പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അവഹേളിക്കപ്പെടുന്ന സ്ത്രീത്വം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പൂയപ്പിളളി തങ്കപ്പൻ

സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങളും അതിക്രമങ്ങളും വര്‍ദ്ധിച്ചുവരുന്നു എന്നത് പുതിയ വാര്‍ത്തയൊന്നുമല്ല. പക്ഷെ അത് അതിരുകടക്കുകയും നമ്മുടെ ജീവിതക്രമങ്ങളെത്തന്നെ താറുമാറാക്കുകയും ചെയ്യുന്നിടം വരെ എത്തിയിരിക്കുന്നു എന്ന സത്യം അത്ര നിസ്സാരമായി തള്ളിക്കളയാവുന്നതല്ല.

തിരക്കുള്ള ബസുകളിലാണ് ലൈംഗിക- ഞരമ്പുരോഗം ബാധിച്ചിട്ടുള്ള മ്ലേച്ഛന്മാരായ ചില പുരുഷജീവികളുടെ വിളയാട്ടം കൂടുതലുണ്ടാകുന്നത്. ബസുകളിലാവണമെന്നില്ല സൗകര്യം എവിടെ ലഭിക്കുമോ അവിടൊക്കെ തങ്ങളുടെ കലാവിലാസം പ്രകടിപ്പിക്കാന്‍ ഇക്കൂട്ടര്‍ മടിക്കാറില്ല. സ്വഭാവത്തിലലിഞ്ഞു ചേര്‍ന്ന ലൈംഗികാസക്തി നിയന്ത്രണാതീതമാകുമ്പോള്‍ ഭവിഷ്യത്തിനെ പറ്റി ഭയമില്ലാതായിത്തീരുന്നു ഇക്കൂട്ടര്‍ക്ക്. തീവണ്ടിയില്‍ നിന്ന് തള്ളി വീഴ്ത്തപ്പെട്ട് പീഢിതയായി കൊലചെയ്യപ്പെട്ട സൗമ്യ എന്ന നിര്‍ഭാഗ്യവതിയായ പെണ്‍കുട്ടിയുടെ കഥ മറക്കാറായിട്ടില്ലല്ലോ. അങ്ങനെ എത്രയെത്ര സംഭവങ്ങള്‍.‍ സ്നേഹം നടിച്ച് വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടു പോയി പ്രലോഭനങ്ങളിലുടെ തങ്ങളുടെ ഇംഗിതത്തിനു വിധേയയാക്കി ഒടുവില്‍ കൊന്നു കളഞ്ഞിട്ടുള്ള എത്രയോ യുവതികളുടെ കഥകളാണ് മാധ്യമവാര്‍ത്തകളില്‍ നിറയുന്നത്.

പണ്ടും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ മന:സാക്ഷിയെ ഞെട്ടിക്കുന്ന വിധത്തില്‍ ഇത്രക്ക് ഭീകരവും നിരന്തരവുമായ കുത്സിത പ്രവൃത്തികള്‍ അക്കാലത്തുണ്ടായിട്ടില്ല.

ലൈംഗിത ജീവികളുടെ നൈസര്‍ഗിക വികാരമാണ്. സ്ത്രീപുരുഷന്മാരുടെ ഉഭയ സന്തുഷ്ടിയും മനസും ശരീരവും ഒന്നായി സൃഷ്ടിക്കുന്ന ശാശ്വതമായ സംതൃപ്തിയും ജീവിതയാനത്തെ പുഷ്ടിപ്പെടുത്തുന്നിടത്ത് അത് പരിശുദ്ധവും ഉല്‍കൃഷ്ടവുമായിത്തീരുന്നു. ആ വിധത്തിലുള്ള സ്ത്രീ പുരുഷബന്ധം ദൃഢവും മാതൃകാപരവുമായിരിക്കും. ഭാര്യാഭര്‍തൃബന്ധത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അതിനപ്പുറമുള്ള ബന്ധങ്ങള്‍ക്കാണ് ‘ അവിഹിതം’ എന്നു പറയുന്നത്. അത് വ്യക്തികള്‍ക്കും ക്രമേണ സമൂഹത്തിനും അപായകരമായിരിക്കും. ഈ അവിഹിതത്തിന്റെ പാരമ്യത്തിലാണ് അതിക്രമങ്ങളും വേട്ടയാടലുകളും ഉണ്ടാകുന്നത്.

വഴിയേ നടന്നു പോകുന്ന പെണ്‍കുട്ടികളെ നോക്കി ലൈംഗികത കലര്‍ന്ന വാക്കുകള്‍‍ വിളിച്ചു പറയുന്ന ചില ഞരമ്പുരോഗികളുണ്ട്. ആ വാക്കുകളുടെ പ്രയോഗത്തിലൂടെ ആ പെണ്‍കുട്ടികളുടെ മനസില്‍ പുച്ഛവും വെറുപ്പും കലര്‍ന്ന രൂപങ്ങളായിരിക്കും ഇവരെ പറ്റി തെളിയുക എന്നതില്‍ ഇവര്‍ക്ക് ഉത്കണ്ഠയില്ലായിരിക്കും. പക്ഷെ പെണ്‍കുട്ടിയുടെ അഥവാ പെണ്‍കുട്ടികളുടെ മനസില്‍ പൗരഷം അടിയറ വയ്ക്കുന്ന വികൃതരൂപികളാവുകയാണിവര്‍. തങ്ങളുടെ ആസക്തിക്ക് ശമനം കിട്ടുന്നു എന്നതിനപ്പുറം തങ്ങള്‍ക്ക് നഷ്ടപ്പെടുന്ന വ്യക്തിത്വത്തെ പറ്റി അവര്‍ ആലോചിക്കുന്നേയില്ല. എങ്കിലും മേല്‍പ്പറഞ്ഞതില്‍, ഇരകള്‍ക്ക് പരുക്കൊന്നും പറ്റുന്നില്ല എന്ന സമാധാനവുമുണ്ട്.

പക്ഷെ ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന അധമമായ സ്ത്രീവേട്ടകളെ പറ്റി ചിന്തിക്കുമ്പോള്‍ നമ്മുടെ സമൂഹം ചെന്നു പതിക്കാനിടയുള്ള നീചാവസ്ഥയുടെ ആഴമോര്‍ത്ത് വല്ലാ‍ത്ത ഭയം തോന്നുന്നു.

ഈ രംഗത്തെ അതിരുവിട്ട ആസക്തി നയിക്കപ്പെടുക ഭ്രാന്തിലേക്കണ്. വൈകാരികഭ്രാന്ത് കീഴ്പ്പെടുത്തിയ മസ്തിഷ്കം വികലമായിരിക്കും. മനസിനുമേല്‍ അത് ആധിപത്യം നേടുകയും അതിനിരയാകുന്ന യുവാക്കള്‍ ഭയമോ സങ്കോചമോ കൂടാതെ എത്ര ഹീനമായ പെണ്‍വേട്ടക്കും തയ്യാറാവുകയും ചെയ്യുന്നു.

ഇത്തരം മനോഭാവക്കാര്‍ക്ക് പ്രചോദനമേകുന്ന പല ഘടകങ്ങളും നമ്മുടെ ചുറ്റുപാടും ഇന്ന് ധാരാളമുണ്ട്. സമൂഹത്തില്‍ എന്ത് വൈകൃതം ഉണ്ടായാലും തങ്ങള്‍ക്ക് ലാഭമുണ്ടായാല്‍ മതിയെന്ന തീര്‍പ്പനുസരിച്ച് വന്‍കിട വ്യാപാരികള്‍‍ മുതല്‍ ചെറു കച്ചവടക്കാര്‍വരെ ഇറക്കുന്ന പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് മറക്കപ്പെടേണ്ട ശരീരഭാഗങ്ങള്‍ വെളിവാക്കിക്കൊണ്ടുള്ള സുന്ദരികളായ യുവതികളാണ് ആഭരണത്തെക്കുറിച്ചായാലും വസ്ത്രാലങ്കാരത്തെക്കുറിച്ചായാലും , കേശതൈലത്തെക്കുറിച്ചായാലും വസ്ത്രഭ്രംശം സംഭവിച്ച സ്ത്രീശരീരങ്ങളുടെ ദര്‍ശനങ്ങളായാണ് അവ മാറാറ്.

സിനിമകള്‍ സ്ത്രീശരീരത്തിന്റെ മാദകാവയവ പ്രദര്‍ശനങ്ങളായി മാറിയിട്ട് കാലം കുറെയായി. പൊതുസ്ഥലങ്ങളില്‍ അത്തരം സിനിമകളുടെ പോസ്റ്ററുകള്‍ വര്‍ദ്ധിച്ചു വരുന്നു. ഇത് വെറും ലൈംഗികാവയവ പ്രദര്‍ശനം മാത്രമല്ല സ്ത്രീത്വത്തെ അവഹേളിക്കലുമാണ്. പക്ഷെ അത്ഭുതപ്പെടുത്തുന്ന ഒരു സത്യം മറന്നു കൂടാ. മഹിളാപ്രസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ വര്‍ഗ്ഗം ഇങ്ങനെ തെരുവുകളില്‍ പോലും അപഹസിക്കപ്പെടുന്നതില്‍ ഒരു പരാതിയുമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വനിതാ സംഘടനകളുണ്ട്. ഒരു പാര്‍ട്ടിയോടും വിധേയത്വമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ത്രീ സംഘടനകളുണ്ട്. ഇവരാരും മേല്‍പ്പറഞ്ഞ തങ്ങളെ അപഹസിക്കുന്ന പ്രദര്‍ശങ്ങളില്‍ ശക്തമായി പ്രതിഷേധിക്കുന്നില്ല. സ്ത്രീത്വം ഇത്ര തരം താഴാമോ? കാല്‍ നൂറ്റാണ്ടിനു മുമ്പ് ഈ വിധമുള്ള ‘സ്ത്രീപീഢന’ ത്തിനെതിരെ കേരളത്തില്‍ സ്ത്രീകള്‍ പ്രതിഷേധിച്ചത് ഓര്‍ത്തുകൊണ്ടാണിതു പറയുന്നത്.

സ്ത്രീപീഢനങ്ങള്‍ക്ക് മധ്യവര്‍ത്തികളാകുന്ന പ്രധാന ഉപാധി ഇന്ന് മൊബൈല്‍ ഫോണാണ്. ഇതിലൂടെ ‘ചാറ്റിംഗ് ‘ (സൊള്ളല്‍) നടത്തി അതിന്റെ അവസാനത്തില്‍ അപകടപ്പെട്ടിട്ടുള്ള എത്രയോ പെണ്‍കുട്ടികളുടെ കഥകളാണ് മാധ്യമങ്ങളില്‍ വരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെക്കു പോകാന്‍ ബസ്റ്റാന്‍ഡില്‍ നില്‍ക്കുന്ന ഭൂരിപക്ഷം പെണ്‍കിടാങ്ങളും മൊബൈല്‍ഫോണ്‍ ചെവിയില്‍ നിന്നെടുക്കില്ല. വീട്ടിലേക്കു പോകുന്ന പെണ്‍കുട്ടികള്‍‍ സ്ഥിരമായി ഇങ്ങനെ വിളിക്കുന്നതാരെയാണ്?

സിനിമാനടികളേപ്പോലും അമ്പരപ്പിക്കുന്ന തരത്തിലാണ് ചാനലുകളിലെ അവതാരകമാരുടെ ശരീരപ്രദര്‍ശനം. കയ്യില്‍ ഒരു കോടിയുമായി നില്‍ക്കുന്ന സിനിമാനടിയായ അവതാരകര്‍ക്ക് ശരീരത്തിന്റെ മധ്യഭാഗം വരെ വസ്ത്രമില്ല. പാട്ട് മത്സരം അവതരിപ്പിക്കുന്ന ചില അംഗനമാര്‍ക്ക് കുഷ്ഠരോഗത്തോടു പോലുമില്ലാത്ത അറപ്പാണ് വസ്ത്രത്തോട്. ദൃഷ്ടാന്തങ്ങള്‍ ധാരാളമുണ്ട് ഇവരെല്ലാം ആസക്തി പെരുത്ത യുവാക്കള്‍ക്ക് എരിതീയില്‍ എണ്ണ ഒഴിക്കുന്ന ഉത്തേജനമാണ്.

മുകളില്‍ പറഞ്ഞെതെല്ലാം സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്ക് സഹായകമാണെന്ന അര്‍ത്ഥത്തില്‍ പറഞ്ഞതാണ്. അല്ലാതെ, വേട്ടക്കാരായ കശ്മലന്മാരെ ന്യായീകരിക്കാനല്ല കര്‍ക്കശവും കഠിനവുമായ ശിക്ഷാവിധികള്‍ ഉടന്‍ നടപ്പാക്കാന്‍ സര്‍ക്കാരും ഒപ്പം ഇതിനെതിരെ സാമൂഹിക സാംസ്ക്കാരിക സംഘടനകളും ശക്തമായ പ്രവര്‍ത്തനങ്ങളും ഉണ്ടാകണം. പെണ്‍കുട്ടികള്‍ക്ക് പഠനകേന്ദ്രങ്ങളിലും മുതിര്‍ന്ന സ്ത്രീകള്‍‍ക്ക് ജോലി സ്ഥലത്തും മറ്റിടങ്ങളിലും പോയി. സുരക്ഷിതമായി മടങ്ങിവരാന്‍ കഴിയണമല്ലോ - കേരളം ഒന്നാകെ ഇക്കാര്യത്തില്‍ ജാഗരൂഗമാകേണ്ടതുണ്ട്.

പൂയപ്പിളളി തങ്കപ്പൻ

എറണാകുളം ജില്ലയിലെ പൂയപ്പിളളി ഗ്രാമത്തിൽ ജനിച്ചു. വിദ്യാഭ്യാസം - ബി.എ. ബി.എഡ്‌. 32 വർഷം അദ്ധ്യാപകനായി സേവനമനുഷ്‌ഠിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെഴുതുന്നു.4 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.ഗുരുദക്ഷിണ (കവിതകൾ), കുമാരനാശാനും സഹോദരൻ അയ്യപ്പനും സാമൂഹിക വിപ്ലവവും (പഠനം - എഡിറ്റർ), സഹോദരൻ അയ്യപ്പൻ വിപ്ലവങ്ങളുടെ മാർഗ്ഗദർശി (പഠനം), മുത്തശ്ശിപറഞ്ഞകഥകൾ (ബാലസാഹിത്യം).

പുരോഗമനകലാസാഹിത്യസംഘം സംസ്ഥാനക്കമ്മറ്റിയംഗം, സഹോദരൻ അയ്യപ്പൻ സ്മാരകക്കമ്മറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.