പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഫ്ലാഷ്‌....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടി.സി.രാജേഷ്‌

പ്രതികരണം

മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു ഫ്ലാഷ്‌. ഒരു കാലത്ത്‌ വലിയ സംഭവങ്ങളും മഹാൻമാരുടെ മരണവും മാത്രമായിരുന്നു ഈ വിശേഷണത്തിനു പിന്നാലെ സ്വീകരണമുറിയിൽ എത്തിയിരുന്നതെങ്കിൽ ഇന്ന്‌ ഏതു സംഭവവും ഫ്ലാഷാണ്‌! ചാനൽ യുദ്ധത്തിനിടയിൽ ഒരടി മുന്നിൽ നിൽക്കണമെങ്കിൽ സംഭവം ദൃശ്യങ്ങളോ അല്ല നമുക്കാവശ്യം, ഫ്ലാഷ്‌ മാത്രമാണ്‌!

കുറച്ചുകാലം മുമ്പാണ്‌. അന്ന്‌ മലയാളത്തിൽ ന്യൂസ്‌ ചാനലുകൾ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇടുക്കി ജില്ലയിലെ ഒരു കുഗ്രാമത്തിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ ഒരാൾ മരിച്ചു. ഏതോ ഷാപ്പിൽ നിന്നു നന്നായി മദ്യപിച്ചെത്തുകയും വീട്ടിൽ വന്നിരുന്നു മദ്യപിക്കുകയും ചെയ്‌ത ഗൃഹനാഥൻ അൽപ സമയത്തിനുള്ളിൽ തളർന്നു വീഴുകയായിരുന്നു. സംഭവമുണ്ടായ ഉടനെ സ്ഥലത്തെ ഒരു പ്രധാന പയ്യൻസ്‌ തനിക്ക്‌ അടുത്തറിയാവുന്ന ചാനൽ റിപ്പോർട്ടറെ വിളിച്ചു - ഒരാൾ മരിച്ചിരിക്കുന്നു, മദ്യപിച്ചശേഷം തളർന്നുവീണതാണ്‌, വിഷമദ്യമാണോ എന്നു സംശയമുണ്ട്‌! സംശയദുരീകരണത്തിന്‌ റിപ്പോർട്ടർക്ക്‌ മുന്നിൽ മാർഗമില്ല. സ്ഥലത്തെത്തണമെങ്കിൽ ഒരു മണിക്കൂറിലധികം യാത്ര ചെയ്യണം. പോലീസ്‌ എത്തി എഫ്‌.ഐ.ആർ. തയ്യാറാക്കുന്നതുവരെ കാക്കാൻ താൻ പത്രറിപ്പോർട്ടറല്ല, ചാനൽ ലേഖകനാണ്‌! അദ്ദേഹം ഉണർന്നു. നിമിഷങ്ങൾക്കകം ചാനലിൽ ഫ്ലാഷെത്തി - ഇടുക്കി ജില്ലയിൽ വ്യാജമദ്യം കഴിച്ച്‌ ഒരാൾ മരിച്ചു.. നാട്ടുകാരുടെ പ്രചാരണത്തിനു പിന്നാലെ ചാനലിൽ ഫ്ലാഷ്‌ വരികകൂടി ചെയ്‌തതോടെ നാട്ടിലാകെ പരിഭ്രാന്തി. പത്രം ഓഫീസുകളിൽ നിന്ന്‌ പ്രാദേശിക ലേഖകരെ വിളിക്കാൻ തുടങ്ങി. ജനപ്രതിനിധികൾ ബന്ധപ്പെട്ടു തുടങ്ങി. പക്ഷേ ചാനലിനു പിഴച്ചില്ല. മണിക്കൂറുകൾക്കകം പ്രസ്‌തുത മദ്യഷാപ്പിൽ നിന്ന്‌ ഒന്നു വീശിയവരൊക്കെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു! ചിലർക്കു കാഴ്‌ചയ്‌ക്കു മങ്ങൽ, മറ്റു ചിലർക്കു കേൾവിക്കെന്തോ കുഴപ്പം പോലെ. ചാനലിലെ ഫ്ലാഷിനു നീളം കൂടി. വാർത്ത ആദ്യം ആദ്യം റിപ്പോർട്ടു ചെയ്‌ത ലേഖകന്‌ അഭിനന്ദന പ്രവാഹം!

കുഴപ്പത്തിലായത്‌ പത്രലേഖകരാണ്‌. ചാനൽ വാർത്ത കണ്ടതോടെ ജാഗരൂകരായ പോലീസും മറ്റും ഷാപ്പ്‌ അടപ്പിച്ചു; നല്ല കാര്യം! വിഷമദ്യം കഴിച്ചവരെ ചികിൽസിച്ച ഡോക്ടർമാരും പോലീസും ഒന്നും പറയുന്നില്ല. പോസ്‌റ്റുമോർട്ടം കഴിയുംവരെ കാക്കണമെന്നു പോലീസ്‌. പക്ഷേ, വൈകിട്ടു പത്രത്തിനു വാർത്ത നൽകേണ്ട ലേഖകൻമാർക്ക്‌ കാത്തിരിക്കാനാവില്ലല്ലോ! അവരും ഊഹാപോഹങ്ങളെ കൂട്ടുപിടിച്ചു - ഗൃഹനാഥൻ മരിച്ചു. വിഷമദ്യമെന്നു സംശയം. പിറ്റേന്നു രാവിലെ മറ്റുള്ളവരുടെ അവസ്ഥതേടി ഫോളോ അപ്പ്‌ തയ്യാറാക്കാൻ ആശുപത്രിയിലെത്തിയ പത്രലേഖകർ ഞെട്ടി. കട്ടിലുകൾ കാലി! അന്വേഷിച്ചപ്പോൾ ഡോക്ടർ ചിരിച്ചു. എല്ലാവരും പേടിച്ചെത്തിയതായിരുന്നു! ചിലർക്ക്‌ അമിത മദ്യപാനത്തിന്റെ പ്രശ്‌നവും....ആരും വിഷമദ്യമൊന്നും കഴിച്ചിരുന്നില്ല. പിന്നെ അവരുടെ അന്വേഷണം പോലീസിനോടായി. ഒടുവിൽ അവരും മൗനം ഭഞ്ജിച്ചു. മരണകാരണം വിഷമദ്യമല്ല. കുടുംബപ്രശ്നത്തെ തുടർന്ന്‌, വീട്ടിലെത്തി മദ്യത്തിൽ വിഷം കലക്കി കുടിച്ച്‌ ആത്മഹത്യ ചെയ്‌തതായിരുന്നു! ചാനലുകൾ പറഞ്ഞതുകൊണ്ട്‌ പൊലീസിനും ചെറിയൊരു സംശയം തോന്നി വിഷമദ്യമാണോ എന്ന്‌. ചാനൽ വാർത്തയും നാട്ടാരുടെ പ്രചാരണവും കേട്ട്‌ ഭയന്നാണ്‌ ഒപ്പം കഴിച്ചവർ ആശുപത്രിയെ അഭയം പ്രാപിച്ചത്‌. പൊലീസ്‌ കേസെടുത്തതും ആത്മഹത്യ എന്ന പേരിലായിരുന്നു.. അപ്പോഴേക്കും ചാനൽ ഈ സംഭവം മറന്നു, മറ്റെന്തൊക്കെയോ ഫ്ലാഷുകൾക്കു പിന്നാലെയായിരുന്നു അവർ.

വാർത്താ ചാനലുകൾ വ്യാപകമായ ശേഷം ഒരു സന്ധ്യയ്‌ക്ക്‌ ഇടുക്കി ജില്ലയിൽ നിന്നു തന്നെയുള്ള മറ്റൊരു ഫ്ലാഷ്‌ കാണുക - തൊടുപുഴയിൽ ബസ്‌ മറിഞ്ഞു!, 21 പേർക്കു പരുക്ക്‌, രണ്ടുപേരുടെ നില ഗുരുതരം. ഒരു ചാനലിൽ വേഗത്തിൽ ഇക്കാര്യം പ്രേക്ഷകരിലൂടെ കടന്നു പോകുന്നു, വിശദാംശങ്ങൾ ഏതെങ്കിലും ചാനലിലുണ്ടോ എന്നറിയാൻ പ്രേക്ഷകർ റിമോട്ടിൽ ഞെക്കിക്കൊണ്ടിരുന്നു. അൽപനേരത്തിനുശേഷം അടുത്ത ചാനലിൽ ഗുരുതര പരുക്ക്‌ മൂന്നുപേർക്കായി! പരിക്കേറ്റവരുടെ എണ്ണത്തിൽ വർധനവില്ല.

വൈകിട്ട്‌ ഏഴുമണിയോടെയാണ്‌ ഈ ഫ്ലാഷുകൾ ചാനലിൽ വന്നതെന്നോർക്കണം. ഒടുവിൽ അപകടത്തിന്റെ വിശദവിവരം അറിയാൻ പത്രം ഓഫീസിൽ വിളിച്ചു ചോദിച്ചപ്പോൾ അവർക്കും കൺഫ്യൂഷൻ. ഉച്ചക്കു രണ്ടുമണിയോടെ ഒരു ബസ്‌ പാടത്തേക്കു ചരിഞ്ഞിരുന്നു. ആർക്കും കാര്യമായ പരുക്കില്ല! മാത്രമല്ല, ബസിൽ ആകെയുണ്ടായിരുന്നത്‌ 20ൽ താഴെ യാത്രക്കാരാണ്‌! സംഭവം നടന്ന്‌ മണിക്കൂറുകൾക്കുശേഷം വാർത്ത ഫ്ലാഷായി എത്തുമ്പോഴേക്കും ബസ്സിലുണ്ടായിരുന്നവർ പൊടിയും തട്ടി വീട്ടിലെത്തിയിരുന്നു!

* * * * * * * * * * * * * * *

ഒരു ചാനലിൽ അപകടത്തിൽ രണ്ടു പേർക്കു പരുക്കേറ്റുവെന്ന വാർത്ത ഫ്ലാഷാക്കുമ്പോൾ അടുത്ത ചാനലിനിത്‌ ഒന്നാക്കി കുറച്ചാൽ വില പോകും. സ്വഭാവികമായും അവർ എണ്ണം കൂട്ടും, ആരേയും കൊല്ലില്ലെന്നു മാത്രം. നിജസ്ഥിതി അറിഞ്ഞു കഴിഞ്ഞാലും ബസ്‌ മറിഞ്ഞു, ആർക്കും പരിക്കില്ലെന്നു കൊടുത്താൽ അത്‌ ഫ്ലാഷാകില്ലെന്നതിനാൽ അവർക്കതു ബോധപൂർവ്വം തമസ്‌ക്കരിക്കേണ്ടിവരുന്നു!

മുൻ രാഷ്‌ട്രപതി കെ.ആർ.നാരായണൻ അത്യാസന്ന നിലയിൽ ആശുപത്രിയിൽ കിടന്നപ്പോഴും ഈ ചാനൽ ഗുസ്‌തി നമ്മൾ കണ്ടതാണ്‌. അദ്ദേഹം മരിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പേ മരിച്ചതായി ഫ്ലാഷെത്തി! സൈറനുള്ള പല നഗരങ്ങളും ഇതു കണ്ട്‌ ദുഃഖസൂചകമായി മൂന്നുവട്ടം കൂകി. വൈകാതെ, ആശുപത്രിയിൽ നിന്ന്‌ ലഭിച്ച വിവരം തെറ്റായിരുന്നെന്നും അദ്ദേഹം മരിച്ചില്ലെന്നും ഫ്ലാഷ്‌ വന്നുവെങ്കിലും കൂകിയതു തിരിച്ചെടുക്കാൻ അവർക്കാകില്ലല്ലോ! സംഭവത്തിലെ വ്യക്തി കെ.ആർ.നാരായണൻ ആയിരുന്നതിനാൽ മാത്രമാണ്‌ ഇത്തരമൊരു തിരുത്ത്‌ വന്നതെന്നോർക്കണം. ന്യൂസ്‌ ചാനലുകൾ പെരുകിയതോടെ 24 മണിക്കൂറും ഫ്ലാഷിന്റെ ബഹളമാണ്‌. ചാനലിലെ ഏതു പരിപാടിക്കിടയിലും ഫ്ലാഷുകൾ പാഞ്ഞു പൊയ്‌ക്കൊണ്ടിരിക്കും. ഇതിനിടയിൽ പ്രത്യേകിച്ചെന്തെങ്കിലും സംഭവിച്ചാൽ അത്‌ ബ്രേക്കിംങ്ങ്‌ ന്യൂസായാണ്‌ പുറത്തുവരുക. പ്രശസ്‌ത എഴുത്തുകാരൻ ഒ.വി.വിജയൻ മരിച്ച വാർത്തയെത്തി മണിക്കൂറുകൾക്കു ശേഷം ഒരു ന്യൂസ്‌ ചാനലിൽ പെട്ടെന്നൊരു ബ്രേക്കിംങ്ങ്‌ ന്യൂസ്‌ പ്രത്യക്ഷപ്പെട്ടു - ഒ.വി.വിജയന്റെ സംസ്‌കാരം നാളെ നടക്കും!

വാർത്തകൾക്കു മാത്രമായി ചാനലുകൾ വന്നതോടെ എന്റർടെയിന്റ്‌മെന്റ്‌ ചാനലുകളിൽ ഫ്ലാഷിന്റെ അതിപ്രസരം കാണാനില്ല. വാർത്തകൾ അറിയേണ്ടവർ സദാസമയം ന്യൂസ്‌ ചാനലുകൾ വച്ചുകൊള്ളാനാണ്‌ അവരുടെ നിലപാട്‌. എന്തെങ്കിലും വൻ സംഭവമുണ്ടായാൽ മാത്രമാണ്‌ അവർ ഫ്ലാഷ്‌ പുറത്തെടുക്കുകയുള്ളൂ! തങ്ങൾ സംപ്രേഷണം ചെയ്യുന്ന വിനോദപരിപാടിക്കിടയിൽ എന്തെങ്കിലും വൻ സംഭവത്തിന്റെ ഫ്ലാഷ്‌ കാണിച്ചാൽ പ്രേക്ഷകർ വിനോദം വിട്ട്‌ വിശദാംശങ്ങളറിയാൻ ന്യൂസ്‌ ചാനലിലേക്കു റിമോട്ടുമായി പോകുമെന്ന ഭയമാണ്‌ ഇതിനു കാരണം. സീരിയലിനും മിമിക്രിക്കും ഫോൺ-ഇൻ പരിപാടിക്കും പ്രേക്ഷകർ കുറഞ്ഞാൽ അതു ചാനലിനെ മൊത്തത്തിലായിരിക്കുമല്ലോ ബാധിക്കുക!

പത്രങ്ങൾ മാത്ര വാർത്ത തയ്യാറാക്കിയിരുന്ന കാലത്ത്‌ പോലീസും ആശുപത്രിയും പോലെ സ്ഥിരീകരിക്കാവുന്ന കേന്ദ്രങ്ങളിൽ അന്വേഷിച്ചും നേരിട്ടു കാര്യങ്ങൾ തിരക്കിയുമായിരുന്നു സംഭവങ്ങൾ ജനങ്ങളിലേക്കു പകർന്നിരുന്നത്‌. ഒരു സംഭവത്തിന്റെ വിശദാംശങ്ങൾ കൂടുതലായി നൽകുന്ന കാര്യത്തിൽ മാത്രമായിരുന്നു അവിടെ മൽസരം. ഇതിനാകട്ടെ പത്രലേഖകർക്കു മുന്നിൽ സമയവുമുണ്ടായിരുന്നു. എവിടെയെങ്കിലും പിഴച്ചാൽ തിരുത്താൻ 24 മണിക്കൂർ കാത്തിരിക്കണമെന്ന പ്രശ്‌നം ഭിഷണിയായിട്ടുണ്ടായിരുന്നതിനാൽ അവർ ജാഗരൂകരുമായിരുന്നു! ഇന്നാകട്ടെ ചാനലുകൾ സംഭവമുണ്ടായി മൂന്നാം മിനുട്ടിൽ ഫ്ലാഷായും മുപ്പതാം മിനിറ്റിൽ ദൃശ്യമായും എത്തിക്കുമ്പോൾ പത്രങ്ങൾക്കു പണി കുറയുന്നു. ചാനലുകൾ തുറന്നുവച്ചാൽ പിറ്റേന്നത്തെ പത്രത്തിലേയ്‌ക്ക്‌ ആവശ്യത്തിനു സാധനമാകുമെന്ന സ്ഥിതി! ഓരോ വാർത്തയും എത്രയും പെട്ടെന്ന്‌ പ്രേക്ഷകനിലേക്കെത്തിക്കാനുള്ള ബദ്ധപ്പാടിനിടയിൽ, കാത്തിരിക്കാനോ വിശദമായന്വേഷിക്കാനോ സമയമില്ലാത്ത ചാനലുകാർ എവിടെയെങ്കിലും കാളപെറ്റെന്നു കേട്ടാൽ ഉടൻ അതും ഫ്ലാഷാക്കും. കാള പെറ്റാൽ അതൊരു സംഭവമാണെന്ന കാര്യത്തിൽ സംശയത്തിനു വകയില്ലല്ലോ! അടുത്ത ചാനൽ ഉടൻ ഒരു മൃഗഡോക്ടറുടെ ഫോൺ-ഇൻ സംഘടിപ്പിക്കും. മറ്റൊരു ചാനൽ മുമ്പെവിടെയെങ്കിലും കാള പെറ്റിട്ടുണ്ടോ എന്നു തിരക്കും, കിട്ടിയില്ലെങ്കിൽ പശു പെറ്റതിന്റെ സ്ഥിതിവിവരക്കണക്കുകൾ നിരത്തി കാളയ്‌ക്കു പെറാനുള്ള സാധ്യതകൾ തേടും! ഒടുവിൽ കാള പെറ്റിട്ടട്ടില്ലെറിയുമ്പോൾ തിരുത്താനാകില്ലതിനാൽ അവർ അടുത്ത ഫ്ലാഷ്‌ തേടും. ആരുണ്ടിവിടെ ചോദിക്കാൻ?

അതുകൊണ്ട്‌ എല്ലാ ചാനലുകാർക്കും വേണ്ടി നമുക്കാ പഴഞ്ചൊല്ലൊന്നു പരിഷ്‌ക്കരിച്ചുപദേശിക്കാം. കാള പെറ്റാലുടൻ ദയവായി ഫ്ലാഷടിക്കരുത്‌.

ടി.സി.രാജേഷ്‌

രാജീവം,

തൂക്കുപാലം,

കല്ലാർ.പിഒ.

പിൻ - 685552.


Phone: 9447419065;
E-Mail: tcrajeshin@yahoo.co.in
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.