പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സുരക്ഷിതത്വം അന്യം നില്‍ക്കുന്ന രാജ്യം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സലോമി ജോണ്‍ വത്സന്‍

ഒടുവില്‍ അവള്‍ യാത്രയായി. മരണത്തിന്റെ തണുത്തുറഞ്ഞ താഴ്വരയിലേക്ക് നിഷാദന്മാരുടെ കഴുകന്‍ കണ്ണുകള്‍ ചെന്നെത്താത്ത അനന്തതയുടെ മടിത്തട്ടില്‍ അവള്‍ ശാന്തമായുറങ്ങുന്നു.

അവളുടെ പേര്‍ നമുക്കറിയില്ല. ജ്യോതി, ദാമിനി, അമ്മാനത്ത് അങ്ങനെ അച്ചടി മഷി പുരണ്ട കുറെ നാമങ്ങള്‍. ഒന്നു മാത്രം വ്യക്തം 120 കോടി ഭാരതീയര്‍ അവളുടെ ദുരന്തം കേട്ട് നടുങ്ങി ഓരോ മാതാപിതാക്കളുടെയും നെഞ്ചില്‍ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളുടെ മുഖം ഭയം പുരണ്ട വേദനയായി. നിത്യേനെയുള്ള പത്ര വാര്‍ത്തകള്‍ അവരെ നടുക്കിക്കൊണ്ടിരിക്കുന്നു. ഈ ദുരന്തം ഡല്‍ഹിയില്‍ മാത്രമല്ല ഇതെഴുതിക്കൊണ്ടിരിക്കുന്ന ഈ പാതിരാവില്‍ ഇരുട്ടിന്റെ നിലവറയില്‍, നിന്ന് ജീവന്‍ പിടയുന്ന മാനത്തിനു വേണ്ടി അലമുറയിട്ടു കരയുന്ന പിഞ്ചു പെണ്‍കുഞ്ഞുങ്ങളുടെ, ബാലികമാരുടെ , യുവതികളുടെ , മധ്യവയസ്ക്കകളുടെ , വൃദ്ധകളുടെ ആര്‍ത്താനാദം എന്റെ സ്ത്രീത്വത്തെ ഭയ്പ്പെടുത്തുന്നു. എന്റെ നെഞ്ചില്‍ മുള്‍ക്കിരീടം അമര്‍ത്തുന്നു. അതില്‍ നിന്ന് ഇറ്റു വീഴുന്ന ചോരത്തുള്ളികള്‍‍ കൊണ്ട് നരാധമന്മാരുടെ കാമഭ്രാന്തില്‍ ജീവന്‍ പൊലിഞ്ഞ അനേകമായിരം പെണ്‍നക്ഷത്രങ്ങള്‍ പ്രണാമം.

ഉത്തര്‍ പ്രദേശിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്നും തൊഴില്‍ പരിശീലനത്തിനെത്തിയ അവളുടെ കഥ ഇനി ഞാന്‍ ഏറെ പറയേണ്ടതില്ല. കുടുംബത്തിന് അത്താണിയാവാന്‍ എത്തിയ അവളെ കാത്തിരുന്നത് കാമത്തിന്റെ രൂപം പൂണ്ട കാലനായിരുന്നു. സ്വതന്ത്ര ഭാരത ചരിത്രത്തില്‍ ഒരിടത്തും നാം രാജ്യം ഇങ്ങനെയൊരു അന്ത്യ പ്രണാമം ഒരു സാധാരണ പെണ്‍കുട്ടിക്കു നല്‍കിയ ചിത്രം കണ്ടിട്ടില്ല. പൂര്‍വ ജന്മത്തില്‍ എവിടെയോ നഷ്ടപ്പെട്ടു പോയ അര്‍ഹതപ്പെട്ട സ്നേഹാദരങ്ങള്‍‍ ഏറ്റുവാങ്ങാന്‍ വേണ്ടി ജന്മം കൊണ്ടതായിരുന്നോ നീ? നിന്റെ മുജ്ജന്മത്തിലെ ഏഴ് ശത്രുക്കള്‍‍ ഒരുമിച്ച് നിന്നെത്തേടിയെത്തിയപ്പോള്‍‍ നിനക്ക് പ്രതിരോധിക്കാനായില്ല.

നിന്റെ ജന്മനാട് നിന്നെ ഏറ്റുവാങ്ങാനാവാതെ കണ്ണീരിന്റെ മൂടല്‍ മഞ്ഞില്‍ വിതുമ്പി. ക്രൂശിക്കപ്പെട്ട നിന്റെ ചേതനയറ്റ ശരീരവും പേറി വിമാനം വീണ്ടും പറന്നു ഡല്‍ഹി എന്ന നിന്റെ കൊലക്കളത്തിലേക്ക്. നിഷാദന്‍മാരുടെ വനാന്തരത്തിലേക്ക്. നീതിയും ധര്‍മ്മവും നടപ്പാക്കുവാന്‍ കോടിക്കണക്കിന് ഭാരതീയരുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന നമ്മുടെ നാണംകെട്ട തലസ്ഥാനത്തേക്ക്. ഓരോ പൗരനും സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന നിയമ സംഹിതയുടെ കോട്ടയിലേക്ക്. അതെ ഡല്‍ഹിയിലേക്ക്. നമുക്ക് ലജ്ജിച്ച് തലതാഴ്ത്താം മുഖം മറയ്ക്കാം; സ്ത്രീയുടെ മാനം കാക്കാന്‍ യുദ്ധം കുറിച്ച മഹത്തായ ഭാരത സംസ്ക്കാരത്തിന്റെ വേരുകള്‍ പിഴുതെറിഞ്ഞ തമോഗര്‍ത്തിലേക്ക് ജ്യോതി വലിച്ചെറിയപ്പെട്ടതോര്‍ത്ത്!

നാം നെഞ്ചിടിപ്പോടെയാണ്, വിങ്ങുന്ന ഹൃദയത്തോടെയാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 17 ലെ പ്രഭാത പത്രം വായിച്ചത്. തലേന്ന് സിനിമ കണ്ടു മടങ്ങുമ്പോള്‍‍ അവളുടെ ജീവിതത്തിലെ അന്ത്യ നിമിഷങ്ങള്‍ക്ക് മാപ്പു സാക്ഷിയാകാനായിരുന്നു തന്റെ നിയോഗം എന്ന് കൂട്ടുകാരന്‍ അക്ഷയ് അറിഞ്ഞിരുന്നോ?

ഇത് ഡല്‍ഹിയുടെ ചരിത്രത്തിലെ ആദ്യത്തെയും അവസാനത്തേയും സംഭവമല്ല. ജ്യോതിയുടെ ചിത എരിഞ്ഞടങ്ങിയതിനോടൊപ്പം വീണ്ടും മാനഭംഗ നടുക്കങ്ങള്‍ തലസ്ഥാനത്ത് അരങ്ങേറി. ശനിയാഴ്ച രാത്രി (29) ബസിനുള്ളില്‍ വീണ്ടും ഒരു പതിനേഴുകാരി പീഢിപ്പിക്കപ്പെട്ടു. ഒരു വീട്ടമ്മയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി. ( ബംഗാളില്‍)

ഷീലാ ദീക്ഷിത് തുടര്‍ച്ചയായി ഭരണയന്ത്രം തിരിക്കുന്ന ഡല്‍ഹിയില്‍ എന്നും സ്ത്രീകള്‍‍ പീഢിപ്പിക്കപ്പെടുന്നു. ഗുജറാത്തില്‍ നരേന്ദ്ര മോഡിയുടെ ഭരണത്തെ വിമര്‍ശിക്കുകയും ഇവിടെ എന്ത് പുരോഗതിയാണ് ഉള്ളതെന്ന് ചോദിക്കുകയും ചെയ്ത മുഖ്യക്ക് ഗുജറാത്ത് മുഖ്യന്‍ ചുട്ട മറുപടി നല്‍കി. തന്റെ സംസ്ഥാനത്ത് രാത്രി 12 വരെ സ്ത്രീകള്‍ക്ക് സുരക്ഷിതരായി നടക്കാമെന്നും വസന്ത വിഹാറില്‍ നടന്നതു പോലെ തന്റെ സംസ്ഥാനത്ത് നടന്നാല്‍ ജനങ്ങള്‍ തന്നെ അത് കൈകാര്യം ചെയ്യുമെന്നും!!

സുപ്രീം കോടതി അഭിഭാഷകന്‍ ദയാന്‍ കൃഷ്ണന്‍ പ്രതിഫലം വാങ്ങാതെ കേസ് വാദിക്കാന്‍ മുന്നോട്ടു വരികയായിരുന്നു. ജനുവരി 3 - ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പെണ്‍കുട്ടിയുടെ മരണം സംഭവിച്ച ഉടനെ ഡല്‍ഹി പോലീസ് കമ്മീഷന്‍ നീരജ് കുമാര്‍ പ്രഖ്യാപിച്ചു. പ്രതികള്‍‍ക്ക് പര‍മാവധി ശിക്ഷ നല്‍കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

ഇന്ത്യാഗേറ്റും രാഷ്ട്രപതി ഭവനും നോക്കു കുത്തികണക്കെ നില്‍ക്കുന്നു. സ്ത്രീകളുടെ മാനം പിച്ചിച്ചീന്തുന്നതിനു സാക്ഷ്യമായി. തന്റെ ശരീരവും ആത്മാവും പീഢന പര്‍വ്വം ഏറ്റു വാങ്ങുമ്പോഴും ജീവിക്കുവാന്‍ ജീവിതമെന്ന സ്വപ്നക്കൂടിനുള്ളില്‍ ജീവന്റെ തുടിപ്പിനായി അവള്‍ പൊരുതി. ആയുസ്സൊടുങ്ങരുതേ എന്നവള്‍‍ ഹൃദയമുരുകി പ്രാര്‍ത്ഥിച്ചു. സഫദര്‍ജംഗ് ആശുപത്രിയിലെ തീവ്രപരിചരണ കിടക്കയില്‍ കിടന്നുകൊണ്ട് വേദന കടിച്ചമര്‍ത്തി അവള്‍ പതുക്കെ തേങ്ങിപ്പറഞ്ഞു ‘’ എനിക്ക് ജീവിക്കണം’‘ ആ മോഹത്തിന്റെ ജീവിതാവേശത്തിന്റെ തീവ്രത കണ്ട് രണ്ടാഴ്ചയോളം യമന്‍ അവള്‍‍ക്ക് മരണവാറണ്ട് നീട്ടിക്കൊടുത്തു. പതിമൂന്ന് ദിനരാത്രങ്ങള്‍.

നടുക്കുന്ന ഓര്‍മ്മകളും യാതനകളും ഇനി അവള്‍ക്കറിയില്ല. നാമറിയാത്ത ഏതോ ലോകത്ത് മാലാഖമാര്‍ക്കിടയില്‍ അവള്‍ക്കഭയം ലഭിക്കും. കാമത്തിന്റെ കനലെരിയുന്ന കൊലവെറി പൂണ്ട കിരാ‍തന്മാരില്ലാത്ത ഒരിടം.

ഉത്തര്‍ പ്രദേശില്‍ ബലിയ ജില്ലയിലെ മന്ദ്വാര കലന്‍ ഗ്രാമത്തില്‍ നിന്നും ഫിസിയോ തെറാപ്പിയുടെ ഇന്റേണല്‍ ഷിപ്പിന് ഡല്‍ഹിയിലെത്തിയതായിരുന്നു അവള്‍.‍ അവളുടെ കൂട്ടുകാരന്‍ അക്ഷയും യു. പിയില്‍ നിന്നും വന്നയാള്‍. സിവില്‍ സര്‍വീസ് മോഹ സാക്ഷാത്കാരത്തിനു തയ്യാറെടുക്കാന്‍ ഡല്‍ഹിയിലെത്തിയ ചെറുപ്പക്കാരന്‍.

സഫദര്‍ ജംഗിലെ മന:ശാസ്ത്രഞ്ജന്‍ ഡോ. അഭിലാഷ് യാദവ് അവളോടു സംസാരിച്ചു. അദ്ദേഹം അവള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന ലോകത്തോടു പറഞ്ഞു. അവള്‍ ധീരയാണ് തന്റെ ഭാവിയെക്കുറിച്ച് ശുപാഭ്തി വിശ്വാസമുള്ളവളാണ് പോസറ്റീവ് ആണ് അവള്‍ ശാന്തമായി കാര്യങ്ങള്‍ മനസിലാക്കുന്നു.

വെന്റിലേറ്ററില്‍ നിന്നു പുറത്തേക്ക് കൊണ്ടു വന്ന പെണ്‍കുട്ടിയുടെ മൊഴി ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ മുമ്പാകെ റെക്കോഡ് ചെയ്യപ്പെട്ടു ‘’ യാതൊരു ഭയവും കൂടാതെയുള്ള ശക്തമായ മൊഴി ‘’ എന്നാണ് അവളുടെ അന്ത്യമൊഴികളെ ഡോക്ടര്‍ യാദവ് വിശേഷിപ്പിച്ചത്.

ഡിസംബര്‍ 23 - ന് നിരോധനാജ്ഞ മറികടന്ന് കൊണ്ട് ഡല്‍‍ഹിയിലെ തന്ത്ര പ്രധാന മേഖലകളില്‍ ജനരോഷം കൊടുങ്കാറ്റായി. ഇന്ത്യാ ഗേറ്റിനു സമീപമുള്ള മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. ജനത്തെ നിയന്ത്രിക്കാന്‍ എന്നിട്ടും അവളെ സ്നേഹിച്ചവരെ പ്രതിരോധിക്കാന്‍ നിയമപാലകര്‍ക്കായില്ല. ജല പീരങ്കിയും കണ്ണീര്‍ വാതകവും കൊണ്ട് ജനത്തെ ഒതുക്കാന്‍ നോക്കി. ഇന്ത്യാഗേറ്റില്‍ നിന്നും രാജ് പഥിലേക്ക് ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് ജനം മുന്നേറി.

അവളുടെ മുഖം നാം ഒരു നോക്ക് കണ്ടില്ല. കേട്ടറിവിന്റെ മുറിവില്‍ നിന്ന് കിനിഞ്ഞിറങ്ങിയ ചോരത്തുള്ളികളില്‍ നാം എല്ലാം മറന്ന് ഒന്നായി. ജാതീയതയും രാഷ്ട്രീയവും മറ്റെല്ലാം വിഭാഗതീയതയും മറന്നു. നമ്മുടെ കണ്ണീരിന് ഒരേ ഉപ്പു രസമായിരുന്നു. നമ്മുടെ നെഞ്ചില്‍ ഒരേ തേങ്ങലായിരുന്നു. മതവും ജാതിയും ഉപജാതിയും ‘ സോഷ്യല്‍ സ്റ്റാറ്റസും’ മറന്നു നമ്മള്‍ മനുഷ്യരായി, ഹൃദയമുള്ളവരായി ഏക സ്വരമുള്ളവരായി.

ക്രിസ്തുമസ് തലേന്ന് 24 ന് യു. പി. എ അധ്യക്ഷ സോണിയാഗാന്ധിയും എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തി. സ്ത്രീകള്‍‍ക്കെതിരിയെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയ നിയമം കൊണ്ടു വരുമെന്ന് അവരുടെ ഔദ്യോഗികസ്ഥാനത്തിരുന്ന് അമ്മയും മകനും തീരുമാനത്തിലെത്തി. ജനപഥ് 10 സ്ട്രീറ്റിലെ പട്ടുമെത്തയില്‍ കിടന്നുറങ്ങി. നെഹ്രു കുടുംബത്തിന്റെ ഭരണ വാഴ്ചയുടെ താവഴി ഉറപ്പാക്കാന്‍ രാഷ്ട്രീയതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുന്ന സോണിയ , ഷീലാ ദീക്ഷിത് എന്ന സ്ത്രീകളുടെ മൂക്കിനു താഴെയാണ് പതിറ്റാണ്ടുകളായി സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത്. എത്ര നിര്‍ഭാഗ്യകരം! ലജ്ജാകരം !

നാഷണല്‍‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്ത്യയിലെ അമ്രിഷ് രജ്ഞന്‍ പാണ്ഡെ പറയുന്നു. നിയമം കൂടുതല്‍ ശക്തിയാക്കിയാല്‍ ഭയത്തിന്റെ പിന്‍തുണയിലെങ്കിലും ഇത്തരം കാമഭ്രാന്തന്മാര്‍ അടങ്ങിയിരിക്കും. സ്ത്രീകള്‍ ആക്രമിക്കപ്പെടാനുള്ള ഒരു ഇര മാത്രമാണ് എന്ന രീതിയില്‍ പുരുഷ സമൂഹം കാണുകയില്ല. ജെ. എന്‍. യു വും ഡല്‍ഹി യൂണിവേഴ്സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ എന്നീ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പ്രതിനിധിയായിട്ടാണ് പാണ്ഡെ സ്ത്രീകള്‍‍ക്കു വേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ ഭരണഘടന നിരവധി കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഐ. പി. സി 94 പ്രകാരം സെക്ഷന്‍ 121 , 302, 303 , 27 (3) . എന്നാല്‍ കൊലപാതകം രാജ്യദ്രോഹം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഇത് എത്രത്തോളം ഫലപ്രദമാകുന്നുണ്ട് എന്നതാണ് ഇവിടത്തെ പ്രശ്നം. അപ്പോള്‍‍ ഇതിന്റെയൊക്കെ എത്രയോ പിന്നിലായിട്ടായിരിക്കും ലൈംഗിക കുറ്റവാളികളുടെ സ്ഥാനം?

മനുഷ്യാവകാശ നിയമസംഹിതകളുടെ പേരില്‍ ഇന്ന് ലോകത്ത് പല രാജ്യങ്ങളും വധ ശിക്ഷയെ അപലപിക്കുന്നു. അതില്‍ സാംഗത്യവുമുണ്ട്. അതുകൊണ്ട് തന്നെ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ കോടതികള്‍ വധ ശിക്ഷ പലപ്പോഴും ഒഴിവാക്കുകയാണ്. അപൂര്‍വം കേസുകളില്‍ മാത്രമേ സുപ്രീം കോടതിയും വധശിക്ഷ വിധിക്കുകയുള്ളു. ( അജ്മല്‍ കസബിന്റെ വധശിക്ഷയൊഴികെ) എന്നാല്‍ പല കാരണങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഒന്‍പത് പേരുടെ മരണത്തിന് കാരണക്കാരനായ പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്റെ വധ ശിക്ഷ നടപ്പിലാക്കിയിട്ടില്ല.

ഇന്ത്യന്‍ ശിക്ഷാനിയമം ഐ. പി. സി. 375 മാനഭംഗത്തെ ക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. 376 ഐ. പി. സി. പ്രകാരം ഇത് ശിക്ഷിക്കപ്പെടേണ്ട കുറ്റകൃത്യത്തിലും പെടുന്നു. ഇത് പ്രകാരം ചുരുങ്ങിയത് 7 വര്‍ഷം ജയില്‍ വാസം ലഭിക്കും. ഈ ശിക്ഷ കോടതിക്കു പത്ത് വര്‍ഷമോ ജീവപര്യന്തം വരെയോ ആക്കാം.

ഡല്‍ഹി സംഭവത്തില്‍ 1,000 പേജ് വരുന്ന കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. വധശിക്ഷയാണ് കുറ്റക്കാര്‍ക്ക് വിധിക്കേണ്ടതെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ ഒന്നടങ്കം പ്രഖ്യാപിച്ചു. മാനഭംഗ കേസുകളില്‍ ആറുമാസത്തിനുള്ളില്‍ ( മാനഭംഗപ്പെടുത്തി വധിക്കുന്നതിന്) പ്രതികള്‍ക്ക് വധ ശിക്ഷ നടപ്പാക്കുമെന്ന് പ്പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ലോക് സഭയില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ബി. ജെ. പി യും ഏക സ്വരത്തില്‍ തന്നെ ഇത്തരം പ്രതികളെ ഷണ്ഡീകരിക്കുക, വധശിക്ഷ നല്‍കുക എന്ന കടുത്ത ശിക്ഷാ നടപടികളാണ് ആവശ്യപ്പെടുന്നത്. സൗമ്യ വധക്കേസില്‍ ( കേരളം) ഗോവിന്ദച്ചാമിക്ക് സംരക്ഷണം ന്‍ല്‍കിയവരെ നാം കണ്ടു. കടുത്ത ചില രാഷ്ട്രീയ നീക്കങ്ങളില്‍ കോടതികള്‍ പലപ്പോഴും കണ്ണടച്ച് ഇരുട്ടാക്കുന്നു. പീലാത്തോസിന്റെ വേഷം കെട്ടുന്നു ! ഇക്കഴിഞ്ഞ ഡിസംബര്‍ 31 ന് കേരള ഹൈക്കോടതി പറഞ്ഞു. വിചാരണ കോടതികള്‍ക്ക് പ്രത്യേകിച്ച് സെഷന്‍സ് കോടതികള്‍ക്ക് ജീവപര്യന്തം അല്ലെങ്കില്‍ വധ ശിക്ഷ പോലുള്ള കടുത്ത ശിക്ഷകള്‍ നല്‍കുവാന്‍ ജുറിസ്ഡിക്ഷന്‍‍ ഇല്ലെന്ന്! അപെക്സ് കോടതികള്‍ക്കും ഹൈക്കോടതികള്‍ക്കും മാത്രമേ ജീവപര്യന്തം വിധിക്കാനോ അത്തരത്തിലുള്ള കടുത്ത ശിക്ഷ വിധിക്കാനോ പരമാധികാരമുള്ളു!

ഡല്‍ഹി സംഭവത്തില്‍ മുന്‍ പ്രസിഡന്റ് പ്രതിഭാ പാട്ടീല്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രതികള്‍ക്കെല്ലാം വധ ശിക്ഷ നല്‍കണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്ത് ഇന്നോളമുണ്ടായിട്ടുള്ള പ്രസിഡന്റുമാരില്‍ അങ്ങെയറ്റം ദയ കാട്ടിയിട്ടുള്ള പ്രസിഡന്റ് എന്നാണ് പ്രതിഭയെ വിശേഷിപ്പിക്കുന്നത്. ‘’ അവര്‍ക്ക് ജീവിക്കുവാന്‍ അവകാശമില്ല. ഈ പ്രതികളോട് യാതൊരു ദയയും കാട്ടരുത് ‘’ പ്രതിഭാ പാട്ടില്‍ നിയമപാലകരോട് ആവശ്യപ്പെട്ടു. തന്റെ ഭരണകാലത്ത് ഏഴ് മാനഭംഗ പ്രതികള്‍ക്ക് തന്റെ മുമ്പില്‍ സമര്‍പ്പിക്കപ്പെട്ട ദയാഹര്‍ജിയിന്‍ മേല്‍ മാപ്പ് നല്‍കിയ വനിതയാണ് പ്രതിഭ.

മാനഭംഗപ്പെടുത്തി കൊല ചെയ്തതില്‍ ഏറ്റവും അവസാനമായി വധശിക്ഷക്ക് വിധേയനായത് 2004 ഓഗസ്റ്റ് 14 ന് ബംഗാള്‍ സ്വദേശി ധനഞ്ജയ് ചാറ്റര്‍ജിയാണ്. ഹേതല്‍ പരേഖ് എന്ന പതിന്നാലുകാരിയെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ ഇയാള്‍ പെണ്‍കുട്ടി താമസിച്ചിരുന്ന അപ്പാര്ട്ട് മെന്റിലെ സെക്യൂരിറ്റിക്കാരനായിരുന്നു. 1990 മാര്‍ച്ച് 14 ന് നടന്ന ഈ കുറ്റകൃത്യത്തിന് വധ ശിക്ഷ നടപ്പാക്കിയത് 14 വര്‍ഷത്തിനു ശേഷം. ഇയാള്‍‍ രണ്ട് തവണ ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. നിരാകരിക്കപ്പെട്ടു. ദയാഹര്‍ജി പരിഗണിക്കാത്ത വധശിക്ഷയാണ് ഇന്ന് നമ്മുടെ രാജ്യത്തിനാവശ്യം. വര്‍ധിച്ചു വരുന്നു സ്ത്രീ പീഢന കേസുകള്‍ ഇതാണ് രാജ്യത്തോട് ആവശ്യപ്പെടുന്നത്.

ഷണ്ഡീകരിക്കലിനെ സംബന്ധിച്ച് ഇന്ന് പലയിടങ്ങളിലും വാദ പ്രതിവാദം നടക്കുന്നുണ്ട്. ലൈംഗിക കുറ്റവാളികള്‍ക്ക് യൂറോപ്പിലും ചില അമേരിക്കന്‍ സംസ്ഥാനങ്ങളിലും ഈ ശിക്ഷ നടപ്പാക്കുന്നുണ്ട്. അമിത ലൈംഗികാസക്തിയില്‍ നിന്നുണ്ടാകുന്ന ഈ കുറ്റകൃത്യം ചെയ്യുന്നവര്‍ മനോരോഗികളാണ്. സിപ്രോടെറോണ്‍ അസറ്റേറ്റ്, മെഡ്രോക്സി പ്രൊജസ്റ്റെറോണ്‍ എന്നി രാസവസ്തുക്കളാണ് ഇതിനായി കുത്തിവയ്ക്കുന്നത്. ഇതോടെ ലൈംഗികതാത്പര്യം ഇല്ലാതാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഏകദേശം 9 അമേരിക്കന്‍ സംസ്ഥാനങ്ങള്‍ റെയ്പിസ്റ്റുകള്‍ക്ക് വിധിക്കുന്ന ശിക്ഷ ഇതാണ്. ഇവിടെയും മനുഷ്യാവകാശവാദികള്‍ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു. പുരുഷന്‍മാരില്‍ കാണുന്ന അമിത ലൈംഗികാസക്തിയെ സ്റ്റയറിയാസിസ് എന്നാണ് മന:ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്.

പരിഷ്കൃത സമൂഹത്തില്‍ സെക്സിനെ പാപമായി കണ്ട് അങ്ങനെ പാപബോധം സൃഷ്ടിച്ചുകൊണ്ട് ലൈംഗിക വിലക്കുകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. ഇപ്രകാരം മനുഷ്യന്റെ അന്യതാ ബോധം വര്‍ധിച്ചു കൊണ്ട് പ്രതിരോധത്തെ ഭേദിക്കാനുള്ള ഒരു ഉള്‍പ്രേരണ ശക്തമായി ജ്വലിക്കുന്നു. ഡി. എച്ച് ലോറന്‍സിന്റെ ‘ ലേഡി ചാറ്റര്‍ലീസ് ലവര്‍’ ദെസാദെയുടെ 120 days of sodom കീര്‍ക്കഗാര്‍ഗിന്റെ ‘ ഡയറി ഓഫ് എ സെഡ്യൂസര്‍’ ഫ്രാങ്ക് മിച്ചലിന്റെ ‘’ noon day sun ; An Australian childhood, ജെയിംസ് ഹാഡ് ലി ചേസിന്റെ ‘’No orchid for miss blandish'' റാഡ് ക്ലിഫ് ഹാളിന്റെ ‘’ Well of lonelinesss‘’ പ്രൗസ്റ്റിന്റെ ''Recherche'' ബാര്‍ബൂസിന്റെ ''Hell ...’‘ ആല്‍ബര്‍ട്ടോ മൊറേവിയയുടെ ‘’ റോമാക്കാരി’‘ അങ്ങനെ കഴിഞ്ഞ നൂറ്റാണ്ടുകളിലും പരിഷ്കൃത കാലഘട്ടത്തിലുമായി ലൈംഗിക ജീവിതത്തിന്റെ പരമമായ ലക്ഷ്യവും ശക്തിയും ആനന്ദമൂര്‍ച്ഛയാണെന്ന് അടിവരയിട്ടുറപ്പിക്കുന്ന നിരവധി കൃതികള്‍ സമൂഹത്തിലുണ്ടായി. ( നബക്കോവിന്റെ ലോലിത തുടങ്ങിയവ) ആധുനിക മനുഷ്യന് വിലക്കപ്പെട്ട കനിയോട് അഭിനിവേശം കൂട്ടുന്നതരം സാഹിത്യങ്ങള്‍ക്ക് സമൂഹത്തിന്റെ സദാചാര വേലിക്കെട്ടുകള്‍‍ തകര്‍ത്ത് മുന്നേറാന്‍ മനുഷ്യനെ പ്രേരിപ്പിച്ചു. സത്യം മിഥ്യയായും മിഥ്യ സത്യമായും സ്വീകരിക്കുന്ന കലിയുഗത്തില്‍ മാനുഷിക മൂല്യങ്ങളും സദാചാരങ്ങളും വാഴ്ത്തപ്പെടുകയില്ല ‘’ എത്രമാത്രം വസ്തുക്കള്‍ ഒരാളെ ലജ്ജിപ്പിക്കുന്നുവോ അത്രമാത്രം അയാളുടെ മാന്യത വര്‍ദ്ധിക്കുന്നു’‘ എന്ന് ബര്‍ണാഡ് ഷാ പറഞ്ഞിട്ടുണ്ട്.

തുടരും......

സലോമി ജോണ്‍ വത്സന്‍


Phone: 9388596994
E-Mail: salomijohn123@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.