പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

നോക്കുകാശ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എ. അബ്‌ദുൾ സമദ്‌

മുംബൈയിലെ തെരുവിൽ കുറച്ചുകാലം ജീവിയ്‌ക്കാനുള്ള ഭാഗ്യം എനിയ്‌ക്കുണ്ടായിട്ടുണ്ട്‌. അന്നത്‌ ബോംബെ ആയിരുന്നു. മലബാറികൾ മാത്രം അതിനെ മുംബൈ എന്നു വിളിച്ചു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ദരിദ്രവാസികൾ മാത്രമായിരുന്നു അന്ന്‌ മലബാറികൾ. ഇപ്പോൾ മലബാർ ഒരു വലിയ ബ്രാന്റ്‌ ആയി മാറികഴിഞ്ഞു. അന്ന്‌ സായിപ്പു പണിത വിക്‌റ്റോറിയാ ടെർമിനസ്‌ ശിവാജി ടെർമിനസ്‌ എന്ന നപുംസകമായിട്ടില്ല. ചേരികളിൽ അഴുക്കും വ്യാജമദ്യവും പകയും പ്രണയവും ഇടകലർന്നൊഴുകി. ‘മഡ്‌ക’ എന്ന ചൂതാട്ടം ഓരോ ദരിദ്ര വാസിയ്‌ക്കും പ്രതീക്ഷയും ജീവിയ്‌ക്കാനുള്ള ആവേശവും നൽകി.

നഗരം അക്ഷരാർതഥത്തിൽ മഹാസാഗരം. പത്തു പൈസയില്ലാതെ നഗരത്തിലെത്തുവരെ സഹായിക്കാൻ ഒരാളുണ്ടാവും. പത്തു രൂപയുമായി വരുന്നയാളെ കൊല്ലാനും മലബാറികൾ അന്ന്‌ അറിയപ്പെടുന്ന സഹായികളായിരുന്നു. തിരുവിതാം കൂറുകാരനെന്നോ ക്രിസ്‌ത്യാനിയെന്നോ ഹിന്ദുവെന്നോ നോക്കാതെ രക്ഷതേടി എത്തുന്ന എല്ലാവർക്കും അവർ കത്തിയും ബീഡിയും വാങ്ങിക്കൊടുത്തു. സ്വന്തം കട്ടിലൊഴിഞ്ഞുകൊടുത്തു.

കാൽ രൂപകൊടുത്താൽ കടും നീലക്കളസമിട്ട ബോംബെ പോലീസ്‌ സല്യൂട്ട്‌ ചെയ്യും. തെരുവുകളിൽ അവർ നിസ്സഹായരായിരുന്നു. നിയന്ത്രണം സുസജ്‌ജരായവർക്കായിരുന്നു അവരുടെ ശൃംഖല മനോഹരമായി ചിരിച്ചുകൊണ്ട്‌ എവിടെയുമുണ്ടാവും. ഏതുകാര്യത്തിലും ഇടപെടും. നീതി നടപ്പിലാക്കും. അത്‌ സ്വതന്ത്രഭാരതത്തിന്റെ അംഗീകൃത നീതിയായിരിക്കില്ല എന്നു മാത്രം.

അവർ കൃത്യമായി പണം പിരിച്ചിരുന്നു. ടാക്‌സ്‌കൊടുക്കുന്ന അത്ര പരിഭവമില്ലാതെ കച്ചവടക്കാർ അവർക്ക്‌ പണം കൊടുത്തു. സുന്ദരമായി ചിരിയ്‌ക്കുന്നവർ പലപ്പോഴും ക്രൂദ്ധരാവുകയും തെരുവിൽ ചോര ഒഴുക്കുകയും ചെയ്യുമെങ്കിലും ജീവിതം പൊതുവെ ശാന്തമായിരുന്നു.

പിന്നീട്‌ കുറെക്കാലം ദുബായിൽ ജീവിച്ചു. എഴുപതുകളിൽ ദുബായ്‌ ഒരു ചെറുഗ്രാമം മാത്രമായിരുന്നു. കമ്പിക്കൂടകൾ ഉപയോഗിച്ച്‌ അറബികൾ കടലിൽ നിന്ന്‌ മീൻ പിടിച്ചു. ഒട്ടകപ്പുറത്ത്‌ യാത്ര ചെയ്‌തു. ഈന്തപഴം പറിച്ചു. ചെറിയ പത്തേമാരികളിൽ രാജ്യാന്തര വ്യാപാരം നടത്തി (ഇന്ത്യയിൽ അതിനെ കള്ളക്കടത്ത്‌ എന്നു വിളിച്ചു. (ഇന്ന്‌ ഇന്ത്യക്കാർ അംഗീകൃത കള്ളക്കടത്തുകാരാണ്‌!) ഇത്തരക്കാരെ സഹായിച്ചുകൊണ്ട്‌ ഇന്ത്യക്കാർ ജീവിച്ചു. കഠിനമായി അദ്ധ്വാനിച്ച്‌ വളർന്നു. ദുബായ്‌യോടൊപ്പം, പതുക്കെ.

ഇന്ദിര ഇന്ത്യ ഭരിച്ചു. നയിച്ചു, വെടിയേറ്റു മരിച്ചു. രാജീവ്‌ പ്രധാനമന്ത്രിയായി. ആ മനുഷ്യൻ സുന്ദരമായി ചിരിച്ചു. സ്വപ്‌നം കണ്ടു, ഇന്ത്യക്കാരെ സ്വപ്‌നം കാണാൻ അനുവദിച്ചു. ഞാനും ഒരു സ്വപ്‌നം കണ്ടു. എന്റെ നാട്‌ പത്തുകൊല്ലം പണിയെടുത്തതിൽ ബാക്കിയുള്ളതുമായി തിരിച്ചു പോന്നു. യഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ സമയമെടുത്തു. ഉദ്യോഗസ്‌ഥന്മാരും അവർ നിരന്തരം സൃഷ്‌ടിയ്‌ക്കുന്ന തടസ്സങ്ങളുമായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. അഭിമാനികളും വിപ്ലവകാരികളുമായിരുന്നു മലയാളികൾ. അവർ ഉദ്യോഗസ്‌ഥന്മാർ സൃഷ്‌ടിക്കുന്ന തടസ്സങ്ങളോട്‌ പൊരുത്തപ്പെട്ടു ജീവിച്ചു. അരിയും മുളകും വാങ്ങുന്നത്‌ എന്റെ ആവശ്യമായിരുന്നു. കച്ചവടക്കാരന്‌ സൗകര്യമാവുന്നത്‌ വരെ ഞാൻ കാശുമായി കാത്തു നിന്നു. ഫോൺ കിട്ടണമെങ്കിൽ പണവുമായി എത്ര ഉദ്യോഗസ്‌ഥന്മാരുടെ പുറകെ എത്രകാലം നടക്കണമായിരുന്നു.! നടന്നു നാലു കൊല്ലത്തിനു ശേഷം ഫോൺ കിട്ടി. കാറ്‌ വാങ്ങണമെങ്കിൽ കമ്പനിയ്‌ക്ക്‌ അധികത്തുക കൊടുക്കണം. കൊടുത്തു. റേഷൻകാർഡു വേണമെങ്കിൽ കൈക്കൂലി മാത്രം പേരാ. ഗോത്രത്തലവന്മാർ ഭരിയ്‌ക്കുന്ന ഒരു രാജ്യത്ത്‌ പത്തുകൊല്ലം ശീലിച്ച സ്വാതന്ത്ര്യബോധത്തെ മറികടക്കാൻ ദിവസവും 18 മണിക്കൂർ വരെ അദ്ധ്വാനിച്ച്‌ പൊരുതി. ആത്‌മഹത്യ ചെയ്യേണ്ടി വന്നില്ല. ഭാഗ്യം കൊണ്ട്‌ ഇപ്പോഴും ജീവിച്ചിരിയ്‌ക്കുന്നു.

ഒരു വീടുവെയ്‌ക്കാൻ ശ്രമിയ്‌ക്കവെ മരം സ്വന്തമായി ഇറക്കിയതിന്‌ പരസ്യമായി ശാസിക്കപ്പെട്ടു. ആവശ്യപ്പെട്ട പണവും കൊടുക്കേണ്ടി വന്നു. നോക്കി നിന്ന നാട്ടുകാർക്കും ഞാൻ ചെയ്‌തത്‌ തെറ്റായിരുന്നു. നോക്കുകാശ്‌ എന്ന അലിഖിതനിയമം എന്റെ നീതിബോധത്തിന്‌ നേരെ കോടാലിയോങ്ങിയിരുന്നു. പിന്നീട്‌ ഇടപെടേണ്ടിവന്ന വിദേശികളോടൊക്കെ ഞാൻ നോക്കുകാശിന്റെ കാര്യം പറഞ്ഞു. ബ്രിട്ടീഷുകാർ, അമേരിക്കക്കാർ, ജർമ്മൻകാർ തുടങ്ങി പലനാട്ടുകാരോടും ചിലർ കാര്യം മനസ്സിലാക്കാൻ കൂട്ടാക്കിയില്ല. ചിലർ അത്‌ഭുതപ്പെട്ടു. ഒരു ജപ്പാൻകാരൻ ചാടിയെണീറ്റു. മലയാളി മാത്രം ക്ഷോഭിച്ചില്ല. അവൻ എല്ലാം ക്ഷമിയ്‌ക്കാൻ കഴിയുന്ന സംസ്‌കാര സമ്പന്നനാണ്‌. നിതാന്ത അടിമ.

ഇടതുപക്ഷ ജനാധിപത്യസർക്കാർ അധികാരത്തിൽ വന്നശേഷം ലക്ഷ്വറിടാക്‌സ്‌ 10% ൽ നിന്ന്‌ 15% ആക്കി ഉയർത്തി. ആരും ക്ഷോഭിച്ചില്ല. ഒറ്റയടിയ്‌ക്ക്‌ 50% നികുതി കൂടിയിട്ടും ആരും ഒന്നും പറഞ്ഞില്ല. കേരളം കാണാൻ വരുന്ന വിരുന്നുകാരനല്ലെ നികുതി കൊടുക്കുന്നത്‌ സാരമില്ല. കൊടുക്കട്ടെ. പകരം എന്തെങ്കിലും കൊടക്കണ്ടെ? കൊച്ചിയിൽ നിന്ന്‌ തേക്കടിയ്‌ക്കു പോകുന്ന ഒരു മദാമ്മയ്‌ക്ക്‌ മൂത്രമൊഴിയ്‌ക്കാനുള്ള സൗകര്യം പോലും ഇന്നുമില്ല. ആവശ്യത്തിന്‌ വെള്ളമോ വൈദ്യുതിയോ ഇല്ല. പണമിറക്കി അദ്ധ്വാനിച്ച്‌ വെല്ലുവിളികളെ നേരിട്ട്‌ ഒരു യാത്രക്കാരനെ കൊണ്ടുവന്നു താമസിപ്പിച്ചാൽ അതിന്റെ വെണ്ണ സർക്കാരിന്‌. പഴയ ജന്മി ചെയ്‌തിരുന്നത്‌ ഇതുതന്നെയല്ലെ? ബോംബെ തെരുവിലെ ദാദ പണംവാങ്ങി കാര്യങ്ങൾ നടത്തിയിരുന്നു. കേരള സർക്കാരോ?

കെ.എ. അബ്‌ദുൾ സമദ്‌

കാര്യാടൻ ഹൗസ്‌,

ഐലന്റ്‌ അവന്യൂ-6 സ്‌ട്രീറ്റ്‌,

പൂങ്കുന്നം, തൃശ്ശൂർ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.