പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ജനാധിപത്യത്തിലെ നേർവഴികൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മാത്യൂസ്‌ കുറിയാക്കോസ്‌

ജനാധിപത്യത്തിന്റെ മാമാങ്കങ്ങളായിരിക്കണം തിരഞ്ഞെടുപ്പുകൾ. ഇന്നവ അക്രമങ്ങളുടെയും കുതിരക്കച്ചവടങ്ങളുടെയും നിഴലിൽ ഭീതിതമായിരിക്കുന്നു. ഒരു തിരഞ്ഞെടുപ്പുകൂടി കഴിഞ്ഞിരിക്കുന്നു. പതിവുപൊലെ സാമൂഹ്യ രാഷ്ര്ടീയ തത്വസംഹിതകളിലൊന്നും കണ്ണുമടച്ചു വിശ്വസിക്കാത്ത സ്വതന്ത്രരായ സമ്മതിദായകരാണ്‌ ഇത്തവണയും തിരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ നിർണ്ണയിച്ചത്‌. തിരഞ്ഞെടുപ്പു കഴിഞ്ഞു നയം പ്രഖ്യാപിക്കാമെന്നു പറഞ്ഞവരെയും നേതൃത്വമില്ലാത്തവരെയും ജനങ്ങൾ അപ്പാടെ തള്ളിക്കളഞ്ഞു. ഭാരതമണ്ണിൽ അനാദികാലം മുതൽ ജീവിക്കുന്ന അരപ്പട്ടിണിക്കാരെ ജാതിയുടെ പേരിൽ ഹിംസിക്കുന്ന വരേണ്യമേൽക്കൊയ്മയുടെ വക്താക്കൾക്കും ജനങ്ങൾ ചുട്ട മറുപടി നൽകി.

ഒടുവിൽ നിസ്സഹായതയുടെ പര്യായമായി ജനങ്ങൾക്കു മുൻപിൽ അവശേഷിച്ചതാകട്ടെ ഗാന്ധിയുടെ ആത്മാവ്‌ നട്ട്‌, നെഹ്രുവിന്റെ മതേതര സോഷ്യലിസ്റ്റ്‌ മാർഗങ്ങളിലൂടെ വളർന്ന്‌ പന്തലിച്ച്‌, ഒടുവിൽ കുത്തകകളുടെയും സാമ്രാജ്യത്വ ശക്തികളുടെയും വശ്യതയിൽ സ്വയം മറന്ന്‌, രഹസ്യമായും പരസ്യമായും രാജ്യവും പൊതുസ്ഥാപനങ്ങളും വിറ്റുതിന്നുന്നവർ മാത്രം! ഇതു ജനാധിപത്യത്തിന്റെ അപചയമാണൊ? അതൊ, വലിയൊരു സംസ്‌കാരത്തിന്റെ പിൻതുടർചക്കാരെന്നഭിമാനിക്കുന്ന നമ്മുടെ ദുർവിധിയൊ? പണം വാരിയെറിഞ്ഞും നെഹ്രു കുടുംബത്തിന്റെ സ്വാധീനം കഴിയുന്നത്ര ഉപയോഗപ്പെടുത്തിയും പയറ്റിയിട്ടും എങ്ങുമെത്താനാകാതെ പരാജയം നേരിടാൻ തയ്യാറായി നിന്ന കോൺഗ്രസ്‌ ഒരുകാര്യം തിരിച്ചറിയണം. അനുദിനം ഗ്രാമങ്ങളും കൃഷിസ്ഥലങ്ങളും വിട്ട്‌, ജീവിക്കാൻ വേണ്ടി പെരുവഴികളിലും പരദേശത്തും ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങളിലും അലഞ്ഞുതളരുന്ന മനുഷ്യരും അവരുടെ ആശ്രിതരും ഒരിക്കൽ കൂടി പ്രതീക്ഷയോടെ ദാനം നൽകിയ അവസരമാണിത്‌. തടസ്സങ്ങളൊന്നുമില്ലാത്തൊരവസരം.

അര നൂറ്റാണ്ടോളം രാജ്യം ഭരിച്ചിട്ടും ലോകത്തിന്റെ കഴ്‌ചവസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്ന ചേരികളും ദാരിദ്ര്യവുമാണ്‌ കോൺഗ്രസ്സിന്റെ കിരീടത്തിലെ പീലികൾ. സ്വാതന്ത്ര്യത്തിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ശരാശരി ഭാരതീയൻ ഒരടിപോലും മുന്നോട്ടുപോയിട്ടില്ല. ജനിച്ചുവീഴുന്ന കുട്ടികളെപ്പോലും സംരക്ഷിക്കാനാകാതെ മരണത്തിനും ശാരീരിക വൈകല്യങ്ങൾക്കും വിട്ടുകൊടുക്കേണ്ടിവരുന്ന രാജ്യമാണ്‌ ഇന്നും ഇന്ത്യ. ഭക്ഷണവും കിടക്കാനൊരിടവും കൊടുത്താൽ പൊള്ളുന്ന ചൂടിലും ഹീനമായ പീഢനങ്ങളുടെ അകത്തളങ്ങളിലും വിദേശജോലി ചെയ്യാൻ മത്സരിക്കുന്ന അദ്‌ഭുതജീവികളുടെ നാടെന്നാണ്‌ ഇന്നും തൊഴിൽ രംഗത്ത്‌ ഭാരതതിന്റെ മുഖമുദ്ര.

പിന്നെ, കോൺഗ്രസിന്‌ അഭിമാനിക്കാനുള്ളത്‌ ഈയിടെയുണ്ടായ സാമ്പത്തീക വളർച്ച മാത്രം. മാന്ദ്യവും മൂല്യത്തകർച്ചയും ഒപ്പത്തിനുണ്ടുതാനും. അടിസ്ഥാന വിഭാഗങ്ങളെ അവഗണിച്ചുകൊണ്ട്‌ മേൽത്തട്ടിന്റെ ക്ഷേമം മാത്രം ലക്ഷ്യമാക്കിയുള്ള സാമ്പത്തിക വളർച്ച നേടാനാണെങ്കിൽ ബ്രിട്ടീഷുകാരുടെ ഏഴയലത്തു ചെല്ലാൻ കോൺഗ്രസ്സുകാർക്കു കഴിയുമൊ? ബ്രിട്ടീഷുകാരാണ്‌ ഭരിച്ചിരുന്നതെങ്കിൽ വിവേചനം സഹിക്കണമായിരുന്നെങ്കിലും എന്നേ നമ്മൾ ലോകത്തിലെ ഒന്നാമത്തെ സാമ്പത്തികശക്തിയായിത്തീർന്നേനെ! സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യം അതായിരുന്നില്ലല്ലൊ. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും കീഴിൽ നാം സർവവും ത്യജിച്ച്‌ പടപൊരുതിയത്‌ ഇതിനായിരുന്നൊ?. അതുകൊണ്ടു തന്നെ മറ്റുപാർട്ടികളിൽ നിന്നും വ്യത്യസ്തമായി കോൺഗ്രസ്‌ പാർട്ടിക്ക്‌ ജനങ്ങളോട്‌ ‘ഒരുത്തരവാദിത്തമുണ്ട്‌. ആ ഉത്തരവാദിത്തം ഇനിയെങ്കിലും നിറവേറ്റിയില്ലെങ്കിൽ കോൺഗ്രസിന്‌ വലിയൊരു തകർച്ചയായിരിക്കും നേരിടേണ്ടി വരിക. ഇതു പഴയ ഇന്ത്യയല്ല. സമഗ്രവികസനം സാദ്ധ്യമാക്കുന്ന എല്ലാ വിഭവങ്ങളും സാദ്ധ്യതകളും ഇന്ന്‌ നമുക്കുണ്ട്‌. അതൊരു വെല്ലുവിളിയായി കോൺഗ്രസ്‌ ഏറ്റെടുക്കണം.

അടിസ്ഥാന പ്രശ്നങ്ങളിൽ പ്രധാനമായ ദാരിദ്ര്യ നിവാരണം, വിദ്യാഭ്യാസം, തൊഴിൽ മേഖല, ആരോഗ്യമേഖല എന്നിവയിൽ ഏതെങ്കിലും ഒന്ന്‌ തിരഞ്ഞെടുത്ത്‌ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ തീർപ്പുണ്ടാക്കാൻ ശ്രമിക്കുക എന്നതായിരിക്കണം പ്രധാന ഭരണലക്ഷ്യം. തീർച്ചയായും സാമ്പത്തീക വളർച്ചയും വികസന പദ്ധതികളും മുന്നോട്ടു തന്നെ പോകണം. അതോടൊപ്പം നമ്മുടെ നേട്ടങ്ങളുടെ ഫലം എല്ലാ തട്ടുകളിലും എത്തിക്കുവാനുള്ള ഉത്തരവാദിത്തവും കാണിക്കണം. അതിലുപരി, വിജയകരമായി പ്രവർത്തിക്കുന്ന നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളാണ്‌ നിയന്ത്രണം വിട്ട സ്വകാര്യവത്‌ കരണത്തിന്റെ കളികളിൽ പിടിച്ചുനിൽക്കാനുള്ള തുറുപ്പുചീട്ടുകളെന്ന്‌ തിരിച്ചറിയുകയും വേണം. നല്ല കാര്യങ്ങൾക്ക്‌ എന്നും ജനങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടായിരിക്കും.

മറുവശം, പ്രതിപക്ഷങ്ങളാകട്ടെ പരാജയകാരണങ്ങൾ തലനാരിഴ കീറി വിലയിരുത്തി പരസ്പരം പഴി ചാരുകയാണ്‌. കുറേ നേതാക്കന്മാരുടെ കുറ്റം കണ്ടുപിടിച്ചു പുറത്താക്കിയാൽ എന്തു ഗുണം? പുതിയ കഴിവുകേടുകളുമായി പുതിയ നേതാക്കന്മാർ വരും, അത്രതന്നെ. പ്രതീക്ഷക്കു വക നൽകുന്ന രണ്ടാം നിര ഒരു പാർട്ടിയിലും വളർത്തിയെടുത്തിട്ടില്ല. ബി ജെ പി യുടെ പരാജയ കാരണം അറിഞ്ഞൊ അറിയാതെയൊ വെളിച്ചത്തുവന്ന വിഷം തന്നെയാണ്‌. ചില തന്ത്രങ്ങൾ ചില സ്ഥലങ്ങളിൽ വിജയിച്ചേക്കാം. പക്ഷെ ഇന്ന്‌ മാദ്ധ്യമങ്ങൾ വളരെ സജീവമാണ്‌. ഒരു സ്ഥലത്തു പയറ്റുന്ന, തരം താണ തന്ത്രങ്ങൾ എണ്ണമറ്റ മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്യുമ്പൊൾ മറ്റു സ്ഥലങ്ങളിൽ ഇരട്ടി നഷ്ടം വരുത്തും. എന്തൊക്കെ പറഞ്ഞാലും ഒരുകാര്യം ഉറപ്പിക്കാം. അടുത്ത ഊഴം പ്രതിപക്ഷത്തിനു തന്നെ. ചരിത്രം നോക്കിയാൽ കോൺഗ്രസ്സുകാരുടെ നിരുത്തരവാദിത്ത്വപരമായ പാരമ്പര്യം പ്രതിപക്ഷത്തിന്റെ പ്രതീക്ഷയാണ്‌. അതുകൊണ്ട്‌ പ്രതിപക്ഷക്കാർ കുറച്ചു കാലം ശാന്തരായി വിശ്രമിക്കുക. ഇടയ്‌ക്കൊക്കെ ഭരണപക്ഷത്തിന്റെ പാളിച്ചകൾ ജനങ്ങൾക്കു മുൻപിൽ തുറന്നു കാട്ടുക. സർക്കാർ ഭൂമിയും പൊതുമേഖലകളും നാമമാത്രമായ വിലയ്‌ക്ക്‌ കുത്തകകൾക്ക്‌ വിൽക്കുമ്പോൾ ആഞ്ഞടിക്കുക. നല്ലതു ചെയ്താൽ അതും പറയുക. അതിനാണ്‌ ജനങ്ങൾ കൂടുതൽ മാർക്കിടുക. വളർന്നു വരുന്ന എല്ലാവർക്കും അവസരം കൊടുക്കുന്നവരാണ്‌ ഭാരതത്തിലെ വോട്ടർമാർ.

ഇതൊക്കെയാണെങ്കിലും പണ്ടു ഗാന്ധിജി പറഞ്ഞുവച്ച മര്യാദകൾ പേരിനെങ്കിലും പാലിച്ചില്ലെങ്കിൽ ചിലപ്പൊൾ കാര്യങ്ങൾ കൈ വിട്ടുപൊകും. അതിൽ ഒന്നാമത്തെ കാര്യമാണ്‌ അഹിംസ. അതു വിട്ടൊരു കളിക്കും ജനങ്ങൾ കൂട്ടു നിൽക്കില്ല. പാവങ്ങളെയൊ ആദിവാസികളെയൊ ദളിതരെയൊ പീഢിപ്പിക്കുന്നവർക്ക്‌ ഭാര്യയുടെ വോട്ടുപോലും കിട്ടില്ല. ചാതുർവർണ്യത്തിന്റെ പീഢനങ്ങൾ സഹിക്കാനാകാതെയൊ അധികാരികളുടെ വാൾത്തലയെ ഭയന്നൊ ദാരിദ്ര്യത്തിൽ നിന്നു മോചനം കിട്ടുമെന്നു വ്യാമോഹിച്ചോ ഒരുകാലത്തു നിർബന്ധിതമായൊ അല്ലാതെയൊ മതം മാറിപ്പോയി എന്ന കാരണത്താൽ ഈ മണ്ണിൽ ജനിച്ചു വളർന്നവരെ പീഢിപ്പിക്കുന്നതാണോ ഭാരതത്തിന്റെ സംസ്‌കാരം? അതും ചരിത്രപരമായി നോക്കിയാൽ സ്വദേശിത്വം പൂർണ്ണമായും തെളിയിക്കപ്പെടാത്ത ചില ആര്യന്മാരുടെ പിൻ തുടർച്ചക്കാർ പോലും കറതീർന്ന ഭാരതമക്കളെ ജനിച്ച മണ്ണിൽ അഭയാർത്ഥികളാക്കാൻ ശ്രമിച്ചാൽ അത്‌ എങ്ങനെ അംഗീകരിക്കാനാകും? ആരെങ്കിലും മറ്റൊരാളേക്കാൾ കൂടുതൽ ഭാരതീയനാണെന്നു നടിച്ചാൽ അതു തിരിച്ചറിയാനുള്ള കഴിവ്‌ ജനങ്ങൾക്കുണ്ട്‌. അതുകൊണ്ട്‌ ഭാരതീയമൂല്യങ്ങളിലും സംസ്‌കൃതിയിലും വേരൂന്നിയ പഴയ ഉദാത്തമായ മാർഗം വീണ്ടെടുക്കുക. അതിൽ ഉറച്ചു നിൽക്കുക. ഒരുപക്ഷെ തീവ്രചിന്താഗതിക്കാരായ കുറെ പേരെ താത്‌കാലികമായി നഷ്‌ട്ടപ്പെട്ടേക്കാം. പകരം സമാധാനകാംക്ഷികളായ പല മടങ്ങ്‌ ജനങ്ങൾ കൂടെനിൽകും; ന്യൂനപക്ഷസമുദായക്കാർ പോലും. ഒടുവിൽ വിട്ടുപോയ തീവ്രചിന്താഗതിക്കാരും തിരികെ ചേരും. അടുത്ത തവണയൊ, ഭാഗ്യമുണ്ടെങ്കിൽ ഇടക്കാലത്തൊ കോൺഗ്രസുകാർ തന്നെ ബിജെപിക്ക്‌ അധികാരത്തിലേക്കുള്ള വഴിയുമൊരുക്കിത്തരും.

ചെങ്കൊടി മുന്നിലേന്തിയ മൂന്നാം മുന്നണിയാണ്‌ രാഷ്ര്ടീയ ത്രിമൂർത്തികളിൽ മൂന്നാമത്തേത്‌. ബംഗാൾ ഭരിക്കുന്ന, മൂന്നു പതിറ്റാണ്ടു പിന്നിട്ട, ലോകചരിത്രത്തിൽ ഏറ്റവും നീണ്ടുനിന്ന ബാലറ്റ്‌-കമ്യൂണിസ്റ്റ്‌ ഭരണത്തിന്റെ നേട്ടം ദാരിദ്ര്യം കൂടുതൽ പേർക്കു പങ്കുവയ്‌ക്കാൻ കഴിഞ്ഞു എന്നതു മാത്രമാണെങ്കിലും, അധികാരക്കൊതി കുറവുള്ള, കുതിരക്കച്ചവടങ്ങൾക്കു വഴങ്ങാൻ ബുദ്ധിമുട്ടുള്ള, അഴിമതിക്കാര്യങ്ങളിൽ പിന്നിലുള്ള കൂട്ടരെന്ന നിലയിൽ അവരെ ജനം തിരിച്ചറിയുന്നുണ്ട്‌. അത്‌ കേന്ദ്രം ഭരിക്കാനുള്ള യോഗ്യതയായി അംഗീകരിക്കാൻ കഴിയുന്നില്ലെന്നു മാത്രം. എങ്കിലും സമാന ചിന്താഗതിക്കാരെല്ലാം ചേർന്ന്‌ ഒരു മുന്നണി എന്ന നിലയിൽ ഉറച്ചു നിന്നാൽ ഒരു മൂന്നാമൂഴത്തിന്‌ എല്ലാ സാദ്ധ്യതകളുമുള്ളവരാണ്‌ മൂന്നാം മുന്നണിക്കാർ. )ഈ ’മൂന്നാം മുന്നണി‘ എന്ന പേര്‌ പുതുക്കി ’സ്വതന്ത്ര സോഷ്യലിസ്റ്റ്‌ മുന്നണി‘ എന്നെങ്ങാനുമാക്കിയാൽ എത്ര നന്നായിരുന്നു!) പക്ഷേ ഒരു കാര്യം കട്ടായം. ഇലക്ഷനു മുൻപ്‌ തന്നെ തങ്ങളുടെ കൂടെ ആരൊക്കെയുണ്ടെന്നും ഇല്ലെന്നും പ്രധാനമന്ത്രി ആരായിരിക്കുമെന്നും പറഞ്ഞേ പറ്റൂ. ഗാന്ധിജിയുടെ ആശ്രമസങ്കൽപ്പങ്ങളുടെ പിന്തുടർച്ചയും നെഹ്രു വിഭാവനം ചെയ്ത സോഷ്യലിസവും പോലെയാണ്‌ തങ്ങളുടെ നയങ്ങളെന്നും ചെറുതായി ജനങ്ങളെ ബോധിപ്പിക്കാൻ കഴിഞ്ഞാൽ വൈകിയാണെങ്കിലും വഴി താനേ തെളിയും. അതല്ല അടുത്ത ഊഴം തന്നെ വേണമെന്നുണ്ടെങ്കിൽ അൽപം കൂടി കടന്ന കൈകൾ ചെയ്യേണ്ടി വരും. കേന്ദ്രത്തിന്റെ പീഢനം സഹിക്കാനാകുന്നില്ല എന്നും ഇതുമൂലം സംസ്ഥാനത്തിന്റെ വികസനം സ്തംഭിക്കരുതെന്നു തങ്ങൾ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ്‌, മൂന്നാം മുന്നണിയിൽപ്പെട്ടവരിൽ സംസ്ഥാനങ്ങൾ ഭരിക്കുന്നവർ ഒഴിഞ്ഞുകൊടുക്കുക. കൂടാതെ, തങ്ങൾക്ക്‌ രാജ്യമാണ്‌ വലുതെന്നും, തങ്ങൾ അധികാരത്തിലെത്തിയാൽ മറ്റു പാർട്ടികളിലെ ചില കഴിവുള്ളവർക്കു പോലും മന്ത്രിസ്ഥാനം കൊടുക്കുമെന്നും കൂടി പറഞ്ഞാൽ ശക്ത്തമായ ഒരു വീണ്ടെടുപ്പ്‌ സാധ്യമായേക്കും. അൽപം കൈ വിട്ട കളിയായി തോന്നുമെങ്കിലും പേടിക്കാനൊന്നുമില്ല. കാരണം, സുഖലോലുപരായ കോൺഗ്രസുകാർ ഈ അവസരം മുതലാക്കി ആത്മാർഥ ഭരണമൊന്നും നടത്താൻ ഒരു സാധ്യതയുമില്ല. മാത്രമല്ല കേരളത്തിലേതുപോലെ ചേരിപ്പൊരും പ്രശ്നങ്ങളും രൂക്ഷമായ സാഹചര്യങ്ങളെ അതിജീവിക്കാ​‍ുള്ള സാവകാശം കിട്ടുകയും ചെയ്യും.

എന്തൊക്കെയായാലും ചില കാര്യങ്ങൾ നാം തിരിച്ചറിയണം. നിയോഗത്താലൊ നിർബ്ബന്ധത്താലൊ നേതാക്കളായവരല്ല ഇന്നുള്ളവരിൽ അധികവും. നിലനിൽപ്പിനുവേണ്ടി ആകുന്ന വിദ്യകളെല്ലാം പയറ്റുന്നവരും അധികാരത്തിന്റെയും പണത്തിന്റെയും മത്തുപിടിച്ചവരുമാണെങ്ങും. അതിനിടയിൽ അൽപമെങ്കിലും നന്മ കൈവശമുള്ളവരെ ജനങ്ങൾ എപ്പൊഴും തിരിച്ചറിയുന്നുണ്ട്‌. അഹിംസയുടെ മഹാത്മാവ്‌ ജീവിച്ച ഈ മണ്ണിൽ ആർക്കും ജയിക്കാനാകാത്ത ക്വൊട്ടേഷൻ സംസ്‌കാരത്തിലേക്ക്‌ സ്വയം വലിച്ചിഴക്കപ്പെടാതെ ഉള്ളത്‌ ഒരുമയൊടെ പങ്കിടാൻ ശ്രമിക്കുന്നതാണ്‌ രാജ്യത്തിനും പാർട്ടികൾക്കും അഭികാമ്യം. അതാണ്‌ നേർവഴി. സാത്വിക രാഷ്ര്ടീയം അന്യം നിന്നാലും ഒത്തുതീർപ്പിന്റെ സാഹോദര്യമാണ്‌ അറുപതു കഴിഞ്ഞ, പക്വതയെത്തിയ നമ്മുടെ ജനാധിപത്യത്തിന്റെ അഴക്‌. ആ നിറവിലാകട്ടെ നമ്മുടെ അടുത്ത മാമാങ്കം!

മാത്യൂസ്‌ കുറിയാക്കോസ്‌

ANCG - 47413,

POB - 11193,

Dubai.


Phone: 0971506526187




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.