്ചയായും കറന്റല്ല. വേണ്ടത്‌ ബൾബു മാറുക എന്നതാണ്‌. നമുക്കു കിട്ടിയിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹം നമുക്കു മാറാം എന്നുള്ളതാണ്‌. നാം പരിവർത്തനത്തിന്‌ വിധേയരാകണം. നന്മ തിന്മ വിവേചിച്ചറിയുവാനുള്ള ബുദ്ധിയും നമുക്കു ലഭിച്ചിട്ടുണ്ട്‌. ഒരേയൊരു കാര്യം മാത്രമാണ്‌ അതിനു തടസ്സം നിൽക്കുന്നത്‌. അജ്ഞാനം! ഇരുട്ടിൽ നിന്ന്‌ രക്ഷപ്പെടുവാൻ ഒരു വഴിമാത്രമേയുള്ളു. വിളക്കുകൊളുത്തുക. അന്ധകാരം തനിയെ മാറികൊള്ളും. അന്വേഷണത്തിലൂടെ അജ്ഞതമാറ്റുവാൻ കഴിയും. നിരന്തരമായ അന്വേഷണം! മനസ്സും, വാക്കും പ്രവൃത്തിയും ഒന്നാക്കുക. അതു തപസ്സാണ്‌. എല്ലാത്തിന്റെയും സാക്ഷിമാത്രമാകുക. ഉടമസ്‌ഥനാകാതിരിക്കുക. ഈശ്വരാംശം നിലനിൽക്കുന്ന മനുഷ്യരെ സ്‌നേഹിക്കുക. അപ്പോൾ ഭഗവാൻ നൽകുന്ന മഹാമന്ത്രത്തിലൂടെ നമുക്ക്‌ ഉയരാൻ സാധിക്കും.

മാനവസേവ മാധവസേവ.

നരസേവ നാരായണസേവ.

പി.കെ. നന്ദന വർമ്മ

Sai Kripa,

M.C.Road,

N.Paravur,

Eranakulam Dist,

Pin:683513.


Phone: 0484-2445927, 9447045927
E-Mail: pknvarma@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.