പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഹർത്താലിനെതിരെ റഫറണ്ടം വേണോ?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രസന്നകുമാർ ന്യൂഡൽഹി

പ്രതികരണം

‘പാഠം ഒന്ന്‌ ഹർത്താൽ’ എന്ന ഞാനെഴുതിയ ലേഖനത്തെ വിമർശിച്ചുകൊണ്ട്‌ നിരവധി ഈമെയിലുകൾ എനിക്ക്‌ കിട്ടുകയുണ്ടായി. എന്റെ ലേഖനത്തിന്റെ വിമർശകർക്ക്‌ മറുപടി നൽകേണ്ടത്‌ എന്റെ കർത്തവ്യമാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. കർത്തവ്യത്തിൽ നിന്നും ഒളിച്ചോടുന്നവൻ ഭീരുവാണെന്നല്ലേ ഭഗവദ്‌ഗീത ഉദ്‌ഘോഷിക്കുന്നത്‌. വിമർശനങ്ങൾക്ക്‌ നന്ദി പറഞ്ഞുകൊണ്ട്‌ ആ വിമർശനങ്ങളിലേക്ക്‌ കടക്കാം.

ചോദ്യംഃ താങ്കളുടെ ലേഖനം വായിച്ചിട്ട്‌ ചിരിക്കണോ അതോ കരയണോ എന്നറിയില്ല. കാരണം ഹർത്താലിനെ എതിർക്കുന്ന വ്യാപാരികളുടെ കടകളെ ഒറ്റപ്പെടുത്താൻ ജനങ്ങൾ തയ്യാറാകും എന്ന്‌ പറയുന്നതിൽ വല്ല കഴമ്പുമുണ്ടോ?

ഉത്തരം ഃ ഞാൻ എന്റെ ലേഖനത്തിൽ അങ്ങനെ സംഭവിക്കും എന്നല്ല പറഞ്ഞത്‌. അങ്ങനെ സംഭവിച്ചേക്കാം എന്നാണ്‌ പറഞ്ഞത്‌. കാരണം എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ്‌ ഞാൻ അങ്ങനെ പറഞ്ഞത്‌. എന്റെ കുട്ടിക്കാലത്ത്‌ എന്റെ വീടിന്റെ അടുത്തായി ഒരു പലചരക്കുകടയുണ്ടായിരുന്നു. ആ കടയുടെ എതിർവശത്തുളള ഒരു സെറ്റിൽമെന്റ്‌ കോളനിയിലെ 100 ഓളം വരുന്ന കുടുംബങ്ങളുടെ സഹകരണത്താൽ ആ കട നല്ല നിലയിൽ നടന്നിരുന്നു. ഈ കോളനിക്ക്‌ ഒരു സവിശേഷതയുണ്ട്‌. ആ 100 കുടുംബങ്ങളും മാർക്‌സിസ്‌റ്റ്‌ പാർട്ടിയുടെ അനുഭാവികളായിരുന്നു. എന്നാൽ കടക്കാരനാവട്ടെ പക്ക കോൺഗ്രസുകാരനും. കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന കോളനി നിവാസികളോട്‌ പ്രത്യേകിച്ച്‌ സ്‌ത്രീകളോട്‌ മാർക്‌സിസ്‌റ്റ്‌ പാർട്ടിയെ വിമർശിച്ച്‌ സംസാരിക്കുന്നത്‌ ഇയാളുടെ ഒരു പതിവായി. എന്നാൽ ഇനി മുതൽ ആ കടയിൽ നിന്നും സാധനങ്ങൾ വാങ്ങേണ്ട എന്ന സ്ഥലത്തെ മാർക്‌സിറ്റ്‌ നേതാക്കളുടെ അഭ്യർത്ഥന, 100% കോളനി നിവാസികൾ അനുസരിച്ചതിന്റെ ഫലമായി കാലക്രമേണ അയാൾക്ക്‌ തന്റെ കട അടച്ചുപൂട്ടേണ്ടി വന്നു. ഇത്‌ ഒരുപക്ഷെ ഒരു ഒറ്റപ്പെട്ട സംഭവമാകാം. സംഘടിത ശക്തിക്കുമുന്നിൽ ആർക്കും പിടിച്ചുനിൽക്കാൻ കഴിയില്ല എന്നു മാത്രമേ ഞാൻ എന്റെ ലേഖനത്തിലൂടെ സൂചിപ്പിച്ചിട്ടുളളൂ.

ചോദ്യം ഃ സാധാരണ ഹർത്താൽ നടത്തുന്നവർ ആശുപത്രി, പാൽ, പത്രം തുടങ്ങിയവയെ ഒഴിവാക്കാറുണ്ട്‌. എന്നാൽ താങ്കളുടെ അഭിപ്രായത്തിൽ രണ്ടു കാര്യങ്ങളെ മാത്രമേ ഒഴിവാക്കണം എന്നു പറയുന്നുളളൂ. എന്തുകൊണ്ട്‌?

ഉത്തരംഃ താങ്കൾ എന്റെ ലേഖനത്തിലെ പരാമർശങ്ങളെ തെറ്റിദ്ധരിച്ചതുകൊണ്ടാണ്‌ ഇങ്ങനെ ഒരു ചോദ്യം ഉയർന്നത്‌. ആശുപത്രി, പാൽ, പത്രം, മെഡിക്കൽ സ്‌റ്റോർ തുടങ്ങിയവയെ അത്യാവശ്യ സർവ്വീസുകളുടെ ലിസ്‌റ്റിൽപ്പെടുത്തി, ഇത്തരം സ്ഥാപനങ്ങളെ ഹർത്താലുകളിൽനിന്നും ഒഴിവാക്കാറുണ്ട്‌. ഇതിനോട്‌ എനിക്ക്‌ എതിരഭിപ്രായമില്ല. ഇവയെ കൂടാതെ വിമാനത്താവളങ്ങളിലേയും റെയിൽവേ സ്‌റ്റേഷനുകളിലെയും ടാക്‌സികളെ കൂടെ ഹർത്താലുകളിൽനിന്നും ഒഴിവാക്കണമെന്നാണ്‌ ഞാൻ പറയുന്നത്‌.

ചോദ്യംഃ അപ്പോൾ മത്സ്യവിൽപ്പനക്കാർ, പൂക്കച്ചവടക്കാർ, ദിവസക്കൂലിക്ക്‌ ഓട്ടോ ഓടിക്കുന്നവർ തുടങ്ങിയവരെല്ലാം ഹർത്താലിന്റെ കെടുതികൾ അനുഭവിക്കേണ്ടി വരില്ലേ?

ഉത്തരംഃ തീർച്ചയായും. ഇക്കൂട്ടർ മാത്രമല്ല, സമൂഹത്തിലെ നാനാതുറകളിൽ പെട്ടവരെയും ഹർത്താൽ ബാധിക്കാറുണ്ട്‌. ഇത്‌ സാധാരണ ജനവിഭാഗങ്ങളെ ബാധിക്കാതിരിക്കുവാനും നേരെമറിച്ച്‌ സർക്കാരിനെ ജനങ്ങളുടെ പ്രതിഷേധം അറിയിക്കുവാനും വേണ്ടിയാണ്‌ മുൻകൂട്ടി നിശ്ചയിച്ച്‌ ഹർത്താൽ പോലുളള സമരങ്ങൾ നടത്തണം എന്ന്‌ ഞാൻ പറഞ്ഞത്‌. ഇങ്ങനെ മുൻകൂട്ടി നിശ്ചയിച്ച ഹർത്താലിനെക്കുറിച്ച്‌ അറിവുളള മുക്കുവൻ ഹർത്താലിന്റെ തലേദിവസം കടലിൽ പോകാറില്ല എന്നതാണ്‌ സത്യം. പൂക്കച്ചവടക്കാരൻ ഹർത്താൽ ദിവസത്തേക്ക്‌ പൂക്കൾ വാങ്ങാറില്ല. ചായക്കടക്കാരൻ ഹർത്താൽ ദിവസം ആഹാരം ഉണ്ടാക്കാനായി അരി വെളളത്തിൽ ഇടാറില്ല. ഇക്കാര്യം താങ്കൾക്ക്‌ ഇത്തരം ബിസിനസ്സുകാരോട്‌ നേരിട്ട്‌ ചോദിച്ച്‌ മനസ്സിലാക്കാവുന്നതേയുളളൂ. എന്നാൽ മിന്നൽ പണിമുടക്കുകളും മിന്നൽ ഹർത്താലുകളും മറ്റും ജനജീവിതത്തെ സാരമായി ബാധിക്കും എന്നതിൽ രണ്ടഭിപ്രായമില്ല. ഉദാഹരണത്തിന്‌ ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്‌-നരിക്കൂനി-ബാലുശേരി റൂട്ടിലെ ഒരു ബസ്‌, ഒരു ജീപ്പിൽ ഇടിപ്പിച്ചതിനെ ജനങ്ങൾ ചോദിച്ചതിന്‌ ആ റൂട്ടിലെ ബസുകൾ മിന്നൽഹർത്താൽ നടത്തി. ഇത്തരം സന്ദർഭങ്ങൾ ജനങ്ങൾക്ക്‌ കൂടുതൽ ദുരിതം ഉണ്ടാക്കുന്നു.

ചോദ്യം ഃ ഗാന്ധിയൻ സമരങ്ങളായ സത്യാഗ്രഹവും നിസ്സഹരണവും അല്ലേ ഹർത്താലിനെക്കാൾ നല്ലത്‌? ഗാന്ധിജി ഏതെങ്കിലും ബസ്സിനെ കല്ലെറഞ്ഞിട്ടുണ്ടോ? ഗാന്ധിജിയുടെ സമരമാർഗ്ഗം കൊണ്ടല്ലേ ഭാരതത്തിന്‌ സ്വാതന്ത്ര്യം കിട്ടിയത്‌?

ഉത്തരം ഃ ഇത്‌ തീർത്തും ശരിയല്ല. ഗാന്ധിയൻ സമരങ്ങളായ സത്യാഗ്രഹവും നിസ്സഹരണവും ജനങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുവാൻ ഉതകുന്ന സമരമുറകളായിരുന്നുവെങ്കിൽ, സമ്പൂർണ്ണ മദ്യനിരോധനത്തിനുവേണ്ടി സത്യാഗ്രഹം നടത്തിവരുന്ന മദ്യനിരോധന സമിതികൾ എന്തുകൊണ്ട്‌ ഇതുവരെയും തങ്ങളുടെ ലക്ഷ്യം കൈവരിച്ചില്ല. ഗാന്ധിയൻ സമരങ്ങൾ മാത്രമായിരുന്നു ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്‌ കാരണമായതെന്ന്‌ പറയാൻ പറ്റുമോ? അഹിംസയിൽ ഊന്നിയ ഗാന്ധിയൻ സമരങ്ങളെ വരെ തോക്കിൻ കുഴലിലൂടെ നേരിട്ട ചരിത്രമേ ബ്രിട്ടീഷ്‌ ഭരണാധികാരികൾക്കുളളൂ. ജാലിയൻവാലാബാഗിലെ കൂട്ടക്കൊലയും മറ്റും ഇതിന്റെ ഉദാഹരണങ്ങളാണ്‌. ഈ കൂട്ടക്കൊലക്ക്‌ കൂട്ടുനിന്ന ജനറൽ ഡയർ, തീവ്രവാദികളായ സമരക്കാരുടെ ഭീഷണിയെത്തുടർന്ന്‌ ഇംഗ്ലണ്ടിലേക്ക്‌ പാലായനം ചെയ്യുകയാണുണ്ടായത്‌. അദ്ദേഹത്തെ ഇംഗ്ലണ്ടിലെത്തി കൊലപ്പെടുത്തിയതോടുകൂടി ബ്രിട്ടീഷുകാർ ഇന്ത്യയിലെ തീവ്രവാദസമരക്കാരെ ഭയപ്പെട്ടിരുന്നു. ഭഗത്‌സിംഗും രാജ്‌ഗുരുവും സുഖ്‌ദേവും മറ്റും ബ്രിട്ടീഷുകാരുടെ പേടിസ്വപ്‌നമായിരുന്നു. ഗാന്ധിജി നിയമം ലംഘിച്ച്‌ ഉപ്പുണ്ടാക്കിയതുകൊണ്ട്‌ ബ്രിട്ടീഷ്‌ ഭരണകൂടത്തിന്‌ എന്തു സംഭവിച്ചു. ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം അപ്പോഴും ഇന്ത്യയിൽ നിന്നും സമ്പത്തുകൾ കൊളളയടിച്ചുകൊണ്ട്‌ ഇംഗ്ലണ്ടിലേക്ക്‌ കൊണ്ടുപോകാൻ യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇംഗ്ലണ്ടിൽ നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിക്കുകയും ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നൽകണമെന്ന ആവശ്യത്തോട്‌, ലേബർ പാർട്ടി അനുകൂല നിലപാട്‌ സ്വീകരിച്ചതുകൊണ്ടും ഇന്ത്യ 1947-ൽ സ്വാതന്ത്ര്യം നേടി. (അപ്പോഴും ഗാന്ധിയൻ സമരമുറകൾ പിന്തുടർന്നുവന്ന ദക്ഷിണാഫ്രിക്കക്ക്‌ പിന്നെയും വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നു സ്വാതന്ത്ര്യം കിട്ടാൻ.) എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാന്റെ നേതൃത്വത്തിലുളള സഖ്യരാഷ്‌ട്രങ്ങൾ വിജയിച്ചിരുന്നുവെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രം വേറൊരു രീതിയിൽ രചിക്കപ്പെട്ടേനെ. പാക്കിസ്ഥാനും ബംഗ്ലാദേശും എന്ന രണ്ട്‌ രാഷ്‌ട്രങ്ങൾ തന്നെ ലോകമാപ്പിൽ കാണില്ലായിരുന്നു. ജപ്പാനെ പിന്തുണച്ചിരുന്ന ഐ.എൻ.എ യുടെ സ്ഥാപകൻ സുഭാഷ്‌ ചന്ദ്രബോസ്‌ ഒരുപക്ഷെ ഇന്ത്യയുടെ രാഷ്‌ട്രപിതാവായി അറിയപ്പെട്ടേനെ!

ചോദ്യംഃ ഹർത്താൽ അക്രമാസക്‌തമാകുമ്പോൾ പൊതുമുതൽ നശിപ്പിക്കുന്നത്‌ ശരിയാണോ?

ഉത്തരംഃ പൊതുമുതൽ നശിപ്പിക്കുന്നത്‌ തീർച്ചയായും നല്ല പ്രവണതയല്ല. ഇവിടെ ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ, താങ്കളുടെ ശരീരത്തിന്റെ ഏതെങ്കിലും ഒരു അവയവത്തിന്‌ ക്യാൻസർ ബാധിച്ചുവെന്നിരിക്കട്ടെ. ഡോക്‌ടർമാരുടെ നിർദ്ദേശം അനുസരിച്ച്‌ ആ അവയവം മുറിച്ചു മാറ്റേണ്ടിവന്നാൽ, താങ്കളുടെ സ്വന്തം ശരീരത്തിലെ സ്വന്തം അവയവം മുറിച്ചുമാറ്റാൻ താങ്കൾ തയ്യാറാവില്ലേ? അഥവാ താങ്കൾ അതിന്‌ തയ്യാറായില്ലെങ്കിൽ ക്യാൻസർ താങ്കളുടെ മറ്റു അവയവങ്ങളെക്കൂടി ബാധിക്കും. ഹർത്താൽ മൂലം ഒന്നോരണ്ടോ വാഹനങ്ങളായിരിക്കും സർക്കാരിന്‌ നഷ്‌ടമാകുന്നത്‌. പക്ഷേ സർക്കാരിന്റെ നയങ്ങൾ തിരുത്തിക്കുവാൻ സാധിച്ചാൽ ഇതിലൂടെ ജനങ്ങൾക്കുണ്ടാവുന്ന ലാഭം ഈ രണ്ടു വാഹനങ്ങളെക്കാൾ വലുതായിരിക്കും. (ഉദാഃ ഇലക്‌ട്രോണിക്‌ മീറ്ററിനെതിരായ സമരം). കാസർഗോട്‌ ജില്ലയിൽ അശാസ്‌ത്രീയമായി എൻഡോസൾഫാൻ എന്ന കീടനാശിനി തളിക്കുന്നതിനെതിരെ സമരങ്ങൾ നടന്നിരുന്നു. ഈ എൻഡോസൾഫാനെതിരെ കാസർഗോഡ്‌ ജില്ലയിൽ ഒരു ഹർത്താൽ നടന്നാൽ, അതിൽ ഒന്നോരണ്ടോ സർക്കാർ വാഹനങ്ങൾ കത്തിച്ചുവെന്നിരിക്കട്ടെ എൻഡോസൾഫാന്റെ പാർശ്വഫലങ്ങളാൽ ബുദ്ധിമാന്ദ്യം സംഭവിക്കുകയും വികലാംഗരാവുകയും ചെയ്യുന്ന 1000 കണക്കിന്‌ കുട്ടികളുടെ ജീവിതമാണോ വലുത്‌ സർക്കാരിന്റെ ഈ ഒന്നോരണ്ടോ വാഹനങ്ങളാണോ വലുത്‌. കാസർഗോഡ്‌ ജില്ലയിലെ ഇത്തരം കുട്ടികൾക്കുവേണ്ടി മറ്റു 13 ജില്ലയിൽകൂടി സമരം വ്യാപിച്ചാൽ അതും തെറ്റാണെന്ന്‌ പറയാൻ പറ്റുമോ? സ്വന്തം ജീവിതത്തിലേക്ക്‌ ഒളിച്ചോടി കാസർഗോഡ്‌ നിരപരാധികളായ ഈ കുട്ടികളെ ഒറ്റപ്പെടുത്തണമെന്ന്‌ താങ്കൾ പറയുമോ?

ചോദ്യംഃ പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കേസെടുത്ത്‌ അവരെ ശിക്ഷിക്കേണ്ടതല്ലേ?

ഉത്തരംഃ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച്‌ ഒരാൾ ഒരു കറ്റം ചെയ്‌താൽ, അയാളൊടൊപ്പം അയാളെ ആ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചവരും കുറ്റക്കാരാണ്‌. ഹർത്താൽ ദിവസം സർക്കാർ വാഹനങ്ങൾ കത്തിച്ചത്‌ കുറ്റമാണെങ്കിൽ ഹർത്താലിലേക്ക്‌ രാഷ്‌ട്രീയപാർട്ടികളെ തളളിവിടാൻ പ്രേരിപ്പിച്ച സർക്കാരും കുറ്റക്കാരല്ലേ? അപ്പോൾ ആർക്കെതിരെ കേസെടുക്കണം?

ചോദ്യം ഃ ഹർത്താൽ പോലുളള അക്രമാസക്തസമരങ്ങളെക്കാൾ സമാധാനപരമായ സമരങ്ങളല്ലേ നമുക്ക്‌ നല്ലത്‌?

ഉത്തരംഃ സമാധാനപരമായ സമരങ്ങൾ എല്ലാത്തിന്റേയും അവസാനവാക്കാണെന്ന്‌ പറയാൻ കഴിയില്ല. താങ്കൾക്ക്‌ വൈറൽ പനി ബാധിച്ചുവെന്നിരിക്കട്ടെ. താങ്കളുടെ മുന്നിൽ ആയുർവ്വേദ ഡോക്‌ടറും ഹോമിയോപതി ഡോക്‌ടറും അലോപ്പതി ഡോക്‌ടറും ഇരിപ്പുണ്ട്‌. താങ്കൾ ഏത്‌ ഡോക്‌ടറെ തിരഞ്ഞെടുക്കും. തീർച്ചയായും അലോപതി ഡോക്‌ടറെ തന്നെ തിരഞ്ഞെടുക്കും. ഏതെങ്കിലും ആന്റിബയോട്ടിക്‌ കഴിച്ച്‌ പെട്ടെന്ന്‌ രോഗം ശമിപ്പിക്കുവാനേ എല്ലാവരും ശ്രമിക്കൂ. താങ്കളുടെ ഈ ചിന്താഗതി തന്നെയല്ലേ നമ്മുടെ രാഷ്‌ട്രീയക്കാർക്കുമുളളത്‌. അതോ രാഷ്‌ട്രീയക്കാർ ഇങ്ങനെ ചിന്തിച്ചുകൂടാന്നുണ്ടോ? ആയുർവ്വേദവും ഹോമിയോപ്പതിയും രോഗങ്ങളെ ശമിപ്പിക്കുമെങ്കിലും അതിന്‌ ഒരു നീണ്ട കാലയളവുവരെ കാത്തിരിക്കേണ്ടിവരും. ഇതുതന്നെയാണ്‌ സമാധാനപരമായ സമരങ്ങളിലും സംഭവിക്കുന്നത്‌. ഇന്നത്തെ സമൂഹം വേഗതയെ ഇഷ്‌ടപ്പെടുന്നവരാണ്‌. ഫാസ്‌റ്റ്‌ പാസഞ്ചറിൽ കയറുന്നതിന്‌ പകരം ആരെങ്കിലും കാളവണ്ടിയിൽ കയറുമോ?

ചോദ്യംഃ ജപ്പാനിലും മറ്റും നടക്കുന്നതുപോലെ കൂടുതൽ സമയം ജോലി ചെയ്‌ത്‌ സർക്കാരിനെതിരെ സമരം നടത്തുന്നതല്ലേ കൂടുതൽ ഉത്തമം?

ഉത്തരംഃ ജപ്പാനിലെ സാമ്പത്തിക-സാമൂഹിക സ്ഥിതി അല്ല ഇന്ത്യയിലുളളത്‌. ജപ്പാൻ സമ്പന്നരാജ്യങ്ങളുടെ സംഘടനയായ ജി. 8ൽ അംഗമാണ്‌. ഇന്ത്യയാകട്ടെ ഒരു ദരിദ്രരാഷ്‌ട്രവും. ജപ്പാനിലെ ഗവൺമെന്റ്‌ അവിടത്തെ സാധാരണ ജനങ്ങളുടെ മടിശ്ശീല പിഴിയുന്ന രീതിയിലുളള തെറ്റായ നടപടികളിലേക്ക്‌ തിരിയാറില്ല. എന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ ജപ്പാനിലെ ജനങ്ങളുടെ പ്രശ്‌നത്തെക്കാൾ വളരെ സങ്കീർണ്ണമാണ്‌. ഇക്കഴിഞ്ഞ മാസം എറണാകുളത്തെ പാസ്‌പോർട്ട്‌ ഓഫീസിലെ തൊഴിലാളികൾ താങ്കൾ നിർദ്ദേശിച്ചതുപോലെ കൂടുതൽ സമയം ജോലിചെയ്‌ത്‌ തങ്ങളുടെ പ്രതിഷേധം സർക്കാരിനെ അറിയിക്കുവാൻ ശ്രമിച്ചു. തത്‌ഫലമായി കെട്ടിക്കിടന്ന ഒരുപാട്‌ ജോലികൾക്ക്‌ തീർപ്പ്‌ കൽപ്പിക്കുവാൻ കഴിഞ്ഞു. പക്ഷേ ഗവൺമെന്റ്‌ അതിനെ സംശയത്തോടുകൂടിയാണ്‌ വീക്ഷിച്ചത്‌. തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ചില്ലെന്നു മാത്രമല്ല ഓഫീസ്‌ സമയം കഴിഞ്ഞാലുടൻ തൊഴിലാളികളെ പുറത്താക്കി ഓഫീസ്‌ പൂട്ടാൻ നിർദ്ദേശിക്കുകയും ചെയ്‌തു.

ചോദ്യംഃ കേരളീയരിൽ 99% ആളുകളും ഹർത്താലിനെതിരല്ലേ? ഹർത്താലിനെതിരെ ഒരു റഫറണ്ടം നടത്തിയാൽ അതു മനസ്സിലാവില്ലേ?

ഉത്തരം ഃ കേരളീയരിൽ 99% ആളുകളും ഹർത്താലിനെ എതിർക്കുന്നവരാണെന്ന്‌ പറയുന്നതിൽ കഴമ്പില്ല. അങ്ങനെയായിരുന്നുവെങ്കിൽ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ, എപ്പോഴും ഹർത്താലും പണിമുടക്കും നടത്തുന്ന എൽ.ഡി.എഫ്‌ മുന്നണിയെ എന്തുകൊണ്ട്‌ ജനങ്ങൾ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു? എന്നാൽ മറുനാടൻ മലയാളികളിൽ 99.9% ആളുകളും ഹർത്താലിനെ എതിർക്കുന്നതായാണ്‌ കാണാൻ കഴിയുക. ഇതിന്റെ ഒരു കാരണം ഞാൻ എന്റെ ലേഖനത്തിൽ പരാമർശിക്കുകയുണ്ടായി. ഹർത്താലിനെക്കുറിച്ച്‌ യാതൊരു മുന്നറിയിപ്പും കൂടാതെ നാട്ടിലെത്തുന്ന മറുനാട്ടുകാർ ചിലപ്പോൾ വിമാനത്താവളങ്ങളിലും റയിൽവേസ്‌റ്റേഷനുകളിലും മറ്റും കുടുങ്ങിപോകാറാണ്‌ പതിവ്‌. ഇതൊഴിവാക്കാനാണ്‌ എയർപോർട്ടിലെയും റയിൽവേസ്‌റ്റേഷനിലെയും ടാക്‌സികളെ ഹർത്താലിൽനിന്നും ഒഴിവാക്കണം എന്ന്‌ ഞാൻ നിർദ്ദേശിച്ചത്‌.

ഹർത്താലിനെതിരെ ഒരു റഫറണ്ടം നടത്തുന്നത്‌ നല്ലതാണ്‌. പക്ഷേ അത്‌ ഹർത്താലിനെതിരെ മാത്രമാകരുത്‌. കാരണം ബന്ദിനെതിരെ കോടതിയിൽ ചോദ്യം ചെയ്‌തതിന്റെ ഫലമാണ്‌ ഇനിമുതൽ ബന്ദ്‌ പാടില്ല ഹർത്താലെ പാടുളളൂ എന്ന്‌ കോടതി നിർദ്ദേശിച്ചത്‌. ഇതുപോലെ ഹർത്താലിനെതിരെ കോടതി ഇടപെട്ടാൽ രാഷ്‌ട്രീയപാർട്ടികൾ മറ്റൊരു സമരമാർഗ്ഗം കണ്ടെത്തും. അതുകൊണ്ട്‌ സർക്കാർ, ജനങ്ങൾക്കെതിരെ എന്തു ജനദ്രോഹനടപടികളെടുത്താലും, ഒരു രാഷ്‌ട്രീയപാർട്ടികളും അതിന്റെ പേരിൽ ബന്ദോ ഹർത്താലോ പോലുളള ഒരു സമരമുറകളും നടത്തണ്ടായെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഒരു റഫറണ്ടം നടത്താൻ താങ്കൾ തയ്യാറാവുമോ?

ചോദ്യംഃ ന്യൂനപക്ഷം വരുന്ന ഹർത്താലനുകൂലികൾ ഹർത്താലിൽ പങ്കെടുക്കാത്ത ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുകയല്ലേ?

ഉത്തരംഃ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും സമരത്തിനിറങ്ങിയിരുന്നുവോ? അങ്ങനെ ഇറങ്ങിയിരുന്നുവെങ്കിൽ ബ്രിട്ടീഷുകാർ ഒരു നിമിഷം കൊണ്ട്‌ ഇന്ത്യയിലെ ജീവിതം മതിയാക്കി തിരിച്ചുപോയേനെ. ഭൂരിപക്ഷം ജനങ്ങളും സമരത്തിനിറങ്ങാത്തതുകൊണ്ട്‌ ഇന്ത്യൻ സ്വാതന്ത്ര്യസമരം ഒരു ന്യൂനപക്ഷം നടത്തിയ സമരമായിരുന്നുവെന്ന്‌ പറയാൻ കഴിയുമോ? താങ്കളുടെ രീതിയിൽ ചിന്തിച്ചാൽ ഇവിടെയും ഒരു ന്യൂനപക്ഷം ഭൂരിപക്ഷത്തിന്റെ അവകാശങ്ങൾക്കുനേരെ കൈ കടത്തുകയായിരുന്നില്ലേ? ഹർത്താലിനുവേണ്ടി തെരുവിൽ ഇറങ്ങുന്നവർ മാത്രമേ ഹർത്താലിനെ അനുകൂലിക്കുന്നു എന്ന്‌ പറയാൻ പറ്റുമോ? 1957ൽ വ്യക്തമായ ഭൂരിപക്ഷത്തോടുകൂടി അധികാരത്തിലെത്തിയ ഇ.എം.എസ്‌ മന്ത്രിസഭയെ, ന്യൂനപക്ഷം വരുന്ന വിമോചനസമരക്കാർ അധികാരത്തിൽനിന്നും പുറത്താക്കിയത്‌ ശരിയായ നടപടിയായിരുന്നോ? ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന പിന്നോക്ക-പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവരെ ന്യൂനപക്ഷമായ സവർണ്ണവിഭാഗക്കാർ ഭരിക്കുന്നത്‌ ശരിയാണോ? ഇവിടെയും ഭൂരിപക്ഷത്തിന്റെ അവകാശങ്ങളെ ന്യൂനപക്ഷം ചവിട്ടിയരക്കുകയല്ലേ?

ചോദ്യംഃ കേന്ദ്ര ഗവ. പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധിപ്പിച്ചതിന്‌ കേരളത്തിൽ ഹർത്താൽ നടത്തുന്നത്‌ ശരിയാണോ?

ഉത്തരംഃ ഡീസലിന്‌ ഡൽഹിയിൽ ഒരു രൂപ കൂടുമ്പോൾ കേരളത്തിൽ അത്‌ ഏകദേശം ഒന്നര രൂപയോളം കൂടും. നമ്മുടെ സംസ്ഥാനം ഒരു ഉപഭോക്തൃസംസ്ഥാനമാണ്‌. കുറച്ചുകൂടി പച്ചമലയാളത്തിൽ പറഞ്ഞാൽ നമ്മൾ തിന്നാൻ വേണ്ടി മാത്രം ജനിച്ചവരാണ്‌. നമ്മുടെ ആവശ്യങ്ങൾക്ക്‌ മതിയാവുന്ന ഒരു സാധനവും നാം ഇവിടെ ഉൽപാദിപ്പിക്കുന്നില്ല. നമ്മുടെ നിത്യോപയോഗ സാധനങ്ങൾ എല്ലാം തന്നെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്‌. കേരളത്തിന്‌ ആവശ്യമായ അരി ഇറക്കുമതി ചെയ്യുന്നത്‌ പഞ്ചാബിൽ നിന്നും ആന്ധ്രയിൽ നിന്നുമാണ്‌. ഡീസലിന്‌ വില കൂടുമ്പോൾ സ്വാഭാവികമായും ലോറിവാടകയും കൂടും. ഇത്‌ അരിയുടെ വിലവർദ്ധനവിന്‌ കാരണമാകും. അതേസമയം ആന്ധ്രയിലും പഞ്ചാബിലും അരിയുടെ വിലയ്‌ക്ക്‌ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. കാരണം അവർക്ക്‌ ആവശ്യമായ അരി അവർ അവിടെ തന്നെ ഉൽപാദിപ്പിക്കുന്നു. അപ്പോൾ ഡീസലിന്റെ വില വർദ്ധനക്കെതിരെ സമരം ചെയ്യേണ്ടത്‌ കൂടുതൽ ആവശ്യം മലയാളിക്കാണോ അതോ പഞ്ചാബിക്കാണോ?

ചോദ്യംഃ അന്താരാഷ്‌ട്ര മാർക്കറ്റിൽ ക്രൂഡോയിലിന്റെ വിലകൂടുമ്പോൾ ഇവിടെ വില കൂട്ടരുതെന്ന്‌ പറയുന്നത്‌ ശരിയാണോ?

ഉത്തരംഃ തികച്ചും ന്യായമായ ചോദ്യം. പക്ഷേ വിലവർദ്ധനവല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ലേ എന്ന്‌ സാമ്പത്തിക വിദഗ്‌ദ്ധരോട്‌, കേന്ദ്ര ഗവൺമെന്റിന്‌ അഭിപ്രായം ആരായാവുന്നതേയുളളൂ. അതുപോലെ തന്നെ പ്രതിപക്ഷത്തിന്റെ അഭിപ്രായവും മുഖവിലക്കെടുക്കാൻ ശ്രമിക്കണം. അതോ പ്രതിപക്ഷം മണ്ടന്മാരുടെ ഒരു കൂട്ടായ്‌മയാണെന്ന്‌ താങ്കൾ വിശ്വസിക്കുന്നുവോ? കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണത്തിലുളള എണ്ണക്കമ്പനികൾ ഓരോ വർഷവും കൊയ്യുന്ന ലാഭം, മറ്റു കമ്പനികൾ നേടുന്ന ലാഭത്തിനെക്കാൾ പതിന്മടങ്ങാണ്‌. ഈ എണ്ണക്കമ്പനികൾക്ക്‌ തങ്ങളുടെ ലാഭം വെട്ടിക്കുറച്ച്‌, വിലവർദ്ധനവ്‌ മൂലം ജനങ്ങളുടെമേൽ ഉണ്ടാകാവുന്ന അധികഭാരം ഇല്ലാതാക്കാവുന്നതാണ്‌. മലയാളത്തിൽ ഒരു ചൊല്ലുണ്ട്‌, താൻ ചത്ത്‌ മീൻ പിടിക്കരുത്‌. ഇങ്ങനെ വിലവർദ്ധിപ്പിച്ച്‌ അധികഭാരം ജനങ്ങളുടെ തലയിൽ കെട്ടിവച്ച്‌ ജനങ്ങളെ ഒന്നടങ്കം കൊന്നൊടുക്കി, ഈ കമ്പനികൾ നേടുന്ന ലാഭം ആർക്കുവേണ്ടിയാണ്‌?

ചോദ്യംഃ ഇതിനെതിരെ കേരളത്തിലാണോ ഹർത്താൽ നടത്തേണ്ടത്‌? എണ്ണ ഉൽപ്പാദകരാഷ്‌ട്രങ്ങളിലല്ലേ സമരം വേണ്ടത്‌?

ഉത്തരംഃ ഇറാക്കി സർക്കാരിനെ പുറത്താക്കി അവിടെ അതിക്രമിച്ചു കടന്ന അമേരിക്കയുടെ നേതൃത്വത്തിലുളള സഖ്യസേനയുടെ നടപടിക്കെതിരെ ലോകമെങ്ങുമുളള മനുഷ്യസ്‌നേഹികൾ സമരം നടത്തുന്നു. ഇതിനെ പിന്തുണച്ചുകൊണ്ട്‌ തിരുവനന്തപുരത്തും സമരം നടന്നു. താങ്കളുടെ അഭിപ്രായത്തോട്‌ യോജിക്കുകയാണെങ്കിൽ ഇത്തരം സമരങ്ങളും പ്രകടനങ്ങളും നടത്തേണ്ടത്‌ ഇറാക്കിലല്ലേ? ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടക്കുന്ന അധിനിവേശവിരുദ്ധ സമരങ്ങൾ അമേരിക്കൻ നേതൃത്വം അറിയുന്നില്ല എന്നു വിശ്വസിക്കാൻ പറ്റുമോ. ഇപ്പോൾ തന്നെ എണ്ണ ഖനികളിൽ, വരുന്ന 20 വർഷത്തേയ്‌ക്കുവരെയുളള എണ്ണയുടെ ശേഖരം മാത്രമേയുളളൂ എന്നാണ്‌ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്‌. എണ്ണയ്‌ക്ക്‌ പകരം ഉപയോഗിക്കാവുന്ന ഇന്ധനത്തെക്കുറിച്ച്‌ വികസിത രാഷ്‌ട്രങ്ങളിൽ പഠനം നടക്കുന്നു. ഇന്ത്യയിൽ അതും നടക്കുന്നില്ല. അതും അമേരിക്ക തന്നെ നടത്തട്ടെയെന്നായിരിക്കും നമ്മുടെ സർക്കാരും നമ്മുടെ എണ്ണക്കമ്പനികളും വിചാരിക്കുന്നത്‌.

ചോദ്യംഃ കേരളത്തിൽ നിന്നുളള 20 എം.പിമാർ ഈ വിലവർദ്ധനവിനെതിരെ എന്തുചെയ്‌തു? തമിഴ്‌നാട്ടിൽ നിന്നും വരുന്ന എം.പിമാർ ആ നാടിനുവേണ്ടി എന്തെല്ലാം നേടിയെടുക്കുന്നു.

ഉത്തരംഃ ഈ ചോദ്യത്തിന്‌ ഉത്തരം പറയേണ്ടത്‌ കേരളത്തിലെ എം.പിമാരാണ്‌. കാരണം ഞാൻ ഏതെങ്കിലും ഒരു രാഷ്‌ട്രീയപാർട്ടിയുടെ വക്താവല്ല. പിന്നെ ചോദിച്ച സ്ഥിതിക്ക്‌ എന്റെ അഭിപ്രായം പറയാം (ഇത്‌ എം.പിമാരുടെ അഭിപ്രായം ആകണമെന്നില്ല). കേരളത്തിൽ നിന്നുളള 18 എം.പിമാർ എൽ.ഡി.എഫിൽ നിന്നും ഉളളവരാണ്‌. കേന്ദ്രത്തിൽ നിന്നും ബി.ജെ.പിയെ പുറത്താക്കാൻ വേണ്ടിയാണ്‌ എൽ.ഡി.എഫ്‌ കേന്ദ്രത്തിൽ ഒരു കോൺഗ്രസ്‌ ഗവൺമെന്റിനെ പിന്താങ്ങുന്നത്‌. ഈ പിന്തുണയോടൊപ്പം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവടക്കമുളള ജനദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിവരുന്നു. കേരളത്തിൽ നിന്നുമുളള ഈ 19 എം.പിമാരുടെ മാത്രം പിന്തുണയോടുകൂടിയല്ല കേന്ദ്രഗവൺമെന്റ്‌ നിലനിൽക്കുന്നത്‌. വിലവർദ്ധനവിൽ പ്രതിഷേധിച്ച്‌ ഈ 19 എം.പിമാരും കേന്ദ്രഗവൺമെന്റിനുളള പിന്തുണപിൻവലിച്ചാലും കേന്ദ്ര സർക്കാരിന്‌ ഒരു കുലുക്കവും സംഭവിക്കുകയില്ല. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുമുളള എം.പി.മാരുടെ പിന്തുണയില്ലാതെ വന്നാൽ ഒരുപക്ഷേ അത്‌ കേന്ദ്ര സർക്കാരിന്റെ നിൽനിൽപ്പിനെ ബാധിക്കുന്ന പ്രശ്‌നമായതുകൊണ്ട്‌ അവരുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ കേന്ദ്ര ഗവൺമെന്റ്‌ തയ്യാറാവുന്നു. ഇതിനെയാണ്‌ നാം ഇന്ന്‌ ‘ജനാധിപത്യം’ എന്നു വിളിക്കുന്നത്‌.

ആദിവാസികൾക്ക്‌ ഭൂമി പതിച്ചുകൊടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വയനാട്ടിലെയും മറ്റും ആദിവാസികൾ ദിവസങ്ങളോളം സെക്രട്ടറിയേറ്റിനുമുന്നിൽ കുടിൽ കെട്ടി സമരം നടത്തി. ഒരു രാഷ്‌ട്രീയ പ്രസ്ഥാനവും അവർക്ക്‌ പിന്തുണയുമായി വന്നില്ല. അവരോട്‌ എന്തിനാണ്‌ ഇവിടെ ഇരിക്കുന്നതെന്നുപോലും ആരും ചോദിച്ചില്ല. അവസാനം സമരം അവസാനിപ്പിച്ച്‌ ബലമായി ഭൂമിപിടിച്ചെടുക്കാൻ അവർ തയ്യാറായി. പിന്നീട്‌ മുത്തങ്ങയിൽ നടന്ന വെടിവെയ്‌പ്‌ നിങ്ങൾ ഓർക്കുമല്ലോ. ജോഗിയെന്ന ഒരു രക്തസാക്ഷി ഉണ്ടായപ്പോൾ ആദിവാസികൾക്ക്‌ ഭൂമി പതിച്ചുകൊടുക്കാൻ സർക്കാർ തയ്യാറായി. ഇനി പറയൂ സമാധാനപരമായ സമരങ്ങൾ നടത്തിയിരുന്നെങ്കിൽ ആദിവാസികൾക്ക്‌ തങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ കഴിയുമായിരുന്നോ? സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തിക്കുവാൻ വേണ്ടി തെരുവ്‌ കത്തിക്കേണ്ടിവന്നാൽ കത്തിക്കുക തന്നെ ചെയ്യണം. ഒന്നു ചോദിക്കട്ടെ, നിങ്ങളുടെ കൈയ്യും കാലും കെട്ടിയിട്ട്‌ നിങ്ങളെ തല്ലിയാൽ (സർക്കാരിന്റെ ജനദ്രോഹനടപടികൊണ്ട്‌) നിങ്ങൾ എന്തുചെയ്യും? ഒന്നും ചെയ്യില്ല, വെറുതെ നിന്ന്‌ തല്ലുകൊളളും. ഈ അവസ്ഥയായിരിക്കും ഹർത്താലും സമരങ്ങളും നിരോധിച്ചതിന്‌ ശേഷം സംജാതമാകുന്നത്‌. അതേ സമയം നിങ്ങളുടെ കൈയിലേയും കാലിലേയും കെട്ട്‌ അഴിച്ചുവിട്ടിട്ട്‌ നിങ്ങളെ തല്ലിയാൽ, തീർച്ചയായും നിങ്ങളും തിരിച്ചു തല്ലും. ഈ അവസ്ഥയാണ്‌ ഹർത്താലും സമരങ്ങളും നിരോധിക്കാതിരുന്നാൽ സാധാരണയായി സംഭവിക്കുന്നത്‌.

ജനാധിപത്യത്തിന്റെ പേരുപറഞ്ഞ്‌ ജനങ്ങളുടെ പരമാധികാരത്തിൽ കയറിയിരുന്ന്‌ കാഷ്‌ഠിക്കുന്ന കൂപമണ്‌ഡൂപബുദ്ധികളായ ഭരണകൂടങ്ങൾ ജനദ്രോഹനടപടികൾ തുടരുന്നിടത്തോളം കാലം സമരങ്ങളും ഹർത്താലുകളും ഉപേക്ഷിക്കണമെന്ന്‌ വാദിക്കുന്നവർ ഒരു സത്യം മനസ്സിലാക്കണം, ആധുനിക കേരളം ഭരിക്കുന്നത്‌ പാതാളരാജാവായ മഹാബലിയല്ല, പുതുപ്പളളിക്കാരനായ ഉമ്മൻ ചാണ്ടിയാണ്‌. നായുടെ വാല്‌ പന്തീരാണ്ട്‌ കൊല്ലം കുഴലിലിട്ടാലും അത്‌ പിന്നെയും വളഞ്ഞുതന്നെയിരിക്കും.

വീണ്ടും ഒരു തുറന്ന സംവാദത്തിനുവേണ്ടി തല്‌ക്കാലം ഇവിടെ നിർത്തട്ടെ.

പ്രസന്നകുമാർ ന്യൂഡൽഹി


E-Mail: mp.prasannakumar@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.