പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സിംഗപ്പൂർ വിശേഷം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാഹുലേയൻ പുഴവേലിൽ

ഫോർട്ട്‌ കാനിംഗ്‌ പാർക്ക്‌

സിംഗപ്പൂരിലേക്കു യാത്ര തിരിക്കുന്നതിനു മുമ്പ്‌, ഇതു ധാരാളം പൂന്തോട്ടങ്ങളുള്ള ഒരു നഗരമാണെന്ന്‌ കേട്ടിരുന്നു. ഇവിടെ എത്തിയപ്പോൾ, പൂന്തോട്ടങ്ങൾ ഉള്ള നഗരമെന്നല്ല, ഒരു വലിയ പൂന്തോട്ടത്തിനുള്ളിലെ ഒരു നഗരമാണ്‌ സിംഗപ്പൂർ എന്നു തോന്നി.

നടപ്പാതയുടെ അരികിലെല്ലാം പൂക്കളുള്ളതും ഇല്ലതാത്തതുമായ ചെടികൾ നട്ടുവളർത്തിയിരിക്കയാണ്‌. അതോടൊപ്പം തന്നെ തണൽ നൽകുന്ന വലിയ വൃക്ഷങ്ങളുമുണ്ട്‌. ചെടികളുടെ മാത്രമല്ല വലിയ മരങ്ങളുടെയും ഉണങ്ങിയതും വേണ്ടാത്തതുമായ ചെറിയ കമ്പുകൾ മുറിച്ചുമാറ്റും. റോഡരികിൽ മാത്രമല്ല, നഗരത്തിൽ എവിടെ നോക്കിയാലും നന്നായി സംരക്ഷിച്ചു നിറുത്തിയിട്ടുള്ള ചെടികളും മരങ്ങളുമാണ്‌. തുറസായ സ്‌ഥലങ്ങളിൽ തറയിൽ പച്ചപരവതാനിവിരിച്ചപോലെ, പുല്ലും വെട്ടിനിറുത്തിയിട്ടുണ്ടാകും. മഴപെയ്‌തുകൊണ്ടിരിക്കുമ്പോൾ പോലും വെള്ളം കെട്ടിക്കിടക്കുന്ന കുഴികളും ചാലുകളും ചെളിയും ഒരിടത്തും ഉണ്ടാകില്ല.

വളരെ ചുരുക്കം പേരൊഴിച്ചു ബാക്കി എല്ലാവരും ഫ്ലാറ്റുകളിലാണ്‌ താമസിക്കുന്നത്‌. കുറച്ചു പേർക്കു മാത്രം സ്വന്തം സ്‌ഥലവും കാർ പോർച്ചോടുകൂടിയ സ്വന്തം വീടും ഉണ്ട്‌. ഇവർക്കു മതിലും ഗെയിറ്റും സ്വന്തം പൂന്തോട്ടവും ഉണ്ടാകും. ഇത്തരം ഭാഗങ്ങളെ പ്രൈവറ്റ്‌ ഏരിയ എന്നാണ്‌ പറയുന്നത്‌. ഇവിടെ കാലകാലങ്ങളിൽ പുല്ലുവെട്ടി മുറ്റവും തോട്ടവും ഭംഗിയായി സൂക്ഷിക്കേണ്ട ചുമതല അവിടെ തമാസിക്കുന്നവർക്കാണ്‌. അതിൽ ഉദാസീനത കാണിച്ചാൽ അവർ ഗവൺമെന്റിലേക്കു പിഴ അടക്കേണ്ടിവരും.

നഗരത്തിന്റെ എല്ലാ ഭാഗത്തും ചെറുതും വലുതുമായ ധാരാളം പാർക്കുകളുണ്ട്‌. ഇവയുടെയെല്ലാം നിർമ്മാണവും സംരക്ഷണവും നാഷണൽ പാർക്ക്‌സ്‌ ബോർഡ്‌ എന്ന സ്‌ഥാപനത്തിനാണ്‌. നിരപ്പായ സ്‌ഥലവും മലഞ്ചരിവുകളും മാത്രമല്ല, ചിലപ്പോൾ ഒരു മല മുഴുവനായി തന്നെയും പാർക്കായി മാറ്റാറുണ്ട്‌. അതിലൊന്നാണ്‌ ഫോർട്‌ കാനിംഗ്‌ പാർക്ക്‌.

പാർക്കെന്നു കേൾക്കുമ്പോൾ മനോഹരമായ പൂന്തോട്ടമാണ്‌ നമുക്കോർമ്മ വരിക. വർഷങ്ങൾക്കു മുമ്പു കണ്ട വൃന്ദാവൻ ഗാർഡൻസ്‌ ഇപ്പോഴും മായാതെ മനസിൽ തന്നെയുണ്ട്‌. ഒരു കാലത്ത്‌ മലമ്പുഴയിലെ പൂന്തോട്ടം വളരെ പ്രസിദ്ധമായിരുന്നു. നിറവും മണവുമുള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന ചെടികൾ ഇല്ലാത്ത ഒരു പൂന്തോട്ടത്തെപ്പറ്റി നമുക്കാലോചിക്കാൻ പറ്റുമോ? പക്ഷേ ഇവിടെ ഇങ്ങനെയാണ്‌. ഇവിടെ പാർക്ക്‌ എന്നു പറഞ്ഞാൽ, അല്‌പം ആകർഷകമാക്കിയ ചെറിയ ബോട്ടാണിക്കൽ ഗാർഡൻ ആണ്‌. എങ്ങനെ ആയാലും ടൂറിസ്‌റ്റുകളെ ആകർഷിക്കാൻ വേണ്ടുന്ന എല്ലാകാര്യങ്ങളും അവരവിടെ ഒരുക്കിയിരിക്കുമെന്നത്‌ തീർച്ചയാണ്‌.

സിംഗപ്പൂർ ദ്വീപിന്റെ ചരിത്രവുമായി ഏറ്റവും ബന്ധപ്പെട്ട ഒരു സ്‌ഥലമാണ്‌ ഡോബിഗട്‌ റയിൽവേസ്‌റ്റേഷനു സമീപമുള്ള ഫോർട്ട്‌ കാനിംഗ്‌ പാർക്ക്‌. ഒരു വലിയ മലയാണിത്‌. ഇതിന്റെ മുകളിൽ നിന്നു നോക്കിയാൽ സിംഗപ്പൂരിലെ പലപ്രധാന സ്‌ഥലങ്ങളും കാണാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യംവരെ, സിംഗപ്പൂരിലെ ഗവർണർമാരുടെ ആസ്‌ഥാനം ഇവിടെ ആയിരുന്നു.

1860-ൽ ബ്രിട്ടീഷ്‌കാർ ഇവിടെ ഒരു കോട്ട പണിയുകയും അതിന്‌ ചാൾസ്‌ ജോൺ കാനിംഗിന്റെ പേരു നൽകുകയും ചെയ്‌തു. കടൽ മാർഗ്ഗമുള്ള ആക്രമണങ്ങളിൽ നിന്ന്‌ സിംഗപ്പൂരിനെ രക്ഷിക്കുകയും ഒരത്യവശ്യം വന്നാൽ, സിംഗപ്പൂരിലെ യൂറോപ്യൻ ജനതയെ സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്ന കാലത്ത്‌ ഇവിടെ ബ്രിട്ടീഷ്‌ പട്ടാളത്തിലെ മലയ കമാഡിന്റെ ആസ്‌ഥാനമായിരുന്നു. തെക്കു കിഴക്കൻ ഏഷ്യയിൽ ബ്രിട്ടനുണ്ടായിരുന്ന ശക്തിയേറിയ ഒ​‍ുരു സൈനിക കേന്ദ്രമായിരുന്നു ഇത്‌.

പാർക്കിലെ തിരക്കില്ലാത്ത ഒരു ഭാഗത്തുകൂടെ ഞാൻ നടക്കുമ്പോൾ ഒരാൾ എന്റെ അടുത്തേക്കു വന്നു. താടിയും മീശയും വളർത്തി അലക്ഷ്യമായി ഡ്രസ്‌ ചെയ്‌ത ഒരു ചെറുപ്പക്കാരൻ. തോളിൽ ഒരു വലിയ സഞ്ചിയുമുണ്ട്‌. അയാൾ ചോദിച്ചു.

“നിങ്ങൾ ശ്രീലങ്കയിൽ നിന്നോണോ?”

“അല്ല ഇൻഡ്യയിൽ നിന്നാണ്‌”

“ഞാനൊരു ചിത്രകാരനാണ്‌. ഒരു മിനിട്ടു സമയം കൊണ്ടു ആരുടെ പടം വരക്കാനും എനിക്കു കഴിയും.”

സഞ്ചി തുറന്ന്‌ അയാൾ വരച്ച കുറെ പടങ്ങൾ എന്നെ കാണിച്ചു. വെള്ളക്കടലാസിൽ പെൻസിൽകൊണ്ടു വരച്ച പടങ്ങളാണ്‌. അയാൾ വീണ്ടും ചോദിച്ചു.

“ഞാൻ നിങ്ങളുടെ ഒരു പടം വരച്ചോട്ടെ?”

“വേണ്ട എനിക്കു താല്‌പര്യമില്ല”.

“ഇതിൽ കുഴപ്പങ്ങളോ അപകടങ്ങളോ ഒന്നുമില്ല. എനിക്ക്‌ പണമൊന്നും വേണ്ട. പടം വരക്കാൻ വേണ്ടി ഒരു മിനിട്ടു നേരം നിങ്ങൾ അനങ്ങാതെ നിന്നാൽ മതി.”

അയാൾ പറഞ്ഞതുപോലെ, ഒരു മരത്തിന്റെ ചുവട്ടിൽ അയാളുടെ മുഖത്തേക്കു നോക്കി ഞാൻ നിന്നു. അല്‌പം മാറിനിന്ന്‌ കടലാസും പെൻസിലും എടുത്ത്‌ അയാൾ വരക്കാൻ തുടങ്ങി. ഒരു മിനിട്ടു കഴിഞ്ഞപ്പോൾ അയാൾ പടവുമായി എന്റെ അടുത്തേക്കുവന്നു. എന്റെ ഫോട്ടോ എടുത്തതുപോലെ തന്നെയുണ്ട്‌.

“വളരെ നന്നായിരിക്കുന്നു.” ഞാൻ പറഞ്ഞു.

പടത്തിന്റെ അടിയിൽ, എന്റെ കൈപ്പടിയിൽ എന്റെ പേരെഴുതാൻ അയാളാവശ്യപ്പെട്ടു. ഇതുനേരെത്തെ പറയാതിരുന്ന കാര്യമാണ്‌. എങ്കിലും ആ പടത്തിനു താഴെ ഞാൻ എന്റെ പേരെഴുതി. പെട്ടെന്ന്‌ അതിന്റെ ആവശ്യം ഇല്ലായിരുന്നു എന്ന്‌ എനിക്കു തോന്നി. ഞാൻ വേഗം മല ഇറങ്ങി താഴോട്ടു നടന്നു. വന്നുനിന്നത്‌ ഫോർട്ട്‌ കാനിംഗ്‌ പാർക്കിലെ, എനിക്കേറ്റവും ഇഷ്‌ടപ്പെട്ട ബാറ്റിൽ ബോക്‌സിന്റെ മുന്നിലാണ്‌.

ബാറ്റിൽ ബോക്‌സ്‌

1936-ൽ ആണ്‌ ഇതിന്റെ പണി തുടങ്ങിയത്‌. ഒരു യുദ്ധമുണ്ടായാൽ തെക്കു കിഴക്കൻ ഏഷ്യയിലെ ബ്രിട്ടീഷ്‌ മിലിട്ടറി ഓപ്പറേഷന്റെ ഒരു സിരാകേന്ദ്രമായി പ്രവർത്തിക്കാൻ വേണ്ടി ഉണ്ടാക്കിയതാണിത്‌. ഫോർട്ട്‌ കാനിംഗ്‌ പാർക്കിലെ മലഞ്ചരുവിൽ, ഭൂമിക്കടിയിൽ ഒൻപതു മീറ്റർ താഴെയാണ്‌ ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ മലയ കമാൻഡ്‌ ഹെഡ്‌ ക്വാർട്ടേഴ്‌സിനു വേണ്ടി ഈ ബോംബും പ്രൂഫ്‌ ബങ്കർ നിർമ്മിച്ചത്‌. വലിയ ഇരുപത്തിയാറു മുറികളും നീണ്ട ഇടനാഴികളും ഇതിലുണ്ട്‌.

രണ്ടാം ലോകമഹായുദ്ധം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ, ജപ്പാൻ മലയ ആക്രമിച്ചു. അപ്പോൾ ബ്രിട്ടീഷ്‌ മലയൻ കമാണ്ടിന്റെ തലവൻ ജനറൽ പെർസിവൽ ആയിരുന്നു. മലയൻ പ്രദേശങ്ങൾ കീഴടക്കി ജപ്പാൻ സേന, മിന്നൽ വേഗത്തിൽ സിംഗപ്പൂർ ദ്വീപിന്റെ വടക്കു ഭാഗത്തു കടന്നപ്പോൾ, ഈ ബങ്കറിൽ ഇരുന്നാണ്‌, മറ്റു മുതിർന്ന പട്ടാള ഉദ്യോഗസ്‌ഥന്മാരുമായി കൂടിയാലോചിച്ച്‌ 1942 ഫെബ്രുവരി 15-​‍ാം തിയതി രാവിലെ ജനറൽ പെർസിവൽ ജപ്പാന്റെ മുന്നിൽ ആയുധം വച്ച്‌ നിരുപാധികം കീഴടങ്ങാൻ തീരുമാനിച്ചത്‌.

അന്നവിടെ നടന്നത്‌, ഇന്നു ബാറ്റിൽ ബോക്‌സിലേക്കു കയറുമ്പോൾ നാം നേരിട്ടു കാണുക മാത്രമല്ല. കേൾക്കുകയും അനുഭവച്ചറിയുകയും ചെയ്യുന്നു. മുറികളിലെ ഫർണീച്ചറും ടെലഫോണും മറ്റുപകരണങ്ങളും കീഴടങ്ങാനുള്ള തീരുമാനമെടുത്തപ്പോൾ എങ്ങനെ ഇരുന്നോ അതുപോലെ തന്നെ ഒരുക്കിവച്ചിട്ടുണ്ട്‌. ജനറലിന്റെയും മറ്റു പട്ടാള ഉദ്യോഗസ്‌ഥന്മാരുടെയും. മെഴുകിൽ തീർത്ത രൂപങ്ങൾ ജീവനുള്ളവയാണെന്നേ തോന്നൂ. അന്നവർ അവിടെ സംസാരിച്ച കാര്യങ്ങൾ, അതേ ശബ്‌ദത്തിൽ നമുക്കു വീണ്ടും കേൾക്കാം.

ബങ്കറിൽ നിന്നു പുറത്തു കടന്നപ്പോൾ ഒരു കാര്യം കൂടി മനസിലായി. സ്വന്തം രാജ്യം യുദ്ധത്തിൽ തോൽക്കുമെന്ന്‌ ഉറപ്പായപ്പോൾ, ശത്രുവിന്റെ മുമ്പിൽ ആയുധം വച്ചു കീഴടങ്ങാൻ തീരുമാനമെടുക്കുന്ന രംഗങ്ങൾ ടൂറിസ്‌റ്റുകളെ ആകർഷിക്കുവാൻ വേണ്ടി, സത്യസന്ധമായി പുനരാവിഷ്‌കരിച്ച്‌ പ്രദർശിപ്പിക്കാൻ ഇവർക്കൊരു മടിയുമില്ല. അതാണ്‌ സിംഗപ്പൂർ.

ബാഹുലേയൻ പുഴവേലിൽ

ഏനാദി. പി.ഒ,

കെ.എസ്‌. മംഗലം, വൈക്കം,

കോട്ടയം ജില്ല,

പിൻ - 686 608.


Phone: 9947133557
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.