പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അക്രൈസ്‌തവന്റെ ക്രിസ്‌തുമസ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സീമ ശ്രീഹരി മേനോൻ

ജിഹാദികൾക്കു മുമ്പുള്ള കാലം. ഹിന്ദുവെന്നും ക്രിസ്‌ത്യാനിയെന്നും മുസ്ലീമെന്നും സ്വന്തം മതത്തെ പറ്റി ഇത്രയൊന്നും വേവലാതിപ്പെടാത്ത കാലം. ഒരു മുസ്ലീം പയ്യൻ ഒരു ഹിന്ദു പെണ്ണിനെ ലൈൻ അടിച്ചാലോ, ഒരു പ്രേമലേഖനം കൊടുത്താലോ അവനു വീഴുന്ന പേരു ‘രമണൻ’ എന്നോ ‘മജ്‌നു’ എന്നോ മാത്രം ആയിരുന്ന കാലം.

ഓണം കഴിഞ്ഞാലുള്ള കാത്തിരിപ്പു ക്രിസ്‌തുമസിനു വേണ്ടിയായിരുന്നു. ഒരു പക്ഷെ ഓണത്തിനേക്കാളും കൊതിയോടെ കാത്തിരിക്കാറുള്ളതും ക്രിസ്‌തുമസിനെ ആയിരുന്നു. സാമ്പാറും, അവിയലും, കാളനും, ഓലനും പാലടയുമായി ഒരു ചുണയില്ലാത്ത ഓണം. ഓലക്കുടയും മുട്ടിചെരിപ്പുമായി തീരെ ഗ്ലാമർ ഇല്ലാത്തൊരു മാവേലിയും. എന്നാൽ ക്രിസ്‌തുമസ്‌ വരുമ്പോൾ അതല്ല സ്‌ഥിതി.

അയല്‌പക്കത്തു നിന്നും ബട്ടർ പേപ്പറിൽ പൊതിഞ്ഞു നീളുന്ന പൊടിച്ച കറുവാപട്ടയും ജാതിപത്രിയും കലർന്ന ക്രിസ്‌തുമസ്‌ കേക്കിന്റെ ഗന്ധം. ഡിസംബർ തുടങ്ങുമ്പോഴേക്കും ചന്തയിൽ നിന്നും വലിയച്ചൻ വാങ്ങികൊണ്ടു വന്നു തൂക്കുന്ന നക്ഷത്രത്തിന്റെ താരതിളക്കം. ക്രിസ്‌തുമസ്‌ ദിനത്തിനു പാഴ്‌സൽ വരുന്ന വറുത്തരച്ച കോഴിക്കറിയുടേയും, ബീ​‍്‌ഫ്‌ ഫ്രൈയുടേയും എരിവ്‌. കള്ളു ചേർത്ത വട്ടയപ്പത്തിന്റെ ഇളം മാധുരം. തേങ്ങാ കൊത്തുകളുടേയും മുന്തിരിങ്ങയുടേയും മധുരിക്കുന്ന മെഡ്‌ലി. പൊരിച്ച ബ്രാലിന്റെ സ്വർണ നിറം. അന്നു ഡൈനിംഗ്‌ ടേബിളിൽ ഞങ്ങൾ അച്ഛനും രണ്ടു മക്കളും അടങ്ങുന്ന ആർത്തിക്കൂട്ടങ്ങൾ കയ്യടക്കും. കൊല്ലത്തിലൊരിക്കൽ കടന്നു വരുന്ന ക്രിസ്‌തുമസ്‌ മണങ്ങളെ സെറ്റുമുണ്ടിന്റെ കോന്തല കൊണ്ടു തടുത്തു, അടുക്കളയിലെ അരിപ്പെട്ടിക്കു മുൻപിലെ സ്‌റ്റൂളിലിരുന്നു, തനിയെ കുമ്പളങ്ങ മൊളോഷ്യവും ചീര അവിയലും കഴിക്കുന്ന അമ്മ. വട്ടയപ്പത്തിലെ കള്ളിന്റെ മണം കാരണം ഇരിക്കപ്പൊറുതി കിട്ടുന്നില്ലെന്നു വലിയമ്മ.

നാട്ടുവെളിച്ചം തൂവുന്ന നടവഴികളിലൂടെ നെറ്റു പുതച്ചു അമ്മച്ചിമാരും, വെള്ളഷർട്ടിലും മുണ്ടിലും തിളങ്ങുന്ന അച്ചാച്ചന്‌മാരും, ക്രിസ്‌തുമസ്‌ കോടിയുടെ ഗന്ധം ആസ്വദിച്ചു പെങ്കിടാങ്ങളും ഒരു കിലോമീറ്റർ അകലേയുള്ള പള്ളിയിലേക്കു പാതിരാ കുർബാന കൈകൊള്ളാൻ നടന്നു പോയിരുന്നതു ഒരു സുഖമുള്ള ക്രിസ്‌തുമസ്‌ കാഴ്‌ച. കൊഴിഞ്ഞു വീഴുന്ന വർത്തമാന ശകലങ്ങൾ കുശലാന്വേഷണങ്ങൾ.... “മെറി ക്രിസ്‌തുമസ്‌” എന്ന പ്രയോഗം ഇംഗ്ലീഷ്‌ സിനിമകളിൽ മാത്രം. പുൽക്കൂട്ടിൽ പിറന്ന ഉണ്ണിക്കിടാവിന്റെ നനുനനുത്ത നെറ്റിത്തടം പോലെ മൃദുവായ ക്രിസ്‌തുമസ്‌ നിലാവ്‌. കനം കുറഞ്ഞ പ്ലാസ്‌റ്റിക്‌ മുഖം മൂടിയും, വർഷങ്ങളായി ധരിച്ചു പിഞ്ഞി തുടങ്ങിയ ചുവന്ന കുപ്പായവും, ശീമക്കൊന്ന പത്തലിൽ ഒട്ടിച്ച കടലാസു നക്ഷത്രവുമായി പാട്ടു പാടിയെത്തുന്ന കരോൾ സംഘം, നീട്ടുന്ന തളികയിൽ പത്തു പൈസയുടെ പ്യാരിമിഠായിക്കൊപ്പം വീഴുന്ന ചില്ലറ പൈസകളുടെ കിലുക്കം.

കുറച്ചു ദിസവം മുമ്പു വിളിച്ചപ്പോൾ അച്ഛന്റെ ശബ്‌ദത്തിൽ നിരാശ “എന്തു ക്രിസ്‌തുമസ്‌ കുട്ടീ, ഇപ്പോ പാതിരാ കുർബാനക്കൊക്കെ ആളുകൾ മുഴുവൻ ഓട്ടൊറിക്‌ഷ പിടിച്ചല്ലെ പോവുന്നതു” കരോളുകാർ​‍്‌ ഇപ്പോൾ വരാറില്ലത്രെ. ഒരു അൻപതിന്റെയോ നൂറിന്റെയോ നോട്ടിനപ്പുറം ഒന്നും വിളമ്പാനില്ലാത്തവന്റെ വീട്ടിൽ ക്രിസ്‌തുമസ്‌ കരോളുകാർക്കെന്തു ആഘോഷം?

വർഷങ്ങൾക്കുശേഷം മരുഭൂമിയിലെ ക്രിസ്‌തുമസിനു രുചികളും മണങ്ങളും വേറെയായിരുന്നു.. ക്രിസ്‌തുമസ്‌ ഈവിനു പഞ്ചനക്ഷത്ര ഹോട്ടലിലെ ‘കനാപേ’ കളും ക്രിസ്‌തുമസ്‌ ക്രാക്കറും നിറഞ്ഞ ഓഫീസ്‌ പാർട്ടികൾ. ഫോർമൽ വസ്‌ത്രങ്ങൾ രാജ്യാതിർത്തികൾ മായ്‌ച്ചു കളയുമ്പോൾ, ഇന്ത്യനും പാകിസ്‌ഥാനിയും, യൂറോപ്യനും അറബിയും വീഞ്ഞു ചഷകങ്ങൾ കൂട്ടി മുട്ടിക്കും “മെറി ക്രിസ്‌തുമസ്‌” അയൽ ഫ്ലാറ്റുകളിൽ നിന്നും നീളുന്ന നീല അടപ്പുള്ള വെളുത്ത പ്ലാസ്‌റ്റിക്‌ പാത്രങ്ങളിൽ ഗോവന്‌ പോർക്‌ കറിയും റം കേയ്‌ക്കും, ആർമേനിയന്‌ ‘ചെല്ലോ കബാബ്‌’ ഉം, ഫിലിപ്പിനോ ‘പുട്ടോ ബംബൊങ്ങ്‌ ഉം ഒരിറ്റു ശ്രദ്ധക്കായി മൽസരിക്കും. മട്ട അരിയും ശ്രിലങ്കൻ ചെമ്മീൻ കറിയും ഫിലിപിനോ വാറ്റുന്ന സ്വീറ്റ്‌ വൈനും സഹോദരീ സഹോദരന്മാരായി ഊൺമേശയിൽ നിരന്നിരിക്കുന്നു “ യൂ എൻ സമിതി”.

ലോകത്തിലെ വലുതെന്തും സ്വന്തമാക്കാൻ കുതിക്കുന്ന ദുബായിയുടെ ഷോപ്പിംഗ്‌ മാളുകളിൽ മാനം മുട്ടുന്ന ക്രിസ്‌തുമസ്‌ട്രീകൾ ഉയരുംമ്പോഴും, അറബിചുവയോടെ ക്രിസ്‌തുമസ്സ്‌ കരോളുകൾ മുഴങ്ങുമ്പോഴും, നാത്തൂൻ ഒരു നെടുവീർപ്പോടെ പറയുമായിരുന്നു“ ഈ ക്രിസ്‌മസ്‌ എന്തു ക്രിസ്‌തുമസ്‌, യൂറോപ്പിലല്ലേ ക്രിസ്‌തുമസ്‌”.

മഞ്ഞു മഴയും റിസെപ്‌ഷനും ഉണ്ടായാലും, അടുത്ത വർഷവും ഇതേ സമയത്തു തന്നെ ക്രിസ്‌തുമസ്‌ വരും എന്ന ഉറപ്പുള്ളതിനാലായിരിക്കും, ദുബായിക്കാർക്കു ഈദു പോലൊരു ഉത്സവം മാത്രമായിരുന്നു ക്രിസ്‌തുമസ്സും. ഒരു ഹാഫ്‌ ഡെ ലീവിൽ ഒതുക്കിയിരുന്നു ക്രിസ്‌തുമസ്‌, മാനേജരായാലും, തൂപ്പ്‌കാരനായാലും ഒരു പോലെ സന്തോഷം.

എന്നാൽ, ഇനിയൊരു ക്രിസ്‌തുമസ്‌ ഇല്ലേ എന്നു സംശയിപ്പിക്കുന്ന, ക്രിസ്‌തുമസ്സിനും മാസങ്ങൾക്കു മുൻപേ ഒരുക്കം തുടങ്ങുന്ന ഇംഗ്ലണ്ട്‌. ഒക്‌ടോബർ മാസത്തിനൊടുവിൽ ഒരു കൂട്ടുകാരിയേ ഫോൺ വിളിച്ചപ്പോൾ ഉത്തരം “ഞാൻ ക്രിസ്‌തുമസ്സ്‌ ഷോപ്പിങ്ങിൽ ആണു.” നവംബറിൽ നേഴ്‌സറി വിട്ടു വന്ന മോൻ മൂളി.

"Christmas Pudding, Christmas Pudding

Steaming hot, Steaming hot

Sprinkle with Sugar, sprinkle with sugar

Eat it lots, eat it lots"

കേറ്ററിംഗ്‌ ബിസിനസ്‌ കാരിയും കൂട്ടുകാരിയുമായ ഇസബലിനു ഒക്‌ടോബർ മുതൽ തിരക്കുകളാണ്‌​‍്‌. ഡസൻ കണക്കിനു ക്രിസ്‌തുമസ്സ്‌ പുഡ്‌ഢിങ്ങുകൾ ഫ്രീസറിൽ നിറക്കേണ്ടതല്ലേ. സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങുന്ന വൈൻ കേയ്‌സുകൾ കാറി​‍െൻ ഡിക്കിയിൽ കുത്തിക്കൊള്ളിക്കാൻ പാടുപെടുന്ന കുടുംബങ്ങൾ. മിന്‌സ്‌ പൈയും, ടർക്കിയും, കേയ്‌ക്കുമായി ടീ വിയിൽ നിറഞ്ഞു നില്‌ക്കുന്ന ഗൊറ്‌ഡ്‌ണ്‌ രാംസീയും ഡീലിയയും.

ഡിസംബർ ഒന്നാം തീയതി മുതൽ ചെറിയ ഓഫീസ്‌ ഡെസ്‌കിന്റെ പകുതി കയ്യടക്കുന്ന ആശംസാ കാർഡുകൾ. മോണിട്ടറിനു തൊങ്ങൽ ചാർത്തി ടിൻസൽസ്‌ കഷ്‌ണങ്ങൾ. മാസങ്ങൾക്കു മുൻപു പ്ലാൻ ചെയ്‌ത “ഓഫീസ്‌ ഡൂ” ഹെയർ സ്‌റ്റയിലിസ്‌റ്റിന്റെ അപ്പോയിന്റ്‌മെന്റ്‌ നഖങ്ങൾ തിളക്കുന്ന ഫ്രഞ്ച്‌ മാനിക്യൂർ. ഡയറ്റ്‌ പ്ലാൻ. ആട്വെണ്ട്‌ കലണ്ടർ. ക്രിസ്‌ത്‌മസ്‌ മരം. ബോബ്ബിൾ.

ഡോറാതി പെർകിൺസിയന്റെയും. സെൽഫിറജിസിന്റേയും ഓയസിസി​‍െൻയ്രും ഓൺലൈൻ“സെയിൽ” സെറ്റുകൾ മാറി മാറി തിരയുന്ന ലഞ്ഞ്‌ച്‌ ബ്രേക്കുകൾ. വർഷങ്ങളായി വീടു വൃത്തിയാക്കാൻ വരുന്ന പേരറിയാത്ത ഈസ്‌റ്റേൻ യൂറോപ്യൻ ക്ലീനർക്കു സമ്മാനം. നിറഞ്ഞു കവിയുന്ന ചോക്ക്‌ളേറ്റ്‌ ബാസ്‌കറ്റുകൾ "Christmas is all about family getting together" എന്നു മദാമ്മ സുഹൃത്തിന്റെ അവയർനസ്‌ ക്ലാസ്‌. ക്രൈസ്റ്റാ, അയാൾക്കിവിടെ എന്തു കാര്യം? എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല.

നാട്ടിൽ മുതലാളി താറാവ്‌ റോസ്‌റ്റും, പോർക്‌ കറിയും, മധുര വീഞ്ഞും, ബ്ലൂലേബലുമായി ക്രിസ്‌തുമസ്‌ ആഘോഷിക്കുമ്പോൾ സാധാരണക്കാരനു അപ്പവും കോഴിക്കറിയും അയല വറുത്തതും, മധുര കള്ളും. എല്ലാവർക്കും ക്രിസ്‌തുമസ്‌ എന്തായാലും ഡിസംബർ 25നു തന്നെ. എന്നാൽ ഞങ്ങൾ യൂ കേ മലയാളികൾക്കു ക്രിസ്‌തുമസ്സിനു അങ്ങിനെ പ്രത്യേകിച്ചു ദിവസമൊന്നുമില്ല. ഡിസംബർ 25നും, 26നും അവധിയൊക്കെയാണെങ്കിലും.

“അയ്യെ, 2 ദെവസം ഡൂട്ടിയെടുത്താലേ, ഇരട്ടിയാ കിട്ടുന്നെ. ക്രിസ്‌തുമസ്‌ ഒക്കെ വരുകേം പോകേം ചെയ്യും. എനിക്കു പകലും ഇച്ചായനു രാത്രിയും ഡൂട്ടിയാ” ഇനിയിപ്പൊ ക്രിസ്‌തുമസ്സിനു വിളിക്കാൻ വിട്ടു പോയതാണെങ്കിൽ അങ്ങോട്ടു വിളിച്ചൊന്നു ഓർമ്മിപ്പിച്ചേക്കാമെന്നു കരുതിയപ്പോൾ കൂട്ടുകാരി. അവിടേയും ഒരു പാവം അവിശ്വാസിക്കു നിരാശ.

ക്രിസ്‌തുമസും അതു പോലുള്ള ആഘോഷങ്ങളും ഒരിക്കലും നീക്കി വയ്‌ക്കാത്ത ബ്രിട്ടീഷുകാരന്റെ രാജ്യത്തു, പൈസക്കു മീതെ പരുന്തും പറക്കില്ലെന്നു നന്നായറിയാവുന്ന പാവം മലയാളികൾക്കൊരു ചെറിയ ഇൻസെന്റീവ്‌ - ഒഴിവു ദിവസങ്ങളിലെ ജോലിക്കു ഇരട്ടി ശമ്പളം. മോർറ്റിഗേജും, നാട്ടിലെ വീടുപണിയും അനുജത്തിയുടെ കല്യാണവും, അനുജന്റെ ഹോസ്‌റ്റൽ ഫീസും ക്രിസ്‌തുമസ്‌ ആണെന്നും കരുതി മാറിനില്‌ക്കില്ലല്ലൊ.

കുറെ ബോറടി മാത്രം സമ്മാനിച്ചു ഒരു ക്രിസ്‌തുമസ്‌ കൂടി കടന്നു പോവുന്നു. 10 ദിവസത്തോളം നീളുന്ന അവധി ദിനങ്ങളിൽ, പുതപ്പിൽ നിന്നും പുറത്തു വരാത്ത സൂര്യഭഗവാൻ ഇരുട്ടു കട്ട പിടിച്ച ദിനരാത്രങ്ങൾ പൂജ്യത്തിനു താഴെ പോയ പ്രകൃതിയെ നോക്കി വീട്ടിലടച്ചിരിക്കുന്ന സാധാരണക്കാരനായ പ്രവാസിയുടെ നിസ്സഹായത. വൈറ്റ്‌ ക്രിസ്‌തുമസ്‌ സ്വപ്‌നം കണ്ടു മോൻ ഉറക്കത്തിൽ മൂളുന്നു.

I'm dreaming of a white christmas,

just like the ones I used to know

May your days be merry and bright,

and may all your Christmases be white

സീമ ശ്രീഹരി മേനോൻ


E-Mail: seema.stories@yahoo.co.uk
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.