പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വിശ്വാസം പഴയതും പുതിയതും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വാസു നീറിക്കോട്

അടുത്തൊരു ദിവസം ഒരു യുക്തിവാദി സംഘനയുടെ സമ്മേളന വേദിയില്‍ കടന്നുചെല്ലാനിടയായി. പ്രവേശനകവാടത്തില്‍ വച്ചിരുന്ന ഹാജര്‍ ബുക്കില്‍ ഒപ്പു വച്ചു. അവിടെ നിന്ന് വിസിറ്റിംഗ് കാര്‍ഡുപോലെ ഒരു തുണ്ടു കടലാസു തന്നു. അതിനുമുമ്പു തന്നെ തുടങ്ങിക്കഴിഞ്ഞിരുന്ന സമ്മേളനത്തില്‍ ഏതാണ്ടു മുപ്പതോളം പേരുടെ സാന്നിദ്ധ്യമുണ്ട്.

ഒരു പ്രാസംഗികന്‍ കത്തിക്കയറുന്ന മതസംഘടനകളുടെ ഭീകരവാദസ്വഭാവത്തേയും അക്രമചെയ്തികളെയും പറ്റി. പ്രത്യേകിച്ചും ക്രിസ്ത്യന്‍ - മുസ്ലീം വിഭാഗങ്ങളുടെ, ഹിന്ദുവര്‍ഗീയതയെപറ്റി പറഞ്ഞു കേട്ടില്ല. രണ്ടാമതു സ്റ്റേജില്‍ കയറിയ ആളും പറഞ്ഞു കയറുന്നത് അതേ വിഷയംതന്നെ. ഇടക്ക് കയ്യില്‍ കിട്ടിയ തുണ്ടു കടലാസില്‍കണ്ണോടിച്ചു. ഒരു ഭാഗത്ത് സംഘടനയുടെ വിലാസം മറുഭാഗത്ത് ‘ നാലുപഴമകള്‍ക്കെതിരെ പോരാടുക’ എന്ന ആഹ്വാനം - ‘ പഴയ വിശ്വാസം-പഴയ ചിന്ത- പഴയ ആചാരം - പഴയ സംസ്ക്കാരം ‘ എന്തായാലും വര്‍ഗീയതയുടെ കരാളമുഖം തുറന്നുകാണിക്കുന്നതില്‍ അത്ര പുതുമയൊന്നും തോന്നാ‍തിരുന്നതിനാല്‍ സാവധാനം ഇറങ്ങി നടന്നു.

വീടെത്തിയശേഷം കാര്‍ഡിലെ ആഹ്വാനത്തെപറ്റി ഓര്‍ക്കാന്‍ ശ്രമിച്ചു. അതിഗഹനമായൊരു ചിന്തയല്ല സാമാന്യബുദ്ധിയുടെ അരികുപറ്റിയുള്ള ഈ നടത്തം.

പഴയ വിശ്വാസം

കാലത്തെ യുഗങ്ങളായി തിരിച്ചു കാണുമ്പോലെ വിശ്വാസത്തെ തരം തിരിച്ചാല്‍ പഴയത് ഏതുകാലം വരെയുള്ളതാകാം. പ്രപഞ്ചത്തിന്റെ ഉത്ഭവം മുതല്‍ ഒന്നെത്തി നോക്കി. ഈശ്വരന്മാരുടെ അരങ്ങേറ്റം ആരാധനകളുടെ അരങ്ങേറ്റം അതില്‍ നിന്നുണ്ടാകുന്ന ആശ്വാസം ഇതൊക്കെ പഴയതില്‍പ്പെടുത്തുമോ? ആ‍ത്മീയതയുടെ വിശ്വാസം - ഈശ്വരവിശ്വാസം ?

ശാസ്ത്രവും ചരിത്രവും കൈകോര്‍ത്തപ്പോള്‍ വേറെ ചിലതു പിറന്നു. ഭൗതികതയുടെ വിശ്വാസം- നിരീശ്വരവിശ്വാസം. മാര്‍ക്സിനെപോലുള്ള അതികായന്മാര്‍ പറഞ്ഞുകേള്‍പ്പിച്ച ആധുനികതയുടെ, സോഷ്യലിസതിന്റെ പാഠം പകര്‍ന്ന വിശ്വാ‍സം. ഒപ്പം തന്നെ പുതു പുതു മതങ്ങള്‍ പകര്‍ന്നുതന്ന വേറിട്ട വിശ്വാസങ്ങള്‍. ഇവയുടെയൊക്കെ ചുവടു പിടിച്ചു വളര്‍ന്ന വിശ്വാസ സമൂഹങ്ങള്‍ മനുഷ്യനെ അവരുടെ വരുതിയില്‍ ഉറപ്പിക്കാന്‍ പെട്ട പാടുകള്‍ ഇപ്പോഴും തുടര്‍ന്നു വരുന്നു എന്നേയുള്ളു. ഇപ്പോള്‍ ഇവയെല്ലാം പുതിയ വിശ്വാസങ്ങളുടെ പട്ടികയില്‍ പെടുത്തിയാല്‍ പഴയതേത് പുതിയതേത് എന്ന തിരിച്ചറിവ് ദുഷ്ക്കരമാകും. പുതുപുത്തന്‍ വിശ്വാസത്തെ സോഷ്യലിസത്തിന്റേതു പൂത്തും തളിര്‍ത്തും കൊഴിഞ്ഞും ഒഴിഞ്ഞും നടക്കുന്നു ലോകത്തിന്റെ വേദിയില്‍ . ഇനിയെന്ത് എന്ന അന്വേഷണത്തിലാണ് മനുഷ്യന്‍ എന്ന വികാരജീവി. അവനു വേണ്ടത് ജീവിതം എന്ന ഒറ്റപ്പേരുള്ള വിശ്വാസമാണ്. പറയുമ്പോള്‍ പറയണമല്ലോ- യുക്തിവാദം. അവരുടെ മാറ്റി മറിക്കലിലുള്ള വിശ്വാസം തന്നെ എത്ര യുഗങ്ങള്‍ പഴയതാണ്? മനുഷ്യന്‍ തന്റെ ചിന്തകള്‍ പങ്കുവച്ചകാലം മുതല്‍ ഉണ്ട് അവയുടെ മുമ്പില്‍ യുക്തിവാദവും ആ വിശ്വാസവും മാറ്റാന്‍ സമയമായോ എന്നൊന്നു ചിന്തിച്ചാല്‍ എന്ത്?

പഴയ ചിന്ത

ചിന്തയില്‍ പഴയതും പുതിയതും എന്ന ഒന്നുണ്ടോ? വലിച്ചെറിയാന്‍ പാകമായ ജഡ വസ്തുക്കള്‍ ഉണ്ടാകും. ചിന്ത മനുഷ്യമനസുകളില്‍ അലിഞ്ഞമര്‍ന്നു കിടക്കുന്ന അദൃശ്യ ഭാവമല്ലേ? അതു സന്ദര്‍ഭത്തിനും സാഹചര്യത്തിനുമൊത്ത് ഉണര്‍ന്നെഴുനേല്‍ക്കുകയല്ലേ ചെയ്യാറ്? അതിനോട് പഴയതായി എന്ന കുറ്റം ചുമത്തി പോരാടുകയെന്നാല്‍ തന്നോടു താന്‍ തന്നെ പോരാടുകയെന്നാവില്ലേ?

പഴയ ആചാരം

ആചാരമേതെന്നു ചിന്തിച്ചുപോകുകയാണ്. മനുഷ്യന്‍ തിരിച്ചറിവിനായി ദാഹിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ ചിലതുണ്ട്. ഗുരുജനങ്ങളെ ആദരിക്കു, മാതാപിതാക്കളെ വണങ്ങുക, അനുസരിക്കുക, മുതിര്‍ന്നവരെ ബഹുമാനിക്കുക, അറിയപ്പെടുന്നവരെ അംഗീകരിക്കുക എന്നിങ്ങനെ പലതും. പിന്നെ മനുഷ്യന്‍ ശിശുവായി ഭൂമിയില്‍ അവതരിക്കുമ്പോള്‍ മുതല്‍ കണ്ടുവരുന്ന ആചാരങ്ങള്‍ പേരുവിളി, ചോറൂണ്, എഴുത്തിനിരുത്ത്, വിവാഹം എന്നു വേണ്ട മരണകാര്യങ്ങളിലും തുടരുന്ന പല പല ആചാരങ്ങള്‍, പല പല രീതികള്‍ പല നാടുകളില്‍ ഇവ വ്യത്യസ്തവുമാണ്. ഭാരതത്തില്‍ ഹിന്ദുക്കള്‍ മരിച്ചയാളുടെ ശവം ദഹിപ്പിക്കാറാണ് പതിവ്. മറ്റു മതസ്ഥര്‍ കുഴികളില്‍, കല്ലറകളില്‍ അടക്കം ചെയ്യുന്നു. ഹിന്ദുക്കള്‍ ശവം ദഹിപ്പിച്ചശേഷം ശേഖരിക്കുന്ന , ചിതയിലെ ചാരം ( ചിതാഭസ്മം എന്ന് ആദരവോടെ പറയും) ചില പ്രത്യേക ചടങ്ങുകളോടെ പുണ്യനദികളില്‍ നിമജ്ജനം ചെയ്യും. പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് മനുഷ്യന്‍ തങ്ങളുടെ തന്നെ ആത്മസംതൃപ്തിക്കായി നടത്തുന്ന ഈ ആചാരം ഒരു പോരാട്ട സന്ദര്‍ഭത്തിനു വിധേയമാക്കുക അസാദ്ധ്യം. ചിതാഭസ്മം എന്ന ആചാരം നദികളില്‍ നിക്ഷേപിക്കുമ്പോള്‍ ഒരു പോരാട്ടത്തിന്റെ ആവശ്യമെന്ത്?

വിവാഹകാര്യങ്ങളില്‍ ആചരിക്കേണ്ട കാര്യങ്ങളെപറ്റി ശ്രിനാ‍രായണഗുരു പറഞ്ഞ ചില കാര്യങ്ങള്‍ അനുയായികള്‍ തന്നെ ഇന്നു ലംഘിക്കുന്നുണ്ട്. പകരം പോരാട്ടം വിപരീതദിശകളിലേക്കാക്കി എന്നു മാത്രം.

പഴയ സംസ്ക്കാരം

ഭാരതത്തില്‍ സിന്ധു നദീതട സംസ്ക്കാരം വളര്‍ന്നുവികസിക്കുന്നതിനു മുന്‍പുണ്ടായിരുന്ന കാടത്തങ്ങള്‍ ഒട്ടൊക്കെ അസ്തമിച്ചിരുന്നു. അന്ന് മനുഷ്യന്‍ പിറന്നപടി തന്നെ, വളര്‍ന്നാലും നടക്കുമായിരുന്നു എന്നു കേട്ടിട്ടുണ്ട്. അക്കാലങ്ങളിലെപ്പോഴോ ആകണം ലജ്ജ, നാണം എന്ന വികാരം മനുഷ്യനില്‍ തല നീട്ടിയത്. പിന്നെ പച്ചിലകളിലും മരത്തൊലിയിലും കൂടി വളര്‍ന്ന് കാഞ്ചീപുരം പട്ടിലും സ്യൂട്ടിലും കോട്ടിലൊമൊക്കെ യായിരിക്കുന്നു. പണ്ടത്തെ ആചാര്യന്മാര്‍ പറഞ്ഞും കാ‍ട്ടിയും തന്ന സംസ്ക്കാരം പിന്‍പറ്റിയാണ് മനുഷ്യനിന്നോളം വളര്‍ന്നിട്ടുള്ളത്. ആ സംസ്ക്കാരം മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ത്തു എന്നതാണ് സത്യം. ആ സത്യത്തെ - സംസ്ക്കാരത്തെ - പോരാട്ട വിധേയമാക്കുക ബുദ്ധിമുട്ടാകും. വസ്ത്രധാരണത്തിലെന്ന പോലെ മനുഷ്യമനസുകളിലും പടര്‍ന്നു പന്തലിച്ച സംസ്ക്കാരം ശോഭചൊരിഞ്ഞു നില്‍ക്കെ അതിനോടു പോരാട്ടം നടത്താന്‍ പരിഷ്ക്കരണവാദികള്‍ തുനിയുന്നതിന്റെ ഉദാഹരണങ്ങള്‍ നാടുനീളെ നാം കാണുന്നു. പരസ്യങ്ങളിലും വാര്‍ത്തകളിലും അതെല്ലാം മറയില്ലാ‍തെ കാണുന്നു. പ്രത്യേകിച്ച് നമ്മുടെ സ്ത്രീ ജനങ്ങളില്‍ ജനസംഖ്യാ ബാഹുല്യം കൊണ്ട് സ്ത്രീകള്‍ക്ക് മുപ്പത്തിമൂന്നു ശതമാനവും അമ്പതു ശതമാനവും സംവരണം അനുവദിച്ചിട്ടുള്ളതുകൊണ്ടാകാം അവര്‍, നമ്മുടെ അമ്മമാരും സഹോദരിമാരും അറുപത്തേഴു ശതമാനം വസ്ത്രം വെട്ടി ചുരുക്കി രംഗങ്ങളില്‍ അവതരിക്കുന്നതെന്നു തോന്നുന്നു. വേണോ, സംസ്ക്കാരത്തിനോടൊരു പോരാട്ടം? മാന്യമായുള്ള വസ്ത്രധാരണം തന്നെ സംസ്ക്കാരത്തിന്റെ മുഖമുദ്രയാണ്. അതിനോട് ഇപ്പോള്‍ തന്നെ നടത്തുന്ന പോരാട്ടം ഭാവിയില്‍ ക്രൂരമാകില്ലേ?

ലോകത്ത് യുഗങ്ങളായി വളര്‍ന്നു വികസിച്ച സംസ്ക്കാരമെന്ന മഹനീയതയെ എന്നും പിച്ചിച്ചീന്തി നശിപ്പിക്കാന്‍ മറ്റു പല സംസ്ക്കാരങ്ങളും കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. കുറെയൊക്കെ മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്. ആ പോരാട്ടങ്ങളെയൊക്കെ ആരെങ്കിലും പ്രകീര്‍ത്തിച്ചിട്ടുണ്ടോ?

പോരാട്ടങ്ങള്‍ നാടിന്റെ നന്മക്കു നേരെയെന്നതാണ് കഴിഞ്ഞകാല അനുഭവങ്ങളത്രയും. ഇപ്പോള്‍ യുക്തിവാദപ്രസ്ഥാനം ഘോരഘോരം എതിര്‍ക്കുന്ന ഭീകരവാദപോരാട്ടങ്ങള്‍ മറ്റെന്തിന്റെ ഭാ‍ഗങ്ങളാണ്? അപ്പോള്‍ പിന്നെ മനുഷ്യസംസ്ക്കാരങ്ങള്‍ പഴയതും പുതിയതും എന്നു വേര്‍തിരിവില്ലാതെ കാണാന്‍ ശ്രമിക്കാതെ എല്ലാത്തരം പോരാട്ടങ്ങളെയും അകറ്റാന്‍ ശ്രമിക്കട്ടെ. പോരാട്ടങ്ങളെ സ്വാഗതം ചെയ്യാ‍തിരിക്കട്ടെ അഥവാ സ്വാഗതം ചെയ്യലാണ് കരണീ‍യമെങ്കില്‍ ഈ ഭീകരപോരാട്ടങ്ങളെ എന്തിനു പഴിക്കണം? പോരാട്ടങ്ങള്‍ക്കു സിന്ദാബാദ് എന്നു ഘോഷിക്കുക. യുക്തിവാദത്തിലും ചില വിശ്വാസങ്ങളുണ്ട് പോരാട്ടങ്ങളില്‍ കൂടി മാറ്റി മറിക്കം എന്നത് അതിലൊന്നാണ് വളരെ പഴയത്. ...?

കടപ്പാട്- ജ്വാല മാസിക

വാസു നീറിക്കോട്




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.