പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

മരങ്ങൾ ദൈവത്തിന്റെ പ്രതിഛായകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. റോസി തമ്പി

ആത്‌മാവ്‌ ആഗ്രഹിക്കുന്നത്‌ ശരീരം സാദ്ധ്യമാകും. ജീവിതം അങ്ങനെയാണ്‌. ഭൂമിയുടെ ആഴങ്ങളിൽ നിന്ന്‌ പാറ്റകൾ പിറക്കുംപോലെ മനസ്സിൽ നിന്നും സ്വപ്‌നങ്ങൾ ചിറകുമുളച്ച്‌ പറന്നു പൊങ്ങുന്നു. അവ ആത്‌മാവിലേക്കു പടർന്നുകയറുമ്പോൾ ശരീരം ചലിക്കുകയായി. ഓരോ യാത്രയും സഫലമാകുന്നത്‌ അപ്പോഴാണ്‌. അതിന്‌ ദീർഘമെന്നോ ഹൃസ്വമെന്നോ വേർതിരിവില്ല. ചിലപ്പോഴത്‌ യാതൊരു മുൻകരുതലും ഇല്ലാതെയാകും. മറ്റു ചിലപ്പോൾ ഏറെ തയ്യാറെടുപ്പോടുകൂടെയും. എന്തായാലും ഒരുക്കങ്ങളെല്ലാം യാത്ര തുടങ്ങുമ്പോൾ തന്നെ കൊഴിഞ്ഞുപോകും. പ്യൂപ്പയിൽ നിന്ന്‌ ശലഭം ഉയരുംപോലെ പിന്നെ നാം അറിയാതെ മേഘങ്ങളിലേയ്‌ക്ക്‌ പടരും. ജീവിതത്തിന്റെ അതിർത്തികൾ അപ്പോൾ താനെ കൊഴിഞ്ഞുവീഴും.

മണ്ണാർക്കാട്‌ - അട്ടപ്പാടി പ്രധാന ഗതാഗതമാർഗ്ഗത്തിൽ സ്‌ഥിതിചെയ്യുന്ന മുക്കാലി എന്ന സ്‌ഥലത്തുനിന്നാണ്‌ സൈലന്റ്‌ വാലി മലനിരകളിലേക്കുളള വഴി തുറക്കുന്നത്‌. സഹ്യപർവതനിരകളിലെ നിത്യഹരിതവനം. (നമ്മെ അടിമകളാക്കുകയും ചൂഷണം ചെയ്യുകയും ചെയ്‌ത ബ്രിട്ടീഷ്‌ ഭരണാധികാരികളാണ്‌ നാട്ടുരാജാവിൽ നിന്ന്‌ ഈ വനമേഖല വാങ്ങി സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചത്‌. ഇത്‌ ഒരു അതിശയകരമായ സംഭവമാണ്‌). അവിടെ നിന്ന്‌ വനത്തിലേക്കുള്ള യാത്ര ജീപ്പിലായിരുന്നു. എൺപതുകളുടെ ആദ്യപകുതിയിൽ നടന്ന സൈലന്റ്‌ വാലി സമരം. അക്കാലത്ത്‌ സൈക്കിൾ ചവിട്ടിയും കാൽനടയായും വന്നിരുന്നതിന്റെ തീക്ഷ്‌ണമായ ഓർമ്മകളിലായിരുന്നു സഹയാത്രികർ. കേട്ടും വായിച്ചും അറിഞ്ഞ അനുഭമേ എനിക്കാസമരങ്ങളെക്കുറിച്ചുള്ളൂ. അന്നും മനസ്സുകൊണ്ട്‌ പലതവണ ഞാൻ ആ സംഘത്തോടൊപ്പം ഈ മല ചവിട്ടിക്കയറിയിട്ടുണ്ട്‌. മലകയറ്റത്തിന്റെ ഓർമ്മ വളരെ ചെറുപ്പം മുതൽ തന്നെ എനിക്ക്‌ കുളിരു പകരുന്നതായിരുന്നു. പെസഹാ വ്യാഴാഴ്‌ച രാത്രി വർഷം തോറും മുടങ്ങാതെ മലയാറ്റൂർ മല കയറിയിറങ്ങുന്നത്‌ വീട്ടിലൊരു ശീലമായിരുന്നു. ആ യാത്രയുടെ സുഖം മനസ്സിലങ്ങനെ മങ്ങാതെ നിൽക്കുന്നുണ്ട്‌. കാട്ടിലേക്കുള്ള ഏതു യാത്രയും ഞാൻ കാണുന്നത്‌ ഉരുളൻകല്ലുകളും ചവിട്ടി ഒറ്റയടിപ്പാതയിലൂടെ മലയാറ്റൂർ മലകയറുന്നതിന്റെ ഓർമ്മയിലാണ്‌. അതുകൊണ്ടുതന്നെ കാട്ടിലേക്കുള്ള യാത്രകളെല്ലാം എനിക്കൊരു തീർത്ഥാടനം കൂടിയാണ്‌. പുഴയുടെ കുളിരിൽ നിന്നും മലചവിട്ടിക്കയറി ആത്‌മശരീരങ്ങളെ ശുദ്ധി വരുത്തുന്നതാണ്‌ നമ്മുടെ പൈതൃകം. നദികളെല്ലാം നമുക്ക്‌ പുണ്യനദികളായതും മലകളെല്ലാം നമുക്ക്‌ ദേവസ്‌ഥാനമായതും ആ പൈതൃകത്തിലൂടെയാണ്‌. സൈലന്റ്‌ വാലി സമരത്തിലും പശ്‌ചിമഘട്ടയാത്രയിലും പങ്കെടുത്ത സുഹൃത്തുക്കൾ അതിന്റെ ആത്‌മീയ ലഹരി പങ്കുവെയ്‌ക്കുമ്പോൾ ‘ജേതവന’ത്തിൽ പല രാത്രികളും പകലായിതീർന്നിട്ടുണ്ട്‌. നമ്മുടെ എഴുപതുകളിലെ ക്ഷുഭിത യൗവ്വനം മലയാളിക്ക്‌ മാറ്റിവച്ചത്‌ ഈ ഉയർന്ന പാരിസ്‌ഥിതിക വിവേകമാണ്‌. അന്നത്തെ പാരിസ്‌ഥിതിക ജാഗ്രത കുട്ടികളിലേക്ക്‌ എത്തിച്ചതിൽ പ്രൊഫ. ജോൺസി ജേക്കബ്ബിന്റെ പേര്‌ കേരളത്തിനു മറക്കാനാവില്ല. സൂചിമുഖിയും, ആൻഖും, പ്രസദാവും കുട്ടികളോട്‌ പ്രകൃതിരഹസ്യങ്ങൾ പങ്കുവെച്ചു. മണ്ണിനെയും ചെടികളെയും എങ്ങനെ സ്‌നേഹിക്കണമെന്നു അവരെ കാടുകളിലേക്കു കൂട്ടിക്കെണ്ടുപോയി കാണിച്ചുകൊടുത്തു. അങ്ങനെ കുട്ടികൾ വേട്ടാളൻകൂടിനെപ്പോലും സ്‌നേഹിക്കാൻ പഠിച്ചു.

സൈലന്റ്‌വാലി സമരം കേരളത്തിൽ ഒരു പുതിയ ജനജാഗ്രതയ്‌ക്ക്‌ തുടക്കമിട്ടു. മനുഷ്യന്‌ നിലനിൽക്കാൻ തന്റെ ചുറ്റുപാടുകൾ കൂടി ആവശ്യമുണ്ടെന്ന്‌ ബോധ്യപ്പെടുത്തി. ചെറിയ ചെറിയ സൗഹൃദയ കൂട്ടായ്‌മകൾ പാരിസ്‌ഥിക നൈതികതയെ പുനർജനിപ്പിക്കാൻ വേണ്ടി രൂപം കൊണ്ടു. പിന്നീടത്‌ ഇക്കോഫെമിനിസമായും, പരിസ്‌ഥിതിരാഷ്‌ട്രീയമായും പരിസ്‌ഥിതി ആത്‌മീയതയായും വളർന്നു അക്കാലത്ത്‌ മരക്കവികൾ എന്ന്‌ ആക്ഷേപിക്കപ്പെട്ട ഒരു കൂട്ടം കവികളും നമുക്കുണ്ടായി. മരം മുറിക്കരുതെന്നും കാടുനശിച്ചാൽ നാടു നശിക്കുമെന്നും അവർ നാടുനീളെ പാടിക്കൊണ്ടു നടന്നു. അങ്ങനെ അവസാനം കുന്തിപ്പുഴയ്‌ക്കു കുറുകെ അണകെട്ടാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കപ്പെടുകയും ജനങ്ങളുടെ പാരിസ്‌ഥിതികവിവേകം വിജയിക്കുകയും ചെയ്‌തു. അങ്ങനെ കുന്തിപ്പുഴയിന്നും ബന്ധനമറിയാതെ സ്വച്ഛമായൊഴുകുന്നു.

മല ഏറെ കയറിപ്പോന്നു. തോട്ടങ്ങൾ പിന്നിട്ടു, ആദിവാസി കോളനികളും കടന്നുപോയി. യാത്രയിൽ ഓരോരുത്തരും തനിയെ നിശബ്‌ദതയിലേക്ക്‌ പൊയ്‌ക്കൊണ്ടിരുന്നു. ചുറ്റും നിശബ്‌ദതയുടെ വന്യത. മണ്ണട്ടകൾ പോലും മണ്ണടരുകളിൽ ധ്യാനനിമഗ്നരാണിവിടെ. ഡ്രൈവർ ജീപ്പ്‌ ഒതുക്കി നിർത്തി. വനദർശനത്തിനായി കെട്ടിയുയർത്തിയ ഇരുമ്പു ഗോവണിയിൽ കയറി മലയെ ഒന്നു നിവർന്നുനിന്നുകണ്ടു. നമ്മുടെ അതേ ഉയരത്തിൽ മല. കാഴ്‌ചയുടെ കോൺമാറുമ്പോൾ എത്ര വ്യത്യസ്‌തമാകുന്നു അനുഭവം. സഹ്യസാനുക്കളങ്ങനെ ഒരു വൃത്താകൃതിയിൽ നീണ്ടു നിവർവന്നു കിടക്കുന്നു. അകലെ കുന്തിപ്പുഴ മരങ്ങൾക്കിടയിലൂടെ നീണ്ടുവരുന്ന ഒരു പ്രഭാത കിരണംപോലെ താഴോട്ട്‌ ഊർന്നിറങ്ങുന്നു. ഒരു അമ്മക്കുരങ്ങ്‌ കുഞ്ഞിന്റെ മേൽ പേൻ നോക്കുന്നു. താഴെ ഇപ്പോൾ ജനിച്ച ശിശുവിനെ വയറിൽ അള്ളിപ്പിടിച്ച്‌ മറ്റൊരമ്മ. നോക്കുമ്പോൾ മൂന്നും നാലും അമ്മമാർ കുഞ്ഞുങ്ങളെയും വയറിൽ താങ്ങിപ്പിടിച്ച്‌ വഴിയോരത്ത്‌ കാഴ്‌ചകണ്ടിരിക്കുന്നു. ഒന്നിനുപിറകെ ഒന്നായി കുഞ്ഞുങ്ങളെയും കൊണ്ടുവരുന്ന അമ്മമാരെ കാണുമ്പോൾ നമുക്കു തോന്നും ഇവർക്കും ഒരു പ്രസവവാർഡ്‌ ഉണ്ടോ എന്ന്‌. മരച്ചില്ലകളിൽ കുരങ്ങുകളും, കരിമന്തിയും, സിംഹവാലനും യഥേഷ്‌ടം പഴങ്ങൾ പറിച്ചുതിന്നു നടക്കുന്നു. ഞങ്ങൾക്ക്‌ അവരെകണ്ട്‌ കൗതുകം ഉണ്ടായെങ്കിലും അവർ ഞങ്ങളെ കാര്യമായി പരിഗണിച്ചതേയില്ല. അതിനടുത്താണ്‌ വനപാലകരുടെ താമസസ്‌ഥലം. അവിടെ ഈ വനമേഖലയെക്കുറിച്ചുള്ള വിവരണം വിശദമായി തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്‌. എല്ലാം കണ്ടുകഴിയുമ്പോൾ അവസാനം കണ്ണാടിയിൽ നമ്മൾ നമ്മെതന്നെകാണും. പെട്ടെന്ന്‌ നോട്ടം പിൻവലിക്കുമ്പോൾ കണ്ണാടിക്കുതാഴെ എഴുതിയിരിക്കുന്നതുവായിച്ചു പോകും - നിങ്ങളാണ്‌ ഭൂമിയിലെ ഏറ്റവും ഹാനികരമായ മൃഗം.‘ നല്ലത്‌. മനുഷ്യൻ സ്വയം അത്തരം തിരിച്ചറിവിലേക്ക്‌ എത്തിച്ചേരുന്നുണ്ടല്ലോ? പരിസ്‌ഥിതി പ്രവർത്തകർ നേടിയെടുത്ത ഏറ്റവും വലിയ അറിവും അതുതന്നെയാണ്‌. എങ്കിലും നമ്മൾ മനുഷ്യകുലത്തിൽ പെട്ടതുകൊണ്ട്‌ നമുക്ക്‌ നമ്മെക്കുറിച്ച്‌ നല്ലതുമാത്രമല്ലേ കരുതാൻ കഴിയൂ. നമ്മുടെ ദൈവം നമ്മെയാണല്ലോ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്‌ടിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ നമുക്കും നമ്മുടെ ദൈവത്തിന്റെ സ്വഭാവമായിരിക്കണമല്ലോ? അക്കാരണത്താൽ “ചിലർ ചില സമയങ്ങളിൽ” എന്ന്‌ ഞാൻ കണ്ണാടിക്കു താഴെയുള്ള എഴുത്തിനെ തിരുത്തിവായിച്ചു.

ഇനിയുള്ള യാത്ര കാൽനടയാണ്‌. ജീപ്പ്‌ അനുവദനീയമല്ല. കാട്ടിൽ കാട്ടുപോത്തും, ആനയും പുലിയും കടുവയും ഉണ്ടെന്നറിഞ്ഞപ്പോൾ ഭയം തോന്നി. കൂടെ കുട്ടികളും യാത്രയ്‌ക്കുണ്ട്‌. അമ്മയുടെ ആകാംക്ഷ നിയന്ത്രിക്കാൻ കഴിയാതെ ഞാൻ ചോദിച്ചു. ഇവിടെ മൃഗങ്ങൾ ഉപദ്രവകാരികളാണോ? ഇതുവരെ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. വനപാലകരുടെ മറുപടി ഉറച്ചതായിരുന്നു. പിന്നെ കർണ്ണാടകത്തിലെ ഒരു മലയോരഗ്രാമത്തിൽ രണ്ടു ദിവസം താമസിച്ചതിന്റെ ധൈര്യമുണ്ട്‌. അന്ന്‌ ബുദ്ധപൗർണമിയായിരുന്നു. ചന്ദ്രൻ അതിന്റെ എല്ലാ പ്രതാപത്തോടുംകൂടി ആകാശം നിറഞ്ഞു നിന്നു. എല്ലാവരും മുറ്റത്തെ കയറുകട്ടിലുകളിലാണ്‌ ഉറങ്ങാൻ കിടന്നത്‌. കാട്ടിൽ നിന്നും പലതരം മൃഗങ്ങളുടെ ശബ്‌ദംകേൾക്കാം. പുലി പിടിച്ചിട്ടായിരിക്കാം ഒരു ംലാവ്‌ ഉക്കെ കരയുന്നുണ്ട്‌. അന്നും ആ വീട്ടിലെ അമ്മയോടു ചോദിച്ചു. രാത്രി മൃഗങ്ങൾ ഇറങ്ങിവന്ന്‌ നമ്മെ ഉപദ്രവിക്കില്ലേ. ആ അമ്മയുടെ മറുപടി ഉറച്ചതായിരുന്നു. എത്രയോ നാളുകളായി ഞങ്ങളിവിടെയുണ്ട്‌. അവരവിടെയും. ഞങ്ങൾ പരസ്‌പരം ഭയപ്പെടാറില്ല. സത്യത്തിൽ ആ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. നിലാവിനോടുള്ള പ്രിയത്തേക്കാൾ മൃഗങ്ങളോടുള്ള പേടിയായിരുന്നു. പക്ഷേ എല്ലാവരും കൂർക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു. നേരം വെളുത്തപ്പോൾ എല്ലാം സാധാരണപോലെ. കാട്‌ നാട്ടുമനുഷ്യൻ കയ്യേറാതിരിക്കുന്നിടത്തോളം അതിന്റെ ഉടമസ്‌ഥരായ വന്യജീവികൾ നാട്ടുജീവിതത്തിന്റെ സ്വൈര്യം കെടുത്തില്ല. അവരുടെ ഇടം നാം കയ്യേറുമ്പോൾ പിന്നെ അവ ക്രൂദ്ധരാകാതെ എന്തുചെയ്യും? അങ്ങനെ കയ്യേറ്റവും പ്രതിരോധവും നമ്മൾ അതിജീവനത്തിന്റെ മന്ത്രമാക്കുമ്പോൾ സ്വസ്‌ഥമായ ജീവനലീല മറന്നുപോകുകയും അതോടെ നാടിന്റെയും കാടിന്റെയും ജൈവതാളം അവതാളമാകുകയും ചെയ്യുന്നു. വഴികാട്ടി ഒറ്റയടിപ്പാതയിലൂടെ മുന്നിൽ നടന്നു. ഒരു സെൻട്രൽ എ.സി.യുടെ ഇഫക്‌ടാണ്‌. വഴിക്കുവീണെങ്കിലോ എന്നു കരുതിയാണ്‌ ചെരുപ്പൂരിയത്‌. പക്ഷേ കാൽ ആ പതുപതുത്ത മണ്ണിൽ തൊട്ടപ്പോൾ മേലാകെ രോമാഞ്ചം ചൂടി. ഇത്രയും നനുത്ത ഒരു കാർപെറ്റിലും ഞാനിതുവരെ നടന്നിട്ടില്ല. കാലങ്ങളായി ഇലകൾ പുതപ്പിച്ചുകിടത്തിയ മണ്ണ്‌ അത്രമാത്രം മൃദുലമായിരുന്നു. ഇടയ്‌ക്കുമുറിച്ചു കടക്കേണ്ടിവന്ന ചെറിയ വെള്ളച്ചാലുകൾ ഏത്‌ ’കൂൾ അക്വഫിന‘ യെക്കാൾ തണുപ്പും സ്വാദമുള്ളതായിരുന്നു. കൈത്തലം പതുക്കെ അമർത്തി കുമ്പിൾ വെള്ളമെടുത്ത്‌ മുഖം കഴുകുമ്പോൾ കിട്ടുന്ന സുഖം എങ്ങനെയാണ്‌ പറഞ്ഞുതരിക. ഒരു വെറ്റ്‌ടിഷ്യുവിനും അതു നമുക്ക്‌ നൽകാൻ കഴിയുന്നില്ല വനത്തിനുള്ളിൽ എവിടെയൊ മണ്ണ്‌ ഏതോ ജീവിയെ സംസ്‌കരിക്കുന്നതിന്റെ ഗന്ധം കാറ്റ്‌കൊണ്ടുവരുന്നുണ്ട്‌. പുഴയുടെ ഒഴുക്കിൽ അത്‌ ഒഴിഞ്ഞുപോകുന്നുണ്ട്‌.

ഭൂമിയുടെ മുലക്കണ്ണ്‌ തനിയെ ചുരന്നു പോകുമ്പോഴാണ്‌ ഒരു നദിയുടെ ഉറവപ്പൊട്ടുന്നത്‌. അത്‌ മലമുകളിലോ ഗുഹാമുഖത്തോ, പുൽമേട്ടിലോ സംഭവിക്കുന്നു. കുന്തിപ്പുഴ തുടങ്ങുന്നത്‌ അങ്ങനെ പുൽമേട്ടിലെ ഒരു ഉറവയിൽ നിന്നാണ്‌. വലിയ പുൽത്തകിടിയിൽ ഒറ്റയ്‌ക്കു ഉയർന്നു നിൽക്കുന്ന ഒരു മരം. അതിന്റെ വേരുകൾക്കിടയിൽ നിന്ന്‌ കുഴിഞ്ഞ മുലക്കണ്ണിലൂടെ എന്നപോലെ ജലം പുറത്തേക്ക്‌ വരുന്നു. പിന്നീട്‌ പല ഉറവകളും വഴിക്കുചേർന്ന്‌ ഒരു ചാലായ്‌, അരുവിയായ്‌ കുന്തിപ്പുഴ ഏറെ ദൂരം മനുഷ്യസ്‌പർശമേൽക്കാതെ വിശുദ്ധയായ്‌ ഒഴുകുന്നു. ഉരുണ്ട കരിങ്കൽ പാതകളിലൂടെ കരിങ്കല്ലിൽ തീർത്ത കോട്ടയ്‌ക്കുള്ളിലൂടെ സുരക്ഷിതമായാണ്‌ ആ ഒഴുക്ക്‌. കരിങ്കല്ലിന്റെ നിറമാകാം, കുന്തിപ്പുഴയിലെ വെള്ളത്തിന്‌ കറുപ്പുനിറമാണ്‌. അതിന്റെ വശങ്ങളിലെ കരിങ്കല്ലടരുകളിൽ നിന്ന്‌ മഞ്ഞശലഭങ്ങൾ മേഘങ്ങളിലേക്ക്‌ പടർന്നു കയറുന്നുണ്ട്‌ നട്ടുച്ചയ്‌ക്കും.

നമ്മൾ നദികൾക്കെല്ലാം പ്രധാനമായും സ്‌ത്രീനാമസംജ്ഞകൾ നല്‌കി. അത്‌ എത്ര അർത്ഥവത്താണ്‌. ജലം ജീവന്റെ ഉറവിടം. സ്‌ത്രീയും. വഴിയിൽ മാൻ കൂട്ടങ്ങൾ വെള്ളം കുടിച്ചു പോയതിന്റെ കാലടികളുണ്ട്‌. ചൂടാറാത്ത ആന പിണ്ടത്തെ ചവിട്ടാതെ കടന്നുപോകുമ്പോഴും അതിന്റെ സാന്നിധ്യമായി ചൂര്‌ മൂക്കിൽ തുളച്ചു കടക്കുന്നുണ്ട്‌. വഴിയിൽ പച്ചപ്രാവുകളും, മൈനകളും വെയിൽ കായുന്നുണ്ട്‌. കുന്തിപ്പുഴയെ കൺകുളിർക്കെ കണ്ടു തിരികെ നടക്കുമ്പോൾ മനസ്സും ശരീരവും ഏറെ ശാന്തമായിരുന്നു. തിരിച്ച്‌ മുക്കാലിയിലെത്തിയപ്പോൾ ഭവാനിപ്പുഴ കൂട്ടുകാരികളെ കാത്തിരിയ്‌ക്കുന്ന ഒരു കൗമാരക്കാരിയെപ്പോലെ കുളിക്കാൻ വരുന്നവരെയും കാത്തിരിക്കുന്നു. ഞങ്ങൾ ഏകദേശം ഒരു മണിക്കൂർ ’കന്ന്‌ കയം കണ്ടപോലെ‘ മുട്ടറ്റം വെള്ളത്തിൽ ഇരുന്നും കിടന്നും ചെലവഴിച്ചും. ഇപ്പോൾ കുളിക്കാൻ ഒരു പുഴവേണം എന്നതാണ്‌ എന്റെ പെൺകുട്ടികളുടെ ആഗ്രഹം. അങ്ങനെ പുഴവക്കത്തൊരു വീട്‌ അവരും സ്വപ്‌നം കണ്ടുതുടങ്ങി. ഒരു പകൽ മുഴുവൻ കടന്നുപോയി. മടക്കയാത്രതിരിക്കുമ്പോൾ ഒരു പരസ്യപ്പലക നമ്മെ നോക്കി പറയും ’നിങ്ങൾ ഇവിടെ നിന്നും അനുഭവിച്ച ശാന്തത ഒരാൾക്കെങ്കിലും പകർന്നു കൊടുക്കുക.‘ അതൊരു ക്രിസ്‌മസ്‌ കാലമായിരുന്നു. ’ഭൂമിയിൽ സന്മനസ്സുള്ളവർക്ക്‌ സമാധാനം ‘ ആശംസിച്ചുകൊണ്ട്‌ വിണ്ണിന്റെ നക്ഷത്രവിളക്കുകൾ ഓരോ വീടിനുമുകളിലും തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഹൃദയത്തിലേക്ക്‌ ഒരു പകലിന്റെ ശാന്തത മുഴുവൻ അരിച്ചിറങ്ങിയ ഒരു ശാന്തരാത്രിയായിരുന്നു അത്‌.

നമ്മുടെ തിരക്കുകളിൽ നിന്ന്‌ വല്ലപ്പോഴും അവധിയെടുത്ത്‌ പ്രകൃതിയുടെ ശീതളിമയിൽ ചെലവഴിച്ചാലറിയാം ദൈവം നല്‌കുന്ന സമാധാനം എന്താണെന്ന്‌, നമ്മളൊന്ന്‌ സന്നദ്ധരായാൽ മതി. ഈ പ്രകൃതി അതിന്റെ മുഴുവൻ ഇന്ദ്രിയങ്ങൾകൊണ്ടും നമ്മെ ഉണർത്തിയെടുക്കും. കാരണം മനുഷ്യസൃഷ്‌ടിയിൽ മനുഷ്യൻ മാത്രമാണ്‌ പ്രകൃതിയിൽ നിന്നു അടർന്നു മാറിയിട്ടുള്ളൂ. ബാക്കി എല്ലാവരും അവിടെത്തന്നെയുണ്ട്‌. ദൈവത്തിന്റെ തൊട്ടരികിൽ. അതുകൊണ്ട്‌ നാം മടങ്ങിചെല്ലുമ്പോൾ ധൂർത്തുപുത്രനെ എന്നപോലെ അവരെല്ലാം ചേർന്ന്‌ നമ്മെ സ്വീകരിക്കുന്നു. കിളികളും, പൂക്കളും മരങ്ങളും, പുഴകളും, കാറ്റും നിലാവും, മണ്ണും എല്ലാ എല്ലാ നമ്മെ ഒറ്റ നിമിഷംകൊണ്ട്‌ സ്വസ്‌ഥരാക്കുന്നു. ഏറ്റവും സ്‌നേഹിക്കപ്പെടുന്ന ഒരാളുടെ അരികിലെന്നപോലെ. അതിന്‌ ചിലപ്പോൾ ആകാശത്തിനേറ ഒരു ചീളുമതി. മറ്റൊരിക്കൽ അത്‌ ഒരു കിളിയുടെ പാട്ടാകാം, അല്ലെങ്കിൽ പുഴയുടെ ഒഴുക്ക്‌, അങ്ങനെ എന്തും നമ്മെ ഉറവിടത്തിലേക്ക്‌, ശാന്തതയിലേക്കു കൂട്ടുക്കൊണ്ടുപോകും. നമ്മിൽ നിന്ന്‌ അശാന്തത ഒഴിഞ്ഞു പോകാനുള്ള ഏകമാർഗ്ഗം ഉറവിടത്തിലേക്കു മടങ്ങിചെല്ലലാണ്‌.

മനുഷ്യരെപ്പോലെ മൃഗങ്ങളും, സസ്യങ്ങളും, പറവകളും, ഉരഗങ്ങളും എല്ലാ സഞ്ചരിക്കുകയും സംസാരിക്കുകയും ചെയ്‌തൊരു കാലത്തെക്കുറിച്ചുള്ള ഒരു സ്വപ്‌നമുണ്ടായിരുന്നല്ലോ നമുക്ക്‌, സത്യയുഗം. അതു കഴിഞ്ഞപ്പോൾ ദൈവം പറഞ്ഞു. ഇനി സഞ്ചരിക്കുകയും സംസാരിക്കുകയും ചെയ്‌താൽ നിങ്ങൾ പാപം ചെയ്യും. എന്നിൽ നിന്നും അകന്നു പോകും. സസ്യങ്ങൾ പറഞ്ഞു, “അയ്യോ ഞങ്ങൾ ഇനി നിന്നിടത്തുനിന്ന്‌ ഇളകുകയോ ഒരു വാക്ക്‌ മിണ്ടുകയോ ചെയ്യില്ല. അങ്ങയെ ഞങ്ങൾ ഇനി നിന്നിടത്തുനിന്ന്‌ ഇളകുകയോ ഒരു വാക്ക്‌ മിണ്ടുകയോ ചെയ്യില്ല. അങ്ങയെ ഞങ്ങള വിട്ടു പോകില്ല”. മറ്റു ജീവജാലങ്ങൾ പറഞ്ഞു. “ഞങ്ങൾ സഞ്ചരിക്കും പക്ഷെ, സംസാരിക്കില്ല. അങ്ങനെ ഞങ്ങൾ പാപം ചെയ്യാതെ ജീവിക്കും.” മനുഷ്യൻ പറഞ്ഞു, “ഞാൻ സഞ്ചരിക്കുകയും സംസാരിക്കുകയും ചെയ്യും. എന്നാലും പാപം ചെയ്യാതിരിക്കും.” പക്ഷെ ദൈവം പറഞ്ഞപോലെ സംഭവിച്ചു. മറ്റുള്ള സഹോദരങ്ങളിൽ നിന്നും അകന്നു പോന്നതോടെ അവനിൽ ഭയം ഒരു പ്രധാന വികാരമായി. സ്വന്തം സഹോദരനെ ഭയന്നു. പരസ്‌പരം കരുതലായിരുന്നവർ ശത്രുക്കളായി. മറ്റു ജീവജാലങ്ങളും പ്രകൃതിയും അവന്റെ ശത്രുക്കളായി. സ്വന്തം സഹോദരനുപോല്മ് അവൻ കാവൽക്കാരനല്ലാതായി. എല്ലാറ്റിനേയും അവൻ വസ്‌തുക്കളാക്കി. കീഴടക്കുകയും മെരുക്കിയെടുക്കുകയും ചെയ്യുന്നതിൽ അഭിമാനിച്ചു. അവൻ എല്ലാറ്റിന്റേയും യജമാനനായി സ്വയം അവരോധിച്ചു. എന്നിട്ടും സ്‌നേഹം എന്തെന്നോ സമാധാനം എന്തെന്നോ അവൻ അറിയാതെപോയി. കാലത്തിന്റെ ഒഴുക്കിൽ വല്ലപ്പോഴും ആത്‌മാവിന്റെ ഉൾക്കണ്ണു തുറന്നു കിട്ടിയവരെല്ലാം പ്രകൃതിയിലേക്കു തിരിച്ചുപോയി. ശാന്തരായി. ബുദ്ധരായി. വിശുദ്ധരായി. ചന്ദ്രൻ സഹോദരിയാണെന്നും സൂര്യൻ സഹോദരനാണെന്നും ഏറ്റു പറഞ്ഞു. അവർ മരുഭൂമിക്കു നടുവിലും ഒരു നീർത്തടാകം കണ്ടെത്തി. സ്വസ്‌ഥരായി. ഭൂമിയിൽ സന്മനസ്സും സമാധാനവുമുള്ളവരായി ജീവിച്ചു. ദൈവം ആ തിരിച്ചുവന്നവരോട്‌ പറഞ്ഞു. “നിങ്ങൾ പോയി നിങ്ങളുടെ സഹോദരങ്ങളെക്കൂടി കൂട്ടിക്കൊണ്ടുവരിക. നിങ്ങൾ വിട്ടുപോയ ഇടം നിങ്ങൾക്കായി ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. മറ്റ്‌ സസ്യജന്തുജാലങ്ങളോടൊപ്പം ആകാശം മേൽക്കൂരയായും ഭൂമി പാദപീഠമായും ജീവിക്കുക.” അങ്ങനെ അവരിലൂടെ (ദൈവത്തിലേക്ക്‌ തിരിച്ചുപോയവരിലൂടെ) - ആത്‌മീയത നമുക്ക്‌ ഒരു തിരിച്ചുനടത്തമായി. അവർ നമുക്കുവേണ്ടി അടർന്നുപോയൊരു മുളംന്തണ്ടിന്റെ വേദനയോടെ പാടിക്കൊണ്ടിരുന്നു. സഹോദര, സഹോദരി തിരിച്ചുവരൂ നമുക്കൊന്നിച്ച്‌ ഈ ശാന്തതയുടെ ആനന്ദം പങ്കിടാം, പരസ്‌പരം കീഴ്‌പ്പെടുത്തി കാവലിരിക്കുന്ന അശാന്തിയുടെ അതിജീവനത്തിനു പകരം പരസ്‌പരം കരുതലാകുന്ന ജീവനലീലയുടെ ശാന്തിനുകരാം. അവരെ നാം പ്രവാചകരെന്നും ഋഷികളൊന്നും സൂഫികളൊന്നും വിളിച്ചു. അവർ അനീതിക്കെതിരെ ശബ്‌ദിക്കുകയും സഹോദരങ്ങളോടൊത്ത്‌ വേദനിക്കുകയും സന്തോഷിക്കുകയും ആടുകയും പാടുകയും ചെയ്‌തു. അവർ അപരനെതിരെ ഒരിക്കലും വാളോങ്ങിയില്ല. വാളതിന്റെ ഉറയിലാടാനാണ്‌ കല്‌പിച്ചത്‌. അതേ ഗുരുവിന്റെ പിൻഗാമികളാണ്‌ പിന്നീട്‌ കുരിശ്‌ യുദ്ധത്തിന്റെ അടയാളവും വികാരവുമാക്കിമാറ്റിയത്‌. ഒരിക്കൽ ഈശ്വരനെ മുഖാമുഖം കണ്ടതിന്റെ ആനന്ദംകൊണ്ടുമാത്രം ജന്മം മുഴുവൻ മൗനികളായി കഴിഞ്ഞവരുടെ പിൻഗാമികളാണ്‌ ഗർഭിണിയെപ്പോലും വയറുതുരന്ന്‌ കൊല്ലാൻ ധൈര്യമുള്ളവരായത്‌. ദൈവത്തിലേക്ക്‌ തിരിച്ചു നടന്നവരുടെ ഭാഷ നമുക്ക്‌ മനസ്സിലായില്ല. ഒന്നുകിൽ നമ്മൾ അവരെ വിഗ്രഹങ്ങളാക്കി പൂജിച്ചു. അല്ലെങ്കിൽ അവരെ നാം ദൈവത്തിന്റെ പുത്രന്മാരെന്നും പുത്രിമാരെന്നും വിളിച്ചു പരിഹസിച്ചു.

കൺമുന്നിൽ ഒരു പൂവിരിയുന്നതിന്റെ അത്ഭുതം നമ്മൾ കണ്ടില്ല. പറുദീസ യാചിച്ച ഭക്തനെപ്പോലെയാണ്‌ നാം. കാണേണ്ടതൊന്നും കാണാതെ സ്വർഗ്ഗത്തിനുവേണ്ടി ദൈവത്തോട്‌ നിലവിളിച്ചുകൊണ്ടിരിക്കുക. മനുഷ്യന്‌ പ്രകൃതിയിൽ ഈശ്വരനെ ദർശിക്കാൻ കഴിയാതെ പോയതിന്‌ ഒരു കഥയുണ്ട്‌. പറുദീസ അന്വേഷിച്ചു നടന്ന ഒരു ഭക്തന്റെ കഥ. നല്ലവനായ ആ മനുഷ്യൻ അയാളുടെ പൂർവ്വികർ പഠിപ്പിച്ച എല്ലാ മത നിയമങ്ങളും അനുസരിച്ച്‌ ജീവിക്കുന്നവനായിരുന്നു. ദൈവം അയാളുടെ നന്മ പ്രവൃത്തികൾ കണ്ട്‌ അയാളോട്‌ എന്ത്‌ അനുഗ്രഹമാണ്‌ വേണ്ടതെന്ന്‌ ചോദിച്ചു. അയാൾ പറഞ്ഞു ’ദൈവമേ എനിക്കുള്ളതെല്ലാം അങ്ങേക്കു തരാം. എനിക്ക്‌ അങ്ങയുടെ മുത്തണിമാലകൾ ചാർത്തിയ പറുദീസ വേണം.‘ ദൈവം അയാളോട്‌ ചോദിച്ചു ’നിനക്ക്‌ ഈ ഭൂമി ഒട്ടും ഇഷ്‌ടമായില്ലേ? അയാൾ പറഞ്ഞു എനിക്കീ ഭൂമി ഒട്ടും ഇഷ്‌ടമായില്ല‘ അയാൾ പറഞ്ഞു ദൈവമേ, മുത്തുമണി കവാടങ്ങൾ ഉള്ള ഒരു പറുദീസ ഉണ്ടെന്ന്‌ ഞാൻ കേട്ടിരിക്കുന്നു അതെനിക്കു തരണേ.’ ദൈവം അയാളെ കൂട്ടിക്കൊണ്ടുപോയി പൂർണ്ണചന്ദ്രനെ കാണിച്ചുകൊടുത്തു. എന്നിട്ടും ചോദിച്ചു ‘നിനക്കിത്‌ ഇഷ്‌ടമായില്ലേ?’ അയാൾ പറഞ്ഞു ‘എനിക്കിത്‌ കാണുകയോ വേണ്ട.’ അപ്പോൾ ദൈവം അകലെയുള്ള നീലമലകളെ കാണിച്ചുകൊണ്ട്‌ ചോദിച്ചു ‘ ആ മലകൾ സുന്ദരമല്ലേ?’ അയാൾ പറഞ്ഞു ‘അവ വെറും സാധാരണമാത്രം’ പിന്നീട്‌ ദൈവം അയാളെ മനോഹരമായൊരു ഉദ്യാനത്തിലേക്കു കൊണ്ടുപോയി. അതിലെ മനോഹാരിതയും ദളങ്ങളുടെ മൃദുലതയും അയാളെ കാണിച്ചുകൊടുത്തു. മനുഷ്യൻ പൂക്കളെ തൊടാൻ മടിച്ചു. അവ കോമളമല്ല എന്നു പറയുകയും ചെയ്‌തു. അയാൾ വീണ്ടും പറഞ്ഞു ‘എനിക്ക്‌ പറുദീസ വേണം’ ദൈവം അയാളെ കടലിന്റെ അടിത്തട്ടിലേക്ക്‌ കൂട്ടികൊണ്ടുപോയി. അവിടെ മനോഹരമായ സ്വർണ്ണമത്സ്യങ്ങളെയും കടൽപ്പുറ്റുകളെയും കാണിച്ചുകൊടുത്തു. അയാൾ പറഞ്ഞു എനിക്കിതൊന്നും കാണണ്ട. എനിക്കിതിലൊന്നും താല്‌പര്യമില്ല‘ അനന്തരം ദൈവം അയാളെ ഒരു വലിയ വൃക്ഷചുവട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. എന്നിട്ട്‌ കുളിർ തെന്നലിനോട്‌ വീശാൻ പറഞ്ഞു. ’അത്‌ ഇഷ്‌ടമായോ‘ എന്ന്‌ ദൈവം ചോദിച്ചു. അയാൾ പറഞ്ഞു ’എനിക്കിതിലൊട്ടും മതിപ്പുതോന്നുന്നില്ല.‘ ദൈവം അയാളെ വീണ്ടും ഒരു പർവതത്തിനു മുകളിലെ തടാകക്കരയിലേക്കു കൊണ്ടുപോയി. വെള്ളത്തിന്റെ തിളക്കം ദേവദാരു വനത്തിലൂടെ ചൂളമടിക്കുന്ന കാറ്റിന്റെ മർമ്മരം, പാറക്കെട്ടുകളുടെ സ്വച്ഛസൗമ്യത എന്നിവ കാണിച്ചുകൊടുത്തു. അയാൾ പറഞ്ഞു ’ഇതൊന്നും എന്നെ സന്തോഷിപ്പിക്കുന്നില്ല.‘ ദൈവത്തിന്റെ ക്ഷമ മറ്റാർക്കും കാണില്ലല്ലോ? ദൈവം തന്റെ ഈ സൃഷ്‌ടി നിസ്സാരപ്രകൃതനല്ല എന്നറിഞ്ഞ്‌ കുറേകൂടി വ്യത്യസ്‌തമായ കാഴ്‌ചകൾ കാണിക്കാൻ കൊണ്ടുപോയി. ദൈവം അയാളെ ശിലാപർവ്വതങ്ങളിലും, ചുണ്ണാമ്പുകല്ലുകളും കൽത്തൂണുകളും നിറഞ്ഞ ഗുഹകളിലും ചൂടു നീരുറവകളിലും, മണൽക്കാടുകളിലും മഞ്ഞുമലകളിലും വലിയ വെള്ളച്ചാട്ടങ്ങളിലും കൂട്ടികൊണ്ടുപോയി. അയാളുടെ കണ്ണുകൾക്കും കാതുകൾക്കും ഉദരത്തിനും ഉല്ലാസം നൽകാൻ മാത്രം ഈ ഗോളത്തെ സുന്ദരമാക്കാൻ സാധ്യമായതെല്ലാം ദൈവം ചെയ്‌തു വെച്ചു. എന്നിട്ടു ചോദിച്ചു ’ഇഷ്‌ടമായോ?‘ അയാൾ വീണു. അതേ ആവശ്യം ഉന്നയിച്ചു. ’എനിക്കീ ഭൂമി ഇഷ്‌ടപ്പെട്ടില്ല. എനിക്ക്‌ മുത്തണിക്കവാടങ്ങളുള്ള പറുദീസ വേണം.‘ ദൈവം ആക്രോശിച്ചു. ’നന്ദികെട്ട മനുഷ്യൻ. നിനക്ക്‌ എന്റെ സൃഷ്‌ടികളിൽ ഏറ്റവും സുന്ദരമായ ഈ ഭൂമി ഇഷ്‌ടപ്പെട്ടില്ല അല്ലേ, അതുകൊണ്ട്‌ നിന്നെ ഞാൻ നരകത്തിലേക്ക്‌ അയക്കുന്നു. അവിടെ നീ അലഞ്ഞു നടക്കുന്ന മേഘങ്ങളെയോ പൂത്തുലയുന്ന മരങ്ങളെയോ കാണില്ല. പൂഞ്ചോലകളുടെട കളകളം നീ കേൾക്കില്ല. നീ നിന്റെ അന്ത്യനാളുകൾവരെയും അവിടെ ഇരുട്ടിൽ കഴിയും.‘ ഇത്രയും പറഞ്ഞ്‌ ദൈവം ആ മനുഷ്യനെ നിത്യനരകത്തിലടച്ചു. (ഥയ്‌ക്ക്‌ കടപ്പാട്‌ പ്രൊഫ. ജോൺസിജേക്കബ്‌ സാറിനോടാണ്‌).

അങ്ങനെ പ്രകൃതിയുടെ സൗന്ദര്യത്തെ ഉൾക്കൊള്ളാൻ കഴിയാത്തവിധം അന്ധമാക്കപ്പെട്ടവരായിത്തീർന്നു നമ്മൾ ആധുനികരും ഉത്തരാധുനികരും. അതുകൊണ്ടുതന്നെ, നമ്മുടെ ആത്‌മീയതയ്‌ക്കുപോലും സൗന്ദര്യവും ആനന്ദവും നിഷിദ്ധമായി. ആത്‌മീയത (ഉറവിടങ്ങളിലേക്ക്‌) പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ തിരിച്ചുനടത്തമാണ്‌. നമ്മുടെ മതപരമായ ആത്‌മീയതയാകട്ടെ യഥാർത്ഥത്തിൽ എന്താണോ ആത്‌മീയത അതുതന്നെ നഷ്‌ടപ്പെടുത്തി. ദൈവത്തിന്റെ സമാധാനം മനുഷ്യരിലേക്കെത്തിക്കാൻ ഒരു നീർച്ചാലായി തീരേണ്ട മതങ്ങൾ, അതിന്റെ വളർച്ചയിൽ എവിടെയോ വെച്ച്‌ പരസ്‌പരം അശാന്തിയുടെ പടവാളുകളായി. സന്യാസം പീഡാകരമായി.

എല്ലാ മതങ്ങൾക്കകത്തും ഒരു നേർരേഖ പ്രകൃതിയോടിണങ്ങി ദൈവത്തിലേക്ക്‌ നീളുന്നുണ്ട്‌. അതിന്റെ ഉറവ വറ്റാതിരിക്കേണ്ടത്‌ ജീവന്റെ തുടർച്ചയ്‌ക്ക്‌ അത്യാവശ്യമാണ്‌. പാരിസ്‌ഥിതകമായൊരു ആത്‌മിയബോധം നമ്മിലെ ഉണർവ്വിനെ ജാഗ്രത്താക്കും. അപ്പോൾ ഭൂമി ദൈവത്തിന്റെ വാസസ്‌ഥലമാണെന്നും മനുഷ്യൻ അതിനെ മലിനമാക്കരുതെന്നും അസ്സീസ്സിയിലെ ഫ്രാൻസീസിനെപോലെ ഓരോരുത്തരും കരുതും. മരുഭൂമിയിൽ ഒറ്റപ്പെട്ട ഒരു രാത്രിയിലാണ്‌ യാക്കോബ്‌ ദൈവത്തിന്റെ മാലാഖമാർ ഒരു ഗോവണിയിലൂടെ ഇറങ്ങുകയും കയറുകയും ചെയ്യുന്നത്‌ കണ്ടത്‌. അങ്ങനെ അപ്പനായ ദാവീദിന്റെ ഭവനം മാത്രമല്ല ആ മരുഭൂമിയും ദൈവത്തിന്റെ വീടാണ്‌ എന്ന്‌ തിരിച്ചറിഞ്ഞത്‌. പ്രകൃതിയിലേയ്‌ക്കുള്ള ഓരോ യാത്രയും നമ്മെ ഓർമ്മിപ്പിക്കേണ്ടതും ഭൂമി ദൈവത്തിന്റെ വാസസ്‌ഥലമാണ്‌ എന്നാണ്‌. പ്രകൃതിയിൽ ദൈവത്തിന്റെ പ്രതിച്‌ഛായ തിരിച്ചറിയാൻ കഴിയുമ്പോഴാണ്‌ യാത്രയുടെ ആനന്ദം പൂർണ്ണമാകുന്നത്‌. നമ്മുടെ പാരിസ്‌ഥിതികമായ അറിവ്‌ ഇപ്രകാരം ഒരു നൈതിക വിവേകമായി പരിണമിക്കുമ്പോഴാണ്‌ ജീവിതം കൂടുതൽ ഉണർവുള്ളതാകുക. ഓരോ യാത്രകഴിഞ്ഞ്‌ തിരിച്ചെത്തുമ്പോഴും മറ്റൊരു യാത്രയിലേക്ക്‌ നമ്മെ ത്രസിപ്പിക്കുന്നത്‌ നമ്മിലെ ഈ ആത്‌മീയ ജാഗ്രതയാണ്‌.

ഡോ. റോസി തമ്പി

Jethavanam,

West Palace Road,

Thrissur-20.


Phone: 9447133882
E-Mail: rosythampy@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.