പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വൈദികർക്ക്‌ വിവാഹം അനുവദിക്കണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോൺ ബോസ്‌കോ

18-​‍ാം നൂറ്റാണ്ടുവരെ കത്തോലിക്കാ വൈദികർക്ക്‌ വിവാഹം കഴിക്കുവാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. അതിനുശേഷമാണ്‌ വത്തിക്കാൻ വൈദികർക്ക്‌ വിവാഹം വിലക്കിയത്‌. കത്തോലിക്കർ ഒഴികെ എല്ലാ ക്രൈസ്‌തവ വിഭാഗങ്ങളിലെയും വൈദികർക്ക്‌ വിവാഹം അനുവദനീയമാണ്‌. യാക്കോബായ, മാർത്തോമ തുടങ്ങിയ ബഹുഭൂരിപക്ഷം വിഭാഗങ്ങളിലും വൈദികപട്ടം ലഭിക്കണമെങ്കിൽ വിവാഹം കഴിച്ചിരിക്കണം എന്ന്‌ നിർബന്ധമാണ്‌. ബൈബിളിൽ മെത്രാൻ വിവാഹം കഴിച്ചിരിക്കണമെന്നും മാതൃകാഭർത്താവായിരിക്കണമെന്നും നിഷ്‌കർഷിക്കുന്നു (തിമോത്തിയോസ്‌ 3ഃ2-4). ശരീരശാസ്‌ത്ര പഠനങ്ങൾ മനുഷ്യരാശിക്ക്‌ നിർബന്ധമായും വൈവാഹിക ജീവിതം ആവശ്യപ്പെടുന്നു. സമസ്‌ത സാഹചര്യങ്ങളും വൈദികർക്ക്‌ വിവാഹമാകാം എന്ന്‌ നിർദ്ദേശിക്കുമ്പോൾ കാത്തോലിക്കാ സഭാധികാരികൾ മാത്രം ഇക്കാര്യത്തിൽ ഉപ്പുതൂണ്‌ പോലെ നില കൊള്ളുകയാണ്‌.

കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വൈദീകരുടെ വിവാഹം ഒരു സാമൂഹിക അനിവാര്യതയായി വന്നുഭവിച്ചിരിക്കുകയാണ്‌. സ്വന്തം കുടുംബാംഗങ്ങളുടെ മേൽ ക്രിസ്‌തുവിന്റെ പ്രതിപുരുഷന്മാർ വിശുദ്ധപാപം അടിച്ചേൽപ്പിക്കുന്നതിനെ എങ്ങിനെ ചെറുക്കാമെന്ന സാധാരണ വിശ്വാസികളുടെ ആശങ്കയ്‌ക്കുള്ള ഏക പോംവഴി വൈദികരുടെ വിവാഹം മാത്രമാണെന്ന്‌ ചുരുക്കിപ്പറഞ്ഞാൽ ഏകദേശം കാര്യങ്ങൾ വ്യക്തം. വെളുത്ത കുപ്പായം ധരിച്ചുകഴിഞ്ഞാൽ എവിടെയും എപ്പോഴും കയറിച്ചെല്ലാമെന്നും ആരോടും എന്തും പറയാമെന്നും ചോദിക്കാമെന്നും പെരുമാറാമെന്നും വൈദികർ സ്വയം തീരുമാനിക്കുന്നു. ആ തീരുമാനം നടപ്പിലാക്കുമ്പോൾ ആർക്കെങ്കിലും അസ്വാരസ്യം തോന്നിയാലും വൈദികന്‌ കുണ്‌ഠിതമില്ല. ഒരു കാരണവശാലും കുഞ്ഞാടുകൾ ഇടയന്റെ നേരെ കൊമ്പുകുലുക്കുകയില്ല എന്ന്‌ വെള്ളക്കുപ്പായക്കാരന്‌ ഉറപ്പ്‌.

സ്വന്തം ഭാര്യയോട്‌ തന്റെ മുന്നിൽ നിന്നുതന്നെ അപമര്യാദയായി പെരുമാറുന്ന വൈദികന്റെ കരണമടിച്ച്‌ പൊട്ടിക്കുവാൻ ബാധ്യസ്‌ഥരായ പല മുട്ടനാടുകളും പലപ്പോഴും മുണ്ടിന്റെ മടക്കഴിച്ചിട്ട്‌ ഭവ്യതയോടെ നിൽക്കുന്ന ഗതികേട്‌ കത്തോലിക്ക സഭയ്‌ക്കു മാത്രം സ്വന്തം. ലൈംഗീകാസക്തി മാറാരോഗമായി ബാധിച്ചിരിക്കുന്ന എണ്ണത്തിൽ കുറവെന്ന്‌ പറയാനാവാത്ത വൈദികർ ഓരോ ഇടവകയിലും ഒന്നിലേറെ മേച്ചിൽപ്പുറങ്ങൾ തേടുമ്പോൾ തകർന്നുവീഴുന്ന കുടുംബബന്ധങ്ങൾ നിരവധിയാണ്‌. ആത്‌മീയ അച്ചടക്കം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ വൈദികർ കെട്ടഴിച്ചുവിട്ട യാഗാശ്വത്തിനെപ്പോലെ. ആരാലും നിയന്ത്രിക്കപ്പെടാനാവാതെയുള്ള ഒരു യാത്രയിലാണ്‌. സാമൂഹിക കെട്ടുപാടുകളെക്കുറിച്ച്‌ ഇവർ ചിന്തിക്കുന്നില്ല. സമൂഹത്തിൽ നിലനിൽക്കുന്ന സാന്മാർഗ്ഗിക ബോധത്തെക്കുറിച്ച്‌ ഇവർ ആലോചിക്കുന്നില്ല. സമൂഹത്തിൽ കാണിക്കേണ്ട അടിസ്‌ഥാന മര്യാദകൾ പോലും ഇവർ മറക്കുന്നു. വൈദികരിൽ ഒരു വിഭാഗത്തിന്റെ അപഥ സഞ്ചാരത്തിന്റെ കാരണങ്ങളെ ലേഖകൻ ഇങ്ങനെയാണ്‌ വിലയിരുത്തുക.

മനുഷ്യന്റെ ജീവിതം ബന്ധങ്ങളുടെ കെട്ടുപാടിൽ പരസ്‌പര ബാധ്യതകളോടുകൂടിയുള്ള ഒന്നാണ.​‍്‌ ഭാര്യ, മക്കൾ, അച്ഛൻ, അമ്മ, സഹോദരങ്ങൾ. കുടുംബം. ഓരോ വ്യക്തിക്കും തന്റെ സ്വന്തം സാന്മാർഗികതയെ പലരുടെ മുന്നിലും ന്യായീകരിക്കേണ്ടിവരും. വിവാഹത്തിനും മുമ്പുവരെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മുന്നിൽ തന്റെ സാന്മാർഗികതയുടെ അതിർവരമ്പുകൾ ലംഘിക്കപ്പെട്ടിട്ടില്ല എന്ന്‌ ബോധ്യപ്പെടുത്തുവാൻ പരിശ്രമിക്കുന്ന സാധാരണ വ്യക്തി വിവാഹശേഷം തന്റെ ഒരു ചുവടിലെ ചെറുപിഴവുപോലും തന്റെ ജീവിതത്തിന്റെ താളം തകർക്കും എന്ന്‌ തിരിച്ചറിയുകയും കൂടുതൽ ജാഗരൂകനാവുകയും ചെയ്യും. അടുത്തഘട്ടത്തിൽ മക്കൾ ഉണ്ടാകുകയും അവർ വളരുകയും ചെയ്യുമ്പോൾ അവരുടെ മുന്നിൽ മാതൃകയാവേണ്ടവനാണ്‌ താനെന്ന ബോധ്യവും മക്കളുടെയും ഭാര്യയുടെയും മുന്നിൽ ചെറുതാകാതിരിക്കുവാനുള്ള ഒരു കരുതൽ തയ്യാറെടുപ്പും ഓരോ വ്യക്തിയും തന്റെ സാന്മാർഗിക വേലിക്കെട്ടിനെ തകർക്കാതിരിക്കുവാനുള്ള പരിശ്രമം തുടർന്നുകൊണ്ടിരിക്കുവാനുള്ള കാരണമായി നിലനിൽക്കുന്നു.

എന്നാൽ, ഒരു വൈദികനെ സംബന്ധിച്ചടത്തോളം സെമിനാരിയിൽ ചേർന്നതോടെ അവർ തന്റെ മൂലകുടുംബവുമായി തന്റെ ബന്ധം ഏതാണ്ട്‌ മുഴുവനായും വിച്ഛേദിക്കുകയാണ്‌. വൈദികനായിക്കഴിഞ്ഞാൽ കുടുംബബന്ധങ്ങളിൽ നിന്ന്‌ പൂർണ്ണമായി ഒറ്റപ്പെട്ട്‌ ആരോടും കടപ്പാടുകളില്ലാതെ ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലാതെ, വ്യക്തിപരമായി ആർക്കും മാതൃകയാവേണ്ട ബാധ്യതയില്ലാതെ തീർത്തും ഒറ്റപ്പെട്ട ജീവിതം നയിക്കുവാൻ നിർബന്ധിതനാവുന്നു. എവിടെയെങ്കിലും താനറിയാതെ തന്റെ സാന്മാർഗിക ബോധത്തിനും പ്രവർത്തിക്കും ഇടിവ്‌ സംഭവിച്ചാൽ തന്റെ മനസ്സിന്റെ നഷ്‌ടപ്പെടുന്ന താളത്തിനെ തട്ടി നേരെയാക്കുവാൻ ഒരു അത്‌മായന്‌ ഉള്ളതുപോലെ ഭാര്യയോ തന്റെ സ്‌പൈനൽ കോഡിൽ നിരന്തരം മുട്ടിക്കൊണ്ടിരിക്കുവാൻ മക്കളോ ഇല്ല എന്നത്‌ വൈദികന്റെ വ്യക്തിജീവിതത്തിലെ വലിയ കുറവായി നിലനിൽക്കും. എന്നാൽ സമൂഹത്തോട്‌ തന്റെ വ്യക്തി ജീവിതത്തിന്‌ ബാധ്യതയുണ്ടെന്ന കാഴ്‌ചപ്പാടിൽ മാതൃകാജീവിതം നയിക്കുന്ന വൈദീകരും ഏറെയുണ്ട്‌. എന്നാൽ അപഥ സഞ്ചാരികൾ ഉണ്ടാക്കുന്ന ദുഷ്‌പേര്‌ന്‌ ഇവരും പാത്രങ്ങളായിത്തീരുകയാണ്‌.

അതിനിടയിലാണ്‌ കുമ്പസാരം വഴി ഉണ്ടാകുന്ന പ്രലോഭനങ്ങൾ. അതിനപ്പുറത്ത്‌ എന്തിനും തയ്യാറായി ഒരുങ്ങിക്കെട്ടിയിറങ്ങുന്ന ചില കൊച്ചമ്മമാരും തിരിച്ചറിവില്ലാത്ത കൗമാരക്കാരും. ഇതിനെയൊക്കെ അതിജീവിക്കുവാൻ വൈദികരൊന്നും താപസരല്ലല്ലോ. ഭൂരിഭാഗവും വെറും കുർബാന തൊഴിലാളികൾ മാത്രം. ഇവിടെ ഇവരുടെ പൊട്ടിപ്പോകുന്ന നിയന്ത്രണ രേഖകൾ യഥാസമയം ചേർത്തുകെട്ടാൻ ഭാര്യ, ഒന്നേ രണ്ടോ കുട്ടികൾ അനിവാര്യമാണ്‌.

കുടുംബവും കുന്നായ്‌മയും ഒക്കെ ആയിക്കഴിഞ്ഞാൽ സഭയുടെ അളവറ്റ സ്വത്തിന്റെ തരക്കേടില്ലാത്ത പങ്ക്‌ ഈ വൈദികർ അടിച്ചുമാറ്റുമെന്ന ആശങ്കയുടെ അടിസ്‌ഥാനത്തിലാണ്‌ സഭ വൈദികർക്ക്‌ വിവാഹാനുവാദം നൽകാത്തത്‌. മറ്റു യാതൊരു കാരണവും ഇതിന്റെ പിന്നിലുള്ളതായി കണ്ടെത്താനാവില്ല. പക്ഷേ, മാർപാപ്പാ മനസ്സിലാക്കാത്ത ഒരു കാര്യം അദ്ദേഹത്തെ ഓർമ്മിപ്പിക്കട്ടെ. സഭയുടെ സ്വത്തിന്റെ നല്ലൊരു പങ്ക്‌ ഇപ്പോഴേ നല്ല മിടുക്കന്മാരായ വൈദികർ അടിച്ചുമാറ്റുന്നുണ്ട. ​‍്‌ മദ്യം, വിഷയം, സ്വകാര്യസ്വത്ത്‌, ഇവ സ്വരുക്കൂട്ടാൻ ഇവർ പൊതുഖജനാവിൽ നിന്നും ഊറ്റിയെടുക്കുന്ന സമ്പത്ത്‌ എത്രയെന്നറിഞ്ഞാൽ മാർപാപ്പ ബോധം കെട്ടേയ്‌ക്കും. ലേഖകന്റെ അഭിപ്രായത്തിൽ ഇവരെ വിവാഹം കഴിപ്പിച്ചാൽ ഇവരുടെ കളവ്‌ കുറയുവാനാണ്‌ കൂടുതൽ സാദ്ധ്യത. ഒരു പരിധിവിട്ട്‌ കളവ്‌ നടത്തുവാൻ സാധാരണ സ്‌ത്രീകൾ അനുവദിക്കില്ല എന്ന ഒരു പാരമ്പര്യം കേരളത്തിലുണ്ട്‌. മാത്രമല്ല, ‘പലർക്കുമായി’ വീതിക്കപ്പെടേണ്ട തുക ഒന്നിൽ മാത്രം കേന്ദ്രീകരിക്കുമ്പോൾ ആവശ്യമായിവരുന്ന തുകയുടെ വലുപ്പം പരിമിതപ്പെടും എന്നൊരു സൗകര്യവും കൂടെയുണ്ട്‌. നാലുകോടിയുടെ ഒരു ചെറുപള്ളി പണിയുമ്പോൾ അതിൽ നിന്നും ഒന്നേകാൽ കോടി അടിച്ചിമാറ്റുന്ന നല്ല മിടുക്കൻ വൈദികർ ഉള്ളപ്പോൾ ഇപ്പോൾ സഭയ്‌ക്കുണ്ടാകുന്ന നഷ്‌ടം വിലയിരുത്തി ലാഭനഷ്‌ടം കണക്കാക്കുവാനുള്ള ഒരു സുത്രവാക്യം കണ്ടെത്തി അത്‌ പ്രയോഗിച്ച്‌ സഭയുടെ നഷ്‌ടം തിട്ടപ്പെടുത്തി അതിന്റെ പശ്‌ചാത്തലത്തിലെങ്കിലും വൈദികർക്ക്‌ വിവാഹം വേണോ വേണ്ടയോ എന്ന്‌

തീരുമാനിക്കണം. എത്ര ആലോചിച്ചാലും തീരുമാനം ഒന്നുതന്നെ ആയിരിക്കണം എന്ന്‌ അല്‌മായർ ആഗ്രഹിക്കുന്നു. വൈദികർക്ക്‌ വിവാഹം അനുവദിക്കുക. നിർബന്ധിക്കണമെന്നില്ല. അങ്ങിനെ വന്നാൽ അത്യാവശ്യം വൈദികർക്ക്‌ വിവാഹം കഴിക്കാം. ചില പ്രത്യേക ഘട്ടത്തിൽ നമുക്ക്‌ അവരെക്കൊണ്ട്‌ നിർബന്ധമായും വിവാഹം കഴിപ്പിക്കുകയും ചെയ്യാം.

താപസരെ പോലെ ജീവിക്കുന്നവരും തികഞ്ഞ സാന്മാർഗ്ഗികബോധത്തിൽ ജീവിതം കെട്ടിപ്പടുത്ത്‌ പൊതുസമൂഹത്തിന്‌ ഉത്തമമാതൃകയാവുന്ന വൈദികരും സഭയിൽ ധാരാളമുണ്ട്‌ എന്നത്‌ പ്രത്യേകം എടുത്തുപറയേണ്ടതാണ്‌. മുൻകാലങ്ങളിൽ വൈദികരുടെ അപഥസഞ്ചാരം ഒറ്റപ്പെട്ട സംഭവമായിരുന്നു. അന്നൊക്കെ കുഴപ്പക്കാരെ പെട്ടെന്ന്‌ തന്നെ വേലിക്കെട്ടിന്‌ പുറത്തേയ്‌ക്ക്‌ വലിച്ചെറിയാനാവുമായിരുന്നു. ഇന്ന്‌ നല്ലവിള നൽകുന്ന നെൽച്ചെടികൾക്കൊപ്പം തന്നെ കളകളും വളർന്ന്‌ നെൽച്ചെടികളെ മറച്ചുനിൽക്കുകയാണ്‌. ഇപ്പോൾ കളകൾ പറിക്കുമ്പോൾ നെൽച്ചെടിയുടെ വേരുകൾക്കും ഇളക്കം സംഭവിക്കുന്നുണ്ട്‌. അത്‌ കള പറിക്കുവാൻ വന്നവന്റെ കുറ്റമല്ല. നെൽവിത്തിനൊപ്പം കളകളുടെ വിത്തുകളും വാരിവിതച്ച കർഷകന്റെ കുറ്റമാണ്‌. അടുത്ത കൃഷിക്കെങ്കിലും വിത്തും കളകളും തിരിച്ചറിയുവാൻ സഭാധികാരികൾ കാര്യപ്രാപ്‌തി കാണിക്കട്ടെ. പക്ഷേ, വേലിതന്നെ വിളവ്‌ തിന്നുന്ന ഇക്കാലത്ത്‌ എന്നെങ്കിലും ഇത്‌ സുസാധ്യമാകുമോ എന്ന സംശയം ശക്തമാണ്‌.

കടപ്പാട്‌ ശ്രദ്ധ.

ജോൺ ബോസ്‌കോ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.