പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഓയിൽ പാം തോട്ടങ്ങളിലെ കൃഷി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വി.കെ. എബ്രഹാം

ഉദ്ദേശം രണ്ടര വർഷം മുതൽ 3 വർഷം വരെ പ്രായമുള്ള 30 ലക്ഷം എണ്ണപ്പന തൈകൾ ഇന്ത്യയിലെ വിവിധ എണ്ണപ്പനത്തോട്ടങ്ങളിലുണ്ടെന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌. ഈ തൈകൾ എണ്ണപ്പനകൃഷിക്ക്‌ അനുയോജ്യമല്ലെന്നാണ്‌ കേന്ദ്രഗവൺമെന്റിന്റെ കൃഷിവിദഗ്‌ദ്ധർ കണ്ടെത്തിയിരിക്കുന്നത്‌. ഗവൺമെന്റ്‌ തീരുമാനം നടപ്പാക്കുകയാണെങ്കിൽ ഒരു തൈക്ക്‌ എഴുപത്‌ രൂപ എന്ന നിരക്കിൽ ഉദ്ദേശം 21 കോടി രൂപ വിലവരുന്ന തൈകളാവും ഉപയോഗശൂന്യമായി മാറുക. ഇതുമൂലം ഓയിൽ പാം തോട്ടങ്ങളിലെ കൃഷിവികസനം മുരടിച്ച്‌ പോവുകയായിരിക്കും ഫലം.

ഓയിൽ പാം തോട്ടങ്ങളിൽ തൈകൾ നടുന്നത്‌ പല ഘടകങ്ങളെ ആശ്രയിച്ച്‌ നിൽക്കുന്നു. ചെറിയ തൈകൾ നടുന്നതിനും പിന്നീട്‌ വളർന്നുവരുമ്പോൾ പരിചരിക്കുന്നതിനും പ്രായേണ ചിലവ്‌ കുറവാണ്‌. പ്രായംചെന്ന തൈകൾ പറിച്ച്‌ നടുമ്പോൾ കൂടുതൽ ചിലവും ശുശ്രൂഷയും വേണ്ടി വരുമെന്നതിനാൽ ആദായകരമാവില്ല. എന്നാലും തൈകൾ പിടിച്ച്‌ വരികയാണെങ്കിൽ കൂടുതൽ വിള നൽകുന്നതാണ്‌. അത്‌കൊണ്ട്‌ 20 മാസം വരെ വളർച്ചയുള്ള തൈകൾ ശ്രദ്ധാപൂർവ്വം കൃഷിചെയ്യുകയാണെങ്കിൽ അവയായിരിക്കും കൂടുതൽ നേട്ടം കൈവരിക്കാൻ സഹായിക്കുക. സാധാരണയായി 11 മുതൽ 13 മാസം വരെ പ്രായമുള്ള തൈകളായിരിക്കും, ഇവ. പക്ഷേ, പ്രായം ചെന്ന തൈകൾ നടുന്നത്‌ മൂലം അവ ഫലപ്രദമായി പിടിച്ച്‌ കിട്ടാതെ വരികയോ, വിളവെടുപ്പിന്‌ കാലതാമസം നേരിടുകയോ ചെയ്യുകയാണെങ്കിൽ അത്‌ മൂലം വരുന്ന നഷ്‌ടം ഭീമമായിരിക്കും എന്ന കണക്കുകൂട്ടലിൽ ആ തൈകൾ കൃഷിക്ക്‌ അനുയോജ്യമല്ല എന്ന ഗവൺമെന്റ്‌ തീരുമാനം ന്യായമാണെന്ന്‌ സമ്മതിക്കേണ്ടിവരും.

ഈ ലേഖകൻ കേന്ദ്ര സംസ്‌ഥാന ഗവൺമെന്റിന്റെ സംയുക്താഭിമുഖ്യത്തിലുള്ള ഓയിൽ പാം ഇൻഡ്യാ ലിമിറ്റഡിന്റെ മാനേജിംഗ്‌ ഡയറക്‌ടറായി ഏതാനും വർഷം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഉദ്ദേശം രണ്ടര മുതൽ 3 വർഷം വരെ പ്രായമുള്ള പോളിത്തീൻ ബാഗുകളിൽ വളർത്തിയെടുത്ത 2.5 ലക്ഷത്തോളം തൈകൾ കമ്പനിയുടെ കീഴിലുള്ള ഏരൂർ തോട്ടത്തിൽ 1983-84 കാലഘട്ടത്തിൽ വിജയകരമായി കൃഷി ചെയ്യുകയുണ്ടായി. അതിന്‌ മുമ്പ്‌ ഗവൺമെന്റിന്റെ കീഴിലുള്ള ഫോറസ്‌റ്റ്‌ ലാൻഡുകളിലാണ്‌ കൃഷിക്കുള്ള തൈകൾ സജ്ജമാക്കിയിരുന്നത്‌. എന്നാൽ കേന്ദ്രഗവൺമെന്റിന്റെ പിന്നീടുള്ള തീരുമാനം മൂലം സർക്കാർ സ്‌ഥലത്ത്‌ തൈകൾ വളർത്തുക എന്നത്‌ സാദ്ധ്യമല്ലാതായി. അതുകൊണ്ട്‌ ഈ തൈകളെല്ലാം കൃഷിപ്പിഴവന്ന സ്‌ഥലങ്ങളിൽ (Gap filling) ഉപയോഗിക്കുകയും അവ വിജയകരമായി വളർന്നു വരികയും ചെയ്‌തു.

പക്ഷേ, ഇപ്രകാരമുള്ള കൃഷിയുടെ ചിലവ്‌ ദുഃസഹമായിരിക്കും. തൈകൾ വാഹനങ്ങളിൽ കൊണ്ട്‌ വരുന്നതിനും പ്രായം ചെന്ന തൈകൾക്കനുയോജ്യമായ വലിപ്പമേറിയ കുഴികൾ തീർക്കുന്നതിനും തൈകൾ നട്ടശേഷം മണ്ണിട്ടുറപ്പിക്കുന്നതിനും വരുന്ന ചിലവ്‌ ഭീമമായിരിക്കും. ഇങ്ങനെ പ്രായം ചെന്ന തൈകൾ മഴക്കാലത്ത്‌ നടുന്നതായിരിക്കും കൂടുതൽ ഉചിതം. കൂടുതൽ വരുന്ന ചിലവ്‌ ഗവൺമെന്റ്‌ വഹിക്കുകയാണെങ്കിൽ അത്‌ എണ്ണപ്പനകൃഷിക്ക്‌ സഹായകമാകും. പ്രായം ചെന്ന തൈകൾ നടുമ്പോൾ അവയുടെ കൂടുതലായി നിൽക്കുന്ന ഇലകൾ മുറിച്ച്‌ മാറ്റുന്നത്‌ നന്നായിരിക്കും. കൂടുതലായുള്ള വേരുകളും മുറിച്ച്‌ മാറ്റണം. തീരെ ചെറിയ തൈകളുടെയും കുറെക്കൂടി പ്രായമായവയുടെയും വേരുകളുടെ അടിയിൽ കാണുന്ന ഉരുണ്ട്‌ കൂടുന്ന മണ്ണ്‌, ചെറിയ ഉണ്ടയുടെ ആകൃതിയിൽ കൂടുതൽ വലുതാകുന്നതിനുളള സാദ്ധ്യത കൂടുതലാണ്‌. നിശ്ചിതമായ പ്ലാനിംഗോടുകൂടിയ തൈനടൽ കൃഷിച്ചിലവ്‌ കുറയ്‌ക്കുന്നതിന്‌ സഹായകരമാവും. മഴതുടങ്ങുന്നതിന്‌ മുന്നെ തൈ നടീലുകൾ തുടങ്ങുകയാണെങ്കിൽ, നഷ്‌ടം കുറയ്‌ക്കുവാൻ കഴിയും. മഴ മാറുന്നതോടെ ഈ തൈകളെല്ലാം സമൃദ്ധമായി വളരുന്നതിന്‌ ഇടനൽകും. അത്‌കൊണ്ട്‌ ഇപ്പോൾ വിവിധ നേഴ്‌സറികളിലുള്ള തൈകൾ അനുയോജ്യമല്ലെന്ന്‌ കരുതി, അവ വേണ്ടെന്നു വയ്‌ക്കണമെന്ന ഗവൺമെന്റ്‌ തീരുമാനം പുനഃപരിശോധിച്ച്‌ ആ തൈകൾ വിവിധ തോട്ടങ്ങളിലേയ്‌ക്ക്‌ പറിച്ച്‌ നടുവാൻ വേണ്ട സബ്‌സിഡി എണ്ണപ്പനകൃഷിക്കാർക്ക്‌ നൽകുകയാണെങ്കിൽ കൃഷിക്കാർക്കും എണ്ണപ്പനകൃഷി വ്യവസായത്തിനാകെയും വലിയ പ്രോത്സാഹനമായിരിക്കും.

വി.കെ. എബ്രഹാം

Prasanth Gardens,

Manipal County Road,

Singasandra, Bommanahalli P.O.,

Bangalore - 560068.


Phone: 080 - 25743109, 09663867741
E-Mail: info@inphom.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.