പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സഭ വഴിതെറ്റുന്നുവോ?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കെ.ചന്ദ്രശേഖരൻ

സംഘടിതമതങ്ങൾ അവരുടെ അവകാശവാദങ്ങൾ തീഷ്ണമായി മുഴക്കുന്ന ഒരു കാലഘട്ടത്തിലാണ്‌ ഇത്തവണത്തെ ക്രിസ്‌മസ്‌ കടന്നുവരുന്നത്‌.

ക്രിസ്തുവിന്റെ തിരുപ്പിറവി എന്തിനുവേണ്ടിയായിരുന്നു? ദൈവം മനുഷ്യപുത്രനായി പിറന്നതിന്റെ സാംഗത്യമെന്തായിരുന്നു? ഇതൊന്നും അന്വേഷിക്കാൻ നേരമില്ലാതെ ആത്മീയതയെ കമ്പോളങ്ങളിൽ വിലപേശുന്ന ഒരു സമ്പ്രദായത്തിലേയ്‌ക്ക്‌ - മതസ്ഥാപനങ്ങൾ തരം താണുപോകുന്ന ഒരവസ്ഥയിലേക്ക്‌ എത്തിയിരിക്കുന്നു. ഈ സംഘടിതശ്രമങ്ങൾ മനുഷ്യസമൂഹത്തിനാകെത്തന്നെ ഉയർത്തുന്നത്‌ ഭീഷണിയാണ്‌.

ക്രിസ്തു മതമേധാവികളിൽ കൂടിയല്ല സംസാരിക്കുന്നതെന്ന്‌ ശ്രദ്ധപൂർവ്വം വിലയിരുത്തുകയാണെങ്കിൽ മനസ്സിലാക്കാനാവും. ക്രിസ്തു യഥാർത്ഥ മനുഷ്യനെ അന്വേഷിക്കുമ്പോൾ, മനുഷ്യസമൂഹം മതമേലധികാരികളുടെ സംഘടിത ശക്തിക്ക്‌ അടിയറവ്‌ പറയുകയാണോ എന്ന്‌ സംശയിക്കേണ്ടിവരുന്ന അവസ്ഥ. മതങ്ങൾ സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ മതത്തിന്റെ വീക്ഷണത്തിന്‌ തന്നെ വൈകല്യം വന്നുചേരുന്നു. ഇതൊക്കെ സൂക്ഷ്മമായി വിലയിരുത്തുകയാണെങ്കിൽ - നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ ഗതിയെന്തെന്ന്‌ ചിന്തിക്കുകയാണെങ്കിൽ - കിട്ടുന്ന ഉത്തരം പേടിപ്പെടുത്തുന്നതാണ്‌.

ക്രിസ്തുവിൽ നിന്ന്‌ എത്രയോ അകലെയാണ്‌ ക്രിസ്തുവിന്റെ മണവാട്ടിയായി കണക്കാക്കപ്പെടുന്ന സഭ. ക്രിസ്തുവിന്റെ മണവാട്ടിയുടെ ഉറ്റതോഴർക്ക്‌ ഇപ്പോൾ കണ്ണഞ്ചിക്കുന്ന, മിന്നിത്തിളങ്ങുന്ന ഉടയാടകളിലും ഉന്മാദ ഭക്ഷണത്തിലുമാണ്‌ ശ്രദ്ധ. ബൈബിൾ വചനങ്ങൾ അപ്പവും വീഞ്ഞുമാണെന്നും അത്‌ ക്രിസ്തുവിന്റെ മാംസവും രക്തവുമാണെന്നും പറഞ്ഞുകൊടുക്കേണ്ട ബാദ്ധ്യത മതപണ്ഡിതന്മാർക്കോ, മാംസം ജ്ഞാനവും രക്തം വചനവുമാണെന്ന്‌ മനസ്സിലാക്കാനുള്ള ക്ഷമ അനുയായികൾക്കോ ഇല്ലാതാവുമ്പോൾ സഭ മാത്രമല്ല - അറിവ്‌ തേടുന്ന ഒരു ജനസഞ്ചയമാകത്തന്നെ രക്തരൂക്ഷിതമായ കലഹങ്ങളിലേയ്‌ക്ക്‌ ചെന്നുചാടി പരസ്പരം ഏറ്റുമുട്ടി നാശത്തിലേയ്‌ക്കുള്ള പാതയിലേക്ക്‌ നയിക്കപ്പെടുമോ എന്ന്‌ സംശയിക്കേണ്ടിവരും. ആഴം അളക്കുന്ന നിശ്ശബ്ദതയാണ്‌ ഒരു യഥാർത്ഥ മനുഷ്യസ്നേഹിയ്‌ക്ക്‌ വേണ്ടത്‌. എങ്കിൽ മാത്രമേ അറിവിലേക്കുള്ള വഴി തുറന്നുകിട്ടുകയുള്ളൂ. ശരീരത്തെ അലങ്കരിക്കുന്നത്‌ നിർത്തി, ആത്മാവിന്‌ വിഭൂഷകൾ ചാർത്തുന്ന വിശുദ്ധ ധർമ്മത്തെ സ്വീകരിക്കുക എന്നതാണ്‌ അറിവിന്റെ ലക്ഷ്യം. മതസ്ഥാപനങ്ങളുടെ നേതൃത്വം ശരിയായ പാതയിലൂടെയല്ല നീങ്ങുന്നതെന്ന്‌ അപ്പോൾ മനസ്സിലാക്കാനാവും.

സ്വർണ്ണക്കൊടിമരവും സ്വർണ്ണം പൂശിയ താഴികക്കുടങ്ങളും ഹൈന്ദവക്ഷേത്രങ്ങളുടെ ഔന്നത്യത്തെ അളക്കാനുള്ള ഉപാധിയായി കണക്കാക്കുകവഴി ആ സമുദായത്തിന്‌ വന്നുപെട്ട പിഴവ്‌ ഇപ്പോൾ അത്രയുമോ അതിലേറെയോ, ക്രൈസ്തവസഭയ്‌ക്കും വന്നുപെട്ടിരിക്കുന്നു. സ്വർണ്ണക്കൊടിമരവും സ്വർണ്ണക്കുരിശും സ്വർണ്ണം പൂശിയ നിലവിളക്കും പള്ളികളിൽ മാത്രമായി ഒതുങ്ങുന്നില്ല. അന്നന്നത്തെ അപ്പത്തിനുവേണ്ടി ഉഴലുന്ന വിശ്വാസികളുടെ സ്വരുക്കൂട്ടി കിട്ടിയ തുക വരെ ഉപയോഗിച്ച്‌ ആഘോഷപൂർവ്വമായ പെരുന്നാളുകളും മേലദ്ധ്യക്ഷന്മാരെ സ്വീകരിക്കലും ഒരുക്കുമ്പോഴും, ഈ ആഘോഷങ്ങളിൽ പങ്കെടുക്കാൻ വരുന്നവർ ഒരു ഫാഷൻ പരേഡിന്റെ ഭാഗമായിത്തീരുകയാണോ എന്നും സംശയിക്കേണ്ടിവരുന്നു. ശരീരത്തിന്റെ ആവശ്യങ്ങൾ മാത്രമാണ്‌ നിറവേറ്റുന്നത്‌. ആത്മാവിന്റെയല്ല. ഇന്ദ്രിയങ്ങൾ മനസ്സിനെ പ്രലോഭിപ്പിച്ച്‌ വിഷയാസക്തിയിലേയ്‌ക്ക്‌ നയിക്കുമ്പോൾ ആത്മാവ്‌ എന്നത്‌ അപ്രാപ്യമായ അവസ്ഥയിലേയ്‌ക്ക്‌ ചുരുങ്ങുന്നു. ഒരു യഥാർത്ഥ മനുഷ്യസ്നേഹിക്ക്‌ വേണ്ടത്‌ അറിവിലേയ്‌ക്കുള്ള പാത തുറന്നുകിട്ടുകയാണ്‌. അതിനുള്ള മാർഗ്ഗം ഉപദേശിച്ചു കൊടുക്കേണ്ട സഭാമേധാവികൾ തന്നെ ആത്മാവിനെ വിട്ട്‌, ശരീരത്തെ അലങ്കരിക്കാൻ തുടങ്ങുമ്പോഴോ? ആഗ്രഹങ്ങൾ ഇല്ലാതാക്കാനുള്ള വഴി തേടേണ്ടതിന്‌ പകരം ആഗ്രഹങ്ങളിൽ ഊന്നിയുള്ള കർമ്മങ്ങൾ നടത്തുമ്പോൾ ക്രിസ്തുദേവന്റെ മാർഗ്ഗത്തൽ നിന്ന്‌ സമൂഹമാകെത്തന്നെ വഴിതെറ്റിപ്പോവുകയാണെന്നാണ്‌ മനസ്സിലാക്കുക. ആത്മാവ്‌ വേറിട്ട ശരീരത്തെ അടക്കാൻപോലും വിലയേറിയ അലങ്കരിക്കപ്പെട്ട ശവപ്പെട്ടികളും മാർബിൾ പതിച്ച കല്ലറയുടെ മുകളിൽ കൊത്തുപണികളാൽ അലംകൃതമായ മാർബിൾ കുരിശുകളുയരുമ്പോഴും ഇതെല്ലാം പടുത്തുയർത്തുന്നവർ അറിയുന്നോ, ആത്മാവ്‌ ഇതൊന്നുമറിയാതെ ശൂന്യതയിൽ വിലയം പ്രാപിച്ചെന്ന്‌. മരിച്ചവരെ അടക്കം ചെയ്യാൻ വേണ്ടിമാത്രം ജനിക്കുന്ന മരിച്ചവരായി അവർ മാറുന്നു.

ഒരുവൻ സമ്പൂർണ്ണമായ അറിവ്‌ നേടണമെങ്കിൽ മൂന്ന്‌ ഘട്ടങ്ങളെ തരണം ചെയ്യേണ്ടതുണ്ട്‌. ആഗ്രഹം, പ്രവൃത്തി, വിരക്തി ഇവയാണാ മൂന്നവസ്ഥകൾ. ആഗ്രഹം എപ്പോഴും ആഗ്രഹിക്കുന്നത്‌ പ്രവൃത്തിയിലെത്താനാണ്‌. ആഗ്രഹിച്ചത്‌ നടക്കാത്തപ്പോൾ നിരാശയും ദുഃഖവും ജനിക്കും. പ്രവൃത്തിയിലെത്തിക്കഴിഞ്ഞാൽ അടുത്തഘട്ടം വിരക്തിയാണ്‌. വിരക്തി എന്നത്‌ യഥാർത്ഥ ജ്ഞാനമാണ്‌. ആ ജ്ഞാനം കണ്ടെത്തുന്നവന്‌ മാത്രമേ ഉയർത്തെഴുന്നേൽക്കാൻ സാധിക്കുകയുള്ളൂ. ജഡത്തിൽ നിന്നുള്ള ആത്മാവിന്റെ പുനരുദ്ധാനം നടക്കുന്നത്‌ അപ്പോഴാണ്‌. യേശുക്രിസ്തു ഈ മൂന്നുഘട്ടങ്ങളും തരണം ചെയ്താണ്‌ ഉയർത്തെഴുന്നേറ്റത്‌.

‘ദേവാലയം നശിപ്പിച്ചിട്ട്‌ മൂന്നുദിവസം കൊണ്ട്‌ അത്‌ പുനർനിർമ്മിക്കുമെന്ന്‌ യേശുക്രിസ്തു പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കാതെ സഭയും നേതൃത്വവും - അവരുടെ ആഡംബരഭൂഷവിധാനങ്ങളും കണ്ട്‌, വഴിതെറ്റിയ ആട്ടിടയന്മാരും - ക്രൈസ്തവസഭയ്‌ക്ക്‌ വന്നുവെട്ട ഈ അപചയത്തെപ്പറ്റി സഭ ഗൗരവപൂർവ്വം ചിന്തിക്കുന്നില്ലെങ്കിൽ യൂറോപ്പിലും അമേരിക്കയിലുമൊക്കെ ആരാധനയ്‌ക്കാളില്ലാതെ പൂട്ടിക്കിടക്കപ്പെടുന്ന പള്ളികളുള്ള അവസ്ഥ ഈ നാട്ടിലും വന്നുപെടാൻ അധികം താമസംവേണ്ട.

അനുബന്ധം ഃ- ജൂൺ മാസത്തിലെ ടൈം മാഗസിനിൽ വന്ന ഒരു പരസ്യം. “Wanted - to buy a Church between East 60th and East 100th Streets.”. 56 മറുപടികൾ വന്നു. ’47 പള്ളികൾ വില്പനയ്‌ക്കുണ്ട്‌‘ എന്നായിരുന്നു മറുപടികളിൽക്കൂടി വെളിപ്പെട്ടത്‌. ഈ ലേഖനം എഴുതാൻ കാരണം, അങ്ങനൊരു പരസ്യം വന്നത്‌ വായിക്കാനിടയായപ്പോഴാണ്‌.

എം.കെ.ചന്ദ്രശേഖരൻ

558-ബി, കൃഷ്ണകൃപ, ചാലയ്‌ക്കൽ, മാറമ്പള്ളി തപാൽ, ആലുവ - 7.


Phone: 9895033583




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.