പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വിനയത്തിന്റെ രാജകുമാരന്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

രാജകുമാരന്‍ പിറന്നു വീഴുന്നത് രാജകൊട്ടാരങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന പട്ടുമെത്തകളിലാണെന്ന് നാം കേട്ടിട്ടുണ്ട്. ഏഷ്യയുടെ ദീപമെന്ന് വിശേഷിപ്പിക്കുന്ന ശ്രീബുദ്ധന്‍ ജനിച്ചത് കപിലവസ്തുവില് ശുദ്ധോദന മഹാരാജാവിന്റെ അന്ത:പുരത്തിലാണ്. ജൈനമതസ്ഥാപകനായ മഹാവീരനും അശോകചക്രവര്‍ത്തിയും മഹാനായ അക്ബറുമെല്ലാം വലിയ ദന്തഗോപുരങ്ങളില്‍ തന്നെയാണ് പിറന്നു വീണത്.

എന്നാല്‍ ലോകത്തിന്റെ വെളിച്ചമായ യേശുദേവന്റെ ജനനം വെറും കാലിത്തൊഴുത്തിലെ കീറപ്പഴുന്തുണിമെത്തയിലായിരുന്നു. എന്തുകൊണ്ടാണ് അവിടുന്ന് രാജകൊട്ടാരത്തില്‍ പിറക്കാതെ കേവലമൊരു പുല്‍ക്കൂട്ടില്‍ ഭൂജാതനായത്? നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

താന്‍ എളിയവരില്‍ എളിയവനാണെന്ന് സ്വയം പ്രസംഗിച്ചു നടക്കാതെ സ്വന്തം പിറവി കൊണ്ടു തന്നെ യേശുദേവന്‍ ആ സത്യം നമുക്ക് വെളിപ്പെടുത്തി തരികയായിരുന്നു. ഇത് ലോകത്തിനു മുഴുവന്‍ ഉദാത്ത മാതൃകയാണ്.

യേശു വലിയൊരു വിപ്ലവകാരിയായിരുന്നു. കൗമാരത്തില്‍ തന്നെ അവിടുന്ന് വേദശാസ്ത്രികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ജറുസലേം ദേവാലയത്തില്‍ നിന്ന് അധര്‍മ്മികളേയും കള്ളക്കച്ചവടക്കാരേയും അടിച്ചോടിച്ചു. നീതിക്കും നിയതിക്കും സമത്വത്തിനും വേണ്ടി പോരാടി ദൈവപിതാവിന്റെ സ്നേഹസാമ്രാജ്യം ഈ മണ്ണില്‍ കെട്ടിപ്പടുക്കുക എന്ന മഹാദൗത്യം നിറവേറ്റുകയായിരുന്നു യേശു ദേവന്‍.

അധ്വാനിക്കുന്നവര്‍ക്കും ഭാരം വഹിക്കുന്നവര്‍ക്കും അവിടുന്ന് ഒരു അത്താണിയായിരുന്നു. നിന്ദിതരുടേയും പീഡിതരുടേയും വിമോചകനായിരുന്നു . മറ്റുള്ളവര്‍ക്കായി സ്വയം കത്തിയെരിഞ്ഞ സൂര്യനായിരുന്നു. എന്നിട്ടും ആ സുസ്സ്നേഹമൂര്‍ത്തിയുടെ കാല്‍പ്പാടുകള്‍ ശരിയായ വിധം പിന്‍ തുടരാന്‍ നമുക്ക് കഴിയുന്നുണ്ടോ?

ഉണ്ണിയേശു ത്യാഗത്തിന്റേയും സഹനത്തിന്റേയും വഴിയാണ് നമുക്ക് കാണിച്ചു തന്നത്. അവിടുന്ന് തന്റെ തിരുപ്പിറവിയിലൂടെ വിനയത്തിന്റെയും സ്നേഹത്തിന്റെയും മാതൃകയാണ് നമ്മെ പഠിപ്പിച്ചത്.

ഉണ്ണിയേശുവിന്റെ പാത പിന്‍തുടരുന്നവര്‍ക്ക് ഒരിക്കലും പതനമുണ്ടാകുകയില്ല. മനസ്സില്‍ നന്മയും വെണ്മയും ഉള്ളവരായി വളരാന്‍ അത് നമ്മെ സഹായിക്കും. ടോള്‍സ്റ്റോയിയുടെ നീതികഥകളിലും മറ്റും ഉണ്ണിയേശുവിന്റെ തിരുവചനങ്ങളാണ് മുഴങ്ങിക്കേള്‍ക്കുന്നത് അത്തരം നല്ല കഥകളും മറ്റും ക്രിസ്തുമസ്സ് വേളയില്‍ വായിക്കുന്നത് നിങ്ങള്‍ക്കു നല്ല അനുഭവമായിരിക്കും. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുമായി ബന്ധപ്പെട്ട് നിരവധി നാടോടിക്കഥകള്‍ ലോകത്തിന്റെ നാനാഭഗത്തും പ്രചാരത്തിലുണ്ട്. യേശുവിന്റെ ദൈവമഹത്വം വിളിച്ചറിക്കുന്നവയാണ് ഈ കഥകള്‍ ഓരോന്നും. അക്കൂട്ടത്തില്‍ ഒരു കഥ കേട്ടോളൂ.

ഉണ്ണിയേശു പണ്ടൊരിക്കല്‍ മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. മുകളില്‍ കത്തിക്കാളുന്ന സൂര്യന്‍ താഴെ ചുട്ടുപൊള്ളുന്ന മണല്‍പ്പരപ്പ്. ഉണ്ണിയേശുവും അമ്മയും കഴുതപ്പുറത്താണ് യാത്ര ചെയ്യുന്നത്. കഴുതയേയും തെളിച്ചുകൊണ്ട് പിതാവായ ജോസഫ് മുന്നില്‍ നടന്നു നീങ്ങി.

ഹൌ എന്തൊരു ദാഹം എന്തൊരു വിശപ്പ് പക്ഷെ ഈ മരുഭൂമിയില്‍ എവിടെ നിന്നാണ് ഒരു തുള്ളി ദാഹനീര്‍ കിട്ടുക? എവിടെ നിന്നാണ് വിശപ്പകറ്റാന്‍ കായോ കനിയോ കിട്ടുക? വരണ്ട തൊണ്ടയോടെ വിശക്കുന്ന വയറോടെ ആ കൊച്ചുകുടുംബം മുന്നോട്ടു നീങ്ങി. ഇതിനിടയിലാണ് അങ്ങകലെ അവര്‍ ഒരു മരുപ്പച്ച കണ്ടത്.

ഉണ്ണിയുടെ അമ്മ പറഞ്ഞു.

‘' നേരം നട്ടുച്ചയായി എനിക്കു തീരെ വയ്യ നമുക്കിത്തിരി നേരം ആ മരുപ്പച്ചയില്‍ വിശ്രമിച്ചിട്ടു പോകാം''

''ശരി അതാണ് നല്ലത്'' യൗസേപ്പ് പിതാവ് കഴുതയെ ആ മരുപ്പച്ചക്കരുകിലേക്ക് തെളിച്ചു വിട്ടു അവിടെ എത്തിയപ്പോള്‍‍ അവര്‍ കണ്ടത് പടര്‍ന്നു പന്തലിച്ച ഒരു അത്തിമരമാണ്. അതിന്റെ മുകളിലേക്കു നോക്കിയപ്പോള്‍‍ ജോസഫും മേരിയും അത്ഭുതപ്പെട്ടുപോയി. എന്താ കാരണമെന്നോ മരക്കൊമ്പുകള്‍ നിറയെ മൂത്തു പഴുത്ത അത്തിക്കായ്കള്‍.

ഉണ്ണിയേശുവിനെ മാറത്തടുക്കിപ്പിടിച്ചുകൊണ്ട് മേരി കഴുതപ്പുറത്തു നിന്ന് താഴെയിറങ്ങി മരത്തണലിലിരുന്ന് അവര്‍ വിശ്രമിക്കാന്‍ തുടങ്ങി. കാറ്റിലാടുന്ന അത്തിപ്പഴങ്ങള്‍ കണ്ട് മേരിക്കു കൊതി തോന്നി. വിശപ്പു മാറ്റാനും ദാഹം തീര്‍ക്കാനും ഒരു അത്തിപ്പഴമെങ്കിലും കിട്ടിയിരുന്നെങ്കില്‍ അവര്‍ ആഗ്രഹിച്ചു. പക്ഷെ എങ്ങനെ കിട്ടാനാണ്? കയ്യെത്തുന്നതിനെക്കാള്‍‍ എത്രയോ ഉയരത്തിലാണ് അത്തിപ്പഴങ്ങള്‍ കിടക്കുന്നത്. ഒരു കുലയെങ്കിലും കൈക്കലാക്കാന്‍ ജോസഫ് പല പൊടിക്കൈകളും പ്രയോഗിച്ചു നോക്കി ഒന്നും ഫലിച്ചില്ല. ‘ ഹോ ! വിശപ്പുകൊണ്ടു തലചുറ്റുന്നു! മേരി വേവലാതിപ്പെട്ടു. അമ്മയുടെ മാറിലിരുന്ന് ഉണ്ണിയേശു ഇതെല്ലാം കാണുകയും കേള്‍ക്കുകയുമുണ്ടായിരുന്നു. ഉണ്ണി അമ്മയെ നോക്കി പുഞ്ചിരിച്ചു. അതിനുശേഷം അത്തിമരത്തോടുപറഞ്ഞു ‘’ ഹേയ് അത്തിമരമേ എന്റെ മാതാപിതാക്കള്‍ക്ക് നന്നായി വിശക്കുന്നുണ്ട് നീ നിന്റെ ചില്ലക്കൈകള്‍ ഒന്ന് താഴ്ത്തിക്കൊടുക്കു. അവര്‍ നിന്റെ കനികള്‍ പറിച്ചു തിന്ന് വിശപ്പടക്കട്ടെ‘’

ഇതു കേള്‍ക്കേണ്ട താമസം അത്തിമരം കയ്യെത്താവുന്ന ദൂരത്തോളം ചില്ലകള്‍ താഴ്ത്തിക്കൊടുത്തു. ഈ രംഗം കണ്ട് മേരിയുടേയും ജോസഫിന്റെയും കണ്ണുകള്‍ അത്ഭുതം കൊണ്ടു വിടര്‍ന്നു. അവര്‍ കൈകള്‍ നീട്ടി പഴുത്തുതുടുത്ത അത്തിപ്പഴങ്ങള്‍ വേണ്ടുവോളം പറിച്ചു തിന്നു. മാതാപിതാക്കളുടെ വിശപ്പു മാറിയെന്നു കണ്ടപ്പോള്‍ ഉണ്ണിയേശു അത്തിമരത്തോടു പറഞ്ഞു ‘’ ഇനി നീ നിവര്‍ന്നു നിന്നു കൊള്ളു ‘’ അത്തിമരം ഉണ്ണിയെ അക്ഷരം പ്രതി അനുസരിച്ചു. ഉണ്ണി വീണ്ടും പറഞ്ഞു അത്തിമരമേ നിനക്കു നന്ദി നീ എന്റെ മാതാപിതാക്കളുടെ വിശപ്പു മാറ്റിയല്ലോ ഇനി അവരുടെ വരണ്ട തൊണ്ട കൂടി ഒന്നു നനച്ചു കൊടുക്കണം നിന്നനില്‍പ്പില്‍ ഒന്നു ഇളകിയാല്‍ മതി നിന്റെ വേരുകള്‍ക്കിടയില്‍ നിന്നും താനേ നീരുറവ പുറത്തേക്കു ഒഴുകിക്കൊള്ളും''

അത്തിമരം പെട്ടെന്നിളകി നിന്നു. അത്ഭുതമേ അത്ഭുതം വേരുകള്‍ക്കിടയില്‍ നിന്ന് അതിശക്തിയായ ജലപ്രവാഹം കുളിര്‍മ്മയുള്ള നിര്‍മ്മലമായ ജലം കുടുകുടെ പുറത്തേക്ക് ഒഴുകി വന്നു. മേരിയും ജോസഫും ദാഹം തീരുന്നതുവരെ കൈക്കുടന്നയില്‍ ജലമെടുത്തു കുടിച്ചു. അവര്‍ക്കുണ്ടായ ആനന്ദത്തിനു അതിരില്ല.

ഉണ്ണിയേശു അവരെ നോക്കി ഒരു കുസൃതിച്ചിരി ചിരിച്ചു. അതിയായ വാത്സല്യത്തോടെ അവര്‍ ശിശുവിനെ വാരിയെടുത്ത് ഉമ്മ വച്ചു.

ഉണ്ണിയേശു വിനയത്തിന്റെ രാജകുമാരനായിരുന്നു, കനിവിന്റെ കാവല്‍മാലാഖയായിരുന്നു. കാലം കഴിഞ്ഞിട്ടും ആ ദിവ്യശിശുവിന്റെ തിരുപ്പിറവിയെക്കുറിച്ചുള്ള ഓര്‍മ്മ ഇന്നും നമ്മെ പുളകം കൊള്ളിക്കുന്നു.

സിപ്പി പളളിപ്പുറം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.