പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

കുറച്ച്‌ ക്രിസ്‌തുമസ്‌ വർത്തമാനങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സീമ ശ്രീഹരി മേനോൻ

വീണ്ടുമൊരു ക്രിസ്‌തുമസ്‌കാലം കൂടി. ഇത്തവണ നേരത്തെ തന്നെ മഞ്ഞുടുപ്പിട്ടു ബ്രിട്ടൻ ഒരുങ്ങിയിട്ടുണ്ട്‌. ദശകങ്ങളുടെ റെക്കോർഡ്‌ തണുപ്പും മഞ്ഞുവീഴ്‌ചയും മാധ്യമങ്ങൾക്കു ആഘോഷം. സ്‌കോട്ട്‌ലാന്റിലെ അതിർത്തി ഗ്രാമങ്ങളിൽ താപനില-20 വരെയെത്തി. കാനഡ പോലെയുള്ള രാജ്യങ്ങളിൽ ഈ സമയത്ത്‌ - 45 ഡിഗ്രിവരെയൊക്കെ എത്തുമെങ്കിലും, ഞങ്ങൾ ഇംഗ്ലണ്ടുകാർക്ക്‌ ഇതു “വാർത്ത”യാണ്‌. കാരണം ഇക്കൊല്ലം നവംബറിൽ മഞ്ഞുവന്നെന്നും വച്ചു അടുത്ത കൊല്ലം ഈ സമയത്തു മഴയാകാനും മതി. യാതൊരു വ്യവസ്‌ഥയും വെള്ളിയാഴ്‌ചയുമില്ലാത്ത കാലാവസ്‌ഥ. ബ്രിട്ടീഷുകാരൻ കുശലം തുടങ്ങുന്നതും അവസാനിക്കുന്നതും കാലാവസ്‌ഥയെക്കുറിച്ചുള്ള പരാമർശങ്ങളോടെയെന്നു പൊതുവെ പറയും - ഒറ്റ ദിവസം നാലു ഋതുക്കളെയും അനുഭവിക്കാൻ കഴിയുന്ന വേറെ രാജ്യം വേറെ ഏതുണ്ട്‌?

പതിവുപോലെ നവംബർ മുതൽ തുടങ്ങിയ ക്രസ്‌തുമസ്‌ ഒരുക്കങ്ങൾ ഇപ്പോൾ കലാശമായിത്തുടങ്ങിയിട്ടുണ്ട്‌. ഒരു കുഞ്ഞുമണിപേഴ്‌സിനു നൂറ്‌ പൗണ്ട്‌ വിലയിട്ടിട്ടുള്ള കരേൻ മില്ലർ വെബ്‌സൈറ്റ്‌ പലദിവസങ്ങളിലായി ട്രാഫിക്‌ ആധിക്യം മൂലം ക്രാഷ്‌ ആവുന്നതിനാൽ ആശിച്ചു മോഹിച്ചു കണ്ടുവച്ച ക്രിസ്‌തുമസ്‌ സമ്മാനം കാക്ക കൊത്തിക്കൊണ്ടുപോവുമോ എന്ന വേവലാതിയിലാണു എനിക്കു മുന്നിലിരിക്കുന്ന കൂട്ടുകാരി. അഞ്ച്‌ വയസ്സുകാരി മകളുടെ ‘ക്രിസ്‌തുമസ്‌ വിഷ്‌ ലിസ്‌റ്റ്‌ കടലാസിന്റെ 2 പുറം നിറഞ്ഞു മൂന്നിലേക്കു കടക്കുന്നതിന്റെ വേവലാതിയിൽ വേറൊരുത്തി.

ഷോപ്പിങ്ങിനായി ഈ രണ്ടു മാസങ്ങളിൽ ഇവർ ചിലവാക്കുന്ന തുക കണ്ടാൽ ഇനിയൊരു ക്രിസ്‌തുമസ്‌ വരാനില്ലായിരിക്കുമോ എന്നു സംശയം തോന്നും. ഈ ഷോപ്പിങ്ങ്‌ ഭ്രമം ഡിസംബറ്‌ 25-​‍ാം തിയതിയോടെ കഴിയുന്നില്ലെന്നുള്ളതാണു മറ്റൊരു രസം. ബോക്‌സിംങ്ങ്‌ ഡേ (ഡിസംബർ 26) പൊതുവെ സാധനങ്ങൾക്കു 60 മുതൽ 75% വരെ വിലകുറവാണു - അതിനു വേണ്ടി തുളഞ്ഞുകയറുന്ന ശീതക്കാറ്റോ മഞ്ഞോ മഴയോ വകവയ്‌ക്കാതെ 5 മണി മുതൽ കടകൾക്കു മുൻപിൽ ക്യൂ തുടങ്ങും. അനാവശ്യത്തിനും സാദാ വിലക്കു സാധനങ്ങൾ വാങ്ങികൂട്ടി പിന്നീട്‌ ഇരട്ടി വിലയിട്ടു ഇ-മെയിൽ വിൽക്കുന്ന ’വ്യാപാരകാന്ത‘ങ്ങൾക്കു ബോക്‌സിങ്ങ്‌ ഡെ തന്നെ പ്രിയപ്പെട്ട ദിനം.

പച്ചയും ചുവപ്പുമാണു ക്രിസ്‌തുമസ്‌ നിറങ്ങൾ നവംബറോടു കൂടി 1 അടി മുതൽ 8 അടി വരെ വരുന്ന ക്രിസ്‌തുമസുകൾ വീടുകളെയും സ്‌ഥാപനങ്ങളെയും അലങ്കരിക്കും. സാധാരണക്കാരൻ 100 പൗണ്ട്‌ വരുന്ന പ്ലാസ്‌റ്റിക്ക്‌ മരങ്ങളും ബോബിളുകളും കൊണ്ടു തൃപ്‌തിപ്പെടുംബോൾ, 1500 പൗണ്ട്‌ വരുന്ന 8 അടി ഉയരമുള്ള ഒറിജിനൽ മരം തന്നെ വേണം പണക്കാർക്ക്‌, റിസഷൻ പ്രമാണിച്ചു ഒരു പ്രമുഖ ഡിസ്‌കൗണ്ട്‌ കട ഇത്തവണ ഒരു പൗണ്ടിനു ക്രിസ്‌തുമസ്‌ ട്രീ പുറത്തിറക്കിയിട്ടുണ്ട്‌.

ഡിസംബർ ആദ്യ ആഴ്‌ചയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്ന മരങ്ങൾ ജാനുവരി അഞ്ചാം തിയതിക്കു മുൻപു മാറ്റിയാൽ വീട്ടിൽ ദൗർഭാഗ്യം വിരുന്നെത്തുമെന്നു വിശ്വാസം. ഹോളി, ഐവി, മിസൽറ്റോ എന്നിവയാണു വീട്‌ അലങ്കരിക്കാനുപയോഗിക്കുന്ന ഇലകൾ. തൂക്കിയിട്ടിരിക്കുന്ന മിസൽറ്റോവിനു അടിയിൽ വച്ചു ആർക്കും ആരെയും ചുംബിക്കാമെന്നൊരു സ്വാതന്ത്ര്യമുണ്ട്‌. പല അവശ കാമുകന്മാരും കാമുകിയെ ആദ്യമായി ചുംബിക്കുന്നതു മിസൽറ്റോ നൽകുന്ന ധൈര്യത്തിനു പുറത്താണത്രെ.

ക്രിസ്‌തുമസ്‌ രാത്രിയിൽ കുട്ടികൾ കട്ടിൽകാലിൽ തൂക്കിയിടുന്ന “സ്‌റ്റൊക്കിങ്ങ്‌സ്‌’ ആണ്‌ മറ്റൊരു മനോഹര ആചാരം. രാത്രിയിൽ വരുന്ന സാന്റാക്ലോസ്‌ ‘സ്‌റ്റൊക്കിങ്ങ്‌സ്‌ നിറയെ ചോക്ലേറ്റിനോടൊപ്പം ഒരു ഓറഞ്ചും സമ്മാനം നൽകും. രാത്രിയിൽ ചിമ്മിനിയിലൂടെ അകത്തു വരുന്ന സാന്റാക്ലോസിനു ഫയർ പ്ലേസിനടുത്തു പാലും മിൻസ്‌പൈകളും കുട്ടികൾ കാത്തു വച്ചിരിക്കും, ഒപ്പം റെയിൻഡീറിനായി ഒരു കാരറ്റും.

ക്രിസ്‌മസ്‌ ദിനത്തിൽ പാരമ്പര്യ വിഭവങ്ങളാണു എല്ലാ മേശകളിലും. ഇത്തവണയും പ്രമുഖ സൂപ്പർമാർക്കറ്റുകളൊക്കെ തന്നെ ടർക്കിക്കുള്ള ഓർഡുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്‌. മിക്കവാറും വീടുകളിൽ ക്രിസ്‌തുമസ്‌ ഈവ്വിൽ തന്നെ ടർക്കി റോസ്‌റ്റ്‌ ചെയ്യാൻ തുടങ്ങും. 8 കിലോയോളം വരുന്ന പക്ഷിയുടെ വയറ്റിൽ സോസേജ്‌ മാംസവും, പലതരം ഹെർബുകളും ചേർന്ന ’സ്‌റ്റഫിങ്ങ്‌‘ നിറക്കും, എന്നിട്ടു അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ടർക്കിയെ 4 മുതൽ 5 മണിക്കൂർ വരെ റോസ്‌റ്റ്‌ ചെയ്‌തെടുക്കും. ഒപ്പം വിളമ്പാൻ ക്രാർബെറി സോസോ, ബ്രഡ്‌ സോസോ, താറാവു നെയ്യിൽ പൊരിച്ചെടുക്കുന്ന ഉരുളക്കിഴങ്ങും, കാരറ്റ്‌, പാർസ്‌നിപ്പ്‌, സ്വീഡ്‌ തുടങ്ങിയ ’വിന്റർ വെജിറ്റബിൾസും, ആവിയിൽ സ്‌റ്റീം ചെയ്യുന്ന ബ്രസ്സൽ സ്‌പ്രഗറ്റ്‌സും അകമ്പടി. ടർക്കിക്കു മറ്റൊരു കൂട്ടുകാരൻ - ബേക്കൺ കൊണ്ടു പൊതിഞ്ഞു വറുത്തെടുക്കുന്ന ചെറിയ സോസേജുകൾ - പേരു ‘പിഗ്‌ ഇൻ ബ്ലാങ്കെറ്റ്‌. പ്ലേറ്റിനു മുകളിൽ നാപ്‌കിനോടൊപ്പം ’ക്രാക്കേഴ്‌സ്‌ - ഭക്ഷണത്തിനു മുൻപ്‌ പൊട്ടിച്ചാൽ ഒരു കടലാസു കിരീടവും, ഒപ്പം ഒരു ചെറിയ സമ്മാനവും, ഈ കടലാസു കിരീടം അണിഞ്ഞു വേണമത്രെ ഭക്ഷണത്തിനെ ആക്രമിക്കാൻ.

മരക്കഷ്‌ണത്തിന്റെ ആകൃതിയിൽ ബേക്കു ചെയ്‌തെടുത്തു ചോക്ലേറ്റ്‌ ഐസിങ്ങുമായി ‘യൂൾലോഗ്‌ മധുരക്കൊതിയന്മാർക്ക്‌’. പക്ഷെ പ്രായമായവർക്കു പാരമ്പര്യമായുണ്ടാക്കുന്ന ക്രിസ്‌തുമസ്‌ പുഡിങ്ങ്‌ തന്നെ വേണം.. ക്രിസ്‌തുമസ്‌ പുഡിങ്ങ്‌ വീട്ടിലുള്ള എല്ലാവരും ചേർന്നു വേണമത്രെ തയ്യാറാക്കാൻ - അടുപ്പത്തു വച്ചു ഇളക്കുന്നതിനിടയിൽ ഓരോരുത്തരും സ്വകാര്യമായൊരു ആഗ്രഹവും (വിഷ്‌) പുഡുങ്ങിനോടു പറയും - അതു സാധിക്കുമെന്നാണു വിശ്വാസം. ബദാമും, ഉണക്കമുന്തിരിയും, ആപ്പിളും, ജാതിക്കയും ചേർത്ത്‌ 8 മണിക്കൂറോളം ആവിയിൽ വേവിച്ചെടുക്കുന്ന പുഡിങ്ങ്‌ ആഴ്‌ചകൾക്കു മുൻപുതന്നെ തയ്യാറാക്കാം. അതിനു മിനക്കെടാൻ വയ്യാത്തവർക്കായി ഒക്‌ടോബർ മാസം അവസാനത്തോടെ മനോഹരമായി പൊതിഞ്ഞ പുഡിങ്ങുകൾ വിൽപ്പനക്കെത്തും. വിളംബാൻ നേരം ഒന്നു ചൂടാക്കി 2-3 സ്‌പൂൺ ബ്രാൻഡി മുകളിലൊഴിച്ചു പതിയെ തീ കൊളുത്തിയാണു പുഡിങ്ങ്‌ മേശയിലേക്കു വയ്‌ക്കുക. ഒപ്പം കഴിക്കാൻ കസ്‌റ്റാർഡാ ബ്രാണ്ടിസോസോ.

ഡിസംബർ 26 ബോക്‌സിങ്ങ്‌ ഡേ - സാൻഡ്വിച്ചുകളും, ബാക്കി വരുന്ന മിൻസ്‌ പൈകളും അടങ്ങിയതാണു അന്നത്തെ മെനു. പണ്ടുകാലങ്ങളിൽ പാവപ്പെട്ടവർക്കു ക്രസ്‌തുമസ്‌ സമ്മാനങ്ങളും പൈസയും വിതരണം ചെയ്‌തിരുന്നതു ബോക്‌സിങ്ങ്‌ ഡെയിലായിരുന്നത്രെ.

ഇത്തവണ ശനിയും ഞായറുമായി ക്രിസ്‌മസും ബോക്‌സിങ്ങ്‌ ഡേയും വരുന്നതു കൊണ്ട്‌ തൊട്ടടുത്ത തിങ്കളും ചൊവ്വയും പൊതു അവധിയാണ്‌. ന്യൂ ഇയറിന്റെ അവധി ജാനുവരി മൂന്നാം തീയതിയും. സ്‌നോ നിർബന്ധിച്ച അടിച്ചേൽപ്പിച്ച അവധികൾ മാറും മുൻപ്‌ വീണ്ടും അവധി ദിനങ്ങളുടെ പരമ്പര തന്നെ വീണ്ടും വരുന്നതു ചെറുകിട വ്യാപാരികളെ ആശങ്കാകുലരാക്കുന്നുണ്ട്‌.

ക്രിസ്‌തുമസ്‌ എന്നാൽ പലർക്കും ഇവിടെ പലതാണ്‌ - ഷോപ്പിങ്ങ്‌, ഗിഫ്‌റ്റ്‌സ്‌, പാർട്ടി, ഹോളിഡെയ്‌സ്‌, ബോണസ്‌ മണി കൊണ്ടു പുതിയ കാറു വാങ്ങാനും കിച്ചൺ പുതുക്കി പണിയാനും പ്ലാനുകൾ. റിസഷൻ മൂലം ഇപ്രാവശ്യം സമ്മാനങ്ങൾ കുറവേ വാങ്ങുന്നുള്ളുവെന്നു ഒരാൾ. കാണം വിറ്റാലും ക്രിസ്‌മസ്സ്‌ ഉഷാറാകണമെന്നു മറ്റൊരാൾ. പാതിരാകുർബാന കൂടലും ക്രിസ്‌തുമസിന്റെ ദൈവീക സന്ദേശം നുണയലുമൊക്കെ യുവതലമുറയിലെ ഇന്നാട്ടുകാരുടെ സ്വപ്‌നങ്ങളിൽ പോലും വരുന്നില്ല. പക്ഷെ മലയാളികളടക്കമുള്ള മറുനാട്ടുകാർക്കു ഈ മൂല്യങ്ങളൊന്നും കൈമോശം വന്നിട്ടില്ല.

സീമ ശ്രീഹരി മേനോൻ


E-Mail: seema.stories@yahoo.co.uk
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.