പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

മോഹന്‍ലാലെ, നേഴ്സുമാരെ വിസ്മരിച്ചത് ക്രൂരമായിപ്പോയി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.കെ. പൊന്നപ്പൻ

മലയാളത്തിന്റെ മഹാനടനെന്ന് മലയാളികള്‍ അഭിമാനത്തോടെ വിളിക്കുന്ന മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകളാണ് ഈ ലേഖനം എഴുതാന്‍ പ്രേരിപ്പിച്ചത്. സത്യം കണ്ടുപിടിക്കാന്‍ വരികള്‍ക്കിടയില്‍ വായിക്കണമെന്ന് പണ്ടുള്ളവര്‍ പറയും. ഭംഗിയായി ചമച്ചു വച്ച അലങ്കാരങ്ങള്‍ക്കുള്ളിലെ ദുര്‍ഗന്ധം അറിയാതെ തന്നെ പുറത്തു ചാടുന്ന ചില നിമിഷങ്ങള്‍ ഉണ്ട്. ലാലിന്റെ കുറിപ്പുകള്‍ വായിച്ചപ്പോള്‍ തോന്നിയതും അതുതന്നെ. അമ്മ എല്ലാവര്‍ക്കും എന്ന പോലെ മോഹന്‍ലാലിനും എല്ലാമെല്ലാമാണ്. .

തന്റെ അമ്മക്ക് മസ്തിഷ്ക്കരോഗത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചപ്പോഴും ഇരുപത് വര്‍ഷം മുമ്പ് തന്റെ അമ്മായിഅമ്മക്ക് ഹൃദയ ശസ്ത്രക്രിയ അമേരിക്കയില്‍ നടത്തിയപ്പോഴുമാ‍ണ് ആതുര സേവനത്തിന്റെ അതിരുകളില്ലാത്ത സ്നേഹം മനസിലാക്കുന്നതെന്ന് അദ്ദേഹം ബ്ലോഗില്‍ എഴുതി. സ്നേഹം തിരിച്ചറിയുന്നത് വളരെ നല്ല കാര്യമാണ്. പക്ഷെ ഡോക്ടര്‍മാരെ ദൈവത്തിന്റെ കാവല്‍ഭടന്മാര്‍ എന്നു വിശേഷിപ്പിക്കുമ്പോളും വാനോളം പുകഴ്ത്തുമ്പോളും നഴ്സുമാരെക്കുറിച്ച് ഒരു വാക്കു പോലും പറയാതിരുന്നത് അമ്മയെ സേവിച്ചവരോടുള്ള തികഞ്ഞ അവഗണനയാണ്. ഫ്ലോറന്‍സ് നൈറ്റിഗേളില്‍ന്റെ പിന്‍ഗാമികളായി വാഴ്ത്തുന്ന മാലാഖമാരുടെ മുഖം രോഗശയ്യയില്‍ ഓര്‍മ്മ തെളിയുകയും മായുകയും ചെയ്യുന്ന അമ്മയുടെ മനസില്‍ മങ്ങാതെ കിടപ്പുണ്ടാവും. കാരണം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആഴം തിരിച്ചറിയാന്‍ മറവി രോഗം പോലും വഴിമാറിക്കൊടുക്കും. ഔഷധങ്ങള്‍ ഉപയോഗിച്ചല്ല സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും ഹൈഡോസുകള്‍ നല്‍കിയാണ് സേവനം നടത്തേണ്ടതെന്ന് ഡോ. വിമല്‍ റോയിയുടെ വാക്കുകള്‍ ഓര്‍ത്തുപോകുന്നു. സ്പര്‍ശന ശക്തിയുള്ളവരായും പുഞ്ചിരി തൂകുന്ന നേഴ്സുമാരുടെ സേവനത്തെക്കുറിച്ച് ഓര്‍ക്കാതെപോയത് മന:പൂര്‍വ്വമല്ലെന്ന് വിശ്വസിക്കാന്‍ മാത്രം നിഷ്ക്കളങ്കത മലയാളികള്‍ക്കില്ല. കാരണം സേവനവേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന്റെ അനുരണനങ്ങള്‍ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഭിത്തികളില്‍ ഇടിമുഴക്കം ഉണ്ടാക്കിയപ്പോഴാണ് സത്യത്തില്‍ ഈ രംഗത്ത് നടമാടുന്ന കേട്ടാല്‍ ബോധക്ഷയം വരുത്തുന്ന ചൂഷണത്തിന്റെയും മൃഗീയ പീഢനങ്ങളുടേയും ഞെട്ടിക്കുന്ന കഥകള്‍ സമൂഹം അറിയാന്‍ തുടങ്ങിയത്. മിക്ക സ്വകാര്യ ആശുപത്രികളുടേയും ഉടമസ്ഥതയുടെ പങ്കാളിത്തം ഡോക്ടര്‍മാര്‍ക്കാണ്. പിന്നെങ്ങനെ ഇവരുടെ അപ്രീതിക്ക് കാരണമാകുന്ന നേഴ്സുമാരെക്കുറിച്ച് പറയാനുള്ള മനസുണ്ടാകുക. ഒരു നാണയത്തിന്റെ ഇരുവശവും പോലെ ഒന്നാണ് ഡോക്ടര്‍മാരും നേഴസുമാരും എന്ന സാമാന്യബോധം പോലും ലാലിന് ഇല്ലാതെ പോയത്. നമുക്ക് സഹതപിക്കാം.

ആശുപത്രി അധികൃതരുടെ നിഷ്ഠൂരമായ നിലപാടുകള്‍ മൂലം നെഞ്ചില്‍ കണ്ണീരുറഞ്ഞ ഒരു കരിങ്കല്‍ പ്രതിമ പോലെ നില്‍ക്കുമ്പോഴും ഐ സി യു പോലുള്ള അത്യന്തം ജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭങ്ങളില്‍ തന്റെ കൃത്യം ഉത്തരവാദിത്വത്തോടു കൂടി നിര്‍വഹിക്കുമ്പോഴും മനസില്‍ കാലുഷ്യത്തിന്റെ ഒരു കരടു പോലും സൂക്ഷിക്കാതെ രോഗിയുടെ കാള്‍ ഷീറ്റില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളും നിര്‍ദ്ദേശങ്ങളും യഥാസമയം ഡോക്ടര്‍മാരേക്കാള്‍ മഹനീയ സേവനം നടത്തുന്ന ഇവരെ വിസ്മരിച്ചത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ നന്ദികേടാണ്. രാജ്യത്തെ ശതകോടീശ്വരന്മാരായ ഭാര്യമാരും പെണ്മക്കളും മുതല്‍,ദാരിദ്ര്യരേഖക്കു താഴ ജീവിക്കുന്ന ഹതഭാഗ്യരായ സ്ത്രീകള്‍ വരെ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ ഡോക്ടറുടെ കയ്യില്‍ നിന്ന് ഏറ്റു വാങ്ങുന്നത് നെഴ്സുമാരാണ്. ചോരകുഞ്ഞിന്റെ മുഖം ആദ്യമായി അമ്മയേയും അച്ഛനേയും മറ്റു ബന്ധുക്കളേയും കാണിക്കുന്നത് ഈ നേഴ്സുമാര്‍ തന്നെയാണ്. ചുരുക്കത്തില്‍ ലാലും പെറ്റുവീണത് ഇവരുടെ കൈകളിലാണ്. ഓരോ വ്യക്തിയുടേയും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഇവരുടെ സേവനം ലഭിച്ചിട്ടുണ്ടെന്നുള്ളത് വ്യക്തം. ഇവരെയാണ് ലാല്‍ മറന്നു പോയത്. താങ്കളുടെ താര പരിവേഷത്തിനു മുമ്പില്‍ ഡോക്ടര്‍മാര്‍ ഓച്ചാനിച്ചു നിന്നേക്കാം .അതുകൊണ്ട് ഡോക്ടര്‍മാര്‍ ദൈവതുല്യരാണെന്ന് വിലയിരുത്തിയേക്കാം. പക്ഷെ അപകടത്തില്‍ പെട്ട് അത്യാസന്നനിലയില്‍ കഴിയുന്ന ആളേയും കൊണ്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തുമ്പോള്‍ തങ്ങള്‍ സമരത്തിലാണെന്നു പറഞ്ഞ് മുഖം തിരിക്കുന്ന ഡോക്ടര്‍മാരെക്കുറിച്ചും ലാലിന് ഈ അഭിപ്രായം തന്നെയാണോ?

ആശുപത്രിയിലെ ചില ഡോക്ടരുമാരുടെ പ്രവര്‍ത്തിയെ കുറിച്ചും അവരുടെ നേഴ്സുമാരോടുള്ള പെരുമാറ്റത്തെക്കുറിച്ചുമുള്ള വാക്കുകള്‍ നേഴ്സുകൂടിയായ എഴുത്തുകാരി ബീന ചാക്കോ എഴുതിയ വരികളാണ് ഓര്‍മ്മ വരിക. ചില ഡോക്ടര്‍മാറ്രെ കാണുമ്പോള്‍‍ ഇലട്രിസിറ്റി ബോര്‍ഡിന്റെ അപായ അടയാളമായ പ്രേതത്തിന്റെ ചിത്രമാണ് ഓര്‍മ്മവരിക . ലാലിന്റെ അമ്മായിയമ്മക്ക് അമേരിക്കയില്‍ ശസ്ത്രക്രീയ നടത്തിയ ഡോക്ടര്‍ ഡെന്ന്റെന്‍.‍ എ.കുലെ - യെ ക്കുറിച്ചുള്ള അപദാനങ്ങള്‍ വായിച്ചപ്പോള്‍ പൊങ്ങച്ച സംസ്ക്കാരത്തിന് മോഹന്‍ലാല്‍ എന്നു പേരുണ്ടോ എന്ന് തോന്നിപ്പോയി. അദ്ദേഹം പ്രഗത്ഭനായ ഡോക്ടറാണെന്ന കാര്യത്തില്‍ സംശയമില്ല. അമ്പതിനായിരം ശസ്ത്രക്രിയ നടത്തിയ അദ്ദേഹത്തെ രണ്ടാമത്തെ ദൈവമായാണ് ലാല്‍ കണ്ടത്. നല്ല കാര്യം. മുപ്പത്തിരണ്ടായിരം ഹൃദയശസ്ത്രക്രിയ നടത്തുകയും ലെന്‍സ്മാറ്റവും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തിയ നമ്മുടെ സ്വന്തം ഡോ. കെ. എം. ചെറിയാനെ കുറിച്ച് മറന്നുപോയോ? ലോക കാര്‍ഡിയോ തെറാസിക് പ്രസിഡന്റായി സേവനം അനുഷ്ഠിച്ച ആദ്യത്തെ ഇന്ത്യാക്കാരനായ മാര്‍ത്താണ്ഡവര്‍മ്മ ശങ്കരനാരായണന്‍ തമ്പിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ തമ്പി എന്ന ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. അദ്ദേഹം ഇതു പോലെ നാഡിയിടിപ്പു കേട്ടും ഞരമ്പുകളില്‍ സ്പര്‍ശിച്ചും രോഗനിര്‍ണ്ണയം നടത്തി ചികിത്സിക്കുമായിരുന്നു. ലാലിന്റെ പിതാവ് വിശ്വനാഥന്‍ നായര്‍ക്ക് ഈ ഡോക്ടറുമായിട്ട് അടുപ്പമുണ്ടായിരുന്നു. ഒരിക്കല്‍ ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ഈ ലേഖകനുമായി ഡോക്ടറെ കുറിച്ച് സംസാരിച്ചത് ഓര്‍ത്തു പോകുന്നു. എഴുത്തു കഴിഞ്ഞാല്‍ ഏകാഗ്രമായ തൊഴില്‍ ഡോക്ടറുടേതാണെന്നാണല്ലോ ലാ‍ലിന്റെ അഭിപ്രായം. എന്നാല്‍ എഴുത്തിലൂടെ പ്രശസ്തരായ ഡോക്ടര്‍മാരാണ് റഷ്യന്‍‍ നോവലിസ്റ്റായ മൈക്കിള്‍ ബല്‍ക്കാവോ, ഡോ. ഗ്രഹാം ചാമ്പാന്‍ എഴുത്തുകാരനും നടനുമായിരുന്നു. ജ്യുറാസിക് പാര്‍ക്കിന്റെ രചയിതാവ് ഡോ. ബ്രിഗേല്‍ക്രിചറ്റര്‍ എഴുത്തുകാരനായിരുന്നു. എന്തിനേറെ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള നമ്മുടെ പ്രിയങ്കരനായ എഴുത്തുകാരനല്ലേ? ഭൂമിയില്‍ ജീവന്‍ സൃഷ്ടിച്ചപ്പോള്‍ അത് കാത്തു സൂക്ഷിക്കാനുള്ള കാവല്‍ ഭടന്മാരാണ് ഡോക്ടര്‍‍മാരെന്ന് ലാല്‍ പറഞ്ഞു കളഞ്ഞു . ഈ കൂട്ടത്തില്‍ കാവല്‍ഭടന്മാരില്‍ കാലമാ‍ടന്മാരുമുണ്ടായിരുന്നു. ന്യൂയോര്‍ക്കുകാരനായ ജഫ്രിമാര്‍ക്ക് ഡൊണാള്‍ഡ് ഗര്‍ഭിണിയായ തന്റെ ഭാര്യയേയും മക്കളെയും കൊന്ന വ്യക്തിയാണ്. അമേരിക്കന്‍ ഡോക്ടറായ റിച്ചാര്‍ഡ് ഡേവിഡ് എയ്ഡ്സ് കലര്‍ന്ന രക്തം തന്റെ കാമുകിക്കു നല്‍കിയതിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നു. നൂറ്റിയന്‍പതോളം രോഗികളെക്കൊന്ന സീരിയല്‍ കില്ലറാണ് ഡോ. ജോണ്‍ ബോഡ്കില്‍. ലോകത്തിലെ വിവിധ ജയിലുകളില്‍ കൊടും ക്രിമിനലുകളായ രണ്ടു ഡസനിലേറെ ഡോക്ടര്‍മാരുണ്ട്. കേരളത്തിലെ ഇരുമ്പഴിക്കുള്ളില്‍ അറുപതോളം ഡോക്ടര്‍മാരാണ് ശിക്ഷ അനുഭവിച്ചു കഴിയുന്നത്.

നാട്ടിലെ ഒട്ടനവധി പ്രശ്നങ്ങളില്‍ മുഖം തിരിച്ചു നില്‍ക്കുകയും മൗനം ഭജിച്ചിട്ടുമുള്ള ലാല്‍ ടി. പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രതികരിച്ചത് ജനത്തെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. തന്റെ ജന്മദിനാഘോഷം മാറ്റിവച്ച് മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണീരിനെകുറിച്ച് വളരെ വേദനയോടെയാണ് ലാല്‍ പറഞ്ഞത്. ലാല്‍ ഏറെ ബഹുമാനിക്കുന്ന ഇഷ്ടപ്പെടുന്ന ഒ. എന്‍. വി കുറുപ്പ് പറഞ്ഞ ഒന്നുണ്ട്. എല്ലാ വിധവകളുടേയും അമ്മമാരുടേയും കണ്ണീരിന് ഒരേയുപ്പാണ്. അതു കണക്കാക്കുമ്പോള്‍ ഒരു സംശയം ബാക്കി മാസങ്ങള്‍‍ക്ക് മുമ്പ് ഫസിലും ഷുക്കൂറും കൊല്ലപ്പെട്ട സമാനമായ മാനസികാവസ്ഥയില്‍ അവരുടെ ഉമ്മമാരിരുന്നപ്പോള്‍‍ ലാലിനു വേദനിച്ചില്ലേ? അവര്‍ ചന്ദ്രശേഖരനേപ്പോലെ നേതാവല്ലല്ലോ അല്ലേ? കാപട്യത്തിനു മോഹന്‍ ലാല്‍ എന്നും പര്യായമുണ്ടോ? അതൊക്കെ നമുക്ക് വിട്ടുകളയാം. കേണല്‍ പദവിയിലുള്ള ഒരാള്‍ ഈ നാട്ടില്‍ ജീവിക്കാന്‍ പേടിയാകുന്നുവെന്ന് പറഞ്ഞത് നാണക്കേടായിപ്പോയി. ജന്മനാടിനു കാവലായിരുന്നു നിങ്ങള്‍ സുഖമായുറങ്ങു എന്നു പറഞ്ഞ് ജീവത്യാഗം ചെയ്യാന്‍ സന്നദ്ധരായി നില്‍ക്കുന്ന ജവാന്മാര്‍ ഇരുപത് കൊല്ലത്തെ സേവനത്തിലൂടെ എത്തിപ്പെടുന്ന പദവി ദിവസങ്ങള്‍ കൊണ്ട് നേടുകയും ഈ സ്ഥാനത്ത് തുടരുന്നത് ധീരജവാന്മാര്‍ക്ക് അപമാനമാണ്. അല്‍പ്പമെങ്കിലും രാജ്യസ്നേഹമുണ്ടെങ്കില്‍ ആ കുപ്പായം ഒന്നൂരി തിരികെ ഏല്‍പ്പിക്കണം. ലാലിനെ പോക്കറ്റുമണിയായി കൊണ്ടു നടക്കുന്ന ഒരു വിഭാഗമുണ്ടല്ലോ അവരുടെ പ്രശംസകളിലും വാക്കുകളിലും മതിമറന്ന് മതിഭ്രമം വന്ന് ഇനിയും ആ കേണല്‍ യൂണിഫോം അണിയാനാണു ഭാവമെങ്കില്‍ സകുടുംബം തീയേറ്ററില്‍ എതിര്‍ താരത്തിന്റെ സിനിമ കാണാന്‍ വരുന്നവരെ കൂവി തോല്‍പ്പിക്കുന്ന ഈ പ്രത്യേക വിഭാഗത്തിന്റെ പണി ജനം ഏറ്റെടുക്കും. വിവാദങ്ങളില്‍ എടുത്തു ചാടുകയും അതില്‍ നിന്നെല്ലാം നീന്തി രക്ഷപെടുകയും ചെയ്യുന്നത് ലാലിന്റെ ഒരു പതിവു ശൈലിയാണ്. അഭ്രപാളികളില്‍ വിസ്മയം തീര്‍ത്ത തിലകനെ ‘ അമ്മ’ യില്‍ നിന്ന് പടിയടച്ച് പിണ്ഡം വച്ചപ്പോഴും നിരൂപണശരങ്ങള്‍ തെല്ലും പക്ഷഭേദമില്ലാതെ കണ്ണുമൂടിക്കെട്ടിയ നീതി ദേവതയേപ്പോലെ തന്റെ നാവും പേനയും ഒരു പോലെ ഉപയോഗിച്ചു ശീലിച്ച സുകുമാര്‍ അഴീക്കോടിനെ വിമര്‍ശിപ്പിച്ചപ്പോഴും ജനം സഹിച്ചു. ഇനിയും ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്. ഇന്‍കം ടാക്സ് റെയ്ഡിലും ആനക്കൊമ്പ് വിവാദവുമൊന്നും ആരാധകര്‍ ഗൗരവമായെടുത്തിട്ടില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കായുള്ള കേണല്‍ പദവി ഗൗരവമായുള്ളതാണ്. ആ പദവിയെ അപമാനിക്കാനും അനുവദിച്ചുകൂടാ. കേണലിന്റെ യൂണിഫോമില്‍ പതിച്ചു വച്ച അശോക ചക്രത്തേക്കാള്‍ വലുതാണ് തന്റെ അഭിനയമികവിന് മലയാളികള്‍ അവരുടെ ഹൃദയത്തില്‍ പതിച്ചു നല്‍കിയ സ്നേഹമുദ്രം എന്ന സത്യം മറക്കരുത്.

കെ.കെ. പൊന്നപ്പൻ


E-Mail: kkpsai@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.