പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഇങ്ങനെ എന്തിനു പണിതു കൂട്ടുന്നു.

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അനൂപ് വര്‍ഗീസ് കുരിയപ്പുറം

ശനിയാഴ്ച രാവിലെ സമയം 10 ആയിക്കാണും, സിറ്റി ബസില്‍ കയറി ഒരു സിനിമ കാണാന്‍ ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്നു.വോള്‍വോ ബസില്‍ കയറി സീറ്റൊക്കെ പിടിച്ചു, മുന്നോട്ടുനോക്കുമ്പോള്‍ അതാ ഒരു പരിചിത വൃദ്ധ മുഖം. മാഗസിന്‍ വച്ച് മുഖം മൂടാന്‍ ഒരുങ്ങുമ്പോഴേക്ക്‌ ആളെന്നെ കണ്ടു, വന്നു അടുത്ത സീറ്റില്‍ ഇരിപ്പും കഴിച്ചു.

കക്ഷി എന്‍റെ കൂട്ടുകാരന്റെ അച്ഛന്‍ ആണ്, അവന്‍ ഗള്‍ഫിലും അവന്റെ ചേച്ചി ഓസ്ട്രേലിയയിലും ആണ്. അവന്റെ കൂടെ പഠിച്ചു എന്ന ഒറ്റ തെറ്റിന് എന്നെ ഇങ്ങേരു സ്ഥിരം ബോറടിപ്പിക്കാറുണ്ട്. അതുകൊണ്ട് ഞാന്‍ ചിരിയും ചെറിയ കുശലപ്രശ്നവും മാത്രം നടത്തി "വഴിനോക്കിയിരിപ്പായി". മറ്റുള്ളവരെ മക്കളുടെ സുഖജീവിതത്തെ, അവരുണ്ടാക്കുന്ന സ്വത്തിനെ പറ്റി എല്ലാം വിശദമായി പറഞ്ഞു മടുപ്പിക്കുക എന്നതാണ് കക്ഷിയുടെ സ്ഥിരം പരിപാടി. "മോള്‍ക്ക്‌, രണ്ടാമത്തെ കുഞ്ഞുണ്ടായി " അദ്ദേഹം പറച്ചില്‍ തുടങ്ങി, ഞാന്‍ അനിവാര്യവും വിരസവും ആയ കേള്‍വിയും. കുറെ നേരത്തെ പ്രഭാഷണം കഴിഞ്ഞപ്പോള്‍ അദ്ദേഹം കുറച്ചു നിമിഷം നിര്‍ത്തി, "ഒന്നും ചോദിക്കാനില്ലേ" എന്ന ഭാവത്തില്‍ ഒരു നോട്ടം." അങ്കിള്‍, എന്നാണ് കുഞ്ഞിനെക്കാണാന്‍ പോകുന്നത്? " ഞാന്‍ ചോദിച്ചതും "ഞങ്ങള്‍ കണ്ടു, ഇന്റര്‍നെറ്റ്‌ വഴി" സ്മാര്‍ട്ട്‌ ഫോണ്‍ ഉയര്‍ത്തി കാണിച്ചു മറുപടിയും വന്നു.

"ഇപ്പോള്‍ പോകുന്നതും കുഞ്ഞിനു വേണ്ടി തന്നെയാ, ഒരു ഫ്ലാറ്റ് ബുക്ക്‌ ചെയ്യാന്‍"

കക്ഷിക്കും കുടുംബത്തിനും എന്റെ അറിവില്‍ ഇപ്പോള്‍ തന്നെ രണ്ടു വീടും, രണ്ടു ഫ്ലാറ്റും ഉണ്ട് . ഒന്നിന്റെ പാലുകാച്ചിനു ഞാന്‍ പോയതുമാണ്.

"അതിഗംഭീരം" എന്ന മട്ടില്‍ ഞാന്‍ ചിരിച്ചു. അദ്ദേഹം ഉടനെ തന്നെ ഏതോ ഫോണ്‍ സംഭാഷണത്തില്‍ മുഴുകുകയും ചെയ്തു.

കേരളത്തില്‍ 40 ശതമാനം വീടുകളും അടച്ചിട്ടിരിക്കുകയാണ് എന്ന് ഒരു പഠനം തെളിയിച്ചതായി വാര്‍ത്ത കണ്ടു. ഫ്ലാറ്റ് വാങ്ങിക്കൂട്ടുക എന്നത് ഇപ്പോള്‍ ഒരു വരേണ്യ വിനോദമായി മാറിക്കഴിഞ്ഞു. വീട് അല്ലെങ്കില്‍ താമസ സ്ഥലം എന്നത് ഒരു വ്യക്തിയുടെ അടിസ്ഥാന ആവശ്യം ആണെന്നും അതുണ്ടാക്കാന്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളില്‍ നമുക്ക് മാത്രം അല്ല, വരും തലമുറകള്‍ക്കും അവകാശം ഉണ്ടെന്നും നാം മറന്നു പോയിരിക്കുന്നു.

പാര്‍പ്പിടം എന്നത് ഒരു സുരക്ഷിത നിക്ഷേപം ആയി സ്വര്‍ണത്തോടൊപ്പം നിലകൊള്ളുന്നു

മുതലാളിത്തം മുന്നോട്ടുവയ്ക്കുന്ന മനോഹര വികസന കാഴ്ചകളില്‍ വമ്പന്‍ റോഡുകള്‍, വിമാനത്താവളങ്ങള്‍, എന്നിവയുടെ കൂടെ നില്ക്കുന്നതാണ് കൂറ്റന്‍ കെട്ടിടങ്ങളും. ഒരു വ്യക്തിക്ക് അല്ലെങ്കില്‍ കുടുംബത്തിനു ഒരു നഗരത്തില്‍ എത്ര വീട് വേണം ? , ഒന്ന് ? രണ്ട് ?. മറ്റുള്ളവര്‍ക്കും നാളെക്കും വേണ്ടി ഉള്ള സാധനങ്ങള്‍ എടുത്താണ് ബാക്കി ഉള്ളത് നിര്‍മിക്കുന്നത് എന്നത് മനസിലാക്കിയാല്‍, ഒരു സാമൂഹ്യ നിയന്ത്രണത്തിന്റെ ആവശ്യം വ്യക്തമാകും.

കുന്നുകളിടിച്ചും പാടം നികത്തിയും കൊഴുക്കുന്ന മണ്ണ് മാഫിയ

നദികളെ നശിപ്പിച്ചു വളരുന്ന മണല്‍ മാഫിയ

മലകളെ തുരന്നു തിന്നുന്ന ക്വാറി മാഫിയ

സ്ഥലം തട്ടി എടുക്കാന്‍ പറന്നു നടക്കുന്ന വമ്പന്‍ റിയല്‍ എസ്റ്റേറ്റ്‌ മാഫിയ.

ഫ്ലാറ്റുകളില്‍ വെള്ളം എത്തിക്കാന്‍ കുടിവെള്ള മാഫിയ

ഫ്ലാറ്റുകളിലെ കക്കൂസ് മാലിന്യമടക്കം തള്ളാന്‍ കോണ്ട്രാക്ടര്‍മാര്‍

ഫ്ലാറ്റുകള്‍ ജോലിചെയ്യുന്ന സാധാരണക്കാര്‍ക്ക് അമിത വാടകയ്ക്ക് കൊടുത്ത്, അതിന്റെ പങ്കു പറ്റുന്ന ബ്രോക്കര്‍മാര്‍

അങ്ങനെ കുറ്റകൃത്യങ്ങളുടെ ഒരു വലിയ വല തന്നെയാണ് ഈ പാര്‍പ്പിട വ്യവസായം കൊഴുപ്പിക്കുന്നത്‌. ഇവരുടെ എല്ലാം ഉന്നത തല ഉദ്യോഗസ്ഥ - പോലീസ് - ബിസിനസ്‌ - രാഷ്ട്രീയ - ഗുണ്ടാ ബാന്ധവങ്ങള്‍, എല്ലാം ഇന്ന് കേരളം നടുക്കത്തോടെ കാണുകയാണല്ലോ!.

നഗരങ്ങളിലെ വാടകകള്‍ കുതിച്ചുയരുന്നതിന് ഈ ഫ്ലാറ്റ് പെരുപ്പവും കാരണം ആണ്.

ജോലിചെയ്യുന്ന ഒരു ശരാശരിക്കാരന്, സ്വന്തം വരുമാനം ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍ വസ്തു വാങ്ങാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം . ശരാശരി മലയാളിക്ക് വാങ്ങാന്‍ ഒരു തുണ്ട് സ്ഥലമോ, വീടോ, ഫ്ലാറ്റ് പോലുമോ ഇല്ല എന്നതാണ് വസ്തുത. കൈക്കൂലിക്കാരനും, ഹവാലാക്കാരനും, കള്ളപ്പണക്കാരനും, സമ്പന്ന വിദേശമലയാളിക്കും പണം പെരുപ്പിക്കാന്‍ നമ്മുടെ പ്രകൃതിയെ കൊള്ളയടിക്കാന്‍ തുറന്നിട്ട്‌ കൊടുക്കണോ ?, അവരുടെ ലാഭത്തിനു വേണ്ടി സാധാരണക്കാര്‍ വീടില്ലാതെ ജീവിക്കണോ? അമിത വാടക കൊടുത്ത് ജീവിക്കണോ ? നമ്മള്‍ ഒന്ന് കൂടി ആലോചിക്കണം. നിയന്ത്രണങ്ങള്‍, നികുതികള്‍ അത്യാവശ്യം ആണ് - ചര്‍ച്ച ഒരാള്‍ക്കെത്ര ഭവനം വേണം എന്നതില്‍ ചുറ്റി ആകട്ടെ.

ഒരു ആശയം :: ഒരു പുതിയ പാര്‍പ്പിട സംരഭം അനുവദിക്കാന്‍, അതിലെ 100 ശതമാനം ഫ്ലാറ്റുകള്‍ ബുക്ക്‌ ചെയ്തവരും ആ നഗരത്തില്‍ വേറെ വീടില്ലാത്തവരും, അവിടെ ജീവിക്കുന്നവരോ/ ജോലിചെയ്യുന്നവരോ, അവരുടെ വരുമാന ശ്രോതസ് കാണിക്കാന്‍ പറ്റുന്നവരും ആയിരിക്കണം എന്നത് നിര്‍ബന്ധം ആക്കണം.

അനൂപ് വര്‍ഗീസ് കുരിയപ്പുറം

1982 മെയ്‌ മാസത്തില്‍ ജനനം. എറണാകുളം ജില്ലയലെ , പുല്ലുവഴിയില്‍. ജനനം, കുരിയപ്പുറം വര്‍ക്കി പത്രോസ് എന്ന ആദ്യകാല കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകന്റെ ചെറുമകന്‍.പിതാവ് കെ പി വര്‍ഗീസ് മാതാവ്‌ റോസമ്മ വര്‍ഗീസ്.സഹോദരി ഡോക്ടര്‍ ജിഷ വര്‍ഗീസ്.

വിവാഹിതന്‍, ഭാര്യ തനുജ മേരി എബ്രഹാം ( എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപിക ). മകള്‍ അനന്യ. തൃശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ്‌ കമ്മ്യൂണിക്കെഷന്‍ ബിരുദം.പഠന കാലത്തേ പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങളിലും, വായനശാല പ്രസ്ഥാനങ്ങളിലും , ജനകീയശാസ്ത്ര പ്രസ്ഥാനങ്ങളിലും സജീവം. എസ് എഫ് ഐ യുടെ യൂണിറ്റ് സെക്രട്ടേറിയറ്റ് അംഗം, സയന്‍സ് ഫോറത്തിന്റെ ജില്ലാ ജോയിന്റ് കണ്‍വീനര്‍, പനോരമ എന്ന ക്യാമ്പസ്‌ ചുമര്‍ പത്രത്തിന്റെ സ്ഥാപക എഡിറ്റര്‍ മുതലായ നിരവധി ചുമതലകള്‍ .കാമ്പസിലും പഠന കാലത്തു തൃശൂരിന്റെ രാഷ്ട്രീയ-കലാ-സാംസ്‌കാരിക-സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യവും സംഘാടന പങ്കാളിത്തവും. ബി പി എല്‍ ടെലികോം, എച് സി എല്‍ ടെക്നോളജീസ് എന്നീ സ്ഥാപനങ്ങളില്‍ പാലക്കാട്‌, ചെന്നൈ, അമേരിക്ക ഇന്നിവിടങ്ങളില്‍ ഉദ്യോഗം. നിലവില്‍ തിരുവന്തപുരം ടെക്നൊപാര്‍ക്കില്‍ ഇന്‍ഫോസിസ് ടെക്നോളജീസില്‍ ഉദ്യോഗസ്ഥന്‍. ചില വെബ്സയിറ്റുകളിലും, സ്വന്തം ബ്ലോഗിലും , പത്രങ്ങളിലും, ആനുകാലികങ്ങളിലും ലേഖനങ്ങള്‍,കവിതകള്‍, കഥകള്‍ തുടങ്ങിയവ എഴുതുന്നു. പ്രതിധ്വനി എന്ന ടെക്നോപാര്‍ക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം.പൊതു , മതേതര,പരിസ്ഥിതി , പുരോഗമന, ഇടതുപക്ഷ രംഗങ്ങളില്‍ വിനീത പങ്കാളിത്തവും ഇടപെടലുകളും




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.