പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വീണ്ടെടുപ്പുകൾ - സാഹിത്യം സംസ്‌കാരം ആഗോളത

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജേഷ്‌ എം.ആർ

ലേഖനം

ആഗോളവത്‌കരണകാലത്ത്‌ സാമ്പത്തിക രാഷ്‌ട്രീയ രംഗത്തും സാംസ്‌കാരിക രംഗത്തും അധിനിവേശത്തിന്റെ പ്രത്യയശാസ്‌ത്രം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്‌ വ്യക്തമായി കാണാവുന്നതാണ്‌. സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം സാമ്പത്തിക അസമത്വങ്ങൾക്കെതിരെ സാംസ്‌കാരിക കലാകാരൻമാർ അവരുടെ കലാസൃഷ്‌ടികളിലൂടെയും സാഹിത്യകൃതികളിലൂടെയും പ്രതിരോധത്തിന്റെ രാഷ്‌ട്രീയം പ്രയോഗിച്ചുകൊണ്ടിരിക്കും. അതുകൊണ്ട്‌ തന്നെ കേവലം ലാവണ്യാത്മക വായനയിൽനിന്ന്‌ മാറി സാംസ്‌കാരിക രാഷ്‌ട്രീയത്തിന്റെ വായനയിലേക്ക്‌ അവർ പോകുന്നു. പുതിയ ഇടങ്ങളെ തിരിച്ചറിയാനും സമൂഹത്തെ നവീനമായ ഭാവുകത്വത്തിലേക്ക്‌ നയിക്കാനും നടത്തുന്ന മലയാള സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും പുനർവായനകളാണ്‌ പി.പി.രവീന്ദ്രന്റെ ‘വീണ്ടെടുപ്പുകൾ’ എന്ന ലേഖനസമാഹാരം.

ചരിത്രനോവലുകളുടെ കർത്താവ്‌ എന്ന സാമ്പ്രദായിക വായനയിൽ നിന്ന്‌ മാറി സി.വി.രാമൻപിളളയുടെ നോവലുകളിലൂടെ പ്രത്യക്ഷമാകുന്ന ചരിത്രം അതീതകാലത്തിന്റെ ചരിത്രമെന്നതിനെക്കാൾ വർത്തമാനകാലത്തിന്റെ കഥയും ഗാഥയുമായി മാറുന്ന തരത്തിലുളള വായനയാണ്‌ ഇവിടെ നടത്തുന്നത്‌. സി.വിയുടെ നോവലുകൾ ഒരേസമയം നോവലിനെപ്പറ്റിയുളള ആധുനിക പാശ്ചാത്യനിർവചനത്തിന്റെയും ആഖ്യാനത്തെ സംബന്ധിച്ച പരമ്പരാഗത ഭാരതീയ നിർവചനത്തിന്റെയും പരിധികൾക്കുളളിൽ വരുന്നു എന്നത്‌ കർത്തൃത്വത്തിലെ വിളളലിനെയാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ ഗ്രന്ഥകാരൻ പറയുന്നു. പാരമ്പര്യവും ആധുനികതയും തമ്മിലുളള സംഘർഷവും, നോവലിന്റെ രൂപപരമായ ബഹുസ്വരത, വർത്തമാനചരിത്രത്തിന്റെ സ്വത്വനിർമ്മിതി, സിവിയുടെ ഭാഷ, നോവലുകൾ സാക്ഷ്യപ്പെടുത്തുന്ന പാഠാന്തരബന്ധം എന്നിവയെല്ലാം സി.വിയുടെ നോവലുകളെ ആധുനിക ഭാരതീയ നോവൽ ചരിത്രത്തിൽ സ്ഥിരപ്രതിഷ്‌ഠ നേടികൊടുത്തു.

‘വളളത്തോളിനെ വീണ്ടെടുക്കൽ’ എന്ന പ്രബന്ധം വളളത്തോളിന്റെ കാവ്യഭാഷണത്തിലെ വ്യതിയാനങ്ങളെ പ്രത്യയശാസ്‌ത്ര വായനയിലൂടെ സമകാലിക സാഹിത്യസംസ്‌കാരത്തിനുവേണ്ടി വീണ്ടെടുക്കുവാനുളള ശ്രമമാണ്‌. വളളത്തോളിന്റെ ആദ്യകാല സാഹിത്യപ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണ്‌ വിവർത്തനങ്ങൾ. വിവർത്തന താല്‌പര്യം പുതിയ ഭാവുകത്വത്തെ സ്വീകരിച്ചു എന്ന്‌ അർത്ഥമാക്കേണ്ടതില്ല. അധിനിവേശകചരിത്രം അവതരിപ്പിച്ച രീതിയിൽ നിന്നു വ്യത്യസ്‌തമായി സ്വന്തം സാംസ്‌കാരിക സ്വത്വത്തെ തിരിച്ചറിയുക എന്ന ദൗത്യമാണ്‌ പാരമ്പര്യത്തെ വിവർത്തനം ചെയ്തതിലൂടെ വളളത്തോൾ ശ്രമിച്ചത്‌. എന്നാൽ ‘ബന്ധനസ്ഥനായ അനിരുദ്ധൻ’ തൊട്ട്‌ ഇങ്ങോട്ടു വരുന്ന കൃതികൾ ആധുനീകരണ പ്രക്രിയ സൃഷ്‌ടിച്ച സാമൂഹികാവസ്ഥയും നവോത്ഥാന സംഘടനകൾ സാംസ്‌കാരികാവസ്ഥയും മതേതരത്വ സമൂഹത്തെക്കുറിച്ചുളള പുതിയ ആശയങ്ങളും കാവ്യഭാഷണത്തിൽ അടയാളപ്പെടുത്തുന്നതായി നമുക്കിന്ന്‌ കാണാവുന്നതാണ്‌. സമൂഹത്തിന്റെ താഴെ തട്ടിലേക്കുളള മാറ്റമാണ്‌ ഒരർത്ഥത്തിൽ വളളത്തോളിന്റെ കാവ്യവ്യവഹാരങ്ങളിൽ സംഭവിക്കുന്നത്‌.

കൊളോണിയലിസത്തിന്റെ സാംസ്‌കാരിക പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഘടനാവാദാനന്തര ചിന്തയുടെ സഹായത്താൽ നടത്തുന്ന വിശകലനമാണ്‌ അധിനിവേശാനന്തര വിമർശനം. അധിനിവേശാനന്തര സാഹിത്യം എന്ന വ്യവഹാരത്തിന്റെ ഉത്ഭവത്തെക്കുറിച്ചും രീതിശാസ്‌ത്രത്തെയും സൈദ്ധാന്തികവിശ്വാസങ്ങളെയും കുറിച്ചുമുളള വിശകലനമാണ്‌ ‘അധിനിവേശാനന്തരവിമർശനം’ എന്ന ലേഖനത്തിൽ. കൊളോണിയലിസത്തിന്റെ കാലത്ത്‌ ഉയർന്നുവന്ന താരതമ്യ സാഹിത്യപഠനം, ഇംഗ്ലീഷ്‌ സാഹിത്യപഠനം എന്നീ ജ്ഞാനമേഖലകളുടെ ഗൂഢലക്ഷ്യങ്ങളെ ഇവിടെ വിവരിക്കുന്നു. ഇന്നു കാണുന്ന നവകോളനീകരണത്തിന്റെ അധിനിവേശമുഖത്തെ വിശകലനം ചെയ്‌ത്‌ പ്രയോഗത്തിന്റെതായ ഒരു വിജ്ഞാനരീതി അവലംബിച്ചാലെ അധിനിവേശാനന്തര ചിന്തയ്‌ക്ക്‌ സംസ്‌കാരത്തിൽ സ്ഥാനമുളളൂ.

‘താരതമ്യസാഹിത്യത്തിന്റെ രാഷ്‌ട്രീയം’ എന്ന ലേഖനത്തിൽ ഒരു ജ്ഞാനവിഷയമെന്ന നിലയിൽ താരതമ്യ സാഹിത്യം ഉദയം ചെയ്‌തതിന്റെ പ്രത്യയശാസ്‌ത്രപരമായ അടിസ്ഥാനത്തെ വിശകലനം ചെയ്യുന്നു. യൂറോ കേന്ദ്രിതമായ ഈ വിജ്ഞാനശാഖ യൂറോപ്പിനെ സാർവ്വലൗകീകമായി ഉയർത്തികാട്ടി. യൂറോപ്പിൽ പുതിയ പുതിയ ദേശീയതകൾ ഉടലെടുത്തപ്പോൾ അതിനെ പ്രതിരോധിക്കാനെന്ന രീതിയിലാണ്‌ താരതമ്യസാഹിത്യപഠനം ഉടലെടുത്തത്‌. ഭാരതീയ താരതമ്യസാഹിത്യത്തിലും ഈ യൂറോ കേന്ദ്രിതമായ ആശയങ്ങൾ ഉണ്ടായതിനാലാണ്‌ സാംസ്‌കാരിക ദേശീയതകളെ താരതമ്യപണ്ഡിതർ ഇവിടെ അംഗീകരിക്കാതിരുന്നത്‌. താരതമ്യസാഹിത്യപഠനത്തിന്റെ അന്ത്യം സംസ്‌കാരപഠനത്തിന്റെ സൂക്ഷ്‌മരാഷ്‌ട്രീയത്തെ കുറിച്ചറിയാൻ സഹായകമാകും.

വിവർത്തന രാഷ്‌ട്രീയത്തിന്റെ ഒളിഞ്ഞിരിക്കുന്ന രഹസ്യ അജണ്ടയെ പുറത്തുകൊണ്ടുവരാനുളള ശ്രമമാണ്‌ ‘അധികാരത്തിന്റെ വിവർത്തനങ്ങൾ’ പരിഭാഷയും സാംസ്‌കാരിക പാരതന്ത്ര്യവും‘ എന്ന ലേഖനം. എറ്റിയൻ ദോലേ, വിവർത്തനത്തിന്റെ രാഷ്‌ട്രീയസ്വഭാവം ഭീകരമാണെന്ന്‌ വെളിപ്പെടുത്തുന്നു. വിജയന്റെ ’ഖസാക്കിന്റെ ഇതിഹാസം‘ അദ്ദേഹം ഇംഗ്ലീഷിൽ വിവർത്തനം ചെയ്‌തപ്പോൾ സംഭവിച്ചത്‌ ആദ്യവിജയനിൽ നിന്നുളള പ്രത്യയശാസ്‌ത്രപരവും ലോകബോധപരവുമായ മാറ്റമാണ്‌. സമകാലീന ഇന്ത്യയിൽ സംസ്‌കാരത്തെ വ്യാഖ്യാനിക്കുമ്പോൾ നടക്കുന്ന വിവാദങ്ങൾ വിവർത്തനത്തിന്റെ ശക്തിയെ തിരിച്ചറിഞ്ഞിട്ടാണ്‌.

ഭക്തിയുടെ രാഷ്‌ട്രീയത്തെ വിശകലനം ചെയ്യുന്ന ലേഖനത്തിൽ സുഗതകുമാരിയുടെ ശ്രീകൃഷ്‌ണകവിതകൾ പഠനവിധേയമാക്കുന്നു. നാടോടിപാരമ്പര്യത്തിലെ കാമുക കൃഷ്‌ണനാണ്‌ സുഗതകുമാരിയുടെ കൃഷ്‌ണഭക്തികവിതകളിലെ നായകനെന്നും ഭക്തിപാരമ്പര്യത്തിലെ കീഴാളഭക്തിയാണ്‌ ഈ കവിതകളുടെ പ്രത്യേകതകളെന്നും ലേഖകൻ നിരീക്ഷിക്കുന്നു. എങ്കിലും ഭക്തിയുടെ അധീശപ്രത്യയശാസ്‌ത്രത്തിനു വളരാൻ പറ്റിയ ആഖ്യാനസന്ദർഭങ്ങൾ ഈ കവിതകളിൽ കാണാമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.

എഴുപതുകളിലെ ആധുനികതാവാതത്തിനു സംഭവിച്ച രാഷ്‌ട്രീയവത്‌കരണം നരേന്ദ്രപ്രസാദിന്റെ ഭാവുകത്വത്തെ എങ്ങനെ സ്പർശിച്ചു എന്നന്വേഷിക്കുന്ന ലേഖനമാണ്‌ ’പൂർണ്ണമാകാത്ത വാക്ക്‌‘ ആധുനികതാവാദത്തിന്റെ ലാവണ്യവാദപരമായ നിലപാടുകളെ സംശയിച്ച്‌ അതിന്റെ സങ്കീർണ്ണതകളെയും വൈരുദ്ധ്യങ്ങളെയും വളരെ സൂക്ഷ്‌മമായി വിശകലനം ചെയ്യാൻ അദ്ദേഹം തയ്യാറായി. ’അലഞ്ഞവർ അന്വേഷിച്ചവർ‘ എന്ന നോവൽ അദ്ദേഹത്തിന്റെ ഈ ആധുനികതാവാദഭാവുകത്വത്തെ അടയാളപ്പെടുത്തുന്നു. ആധുനികതാവാദത്തിന്റെ ലാവണ്യാത്മകവാദത്തിൽ നിന്ന്‌ പുറത്തുകടക്കാത്ത മനസ്സാണ്‌ കെ.പി.അപ്പന്റേത്‌. ആഖ്യാനശാസ്‌ത്രവുമായും ആധുനികോത്തരതയുമായും മറ്റും ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകളിൽ ആധുനികതാവാദത്തിന്റെ ലാവണ്യയുക്തി തന്നെയാണ്‌ കേന്ദ്രമായി വർത്തിക്കുന്നത്‌.

’ബംഗാളിലെ പക്ഷികൾ‘ എന്ന ലേഖനത്തിൽ എഴുപതുകളിൽ എഴുതിയ ’ബംഗാളി‘ൽ നിന്ന്‌ കെ.ജി.ശങ്കരപ്പിളളയുടെ കാവ്യഭാവുകത്വത്തിനുവന്ന പരിണാമത്തെയാണ്‌ അന്വേഷിക്കുന്നത്‌. ഇതിന്‌ അദ്ദേഹത്തിന്റെ കവിതകളിൽ തുടർച്ചയായി വരുന്ന ശക്തമായ, പ്രതീകമായ ’പക്ഷി‘യെ ലേഖകൻ പഠനവിധേയമാക്കുന്നു.

എഴുപതുകളിലെയും എൺപതുകളിലെയും ഭാവുകത്വപരിണാമങ്ങൾ ആ കാലഘട്ടത്തിലെ രാഷ്‌ട്രീയ പരിതാവസ്ഥയുമായി, വിശേഷിച്ച്‌ തീവ്ര ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയ സംസ്‌കാരവുമായി, എപ്രകാരം ബന്ധപ്പെട്ടു നിൽക്കുന്നു എന്ന്‌ അന്വേഷിക്കുന്ന പ്രബന്ധമാണ്‌ ’തീവ്ര ഇടതുപക്ഷവും മലയാള സിനിമയും‘. ഈ സമാഹാരത്തിലെ പഠനങ്ങളെല്ലാം ഇത്തരത്തിൽ കേരളീയ സംസ്‌കാരിക രാഷ്‌ട്രീയത്തിൽ ഇടപെടുന്നവയാണ്‌. പ്രതിരോധത്തിന്റെതായ ആശയം തീർക്കുന്നവയാണ്‌, നവസാമൂഹിക പുരോഗതിക്കുവേണ്ടി ’വീണ്ടെടുപ്പുകൾ‘ നടത്തുന്നവയാണ്‌ ഈ പഠനങ്ങൾ.

രാജേഷ്‌ എം.ആർ

മാതാപിതാക്കൾഃ രാജൻ എം.കെ., ലളിതാ രാജൻ.

വിദ്യാഭ്യാസം ബി.എഡ്‌. മലയാളം. സംസ്‌കൃത സർവ്വകലാശാല കാലടി കേന്ദ്രത്തിൽ എം.എ മലയാളം പഠിക്കുന്നു. കഥകളും കവിതകളും എഴുതാറുണ്ട്‌. 2001 സംസ്‌കൃത സർവ്വകലാശാല യുവജനോത്സവത്തിൽ ‘ചെറുകഥ രചനാ മലയാളം’ മത്‌സരത്തിൽ ഒന്നാംസ്‌ഥാനം നേടിയിട്ടുണ്ട്‌. സർവ്വകലാശാല ലിറ്റിൽ മാഗസിൻ ‘കാഴ്‌ച’യുടെ അണിയറയിൽ പ്രവർത്തിക്കുന്നു.

വിലാസംഃ

രാജേഷ്‌.എം.ആർ.,

മാളിയേക്കൽ വീട്‌,

കുറുമശ്ശേരി പി.ഒ.

എറണാകുളം.

683 579
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.