പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

കാലത്തിന്റെ നോവുമായി തീക്കുനിക്കവിതകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉബൈദ്‌ എടവണ്ണ

യുവകവികളുടെ കൂട്ടത്തിൽ ഏറെ ശ്രദ്ധേയനായ പവിത്രൻ തീക്കുനി കത്തുന്ന ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട്‌ സ്വന്തം കാലത്തോടും ചരിത്രത്തോടും സന്ധിയില്ലാസമരം പ്രഖ്യാപിച്ചിരിക്കുകയാണ്‌. അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും വാക്കുകൾ പെറുക്കു കൂട്ടി പവിത്ര എഴുതിക്കൊണ്ടേയിരിക്കുന്നു. ആധുനിക സമൂഹത്തിലെ നടപ്പുദീനങ്ങൾക്കെതിരെയുള്ള എല്ലാ പ്രതിഷേധക്കൊടുങ്കാറ്റുകളും ഒരി ചെറുചിരിയിലൊളിപ്പിച്ച്‌ ഇടയ്‌ക്ക്‌, ജീവിക്കുവാൻ പ്രേരിപ്പിച്ച പലരേയും നന്ദിയോടെ സ്‌മരിച്ച്‌ തീക്കുനിക്കവിതകൾ വേദനകളിണെ തീമഴയായി മലയാളി വായനാമനസ്സുകളെ പിടിച്ചുലയ്‌ക്കുക തന്നെയാണ്‌. ആത്മമിത്രമായ കുരീപ്പുഴ ശ്രീകുമാറിന്റെ വാക്കുകളിൽ ആത്മീയ മാതാക്കളുടെ മുലപ്പാലുണ്ണാതെ കവിതയുടെ കേബിൾക്കുഴികളിലും മീൻ തെരുവുകളിലും തഴച്ചുവളർന്ന കവിതയാണ്‌ പവിത്രന്റേത്‌. പവിത്രൻ കവിതയെ കണ്ടെത്തിയ ഇടം വളരെ കൃത്യതയുള്ളതാണ്‌. ആകാശത്തിലോ ആഴിയിലോ ആരാധനാലയങ്ങളിലോ മദ്യശാലയിലോ ഇല്ലാത്ത കവിത പോരാളിയുടെ കുഴിമാടത്തിൽ നിന്ന്‌ ആയിരം തീപ്പന്തങ്ങളായി പവിത്രനിൽ നിറയുന്നു. മലയാളത്തിന്റെ മണ്ണിൽ നിന്നും ഒരു പവിത്രനദി പുറപ്പെട്ടിരിക്കുകയാണ്‌. ഉള്ളുപൊള്ളുന്ന ആത്മരോദനമാണ്‌ പവിത്രന്റെ കവിതകൾ.

പച്ചമീൻ കടിച്ചുകീറിക്കൊണ്ട്‌, ഉടുതുണിയുപേക്ഷിച്ച്‌ തെരുവിലൂടെയോടുന്നത്‌ സ്വന്തം അച്ഛൻ. പവിത്രനെന്ന വിദ്യാർത്ഥി സ്‌കൂൾ വിട്ടുവരികയാണ്‌. അങ്ങാടിയിൽ തെരുവ്‌ പിള്ളേരോടൊപ്പം മുഴുഭ്രാന്തനായ അച്ഛൻ. പവിത്രന്റെ ജനനം മുതൽ തെരുവിന്റെ ഭാഗമായ അച്ഛൻ. സ്‌കൂളിന്റെ അകത്തും പുറത്തും ‘പിരാന്തന്റെ മോൻ’ എന്ന ഓമനപ്പേര്‌ കേട്ടാണ്‌ പവിത്രൻ വളർന്നത്‌. പലപ്പോഴും അച്ഛനെ കാണാനായി തെരുവിലേക്കിറങ്ങിയ മകന്‌ പീടികക്കോലായിൽ ഉറുമ്പുകൾ പൊതിഞ്ഞു കിടക്കുന്ന അച്ഛനെയാണ്‌ കാണുവാൻ സാധിച്ചിരുന്നത്‌. ‘അച്ഛൻ രാജാവ്‌’ എന്ന കവിതയിൽ ഈ വേദനകളെ തീക്കുനി ഇങ്ങനെ കോറിയിടുന്നു.

‘അങ്ങാടിയിൽ

ആൾക്കൂട്ടത്തിൽ

ഒറ്റ നൊടിയിൽ

നീ ചിരിയുടെ രാജാവാകുന്നത്‌ കണ്ട്‌

നെഞ്ച്‌ പൊട്ടിയിട്ടുണ്ട്‌.

സഹപാഠികൾ നിന്നെ കല്ലെറിയുമ്പോഴും

പച്ചയായ പേരുകൾ ചൊല്ലി വിളിക്കുമ്പോഴും

ദൈവത്തോടെന്റെ കുഞ്ഞുമനസ്‌ പിണങ്ങിയിട്ടുണ്ട്‌

കടലോളം സ്‌നേഹം

കരളിലുണ്ടായിട്ടും

കരിനിഴലു കൊണ്ടെന്നെ പൊള്ളിച്ചവനെ...

നിന്റെ ചെങ്കോലും കിരീടവും എനിക്കു തരിക

കവിതയുടെ ആൾക്കൂട്ടത്തിലെനിക്കും

ഒരുദിവസം ചിരിയുടെ രാജാവാകണം

നേരിന്റെ തീക്കാഴ്‌ചയാവണം’

അമ്മയെക്കുറിച്ചുള്ള പവിത്രന്റെ അറിവുകളും ഏറെ ദുഃഖപൂർണ്ണമാണ്‌. അമ്മ ചീത്തയാണെന്ന്‌ പലരും പറഞ്ഞിട്ടും പവിത്രൻ വിശ്വസിച്ചില്ല. തോരാത്ത മഴയുള്ള കർക്കിടകത്തിന്റെ ഓർമയായി പവിത്രന്റെ മനസിൽ അമ്മയുണ്ട്‌.

‘നിധി’ എന്ന കവിതയിൽ സ്വന്തം അമ്മയെക്കുറിച്ച്‌ പവിത്രൻ പറയുന്നതിങ്ങനെ...

ചെറ്റപ്പുരയുടെ നെഞ്ചു പിളർന്നൊരു കർക്കിടക രാവിൽ ഉണ്ണിയനങ്ങാതെ ഇത്തിരി നേരം കുത്തിയിരിക്കണമെന്നും അമ്മ നിധികുംഭവുമായി വരാമെന്നും പറഞ്ഞ്‌ മഴയിലേക്കിറങ്ങിപ്പോയി അൽപനേരം കഴിഞ്ഞ്‌ മുഷിഞ്ഞ അഞ്ചുരൂപ നോട്ടുമായി മടങ്ങിവരുന്നു. ‘കുറ്റ്യാടി ബസ്‌സ്‌റ്റാൻഡിലെ വേശ്യകൾ’ എന്ന കവിതയിൽ വയനാട്ടിൽ നിന്നും ചുരമിറങ്ങി വന്ന വേശ്യയുടെ കണ്ണുകളിലേക്ക്‌ ഉറ്റു നോക്കിയപ്പോൾ സ്വന്തം അമ്മയെ ഓർമ വന്നതായി കവി പറയുന്നുണ്ട്‌. മധുരപലഹാരവും കളിപ്പാട്ടവും തനിക്ക്‌ സമ്മാനിച്ച്‌ അമ്മയെ പ്രാപിച്ചവരെ ഓർക്കേണ്ടിവരുന്ന മകന്റെ ദുരന്തം ഒരുപക്ഷേ തീക്കുനിയുടേത്‌ മാത്രമായിരിക്കും.

ആറ്റിൽ ചാടി ആത്മഹത്യ ചെയ്‌ത പെങ്ങളെക്കുറിച്ച്‌ പറയുമ്പോഴും കവിയുടെ വാക്കുകൾ ഇടറുന്നുണ്ട്‌. ‘ചോര പൊടിയാത്തവ’ എന്ന കവിതയിലും ‘ഭ്രാന്ത്‌’ എന്ന കവിതയിലും ഈ ഓർമകൾ കടന്നുവരുന്നുണ്ട്‌.

മനുഷ്യമനസിനെ പകുത്തു മാറ്റുന്ന കക്ഷിരാഷ്‌ട്രീയ വ്യവസ്ഥിതിയെ കണക്കിനു പ്രഹരിക്കുവാൻ തീക്കുനിക്ക്‌ രണ്ടു കവിതകളെ ആശ്രയിക്കേണ്ടിവരും. ‘വീടടയാളങ്ങൾ’ എന്ന കവിതയിൽ ഓരോരോ കീറത്തുണിയുടെ പേരിൽ വേദാന്തമോതുന്ന നേതാവിന്റെ നേരെ കവിത കൊലക്കയറായി വരിഞ്ഞ്‌ മുറുക്കുന്നു.

‘കുത്തേറ്റു മരിച്ചവന്റെ വീടിനു മുറ്റത്ത്‌

ഒരു ചുവന്ന കൊടി പാറുന്നുണ്ടായിരുന്നു

ബോംബു പൊട്ടി തകർന്നവന്റെ മുറ്റത്ത്‌

ഒരു കാവിക്കൊടി...

തൊട്ടടുത്ത്‌ തന്നെ വെട്ടേറ്റു വീണവന്റെ മുറ്റത്ത്‌

ഒരു പച്ചക്കൊടി....’

ഈ കവിതയുടെ വിട്ടുപോയ ഭാഗം കവി പൂരിപ്പിക്കുന്നത്‌ ‘ആളു മാറിപ്പോയൊരാൾ’ എന്ന കവിതയിലാണ്‌.

‘ആദ്യം വടിവാൾ വീശി വന്നത്‌

കൂടെ പഠിച്ചവനായിരുന്നു...

രണ്ടാമത്‌ അയൽക്കാരനും

പിന്നെ തുരുതുരാ പലരും...

അവസാനം, ആളു മാറിപ്പോയെന്ന്‌

അടക്കം പറഞ്ഞ്‌ ആർത്തലറി,

അതുവഴി വന്ന മറ്റൊരാളുടെ നേരെ

ആൾക്കൂട്ടം പാഞ്ഞുപോയി’

ഹിറ്റ്‌ലറോ മുസ്സോളിനിയോ ആവാൻ ആഗ്രഹിക്കുന്ന പുതിയ തലമുറയിലെ ചരിത്ര വിദ്യാർത്ഥിയുടെ ബുദ്ധിമണ്ഡലങ്ങളെ കടന്നാക്രമിക്കുന്ന ‘പുതിയ ചരിത്രം’ എന്ന കവിത ആക്ഷേപഹാസ്യത്തിന്റെ ഭാവം കൈക്കൊള്ളുന്നു. മഹാത്മാഗാന്ധി ആരാണെന്ന ചോദ്യത്തിന്‌ ലോകം കണ്ട എക്കാലത്തേയും വലിയ ഉപ്പു കച്ചവടക്കാരൻ എന്ന മറുപടി നൽകുന്ന ചരിത്ര വിദ്യാർത്ഥി പക്ഷേ, ഗോഡ്‌സെയെ രാജ്യസ്നേഹിയായും മഹാനുമായി വാഴ്‌ത്തുന്നു.

‘സൗജന്യം’ എന്ന കവിതയിലൂടെ ഈ സത്യത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു പവിത്രൻ. കളിപ്പാട്ടം വിൽക്കുന്ന കടയുടെ പരസ്യമിങ്ങനെ... ‘ഗാന്ധിജിയുടെയും ഗോഡ്‌സെയുടേയും മുഖംമൂടികൾ ഒരുമിച്ച്‌ വാങ്ങുന്നവർക്ക്‌ ഒരു കളിത്തോക്ക്‌ സൗജന്യം’. ആയിരം ബോംബുകളേക്കാൾ ശക്തമായ ഈ കവിത ചെന്നു തറയ്‌ക്കുന്നത്‌ അനീതിയുടേയും ഉച്ചനീചത്വങ്ങളുടേയും നടുത്തളത്തിൽ തന്നെയാണ്‌.

ജീവിതദുരന്തങ്ങളുടേയും പ്രാരാബ്ധ കെട്ടുകളുടേയും തടവറയിൽ നിന്നും മരണത്തിന്റെ സുഖാലസ്യം തേടി യാത്ര തിരിച്ച കവിയുടെ മറക്കാനാവാത്ത ഒരനുഭവമായിരുന്നു 1999ലെ തിരുവോണദിവസം. തൃശ്ശിവപേരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന്‌ വടക്കോട്ട്‌ നാല്‌ മനുഷ്യരൂപങ്ങൾ നടന്നുനീങ്ങി. മരണത്തിന്റെ നേരിയ സീൽക്കാരവുമായി കടന്നുവന്ന തീവണ്ടിയുടെ ഇരമ്പമെത്തുന്നതിനായി കാതോർത്തു. കവി പവിത്രൻ തീക്കുനിയും ഭാര്യ ശാന്തയും മക്കൾ ആതിരയും അരുണും പൂങ്കുന്നം എത്തുന്നതിനു മുമ്പ്‌ റെയിൽവേ ട്രാക്കിൽ മലർന്ന്‌ കിടന്ന ഇവരോട്‌ മരണവും ദയ കാട്ടിയില്ല. വെള്ളം ചോദിച്ച്‌ നിർത്താതെ കരഞ്ഞ പെൺകുഞ്ഞിന്റെ തൊണ്ട നനയ്‌ക്കാൻ റെയിൽവേ ട്രാക്ക്‌ വിട്ട്‌ പുറത്തിറങ്ങിയ ഇവർക്ക്‌ സ്വന്തം കുഞ്ഞുങ്ങളുടെ വിളറിയ മുഖം കണ്ടപ്പോൾ ജീവിതത്തിലേക്ക്‌ തിരിച്ച്‌ നടക്കുവാൻ പ്രേരണയായി. ജീവിതം മുഴുക്കെ ഇരമ്പിയെത്തുന്ന തീനനവിന്റെ എണ്ണമില്ലാത്ത ബോഗികൾ നെഞ്ചേറ്റുന്ന തീക്കുനിയുടെ ജീവിതപാതകൾ കല്ലും മുള്ളും നിറഞ്ഞ കനൽപാതകളിലൂടെയായിരുന്നു.

വട്ടോളി നാഷണൽ സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി മൊകേരി ഗവൺമെന്റ്‌ കോളേജിൽ പ്രീഡിഗ്രിക്ക്‌ ചേർന്നു. പഠനകാലത്ത്‌ തന്നെ സ്വന്തം ജീവിതച്ചെലവിന്‌ ഹോട്ടലിൽ മേശ തുടച്ചു, മീൻ വിൽപ്പന നടത്തി, കല്ലുകൊത്തി, ബാർബറായി... വിദ്യാർത്ഥി നേതാവും സ്‌കൂൾ ലീഡറുമൊക്കെയായി.

മനസിൽ വീണ അനുഭവങ്ങളുടെ തീഷ്ണത കൊണ്ട്‌ വീട്‌ ഒരു തടവറയായി പൊതിഞ്ഞു നിന്നപ്പോൾ പലപ്പോഴും പഠനം ഇടയ്‌ക്കുവച്ച്‌ നിറുത്തേണ്ടിവന്നു. മാഹി മഹാത്മാ കോളേജിൽ നിന്നും മലയാള ബിരുദപഠനം പൂർത്തിയാക്കാതെ വിവാഹിതനായി. സ്വന്തം പെങ്ങളെ കെട്ടിച്ചയക്കുവാൻ ഒരു മാനസികരോഗിയുടെ മകളെ സ്വന്തമാക്കി ത്യാഗത്തിന്റെ മറ്റൊരു ആൾരൂപമായി മാറി. കടം പെരുകി ജീവിക്കാനെളുപ്പമല്ലെന്ന്‌ തിരിച്ചറിഞ്ഞു. ഒരു രാത്രി ചെങ്ങന്നൂർ ബസ്‌സ്‌റ്റാൻഡിൽ കോടമഴയിൽ കുഞ്ഞുങ്ങളെ ചേർത്തു പിടിച്ച്‌ ഉറങ്ങാതെ കിടന്നു. നാലുപേരുടെ വിശപ്പകറ്റാൻ കഴിയാതെ മൂന്നുവയസുള്ള മകളെ നുള്ളിനോവിച്ച്‌ തെരുവിൽ യാചിക്കാനിറങ്ങി. സ്വന്തം കവിതകൾ തെരുവിൽ പാടി നടന്ന്‌ വിശപ്പകറ്റി.

തങ്ങളുടെ തെരുവിലകപ്പെട്ട കവിയുടെ ആത്മാലാപനത്തിന്റെ കവിതകൾകേട്ട്‌ മനസലിഞ്ഞ മാവേലിക്കര ഓട്ടോ സ്‌റ്റാൻഡിലെ തൊഴിലാളികൾ പിരിവെടുത്ത്‌ സഹായിച്ചത്‌ ഈ കവി നന്ദിയോടെ സ്‌മരിക്കുന്നു.

കുറ്റ്യാടി ബസ്‌സ്‌റ്റാൻഡിൽ പത്രം വിറ്റും ഹോട്ടൽ തൊഴിലാളിയായും കേരളം മുഴുവൻ ചുമടെടുത്തും കേബിൾ കുഴിയെടുത്തും ഹരിപ്പാട്‌ കടപ്പുറത്ത്‌ ചക്കവിറ്റും തെങ്ങുകയറ്റ തൊഴിലാളിയായും ജീവിതം പൊരുതി ജയിച്ച പവിത്രനിപ്പോൾ കോഴിക്കോട്‌ വടകരയ്‌ക്കടുത്ത്‌ ആയഞ്ചേരിയിൽ മത്സ്യവിൽപ്പന നടത്തി നാലു ജീവിതങ്ങളെ പോറ്റുന്നു.

അക്കാദമികളും ഫെല്ലോഷിപ്പുകളും അവാർഡു മാമാങ്കങ്ങളും കൊണ്ട്‌ സമ്പന്നമായ സാംസ്‌കാരിക കേരളത്തിൽ മനുഷ്യപക്ഷത്ത്‌ നിലകൊള്ളുന്നുവെന്ന്‌ പ്രഖ്യാപിച്ച ഇടതുപക്ഷം ഭരിക്കുമ്പോഴെങ്കിലും പ്രസ്ഥാനത്തിന്‌ വേണ്ടി തന്റെ വിദ്യാഭ്യാസ കാലഘട്ടം നീക്കിവച്ച ഈ യുവകവിയെ കാത്തുസംരക്ഷിക്കുക.

കാലത്തിന്‌ നേരെയുള്ള എല്ലാ പ്രതിഷേധങ്ങളും ഒരു പുഞ്ചിരിയിലൊളിപ്പിച്ച്‌ ആറോളം കവിതാ സമാഹാരങ്ങളിലൂടെ പവിത്രൻ തീക്കുനി ഒരു കാട്ടുതീയായി വായനക്കാരന്റെ മനസിൽ ആധിയായി പടരുക തന്നെയാണ്‌. ഈ യാഗാശ്വത്തെ പിടിച്ചുകെട്ടുവാൻ ഒരു ആസ്ഥാന നിരൂപകർക്കും ബുദ്ധിജീവി നാട്യങ്ങൾക്കും സാധ്യമല്ല തന്നെ. പല്ല്‌ കൊഴിഞ്ഞ തറവാട്ട്‌ സിംഹങ്ങൾ അസൂയ മൂത്ത്‌ ഗർജ്ജിക്കുമ്പോൾ തീക്കുനിമാരും അയ്യപ്പൻമാരും കവിതാ മണ്ഡലത്തിലെ ഒറ്റയാൾപട്ടാളമായി കാലത്തെ അതിജയിക്കുക തന്നെ ചെയ്യും.

* * * * * * *

ചിത്രങ്ങൾക്കു നന്ദി - ദി ഹിന്ദു, മാതൃഭൂമി

ഉബൈദ്‌ എടവണ്ണ


E-Mail: chalilabdulrahman@sabb.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.