പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വെളിച്ചം വിതറുന്ന യാമം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സക്കറിയാസ്‌ നെടുങ്കനാൽ

ഉറക്കത്തിനു തൊട്ട്‌ മുമ്പോ, ഉണരാറാകുമ്പോഴോ, ഉള്ളിൽ ചിതറിക്കിടന്ന ചില ആശയകോശങ്ങൾ തമ്മിലുരുകിച്ചേർന്ന്‌ ഒന്നാകുന്നയനുഭവം ചിലർക്കെങ്കിലും ഉണ്ടാകാറുണ്ട്‌. ഇതാ അങ്ങനെ ചിലത്‌.

വിളയിക്കുക (പഞ്ചാരപ്പാനിയിലിട്ടു പലഹാരത്തെ മധുരിപ്പിക്കുക) വിളയുക (ഫലങ്ങൾ സൂര്യതാപമേറ്റ്‌), വിലയിക്കുക (പ്രാണനിൽ നിന്നെല്ലാം ജനിക്കുന്നു, അതിൽത്തന്നെ വിലയിക്കുന്നു), വിളക്കുക (പൊട്ടിയ ആഭരണം), വിളക്ക്‌ (ദീപം - പ്രകാശത്തിൽ മുക്കുന്ന ഉപകരണം) എന്നീ വാക്കുകളിലെല്ലാം മൂലമൊന്നാണല്ലോ. ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ‘വില’യേറുന്ന രീതിയാണ്‌ ഇതിലോരോന്നിലും തെളിഞ്ഞുവരുന്നത്‌. ചുറ്റുമുള്ളവയിൽ വിലയിക്കുകയെന്നാൽ വീണ്ടും വിളയുകയാണ്‌, അതായത്‌, പക്വമാകുക. വിലയില്ലാത്തത്‌ ഒന്നുമില്ലെന്ന അറിവിലേയ്‌ക്ക്‌ ചെന്നെത്തുന്നതും വിളയുകയാണല്ലോ. അങ്ങനെ വിളഞ്ഞു തെളിഞ്ഞ ഒരാളാണല്ലോ എഴുതിയത്‌ഃ

സർവ്വ ഭൂതവുമാത്മാവി-

ലെന്നപോൽ സർവ്വഭൂത-

ത്തിലുമാത്മത്തെയും കാണുവ-

നെന്തുള്ളൂ പിന്നെ നിന്ദ്യമായ്‌?

കൺപോളകളെ ബാധിച്ചുതുടങ്ങിയ ഗുരുത്ത്വാകർഷണം വകവയ്‌ക്കാതെ, ഇത്തരമവസരങ്ങളിൽ ചെയ്യാറുള്ളതുപോലെ, എഴുന്നേറ്റിരുന്ന്‌ ശബ്‌ദവിന്യാസങ്ങളൾ കുറിച്ചുവച്ചു. ശ്ലോകം പിന്നീട്‌ ചേർത്തതാണ്‌. നേരത്തേ എപ്പോഴോ എഴുതിയ ഒരാശയകോശത്തെ ഉള്ളിലെ ഭാഷാപ്രേമം വികസിപ്പിക്കാൻ ശ്രമിച്ചതാണെന്ന്‌ വഴിയേ മനസ്സിലായി. എഴുതിയത്‌ ഇങ്ങനെയായിരുന്നുഃ

വെറുതെ നടന്നുപോകവേ, വഴിയിൽ കിടന്നൊരു രത്‌നത്തിരി കിട്ടുമ്പോലെ, വായിച്ചുചെന്നപ്പോൾ ഒരു നല്ല ചൊല്ല്‌.

ജൽ സെമീനഃ “ഞാനെന്തിനു ജനിച്ചു; എന്നെക്കൊണ്ട്‌ ആർക്കെന്തു പ്രയോജനം?”

വിദൂഷകൻഃ “എല്ലാറ്റിനുമുണ്ട്‌ എന്തെങ്കിലും പ്രയോജനം; ഈ ചരലിനുപോലും.”

ജൽ സെമീനഃ ഈ ചരലിനോ? അതുകൊണ്ട്‌ എന്തു പ്രയേജനം?“

വിദൂഷകൻഃ അതിനതിന്റേതായ ഉദ്ദേശമുണ്ട്‌, എനിക്കോ നിനക്കോ അതറിയില്ലെങ്കിലും. അതുപയോഗശൂന്യമാണെങ്കിൽ, മറ്റെല്ലാവും ഉപയോശൂന്യമാവും, നക്ഷത്രങ്ങൾ പോലും.”

(ഫെല്ലീനിയുടെ La strada - means, The Path എന്ന സിനിമയിൽ നാടോടി സർക്കസ്‌ ട്രൂപ്പിലെ ജോലിക്കാരി ജൽ സെമീനയെ അവളുടെ മേധാവി ഉപദ്രവിച്ചുകൊണ്ടിരുന്നു. വിദൂഷകൻ അവളോട്‌ വളരെ കരുണയോടെ ഇടപെടുന്നു. - ക്ലാസ്സിക്കുകളുടെ ലോകം.)

അത്യാഗാധമായ സത്യമാണ്‌ വിദൂഷകന്റെ വായിൽനിന്ന്‌ വീണത്‌. ഏറ്റവും ചെറുതിന്‌ അതിന്റെ വില നിരസിക്കാമെങ്കിൽ, ഉപയോഗശൂന്യമാണെന്ന്‌ തെളിയിക്കാമെങ്കിൽ, അതോടെ, ഏറ്റം പ്രധാനമെന്ന്‌ നാം കരുതുന്നതും ലക്ഷ്യവിഹീനവും അപ്രധാനവുമായിത്തീരും. ഏറ്റം വലുതിനോളം തന്നെ പ്രാധാന്യമില്ലാത്ത ഒന്നുമില്ല എന്നാണതിനർഥം. ഏതെന്നുമെന്തെന്നും നിർണയിക്കാനുള്ള വിവരം ആർക്കാണുള്ളത്‌? താത്ത്വികമായി പഴുതില്ലാത്ത ഈ സത്യം എവിടേയ്‌ക്കും വ്യാപിപ്പിക്കാം. നാമറിയുന്ന നല്ലതും തീയതുമൊക്കെ - വ്യക്തികളടക്കം - അതിന്റേതായ കളി കളിക്കേണ്ടതുണ്ട്‌. നമ്മെ വെറുപ്പിക്കുന്ന, ദു;ഖിപ്പിക്കുന്ന, നിരാശപ്പെടുത്തുന്ന കാര്യങ്ങൾ പോലും, ഇഷ്‌ടവും വെറുപ്പും ദുഃഖവും അരിശവുമെല്ലാം അതനുഭവിക്കുന്നവരുടെ പ്രതികരണങ്ങളാണ്‌. ഇന്നത്‌ ഇന്നതിനു കാരണമാകുന്നു എന്നത്‌ നമ്മുടെ പരിമിത വലയത്തിലെ മാത്രം കഥയാണ്‌. മുഴുവൻ കഥ പ്രപഞ്ചത്തോളം വ്യാപ്‌തിയുള്ള അരങ്ങിലാണ്‌ കളിക്കപ്പെടുന്നത്‌. നാം കാണുന്നതല്ല ആരുടെയും ഒന്നിന്റെയും നാടകഭാഗം (role). “ആകമാനത്തിൽ നിന്നൊറ്റതിരിച്ചു കാണുന്നതൊന്നും സത്യമായ വസ്‌തുതയല്ല.” എന്ന്‌ പറഞ്ഞ്‌ മസനോബു ഫുക്കുവ്വോക്കയാണ്‌.

ആകമാനം പോയിട്ട്‌, “സ്വയമറിയാൻ (പോലും) ഒരാൾ നൂറു ജന്മമെങ്കിലും കടന്നു പോകണം.” എന്ന ചൊല്ലുണ്ടല്ലോ. നൂറു ജന്‌മമെന്നാൽ അനന്തമായ സമയമെന്നേ അർത്ഥമുള്ളൂ. സ്വയമറിയാൻ എന്നതുകൊണ്ട്‌, ആകമാനപ്രപഞ്ചത്തിൽ തന്റെ സ്‌ഥാനം എന്തെന്നറിയാൻ എന്ന്‌ മനസ്സിലാക്കണം. എന്നാൽ അത്ഭുതമല്ല, ഈ നൂറു ജന്മങ്ങളും, ഭാഗ്യമുള്ളവർക്ക്‌ മറ്റൊരാളുടെ ഒരു വിരൽസ്‌പർശത്താൽ മറികടക്കാനായെന്നു വരാം. ഇത്‌ വായിക്കുന്നവരിൽ ചിലരെങ്കിലും ഇക്കൂട്ടത്തിൽ പെട്ടവരായിക്കൂടെന്നില്ല. ഏറെനാൾ കൂടെ കഴിഞ്ഞവർ കാണാതെ പോയ, അല്ലെങ്കിൽ, കണ്ടിരുന്നെങ്കിലും പ്രകടിപ്പിക്കാനറിയാതെ പോയ, നന്മയുടെ ഒരംശമാകാം, ആത്മീയമോ, ബൗദ്ധീകമോ ആയ ഒരു കഴിവാകാം - അതംഗീകരിക്കപ്പെടുകയെന്നത്‌ ഈ പറഞ്ഞ വിരൽസ്‌പർശമായിത്തീരാം. അതുണ്ടാകുന്ന തരംഗങ്ങൾ ഔഷധിയാണ്‌, ആത്മാവിന്റെ മുറിവുകൾക്കും തീരാവ്യാധിക്ക്‌ പോലും, സ്വയമറിയാൻ അതൊരു വെളിച്ചമാകാം. നഷ്‌ടജന്‌മങ്ങളിൽ പുനർജന്മത്തിന്റെ നാമ്പായിത്തീരാം, ഈ സ്‌പർശം.

ഒരാളുടെയുള്ളിലെ പ്രകാശം മറ്റൊരാൾക്ക്‌ പങ്കുവയ്‌ക്കുന്നതിലെ അത്ഭുതമാണിത്‌. “ഒരാളുടെ സാന്നിധ്യം നിങ്ങളെ പൂർണമാക്കുന്നു എന്നയറിവ്‌ സംജാതമായാൽ, ഉള്ളിലപ്പോൾ കടലിരമ്പുന്നെങ്കിൽ, മനസ്സിൽ ആയിരം പൂക്കൾ വിടരുന്നെങ്കിൽ, മറ്റൊന്നും വേണ്ടാ, ഈയടുപ്പം മതിയെന്ന്‌ തോന്നുന്നെങ്കിൽ, എങ്കിൽ നിങ്ങൾ അയാളുടെ പ്രകാശവലയത്തിലാണ്‌, ഏത്‌ പ്രായത്തിലും ഏത്‌ പ്രായത്തിലുള്ളവരിൽ നിന്നും ഇത്‌ വന്നുഭവിക്കാം. എന്നാൽ, ഒരയൊരു വ്യവസ്‌ഥയുണ്ട്‌; ഉള്ള്‌ നിർമലമായിരിക്കണം. പ്രകാശം സുതാര്യതയിലൂടെയേ കടന്നു പോകൂ. അടുത്ത യാമത്തിലേയ്‌ക്ക്‌ ബോധം മറയുന്നത്‌ ഇങ്ങനെയാവാംഃ

അകലെയകലെയെവിടെയോ

അലിയുമോർമ്മതന്നോളങ്ങളിൽ

അറിയാതെ വീണു മയങ്ങുമൊ-

ന്നരികത്തു വന്നിടാൻ നീ കനിയുകിൽ

വ്യഥിതനെൻ മാനസച്ചരടിൽ നിൻ

വിരലൊന്നുരസിപ്പോകണേ!

അതു മതിയൊരു നവ കിരണമെന്നിൽ

പുതുജീവനേകി സ്‌ഫുരിക്കുവാൻ

അതു മതി സരസ്വതീ, ദേവീ, യെൻ

ശുഭഗ്രഹം വീണ്ടും തെളിയുവാൻ!

സക്കറിയാസ്‌ നെടുങ്കനാൽ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.