പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സന്തോഷ് പണ്ഡിറ്റ് - ഒരു വ്യത്യസ്ത വീക്ഷണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നാസര്‍ റാവുത്തര്‍, ആലുവ

ഉത്തരാധുനീക മുഖ്യധാരാ സിനിമാവ്യവസായം ഇന്ന് നിഗൂഢമായൊരു അധോലോകമാണ്. മാഫിയാ പ്രവര്‍ത്തനവും, ഗുണ്ടായിസവും, അനാശാസ്യവും എന്നു വേണ്ട എല്ലാതരം അധോലോക ചേരുവകളും അവിടെ ഇഴുകിചേര്‍ന്നിരിക്കുന്നു. അതൊരു ആഗോള വ്യാപകമായ മൂല്യച്യുതിയുടെ ഭാ‍ഗമാണെന്നു സൈദ്ധാന്തികപരമായി സമര്‍ത്ഥിക്കാം. പക്ഷെ, ഏതാനും ദശാബ്ദങ്ങള്‍ക്കു മുന്‍പ് സിനിമക്ക് വിശുദ്ധമായൊരു സുവര്‍ണ്ണ കലാമുഖമുണ്ടായിരുന്നു . ബുദ്ധി ജീവികളെന്നു അറിയപ്പെട്ടിരുന്ന ഒരു കാലത്തെ കലാ- സാംസ്ക്കാരിക പ്രതിഭാധനരുടെ വിഹാരവിളനിലം കൊണ്ട് സിനിമാ പ്രവര്‍ത്തനം ധന്യമയിരുന്നു. ‘ ക്ലാസിക് കാലഘട്ടം’ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന അക്കാലത്ത് ഉയര്‍ന്ന കലാമൂല്യമുള്ള , ജീവിതഗന്ധിയായ ഒരട്ടനവധി റിയലിസ്റ്റിക് ചിത്രങ്ങളാണ് അനുവാചകരുടെ മുമ്പിലൂടെ കടന്നു പോയത്. നാടകശാഖയും , ചലചിത്ര ശാഖയും പരസ്പരം അനുപൂരകമായി അനുവര്‍ത്തിക്കുകയും ഇതര കലാകാരന്‍മാര്‍ക്ക് ദ്വൈത മേഖലകളുടെ സാദ്ധ്യതകള്‍ അനന്തമായി തുറന്നു കൊടുക്കുകയും ചെയ്തിരിന്നു. അപ്രകാരം പിറവികൊണ്ട ഉത്കൃഷ്ട ചലച്ചിത്ര - നാടക കാവ്യങ്ങളാണ് ‘ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ , ‘ കാട്ടുകുതിര’ തുടങ്ങിയവ. നാടകകലയുടെ സങ്കീര്‍ണ്ണമായ അവതരണ സ്വഭാവം ചലച്ചിത്രത്തില്‍ ലളിതവത്ക്കരിക്കപ്പെട്ടപ്പോള്‍ സിനിമയെന്ന ആസ്വാദന മാധ്യമം പൊതു സമൂഹത്തിലേക്കു അതീവസംവേദനക്ഷമതയോടെ ആഴത്തില്‍ വേരൂന്നി വളരുവാന്‍ ഇടയാക്കി.

നാടകത്തേപ്പോലെ തന്നെ അഭിനയം , നൃത്തം, ഗാനം, സാഹിത്യം , രംഗകല, സംഗീതം തുടങ്ങിയ കലാശാഖകളെത്രയും ചലച്ചിത്രത്തിലും ആസ്വാദ്യമാം വണ്ണം ഉള്‍ച്ചേര്‍ന്നിരിക്കുന്നതിനാല്‍ സിനിമയിലൂടെ അസംഖ്യം കലാകാരന്‍മാര്‍ വളര്‍ന്നു വന്നു. അനുഗ്രഹീതരായ ആ കലാകരന്‍മാര്‍ക്ക് കല ഒരു തപസ്യയായിരുന്നു. തങ്ങള്‍ക്ക് വര‍ദാനമായി ലഭിച്ച ജനമമത്രയും കലയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. നിസ്വാര്‍ത്ഥവും ആത്മാര്‍പ്പിതവുമായ ആ കലാപ്രവര്‍ത്തനങ്ങളില്‍ കലാകൈരളി സമ്പന്നമായി. ചെമ്മീന്‍, നിര്‍മ്മാല്യം എന്ന ശ്രേണിയില്‍ പെട്ട ചലചിത്ര മഹാകാവ്യങ്ങള്‍ ഒഴുകിയെത്തിയത് ആ ഒരു സുവര്‍ണ്ണ കാലഘട്ടത്തിലായിരുന്നു. എം. ടി , ഓ എന്‍. വി , വയലാര്‍, ദക്ഷിണാമൂര്‍ത്തി , ദേവരാജന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, ഭരതന്‍, ഹരിഹരന്‍ എന്നിങ്ങനെ നീളുന്ന ചലച്ചിത്രപ്രതിഭകളിലൂടെ മലയാള ചലച്ചിത്ര ശാഖ ഒരു പുതിയ ക്ലാസ്സിക്ക് യുഗത്തിനു നാന്ദി കുറിക്കുകയായിരുന്നു.

എണ്‍പതുകളുടെ തുടക്കത്തോടെയാണ് ചലചിത്രത്തിന്റെ തനതായ സ്വഭാവത്തില്‍ മാറ്റം വരുന്നത്,. സ്വാര്‍ത്ഥപരമായ കച്ചവടസ്വഭാവം സിനിമയെ അടി മുടി മാറ്റി മറിച്ചുകൊണ്ടിരുന്നു. വില്‍പ്പനക്കായി വച്ചിരിക്കുന്ന കേവലം ഒരു കച്ചവടവസ്തു എന്ന നിലയില്‍ പണമുണ്ടാക്കാനുള്ള പ്രമേയങ്ങളെന്തും ന്യായീകരിക്കപ്പെട്ടു. ലാഭക്കഴുകന്‍മാരായ നിര്‍മ്മാണമുതലാളിമാരുടെ വിലപേശലുകളുടെ ഭീകരമുഖം സിനിമയെ വികലമാക്കി പൈതൃകേനെയുള കലാശ്രേഷ്ഠത പാ‍ടേ തള്ളിക്കളഞ്ഞ് വളരെ നിര്‍ബാധം ജനങ്ങളെ കയ്യിലെടുത്തുകൊണ്ടുള്ള ഒരു തരം ‘ തട്ടുപൊളിപ്പന്‍ ‘ ചേരുവകളോടെ രസഗോളം ചമയ്ക്കുകയായിരുന്നു തുടര്‍ന്നങ്ങോട്ട് സിനിമ.

ഇന്നിപ്പോള്‍ കാലം മാറി. അതുപോലെ ചലച്ചിതലോകവും. കാലത്തിന്റെ ഓരോ ചലനവും ആദ്യം പ്രതിഫലിക്കുന്നത് അതീവ സെന്‍സെറ്റീവ് മീഡിയയായ സിനിമയിലാണ്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ജ്വലിച്ചു നിന്ന പൈതൃക കലകളിലേക്കൊന്നും ആരും ഇറങ്ങിപ്പോകുന്നില്ല. കാലക്രമേണേ അവയെല്ലാം അന്യം നിന്നാലും അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ല. ഏതു വിധേയേനേയും പണമുണ്ടാക്കണം. പണവും,പ്രശസ്തിയുമുണ്ടാക്കാനുള്ള ഒരു ഉത്തമ “ ഗ്ലാമര്‍ ഫീല്‍ഡ്’ ‘ സിനിമയല്ലാതെ മറ്റെന്താണ്?. ആഗോള സാമൂഹ്യവിപത്തായ മൂല്യാപചയം ചലചിത്ര മേഖലയെ തെല്ലൊന്നുമല്ല ബാധിച്ചത്. സുഖലോലുപരുടേയും പണക്കൊതിയന്മാരുടേയും , ആഭാസന്മാരുടേയും ഈറ്റില്ലമായി സിനിമാവ്യവസായം അധ: പതിച്ചു. ഗുണ്ടാവിളയാട്ടങ്ങളും , പെണ്‍ വാണിഭവും , ദുരൂഹമരണങ്ങളും , കള്ളപ്പണവും എന്നു വേണ്ട എല്ലാത്തരം പേക്കൂത്തുകളും കൊണ്ട് സിനിമയെ ഒരു ഹൈടെക് അധോലോകമാക്കി മാറ്റി. ഇവിടെ കലയില്ല പകരം കലയെ കൊലചെയ്യുന്ന ‘ കൊലവെറി’ കളേയുളളൂ. സീനിയര്‍ നടനായ തിലകനുമായി ബന്ധപ്പെട്ടും നടന്‍ വിജയകുമാറുമായി ബന്ധപ്പെട്ടും മറ്റും ഗുണ്ടാ ആക്രമണങ്ങള്‍ നമ്മള്‍ മാധ്യമങ്ങളിലൂടെ വായിച്ചതാണ്. ശബരീനാഥ് കേസിലും , പോള്‍ മുത്തൂറ്റ് വധത്തിലും ചില സൂപ്പര്‍ നടികളുടെ പേരുകളും ഉയര്‍ന്നു വന്നിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയും വസതികളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തത് എന്തിനായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളു. സിനിമാ നടനായ രാജ്മോഹന്‍ ഉണ്ണിത്താനും, മന്ത്രി പുത്രനും , നടനുമായ ബിനിഷും മറ്റും ഉണ്ടാക്കിയ പുകിലുകള്‍ അത്ര നിസാരമൊന്നുമല്ലല്ലോ?. നടീനടന്മാരായ നീലചിത്രക്കാരുടേയും , പെണ്‍ വാണിഭക്കാരുടേയും പേരുകള്‍ അതിബാഹുല്യം മൂലം നമുക്ക് ഇവിടെ ഒഴിവാക്കാം. വ്യാജ സിഡികളുടെ ഉറവിടം തേടിയിറങ്ങുന്ന പോലീസുകാ‍ര്‍ അതിന്റെ വഴിവക്ക് വില്‍പ്പനക്കാരില്‍ മാത്രം ഒതുങ്ങുകയാണ് പതിവ്. കാരണം, സൂപ്പര്‍ താരങ്ങള്‍ തമ്മിലുള കുടി പ്പകയാ‍ണ് അതിനു പിന്നിലെന്നാണ് അണിയറഭാഷ്യം. അങ്ങനെ എല്ലാം കൊണ്ടും സിനിമാലോകമെന്നത് അധോലോക മാഫിയാ സംഘങ്ങളുടെ ഒരു തരം കൂട്ടായ്മയാണെന്നു അസന്ദിഗ്ദ്ധം മനസിലാക്കാവുന്നതാണ്.

പണക്കൊഴുപ്പും , അമിതപ്രശസ്തിയും , ഗ്ലാമര്‍ പരിവേഷവും നല്‍കുന്ന തലക്കനം മൂത്ത് ഒരു തരം അഹങ്കാരത്തിന്റെ കൊടുമുടിയിലാണ് പല നടീനടന്മരും. കൊടുമ്പിരി മൂത്ത ധിക്കാരത്താല്‍ കണ്ണിനുമുമ്പില്‍ കാണുന്നതെന്തിനോടും അവര്‍ക്ക് അവഞ്ജയും, പുച്ഛവുമാണ്. ശ്രീമാന്‍ മമ്മൂട്ടി തന്നെ തന്റെ പ്രാരംഭകാലത്ത് മാധ്യമ ങ്ങള്‍ക്കൊനും പിടികൊടുക്കാറില്ലായിരുന്നു. ഇപ്പോള്‍ മാധ്യമങ്ങള്‍ തീര്‍ത്തും ജനകീയമായപ്പോള്‍ മൂപ്പരുടെ സ്വഭാവവും മാ‍റി , അല്ലെങ്കില്‍ മാറ്റേണ്ടി വന്നു. നടനായാല്‍ പിന്നെ പ്രധാമന്ത്രിയേപ്പോലെയാണ് ചിലരുടെ തിടര്‍ന്നുള്ള ഭാവ പെരുമാറ്റങ്ങള്‍ . ജനം കനിഞ്ഞു തരുന്ന അംഗികാരമാണ് ഒരു നടന്റെ യശസ്സും, കിര്‍ത്തിയുമെന്നത്. ജനത്തിനറിയാം അത് ആര്‍ക്ക് എപ്പോള്‍ കൊടുക്കണം എന്നത്. പര‍അമാധികാരത്തില്‍ ജനം പ്രതികൂലതീരുമാനമെടുക്കുമ്പോഴാണ് ചില കൊടികുത്തിയ നടീനടന്മാര്‍ക്ക് പണിയില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്നത്. ചില മെഗാതാരങ്ങള്‍ സിനിമയുടെ നിമിത്താകുന്നതിലുപരി അവര്‍തന്നെ സ്വയം സിനിമയാകുന്നതാണ് പുതു തലമുറയുടെ പ്രഥമ ശാപം. താരമൂല്യം നല്‍കുന്ന മിനിമം ഗ്യാരണ്ടി മുന്നിര്‍ത്തി അവരെ കാസ്റ്റ് ചെയ്താല്‍ സംവിധായകനെ ‘ പോത്തുണ്ണി’ കളാക്കി സിനിമയുടെ ഗതിതന്നെ അവര്‍ മാറ്റിക്കളയും . കുടെ അഭിനയിക്കേണ്ട നടിനടന്മാര്‍, സ്വന്തം നായിക, ക്യാമറാ ആംഗിള്‍ , കോസ്റ്റ്യൂംസ്, ലൊക്കേഷന്‍, ക്ലൈമാക്സ് എന്നു വേണ്ട സര്‍വ്വവും അവരുടെ നിയന്ത്രണത്തിലാക്കും. സംവിധായകന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യം കേവലം പേരിനു മാത്രം. ഇതില്‍ മനം നൊന്താണ് കെ. ജി ജോര്‍ജിനേപ്പോലെയുള്ള ആദ്യ കാല പ്രതിഭകള്‍ സിനിമാമേഖല തന്നെ പാടെ ഉപേക്ഷിച്ചത്. ചില മെഗാതാരങ്ങള്‍‍ തന്നെ കേന്ദ്രകഥാപാത്രങ്ങളായി സ്വയം സിനിമ നിര്‍മ്മിക്കുന്നതും പുതുതലമുറക്ക് വെല്ലുവിളിയാണ്. സിനിമയെന്നാല്‍ മെഗാതാരങ്ങളായ തങ്ങളാണ്. തങ്ങളുടേതു മാത്രംയിരിക്കണം എല്ലാ സിനിമകളും. തങ്ങളല്ലാതെ മറ്റാരും സിനിമയില്‍ വളരരുത്. സിനിമാപ്പണം മുഴുവനും തങ്ങളില്‍ മാത്രം കേന്ദ്രികരിക്കണം ഈ സങ്കുചിത അല്പത്വമാണ് കാലിക സിനിമാ വ്യവസായത്തില്‍ മുഴച്ചു നില്‍ക്കുന്നത്.

തൊഴില്‍ പരമായ അടിസ്ഥാന ആവശ്യങ്ങള്‍‍ക്കു വേണ്ടിയാണ് സംഘടനാപരമായി ഏകീകരിക്കുന്നത്. കോടികള്‍ പ്രതിഫലമായി കൈപറ്റുന്ന താരങ്ങള്‍ക്ക് മറ്റെന്ത് അടിസ്ഥാന അവകാശങ്ങളാണുള്ളതെന്നും മുക്കത്തു വി‍രല്‍ വച്ചു ചോദിച്ചു പോകും. അതിന്റെ യുക്തി വിശകലനം അവിടെ നില്‍ക്കട്ടെ. സിനിമയില്‍ നടന്‍മാര്‍ ‍മുതല്‍ തൂപ്പുകാര്‍ വരെ ഉള്ളവര്‍ക്ക് സംഘടനകളുണ്ട്. ഈ സംഘടനാബാഹുല്യമാണ് സിനിമാ പ്രതിസ്ന്ധിക്കു മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ചില മൂന്നാംകിട രാഷ്ട്രിയക്കാരേപ്പോലെ സഘടനയിലെ തൊഴുത്തില്‍ക്കുത്തും , ചേരിപ്പോരും, കുതികാല്‍ വെട്ടും കഴിഞ്ഞ് സംശുദ്ധമായ കലാസാക്ഷാത്ക്കാരത്തിനായി എവിടെ നേരം? മാക്ട , ഫെഫ്ക്ക , അമ്മ ഇതില്‍ അണ്ടിയാണോ മൂത്തത്? മാങ്ങയാണോ മുത്തത്?.. മൂന്നും മൂന്നു നാട്ടുരാജ്യങ്ങളാണ്. പരസ്പരം ശത്രുതയോടെ കലഹിക്കുന്ന രാജാക്കന്‍മാരാണ് ഭരണാധികാരികള്‍ . കൊണ്ടും, കൊടുത്തും ,കൊലവിളിച്ചും, അങ്കം വെട്ടിയും ആ നാട്ടു രാജ്യങ്ങള്‍‍ അങ്ങനെ നിലനിന്നു വരുന്നു.

ഇതിനിടയിലാണ് നമ്മുടെ കഥാനായകനായ സന്തോഷ് പണ്ഡിറ്റ് കടന്നു വരുന്നത്. അതു വരെ നിലനിന്നിരുന്ന സകല സിനിമാ സമ്പ്രദായങ്ങളെയും , സമവാക്യങ്ങളേയും ചട്ടക്കൂടുകളേയും തിരുത്തിക്കുറിച്ചു കൊണ്ട് ഈ സിനിമാകലിയുഗത്തില്‍ ‘ കൃഷ്നനും രാധയും’ അവതരിക്കുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് മാമൂലുകളേയും , കിഴ്വഴക്കങ്ങളേയും തച്ചുടച്ച ഒരു ഉത്പതിഷ്ണുവിന്റെ ജൈത്രയാത്രയായിരുന്നു. സിനിമാക്കാരന്റെ അഹംഭാവവും, പണക്കൊഴുപ്പും , തമ്മില്‍ തല്ലും അസന്മാര്‍ഗ്ഗികതയും , താരാധിപത്യവും കണ്ടുമടുത്ത് പൊറുതിമുട്ടിയ ജനം സന്തോഷ് പണ്ഡിറ്റിനെ ഒരായിരം കൈ നീട്ടി സ്വികരിച്ചു. നൃത്തച്ചുവടുകളുമായി ആഘോഷപുര്‍വം വരവേറ്റു. അത് കൊള്ളേണ്ടവര്‍ക്ക് കൊണ്ടു. അമേരിക്കന്‍ ധിക്കാരത്തിന്റെ നെറുകയിലേക്ക് ബിന്‍ലാദന്‍ രണ്ടു വിമാനാസ്ത്രങ്ങള്‍‍ തൊടുത്തുവിട്ടപ്പോള്‍ ലോകത്തിലെ നമ്പര്‍ വണ്‍ അച്ചുതണ്ട് ശക്തി ഒന്നു നടുങ്ങി. അതു പോലെ സന്തോഷ് പണ്ഡിറ്റ് സിനിമാ ചക്രവര്‍ത്തിമാരുടെ നെറുകിയിലേക്ക് കൃഷ്ണനും രാധയും എന്ന ആഗ്നേയാസ്ത്രം തൊടുത്തു വിട്ടപ്പോള്‍ താരലോകം ഒന്നടക്കം ഒന്നു നടുങ്ങി വിറച്ചു. തരരാജാക്കന്‍മാരുടെ സിംഹാസനം ഒന്നു ഇളകി. പിന്നെ പതിവു ശൈലിയില്‍ എതിരാളിയെ ഏതു ‍ഈതിയിലും തറപറ്റിക്കാനുള കുത്സിത ശ്രമങ്ങളുടെ ഘോഷയാത്രയായിരുന്നു. പരിഹാസം,... അധിക്ഷേപം,.... കൂകി വിളി,.... ഭ്രാന്തനാക്കല്,‍... റിലീസിംഗ് തടസപ്പെടുത്തല്‍,... മുട്ടയേറ് ... പച്ചക്ക് തിന്നാന്‍ കിട്ടിയാല്‍ ചിലപ്പോള്‍ അതും ചെയ്തെന്നു വരും. അതെല്ലാം നെഗറ്റിവ് പബ്ലിസിറ്റിയുടെ പുഷ്പഹരമാകി നിശ്ചയദാര്‍ഢ്യത്തോടെ സന്തോഷ് പണ്ഡിറ്റ് മുന്നേറുകയായിരുന്നു. യു. ട്യുബും ഫെയ്സ് ബുക്കും നല്‍കിയ സാങ്കേതിക സാദ്ധ്യതകളിലൂടെ വിജയം കൊയ്തെടുത്ത് ആചെറുപ്പക്കാരന്‍ സിനിമാനഭസിലെ പൊന്‍താരകമായി വിണ്ണോളം വളര്‍ന്നു കഴിഞ്ഞു.

ഇന്നത്തെ സിനിമാ ലോകത്ത് സാര്‍വത്രികമായി ഉയര്‍ന്നു കേള്‍‍ക്കുന്ന ഒരു സാങ്കേതിക പദമാണ് ‘ സിനിമാ പ്രതി സന്ധി’ യെന്നത്.താരങ്ങള്‍ക്കൊക്കെ ലക്ഷങ്ങളും, കോടികളും പ്രതിഫലമാ‍യി മുറതെറ്റാതെ കിട്ടുന്നുണ്ട്. ഇറങ്ങുന്ന സിനിമകളത്രയും കേരളദേശം സി . ഡി യായും മറ്റും കാണുന്നുണ്ട്. എന്തുദ്ദേശ്യത്തോടെയാണോ പ്രൊഡ്യുസര്‍ സിനിമയില്‍ പണം മുടക്കുന്നത് ആ ഉദ്ദേശ്യം തൃപ്തികരമായി സാക്ഷാത്ക്കരിക്കപ്പെടുന്നുമുണ്ട്. പിന്നെ , ആര്‍ക്കാണ് സിനിമാപ്രതിസന്ധി. അങ്ങെനെയൊരു സംഭവമേയില്ലെന്ന് കൃഷ്നനും രാധയിലൂടെ സന്തോഷ് പണ്ഡിറ്റ് തെളിയിച്ചുകഴിഞ്ഞു. സിനിമാ ചിത്രീകരണം പോലും കണ്ടിട്ടില്ലാത്ത സന്തോഷ് പണ്ഡിറ്റ് കേവലം അഞ്ചു ലക്ഷം രൂപ കൊണ്ട് ഒരു സിനിമയുണ്ടാക്കി അഞ്ചകോടി സമ്പാദിച്ച് പ്രദര്‍ശന വിജയം കൊയ്തെടുത്തുവെന്നത് ഏതൊരു സിനിമാക്കാരനേയും ഞെട്ടിക്കുന്ന സംഭവമാണ്. ഇതേസമയത്തു വന്ന എത്രയൊ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ‘ ആദാമിന്റെ മകന്‍ അബു’ വിന് എന്തു പറ്റിയെന്നു സിനിമാ മാര്‍ക്കറ്റിംഗ് ഗവേഷകര്‍ തന്നെ ഉത്തരം കണ്ടെത്തട്ടെ.

പണ്ഡിതവരേണ്യ - മുതലാളി വര്‍ഗ്ഗ വിഭാഗത്തിന്റെ മാത്രം കുത്തകയല്ല സിനിമയെന്നത്. ആധുനിക ഡിജിറ്റല്‍ ഹൈടെക് യുഗത്തില്‍ കെവലം ഒരു കാറ് വാങ്ങാവുന്ന പണം കൊണ്ട് മന‍സ്സില്‍ ഒരു കഥയുണ്ടെങ്കില്‍ , അത് ചിത്രീകരിക്കാനുള വാസനയും, ഭാവനയുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും സ്വയം തൊഴിലായി ഒരു സിനിമയെടുക്കാം. അതാ‍ണ് സന്തോഷ് പണ്ഡിറ്റ് ഓരോ യുവാക്കള്‍‍ക്കും കാണിച്ചു കൊടുത്തത്. അതായത്, ചില്ലു മേടയിലിരിക്കുന്ന വരേണ്യവര്‍ഗ്ഗത്തില്‍ നിന്നും സിനിമാ നിര്‍മ്മാണത്തെഇങ്ങ് താഴെ തട്ടിലുള്ള സാധാരണ ജനങ്ങളുടെ കൈകളിലേക്കെത്തിച്ചു. ഒന്നു കുടി ലളിതമായി പറഞ്ഞാല്‍ സിനിമയെ ഒരു കുടില്‍ വ്യവസായമാക്കി മാറ്റി.

പഴയകാലത്ത് നെഞ്ചും തടവി, തലക്കെട്ട് കെട്ടി, കണ്ണുരുട്ടി തലക്കനം കാണിച്ച് മഹാപ്രതിഭയായ ശ്രീ. ബാലചന്ദ്രമേനോന്റെ പിന്‍ തലമുറക്കാരനായിട്ടു വേണം സന്തോഷ് പണ്ഡിറ്റിനെ കാണാന്‍. അന്ന് കഥ, തിരക്കഥ, സംവിധാനം, അഭിനയം ഗാനരചന ഇതെല്ലാം ശ്രീ. മേനോന്റെ മാത്രം കുത്തകയായിരുന്നു. പക്ഷെ, സന്തോഷ് പണ്ടിറ്റ് ഒരു പടി കൂടി മുന്നോട്ടു പോയി. സിനിമാറ്റോഗ്രഫിയൊഴികെ സിനിമയുടേ 22 മേഖലകളില്‍ കൂടി കൈവച്ച് അദ്ദേഹം ചരിത്രം തിരുത്തിക്കുറിച്ചു. അതാണ്, യഥാര്‍ത്ഥ പ്രതിഭാവിലാസം.കലാലോകത്ത് പതിറ്റാണ്ടുകള്‍ക്കിടയില്‍ മാത്രം വന്നു ചേരുന്ന അത്ഭുത പ്രതിഭാസമാണത്.

വൈഡ് റിലീസിംഗ് സമ്പ്രദായത്തിലൂടെ അണ്‍ റിലീസിഡ് തിയേറ്ററുകളെ ഉന്മൂലനം ചെയ്യുന്ന മാഫിയ സംഘങ്ങളുടെ നിഗൂഢ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കെതിരെ ഒരു കൈത്താങ്ങാണ് കൃഷ്ണനും രാധയും. ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ആ പഴയ ടാക്കീസ് ഗൃഹാതുരത്വം’ കാലയവനികക്കുള്ളില്‍ അസ്തമിക്കാതിരിക്കനമെങ്കില്‍ തിയറ്റര്‍ ലോബികള്‍ കുതുകാല്‍ വെട്ടിയെറിഞ്ഞ സിനിമയ്ക്ക് ജീവശ്വാസം നല്‍കിയേ പറ്റു. അതുകൊണ്ട് ഒരു സന്തോഷ് പണ്ഡിറ്റിനു മാത്രമല്ല , ഒരു നൂറായിരം സന്തോഷ് പണ്ഡിറ്റുമാര്‍ക്ക് വീഥിയൊരുക്കി നമുക്ക് കാത്തിരിക്കാം. സിനിമയെ കാര്‍ന്നു തിന്നുന്ന താരാധിപത്യത്തെ തകര്‍ക്കാന്‍, തിയേറ്റര്‍ മാഫിയകളുടെ നടുവൊടിക്കാന്‍ , കള്ളപ്പണക്കാരെ തൂത്തെറിയാന്‍ , കൂതറ നടികളുടെ ഉടുതുണിയഴിച്ചാട്ടം അവസാനിപ്പിക്കാന്‍ ഒരു സിനിമാ വിപ്ലവകാരിയെ സാംസ്ക്കാരിക കേരളത്തിന് ആവശ്യമുണ്ട്. ആ സ്ഥാനത്ത് നിസംശയം നമുക്ക് സന്തോഷ് പണ്ഡിറ്റിനെ പ്രതിഷ്ഠിക്കാം.

ചില സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ഗ്ലാമര്‍ വച്ച് നിങ്ങളെ ചൂഷണത്തിനു വിധേയരാക്കുന്നു. അംഗചേഷ്ടകളില്‍ വീരത്വം പ്രകടിപ്പിച്ചും , എഡിറ്റിംങ്ങില്‍ ജാലവിദ്യകള്‍ കാണിച്ചും , മേക്കപ്പില്‍ യുവകോമളത്വം വരുത്തിയും, ‘ സ്റ്റയില്‍ ബൂസ്റ്റപ്പ്’ സൃഷ്ടിച്ച് നിങ്ങളില്‍ ഒരു തരം അഡിക്ഷന്‍ ഉണ്ടാക്കുന്നു. ഇത് ആപത്താണ്. ആ നടന്റെ പ്രസന്ന സവിശേഷതകളില്‍ താദാമ്യം പ്രാപിക്കാന്‍ ശ്രമിക്കുന്നതിലൂടെ അയാള്‍ നിങ്ങളെ പൂര്‍ണ്ണ മായും കീഴ്പ്പെടുത്തി പരോക്ഷമായി നിങ്ങളുടെ പണം കവരുന്നു. ആ പ്രത്യേക നടന്റെ ചിത്രങ്ങള്‍ നയാഭിരാമമായി നിങ്ങള്‍ക്കു തോന്നുന്നു. ആ നടന്റെ സ്സിനിമകള്‍ കാണുവാന്‍ നിങ്ങള്‍ ശ്രമാവഹമായി ശ്രമിക്കുന്നു. കൗതുകം മൂത്ത് ഒരു ഫാനാകുന്നു. അന്ധമായ ആരാധന. ...ഇത്രയുമായാല്‍ തന്നെ നിങ്ങള്‍ക്കു മനശാസ്ത്ര പരമായ അഡിക്ഷന്‍ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഈയൊരു അധ:പതനത്തില്‍നിന്നും ആത്മ പരിശോധനപരമായ ഒരു തരം ഉത്തേജനം തരുവാന്‍ സന്തോഷ് പണ്ഡിറ്റിനേപ്പൊലുള്ളവര്‍ക്കേ സാധിക്കു. നടന്‍മാര്‍ കപടതന്ത്രം പയറ്റുകയാണെന്നും ശ്രമിച്ചാല്‍ നിങ്ങളില്‍ നിന്നും ഒരു നടനെ ഉയര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും , മറ്റുള്ളവരെ മനശാസ്ത്രപരമായി കീഴ്പ്പെടുത്താനുള്ള സാധ്യതകള്‍ നിങ്ങളിലും ഉറങ്ങിക്കിടക്കുന്നുവെന്നും ബോധ്യപ്പെടുത്താന്‍ ഒരു നിമിത്തമായാണ് സന്തോഷ് പണ്ഡിറ്റ് കടന്നു വരുന്നത്.

സന്തോഷ് പണ്ഡിറ്റിനെ റബേക്കാ ബ്ലാക്കിനോടാണ് ചിലര്‍ ഉപമിച്ചുകാണുന്നത്. ലോസ് ഏഞ്ചത്സിലെ അന്നഹീമില്‍ നിന്നും വന്ന ഒരു പതിനാറുകാരി സുന്ദരി പെണ്‍കുട്ടി ഇമചിമ്മി തുറക്കുന്ന വേഗത്തില്‍ 18 കോടി ജനങ്ങളുടെ പ്രിയങ്കരിയായതിനു പിന്നിലും യു ട്യൂബും, ഫെയ്സ് ബുക്കുമൊക്കെയാണ്. ഗാനപരമായ യാതൊരു ശാസ്ത്രീയ കീഴ്വഴക്കങ്ങളുമില്ലാതെ കേവലം കൗമാരക്കാരിയുടെ ചാപല്യത്തോടെ ഒറ്റ ദിവസം കൊണ്ട് ചിത്രീകരിച്ച ‘ ഫ്രൈഡെ” എന്ന ഗാനമാണ് റബേക്കക്ക് നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ആ‍ഗോളസംഗീതനഭസിന്റെ നെറുകയില്‍ കനകസിംഹാസനം സ്വായത്തമാക്കികൊടുത്തത്. റബേക്കയെ പരിഹസിച്ചവര്‍ക്ക് തെറ്റി. ആ ഇളം കുരുന്നിനെ കാണാന്‍ അമേരിക്കന്‍ പോപ്പ് തരംഗം കാത്തിപെറി കുതിച്ചെത്തി. തന്റെ സ്വന്തം സംഗീത ആല്‍ബമായ ‘ ലാസ്റ്റ് ഫ്രൈഡേ നൈറ്റില്‍ ‘ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ റബേക്കയെ ക്ഷണിച്ചു. തീര്‍ന്നില്ല ലോകം ഒന്നടങ്കം ഓണ്‍ലൈനായി കാണുന്ന എം. ടി വി അവാര്‍ഡ് ദാനചടങ്ങിന്റെ അവതാരകപ്പട്ടവും റബേക്കയെ തേടിയെത്തി. ഇതുപോലെ , മലയാള സിനിമയെ ഒന്നടങ്കം പിടിച്ചു കുലുക്കിയ സന്തോഷ് പണ്ഡിറ്റിനെ കാത്ത് ഒരു പാട് അവസരങ്ങള്‍ വരാനിരിക്കുന്നതേ ഉള്ളു . 2011 ലെ ഒരു വിചിത്ര സിനിമ പ്രതിഭാസമായി വന്നുകയറിയ അദ്ദേഹത്തെ ആക്ഷേപിച്ചവര്‍ , തെറി വിളിച്ചവര്‍ ഒരിക്കല്‍ ലജ്ജിച്ചു തല താഴ്ത്തും. സന്തോഷ് പണ്ഡിറ്റ് രക്ഷാധികാരിയായി സമാനമനസ്ക്കരുടെ ഒരു ബദല്‍ സിനിമാ സംഘടനയും നിലവില്‍ വന്നുവെന്നിരിക്കും.സംശയിക്കേണ്ട. അസംഭവ്യമായി ഒന്നുമില്ല.. നാളത്തെ സൂര്യോദയം ഒരു പക്ഷെ സന്തോഷ് പണ്ഡിറ്റിന്റേതായിരിക്കും....

ഏകലവ്യ ചരറ്റബിള്‍ ട്രസ്റ്റിന്റെ 2011 ലെ ഏകലവ്യ ശ്രേഷ്ഠ അവാര്‍ഡിന് അര്‍ഹനായി തിരെഞ്ഞെടുത്തത് ശ്രീ സന്തോഷ് പണ്ഡിറ്റിനെയാണ്. സിനിമാ- സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീ. ഗണേഷ് കുമാ‍റിന്റെ മഹനീയ സാന്നിദ്ധ്യത്തില്‍ സീനിയര്‍ നടനായ ശ്രീ മധുവാണ് അവാര്‍ഡ് ദാനധര്‍മ്മം നിര്‍വഹിച്ചത്. സന്തോഷ് പണ്ഡിറ്റിന്റെ ശ്രേഷ്ഠതയെ തിരിച്ചറിയുന്ന ഒരു വിഭാഗം പ്രബുദ്ധ ജനങ്ങള്‍ ആ അവാര്‍ഡിനെ ഒരു ഭരത് അവാര്‍ഡായിട്ടാണ് കണക്കാക്കുന്നത്. കാരണം, അവാര്‍ഡുകള്‍ നല്‍കി ആദരിച്ച് പ്രോത്സാഹിപ്പിക്കേണ്ടത് പ്രഥമകാല്‍വെയ്പ്പിലെ വിജയങ്ങള്‍ക്കാണ്. മുപ്പതും നാല്‍പ്പതും വര്‍ഷങ്ങള്‍ കിടന്ന് നീന്തിയിട്ടുണ്ടാകുന്ന തഴമ്പുകളല്ല മഹത്തരം. പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ അനുഭവം എതു പോലീസുകാരാനേയും സ്വാഭാവികമായും സമ്പൂര്‍ണ്ണനാക്കും. തന്മൂലം ഏതു വേഷവും അനായാസമായി അയാ‍ള്‍ക്ക് അഭിനയിച്ചു ഫലിപ്പിക്കാനാകും. അതൊരു മഹത്വവല്‍ക്കരിക്കേണ്ട കാര്യമല്ല. ഒരു വ്യക്തിയുടെകേവലം സാദ്ധ്യത മാത്രമാണ്. ഉപരിയായി , സംവിധായകന്റെ ട്യൂണിനനുസരിച്ച് ആടുന്ന മരപ്പാവ മാത്രമാണ് ഒരു നടന്‍ . സംവിധായകനാകട്ടെ എഴുത്തുകാരനാല്‍ ബന്ധിക്കപ്പെട്ട സൂത്രധാരനും.അപ്പോള്‍ , സിനിമയുണ്ടാക്കുന്നത് ഒരു എഴുത്തുകാരന്റെ മനോയവനികയിലാണ്. അതായത് , സൃഷ്ടാവണ് എഴുത്തുകാരന്‍ . അവന്റെ ഭാവന യിലൂടെ കടന്നു പോകുന്ന വസ്തുതകളെ അല്ലെങ്കില്‍ കലാതരംഗങ്ങളെ അനുവാചകര്‍ക്ക് അനുഭവവേദ്യമാക്കിക്കൊടുക്കുന്ന കര്‍മ്മം മാ‍ത്രമാണ് അനുബന്ധമേഖലക്കാര്‍ ചെയ്യുന്നത്. ആയതിനാല്‍ സിനിമയിലെ പരമോന്നത ബഹുമതിക്കര്‍ഹന്‍ അത് തീര്‍ച്ചയായും എഴുത്തുകാരനാണ്. എങ്കില്‍, എഴുത്തുകാരനും , സംവിധായകനും നടനും സംഗീതവും എഡിറ്റിംഗും ഗാനവും എന്നു വേണ്ട സമസ്ത മേഖലകളത്രയും ഒരാളില്‍ മാത്രം നിക്ഷിപ്തമാകുമ്പോള്‍ അയാള്‍ക്ക് ഏത് അവാര്‍ഡ് നല്‍കിയാണ് സിനിമാ സിംഹാസനത്തില്‍ കുടിയിരുത്തേണ്ടത്? ഉത്തരമില്ല ഉത്തരമില്ലാത്ത ആപ്രഹേളിക യുടെ പേരാണ് സന്തോഷ് പണ്ഡിറ്റ്.

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴി സ്വദേശിയായ സന്തോഷ് പണ്ഡിറ്റ് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു പണ്ഡിറ്റാണ് ഇംഗ്ലീഷ് സാഹിത്യത്തിലും , എഞ്ചിനീയറിംഗിലും ബിരുദം, മനഃശാസ്ത്രത്തിലും , ഹിന്ദിയിലും ബിരുദാനന്തരബിരുദം, നിയമബിരുദം , ആസ്ട്രോളജി, ഹിന്ദി- ഇംഗ്ലീഷ് ട്രാന്‍സിലേഷന്‍ , ജര്‍മ്മന്‍ ഭാഷ എന്നിവയില്‍ ഡിപ്ലോമ, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ വെബ് ഡിസൈനിംഗ്, പ്രോഗ്രാമിംഗ്, പി. ജി ഡിപ്ലോമ ഇന്‍ മള്‍ട്ടി മീഡിയ , ഫിലിം എഡിറ്റിഗ് ഗ്രാഫിക്സ്, പിന്നെ ഡി. ടി. പി ടൈപ്പ് റൈറ്റിംഗ് , സ്റ്റനോഗ്രാഫി എന്നിങ്ങനെ നീളുന്നു വിദ്യാഭ്യാസ യോഗ്യതകാളുടെ ആകെത്തുകയാണ് ശ്രീ. സന്തോഷ് പണ്ഡിറ്റ്.തന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നും ആര്‍ജ്ജിച്ചിട്ടുള്ള ഭൗതീക ജ്ഞാനത്തിന്റെ ഉള്‍പ്പരപ്പില്‍ നിന്നുമാണ് അദ്ദേഹം കലാലോകത്തേക്കു പിച്ച വച്ചു വന്നത്. സിനിമയോടുള്ള അടങ്ങാത്ത വൈജ്ഞാനിക തൃഷ്ണ , കടുത്ത ജീവിത സാഹചര്യങ്ങള്‍ നല്‍കിയ ആത്മവിശ്വാസം , പിന്തുടര്‍ച്ചയായി കിട്ടിയ മൂന്നു വീടുകളില്‍ ഒന്നു വിറ്റു കിട്ടിയ പണം ഇത്രയുമായപ്പോള്‍ തന്നെ കൃഷ്ണനും രാധയും പിറക്കുകയായി. അതിനു മുമ്പ് ‘ കല്യാണിയുടെ കല്യാണം’ എന്ന ടെലിഫിലിം സ്വന്തമായി നിര്‍മ്മിച്ചുള്ള അനുഭവപരിചയം കൂടിയായപ്പോള്‍ ചില പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ‘ കൃഷ്ണനും രാധയും ‘ ഏറെക്കുറെ അര്‍ത്ഥപൂര്‍ണ്ണ മാവുകയായിരുന്നു. ചില പഴയ കാല നടന്‍മാരേപ്പോലെ സന്തോഷ് പണ്ഡിറ്റ് ‘ ചാന്‍സ്’ തേടി തെണ്ടി കോടാമ്പക്കത്തു അലഞ്ഞില്ല ; ഒരു സംവിധായകന്റേയും വാതിക്കല്‍ മുട്ടിയില്ല. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ സിനിമ പിടിച്ച് സിനിമയെ പഠിച്ചു’ പഠിച്ചു വെന്നു മാത്രമല്ല , സിനിമയുടെ സമസ്തമേഖലകളിലും പ്രാവീണ്യമാര്‍ജ്ജിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്‍ ഈ ലേഖകന്റെ എല്ലാ വിജയാശംസകളും നേരുന്നു

നാസര്‍ റാവുത്തര്‍, ആലുവ

ആലുവ
Phone: 9496181203
E-Mail: nazarrawther@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.