പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

നാടകോത്സവ്‌ 2010 - ഒരാസ്വാദനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കൃഷ്‌ണൻ കാവിൽ

കല ഫൈൻ ആട്‌സ്‌ സൊസൈറ്റി, കിഴക്കമ്പലം, എറണാകുളം നാടകോത്സവ്‌ 2010‘ എന്ന പേരിൽ പ്രൊഫഷണൽ നാടകോത്സവം സംഘടിപ്പിക്കുകയുണ്ടായി. കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള ചുരുക്കം ചില സൊസൈറ്റികളിൽ ഒന്നാണ്‌ ഇത്‌. കലാ സാഹിത്യ മേഖലകളിൽ ശ്രദ്ധേയമായ സംരഭങ്ങളാണ്‌ ’കല കിഴക്കമ്പലം‘ കാഴ്‌ച വച്ചിട്ടുള്ളത്‌.!

നാടകോത്സവത്തിന്റെ ഒന്നാം ദിവസം, തിരുവനന്തപുരം ’സൗപർണികയുടെ‘ ’ആരണ്യകം‘ അരങ്ങേറി. രചനയും സംവിധാനവും ശ്രീ. അശോക്‌ ശശി. വളരെ ആനുകാലിക പ്രസക്‌തിയുള്ള വിഷയം - മാതൃരാജ്യത്തിനു ഭീഷണിയായ ഭീകരവാദം - ആണ്‌ നാടകത്തിന്റെ പ്രമേയം. കഥ വളർന്നു വരുന്നത്‌ കേന്ദ്ര കഥാപാത്രമായ രാവുണ്ണിയിലൂടെയാണ്‌. നാടകാദ്യാവസാന രംഗങ്ങളിൽ ചേർത്തിട്ടുള്ള രണ്ടു ഗാനരംഗങ്ങൾ അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്‌. പങ്കുണ്ണി ആശാനും മെംബർ വാസുവും റെയ്‌ഞ്ചറും കൂടിയുള്ള ഹാസ്യരംഗങ്ങൾ പ്രേക്ഷകർ ഏറ്റുവാങ്ങി. പ്രൊഫഷണൽ നാടകവേദിയിൽ നിർബന്ധമായും അഭിനേതാവ്‌ അനുഷ്‌ഠിക്കേണ്ട ചില അഭിനയ സംങ്കേതങ്ങളുടെ തടവറയിൽ നിന്ന്‌ ശ്രീമതി. ബിന്ദു സുരേഷിനെ മോചിപ്പിച്ചാൽ അവർ കുറെക്കൂടി തിളക്കമുള്ള കഥാപാത്രങ്ങളെ നമുക്കു തരുമെന്നുറപ്പ്‌! രാവുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീ. പൊന്നച്ചന്റെ അഭിനയത്തികവ്‌ കാണാൻ ഈ കഥാപാത്രം മതിയോയെന്നത്‌ മറ്റൊരു സംശയം.......

നാടകോത്‌സവം രണ്ടാം ദിവസം അവതരിപ്പിച്ച നാടകം കൊല്ലം അനശ്വരയുടെ ’കടലിരമ്പുന്ന ശംഖ്‌‘ എന്ന നാടകമാണ്‌. സൗഹൃദത്തിന്റെ കഥയാണിത്‌. ഇന്നു നമുക്കന്യമായിക്കൊണ്ടിരിക്കുന്ന സുഹൃത്‌ ബന്ധത്തിന്റെ കമനീയത തികച്ചും ഒരു നാട്ടിൻ പുറത്തിന്റെ പശ്ചാത്തലത്തിൽ പറയുകയാണ്‌ ശ്രീ. ഫ്രാൻസിസ്‌ ടി. മാവേലിക്കര. ഈ നാടകത്തിന്റെ രചനാപരമായ പ്രാധാന്യം ഒരു നായക സങ്കൽപ്പം വളർത്തി വലുതാക്കുന്നില്ലെന്നതാണ്‌. അഞ്ചു കഥാപാത്രങ്ങൾക്കും തുല്യപ്രാധാന്യം നൽകി കഥാഗതിയുടെ വളർച്ചയിൽ വിളക്കി ചേർത്തിരിക്കുകയാണ്‌. നാടൻ പാട്ടുകളുടെ ശീലുകൾ നാടകത്തിലുടനീളമുണ്ട്‌. കുട്ടനായി വേഷമിടുന്ന ശ്രീ. ചൂളം സലീം നാടകത്തിൽ തന്റെ സ്വതസിദ്ധമായ അഭിനയശൈലികൊണ്ട്‌ തിളങ്ങുന്നുണ്ട്‌! ശ്രീമതി. ഷീല സുദർശൻ കല്യാണിയായി ജീവിക്കുക തന്നെയാണ്‌; അനായാസവും സ്വാഭാവികവുമാണ്‌ അവരുടെ പ്രകടനം.

നാടകോത്സവത്തിന്റെ മൂന്നാം ദിവസം കായംകുളം സപര്യ കുടുംബ ബന്ധങ്ങളുടേയും ബന്ധനങ്ങളുടേയും കഥയായ ശ്രീ. പ്രദീപ്‌ കുമാർ കാവും തറയുടെ നമ്മൾ ബന്ധുക്കൾ അവതരിപ്പിച്ചു. പ്രൊഫഷണൽ നാടകങ്ങൾ സ്‌ഥിരം അവതരിപ്പിച്ചു വരുന്ന ശൈലിയിൽ നിന്ന്‌ അൽപ്പം മാറി നടക്കാൻ സംവിധായകൻ ശ്രീ. രാജീവൻ മമ്മിളി ശ്രമിച്ചിട്ടുണ്ട്‌. ’ചിരിയിലും കണ്ണീരിലുമെഴുതിയ കുറ്റപത്രം‘ എന്നാണ്‌ അവരുടെ നാടക വിശേഷണം! അതുപോലെ ഹാസ്യഭിനയത്തിനു മറ്റൊരു മുഖം നൽകാൻ ലാലു എന്ന വേഷത്തിലൂടെ ശ്രീ. വിനോദ്‌ അപ്പിഹിപ്പി ശ്രമിച്ചിരിക്കുന്നു. റോസമ്മ എന്ന കഥാപാത്രത്തെ ജീവിതത്തിലെവിടെയൊക്കെയോ കണ്ടുമുട്ടിയിട്ടില്ലേ എന്നു നമുക്കു സംശയം തോന്നത്തക്കവണ്ണം വളരെ തന്മയത്വമായി ശ്രീമതി. ഓമന രാജു അവതരിപ്പിച്ചു കയ്യടി വാങ്ങി.

നാടകോത്സവത്തിന്റെ നാലാം ദിവസം പാലാ കമ്മ്യൂണിക്കേഷൻസ്‌ കടലോളം കനിവുമായി രംഗത്തെത്തി. പാലാ അതിരൂപതയുടേതാണീ നാടകം. പേരു കേട്ട്‌ ഇതൊരു ക്രിസ്‌ത്യൻ കഥയാണന്നു തെറ്റിദ്ധരിക്കരുത്‌. ദയാ വധത്തിന്‌ സഭ എന്നും എതിരാണ്‌. ആ വിഷയം ശക്‌തമായി നാടകത്തിൽ കൈകാര്യം ചെയ്‌തിരിക്കുന്നു. വാസുദേവൻ കുഞ്ഞമ്മാവനായി വേഷമിട്ട ശ്രീ. പ്രമോദ്‌ വെളിയനാടും മുകുന്ദനായി വന്ന ശ്രീ. തോമ്പിൽ രാജശേഖരനും നാടകവതരണത്തെ ഏറെ സഹായിച്ചിട്ടുണ്ട്‌. നാടകത്തിനു ശക്തമായ സന്ദേശമുള്ളപ്പോൾ ഒരു പ്രചാരണ നാടകത്തിന്റെ സ്വഭാവം കൈവരാൻ ഏറെ സാദ്ധ്യതയുണ്ടെങ്കിലും ആ വെല്ലുവിളി അതിജീവിക്കുകയാണ്‌ ശ്രീ ഫ്രാൻസിസ്‌ ടി. മാവേലിക്കരയും വക്കം ഷമീറും.

അഞ്ചാം ദിവസം കോഴിക്കോട്‌ സങ്കീർത്തനയുടെ തീപ്പൊട്ടനായിരുന്നു രംഗവേദിയിൽ. അക്ഷരാർത്ഥത്തിൽ അതൊരു തീ കൊണ്ടുള്ള കളിയുമായിരുന്നു. ഒരു നടൻ തന്നെ അഞ്ചു കഥാപാത്രങ്ങളെ നിമഷങ്ങൾക്കുള്ളിൽ മാറിമാറി അവതരിപ്പിക്കുക എന്നത്‌ വളരെ ശ്രമകരമായ ഒന്നാണ്‌. വെറും ഏഴു നടീനടന്മാർ പത്തിരുപത്തിനാലു കഥാപാത്രങ്ങളെ അവതരിപ്പിക്കുക; അവരൊന്നും വെറുതെ രംഗവേദിയിൽ വന്നു പോകുന്നവരല്ലാതിരിക്കുക, നാടകമെന്നാൽ വടിവൊത്തു നിന്ന്‌ ഡയലോഗ്‌ കാച്ചലല്ലെന്ന്‌ തെളിയിക്കുകയാണ്‌ കണ്ണൂരിന്റെ ചുണക്കുട്ടന്മാർ, ഫിസിക്കൽ തിയ്യേറ്ററിന്റെ കളരിയിലേക്ക്‌ കാലെടുത്തുവയ്‌ക്കാൻ സാധാരണ പ്രൊഫഷണൽ തിയ്യേറ്ററുകാർ മടിക്കാറുണ്ട്‌. അതിനൊരു മറുപടിയാണ്‌ തീപ്പൊട്ടൻ. ശ്രീ. രാധൻകണ്ണപുരവും, ശ്രീമതി. ഉഷാചന്ദ്രബാബുവും മനോഹരമായി പൊട്ടനായും ചുന്തരിയായും പരകായപ്രവേശം നടത്തി !! ഒരു ശിഖണ്ഡിയായി അഭിനയിക്കുകയെന്നത്‌ പ്രയാസമേറിയതാണ്‌; ആ വെല്ലുവിളി അനായസം ’കണാതനായി‘ ശ്രീ. ശശി മുരാട്‌ ഏറ്റെടുത്തു വിജയിപ്പിച്ചു. നാടകത്തെക്കുറിച്ച്‌ വിശദവിവരങ്ങൾ ചോദിച്ചപ്പോൾ നമ്മുടെ നാടകവേദിയിലെ തലമുതിർന്ന ഒരു നടൻ ചോദിച്ചു; അപ്പോൾ നാടകം കാണുന്നുണ്ടോ“ ഈ ചോദ്യം വളരെ പ്രാധാന്യമർഹിക്കുന്നു. ഇവിടെ പ്രൊഫഷണൽ നാടകങ്ങളെക്കുറിച്ച്‌ ആര്‌, എന്ത്‌, എങ്ങിനെ എഴുതുന്നുവെന്ന്‌ വായനക്കാർ ഊഹിക്കുക........

അഞ്ചു ദിവസത്തെ നാടകോത്സവം കണ്ടപ്പോൾ, ”ഇവിടെ നാടകം മരിക്കുന്നേ“ എന്നു ചിലർ വിളിച്ചു കൂവുന്നതിൽ ഒരു കാര്യവുമില്ലെന്നു മനസ്സിലായി. നാം നിത്യ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പൊള്ളുന്ന പ്രശ്‌നങ്ങളൊക്കെത്തന്നെയാണ്‌ നമ്മുടെ സമതികളും കൈകാര്യം ചെയ്യുന്നത്‌. ആനുകാലികപ്രസക്‌തമായ വിഷയങ്ങളിലേക്കാണവർ വിരൽ ചൂണ്ടുന്നത്‌. നാടകവേദി അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം നടിമാരുടെ ലഭ്യതക്കുറവാണെന്നു തോന്നുന്നു; അതുകൊണ്ടാണല്ലോ പത്തു പതിനെട്ടു വയസ്സുള്ള കഥാപാത്രത്തെപ്പോലും പ്രായം ചെന്ന നമ്മുടെ അനുഗ്രഹീത അഭിനേത്രികൾക്ക്‌ ക്കര്യം ചെയ്യേണ്ടി വരുന്നത്‌!

പ്രേക്ഷകരാകട്ടെ പണ്ടത്തെക്കാൾ നാടകബോധമുള്ളവരായി വരുന്നു; അവർ സെലക്‌റ്റീവാകുന്നു. നാടകം മോശമാകുന്നു എന്നു തോന്നിയാൽ നിശ്ശബ്‌ദം നാടകശാലവിട്ടിറങ്ങാൻ അവർക്കു മടിയില്ല! കൂവിതോൽപ്പിക്കലില്ല! മറ്റുളളവരുടെ ആസ്വാദനാവകാശത്തെ ചോദ്യം ചെയ്യുന്നുമില്ല! രംഗവേദിയിലെ മറ്റു ചില കലാരൂപങ്ങൾ അപ്രത്യക്ഷമായപോലെ നാടകം മറയില്ല; മരിക്കില്ല......!

കൃഷ്‌ണൻ കാവിൽ

എസ്‌. വാഴക്കുളം,

ആലുവ-5.


Phone: 9847224218
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.