പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഇങ്ങനെയും ഒരു നേതാവ്‌ ഉണ്ടായിരുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവി കുറ്റിക്കാട്‌

കഴിഞ്ഞ ദിവസം പത്രങ്ങളിൽ ഒരു വാർത്ത കണ്ടു - പെരളശ്ശേരിയിലെ എ.കെ. ഗോപാലന്റെ വീട്‌ സർക്കാർ ഏറ്റെടുക്കുന്നു! അവകാശി പൊളിക്കാൻ തുടങ്ങിയ വാർത്ത പത്രങ്ങൾ വഴി അറിഞ്ഞപ്പോഴാണ്‌ ഈ സർക്കാർ നടപടി. നന്നായി. പാവങ്ങളുടെ ആ പടത്തലവന്റെ ഓർമ ഇങ്ങനെ നിലനിർത്തേണ്ടതാണ്‌.

വാർത്ത കണ്ടപ്പോൾ ഞാൻ എ.കെ.ജിയുടെ ഓർമകളിലേക്ക്‌ മടങ്ങി. ഞാൻ പാർട്ടി പത്രത്തിൽ ജോലിക്ക്‌ കയറിയപ്പോൾ അമ്മ പറഞ്ഞത്‌ ഇപ്പോഴും ഓർമ്മിക്കുന്നു. ഒരു സന്ധ്യാനേരത്ത്‌ വീടിന്റെ ഇറയത്ത്‌ അമ്മ നാമം ജപിച്ചിരിക്കുകയായിരുന്നു. അപ്പോൾ വീട്ടിലെത്തിയ ഞാൻ അമ്മയോട്‌ ജോലി കിട്ടിയ വിവരം പറഞ്ഞു. അമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. - “ നിനക്ക്‌ ഇഷ്‌ടമാണെങ്കിൽ പൊയ്‌ക്കോ, നിനക്ക്‌ എ.കെ.ജി.യെ പരിചയപ്പെടാം. വളരെ പണ്ട്‌ നിന്റെ അച്ഛൻ ഒരു ട്രയിൻ യാത്രക്കിടയിൽ എ.കെ.ജിയെ കണ്ടതും സംസാരിച്ചതുമെല്ലാം പറഞ്ഞു കേട്ടിട്ടുണ്ട്‌. നിന്റെ അച്ഛൻ കോൺഗ്രസ്‌കാരനായിരുന്നെങ്കിലും മരിക്കുന്നതുവരെ എ.കെ.ജി.യെ. ആരാധിച്ചിരുന്നു.”

മുപ്പത്‌ വർഷത്തെ പത്രപ്രവർത്തന ജീവിതത്തിനിടയിൽ ആരാണ്‌ ഞാൻ ആരാധിക്കുന്ന രാഷ്‌ട്രീയനേതാവ്‌? ഒരേ ഒരുത്തരമേ ഉള്ളു - എ.കെ.ജി. ഈ കാലയളവിൽ എത്രയോ നേതാക്കന്മാരെ കണ്ടുമുട്ടിയിയിരിക്കുന്നു! പലതരക്കാർ, ജാഡക്കാർ, ഇല്ലാത്ത തലക്കനം ഭാവിക്കുന്നവർ, ലോകം മുഴുവൻ സ്വന്തം കാൽകീഴിലാണെന്ന്‌ കരുതുന്നവർ, സർവരെയും പുച്ഛിക്കുന്നവർ.... ഇവരിൽ നിന്നെല്ലാം വേറിട്ട വ്യക്തിത്വങ്ങൾ വിരലിലെണ്ണാവുന്നവരെയുള്ളൂ. അവരിൽ എന്തുകൊണ്ടും കറകളഞ്ഞ മനുഷ്യൻ സഖാവ്‌ എകെജിയാണ്‌.

രണ്ട്‌ അപൂർവ സന്ദർഭങ്ങളിലാണ്‌ എ.കെ.ജിയെ നേരിട്ടുകാണാനും പരിചയപ്പെടാനും കഴിഞ്ഞത്‌. മനസ്സിൽ ആ രേഖാചിത്രം നിറപ്പകിട്ടോടെ തൂക്കിയിടാൻ അത്‌ ധാരാളം മതി. അടിയന്തിരാവസ്‌ഥയുടെ ഏതാനും നാളുകൾക്ക്‌ മുമ്പാണ്‌. എ.കെ.ജി ഭാര്യ സുശീലയോടൊപ്പം പത്രമാപ്പീസിലേക്ക്‌ കടന്നുവന്നു. കൂടെ കൊച്ചിയുടെ മുൻമേയറും എ.കെ.ജിയുടെ ബന്ധുവുമായ കെ. ബാലചന്ദ്രനും ഉണ്ട്‌. എ.കെ.ജി വരുമ്പോഴാണ്‌ പത്രമാപ്പീസിൽ അനക്കം ഉണ്ടാകുന്നത്‌. കമ്പോസ്‌ മുറിയിലെ തൊഴിലാളികൾ ഓടി എത്തും. അവരുടെ നാടും വീടും കുടുംബവിശേഷവുമൊക്കെ എകെജി ചോദിച്ചറിയും. തോളിൽ തട്ടിയും തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും അവരിൽ ഒരാളായി മാറും. അവരുടെ അകമ്പടിയോടെയായിരിക്കും പത്രാധിപർമാരുടെ മുറിയിലേക്ക്‌ കടക്കുക. വിവരമറിഞ്ഞ്‌ മാനേജർ പി. കണ്ണൻ നായരുമെത്തും. അവിടെയുള്ളവരും എകെജിക്ക്‌ ചുറ്റും കൂടും സൗഹൃദം പങ്ക്‌ വെക്കലായി.

പതിവുപോലെ അന്നും എകെജി പരിവാര സമേതം പത്രാധിപരുടെ മുറിയിലിരുന്നു. മാനേജരെ വിളിച്ച്‌ കൈയക്ഷരം നന്നാവുന്ന ഒരാളെ വിളിക്കാൻ പറഞ്ഞു. സഹപത്രാധിപട്രയിനിയായിരുന്ന എന്നെ വിളിപ്പിച്ചു. എന്റെ പേരും തസ്‌തികയും മാനേജർ പറഞ്ഞു. എകെജി ഇരിക്കാൻ പറഞ്ഞു. നാട്‌ ചോദിച്ചു. താമസം എവിടെയാണെന്നും. മേശക്കരുകിലെ ബാഗ്‌ തുറന്ന്‌ എകെജി ലെറ്റർ പാഡ്‌ എടുത്തു തന്നു. പോക്കറ്റിൽ കിടന്ന ഹീറോ പേനയും എന്നിട്ട്‌ പറഞ്ഞു - ‘എന്റെ മണ്ണിന്റെ മാറിൽ’ എന്ന പുസ്‌തകം മാക്‌മില്ലൻകാർ ഇംഗ്ലീഷിലാക്കുന്നുണ്ട്‌. സമ്മതമാണെന്ന്‌ പറഞ്ഞ്‌ കത്തയക്കണം. താൻ ഒരു കത്തെഴുത്‌ നോക്കട്ടെ.“

ഞാൻ വിയർക്കാൻ തുടങ്ങി. ലോകത്തിലെ തന്നെ വലിയ പ്രസാധകരാണ്‌ മാക്‌മില്ലൻ. കത്തെഴുതുന്നതാകട്ടെ പാർലമെന്റ്‌ അംഗം എകെജിയും. സാധാരണ ഒരു കത്ത്‌ എഴുതലല്ല. പ്രസാധകനും ഗ്രന്ഥകാരനും തമ്മിലുള്ള കരാർ ഉറപ്പിക്കലാണ്‌. കത്തെഴുതി ശീലമുള്ള ഒരാൾക്കേ അതിന്റെതായ ശൈലിയിൽ എഴുതാനാവൂ. ജോലിക്ക്‌ അപേക്ഷ പോലും അയച്ച്‌ ശീലമില്ല. പഠിക്കുമ്പോൾ അധ്യാപകന്‌ അവധി അപേക്ഷ നൽകിയിട്ടുണ്ട്‌. അതിനൊരു സ്‌ഥിരം പല്ലവിയുണ്ടല്ലോ. ‘ആസ്‌ അയാം സഫറിംഗ്‌ ഫീവർ ആന്റ്‌ ഹെഡ്‌എയ്‌ക്ക്‌.....’ എകെജിയുടെ മനോഹരമായ ലെറ്റർ പാഡിൽ എകെജിയുടെ ഹീറോ പേന തുറന്ന്‌ ഞാൻ എഴുതാൻ തുടങ്ങി. എഴുതും വെട്ടും, എഴുതും വെട്ടും. വാക്കുകൾ വരുന്നില്ല. എകെജി ഇതൊന്നും ശ്രദ്ധിക്കുന്നില്ല. ഓരോരോ കുശലം പറയുന്നു, ചിരിക്കുന്നു. സമയം അങ്ങനെ പോയി.

കുറേ കഴിഞ്ഞപ്പോൾ എകെജി എന്റെ നേർക്കായി എന്തായടോ..... കഴിഞ്ഞോ

ഞാൻ പരുങ്ങി.

എന്റെ പരിഭ്രമം കണ്ടാവാം എകെജി സൗമ്യതയോടെ

എന്നാൽ താൻ വായിക്ക്‌, കേൾക്കട്ടെ.

എഴുതിയില്ലെന്ന്‌ പറഞ്ഞു.

എഴുതിയിടത്തോളം വായിക്കെന്നായി എകെജി.

ഒന്നു രണ്ടുവരി വായിച്ചു. ഉടനെ എകെജി താൻ എത്രവരെ പഠിച്ചു.

എം.എ.

ഇതിന്‌ സ്‌ക്കൂൾ ഫൈനൽ സ്‌റ്റൻഡേർഡ്‌ ഇല്ലല്ലോ

കേട്ട്‌ നിന്നവരിൽ നിന്ന്‌ പരിഹാസ ചിരി

എകെജി മാത്രം ചിരിച്ചില്ല.

അപ്പോൾ ഞാൻ എകെജിയെ കുറിച്ച്‌ കേട്ട കഥകൾ ഓർമ്മിച്ചു. സ്‌ക്കൂൾ ഫൈനൽ വരെ എകെജി പഠിച്ചിട്ടുള്ളൂ. കുറെ നാൾ അധ്യാപകനായി. ജയിലിൽ കിടക്കുമ്പോൾ സ്വന്തം കേസ്‌ പഠിച്ച്‌ കോടതിയിൽ വാദിച്ചതായി കേട്ടിട്ടുണ്ട്‌. പാർലമെന്റിൽ ഇംഗ്ലീഷിൽ പ്രസംഗിക്കും. ആ പ്രസംഗത്തിൽ ഇംഗ്ലീഷ്‌ പദസമ്പത്തോ വ്യാകരണമോ ചികഞ്ഞ്‌ നോക്കിയാൽ കാണില്ല. പക്ഷെ എകെജിയുടെ ആശയം വ്യക്തമാകും. ഭാഷ പരസ്‌പരാശയ വിനിമയത്തിനുള്ളതാണെന്ന വ്യക്തമായ ധാരണയിലാണ്‌ എകെജി ഇംഗ്ലീഷിൽ സംസാരിക്കുന്നത്‌. അക്കാര്യത്തിൽ മടിയോ ജാള്യതയോ ഇല്ലതാനും. അങ്ങനെയുള്ള പ്രസംഗങ്ങളെ കുറിച്ച്‌ ഞാൻ കേട്ടിട്ടുണ്ട്‌.

ഇതിനിടയിൽ എന്റെ കയ്യിൽ നിന്ന്‌ പാഡ്‌ വാങ്ങി കെ. ബാലചന്ദ്രൻ എഴുതി എന്നെ വായിച്ച്‌ കേൾപ്പിച്ചു. ഞാൻ എഴുന്നേറ്റ്‌ പോകുമ്പോൾ എകെജി എന്റെ കയ്യിൽ കയറി പിടിച്ചു. വിഷമമായോ ഞാൻ തലകുമ്പിട്ട്‌ നടന്നപ്പോൾ എകെജി മേശപ്പുറത്ത്‌ ഞാൻ വെച്ച ഹീറോ പേന നീട്ടി പറഞ്ഞു. ഇത്‌ നിന്റെ കയ്യിൽ വച്ചോ (അക്ഷരാർത്ഥത്തിൽ ആ സ്‌നേഹത്തിന്റെ മുന്നിൽ ഞാൻ കരഞ്ഞില്ലെന്നേയുള്ളൂ. എനിക്ക്‌ വിഷമം ഉണ്ടാകുമെന്ന്‌ മനസ്സിലാക്കിയാണ്‌ ആ പേന തന്നതെന്ന്‌ ഞാൻ കരുതുന്നു).

എകെജി തന്ന ആ പേന വർഷങ്ങളോളം ഞാൻ സൂക്ഷിച്ചു വെച്ചു. ഇതിനിടയിൽ എന്റെ ബന്ധു പരീക്ഷയെഴുതാൻ കൊണ്ടുപോയി പേന നഷ്‌ടപ്പെടുത്തി. ആ പരിഭവം ഇന്നും ആ ബന്ധുവിനെ കാണുമ്പോൾ ഞാൻ പ്രകടിപ്പിക്കാറുണ്ട്‌.

ഒരു തവണ കൂടി പത്രമാപ്പീസിൽ എകെജി വന്നപ്പോൾ ഞാൻ കണ്ടു. ഹൃദ്യമായിരുന്നു ആ പരിചയം പുതുക്കൽ. ഒരിക്കൽ എറണാകുളം സൗത്ത്‌ റയിൽവേസ്‌റ്റേഷനിലെ ഒരു രംഗത്തിനും ഞാൻ സാക്ഷ്യം വഹിച്ചു. മദിരാശിയിൽ നിന്നുള്ള ട്രയിൻ സ്‌റ്റേഷനിൽ വന്നപ്പോൾ സിനിമാതാരങ്ങളായ സോമനും ജയഭാരതിയും ട്രയിനിറങ്ങുന്നത്‌ കണ്ടു. റയിൽവേപോർട്ടർമാർ ഉൾപ്പടെ നൂറ്‌ കണക്കിന്‌ ആരാധകർ അവരെ പൊതിഞ്ഞു. അപ്പോഴാണ്‌ ട്രയിൻ കയറാൻ എകെജി അവിടെയെത്തുന്നത്‌. ആരോ എകെജി എന്ന്‌ ഉച്ചത്തിൽ വിളിച്ച്‌ പറയുന്നത്‌ കേട്ടു. ആരാധകർ സോമനേയും ജയഭാരതിയേയും വിട്ട്‌ എകെജിയ്‌ക്ക്‌ ചുറ്റുമായി, അവരുടെ പിറകെ സോമനും ജയഭാരതിയും എകെജിയെ കാണാനെത്തി. എകെജിയായി താരം. ഒരു ക്യാമറയുണ്ടെങ്കിൽ ആ രംഗം പകർത്തി ഒരു ചെറിയ ഫീച്ചറെഴുതാമെന്ന മോഹം എനിക്കുണ്ടായി. ഈ മനുഷ്യൻ പോവുന്നിടത്തെല്ലാം ഇതായിരുന്നു അനുഭവം. ജനകീയനായ ഒരു നേതാവിന്റെ എല്ലാ പരിവേഷവും എകെജിയ്‌ക്കുണ്ടായിരുന്നു. അതാവാം ആ മനുഷ്യനെ ജനഹൃദയങ്ങളിലെ വീരനായകനാക്കിയത്‌. മറ്റ്‌ നേതാക്കൾക്ക്‌ അതില്ലാതെ പോയതും അത്‌ തന്നെ.

രവി കുറ്റിക്കാട്‌

ത്രിവേണി,

എളമക്കര,

കൊച്ചി-26.


Phone: 9895637118
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.