പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

നിഴലുകൾക്ക്‌ ഉടുപ്പു തുന്നുമ്പോൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.സുരേന്ദ്രൻ

ലേഖനം

കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുളള രചനാ സമ്പ്രദായമല്ല എന്റേത്‌. ചില ആശയഗതികളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികൾ മാത്രമായി മനുഷ്യർ എന്റെ കഥകളിലും നോവലുകളിലും പ്രത്യക്ഷപ്പെടുന്നു. അതിനുമപ്പുറത്തേക്ക്‌ ജീവനായി വളർന്നു നിൽക്കുന്നതേ അപൂർവം.

എഴുതി തുടങ്ങിയ കാലത്ത്‌ ഏറെ പരിചിതമായ ജീവിതപരിസരങ്ങളിൽ നിന്ന്‌ ചിലരെ കഥാപാത്രമാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്‌. പത്താം ക്ലാസിൽ പഠിക്കുന്ന കാലത്ത്‌ എ.കെ.അസ്സുവിന്റെ സമർപ്പണം മാസികയിൽ പ്രസിദ്ധീകരിച്ച ഒരു കഥ ഞങ്ങളുടെ ദേശത്തെ ഭ്രാന്തനായ പുളളുവനെക്കുറിച്ചായിരുന്നു.

വെയിലിലും മഴയിലും കുട ചൂടാതെ നടന്ന പുളളുവൻ.

രാത്രികളിൽ നിന്ന്‌ സംഗീതം പൊഴിക്കാത്ത തകർന്ന വീണയായിരുന്നു അവന്റേത്‌. ആ കഥ ദേശത്തുകാരാരും കണ്ടിട്ടില്ല. വർഷങ്ങൾക്ക്‌ ശേഷം കഥയെഴുത്തിൽ മറ്റൊരു വഴി സ്വീകരിച്ചപ്പോഴേക്കും ആദ്യകഥയിലെ കഥാപാത്രത്തെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്‌. പക്ഷെ ആ പുളളുവൻ എന്നോട്‌ സംസാരിച്ചില്ല.

കഥാപാത്രത്തെ ശരിക്കും നേരിടേണ്ടിവന്ന ഒരനുഭവം എനിക്കുമുണ്ടായിട്ടുണ്ട്‌. ഒരിക്കൽ മാത്രം പാത്രസൃഷ്ടിക്ക്‌ അമിത പ്രാധാന്യം നൽകി ഞാനൊരു കഥയെഴുതിയിരുന്നു. എന്റെ പിഴയായി, കൈകുറ്റപ്പാടായി ഞാൻ തന്നെ ചവുട്ടിത്തളളിയ കഥ. ആ കഥ നോവിപ്പിച്ച മനസുകളെ കുറിച്ചോർത്ത്‌ ഞാൻ സ്വയം പഴിച്ചിട്ടുണ്ട്‌. ജീവിതത്തിനു നേർക്കുനേർ കണ്ണാടി പിടിക്കാനും എഴുത്തുകാരനു സ്വാതന്ത്ര്യമുണ്ട്‌. അതിനാൽ പ്രോട്ടോ ടൈപ്പുകളെക്കുറിച്ചോർത്ത്‌ വ്യാകുലപ്പെടേണ്ടെന്ന്‌ അറിയാം എന്നിട്ടും.........

നിഴലുകളുടെ വസ്‌ത്രം വൈവിധ്യമാർന്ന രചനയൊന്നുമല്ല. ആനപ്പാറ എന്ന ദേശത്തെ ഒരു തയ്യൽക്കാരനെക്കുറിച്ചുളള സാധാരണ കദനകഥ, മനോരാജ്യം ആഴ്‌ചപ്പതിപ്പിലാണ്‌ വേലുമേസ്‌ത്രിയുടെ കഥ പ്രസിദ്ധീകരിച്ചത്‌.

വേലുമേസ്‌ത്രിക്ക്‌ തീർച്ചയായും ഒരു പ്രോട്ടോ ടൈപ്പുണ്ട്‌. അതെന്റെ കുട്ടിമാമയാണ്‌. ആനപ്പാറ എന്ന ദേശം പാപ്പിനിപ്പാറയും. അതെന്റെ ജൻമദേശമാണ്‌. മഞ്ചേരിയിൽ നിന്ന്‌ അൽപം ഉളേളാട്ടുമാറി കുന്നുകളാൽ വലയം ചെയ്യപ്പെട്ടു കിടന്ന തനി ഏറനാടൻ ഗ്രാമം. ചോരകുന്നിന്റെ താഴ്‌വരയിലായിരുന്നു തറവാട്‌. നിരന്തരമായ രോഗപീഢകൾ എന്നെ പരിശീലിപ്പിച്ചത്‌ ഉൾവലിയാനും കിനാവുകളിൽ അലഞ്ഞുനടക്കുവാനുമാണ്‌. പാപ്പിനിപ്പാറയുടെ പുറത്തേക്ക്‌ തുറക്കുന്ന ജാലകം കുട്ടിമാമയായിരുന്നു.

പാപ്പിനിപ്പാറയുടെ രാഷ്‌ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന ഒരു കാലഘട്ടം കുട്ടിമാമക്കുണ്ടായിരുന്നു. കൊയ്‌ത്തുകഴിഞ്ഞ പളളിയാലുകളിൽ അരങ്ങേറിയിരുന്ന വെളളരിനാടകങ്ങൾക്കത്രയും ചുക്കാൻ പിടിച്ചിരുന്നത്‌ കുട്ടിമാമയായിരുന്നു. കുട്ടിമാമയുടെ മനസ്സായിരുന്നു അന്നത്തെ വിഷുവിനും ഓണത്തിനും തിരുവാതിരക്കുമൊക്കെ നിറവും മണവും ചാർത്തിയത്‌. അന്നത്തെ പോലെ പിന്നീടൊരിക്കലും ആഘോഷങ്ങളെ വരവേറ്റിട്ടില്ല ഞാൻ. പാപ്പിനിപ്പാറയിലെ തയ്യൽക്കാരനായിരുന്നു കുട്ടിമാമ. ആലുംകുന്നിൽ റേഷൻ ഷാപ്പിനോട്‌ തൊട്ട്‌ ആ തയ്യൽകട. അവിടം പാപ്പിനിപ്പാറയുടെ ഹൃദയമോ പ്രജ്ഞയോ ഒക്കെ ആയിരുന്നു.

ഇപ്പോഴും ഓർമ്മയുണ്ട്‌. പാപ്പിനിപ്പാറയിലെ നേർച്ചക്ക്‌ ഉച്ചഭാഷിണിയിലൂടെ ഉയർന്നുകേട്ട പരസ്യപ്രക്ഷേപണങ്ങൾ ‘പാപ്പിനിപ്പാറയിലെ ഒരേ ഒരു ടൈലർ പി.ഡി.നായർ’ എന്ന്‌ ആവർത്തിച്ചാവർത്തിച്ച്‌ കേൾക്കുമ്പോൾ കുട്ടിമാമ ഞങ്ങളുടെ ഒക്കെ അഭിമാനമായി മാറുകയായിരുന്നു.

മഞ്ചേരിയുടെ വികസനത്തോടൊപ്പം നാഗരികത പാപ്പിനിപ്പാറയെ ഗ്രസിച്ചുകളഞ്ഞു. മുനിസിപ്പാലിറ്റിയുടെ പ്രാന്തപ്രദേശമായി പാപ്പിനിപ്പാറ മാറി. ഫാഷൻ തരംഗത്തെ അതിജീവിക്കാൻ കുട്ടിമാമയ്‌ക്ക്‌ കഴിഞ്ഞില്ല. പെങ്കുപ്പായങ്ങളും (ഏറനാട്ടിലെ യാഥാസ്ഥിതികരായ മുസ്ലീം സ്‌ത്രീകളുടെ ജാക്കറ്റ്‌) സിസ്‌കാരകുപ്പായങ്ങളും തുന്നി കുറച്ചുകാലം പിടിച്ചു നിന്നു.

കുറേ കഴിഞ്ഞപ്പോൾ കുട്ടിമാമയ്‌ക്കും മനസ്സുമടുത്തു കാണണം. തന്നിലെ തയ്യൽക്കാരനെ ആർക്കും വേണ്ടാതായി എന്ന്‌ ബോധ്യപ്പെട്ടുകാണണം. എന്നിട്ടും തന്റെ തയ്യൽ വേലകൾ പരിഷ്‌ക്കരിക്കാനൊന്നും കുട്ടിമാമ കൂട്ടാക്കിയില്ല. നിലനിൽപിനുവേണ്ടി പിന്നോട്ടു നടന്നു. പാപ്പിനിപ്പാറക്കു തെക്ക്‌, ഇരുമ്പുഴിപ്പുറത്തേയ്‌ക്ക്‌ തയ്യൽക്കട മാറ്റി. ഒരിക്കൽ മാത്രം ഞാനവിടെ പോയിട്ടുണ്ട്‌. അവിടേക്കും ഫാഷൻ തരംഗങ്ങൾ തളളിക്കയറിയപ്പോൾ തയ്യൽക്കാരന്റെ ജീവിതത്തോട്‌ കുട്ടിമാമ വിടപറഞ്ഞു.

കൗമാരത്തിനു മുമ്പുതന്നെ എന്റെ ജീവിതം വട്ടംകുളത്തേക്ക്‌ പറിച്ചു നട്ടിരുന്നു. ഒഴിവുദിനങ്ങളിൽ മാത്രം പാപ്പിനിപ്പാറയിൽ എത്തുന്ന കാലത്ത്‌ കുട്ടിമാമയുടെ തെളിച്ചമൊക്കെ പോയിരുന്നു. അകാലത്തിൽ വാർദ്ധക്യം ബാധിച്ചപോലെ. സ്വത്തുമായി ബന്ധപ്പെട്ട തറവാടു തർക്കങ്ങളിൽ കുടുംബബന്ധങ്ങളിൽ ഒരുപാട്‌ വിളളലുകൾ ഉണ്ടായി. കാലക്രമത്തിൽ പാപ്പിനിപ്പാറ ഞങ്ങളിൽ നിന്ന്‌ അകന്നുപോയി. കുട്ടിമാമയും ഒരന്യനെപ്പോലെയായി.

അക്കാലത്താണ്‌ നിഴലുകളുടെ വസ്‌ത്രമെഴുതിയത്‌. ഫാഷൻ തരംഗങ്ങളിൽ പിടിച്ചു നിൽക്കാനാവാതെ പരാജയപ്പെട്ട വേലു മേസ്‌ത്രി എന്ന തയ്യൽക്കാരന്റെയും അയാളുടെ ഗ്രാമമായ ആനപ്പാറയുടെയും കഥ. മനോരാജ്യം വാരിക പാപ്പിനിപ്പാറയിൽ എത്തുമെന്ന്‌ പ്രതീക്ഷച്ചിട്ടേയില്ല. ബന്ധുക്കളാരും വായിക്കില്ലെന്ന വിശ്വാസവുമുണ്ടായിരുന്നു അതും വെറുതെ.

അമ്മായിയുടെ ഭാഗത്തുനിന്നാണ്‌ ആദ്യപ്രതികരണമുണ്ടായതെന്ന്‌ ഏട്ടൻ പറഞ്ഞു. (ചെറിയമ്മയുടെ മകൻ ദാമോദരൻ. വയസിൽ മുതിർന്ന ആൾ. പാപ്പിനിപ്പാറയിലായിരുന്നു ഏട്ടന്റെ വീട്‌. പോസ്‌റ്റോഫീസിൽ ജോലിക്കാരനായി വട്ടംകുളത്ത്‌ താമസിച്ചിരുന്ന വർഷങ്ങളിൽ അവൻ ആഴ്‌ചയൊഴിവുകളിൽ പാപ്പിനിപ്പാറയിൽ പോയിവരും. ഞങ്ങളുടെ ഗൃഹാതുരത്വം നിറഞ്ഞ ചോദ്യങ്ങൾക്ക്‌ ഉത്തരമായി പാപ്പിനിപ്പാറയിലെ വിശേഷങ്ങൾ.........) ബന്ധുഗൃഹങ്ങളിലൊക്കെ പോയി ‘ഓൻ അമ്മാമയെക്കുറിച്ച്‌ കഥയെഴുതീയിരിക്ക്‌ണു’ എന്ന്‌ അമ്മായി പറഞ്ഞുവത്രെ. കേട്ടപ്പോൾ ഉളെളാന്നു കാളി. കുട്ടിമാമ ആ കഥയെപ്പറ്റി അറിഞ്ഞുവെന്ന്‌ തീർച്ച; പിന്നീടെന്റെ വേദനയുമായി. കഥയിൽ ഒരിടത്ത്‌ ആനപ്പാറ പാപ്പിനിപ്പാറയായതും ഏട്ടൻ കണ്ടുപിടിച്ചു.

ഒരു പതിറ്റാണ്ടു കഴിഞ്ഞപ്പോഴേക്കും കുടുംബ വഴക്കുകൾ ഉണ്ടാക്കിയ വൈരാഗ്യം കുറഞ്ഞു. അകന്നുപോയവരെ വലിച്ചടുപ്പിക്കാൻ വിവാഹങ്ങൾ.......മരണങ്ങൾ........കുട്ടിമാമയെ കണ്ടുമുട്ടിയ സന്ദർഭങ്ങളിലൊക്കെ മുഖം തിരിക്കാൻ പ്രേരിപ്പിച്ചത്‌ കുറ്റബോധം തന്നെയാവണം.

ആ കഥയെക്കുറിച്ച്‌ കുട്ടിമാമ മാത്രം പ്രതികരിച്ചില്ല. ഈയിടെ കുട്ടിമാമ വീട്ടിൽ വന്നിരുന്നു. പകയൊന്നുമില്ല. വല്ലാതെ ശോഷിച്ചിട്ടുണ്ട്‌. സാമ്പത്തികപ്രയാസങ്ങൾ ആകെ തളർത്തീട്ടുണ്ട്‌. എന്നിട്ടും തെളിഞ്ഞ ചിരി.

ആ ചിരിയിൽ കഥയെഴുത്തുകാരന്റെ അഹന്തകൾ വീണുടയുന്നു.

പി.സുരേന്ദ്രൻ


Phone: 9447645840
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.