പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഇനി വിലാസിനി ഉറങ്ങട്ടെ !

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എ.ടി. അഷ്‌റഫ്‌ കരുവാര കുണ്ട്

" തുംഗസൗഭാഗ്യമെനിക്കു വളര്‍ത്തിയ

മംഗലക്കൂമ്പു മറഞ്ഞുപോയെങ്കിലും ,

പോകണം , പോകണം മുന്നോട്ടു തന്നെ ഞാന്‍

ശോകക്കടലിനുള്ളാഴമളക്കുവാന്‍ "

സുകുമാര്‍ അഴീക്കോട് , സ്കൂളില്‍ പഠിക്കുന്ന കാലത്ത് എം.ടി. കുമാരന്‍ മാഷ്‌, പുനര്‍ജന്മം എന്ന വിഷയത്തെ ആധാരമാക്കി എഴുതിക്കൊടുത്തത് നോക്കി പ്രസംഗിച്ചുകൊണ്ട് പ്രഭാഷണ വിഹായസ്സില്‍ ‍വിജയിച്ച് വിരാജിച്ച സുകുമാര്‍ അഴീക്കോടിനോട് , തനിക്കൊരു പുനര്‍ജന്മമേകണമേ എന്നു യാചിച്ചുകൊണ്ടിരിക്കുകയാണ് വിലാസിനി ടീച്ചര്‍... ഇക്കാലം വരെ , ഭര്‍ത്താവിനെയൊന്നും ലഭിക്കാത്തതിനാല്‍ കിടക്കട്ടെ ഒരു അഴീക്കോടെങ്കിലും എന്ന് വിശ്വസിക്കുന്ന ആളല്ല ടീച്ചര്‍. ഇനിയൊരു വിവാഹത്തിലൂടെയോ ദാമ്പത്യ ജീവിതത്തിലൂടെയോ സന്താന സൗഭാഗ്യത്തിലൂടെയോ ശിഷ്ട ജീവിതം സുരക്ഷിതമാക്കുക എന്ന മോഹമുള്ള ആളുമായിരിക്കില്ല. സാഹിത്യ ലോകത്ത് ‍'തത്വമസി' എപ്രകാരമാണോ അഴീക്കോടിന് പ്രതിഷ്ഠ നല്‍കിയത് അപ്രകാരം , തന്നെ രാഗത്തിന്റെ കാലത്ത് വിലാസിനിയുടെ ഹൃദയത്തില്‍ പ്രണയത്തിന്‍റെ പുഷ്പങ്ങള്‍ വിതറി കാമുകിയുടെ മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത ആളാണ്‌ , അഴീക്കോട്. പരസ്പ്പരം പ്രണയത്തിലകപ്പെട്ട് , വിവാഹാലോചന‍യും പെണ്ണ് കാണലും വരെ നടത്തിയെങ്കിലും പെണ്ണ് 'കേള്‍ക്കല്‍' അത്ര ശരിയല്ലെന്നു പറഞ്ഞ് വിവാഹത്തില്‍ നിന്ന് കുതറിയോടി രക്ഷപ്പെട്ടെങ്കിലും മനസ്സാക്ഷിയുടെ കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായിട്ടില്ല എന്നതിന് തെളിവായിരിമോ അഴീക്കോടിന്റെ , ഇക്കാലം വരെയുള്ള വിവാഹരഹിത ജീവിതം ?

വെള്ളാപ്പള്ളി നടേശനോടും ടി. പദ്മനാഭാനോടുമൊക്കെ രാജിയായ സ്ഥിതിക്ക് , കൂടെ വന്നാല്‍ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞ് കാത്തിരിക്കുന്ന വിലാസിനി ടീച്ചറോടും എന്തുകൊണ്ട് രാജിയായിക്കൂട ? തന്റെ രോഗം ഭേദമാകുന്നതിനെക്കാള്‍ പ്രധാനം മുല്ലപെരിയാര്‍ പ്രശ്നം പരിഹരിക്കപ്പെടുന്നതാണ് എന്ന് പറയുന്ന അഴീക്കോടിനു വേണ്ടിയും അതുവഴി ടീച്ചറുടെ പ്രണയരോഗ ശമനത്തിനു വേണ്ടിയും അഴീക്കോടിന്റെ ആരാധകര്‍ക്കും അനുവാചകര്‍ക്കും എന്തെങ്കിലും ചെയ്തുകൂടെ ?

" ബിരുദം താങ്കള്‍ക്ക് ഭൂഷണമാവുകയല്ല , താങ്കളെക്കൊണ്ട് ബിരുദം ഭൂഷിതമാവുകയാന്നുണ്ടായത് " എന്ന് ഡോക്ടറേറ്റ് നല്‍കപ്പെടുന്ന വേളയില്‍ ഡോ. എം ലീലാവതി പറഞ്ഞതുപോലെ, പ്രണയ സാക്ഷാത്ക്കാരം അഴീക്കോടിന് ഭൂഷണമല്ലെങ്കിലും ഒരു സ്ത്രീ ഹൃദയം ഭൂഷിതമാകുന്നതിനു വേണ്ടിയെങ്കിലും ടീച്ചറുടെ വീട്ടിലേക്ക് - ചിലപ്പോള്‍ ജീവിതത്തിലേക്കും - ഒരു യാത്ര കൂടി നടത്തിക്കൂടെ, മാഷേ ? ടീച്ചറുടെ ക്ഷണം സ്നേഹപൂര്‍വ്വം നിരസിക്കുമ്പോള്‍ തന്നെ അത്തരമൊരു ക്ഷണമുണ്ടായത് തന്റെ ഭാഗ്യമാണെന്ന് സമ്മതിക്കുന്നതിലൂടെ മനസ്സില്‍ കട്ടപിടിച്ചു കിടക്കുന്ന കുറ്റബോധത്തിന്റെയോ സ്നേഹിക്കപ്പെടാനുള്ള ഹൃദയ നൊമ്പരത്തിന്റെയോ ഓര്‍മി‍ക്കപ്പെടാനുള്ള മാനവ മോഹത്തിന്റെയോ പ്രതിഫലനമില്ലേ , സാര്‍?

" പ്രേമമരന്ദം മരിച്ചോരു ജീവിത

ത്തൂമലരില്‍ത്തെ‍ല്ലുമാശയില്ലെങ്കിലും

മോഹനേ , നീയെനിക്കൊരോ ദിനത്തിലും

സ്നേഹസന്ദേശമയക്കണമോമനേ " - ചങ്ങമ്പുഴ

പ്രതിയോഗികള്‍ ,അഴീക്കോടിന്റെ പ്രേമലേഖനങ്ങള്‍ ആയുധമാക്കിയതോടെ വിവാഹത്തിന്റെ നേര്‍ത്ത സാധ്യത പോലും പടിയിറങ്ങിപ്പോയി അക്കാലത്ത്. ദമ്പതികളായി ഒന്നിക്കേണ്ട കാമിനികള്‍ ശത്രുക്കളായി ഭിന്നിച്ചതോടെ സാഹിത്യ കേരളം ഏറ്റെടുക്കുകയായിരുന്നു കലഹവും . . .

പുനര്‍ജനിക്കുവേണ്ടി സ്വയം തീര്‍ത്ത തീകുണഢത്തില്‍ ചാടി ഫീനിക്സ് പക്ഷി ആത്മബലിയായാകുന്നതുപോലെ , പിണക്കങ്ങളെയും ജടപിടിച്ച ആദര്‍ശങ്ങളെയും ജരാനരബാധിച്ച വാശികളെയും തീച്ചൂളയിലെറിഞ്ഞ് ‍മനസികമായി പുനര്‍ജനിക്കുക , ഇരുവരും. ‌ആളിക്കത്തുന്ന ജീവിത സായാഹ്നത്തില്‍ പൊള്ളുന്ന ജീവിതയാഥാര്‍ഥ്യങ്ങളെ തൊട്ടറിയുക...

കോടികളുടെ ആസ്തിയുണ്ടെങ്കിലും 'അഴീക്കോട് എന്ന വിചാരശില്‍പി' യുടെ പണമായിരിക്കില്ല , പദവിയോ പ്രശ്സ്തിയോ എന്തിനേറെ യുവത്വം പോലുമോ അല്ല ടീച്ചര്‍ നോട്ടമിട്ടിരിക്കുന്നത് എന്നും , വാര്‍ദ്ധക്യത്തിന്റെയും ക്യാന്‍സര്‍ എന്ന രോഗത്തിന്റെയും അനാരോഗ്യത്തിന്റെയും പിടിയിലമര്‍ന്ന്, ‍ അമല ആശുപത്രിയിലെ കട്ടിലില്‍ കിടക്കവേയാണ് കടലോളം വിശാലമായ തന്റെ ഹൃദയത്തിലേക്ക് - വീട്ടിലേക്ക് - ‍ ക്ഷണിച്ചിട്ടുള്ളത് എന്നും ബന്ധപ്പെട്ടവരും വേണ്ടപ്പെട്ടവരും തിരിച്ചറിഞ്ഞ് സുകുമാര്‍ അഴീക്കോട് എന്ന ഒറ്റയാനെ പിടിച്ചു കെട്ടി , വിലാസിനി സുകുമാരന്‍ എന്ന (വി) ജാതീയ നാമങ്ങളെ കേരേളത്തിന്റെ സാഹിത്യ - സാംസ്ക്കാരിക ചരിത്രത്തില്‍ ഉല്ലേഖനം ചെയ്യിപ്പിക്കുക ; സമുച്ചയിപ്പിക്കുക (അഴീക്കോട് മാത്രമിങ്ങനെ ഒറ്റത്തടിയായി സുഖിച്ച് ജീവിക്കാന്‍ പാടില്ലല്ലോ) വീരേന്ദ്രകുമാറും ടി.പത്മനാഭനും ചുള്ളിക്കാടും വെള്ളാപ്പിള്ളിയും മോഹന്‍ലാലും ഇന്നസെന്റുമെല്ലാം അതിന് നേതൃത്വം നല്‍കട്ടെ !

കുട്ടികൃഷ്ണമാരാരാണെന്ന് തോന്നുന്നു , ഇടപ്പള്ളി രാഘവന്‍പിള്ളയെന്ന യുവകവിയുടെ ആത്മഹത്യയുടെ പേരില്‍ അക്കാലത്തെ പത്ര-വാരികകളെ നിശിതമായി വിമര്‍ശിച്ചിരുന്നുവത്രേ ! കവി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള കാലങ്ങളില്‍ മരണഗന്ധം വമിക്കുന്ന കവിതകളേറെ അയച്ചുകൊടുത്തിട്ടും ആത്മഹത്യാ പ്രവണത തിരിച്ചറിയാനോ തടയാനോ അവര്‍ ശ്രമിച്ചില്ല എന്നതായിരുന്നു കാരണം. അതുപോലെ , പല സന്ദര്‍ഭങ്ങളിലായി വിലാസിനി ടീച്ചര്‍ അഴീക്കോടിനോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശവും അണയാത്ത പ്രണയ ദീപവും നിലയ്ക്കാത്ത രാഗപരാഗ മോഹവും പുറത്തുവിട്ടതാണ്. ഇപ്പോഴിതാ, കേരളത്തിലെ പൊതുസമൂഹം മുഴുവനും കേട്ട് കേള്‍പ്പിക്കാന്‍ , ദൃശ്യമാധ്യമങ്ങള്‍ സവ്വവും കണ്ട്‌ കാണിക്കാന്‍‍ , പത്രമാധ്യമങ്ങളൊക്കെയും അറിഞ്ഞ് അറിയിക്കാന്‍‍ തന്‍റെ പൂര്‍വ്വ കാമുകനും വിവാഹപ്രതീക്ഷതന്ന് ആദ്യമായി തന്‍റെ ഹൃദയത്തെ തണുപ്പിക്കുകയും പിന്നെ പൊള്ളിച്ച് കരിയിക്കുകയും പിന്നീട് ഏകാകിതയിലേക്ക് തള്ളിവിടുകയും ചെയ്ത സുകുമാര്‍ അഴീക്കോട് ഇപ്പോഴും തന്‍റെ കൂടെ വരികയാണെങ്കില്‍ പൊന്നുപോലെ നോക്കാമെന്ന് വിലാസിനി ടീച്ചര്‍ കരഞ്ഞ് പറഞ്ഞിരിക്കുന്നു ! ഒരു പുന:സമാഗമം - ജീവിത സായന്തനത്തില്‍ അഴീക്കോടിനത് സമാശ്വാസത്തിന്റെ സ്പര്‍ശ‍മാകുമെങ്കില്‍ , വരണ്ടുകിടക്കുന്ന ടീച്ചറുടെ ഹൃദയത്തിലേക്ക് ജീവിത സാഫല്യത്തിന്റെ പേമാരിയായി പെയ്തിറങ്ങുമെങ്കില്‍ , ഇരുട്ട് വീണ്‌ കിടക്കുന്ന മനസ്സില്‍ ഒരു താരകയെങ്കിലും പ്രകാശിതമാകുമെങ്കില്‍ , ജൈവികമായ യവ്വന തീഷ്ണത അന്യവല്‍ക്കരിക്കപ്പെട്ടു പോയിയെങ്കിലും, അവശേഷിക്കുന്നതായ കാലം വേച്ച് വേച്ച് ജീവിച്ച് മടിയില്‍‍ കിടത്തി മരിപ്പിക്കാനെങ്കിലും അവസരമാകുമെങ്കില്‍ അതിനെക്കുറിച്ച്‌ ചിന്തിക്കാനും ആകുന്നത് ആത്മാര്‍ഥമായി ചെയ്യാനും വേണ്ടപ്പെട്ടവര്‍ ഇനിയും തയ്യാറായില്ലെങ്കില്‍ വരുന്ന തലമുറ മാത്രമല്ല , ദൈവംപോലും മാപ്പ് തരില്ല നമുക്ക്. ‍ ‍ ‍

എ.ടി. അഷ്‌റഫ്‌ കരുവാര കുണ്ട്


E-Mail: ata_karuvarakundu@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.