പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അവയവദാനത്തിന്റെ മഹത്വവും ആവശ്യകതയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോസ് കല്ലിടിക്കില്‍

കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന’ ഡോണ്‍ ബോസ്ക്കോ’ മാഗസീനില്‍ ‘ തിലകാവതിയുടെ ത്യാഗം’ എന്ന തലക്കെട്ടില്‍ വന്ന മഹനീയമായ രണ്ട് കാരുണ്യ പ്രവര്‍ത്തികളെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇതെഴുതവാന്‍ പ്രേരണയായത്. അവയവദാനത്തിന്റെ മഹത്വവും അതിന് ഏറിവരുന്ന സന്നദ്ധതയുമാണ് ഈ വാര്‍ത്തയിലൂടെ പത്രാധിപര്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നത്. ഏറെ പ്രിയപ്പെട്ടവരുടെ ആകസ്മിക നിര്യാണം മൂലമുണ്ടായ തീവ്രദു:ഖം അനുഭവിക്കുമ്പോഴും , മരണപ്പെട്ട വ്യക്തിയുടെ അവയവദാനത്തിന് സന്നദ്ധരാ‍യ രണ്ടു കുടുംബങ്ങളുടെ മഹാത്യാഗത്തെക്കുറിച്ചാണ് ഈ വാര്‍ത്ത പ്രദിപാദിക്കുന്നത്. അവരുടെ സത്കര്‍മ്മത്തിലൂടെ ചികിത്സകള്‍ എല്ലാം വിഫലമായി , കടുത്ത വേദനയിലും അസ്വസ്ഥതയിലും ദിവസങ്ങള്‍ തള്ളി വിട്ട് മരണത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഏതാനും വ്യക്തികള്‍ക്ക് പുതുജീവന്‍ പ്രദാനം ചെയ്തതോടൊപ്പം അവരുടെ കുടുംബാംഗങ്ങള്‍ നേരിട്ട സാമ്പത്തികവുമായ ക്ലേശങ്ങള്‍‍ക്ക് പരിഹാരവുമായി.

ഒക്ടോബര്‍ 18 ന് ചെന്നൈയില്‍ ഒരു വാഹന അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ തിലകവതിയെന്ന 53 കാരിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവന്‍ രക്ഷിക്കുവാ‍നുള്ള ഡോക്ടര്‍മാരുടെ എല്ലാ ശ്രമങ്ങളും വിഫലമാകുകയും രോഗിക്ക് മസ്തിഷ്ക്കമരണം സംഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍, അവരുടെ അവയവദാനത്തിന്റെ സാധ്യത ഹോസ്പിറ്റല്‍ അധികൃതര്‍ ബന്ധുക്കളുമായി പങ്കിട്ടു, ഉറ്റവളുടെ അപകടമരണമുണ്ടാക്കിയ ഞെട്ടലില്‍ നിന്നും പൂര്‍ണ്ണമായും മോചിതരായിരുന്നില്ലെങ്കിലും , ഡോക്ടര്‍മാര്‍ സൂചിപ്പിച്ച അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ചും അതിലൂടെ രക്ഷപ്രാപിക്കുന്നവരുടെ ജീവന്റെ വിലയെക്കുറിച്ചും തിലകവതിയുടെ കുടുംബാംഗങ്ങള്‍ക്ക് ഉത്തമബോധ്യമുണ്ടാകുകയും അവര്‍ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. നീണ്ട ശസ്ത്രക്രിയയിലൂടെ തിലകാവതിയുടെ ഹൃദയം, കരള്‍, വൃക്കകള്‍, കണ്ണ് എന്നിവ മുംബൈ, പൂനെ, ചെന്നൈ, കോട്ടയം എന്നിവിടങ്ങളില്‍നിന്നുള്ള ആറ് വ്യക്തികള്‍ക്ക് വെച്ചു പിടിപ്പിച്ച് അവര്‍ക്ക് പുതുജീവനും പ്രതീക്ഷയും നല്‍കി. തിലകാവതിയുടെ ചേതനയറ്റ ശരീരത്തിലെ പ്രവര്‍ത്തനക്ഷമാമായ അവയവങ്ങള്‍ വ്യത്യസ്ത മതത്തിലും , സംസ്ഥാനത്തിലും , ഭാഷയിലും പെട്ട വ്യക്തികളെ ചലനാത്മകമാക്കുകയായിരുന്നു. ദേശീയോത്ഗ്രഥനവും, മത സൗഹാര്‍ദ്ദസന്ദേശങ്ങളും പ്രചരിപ്പിക്കുവാന്‍ ഇതിനേക്കാള്‍ അര്‍ത്ഥവത്തായ മറ്റൊരു മാതൃകയുണ്ടോ?.

തിലകാവതിയുടെ കുടുംബാംഗങ്ങളേപ്പോലെ തന്നെ മഹത്തരവും ധീരവുമായ സമീപനമാണ് തൃശൂരിലുണ്ടായ ഒരു ബൈക്കപകടത്തില്‍ മരണപ്പെട്ട ജോര്‍ജുകുട്ടിയെന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളും സ്വീകരിച്ചത്. ഏകമകനുണ്ടായ ദാരുണമരണത്തിന്റെ ആഘാതത്തില്‍ നിന്ന് മോചിതരാകുന്നതിനു മുമ്പു തന്നെ ആ മാതാപിതാക്കള്‍ ഒരുറച്ച തീരുമാനം കൈക്കൊണ്ടു. മറ്റുള്ളവരിലൂടെ തങ്ങളുടെ മകന്‍ ജീവിക്കണമെന്ന് . ഡോക്ടറുടെ അടുത്തെത്തി, മകന്റെ പ്രയോജനപ്രദമായ എല്ലാ അവയവങ്ങളും അത്തരം അവയവങ്ങള്‍‍ക്കായി കാത്തിരിക്കുന്നവര്‍ക്കാ‍യി വിനിയോഗിക്കാന്‍ ആ മാതാപിതാക്കല്‍ അപേക്ഷിക്കുകയായിരുന്നു. മാനവികതയുടെ സഹജീവികളോടുള്ള കാരുണ്യത്തിന്റെ , ത്യാഗത്തിന്റെ, സ്നേഹത്തിന്റെ ഉദാത്തമായൊരു സന്ദേശമല്ലേ ജോര്‍ജുകുട്ടിയുടെ മാതാപിതാക്കള്‍ നമുക്ക് കാണിച്ചു തരുന്നത്.

ഹൃദയം, കരള്‍, വൃക്ക, കണ്ണ്, ചെറുകുടല്‍, ത്വക്ക്, പാങ്ക്രിയാസ്, ടിഷ്യൂസ് എന്നിങ്ങനെ മനുഷ്യശരീരത്തിലെ ഒട്ടനവധി അവയവങ്ങള്‍ മറ്റുള്ളവരില്‍ വച്ച് പിടിപ്പിച്ച് ജീവന്‍ നിലനിര്‍ത്തുന്നതിലും അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതിലും ആധുനിക വൈദ്യശാസ്ത്രം അവിശ്വസനീയമാം വിധം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എന്നാല്‍ പൊരുത്തപ്പെടുന്നൊരു അവയവം ലഭിക്കുവാനുള്ള ബുദ്ധിമുട്ടും , കാലതാമസവുമാണ് അതിനായി കാത്തിരിക്കുന്നവരേയും അതിലേര്‍പ്പെട്ടിരിക്കുന്ന വിദഗ്ദരേയും നിരാശരാക്കുന്നത്. യൂറോപ്പിലും, അമേരിക്കയിലുമെല്ലാം അവയവദാനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും , സമ്മതം വാങ്ങലും എല്ലാം സജീവമാണ്. തിലകാവതിയുടേയും , ജോര്‍ജുകുട്ടിയുടേയും സംഭവങ്ങള്‍ ഇന്ത്യയിലും ഈ ആശയത്തിനുള്ള സ്വീകാര്യത വര്‍ദ്ധിച്ചു വരുന്നുവെന്ന് സൂചനയാണ് നല്‍കുന്നത്.

നിര്‍ഭാഗ്യമെന്ന് പറയട്ടെ പ്രവാസി ഇന്ത്യന്‍ സമൂഹത്തില്‍ അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള പ്രചരണവും അതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നവരുടെ എണ്ണവും വേണ്ടത്ര കാണുന്നില്ല. ന്യൂ ജഴ്സിയില്‍ മരണപ്പെട്ട ഒരു യുവാവിന്റെ കുടുംബാംഗങ്ങള്‍ കാട്ടിയ മാതൃക വിസ്മരിക്കുന്നില്ല. ഒരു മില്യണിലധികം വരുന്ന അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിലും ഒരു പുതിയ ഹൃദയത്തിനും, കരളിനും , വൃക്കക്കുമൊക്കെ യായി കാത്തിരിക്കുന്ന നിരവധി പേരുണ്ടാരിക്കുമെന്നതാണ് വാസ്തവം. നമ്മുടെയിടയില്‍ നിന്നും ലഭിക്കുന്ന അവയവങ്ങളാകും അവരുടെ ശരീരത്തിന് ഏറെ പൊരുത്തപ്പെടുകയെന്നത് ഗൗരവമാ‍യി ചിന്തിക്കേണ്ടതാണ്. മതവിശ്വാസത്തിന്റേയും , വംശീയതയുടേയും അടിസ്ഥാനത്തിലാണ് അമേരിക്കയിലെ ഒട്ടു മിക്ക ഇന്ത്യന്‍ സമൂഹങ്ങളും സംഘടിക്കപ്പെട്ടിരിക്കുന്നത് എന്നതാകും. അവയവദാനം പോലുള്ള ശ്രേഷ്ഠവും നവീനവുമായ ആശയങ്ങള്‍ ആശ്ലേഷിക്കാന്‍ നാം വൈമുഖ്യം കാട്ടുന്നതിന്റെ പ്രധാന കാരണം. ഒരു മതവിഭാഗത്തിലും ഇത്തരം ആശയപ്രചരണങ്ങള്‍ സജീവമായി കാണുന്നില്ല. സാമൂഹ്യസംഘടനകളുടെയും ശ്രദ്ധ ഇതിലേക്കായി ആകര്‍ഷിക്കപ്പെട്ടിട്ടില്ല. കത്തോലിക്കാസഭ അവയവദാനം പ്രത്യക്ഷമായി പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും അവയവദാനത്തിന് ദൈവശാസ്ത്രപരമായ തടസ്സങ്ങള്‍ ഒന്നുമില്ലെന്ന് ഏതാനും വര്‍ഷങ്ങള്‍‍ക്കു മുന്‍പ് പ്രഖ്യാപിച്ചത് ഇവിടെ സ്മര‍ണീയമാണ്.

അവയവദാനത്തേ പോലെ തന്നെ മൃതശരീരം പൂര്‍ണ്ണമായും മെഡിക്കല്‍ കോളേജുകള്‍ പോലുള്ള സ്ഥാപനങ്ങള്‍‍ക്ക് ദാനം ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ആധുനിക സമൂഹത്തിന്റെ ശ്രദ്ധ തിരിയണം. വൈദ്യവിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിനും , ആള്‍ഷൈമേഷസ്, പാര്‍ക്കിന്‍സന്‍സ്സ്, ഹൃദ്രോഹം, ക്യാന്‍സര്‍, പ്രമേഹം ഇതുപോലുള്ള രോഗങ്ങളേക്കുറിച്ചുള്ള പുതിയ ഗവേഷണങ്ങള്‍ക്കും മൃതശരീരങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ചു വരികയാണ്. മരിച്ചവരോട് പൊതുവേ പ്രകടിപ്പിക്കുന്ന ആദരവും , പുനര്‍ജന്മത്തിലും. മോക്ഷത്തിലുമുള്ള വിശ്വാസവുമാകാം എല്ലാവിധ മതാചാരങ്ങളോടും , കര്‍മ്മങ്ങളോടും , പ്രൗഢിയോടും കൂടി മൃതസംസ്ക്കാരങ്ങള്‍ നടത്തുവാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നത്.

നിരീശ്വരവാദിയും പ്രശസ്ത മന:ശാസ്ത്രജ്ഞനുമായ ഡോ. ഏ. ടി കോവൂര്‍ തന്റെ ശരീരം മരണാനന്തരം ശാസ്ത്രഗവേഷണങ്ങള്‍ക്കായി സംഭവന നല്‍കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആ ആഗ്രഹം നിറവേറ്റുകയും ചെയ്തു. അടുത്ത കാലത്ത് മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബാസു ഇത്തരം മാതൃക പിന്തുടര്‍ന്നത് വലിയ വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി . ജ്യോതിബാസുവിന്റെ മാതൃക അനുകരിച്ചാകും കല്‍ക്കട്ടായിലെ ഈശോസഭക്കാരനായ ഒരു വൈദികന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതശരീരം കല്‍ക്കട്ടാ മെഡിക്കല്‍ കോളേജിന് സംഭാവന നല്‍കിയത്. ജീവിതകാലം പൂര്‍ണ്ണമായും ജനസേവനപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു ഇവരുടെ മരവിച്ച ശരീരം പോലും മാനവരാശിയുടെ നന്മയ്ക്കായി പ്രയോജനപ്പെടുത്തിക്കൊണ്ടിരുന്നു. ഭാരിച്ച ചെലവ് വഹിച്ച് പ്രൗഢിയോടെ നമ്മള്‍ പിന്തുടരുന്ന പാരമ്പര്യ മൃതസംസ്ക്കാരത്തേക്കാള്‍ എത്രയോ മഹത്തരം ഇവരുടെ മാതൃകകള്‍.

കടപ്പാട് - ബിലാത്തി മലയാളി

ജോസ് കല്ലിടിക്കില്‍


E-Mail: joseljose@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.