പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

നാടക നവോത്ഥാന മഹോത്സവത്തിന്റെ - അനുഭവസാക്ഷ്യങ്ങളും, അനുരണനങ്ങളും!!

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കാവിൽരാജ്‌

കേരള സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരുന്ന മലയാളനാടകത്തിന്റെ നവോത്ഥാന മഹോത്സവമായി മാറിയ പ്രൊഫഷണൽ നാടക മത്സരം 2009 മെയ്‌ 21 മുതൽ 30 വരെയുള്ള പത്തുദിവസങ്ങളിൽ തൃശ്ശൂർ കെ.ടി. മുഹമ്മദ്‌ സ്‌മാരക തിയറ്ററിൽ അരങ്ങേറുകയുണ്ടായി.

പ്രൊഫഷണൽ നാടക വിഷയങ്ങൾ

“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ

മർത്ത്യന്‌ തൻ ഭാഷ പെറ്റമ്മതാൻ

മാതാവിൻ വാത്സല്യദുഗ്‌ധം നുകർന്നാലേ

പൈതങ്ങൾ പൂർണ്ണ വളർച്ചനേടൂ”

മാതൃഭാഷയുടെ ചൈതന്യം ആവാഹിച്ചെടുത്ത മഹാകവി വള്ളത്തോളിന്റെ, ഈരടികൾക്കടിവരയിട്ടുകൊണ്ടെഴുതുന്ന “അമ്മ മലയാളം” അക്ഷരങ്ങൾക്ക്‌ ആത്മാവിൽ അരങ്ങൊരുക്കിയ ഒരു കവിയുടെ മനസ്സ്‌ തുറന്നു കാണിക്കുന്നു. സ്‌നേഹം അലങ്കാരവും വൃത്തവുമാക്കി അക്ഷരത്തെറ്റുകളില്ലാതെ എഴുതിത്തുടങ്ങിയ ഒരു കുടുംബകാവ്യം. വിധിയുടെ ഗണം തിരിക്കലിൽ അർത്ഥഭേദം വന്ന്‌ പടുകവിതയായ്‌ മാറിയപ്പോൾ പതറിപ്പോയ ഒരു ഭ്രാന്തൻ കവിയുടെ മനസ്സിലൂടെ കടന്നു പോകുന്ന വിവിധ കഥാപാത്രങ്ങൾ തുഞ്ചന്റെ പൈങ്കിളിപൊഴിച്ച പൊൻ തൂലികയിൽ ഹൃദയരക്തം കൊണ്ട്‌ കോറിയിട്ട ആത്മരോദനം തന്നെ‘ അമ്മ മലയാളം“. മാതാവും മാതൃഭൂമിയും മാതൃഭാഷയും, എന്തിന്‌ മനുഷ്യത്വം തന്നെ ’ഔട്ട്‌ ഓഫ്‌ ഫാഷൻ‘ ആയ വർത്തമാനസംസ്‌ക്കാരിക സാമൂഹിക ഭൂമികയിൽ ഒരാത്മപരിശോധനയ്‌ക്കുള്ള ആത്മാർത്ഥ ശ്രമമെന്ന നിലയിൽ അമ്മ മലയാളത്തെ സ്വീകരിയ്‌ക്കാവുന്നതാണ്‌.

തെയ്യം കലാകാരന്മാരുടെ കഥയാണ്‌ ഒറ്റക്കോലം. - തെയ്യം കെട്ടി വിഷ്‌ണു മൂർത്തിയായി ഉറഞ്ഞ്‌ തിന്മകളുടെ പര്യായമായ ഹിരണ്യകശിപുവിനെ വധിച്ച്‌ കനലാട്ടം നടത്തുന്ന തീച്ചാമുണ്ഡി തെയ്യം കഥയുടെ പൊരുൾ അനാവരണം ചെയ്യുന്നത്‌ വർത്തമാന കാലജീവിതയാഥാർത്ഥ്യങ്ങളിലൂടെയാണ്‌. ആറുമാസം ദൈവമായും ആറുമാസം പട്ടിണിയുമായി, തമ്പുരാക്കന്മാരുടെ മുന്നിൽ തീണ്ടാപ്പാടകലെ നിൽക്കേണ്ടി വരുന്ന തെയ്യം കലാകാരൻ രാമൻ പെരുമലയന്റെ ജിവിതകഥയാണ്‌ ’ഒറ്റക്കോല‘ത്തിലൂടെ എഴുന്നെള്ളിക്കുന്നത്‌.

കമ്മൂണിസ്‌റ്റ്‌ പാർട്ടിയ്‌ക്കുവേണ്ടി നാടകം കളിക്കുകയും വിമോചന സമരകാലത്ത്‌ നടന്ന ആക്രമണത്തിൽ ഒരു കാൽ നഷ്‌ടപ്പെട്ട കരുണനാശാൻ എന്ന നാടക പ്രവർത്തകനാണ്‌ ’കനൽപ്പാത‘യിലെ മുഖ്യ കഥാപാത്രം. 1940 മുതൽ കമ്മ്യൂണിസ്‌റ്റു പാർട്ടിക്കൊപ്പം വളർന്ന ഇടതുപക്ഷനാടകങ്ങളുടെ ഒരു പരിപ്രേക്ഷ്യം കൂടിയാണീ നാടകം. കേരളത്തിലെ ഇന്നിന്റെ സാമൂഹിക രാഷ്‌ട്രീയ പശ്ചാത്തലത്തിലേയ്‌ക്കാണ്‌ നാടകംകൊണ്ടെത്തിയ്‌ക്കുന്നത്‌. അരങ്ങുകളിൽ വിപ്ലവജ്വാല തെളിയിച്ച രാഷ്‌ട്രീയ നാടകങ്ങളെയും നാടക കൃത്തുക്കളെയും അരങ്ങിൽ പരിചയപ്പെടുത്തുന്ന പ്രക്രിയ പുതു തലമുറയ്‌ക്ക്‌ ചിന്തിക്കുവാനും, പഴയ തലമുറക്ക്‌ ഓർമ്മിച്ച്‌ കോൾമയിർക്കൊള്ളുവാനും സാധിക്കുന്നു.

മദ്യപിച്ചു തുടങ്ങുമ്പോൾ സ്വന്തം ശരീരത്തിലെ കരളിനോടും, മദ്യപിച്ച്‌ ഉന്മത്തനാകുമ്പോൾ എല്ലാം സഹിക്കുന്ന ഭാര്യയോടും മദ്യപാനികൾ ’കരളേ മാപ്പ്‌‘ എന്നു പറയുന്നിടത്താണ്‌ ആ നാടകം ആരംഭിക്കുന്നത്‌. മദ്യപാനം കൊണ്ട്‌ അനാഥനാക്കപ്പെട്ട എഴുവയസ്സുകാരന്റെ മദ്യരഹിതമായ ഒരു രാജ്യം എന്ന സ്വപ്‌നമാണ്‌ നാടകത്തിന്റെ ഇതിവൃത്തം. ഏഴു വയസ്സിൽ തന്റെ സ്വപ്‌നങ്ങൾ ബാക്കിവെച്ച്‌ മരണത്തിനു കീഴടങ്ങിയ കുട്ടിയുടെ ഡയറിക്കുറിപ്പുകളിലൂടെയാണ്‌ ’ കരളേ മാപ്പ്‌‘ എന്ന നാടകം മുന്നോട്ടു പോകുന്നത്‌. ഒരു വർഷം നാലായിരം കോടിയിലധികം രൂപയുടെ മദ്യം വാങ്ങുന്ന മലയാളി രണ്ടായിരം കോടി രൂപയുടെ അരി വാങ്ങുന്നില്ല എന്ന സത്യത്തിൽ നിന്നാണ്‌ നാടകം ജനിക്കുന്നത്‌.

തീണ്ടലുള്ള ദൈവത്തിന്റ ഇതിവൃത്തവുമായി ’കരിങ്കുട്ടി‘യെന്ന സാമൂഹ്യ നാടകം ജനശ്രദ്ധനേടി. ശ്രീകോവിലിനകത്തോ ചുറ്റുമതിലിനുള്ളിലോ വീടിന്റെ മച്ചകത്തോപോലും സ്‌ഥാനമില്ലാതെ ഇന്നു പടിക്കുപുറത്ത്‌ തീണ്ടപ്പാടകലെ നിർത്തിയിട്ടുള്ള കരിങ്കുട്ടിദൈവത്തിന്റെ കഥയിലൂടെ, ദൈവങ്ങളെ ശാപമോക്ഷം നൽകി മനുഷ്യൻ പുനഃസൃഷ്‌ടിക്കാമെന്നും മനുഷ്യന്റെ മനോവിചാരങ്ങൾക്കും വികാരങ്ങൾക്കുമൊത്ത്‌ പ്രവർത്തിപ്പിക്കാവുന്ന പ്രതിരോധശക്തിയാക്കി മാറ്റാമെന്നും ’കരിങ്കുട്ടി‘ ധ്വനിപ്പിക്കുന്നു. കരിങ്കല്ലിന്റെയും, കറുപ്പിന്റെയും ബന്ധനമനുഭവിക്കുന്ന കരിങ്കുട്ടിയെ കഷ്‌ടകാലത്തിന്റെ ചില അവസ്‌ഥകളിൽ പുനർജനിപ്പിക്കാമെന്നുള്ള സന്ദേശവും നാടകം പ്രേക്ഷകർക്കു നൽകുന്നുണ്ട്‌.

നാടുവാഴിത്തത്തിന്റെ പ്രൗഡിയും പ്രശസ്‌തിയും നിലനിൽത്താൻ അങ്കത്തറകളിൽ മരിച്ചുവീഴുന്നവരുടെ അന്തഃസംഘർഷം ഇതിവൃത്തമാക്കി, തലമുകളിൽ നിന്ന്‌ തലമുറകളിലേയ്‌ക്കു പകർന്നുകിട്ടിയ കടത്തനാടൻ വീരഗാഥയുടെ ഒരു പരിഛേദമാണ്‌ തച്ചോളി ഒതേനൻ എന്ന ചരിത്ര നാടകം.

സമകാലിക കേരളീയസാമൂഹിക ജീവിതത്തിന്റെ നൊമ്പരക്കാഴ്‌ചകൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ്‌ നേർക്കാഴ്‌ച’ എന്ന സാമൂഹ്യനാടകം. നാടിന്റെ ചരിത്രം ജനതയുടെ ചരിത്രമാണെങ്കിൽ അത്‌ തിരയേണ്ടത്‌ അച്ചടിച്ചവരികളിലല്ലെന്നും, സമ്പത്തും സ്വാധീനവും ആൾബലവുമില്ലാത്ത പാവപ്പെട്ടവന്‌ ഒരിക്കലും ചരിത്രപുസ്‌തകത്തിൽ ഇടമുണ്ടാകില്ലെന്നും അവന്റെ ജീവനുൾപ്പെടെ എന്തും ആർക്കും കവർന്നെടുക്കാമെന്നും നാടകം തെളയിക്കുന്നു. നീതി നിക്ഷേധിക്കപ്പെട്ട നന്മ നിരാകരിക്കപ്പെട്ട ഒരു ഭാരതീയന്റെ കല്‌പിത കഥയെക്കാൾ വിചിത്രമായ അനുഭവങ്ങളുടെ സാക്ഷാത്‌ക്കാരമാണ്‌ ‘നേർക്കാഴ്‌ച’ എന്ന നാടകത്തിലൂടെ ആവിഷ്‌ക്കരിക്കുന്നത്‌.

സൂര്യൻ അസ്‌തമിയ്‌ക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ, ഇൻഡ്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായ ഒരു കൂട്ടം യുവാക്കളുടെ ജീവിതകഥയാണ്‌ ‘ഭഗത്‌സിങ്ങ്‌’ എന്ന നാടകം പറയുന്നത്‌. സ്വാതന്ത്ര്യസമര പോരാളികളെയും, ദേശസ്‌നേഹികളെയും തെരുവിലിട്ട്‌ മർദ്ദിക്കുകയും കൊല്ലുകയും ചെയ്‌ത ബ്രിട്ടീഷുകാർക്കെതിരെ ‘ഭഗത്‌സിങ്ങ്‌’ നടത്തിയ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണിത്‌.

മഹാഭാരതകഥയിലെ രണ്ടാം ഊഴക്കാരനായ ഭീമന്റെ കാഴ്‌ചപാടിലൂടെ വ്യാസൻ മൗനം പാലിച്ച ചില നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ഇതിവൃത്തമാണ്‌ ‘ഭീമസേനൻ എന്ന നാടകത്തിൽ സ്വീകരിച്ചിരിക്കുന്നത്‌. പാർശ്വവൽക്കരിയ്‌ക്കപ്പെടുന്ന മനുഷ്യരുടെ ദുഃഖം എന്നും എവിടെയും ഒന്നാണെന്നും സ്‌ത്രീയുടെ മാനം ചതുരംഗപ്പലകയിലെ കുരുവല്ലെന്നും വ്യക്തമാക്കുന്ന ഭീമന്റെ മാനസികാപഗ്രഥനമാണീ നാടകം.

പാതിവഴിയിൽ അറിവിന്റെ പടിയിറങ്ങേണ്ടി വന്നവരുടെയും സമ്പന്നന്റെയും ചരിത്രത്തിൽ ഇടമില്ലാത്തവരുടെയും കഥയാണ്‌ ’സന്ദേശകാവ്യം‘ എന്ന നാടകത്തിൽ വ്യക്തമാക്കുന്നത്‌. ജീവിതത്തിന്റെ പുറമ്പോക്കിൽ ഒതുങ്ങിക്കൂടുന്ന മണ്ണിന്റെ മക്കളുടെ കഥകൂടിയാണ്‌ സന്ദേശകാവ്യം.” കോടതിയുടെ നിർദ്ദേശത്തോടെ അവതരിപ്പിച്ച ’അവതാര പുരുഷൻ‘ സ്‌ത്രീവേഷം അവതരിപ്പിച്ച്‌ പേരും പ്രശസ്‌തിയും നേടിയെടുത്ത മികച്ച നടൻ ’ഓച്ചിറ വേലുകുട്ടി‘ യെന്ന മനുഷ്യന്റെ ജീവിതകഥ തുറന്നു പറയുന്നു.

പ്രൊഫഷണൽ നാടകങ്ങളുടെ

പ്രശസ്‌തിയും, പ്രസക്തിയും

പ്രൊഫഷണൽ നാടകങ്ങളാണ്‌ പ്രസിദ്ധിയാർജ്ജിച്ചു നിൽക്കുന്നത്‌. അതങ്ങിനെതന്നെ ആയിരിക്കുകയും വേണം. കാരണം പ്രൊഫഷൻ സ്വീകരിച്ചവരാണ്‌ അണിയറയിലും അരങ്ങത്തും ജീവിക്കുന്നവർ. എത്രയോ കുടുംബങ്ങൾ അതുകൊണ്ടു ജീവിതം നിലനിർത്തിക്കൊണ്ടുവരുന്നു. എത്രയോകലാകാരന്മാർക്ക്‌ ജീവിതം നൽകിവരുന്നു. അത്തരം കലാകാരന്മാർക്കാവശ്യമായ സുരക്ഷയും, ജീവിതസൗകര്യങ്ങളും സർക്കാർ തലത്തിൽ തന്നെ ചെയ്‌തുകൊടുക്കേണ്ടതാണ്‌. യാത്രയ്‌ക്കിടയിൽ സംഭവിക്കുന്ന അപകടങ്ങളും ജീവിതാന്ത്യത്തിൽ കഷ്‌ടപ്പെടുന്ന കലാകാരന്മാർക്കുള്ള അവശതകളും, അവഗണനകളും ഒഴിവാക്കുവാൻ വേണ്ടതായ സഹായസഹകരണങ്ങൾ നൽകേണ്ടതുണ്ട്‌. അരങ്ങിൽ ചിരിക്കുകയും, അണിയറയിൽ കരയുകയും ചെയ്യുന്നവരത്രെ മിക്ക പ്രൊഫഷണൽ ജീവനക്കാരും - സ്വന്തക്കാരുടെ മരണത്തിലോ, വിവാഹസദ്യകളിലോ മറ്റാഘോഷങ്ങളിലോ പങ്കെടുക്കാനാകാതെ മാനസിക സമ്മർദ്ദം അടക്കിനിർത്തി ഒരു രംഗത്തിൽ നിന്നും മറ്റൊരുരംഗത്തിലേയ്‌ക്കു പായുന്ന പ്രൊഫഷണൽ നാടകജീവിതങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതും ക്രൂരതയാണ്‌. നല്ല നാടകങ്ങൾ ഓരോ ഗ്രാമങ്ങളിലും ചുരുങ്ങിയ ചിലവിൽ അവതരിപ്പിക്കാനുള്ള സൗകര്യങ്ങളും, സഹായങ്ങളും സർക്കാർഭാഗത്തുനിന്നും സന്നദ്ധസംഘടനകൾക്കുനൽകുന്നതും പ്രൊഫഷണൽ നാടകരംഗത്തെ സംരക്ഷിയ്‌ക്കാനാവുമെന്നും പ്രത്യാശിയ്‌ക്കാവുന്നതാണ്‌.

ടി.വി.സീരിയലുകൾ, സിനിമകൾ എന്നിവയിൽ നിന്നും എന്നും വേറിട്ടുനിൽക്കുന്ന പ്രത്യേകതതന്നെയാണ്‌ പ്രൊഫഷണൽ നാടകങ്ങളുടെ പ്രസക്തി - സമൂഹത്തെ മാറ്റിമറിയ്‌ക്കാവുന്ന ഇതിവൃത്തങ്ങളും, സാമൂഹ്യതിന്മകൾക്കെതിരെ പടപൊരുതുവാൻ കെല്‌പുള്ള നാടകരചയിതാക്കളെ കണ്ടെത്തുകയും, നാടകങ്ങൾ അവതരിപ്പിക്കുവാൻ ചെറിയ തിയ്യേറ്ററുകൾ നിർമ്മിക്കുകയും ചെയ്യുന്നത്‌ ആശ്വാസകരമായ പ്രവൃത്തിയായിരിക്കും. കലാപരമായ അവഗാഹമുളള ഭരണാധികാരികൾക്കെ അത്‌ സാദ്ധ്യമാകു.

അവാർഡുകളും ബഹുമതികളും

പ്രൊഫ.ജി. കുമാരവർമ്മ ചെയർമാനും കെ.എം. രാഘവൻ നമ്പ്യാർ, ഡോ. പ്രഭാകരൻ പഴശ്ശി തുടങ്ങിയവർ അംഗങ്ങളുമായ ജൂറിയാണ്‌ അവാർഡുകൾ നിർണ്ണയിച്ചത്‌. ശ്രീ.പി.കെ.വേണുകുട്ടൻ നായർക്ക്‌, സമഗ്രസംഭാവനയ്‌ക്കായി 30,000 രൂപ അവാർഡുനൽകും. ഏറ്റവും മികച്ച നാടകഗ്രന്ഥത്തിന്‌ ഡോ. രാജാവാര്യർ അർഹനായി.

പ്രൊഫഷണൽ നാടകങ്ങളെ സംരക്ഷിയ്‌ക്കണം

പ്രൊഫഷണൽ നാടകങ്ങളെ സംരക്ഷിക്കണമെങ്കിൽ സർക്കാർ തലത്തിൽതന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഏതാനും സമ്മാനത്തുക വർദ്ധിപ്പിച്ചതുകൊണ്ടുമാത്രം സംഘങ്ങൾ രക്ഷപ്പെടുകയില്ല. ജില്ലകൾതോറും മിനി തിയ്യേറ്ററുകൾ നിർമ്മിക്കുവാൻ തത്വത്തിൽ അംഗീകരിച്ചതുകൊണ്ടും കാര്യമില്ല. തൊഴിൽ സൗകര്യങ്ങളില്ലാത്ത നമ്മുടെ കേരളത്തിൽ കലാകാരന്മാർ രക്ഷപ്പെടണമെങ്കിൽ ഇത്തരം കലാരംഗങ്ങളെ പരിപോക്ഷിപ്പിക്കേണ്ടിയിരിക്കുന്നു. നാടകസംഘങ്ങൾക്ക്‌ മുൻകൂർ ഗ്രാന്റ്‌ അനുവദിക്കുകയും, നല്ല നിലാവാരമുള്ളനാടകരചനകൾ തിരഞ്ഞെടുത്ത്‌ അവതരണത്തിനുള്ള സൗകര്യങ്ങൾ ചെയ്‌തു കൊടുക്കുകയും ചെയ്യുന്നതും നല്ലതുതന്നെ - അഭിനേതാക്കളെയും, മറ്റുസാങ്കേതിക സംഗീതസംവിധായകരെയും ഇതിലൂടെ കണ്ടെത്താവുന്നതാണ്‌. ശില്‌പശാലകൾ ഒരുക്കി അതിലൂടെ ഉരുത്തിരിയുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച്‌ പ്രവർത്തിക്കുവാനും ജീവനക്കാർക്ക്‌ ഇൻഷൂറൻസ്‌ പദ്ധതിയും, ക്ഷേമനിധിയും മറ്റു ഏർപ്പെടുത്തുന്നതും ഈ രംഗത്തുള്ളവരെയു, വരാനുള്ളവരെയും ഏറെ സഹായിക്കുമെന്നതിൽ തർക്കമില്ല. സർക്കാർ തലത്തിൽ ജനങ്ങളിലെത്തിക്കേണ്ടനിരവധി ആശയങ്ങൾ പ്രൊഫഷണൽ നാടകങ്ങളിലൂടെ എത്തിക്കാനാവുമെന്നതാണ്‌ മറ്റൊരു സവിശേഷത. അത്തരത്തിലുളള മഹത്തായകൃതികൾ സ്‌കൂൾ-കോളേജ്‌ ഓഡിറ്റോറിയങ്ങളിലും അവതരിപ്പിക്കുവാൻ വേദികൾ ഒരുക്കിയെടുക്കേണ്ടതുണ്ട്‌. മഹത്തായ കൃതികൾ പാഠ്യവിഷയമാക്കാവുന്നതും, ചർച്ചകൾക്കു വിധേയമാക്കാവുന്നതുമാണ്‌. പെൺകുട്ടികളെ വേണ്ട വിധത്തിൽ സംരക്ഷണസൗകര്യത്തോടെ ഈ രംഗത്തേയ്‌ക്കുകൊണ്ടുവരുവാനും സാധിക്കണം. മികച്ച പ്രകടനം കാഴചവെയ്‌ക്കുന്നവർക്ക്‌ ധനസഹായം നൽകി, ദാരിദ്ര്യത്തിൽ നിന്നും രക്ഷിച്ചെടുക്കാവുന്നതാണ്‌. സിനിമയെപ്പോലെതന്നെ പ്രൊഫഷണൽ നാടകരംഗത്തെയും പരിപോഷിപ്പിച്ചെടുത്താൽ മതേതരത്വത്തിനും, ഐക്യചിന്തകൾക്കും വളം നൽകി പുഷ്‌ടിപ്പെടുത്തുവാൻ സാധിക്കുന്നതാണ്‌. ആത്മാവിഷ്‌ക്കാരപ്രാധാന്യമുള്ളതും, സാമൂഹ്യ-പരിസ്‌ഥിതികളെ ചൂഷണം ചെയ്യുന്നവർക്കെതിരെ പ്രതികരിക്കാൻ സാധിക്കുന്ന പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കാൻ നാടകത്തിനു കഴിയും.

പൊതുജനങ്ങളിൽ ദേശസ്‌നേഹം വളർത്തുന്നതിനുതകുന്നതായ ഇതിവൃത്തം സ്വീകരിച്ചുകൊണ്ടുളള നാടകങ്ങൾ തിരഞ്ഞെടുത്ത്‌ ഗ്രാമപ്രദേശങ്ങളിൽ അവതരിപ്പിക്കുന്നതും നന്നായിരിക്കും. അമേച്ച്വർ സംഘങ്ങൾക്കു പ്രോത്സാഹനവും, പ്രചോദനവും കൊടുക്കുന്നത്‌ യവതലമുറയെ നാടകരംഗവുമായി പരിചയപ്പെടുത്തുവാൻ സാധിക്കും. എന്തുകൊണ്ട്‌ സംഗീത നാടക അക്കാദമി മികച്ച പ്രൊഫഷണൽ ട്രൂപ്പിന്‌ നേതൃത്വം നല്‌കുന്നില്ലഃ കലാമണ്ഡലം പോലുള്ള സ്‌ഥാപനങ്ങളിൽ നിന്നും മേജർ സെറ്റും, മൈനർ സെറ്റും വിദേശങ്ങളിൽപ്പോലും കളി തകർക്കുമ്പോൾ എന്തുകൊണ്ട്‌ മലയാള നാടകവേദി പുറകോട്ടു നീങ്ങി നിൽക്കുന്നു? ലോകമെമ്പാടും മലയാളികൾ ഉള്ളതുകൊണ്ട്‌ ഗൃഹാതുരത്വസുഖം അനുഭവിക്കുവാൻ, സ്വന്തം നാടിനെ ഓർമ്മിക്കുവാൻ, മാതൃഭാഷയെക്കുറിച്ചറിയുവാൻ എത്രയോ അവസരങ്ങൾ വിദേശങ്ങളിൽ ഉണ്ടാക്കിയെടുക്കാം.? കേന്ദ്രനാടക അക്കാദമിയുടെ സഹായത്തോടെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന നാടകം മികച്ചരീതിയിൽ അവതരിപ്പിച്ചെടുക്കുവാൻ അണിയറപ്രവർത്തനങ്ങൾ നടത്തുന്നതും രാജ്യത്തിന്റെ ഐക്യത്തിനും, നാടകരംഗത്തിനും ഏറെ ഗുണം ചെയ്യുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

കാവിൽരാജ്‌

ഉദയഗിരി,

പി.ഒ.മണ്ണുത്തി,

തൃശ്ശൂർ-680651




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.