പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ന്യൂ ഡാം... ഇതാ...ഡിം...

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നാസര്‍ റാവുത്തര്‍, ആലുവ

മുല്ലപ്പെരിയാറില്‍ ഒരു പുതിയ ഡാം നിര്‍മ്മിക്കുക!! മദ്ധ്യകേരളത്തിലെ മുപ്പത്തഞ്ചു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും , സ്വത്തും സംരക്ഷിക്കാന്‍ കണ്ടെത്തിയ ഏക പോംവഴി, ഉടന്‍ മന്ത്രിപുംഗവന്മാരും , പ്രജകളും പെരുമ്പറകൊട്ടി നാടുണര്‍ത്തി . പിന്നെ അണപൊട്ടിയ ആശങ്ക.. നിരാഹാരം... സമരം ...പ്രമേയം.. പ്രസ്ഥാവന ...ചര്‍ച്ച... ഉന്നതാധികാരസമിതി... പരിശോധന....വാദപ്രതിവാദം..ഹൈക്കോടതി ... നിയമസഭ.. ഇങ്ങനെ എന്തെല്ലാമോ നടന്ന് പൊതുസമൂഹത്തെ കഴുതകളാക്കി ദിനങ്ങള്‍ കഴിച്ചു. മുല്ലപ്പെരിയാര്‍ ഡാമിനു തൊട്ടുതാഴെ മരണത്തെ മുഖാമിഖം കണ്ട് പേടിച്ചു വിറച്ചു കഴിയുന്ന നാല്‍പ്പത്തി അയ്യായിരം കുടുംബങ്ങളുടെ സ്ഥിതി തഥൈവ!!... പ്രധാനമന്ത്രിയല്ല സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വിചാരിച്ചാല്‍ പോലും മുല്ലപ്പെരിയാറില്‍ പുതിയ ഡാം പോയിട്ട് ഒരു കല്ല് പോലും പെറുക്കി വയ്ക്കാന്‍ സാധിക്കില്ല. അതാണ് ‘’ ദി ഗ്രേറ്റ് മുല്ലപ്പെരിയാര്‍ ഇഷ്യൂ’‘. ഈ നടുക്കുന്ന യാഥാര്‍ത്ഥ്യം ഭംഗ്യന്തരേണ ജനങ്ങള്‍‍ക്കിടയില്‍ അവതരിപ്പിക്കലാണ് ശ്രീമാന്‍ എ. കെ ആന്റെണിയുടെ അവതാരോദ്യമം. കൂടെത്തന്നെ അദ്ദേഹം കേരളീയ ദു:ഖത്തില്‍ നിര്‍വ്യാജം പങ്കാളിയാവുകയും ചെയ്തു. ഇനി അണക്കെട്ട് പൊട്ടിയാലും , മഹാപ്രളയം മദ്ധ്യകേരളത്തെ അമ്പേ വിഴുങ്ങിയാലും സാരമില്ല, ഇപ്പോഴെങ്കിലും ബഹുമാനപ്പെട്ട പ്രതിരോധമന്ത്രി ചില്ലുമേടയില്‍ നിന്നും ഒന്നു താഴേക്കിറങ്ങി വന്നല്ലോ... അതുമതി.

മുല്ലപ്പെരിയാര്‍ ഡാമിനെ ബാബറി മസ്ജിദിനോടാണ് ശ്രീ. കെ. ടി ജലീല്‍ ഉപമിച്ചത്. അക്ഷരാര്‍ഥത്തില്‍ തന്നെ അതു ശരിയാണ്. തൊട്ടാല്‍ വിവരമറിയും. അത്രമേല്‍ രാഷ്ട്രീയക്കാര്‍ കുളം കലക്കി സമുദ്രമാക്കി മാറ്റിയിട്ടുണ്ട്. ഒരു ജനതയുടെ വീറും വാശിയും വികാരവുമായി തിളച്ചു മറിയുന്ന മുല്ലപ്പെരിയാറില്‍ നിന്നും നല്ല നീളന്‍ മീനിനെ തപ്പി നടക്കുന്ന കുത്സിത രാഷ്ട്രീയ തന്ത്രം കാര്യവിശകലനകുശലരായ കേരളീയ അഭ്യസ്ഥവിദ്യര്‍ക്ക് ഊഹിച്ചെടുക്കാവുന്നതേയുള്ളു. അവര്‍ക്ക് രാഷ്ട്രീയക്കാര്‍ എന്നും ഒരു ബാദ്ധ്യതയാണ്. കപടനാടകം അരോചകവും . അതുകൊണ്ട് , ചര്‍ച്ചയും , പഠനവും , സമിതിയുമൊക്കെ അവിടെ നില്‍ക്കട്ടെ ജനങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ വേണ്ടത് അതീവ ബലവത്തായ ഒരു പുതിയ അണക്കെട്ടാണ്. അത് ഉടനെ ഉണ്ടാകുമോ?...ഇല്ലയോ?... ഉത്തരം ഇല്ലാ എന്നാണെങ്കില്‍ ഭരണകൂടം തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഉടന്‍ മാറി നില്‍ക്കുക. പൊതുജനം ഉടനെ ഡാം കെട്ടിക്കോളും എപ്പോഴാണൊ ഭരണക്കൂടം തങ്ങളാല്‍ നിര്‍വഹിക്കേണ്ട ചുമതലകളില്‍ നിന്നും മാറിനില്‍ക്കുന്നത്. അപ്പോള്‍ പൊതുജനം ഒന്നടങ്കം സംഘടിച്ച് പ്രസ്തുത ചുമതല നിര്‍വഹിക്കാന്‍ നിര്‍ബന്ധിതമാകും . ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭരണഘടനയേക്കാള്‍ പരമാധികാരം ജനങ്ങള്‍ക്കാണ്. ജനമാണ് ഭരണകൂടമുണ്ടാക്കി തങ്ങള്‍ക്ക് അനിവാര്യമായവ ചെയ്യാന്‍ അധികാരം നല്‍കുന്നത്. ഭരണകൂടം നിഷ്ക്രിയമാകുമ്പോള്‍ പൊതുജനം ആ ചുമതല ഏറ്റെടുക്കുന്നത് നിയമം കയ്യിലെടുക്കുന്നവന്റെ മുഷ്ക്കല്ല, ഗാന്ധിയന്‍ സമരമുറയാണ്. ദണ്ഡി കടപ്പുറത്തു വച്ച് മഹാത്മാഗാന്ധി ചെയ്തു പഠിപ്പിച്ചത് നിയമനിഷേധമായിരുനില്ല. മറിച്ച് നിയമത്തെ സാധാരണ ജനങ്ങള്‍ക്ക് സ്വീകാര്യമാക്കുകയായിരുന്നു. അതായിരിക്കണം എവിടേയും മാതൃക. നിയമങ്ങളും അനുബന്ധ സംവിധാനങ്ങളും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ പര്യാപ്തമാകാതെ വന്നാല്‍ പൊതുസമൂഹത്തിന്റെ രക്ഷക്കായി പരമാധികാരിയായ ജനം തന്നെ മുമ്പോട്ടു വരും. പൊതു സമൂഹത്തിന്റെ സുരക്ഷക്കായി ചെയ്യുന്നതെന്തും ന്യായീകരിക്കാവുന്നതാണെന്ന് യു. എന്‍ ന്റെ മാര്‍ഗനിര്‍ദ്ദേശമുണ്ടെന്നുള്ളത് ഈ അവസരത്തില്‍ ശ്രദ്ധേയമാണ്.

നടുക്കുന്ന ചരിത്ര യാഥാര്‍ത്ഥ്യം

1895 - ലെ ഒരു ഒക്ടോബറിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പണിപൂര്‍ത്തിയാക്കുന്നത്. അതായത്, ഈ അണക്കെട്ടു മുത്തച്ഛന്റെ പ്രായം 114 വയസ്സ്.!! ലോകത്തൊരിടത്തു പോലും ഇത്രമേല്‍ കാലപ്പഴക്കമുള്ള അണക്കെട്ടുള്ളതായി അറിവില്ല. സിമന്റോ മറ്റു രാസപദാര്‍ഥങ്ങളൊ ലഭ്യമല്ലാത്ത അക്കാലത്ത് ചുണ്ണാമ്പും, മണലും, ശര്‍ക്കരയും , ഇഷ്ടികപ്പൊടിയും ചേര്‍ത്തുണ്ടാക്കുന്ന സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണ് ഈ കൂറ്റന്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. സിമിന്റിനെ അപേക്ഷിച്ച് സുര്‍ക്കിയുടെ ബലം കേവലം ആറിലൊന്ന് മാത്രമാണ്. അത്യാധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന അണക്കെട്ടിന്റെ ആയുസ്സ് നൂറുവര്‍ഷമാണെന്നിരിക്കെ , പഴയ കാലത്തെ നിര്‍മ്മാണസാമഗ്രഹികള്‍ കൊണ്ടുണ്ടാക്കിയ മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രഖ്യാപിത ആയുസ്സ് അന്‍പത് വര്‍ഷമാണ്. ബ്രട്ടീഷ് എഞ്ചിനീയറായിരുന്ന ജോണ്‍ പെന്നി ക്വിക്കിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച അണക്കെട്ടിന്റെ നിര്‍മ്മാണ വേളയില്‍ തന്നെ പെരിയാറിലെ ശക്തമായ കുത്തൊഴുക്കുമൂലം പലതവണ ഡാം തകര്‍ന്നു പോവുകയും , ഒരു വേള പണി ഉപേക്ഷിക്കേണ്ടി വരികയും ചെയ്തിരുന്നു. തുടര്‍ന്ന് , അതീവ നിശ്ചയ ദാര്‍ഢ്യക്കാരനായ ജോണ്‍ പെന്നി ഇംഗ്ലണ്ടിലെ തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം കൊണ്ടാണ് അണക്കെട്ടിന്റെ പണി പൂര്‍ത്തീകരിച്ചത്. 43 ലക്ഷം രൂപയായിരുന്നു അന്നത്തെ നിര്‍മ്മാണച്ചിലവ്. ഏഴുവര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ ലക്ഷ്യം കാണുകയായിരുന്നു. അതീവ ആപത്ക്കരമായ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ നൂറുകണക്കിനു തൊഴിലാളികളും അഞ്ച് ബ്രട്ടീഷ് എഞ്ചിനീയര്‍മാരും അപമൃത്യു വരിച്ചുവെന്നത് ഒരു കറുത്ത അദ്ധ്യായമായി അവശേഷിക്കുന്നു. 1886 -ല്‍ ഒക്ടോബര്‍ മാ‍സം 29 ന് തിരുവതാം കൂര്‍ മഹാരാജാവും , ഭാ‍രതസര്‍ക്കാരിന്റെ സ്റ്റേറ്റ് സെക്രട്ടറിയും ചേര്‍ന്ന് ഒപ്പു വച്ച കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാമിന്റെ നിര്‍മ്മിതി. ഡാം സൃഷ്ടിച്ചേക്കാവുന്ന ആഘാതം മനസിലാക്കിയ തിരുവതാം കൂര്‍ മഹാരാജാവ് ആദ്യം ഒപ്പു വയ്ക്കാ‍ന്‍ വിസമ്മതിച്ചെങ്കിലും നീണ്ട 26 വര്‍ഷത്തെ ചെറുത്തു നില്‍പ്പിനൊടുവില്‍ ചില സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി കരാറില്‍ ഒപ്പിടുകയായിരുന്നു. വെറും അന്‍പതു വര്‍ഷത്തെ നിര്‍മ്മാണ ദൃഢത കല്‍പ്പിച്ചിട്ടുള്ള അണക്കെട്ടിന്റെ പാട്ട കരാര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം അച്യുതമേനോന്‍ സര്‍ക്കാര്‍ 999 വര്‍ഷത്തേക്ക് പുതുക്കി നല്‍കികൊണ്ട് വരും തലമുറയോട് അതിനീചകര്‍മ്മം ചെയ്യുകയാണുണ്ടായത്. കരാറിലെ വിരോധാഭാസങ്ങളെ വിശകലനം ചെയ്ത് നേരം കളയുന്നതില്‍ അര്‍ത്ഥമില്ല.

സ്ഥിതി അതീവ ഗുരുതരം.

സമുദ്രനിരപ്പില്‍നിന്നും 5000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 1200 അടി നീളവും 155 അടി ഉയരവുമുണ്ട്. നിര്‍മ്മാണത്തിനുപയോഗിച്ചത് 116 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന സാധന സാമഗ്രികളും സാങ്കേതിക വിദ്യയുമാണ്. എക്സ് പാന്‍ഷന്‍ ജോയിന്റുകള്‍ നല്‍കിയിട്ടില്ല. റബിള്‍ മേസണ്‍റിക്കിടയിലുള്ള വിടവുകള്‍ ഗ്രൗട്ട് ചെയ്ത് അടച്ചിട്ടില്ല. സുര്‍ക്കി മിശ്രിതമാകട്ടെ ഒരു വര്‍ഷം ശരാശരി 30 ടണ്‍ കണക്കിന് ചുണ്ണാമ്പ് ലീച്ചിംങ് പ്രക്രിയമൂലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ആദ്യത്തെ എഴുപത് വര്‍ഷത്തിനുള്ളില്‍ സുമാര്‍ 2070 ടണ്‍ ചുണ്ണാമ്പാണ് അണക്കെട്ടില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശപ്രകാരം സെട്രല്‍ സോയില്‍ ആന്റ് മെറ്റീരിയല്‍ റിസര്‍ച്ച് സ്റ്റേഷന്‍ മാര്‍ച്ച് 15 മുതല്‍ മെയ് വരെ വിദൂര നിയന്ത്രിത ജലാന്തര്‍ വാഹനം ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഡാമിനടിയില്‍ വന്‍ വിള്ളലുകളും , ചിലയിടങ്ങളില്‍ കല്ലുകള്‍ ഇളകി പുറത്തേക്ക് വന്നിരിക്കുന്നതും മറ്റും കണ്ടെത്തുകയുണ്ടായി. അതീവ ഗുരുതരമായ ഈ വിള്ളലുകളെ പരിഹരിക്കാന്‍ 1979 - 81 കാലയളവില്‍ തമിഴ് നാട് നടത്തിയ കോണ്‍ക്രീറ്റ് ക്യാപ്പിങ്ങും , കേബിള്‍ ആങ്കറിങ്ങും മറ്റും ബലമുണ്ടാക്കുന്നതിനേക്കാളുപരിയായി ബലക്ഷയമാണ് അണക്കെട്ടിനുണ്ടാക്കിയെതെന്ന് ചീഫ് എഞ്ചിനീയര്‍ ശ്രീ. എം. ശശിധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രമേല്‍ ആപത്ക്കരമായ അവസ്ഥയില്‍ നിലവിലുള്ള ഡാം ഉടന്‍ ഡീ കമ്മീഷന്‍ ചെയ്യുകയും , തത്സ്ഥാനത്ത് താമസം വിനാ പുതിയ ഒരെണ്ണം പണിയുകയും ചെയ്യുകയെന്നതാണ് ഏക പോം വഴിയെന്ന് അദ്ദേഹം അടിവരയിട്ടു ചൂണ്ടിക്കാണിക്കുന്നു.

സര്‍വ്വേ ഓഫ് ഇന്ത്യയുടെ ജീയോഡറ്റിക് ആന്റ് റിസര്‍ച്ച് ബ്രാഞ്ച് നടത്തിയ ഒരു പഠനത്തില്‍ ഓരോ സീസണിലും അണക്കെട്ടില്‍ ഒഴുകിയെത്തുന്ന വെള്ളം, മണല്‍, ചളി, കല്ലുകള്‍ ഇവയുണ്ടാക്കുന്ന മര്‍ദ്ദം അണക്കെട്ടിനെ ഓരോ വര്‍ഷവും ഒന്നുമുതല്‍ രണ്ട് മില്ലീമീറ്റര്‍ വരെ പുറത്തേക്ക് തള്ളുവാന്‍ ഇടയാക്കുന്നുവെന്ന് തെളിയിക്കുന്നത്. ഈ കണക്ക് അടിസ്ഥാനപ്പെടുത്തിയാല്‍ നാളിന്നു വരെയുള്ള കാലയളവില്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അണക്കെട്ട് പുറത്തേക്ക് തള്ളിയിട്ടുണ്ടാവണം. ഇത് അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ്. കെട്ടിനിര്‍ത്തപ്പെടുന്ന വെള്ളത്തില്‍ അടിഞ്ഞു കൂടുന്ന മണലും , ചളിയും മറ്റുമുണ്ടാക്കുന്ന മര്‍ദ്ദം വെള്ളത്തെ അതിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് പുറത്തേക്ക് വരുത്താനുള്ള പ്രവണത കാണിക്കുന്നു. സിന്ധു നദിക്കു കുറുകെ അന്നത്തെ അപരിഷ്കൃത ജനത കെട്ടിയുണ്ടാക്കിയ അണക്കെട്ട് ഇപ്രകാരം തകര്‍ന്നതുകൊണ്ടാകാം സിന്ധൂനദീതട സംസ്ക്കാര വാഹകരായ ഒരു ജനത ഒന്നടങ്കം ഭൂമിയില്‍ നിന്നും അപ്രത്യക്ഷരായതെന്നു വിശ്വസിക്കുന്ന ഒരു വിഭാഗം ശാസ്ത്രജ്ഞരുണ്ട്. ഇങ്ങനെയുള്ള മഹാദുരന്തങ്ങളെ ദീര്‍ഘവീക്ഷണത്തോടെ മനസിലാക്കിയാകാം ഋഗ്വേദത്തില്‍ ഇപ്രകാരമൊരു മുന്നറിയിപ്പ് നല്‍കുന്നത്.

‘’ വൃഷ്ടിനാം പുഷ്ടി സമകൃതം രോധനാം പാപഹേതു..’‘ അതായത് , പ്രകൃതിയില്‍ സമകൃതമായ രീതിയില്‍ മഴപെയ്യുന്നു. അത് ഒലിച്ചുണ്ടാകുന്ന നദികളെ രോധിക്കുന്നത് ആത്മഹത്യാപരമാണ്.

ഭൂകമ്പം - ഞെട്ടിക്കുന്ന പരമസത്യം

ഭൂമിക്കടിയിലെ കനത്ത മര്‍ദ്ദം നിമിത്തം ഭ്രംശ മേഖലകളും , ഭൂവിള്ളലുകളും കേന്ദ്രീകരിച്ച് ശിലാപാളികള്‍ തെന്നിമാറുമ്പോഴാണ് ഭൂചലനമുണ്ടാകുന്നത്. മുല്ലപ്പെരിയാര്‍ സ്ഥിതി ചെയ്യുന്നത് മൂവാറ്റുപുഴ, ഇടമലയാര്‍, കമ്പം, വൈഗേയി എന്നീ ഭ്രംശമേഖലകള്‍ കൊണ്ട് ദുര്‍ബലമായ സ്ഥലത്താണ്. സെസ്സിന്റെ മുന്‍ ഡയറക്ടര്‍ ഡോ. എം. ബാബ യുടെ അഭിപ്രായത്തില്‍ കമ്പം, ഉടുമ്പംഞ്ചോല ഭ്രംശമേഖലകള്‍ സംഗമിക്കുന്ന സ്ഥലത്താണ് അണക്കെട്ടിന്റെ കൃത്യമായ സ്ഥാനം. കൂടാതെ , അണക്കെട്ടിനു ചുറ്റും മുന്നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ 22 ഭ്രംശമേഖലകള്‍ ഉള്ളതായി റൂര്‍ക്കി ഐ. ഐ. ടി യിലെ ശാസ്ത്രസമൂഹം പറയുന്നു. ഇതില്‍ തേക്കടി- കൊടൈവന്നല്ലൂര്‍ ഭ്രംശമേഖലയിലെ അണക്കെട്ടില്‍ നിന്നും കേവലം 16 കിലോമീറ്റര്‍ ദൂരത്താണ്. കഴിഞ്ഞ ഒന്‍പതുമാസത്തിനിടെ ഇടുക്കിയില്‍ ഉണ്ടായത് 3.4 റിക്ടര്‍ സ്കെയിലില്‍ തീവ്രത രേഖപ്പെടുത്തിയ 22 ഭൂചലനങ്ങളാണ്. ഭൂമികുലുക്കത്തിന്റെ സ്ഥിരം പ്രഭവകേന്ദ്രങ്ങള്‍ ഇടുക്കി, ഇരുമ്പുപാലം, ഉളുപ്പൂണി, കുളമാവ്, വെഞ്ഞൂര്‍മേട്, കണ്ണം പടി , പാറത്തോട്, തൊപ്രാം കുടി, വെള്ളക്കാനം എന്നിവയാണ്. ഞെട്ടിക്കുന്നൊരു യാഥാര്‍ത്ഥ്യം , 6.5 വരെ വന്‍ പ്രഹരശേഷി പ്രതീക്ഷിക്കുന്ന തേക്കടി- കൊടൈവന്നല്ലൂര്‍ ഭ്രംശമേഖല അണക്കെട്ടില്‍ നിന്നും കേവലം 16 കിലോമീറ്റര്‍ മാത്രം അകലെയാണ് എന്നുള്ളതാണ്. . ശാസ്ത്രലോകം വെറും 4.8 വരെ മാത്രം പ്രഹരശേഷി പ്രതീക്ഷിച്ച മഹാരാഷ്ട്രയിലെ ലാത്തൂരില്‍ 1993 -ല്‍ ഉണ്ടായത് 6.3 തീവ്രതയുള്ള ഭൂചലനമാണ്. അതില്‍ മരണപ്പെട്ടവര്‍ രണ്ടു ലക്ഷം ജനങ്ങളും. ആയതിനാല്‍ ഒന്നേ പ്രാര്‍ത്ഥിക്കാനുള്ളൂ... ഈശ്വരോം രക്ഷതു.... സമസ്ത ഭൂകമ്പങ്ങളും ഉണ്ടാക്കുന്ന ദൈവം തന്നെ മനുഷ്യരെ രക്ഷിക്കട്ടെ...

ഭൂകമ്പമുണ്ടായാല്‍ ഏതു തരം അണക്കെട്ടുകളും തകരും. പക്ഷെ തകര്‍ന്നാലുള്ള ദുരന്തത്തിന്റെ വ്യാപ്തി നിര്‍ണ്ണയിക്കുന്നത് അണക്കെട്ടിന്റെ ഭൂകമ്പപ്രതിരോധശേഷിയും അതിനുള്ളില്‍ ലോഡുചെയ്തിരിക്കുന്ന വെള്ളത്തിന്റെ അളവുമാണ്. മുല്ലപ്പെരിയാറില്‍ 105 അടി വെള്ളമായാല്‍പ്പോലും തമിഴ്നാടിനു തൃപ്തികരമായി വെള്ളം ലഭിക്കുമെന്നിരിക്കെ കേരളം ആവശ്യപ്പെടുന്നത് ഇപ്പോഴത്തെ അളവായ 136 അടിയില്‍ നിന്നും 120 അടിയാക്കി നിജപ്പെടുത്തുവാനാണ്. വെള്ളത്തിന്റെ അളവ് എത്രകണ്ട് കുറയ്ക്കാമോ അത്രകണ്ട് കുറച്ചാല്‍ ഭൂകമ്പത്തകര്‍ച്ചയുള്ള ഡാം ദുരന്തവും , മരണവും ഗണ്യമായി കുറക്കാനാകും . പക്ഷെ, തമിഴ്നാടിന്റെ ആവശ്യം 142 അടിയാക്കണമെന്നുള്ളത് ശ്രദ്ധേയമാണ്. ഭൂകമ്പസാധ്യതകളെക്കുറിച്ചൊന്നും പഠനം നടത്താതെ, അഥവാ ഭൂകമ്പമുണ്ടായാല്‍ അതിനെ പ്രതിരോധിക്കുവാനുള്ള സാങ്കേതിക സംവിധാനങ്ങളില്ലാത്ത കാലഹരണപ്പെട്ട സാങ്കേതികതയില്‍ ഉണ്ടാക്കിയ പടുകൂറ്റന്‍ അണക്കെട്ടിനു താഴെ വിവേകമുള്ള ഒരു മനുഷ്യനും കിടന്നുറങ്ങാന്‍ ആത്മധൈര്യം കാണിക്കിക്കില്ല.അതുകൊണ്ട് കുലുങ്ങികൊണ്ടിരിക്കുന്ന ഭൂമിയില്‍ അണക്കെട്ടേ വേണ്ട എന്നു അരിശത്തോടെ ആ‍ക്രോശിച്ചു പോകുന്നത്.

ആസന്നമായ ദുരന്തത്തിന്റെ വഴി....

ചില ഹോളിവുഡ് സിനിമകളില്‍ കാണുന്നതിനേക്കാള്‍ ഭയാനകമായിരിക്കും ദുരന്തം. ഒരു വന്‍ ജലബോംബ് പെട്ടിത്തെറിച്ചാ‍ലുണ്ടാകുന്ന അതിപ്രളയം മനുഷ്യന്റെ സകലകണക്കു കൂട്ടലുകളേയും നിലം പരിശാക്കിക്കൊണ്ട് വേരോടെ ഉന്മൂലനം ചെയ്തുകളയും. 1350 T jouls പൊട്ടന്‍ഷ്യല്‍ എനര്‍ജി അതായത് 180 ന്യൂക്ലിയര്‍ ബോംബിന്റെ ഊര്‍ജത്തോടെ പൊട്ടിത്തെറിക്കുന്ന ഭീമാകാര പ്രളയം 50 അടി ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങി മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ നിവസിക്കുന്ന ഹതഭാഗ്യരായ നാല്‍പ്പത്തിയയ്യായിരം കുടുംബങ്ങളിലെ അഞ്ചുലക്ഷത്തോളം വരുന്ന മനുഷ്യജീവനെ നിഷ്ക്കരുണം കവര്‍ന്നെടുക്കും. ആദ്യം വള്ളക്കടവ്, പിന്നെ അതിനു തൊട്ടു താഴെയുള്ള വണ്ടിപ്പെരിയാര്‍ , മ്ലാമല, കീരിക്കര, ഫാത്തിമുക്ക് , ചപ്പാത്ത് , ആലടി , പരത്ത്, ഉപ്പുതറ ടൗണ്‍ എന്നീ സ്ഥലങ്ങളേയും മഹാപ്രളയം നിമിഷങ്ങള്‍ക്കുള്ളില്‍ നാമാവശേഷമാക്കും തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, പീരുമേട്, ഏലപ്പാറ എന്നീ പഞ്ചായത്തുകള്‍ വെള്ളത്തിനടിയില്‍ അമര്‍ന്നു ഞെരിയും . മുല്ലപ്പെരിയാര്‍ തകരുവാനുള്ള പരമാവധി സാധ്യതയായി വിലയിരുത്തപ്പെടുന്നത് അതില്‍ പരമാവധി വെള്ളം വന്നുചേരുന്ന വര്‍ഷക്കാലത്തായിരിക്കുമെന്നതാണ്. അപ്പോള്‍ സ്വാഭാവികമായും ഇടുക്കി ഡാമിലും വെള്ളം ഏറെക്കുറെ നിറഞ്ഞിരിക്കും . ഈ അവസ്ഥയില്‍ ദുരന്തത്തിന്റെ ആഘാതം എല്ലാതരം പ്രവചനങ്ങളേയും തെറ്റിച്ചുകൊണ്ട് പരമാവധി ഉച്ഛസ്ഥായിയിലായിരിക്കും. അതായത്, മദ്ധ്യകേരളം ഏറെക്കുറെ പൂര്‍ണ്ണമായും അറബിക്കടലില്‍ ചെന്നു പതിക്കും.

ഇടുക്കി ഡാമിന്റെ സംഭരശേഷി 72 ടി. എം സി വെള്ളമാണ് . സാധാരണ 52 ടി. എം. സി വെള്ളമാണ് അണക്കെട്ടിലുണ്ടാവുക. മുല്ലപ്പെരിയാറില്‍ 11.2 ടി. എം. സി വെള്ളമാണുള്ളത്. അതുകൊണ്ട്, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം മുഴുവനും ഇടുക്കി അണക്കെട്ടിന് ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടെന്നു പറയുന്നത് സത്യമാണ്‍. പക്ഷെ, അണക്കെട്ട് തകര്‍ന്നാല്‍ വെള്ളം ശാന്തമായും സൗമ്യമായൊന്നുമല്ല ഇടുക്കി ഡാമില്‍ ഒഴുകിയെത്തുന്നത്. വന്‍ പ്രളയത്തിരയൊഴുക്കോടെ വന്മരങ്ങളും , പാറക്കൂട്ടങ്ങളും , ചളിയും, ഡാം അവശിഷ്ടങ്ങളും മറ്റുമാണ് ഇടുക്കി ഡാമില്‍ ഒഴുകിയെത്തുന്നത്. അതോടെ ഇടുക്കി ഡാമും ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണിയും , കുളമാവും ഞൊടിയിടയില്‍ തകര്‍ത്തെറിയപ്പെടും . ഇങ്ങനെയാണ് , വകുപ്പു മന്ത്രി പറയുന്ന എഴുപത് ലക്ഷം വരുന്ന ജനങ്ങളും , അവരുടെ സ്വത്തുവഹകളും നാമാവശേഷമാകുന്നത്. അതോടെ മദ്ധ്യകേരളം ഒരു ആഗോളശവപ്പറമ്പായി ഭൂപടത്തില്‍ സ്ഥാനം പിടിക്കും. പിന്നെ അന്താരാഷ്ട്ര സംഘടനകളുടെ ദുരന്തനിവാരണ സാമ്പത്തികപ്രളയമായിരിക്കും . സുനാമിപ്പണം തിരിമറിചെയ്തതുപോലെ മദ്ധ്യകേരളത്തെ കൊന്നു കിട്ടിയ പണവും ബന്ധപ്പെട്ടവര്‍ക്ക് വീതിച്ചെടുക്കാം.

നിഷ്പ്രയാസം ഒഴിവാക്കാവുന്ന മഹാദുരന്തം...

ദുരന്തസാദ്ധ്യതകളെ മുന്‍ കൂട്ടിക്കണ്ട് അത് ഒഴിവാക്കാനുള്ള വിശേഷബുദ്ധിയും സാങ്കേതിക തികവും മനുഷ്യനുണ്ട്. പക്ഷെ, പലപ്പോഴും അതിനു വിഘാതം സൃഷ്ടിക്കുന്നത് ചില രാഷ്ട്രീയ ലോബികളായിരിക്കും. ദുരന്താനന്തരം പരിതപിക്കാനും, മുതലക്കണ്ണീര്‍ പൊഴിക്കാനും , തങ്ങള്‍ക്കനുകൂലമായ ചില തരംഗങ്ങള്‍ ഇളക്കി വിടാനും സമര്‍ത്ഥരും കൗശലപൂര്‍വം രംഗപ്രവേശം ചെയ്ത് ജനങ്ങള്‍ക്കിടയില്‍ ചില ചെപ്പടിവിദ്യകള്‍ ചൊരിയാനും മിടുക്കരാണിവര്‍. കാരണം, അതാണവരുടെ മുഖ്യ തൊഴില്‍. അത്തരം സ്വാര്‍ത്ഥകോമരങ്ങളെ മുല്ലപ്പെരിയാറില്‍ നിന്നും ആട്ടിയോടിക്കുകയാണ് ആദ്യം വേണ്ടത്. രാഷ്ട്രീയ - റിയല്‍ എസ്റ്റേറ്റ് മാഫിയ കൂട്ടുകെട്ട് സൃഷ്ടിക്കുന്ന ഭീകരപ്രവര്‍ത്തനം പൊതുസമൂഹം തിരിച്ചറിയണം. ചില ദേശീയ പാര്‍ട്ടികളുടെ തമിഴ്നാട്ടില്‍ ഒന്ന് , കേരളത്തില്‍ മറ്റൊന്ന് എന്ന ഇരട്ടത്താപ്പ് നയവും ചെറുത്ത് തോല്‍പ്പിക്കുക തന്നെ വേണം . അധികാരഭ്രാന്ത് ഇല്ലാത്ത, സാമൂഹ്യപ്രതിബദ്ധതയുള്ള, സത്യസന്ധതയുള്ള ഭരണകര്‍ത്താക്കള്‍ ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ മുല്ലപ്പെരിയാര്‍ പ്രശ്നം വളരെ ലളിതമായി തീര്‍ക്കാവുന്നതേയുള്ളു. അതിനൊരു ദൃഷ്ടാന്തം ഇതാ, ഉന്നത ഉദ്ദ്യോഗസ്ഥന്മാര്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ സങ്കീര്‍ണ്ണതകളിലേക്ക് പൊയ്ക്കൊണ്ടിരുന്ന ഒരു നദീജല പ്രശ്നം ,. വസ്തുതകളെ കുഴയ്ക്കുന്ന ഉദ്യോഗസ്ഥന്മാരെ മാറ്റി നിറുത്തി 1969 ല്‍ സഖാവ് ഇ.എം. എസ്സും. , കരുണാനിധിയും കൂടിയിരുന്ന് വെറും പത്തുമിനിട്ടുകൊണ്ട് സംസാരിച്ചു തീര്‍ത്തതാണ് പറമ്പിക്കുളം , ആളിയാര്‍, പമ്പയാര്‍, കബനിയാര്‍ ശിരുവാണി തുടങ്ങിയ നദീജലതര്‍ക്കങ്ങള്‍ അതുപോലെ തന്നെ , സത് ലജ് നദീജലതര്‍ക്കവുമായി പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി. ഇന്ദിരാഗാന്ധി മൂന്നു സംസ്ഥാനങ്ങളേയും ഉടന്‍ വിളിച്ചു വരുത്തി ഒരു ഉറച്ച തീരുമാനം അറിയിച്ചു. അതോടെ തീര്‍ന്നു ആ പ്രശ്നവും . ഇപ്രകാരം അപരിഹാര്യമായി ഒന്നുമില്ല. പക്ഷെ, ഭരണാധികാരികള്‍ നിസ്വാര്‍ത്ഥതയോടേയും , ആത്മാര്‍ത്ഥതയോടേയും തീരുമാനിക്കണമെന്നു മാത്രം. . അതുമല്ലങ്കില്‍ ഗുണഭോക്താക്കള്‍ ഒറ്റക്കെട്ടായി നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു വരണം . ദുരന്തം പടിവാതിക്കല്‍ എത്തി നില്‍ക്കുന്നുവെന്ന് ബഹു. ഹൈക്കോടതി വിലയിരുത്തിയ സഹചര്യത്തില്‍ എഴുപത് ലക്ഷത്തോളം വരുന്ന മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ എന്താണ് തടസ്സം? ഫെഡറല്‍ സംവിധാനമോ? ഇതിനോടകം ഭാഗികമായി നശിച്ച ഫെഡറല്‍ സംവിധാനത്തില്‍ നിന്നു പോലും മോചനം നേടിയിട്ടായാലും ശരി വിലപ്പെട്ട മനുഷ്യജീവനുകള്‍ രക്ഷിച്ചേ പറ്റൂ. ആദ്യം വേണ്ടത് മനുഷ്യജീവന്‍.... എന്നിട്ടു മതി ചര്‍ച്ചയും , നിയമവും ഫെഡറല്‍ സംവിധാനവും... സുരക്ഷാഭീക്ഷണിയുള്ളപ്പോള്‍ അതാത് സംസ്ഥാനങ്ങള്‍‍ക്ക് മറ്റു സംസ്ഥാനങ്ങളുടെ താത്പര്യം നോക്കേണ്ട കാര്യമില്ല. അതുകൊണ്ട് കേരളത്തിന്റെ മണ്ണില്‍ , കേരളത്തിന്റെ സ്വന്തം നദിയില്‍ , പൂര്‍ണ്ണമായും കേരളത്തിന്റെ ചിലവില്‍ പുതിയ ഡാം കെട്ടാന്‍ കേരളത്തിന് പൂര്‍ണ്ണ അധികാരവും , അവകാശവുമുണ്ട്. നിയമോപദേശം ലഭിച്ചതായി ബഹു.പ്രതിപക്ഷ നേതാവും , ഭരണപക്ഷ നേതാക്കന്മാരും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നു. തുടര്‍ന്ന് ഡിസംബര്‍ അഞ്ചാം തീയതി പ്രത്യേക മന്ത്രിസഭായോഗം കൂടി പുതിയ ഡാം നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തു ഡാമിനു പേരിട്ടു. കേരള - പെരിയാര്‍ ന്യൂ ഡാം. പുതിയ ഡാം നിര്‍മ്മിക്കാനുള്ള സ്ഥലവും ശാസ്ത്രീയാ‍ടിസ്ഥാനത്തില്‍ തീരുമാനിച്ചു. നിലവിലുള്ള അണക്കെട്ടിനു 336 മീറ്റര്‍ താഴെ. നീളം 507 മീറ്ററും.പൊക്കം 158 മീറ്ററും. ഡാം നിര്‍മ്മിതിക്കുള്ള ഏകദേശ തുകയായ 600 കോടി രൂപ ധനമന്ത്രി പൊതുഖജനാവില്‍ നിന്നും വകകൊള്ളിച്ചു മാറ്റി വച്ചു, ഒരു കേമന്‍ സദ്യക്കുള്ള എല്ലാ വിഭവങ്ങളും നിരന്നു കഴിഞ്ഞു. ഇനിയെന്തിനു കഴിക്കാതിരിക്കണം ? കാര്യങ്ങള്‍ നടപ്പാക്കാനുള്ള തന്റേടവും , നട്ടെല്ലുമില്ലാത്തതുകൊണ്ടോ? ഗദ്ദാഫിയോ, ഹിറ്റ്ലറോ, മുസോളനിയോ , സ്റ്റാലിനോ മറ്റോ ഭരണാധിപനായിരുന്നെങ്കില്‍ അണക്കെട്ട് എപ്പോള്‍ തീര്‍ന്നുവെന്ന് ചോദിച്ചാല്‍ മതി.

അടിസ്ഥാനപരമായി തമിഴ്നാടിനു വെള്ളം വേണം. അത് ആവശ്യത്തിലേറെ നല്‍കാമെന്നു ഭരണകൂടവും , ജനങ്ങളും ഉറപ്പുതരുന്നു. മുല്ലപെരിയാറില്‍ നിന്നുള്ള വെള്ളത്തെ മാത്രം ആശ്രയിച്ചാണ് തമിഴ് നാട്ടിലെ രണ്ടുലക്ഷത്തി എണ്ണായിരം ഏക്കര്‍ കൃഷി സ്ഥലത്ത് പച്ചപ്പ് പടര്‍ന്നു കീടക്കുന്നത്. ആ കൃഷിയെ ആ‍ശ്രയിച്ചു കഴിയുന്ന പത്തുലക്ഷത്തോളം കൃഷിക്കാരും അവിടെയുണ്ടെന്നുള്ളത് പരമസത്യമാണ്. മധുര, തേനി, രാമനാഥപുരം, ശിവഗംഗ, ദിണ്ഡുഗല്‍ എന്നീ ജില്ലകളിലെ അറുപത് ലക്ഷം പേര്‍ക്ക് തൊണ്ട നനയ്ക്കാന്‍ ദാഹജലം കിട്ടണമെങ്കില്‍ മുല്ലപ്പെരിയാറില്‍ നിന്നുമല്ലാതെ വേറെ വഴിയില്ല ഡാമില്ലാത്ത അവസ്ഥ തമിഴ്നാട്ടിലെ അഞ്ചു ജില്ലകളെ സഹാറ മരുഭൂമിയാക്കുമെന്ന് ഓരോ കേരളീയനും അറിയാം. അതുകൊണ്ട് മനുഷ്യത്വത്തിന്റെ പേരില്‍ ഡാം അത്യാവശ്യവുമാണ്. മുല്ലപ്പെരിയാറിന്റെ സമൃദ്ധിയില്‍ തമിഴ്നാട്ടില്‍ വിളയിച്ചെടുക്കുന്ന കാര്‍ഷികവിളകളില്‍ സിംഹഭാഗവും ഭക്ഷിച്ചു തീര്‍ക്കുന്നത് കേരളീയരാണ്. പാട്ടക്കരാര്‍ ലംഘിച്ചിട്ടായാലും തമിഴ്നാട് മുല്ലപ്പെരിയാര്‍ വെള്ളത്തില്‍നിന്നും വൈദ്യുതിയുണ്ടാക്കുന്നുണ്ടെങ്കില്‍ അതും തരുന്നത്കേരളത്തിനാണ്. അതുകൊണ്ടുതന്നെ മുല്ലപ്പെരിയാര്‍ ഡാം തമിഴനേപ്പോലെ തന്നെ കേരളീയനും ഒഴിച്ചു കൂടാത്തതാണ്. പക്ഷെ, മുല്ലപ്പെരിയാറില്‍ ഉണ്ടാകേണ്ടത് ഭീതിരഹിതമായൊരു ഡാമായിരിക്കണമെന്നു മാത്രം. ഉഭയകക്ഷീശ്രമത്തില്‍ ഒരു ഡാമുണ്ടായാല്‍ ഇരു കൂട്ടര്‍ക്കും ഭാവിയില്‍ ശാന്തിയും സമാധാനവുമുണ്ടാകും. മറിച്ച് സ്പര്‍ദ്ദയും , വൈരാഗ്യവും കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വേളയില്‍ ഡാം തകര്‍ന്നാല്‍ ഇനിയൊരു ഡാം സ്വപ്നം കാണാന്‍ പോലും തമിഴ്നാടിനു കഴിഞ്ഞെന്നു വരില്ല.

കേരളസംസ്ഥാനത്തിലെ കുട്ടികള്‍ അതീവ ഭയവിഹ്വലരാണ്. ഡാം തകര്‍ന്നാലുള്ള മരണം .... അത് സൃഷ്ടിക്കുന്ന മരണഭയം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്. അതിനു മുഖ്യകാരണം മാധ്യമ- രാഷ്ട്രീയ - ഭൂമാഫിയ കൂട്ടുകെട്ടാണ്. അവര്‍ പ്രശ്നത്തെ പര്‍വതീകരിച്ചും , വളച്ചൊടിച്ചും , സങ്കീര്‍ണ്ണമാക്കിയും അരാജകത്വത്തിന് ആക്കം കൂട്ടി. കാഞ്ചിയാര്‍ , അയ്യപ്പന്‍ കോവില്‍ , കുമളി , ഏലപ്പാറ , ഉപ്പുതറ എന്നിവിടങ്ങളിലും മുല്ലപ്പെരിയാര്‍- ഇടുക്കി ഡാമുകള്‍ക്കിടയിലുള്ള ആറു ഗ്രാമപഞ്ചായത്തുകളിലെ വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഡാം ഭീതി വല്ലാത്തൊരു മനോവിഭ്രാന്തിക്കിടയാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ തോതിലുള്ള സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, ആകാംക്ഷ, ഭയം തുടങ്ങിയവയാല്‍ കുട്ടികള്‍ പൊറുതി മുട്ടിയിരിക്കുന്നു. അത് പഠനമികവിനെ സാരമായി ബാധിക്കുന്നതായും പറയപ്പെടുന്നു. പല വിദ്യാലയങ്ങളിലും ഹാജര്‍നില കുറഞ്ഞിരിക്കുന്നു. അണക്കെട്ടിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള 46 വിദ്യാലയങ്ങളില്‍ കുട്ടികളെ കൗണ്‍സിലിംഗ് നടത്തണമെന്നു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നു. ഉപരിയായി, തമിഴ് വിരുദ്ധവികാരം കുട്ടികളില്‍ രൂഢമൂലമാവുന്നതായും അത് സ്വദേശാഭിമാനബോധത്തിനുമേല്‍ കരിനിഴലുണ്ടാക്കുന്നതായും ഗവേഷകര്‍ പറയുന്നു. അത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണ്. കടുത്ത ആശങ്കയോടെയും, മരണഭീതിയോടെയും ദിനരാത്രങ്ങള്‍ എണ്ണിക്കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത സാഹചര്യം ഒരുക്കിക്കൊടുക്കുവാന്‍ അധികാരവര്‍ഗ്ഗത്തിനു ബാധ്യതയുണ്ട്. നാളത്തെ ആദരണീയനായ പൗരനായി മാറേണ്ട അവര്‍ക്കുവേണ്ടി നമുക്ക് കരുതാവുന്ന ഏറ്റവും നല്ല വികസന സമ്പാദ്യമാണ് മുല്ലപ്പെരിയാറില്‍ ഒരു നൂറായിരം കൊല്ലം ഉറപ്പോടെ നില്‍ക്കുന്ന ഡാം എന്നത്. അതിനായി കക്ഷിരാഷ്ട്രീയ- സ്വാര്‍ത്ഥതാത്പര്യങ്ങളൊന്നുമില്ലാതെ ഒറ്റക്കെട്ടായി നമുക്ക് പ്രവര്‍ത്തിക്കാം....ശുഭോം ഭവന്തു.....

നാസര്‍ റാവുത്തര്‍, ആലുവ

ആലുവ
Phone: 9496181203
E-Mail: nazarrawther@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.