പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ലോകം കണ്ട ഒരേ ഒരു ഗാന്ധി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശിവപ്രസാദ്‌ പാലോട്‌

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെപറ്റി പറയുമ്പോള്‍ മഹാത്മഗാന്ധിക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ല . ഗാന്ധിയുടെ രംഗപ്രവേശത്തോടെ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പുതിയ ഘട്ടം ആരംഭിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തിനും പ്രത്യയശാസ്ത്രത്തിനും വ്യാപ്തിക്കും പുതിയ രൂപം നല്‍കാന്‍ തന്റെ ഗാന്ധി യുഗത്തിന് കഴിഞ്ഞു. ഒന്നാം ലോക മഹായുദ്ധത്തില്‍ ഇന്ത്യ ബ്രിട്ടന്റെ യുദ്ധ ശ്രമങ്ങളുമായി സഹകരിച്ചെങ്കിലും ഇന്ത്യന്‍ സ്വാതന്ത്ര്യ ആവശ്യങ്ങള്‍ ബ്രിട്ടന്‍ ചെവിക്കൊള്ളാത്തതിനാല്‍ രോഷാകുലരും സമരോത്സുകരുമായി മാറിയ ബഹുജനങ്ങളുടെ നേതൃത്വമാണ് ഗാന്ധിജി ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ സമരചരിത്രത്തിലൂടെ നമുക്ക് ഒരു യാത്രയാവാം

ഗാന്ധി യുഗപ്പിറവി

ഗുജറാത്തിലെ കത്യവാറില്‍ പെട്ട പോര്‍ബന്തറിലെ ഒരു യാഥാസ്ഥിതിക ഹിന്ദു കുടുംബത്തില്‍ 1869 ഒക്ടോബര്‍ 2 നാണ് മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധി യുടെ ജനനം . ഉപരിപഠനത്തിനായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോവുകയും ബാരിസ്റ്ററായി 1891 -ല്‍ ഇന്ത്യയില്‍ തിരിച്ചെത്തുകയും ചെയ്തു. ബോംബേ ഹൈക്കോടതിയിലായിരുന്നു ആദ്യകാല പ്രാക്ടീസ്. പിന്നീട് പ്രാക്ടീസ് രാജ്ക്കോട്ടിലേക്ക് മാറ്റി. 1893 ല്‍ ഒരു ഇന്ത്യന്‍ കമ്പനിയുടെ കേസ് വാദത്തിനായി ദക്ഷിണാഫ്രിക്കയിലേക്കു പോയി. 1914 വരെ ദക്ഷിണാഫ്രിക്ക ജീവിതം നീണ്ടു. ഈ സമയത്താണ് അവിടെ നിലവിലുണ്ടായിരുന്ന വര്‍ണ്ണവിവേചനത്തിനെതിരെ നിസ്സഹരണം , സത്യാഗ്രഹം, തുടങ്ങിയ ഗാന്ധിയന്‍ സമരമുറകള്‍ പരീക്ഷിച്ചുറപ്പിച്ചത്. ദക്ഷിണാഫ്രിക്ക ഗാന്ധിയുടെ മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങളുടെ പരീക്ഷണശാലയായിരുന്നു.

സത്യാഗ്രഹങ്ങളുടെ ഇന്ത്യ

1915 ജനുവരി 9 ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധി ഗുജറാത്തിലെ സബര്‍മതിയില്‍ ഒരു ആശ്രമം സ്ഥാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ നേടിയ വിജയങ്ങളുടെ പേരില്‍ ഇന്ത്യയില്‍ അദ്ദേഹത്തിന് ഹാര്‍ദ്ദവമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയിലെ മിതവാദികളുടെ നേതാവായ ഗോപാലകൃഷ്ണ ഗോഖലെയായിരുന്നു. ഗാന്ധിയുടെ രാഷ്ട്രീയ ഗുരു. ഇന്ത്യയെന്തെന്ന് കണ്ടറിയാനുള്ള ഗോഖലയുടെ ഉപദേശം ചെവിക്കൊണ്ട ഗാന്ധി 1915 മുഴുവനായും 1916 -ലെ മുക്കാല്‍ ഭാഗവും ഭാരതപര്യടനത്തിനു മാറ്റിവച്ചു. 1917 - 18 കാലത്ത് മൂന്ന് പ്രാദേശിക സമരത്തിലൂടെ ഗാന്ധി സത്യാഗ്രഹമെന്ന സമരതന്ത്രത്തെ പ്രതിഷ്ഠിക്കുക വഴി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇഴ ചേര്‍ന്നു.

ചമ്പാരന്‍ സത്യാഗ്രഹം

ബീഹാറിലെ ചമ്പാരനില്‍ യൂറോപ്യന്‍മാര്‍ സ്ഥാപിച്ച നീലം കൃഷി തോട്ടങ്ങളിലാണ് ഈ സമരം. ചമ്പാരനിലെ മിക്ക പ്രദേശങ്ങളും താല്‍ക്കാലിക കുടിയാന്മാരായ രിക്കാദര്‍മാര്‍ക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയായിരുന്നു. ഓരോ കുടിയാനും കൈവശഭൂമിയുടെ ഇരുപതില്‍ മൂന്നു ഭാഗം പ്രദേശത്ത് നീലം കൃഷി ചെയ്ത് ഒരു നിശ്ചിത വിലക്ക് യൂറോപ്യന്‍ മാര്‍ക്ക് നല്‍കണമെന്ന് ‘ തിങ്കാത്തിയ’ സമ്പ്രദായത്തിലായിരുന്നു ഇവിടുത്തെ കൃഷി. വിലയാകട്ടെ വളരെ തുച്ഛവും. ഗാന്ധിജി ചമ്പാരനിലെത്തി. നീലം കൃഷിക്കാരുടെ പ്രശ്നങ്ങള്‍ അന്വേഷിച്ചറിഞ്ഞു. ഗാന്ധി ക്രമസമാധാനത്തിനു ഭീഷണിയാണെന്നാരോപിച്ച് അദ്ദേഹത്തോട് ചമ്പാരന്‍ വിട്ടു പോകാന്‍ ബ്രട്ടീഷുകാര്‍ ആവശ്യപ്പെട്ടു. അനുസരിക്കാതിരുന്ന ഗാന്ധിയെ അറസ്റ്റ് ചെയ്തു. കേസ്സെടുത്തു ചമ്പാരന്‍ സമരത്തില്‍ രാജേന്ദ്രപ്രസാദ് , ഗോരഖ് പ്രസാദ് , കൃപലാനി എന്നിവര്‍ അനുയായികളായി പ്രവര്‍ത്തിച്ചു. അവസാനം ഗാന്ധിക്കെതിരായ കേസ്സുകള്‍ പിന്‍ വലിക്കപ്പെട്ട് , പ്രശ്നപരിഹാരത്തിനായി അദ്ദേഹം കൂടി അംഗമായ ചമ്പാരന്‍‍ അഗ്രേറിയന്‍ കമ്മറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചു. കൃഷിക്കാരില്‍ നിന്നും നിയമവിരുദ്ധമായി ഈടാക്കിയ പാട്ടം കുറച്ചു. തിങ്കാത്തിയ വ്യവസ്ഥ നിറുത്തല്‍ ചെയ്തു.

അഹമ്മദാബാദ് മില്‍ പണിമുടക്ക്

ഗുജറാത്തിലെ അഹമ്മദാബാദ് ഒരു വ്യാവസായിക നഗരമാകാന്‍ തുടങ്ങിയ കാലം . 1917 -ല്‍ പ്ലേഗ് രോഗം വ്യാപിച്ചതോടെ തൊഴിലാളികള്‍ നാടുവിട്ടോടാന്‍ തുടങ്ങി. ശമ്പളത്തിന്റെ എഴുപത്തിയഞ്ച് ശതമാനം തുക പ്ലേഗ് ബോണസ് നല്‍കിയാണ് മില്ലുടമകള്‍‍ തൊഴിലാളികളെ വശീകരിച്ച് നിര്‍ത്തിയത്. പ്ലേഗ് രോഗം നിയന്ത്രണ വിധേയമായതോടെ ബോണസ് തുക നിര്‍ത്തലാക്കിയത് തൊഴിലാളികളെ എതിര്‍പ്പിലാക്കി. ഗാന്ധിയുടെ ഇടപെടലിന്റെ ഭാഗമായി തര്‍ക്കം ഒരു ആര്‍ബിക്രേഷന്‍ കമ്മറ്റിയുടെ പരിഹാരത്തിന് വിട്ടെങ്കിലും മില്ലുടമകള്‍ വഴങ്ങിയില്ല 1918 ല്‍ മില്ലുകളില്‍ പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടു. ശമ്പളത്തിന്റെ 35 ശതമാനം വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഗാന്ധി സത്യാഗ്രഹം ആരംഭിച്ചു. 20 ശതമാനം കൂട്ടി നല്‍കാമെന്ന് മില്ലുടകള്‍‍ സമ്മതിച്ചെങ്കിലും ഗാന്ധി തൊഴിലാളികളുടെ പക്ഷത്തു നിന്ന് ഉപവാസം ആരംഭിച്ചു. ഒടുവില്‍ മില്ലുടമകള്‍ 35 ശതമാനം ശമ്പളവര്‍ദ്ധനവെന്ന ആവശ്യം അംഗീകരിച്ചു.

ഖേഡ - കര്‍ഷകരുടെ സമരഭൂമി

ഗുജറാത്തിലെ ഖേഡയില്‍ ഖാരിഫ് വിളകള്‍ക്ക് നാശം സംഭവിച്ചതോടെ ക്ഷാമം പിടിപെട്ടപ്പോള്‍ ഭൂനികുതി ഒഴിവാക്കി തരണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇത് കര്‍ഷകരുടെ നിയമപരമായ അവകാശമാണെന്ന് വാദിച്ച് 1918 മാര്‍ച്ച് 22 ന് ഗാന്ധിജി സത്യാഗ്രഹം ആരംഭിച്ചു. കര്‍ഷകരാരും നികുതി നല്‍കരുതെന്ന് ആഹ്വാനം ചെയ്ത ഗാന്ധിജിക്കൊപ്പം ഇന്ദുലാല്‍ യാജ്ഞിക്, വല്ലഭായ് പട്ടേല്‍ , അനസൂയ സാരാഭായ് എന്നിവരും അണിനിരന്നു. ദരിദ്രരായ കര്‍ഷകരെ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നും നികുതിയടക്കാന്‍ കഴിവുള്ളവരില്‍ നിന്ന് മാത്രമേ നികുതി ഈടാക്കുയെന്നും ഉറപ്പു ലഭിച്ചതോടെയാണ് സത്യാഗ്രഹവും അവസാനിപ്പിച്ചത്.

നിസ്സഹരണ പ്രസ്ഥാനം

1920- 21 കാലഘട്ടത്തില്‍ ഇന്ത്യന്‍ ബഹുജന പ്രക്ഷോഭത്തിന്റെ പുതിയ ഘട്ടമായിരുന്നു . 1920- ല്‍ കല്‍ക്കത്ത അഖിലേന്ത്യ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ നിസ്സഹകരണമെന്ന പുതിയ ആശയം ഗാന്ധി മുന്നോട്ടു വച്ചു. നാഗ്പൂര്‍ സമ്മേളനത്തില്‍ ഇത് അംഗീകരിക്കപ്പെട്ടു. ഒരു വര്‍ഷത്തിനകം സ്വരാജ് എന്ന മുദ്രാവാക്യവും ആവിഷ്ക്കരിക്കപ്പെട്ടു. സ്വദേശി ഉല്‍പ്പന്ന പ്രചരണം , ചര്‍ക്കയും ഖാദിയും പ്രചരിപ്പിക്കല്‍, വോളന്റിയര്‍ മാരെ സംഘടിപ്പിക്കല്‍, കോടതി, വിദ്യാലയ ബഹിഷ്ക്കരണം, തിരെഞ്ഞെടുപ്പ്, ഔദ്യോഗിക ചടങ്ങുകള്‍ ബ്രട്ടീഷ് ബഹുമതികള്‍ സ്ഥാനങ്ങള്‍ ത്യജിക്കല്‍ എന്നിങ്ങനെ നിസ്സഹരണ പ്രസ്ഥാനം ബ്രട്ടീഷുകാരെ വിറപ്പിച്ചു. കര്‍ഷകര്‍, സ്ത്രീകള്‍, തൊഴിലാളികള്‍ എന്നിവര്‍ സമരത്തില്‍ പങ്കു ചേര്‍ന്നു. 1921 ന്റെ അവസാനത്തോടെ കടുത്ത മര്‍ദ്ദനമുറകളോടെ ഗവണ്മെന്റ് സമരത്തെ നേരിട്ടു. ഗാന്ധിയൊഴികേയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. ഇത് സമരത്തിന്റെ വീര്യം കൂട്ടിയതേ ഉള്ളു. എന്നാല്‍ ചൗരി ചൗരയില്‍ കോണ്‍ഗ്രസ്സ് ജാഥക്ക് നേരെ വെടി വെച്ചതിന്റെ പേരില്‍ പോലീസ് സ്റ്റേഷന്‍ തീയിട്ട് 22 പോലീസുകാര്‍ വെന്തു മരിച്ച സംഭവത്തെ തുടര്‍ന്ന് 1922 ഫെബ്രുവരി 12 ന് ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം അവസാനിപ്പിച്ചു.

ദണ്ഡിയാത്രയില്‍ കുറുകിയ ഉപ്പ്

നിസ്സഹരണപ്രസ്ഥാനം നിലച്ചതോടെ ദിശാബോധം നഷ്ടപ്പെട്ട സ്വാതന്ത്ര്യസമരത്തിന് പിന്നീട് ഉണര്‍വ് നല്‍കിയത് ഉപ്പു നികുതി റദ്ദാക്കുക.ഉപ്പ് നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ കുത്തക അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഉപ്പു സത്യാഗ്രഹമാണ്.1930 മാര്‍ച്ച് 12 ന് 78 അനുയായികള്‍ക്കൊപ്പം ദണ്ഡി കടപ്പുറത്തേക്ക് എത്തിയ ഗാന്ധി കടല്‍ വെള്ളത്തില്‍ നിന്നും സ്വയം ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു. ലക്ഷക്കണക്കിനാളുകള്‍ സ്വയം ഉപ്പുണ്ടാക്കിയും വിറ്റും സമരത്തില്‍ പങ്കാളികളായി.

കമ്മ്യൂണല്‍ അവാര്‍ഡും പൂനാ സന്ധിയും

1931 ലെ ഗാന്ധി - ഇര്‍വിന്‍ സന്ധിയോടെ നിയമ ലംഘന പ്രസ്ഥാനം നിര്‍ത്തി വയ്ക്കപ്പെട്ടു. വട്ടമേശ സമ്മേളനങ്ങള്‍ പിറന്നത് ഇതിനു പിറകേയാണ്. രണ്ടാം വട്ടമേശസമ്മേളനത്തില്‍ ഗാന്ധി പങ്കെടുത്ത് പൂര്‍ണ്ണ സ്വരാജ് ആണ് രാജ്യത്തിലെ ലക്ഷ്യമെന്ന് ആവര്‍ത്തിച്ചു. ലണ്ടനില്‍ നിന്ന് 1932 ജനുവരി 4 ന് തിരിച്ചെത്തിയ ഉടനെ ഗാന്ധി അറസ്റ്റ് ചെയ്യപ്പെട്ടു. തുടര്‍ന്ന് 1932 ആഗസ്റ്റ് 16 ന് ബ്രട്ടീഷ് പ്രധാനമന്ത്രി റാംസെ മാക് ഡോണാള്‍ഡ് സംസ്ഥാന നിയമസഭകളിലെ സീറ്റ് വര്‍ദ്ധനവ് , അധകൃത വര്‍ഗക്കാര്‍ക്ക് പ്രത്യേക എലക്ട്രേറ്റ് എന്നി വാഗ്ദാനങ്ങളുമായി കമ്മ്യൂണല്‍ അവാര്‍ഡ് വ്യവസ്ഥ പ്രഖ്യാപിച്ചു. അധകൃത വര്‍ഗക്കാര്‍ ഹൈന്ദവ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും പ്രത്യേക എലക്ട്രേറ്റ് അംഗീകരിക്കില്ലെന്നും ആവശ്യമുയര്‍ത്തി ഗാന്ധി മരണം വരെ ഉപവാസം പ്രഖ്യാപിച്ചു. തുടര്‍ന്ന് പൂന കരാര്‍ അനുസരിച്ച് അധകൃത വര്‍ഗക്കാര്‍ക്ക് സംസ്ഥാന നിയമസഭകളില്‍ 148 സീറ്റുകളും സംയുക്ത എലക്ട്രേറ്റും ലഭിക്കുമെന്ന് ഉറപ്പിച്ച് അംബേദ്ക്കറും ഗാന്ധിയും ഒപ്പിട്ടു.

ക്വിറ്റ് ഇന്ത്യ

1940 - ല്‍ വൈസ്രോയി ചില ഭരണ പരിഷ്ക്കാരങ്ങള്‍ വാഗ്ദാനം ചെയ്തെങ്കിലും ഇന്ത്യ നയത്തില്‍ ഒരു മാറ്റവുമില്ലെന്ന് കണ്ട ഗാന്ധി വ്യക്തി സത്യാഗ്രഹം ആരംഭിച്ചു. ഈ സമയം യുദ്ധങ്ങളില്‍ ബ്രിട്ടനേറ്റ പരാജയങ്ങള്‍ മൂലം ഇന്ത്യന്‍ പിന്തുണ നേടുക യെന്ന ലക്ഷ്യവുമായി ഡെമിനിയന്‍ പദവി വാഗ്ദാനവുമായി സ്റ്റാഫേദ് ക്രിപ്സ് ദൗത്യവുമായെത്തി. തകര്‍ന്നുകൊണ്ടിരിക്കുന്ന ബാങ്കിലേക്ക് വിദൂര ഭാവിയിലേക്ക് തീയതി വച്ചു തന്ന ചെക്കായി ഗാന്ധി ക്രിപ്സ് ദൗത്യത്തെ വിശേഷിപ്പിച്ചു. ഇതോടെ ബ്രട്ടീഷുകാരോട് ഇന്ത്യ വിടാന്‍ ആഹ്വാനം ചെയ്ത 1942 ലെ ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം ഗാന്ധി പ്രഖ്യാപിച്ചു. ആഗസ്റ്റ് 8 ന് പ്രമേയം പാസാക്കി. പ്രാരംഭഘട്ടത്തില്‍ അഹിംസാത്മകമായി നടന്ന ക്വിറ്റ് ഇന്ത്യാസമരം പിന്നീട് ഗാന്ധിയന്‍ മുറയില്‍ നിന്ന് വ്യതിചലിച്ച് അക്രമാസക്തമായി മാറി. സമരം ബ്രട്ടീഷുകാര്‍ അടിച്ചമര്‍ത്തിയെങ്കിലും ബ്രട്ടീഷ് ഭരണത്തിന്റെ അന്ത്യനാളുകള്‍ കുറിക്കപ്പെട്ടു കഴിഞ്ഞിരിന്നു.

രാജ്യം സ്വതന്ത്രമാകുന്നു.

ഗാന്ധിയന്‍ സമരങ്ങള്‍ക്കൊപ്പം സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷനല്‍ ആര്‍മി 1944 ല്‍ അതിര്‍ത്തി കടന്ന് മാര്‍ച്ച് 18 ന് ഇന്ത്യന്‍ മണ്ണില്‍ ത്രിവര്‍ണ്ണ പതാക നാട്ടി. ഐ എന്‍. എ ബ്രട്ടീഷ് യുദ്ധത്തിനു ശേഷം നടന്ന തേഭാഗ കര്‍ഷക സമരം, തെലുങ്കാന പ്രസ്ഥാനം, നാവിക സേനയിലെ കലാപം , റെയില്‍ പണിമുടക്ക് എന്നിവ സ്വാതന്ത്ര്യത്തിന് തൊട്ടു മുമ്പുള്ള സമരങ്ങളാണ്. 1946 ല്‍ വേവല്‍ പ്രഭുവിന്റെ ദൌത്യപ്രകാരം ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ ഒരു ഇടക്കാല ഗവന്മെന്റ് രൂപീകരിച്ചു. 1947 ആഗസ്റ്റ് 15 ന് മൌണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഒത്തു തീര്‍പ്പു പ്രകാരം ഇന്ത്യ സ്വതന്ത്രമായി. ഗാന്ധിയന്‍ സ്വപ്നങ്ങള്‍ക്ക് വിഘാതമായി രാജ്യം വിഭജിക്കപ്പെട്ടു. ഹിന്ദു മുസ്ലീം ഐക്യം ഉയര്‍ത്തിപ്പിടിച്ച ഗാന്ധി തന്റെ ആത്യന്തിക ലക്ഷ്യമായ ‘ സ്വതന്ത്ര ഇന്ത്യ‘ യാഥാര്‍ത്ഥ്യമായപ്പോള്‍ മതിമറന്ന് ആഹ്ലാദിക്കുന്നതിനു പകരം കല്‍ക്കത്ത തെരുവുകളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിരയായവര്‍ക്ക് സാന്ത്വനവുമായി അവര്‍ക്കിടയില്‍ കഴിഞ്ഞു. ജീവിതത്തോടൊപ്പം ആദര്‍ശത്തേയും മുറുക്കിപ്പിടിക്കാന്‍ കഴിഞ്ഞ ചുരുക്കം പേരില്‍ ഒരാളാണ് ഗാന്ധി. അതെ ലോകം കണ്ട ഒരേ ഒരു ഗാന്ധി.

ശിവപ്രസാദ്‌ പാലോട്‌

മലയാളം ബിരുദധാരിയാണ്‌. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഓട്ടോ ഡ്രൈവറായും തപാൽവകുപ്പിലെ ഇ.ഡി.ജീവനക്കാരനായും ജോലി ചെയ്യുന്നു.

വിലാസംഃ ശിവപ്രസാദ്‌ പാലോട്‌,

കുന്നത്ത്‌,

പാലോട്‌ പി.ഒ.,

മണ്ണാർക്കാട്‌ കോളേജ്‌,

പാലക്കാട്‌.

678 583
Phone: 9249857148
E-Mail: sivaprasadpalode@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.