പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സിംഗപ്പൂർ വിശേഷം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാഹുലേയൻ പുഴവേലിൽ

ക്രാൻജിയിലെ യുദ്ധസ്‌മാരകം

എന്റെ രണ്ടു മക്കൾ അഞ്ചാറുവർഷമായി സിംഗപ്പൂരിലാണ്‌. അച്‌ഛനും അമ്മയും അവിടെ ചെന്ന്‌, കുറച്ചുനാൾ അവരോടൊപ്പം താമസിക്കണമെന്നെ അവരുടെ നിർബന്ധമാണ്‌ ഞങ്ങളെ സിംഗപ്പൂരിലെത്തിച്ചത്‌. ഒരു മാസം സിംഗപ്പൂരിലൊക്കെ ഒന്നു കറങ്ങി തിരിച്ചുപോരാനായിരുന്നു ഉദ്ദേശം. അതിനിടയിൽ, അവിടെ സ്‌ഥിരതാമസക്കാരായ മക്കളുടെ ഡിപ്പെന്റൻസ്‌ എന്ന നിലയിൽ, അഞ്ചുവർഷം സിംഗപ്പൂരിൽ താമസിക്കാൻ അനുവദിച്ചുകൊണ്ടുള്ള സോഷ്യൽ വിസിറ്റ്‌ പാസ്‌ ഞങ്ങൾക്കു കിട്ടി. അതുകൊണ്ടാണ്‌ സിംഗപ്പൂരിലെ ഞങ്ങളുടെ താമസം ഒരു വർഷത്തിലധികം നീണ്ടത്‌.

കൂടുതൽ കാലം താമസിച്ചത്‌ മൂത്ത മകൾ ബിന്ദുവിനൊപ്പമാണ്‌. ബിന്ദുവും ഭർത്താവും ഒരു മോളുമടങ്ങുന്ന, ഈ കുടുംബം അന്നു താമസിച്ചിരുന്നത്‌ സെറംഗൂൺ എം.ആർ.റ്റി (റെയിൽവേ സ്‌റ്റേഷൻ) ക്കടുത്തുള്ള ഒ​‍ുരു പ്രൈവറ്റ്‌ ഏരിയായിലാണ്‌. No.5, ഗ്ലാസ്‌ഗോ റോഡ്‌, സിംഗപ്പൂർ - 549299 എന്നെഴുതിയാൽ വിലാസം പൂർണ്ണമായി. ചുറുചുറുക്കോടെ ഓടിനടക്കുകയും എല്ലാവരോടും സ്‌നേഹപൂർവ്വം സംസാരിക്കയും ചെയ്യുന്ന, എല്ലാവരും അമ്മ എന്നു വിളിക്കുന്ന, 85 വയസ്‌ പ്രായമുള്ള ഒരു മലയാളിയുടേതാണ്‌ ഈ വീട്‌. ഈ അമ്മ കഴിഞ്ഞ 65 വർഷമായി സിംഗപ്പൂരിൽ താമസിക്കുന്നു. മക്കളിൽ ചിലർ സിംഗപ്പൂരിൽ തന്നെയുണ്ട്‌. സഹായത്തിനായി ഒരു മലയാളി സ്‌ത്രീ കൂടെയുള്ളതുകൊണ്ട്‌, അമ്മ ഇവിടെ തനിച്ചാണ്‌ താമസം എന്നു പറയാനാവില്ല. മുകളിലത്തെ നില ബിന്ദുവിനു താമസിക്കാൻ കൊടുത്തത്‌ വാടകയെക്കാൾ ഉപരിയായി ഒരു മലയാളി കുടുംബത്തെ അയൽക്കാരായി കിട്ടുമല്ലോ എന്നു കരുതിയാണ്‌.

മതിൽകെട്ടിനുള്ളിൽ പൂന്തോട്ടം മാത്രമല്ല, തെങ്ങും മാവും വാഴയും വേപ്പും ആര്യവേപ്പുമൊക്കെയുണ്ട്‌. ഈ അമ്മയുടെ ഒരു മകനാണ്‌ തൊട്ടടുത്തവീട്ടിൽ താമസിക്കുന്നത്‌. അയൽക്കാരിൽ കൂടുതലും ചൈനീസ്‌ ആണ്‌. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്‌ ചില വീടുകളിൽ. ഗ്ലാസ്‌ഗോ റോഡിന്റെ ഇരുവശവും ഇതുപോലത്തെ വീടുകളും താമസക്കാരുമാണ്‌. ശബ്‌ദവും ബഹളവുമൊന്നും ഒരിടത്തുമില്ല. നമ്മുടെ കുഗ്രാമങ്ങളിലെ റോഡുകളിൽ കാണുന്ന വാഹനങ്ങളുടെ തിരക്കുപോലും ഈ റോഡിലില്ല. ഇടക്കിടക്ക്‌ ഓരോ കാറുകൾ ഓടുന്നുണ്ടാകും. അതുമാത്രം. പക്ഷേ ഇവിടെ നിന്നും രണ്ടോ മൂന്നോ മിന്നിട്ടു നടന്നാൽ, പല നിരകളിലായി ഇടതടവില്ലാതെ, വാഹനങ്ങളോടുന്ന തിരക്കുള്ള യൂചുകാങ്ങ്‌ റോഡായി. ഞങ്ങളുടെ അടുത്ത ബസ്‌സ്‌റ്റോപ്പും ഈ റോഡിലാണ്‌.

മറ്റുപല വികസിത രാജ്യങ്ങളിൽ നിന്നും സിംഗപ്പൂരിന്‌ ഒരു പ്രത്യേകതയുണ്ട്‌. ഇവിടെ കുറ്റകൃത്യങ്ങൾ വളരെ കുറവാണ്‌. പിടിച്ചുപറിയും കൊലപാതകവും ബലാൽ സംഗവുമൊക്കെ ഇല്ലെന്നുതന്നെ പറയാം.. ഏതുപെണ്ണിനും ഏതുപാതിരാത്രിക്കും നടന്നോ, റോഡിലൂടെ വരുന്ന ടാക്‌സിക്കാർ കൈകാണിച്ചു നിറുത്തി അതിൽ കയറിയോ എവിടെ വേണമെങ്കിലും പോകാം, ഒരു കുഴപ്പവും ഉണ്ടാകാറില്ല.

ഞങ്ങൾ സിംഗപ്പൂരിലെത്തി മൂന്നാമത്തെ ദിവസം ഇളയമകൾ ബീന ജോലി സ്‌ഥലത്തുനിന്നും നേരെ ഞങ്ങൾ താമസിക്കുന്നിടത്തേക്കു വന്നു, രാത്രി പന്ത്രണ്ടുമണി കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു.

“അമ്മേ ഞാൻ പോകുന്നു. എനിക്കു നാളെ രാവിലെ ജോലിക്കു പോകാനുള്ളതാണ്‌.”

ഗെയിറ്റുകടന്ന്‌, റോഡിലെ വിജനമായ നടപ്പാതയിലൂടെ പോകുമ്പോൾ അവൾ പറഞ്ഞുഃ

“അവിടെ ചെല്ലുമ്പോൾ ഞാൻ വിളിച്ചേക്കാം.”

അവൾ താമസിക്കുന്നത്‌ ഒരു കിലോമീറ്ററിലധികം അകലെയുള്ള സെറംഗൂൺ സെൻട്രൽ അവന്യൂ ഒന്നിലാണ്‌. ഈ സമയത്ത്‌ അവിടെ ചെല്ലുന്നതിനിടയിൽ, ഒരാളെപോലും വഴിയിൽ കാണാനിടയില്ല. ആകെ കാണാൻപറ്റുന്നത്‌, അവൾ യൂചുകാങ്ങ്‌ റോഡ്‌ മുറിച്ചുകടക്കുമ്പോൾ അവൾകടന്നുപോകാൻവേണ്ടി രണ്ടുവശത്തും നിറുത്തിയിട്ടിരിക്കുന്ന കുറെ വാഹനങ്ങൾ മാത്രമായിരിക്കും.

ഇവിടെ റോഡിൽ പലയിടത്തും ഇങ്ങനെയൊരു ബോർഡുകണ്ടു.

“കുറ്റകൃത്യങ്ങൾ കുറവാണെന്നതിനർത്ഥം, കുറ്റകൃത്യങ്ങൾ ഇല്ലെന്നല്ല, എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ദയവായി പോലീസിനെ അറിയിക്കുക.”

ഇതിനെപറ്റി ഒരു പരിചയക്കാരനോടു സംസാരിച്ചപ്പോൾ അയാൾ പറഞ്ഞുഃ

“ചുരുക്കമാണെങ്കിലും കുറ്റകൃത്യങ്ങൾ ഇവിടെയും ഉണ്ട്‌. പക്ഷേ അതൊന്നും പത്രത്തിൽ വരാറില്ല. പോലീസ്‌ അത്തരം വിവരങ്ങൾ പുറത്തുവിടാറുമില്ല. അതുകൊണ്ടുതന്നെ ബസ്‌സ്‌റ്റോപ്പിലും ട്രയിനിലുമൊന്നും ഇതൊരു സംസാരവിഷയം ആകുന്നില്ല.”

സിംഗപ്പൂരിനകത്ത്‌ കൂടുതൽ സ്‌ഥലങ്ങളിലും ഞാൻ തനിച്ചാണ്‌ പോയത്‌. സെന്റോസയിലെ വിശേഷങ്ങൾ കാണുന്നതിനുമുമ്പ്‌, ബേർഡ്‌ പാർക്കും അനിമൽപാർക്കും കാണുന്നതിനുമുമ്പ്‌, ഞാൻ പോയത്‌ ക്രാൻജിയിലെ യുദ്ധസ്‌മാരകം കാണുന്നതിനാണ്‌.

രാവിലെ ആയിരുന്നു ക്രാൻജിയിലേക്കുള്ള യാത്ര. യൂചുകാങ്ങിലെ ബസ്‌സ്‌റ്റോപ്പിൽ നിന്നും ബസ്സിൽ അമ്മോക്യയിലിറങ്ങി. അവിടെനിന്നും ട്രയിനിലാണ്‌ പോയത്‌. ഈ ഭാഗത്ത്‌ ട്രയിൻ ഭൂമിക്കടിയിലൂടെയല്ല, ഭൂമിക്കു മുകളിലുള്ള പാലത്തിലൂടെയാണ്‌ പോകുന്നത്‌.

പത്തുമണിക്കുമുമ്പായി ക്രാൻജിയിലെത്തി. റയിൽവേ സ്‌റ്റേഷനിലും പുറത്തും വലിയ തിരക്കൊന്നും ഇല്ല. വുഡ്‌ലാൻഡ്‌സ്‌ റോഡിലൂടെ 300 മീറ്റർ പോയാൽ യുദ്ധസ്‌മാരകത്തിലെത്തുമെന്ന്‌ എനിക്കറിയാം, ആരോടും ഒന്നും ചോദിച്ചില്ല കുറച്ചുദൂരം നടന്നപ്പോൾ ഇടത്തേക്ക്‌ വേറൊരു റോഡ്‌ കൂടി കണ്ടു. റോഡിലൂടെ നിറയെ വാഹനങ്ങൾ ഓടുന്നുണ്ട്‌. നടന്നുപോകുന്ന ആരെയും കാണുന്നില്ല. ആരെയെങ്കിലും കാണാതെ വഴിചോദിക്കാനൊക്കുമോ? കുറെസമയം അവിടെ നിന്നിട്ടും ആരും അതിലെ നടന്നുവന്നില്ല. എത്ര നേരമാണവിടെ നിൽക്കുക? ഞാൻ ഇടത്തേക്കുള്ള വഴിയെ നടന്നു. ഭാഗ്യം, ആ റോഡവസാനിച്ചത്‌ യുദ്ധസ്‌മാരകത്തിനു മുന്നിലാണ്‌.

ഞാൻ നടന്ന്‌ അകത്തേക്കു കയറി.

തികച്ചും വ്യത്യസ്‌തമായ ഒരു സ്‌മാരകം. രണ്ടാം ലോകമഹായുദ്ധത്തിൽ വീരമൃത്യുവരിച്ച പതിനായിരങ്ങളുടെ മുന്നിലാണ്‌ ഞാൻ ചെന്നുനിന്നത്‌. അവരുടെ മുഖം കാണുന്നില്ലെങ്കിലും അവരുടെ പേരും രാജ്യവും അവരെപറ്റിയുള്ള മറ്റു വിവരങ്ങളും ഞാനറിയുന്നു. ഓരേ അകലത്തിൽ ഒരേവലിപ്പത്തിലുള്ള സ്‌ഥലം മാത്രം ഉപയോഗിച്ച്‌ ഒരേ വലിപ്പവും നിറവും ആകൃതിയും ഉള്ള ശിലാലിഖിതവുമായി അവർ മക്കളെയുംകൊച്ചുമക്കളെയും കാത്തിരിക്കുന്നു. യുദ്ധത്തിൽ പൊരുതി മരിച്ച ആയിരക്കണക്കിനു വീരയോദ്ധാക്കളുടെ ശവകുടീരങ്ങളാണ്‌ എനിക്കു ചുറ്റും. എണ്ണം അയ്യായിരമോ പതിനായിരമോ അതിൽ കൂടുതലോ ആകാം.

ഇതൊരു ചെറിയ മലയാണ്‌, നടന്നു മുകളിലേക്കു കയറുന്നതിനിടയിൽ, നാലോ അഞ്ചോ മലയാളിപേരുകൾ ശ്രദ്ധയിൽപെട്ടു. മലമുകളിൽ നിന്നും ചുറ്റും നോക്കിയപ്പോൾ, സന്ദർശകനായി ഞാൻ മാത്രമേ ഇപ്പോഴിവിടെ ഉള്ളൂ എന്നും മനസ്സിലായി.

ഒരു മരത്തണലിൽ ഞാൻ ഇരുന്നു. യുദ്ധകാലത്ത്‌ മലയൻ റബർ തോട്ടങ്ങളിൽ മെഡിക്കൽ ഓഫീസറായിരുന്ന ഡോക്‌ടർ നാരായണൻ പണ്ടു പറഞ്ഞ ചില കാര്യങ്ങൾ അപ്പോൾ ഓർമ്മയിൽ വന്നു.

മിന്നൽ വേഗത്തിലായിരുന്നു ജപ്പാന്റെ ആക്രമണം. കാര്യമായ എതിർപ്പ്‌ പലയിടത്തും ഉണ്ടായില്ല. വെടിയുണ്ടലാഭിക്കാനായി, പിടികൂടുന്നവരെ കൊല്ലാൻ ജപ്പാൻകാർ വാളാണ്‌ ഉപയോഗിച്ചിരുന്നത്‌. തുടക്കത്തിൽ പിടിച്ചടക്കിയ പ്രദേശത്തെല്ലാം ഭരണസംവിധാനമുണ്ടാക്കാൻ ജപ്പാനു കഴിഞ്ഞില്ല. അപ്പോൾ എതിർപ്പും അക്രമങ്ങളും ഉണ്ടാകാതിരിക്കാൻ അവർ ചെയ്‌തത്‌ എന്താണെന്നോ. അവിടെ ചെന്ന്‌, നാട്ടുകാരിലൊരാളെ പിടിച്ച്‌ അയാളുടെ തല വെട്ടി ഒരു വാരികുന്തത്തിൽ തറച്ചുനാലും കൂടിയ കവലകളിൽ കുത്തിനിറുത്തും. കുറെ കാലത്തേക്ക്‌ അവിടം ശാന്തമായിരിക്കും.“

ആയിരക്കണക്കിനു ശവക്കല്ലറകളുടെ മുന്നിൽ തനിച്ചിരുന്നിട്ടും എനിക്കു പേടി തോന്നിയില്ല. എന്തിനുപേടിക്കണം? സത്യത്തിൽ ഇതുശവക്കല്ലറകളാണോ? യുദ്ധം കഴിഞ്ഞ്‌ വളരെ വർഷങ്ങൾക്കുശേഷം നിർമ്മിച്ച ഒരു യുദ്ധസ്‌മാരകം മാത്രമല്ലേ ഇത്‌.?

ഞാൻ തിരിച്ചു പോരാനിറങ്ങിയപ്പോൾ രണ്ടു പേർ മുകളിലേക്കു കയറിവന്നു, അച്‌ഛനും മകനുമാണന്ന്‌ ഒറ്റ നോട്ടത്തിൽ തന്നെ തോന്നും. മലയാളത്തിലുള്ള അവരുടെ സംസാരം കേട്ടപ്പോൾ ഞാൻ ചോദിച്ചു.

”ആരെയോ അന്വേഷിക്കുന്ന പോലുണ്ടല്ലോ“

ഞാനവരുടെ അടുത്തേക്കു ചെന്നപ്പോൾ അയാൾ പറഞ്ഞു” അതെ. എന്റെ അച്‌ഛനെ അന്വേഷിക്കുകയാണ്‌. യുദ്ധത്തിൽ സിംഗപ്പൂരിൽ വച്ചാണ്‌ എന്റെ അച്‌ചൻ മരിച്ചത്‌. അന്നെനിക്ക്‌ രണ്ടു വയസേ ഉള്ളൂ. ഇതെന്റെ മകനാണ്‌. ഇവനു സിംഗപ്പൂരിൽ ജോലി കിട്ടിയപ്പോഴാണ്‌ ഇങ്ങനെയൊരു സ്‌മാരകത്തെപറ്റി ഇവൻ പറഞ്ഞത്‌. ഇരുപതു വയസിൽ വിധവയായ എന്റെ അമ്മ അച്‌ഛന്റെ പടവും ഓർമ്മകളുമായി നാട്ടിലുണ്ട്‌. തിരിച്ചു നാട്ടിൽ ചെല്ലുമ്പോൾ എനിക്കമ്മയോടെന്തെങ്കിലും പറയണ്ടെ?“

അവർ ഓരോ പേരുകൾ വായിച്ച്‌ മുന്നോട്ടു നീങ്ങിയപ്പോൾ, ഇന്നത്തെ യാത്രമതിയാക്കി ഞാൻ തിരിച്ചു പോന്നു.

ബാഹുലേയൻ പുഴവേലിൽ

ഏനാദി. പി.ഒ,

കെ.എസ്‌. മംഗലം, വൈക്കം,

കോട്ടയം ജില്ല,

പിൻ - 686 608.


Phone: 9947133557
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.