പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അകാലിക വിപ്ലവത്തിന്റെ കൂട്ടുകാരൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സെബാസ്‌റ്റിൻ ജേക്കബ്‌

പ്രണയപൂർവ്വം ആ ഉൽക്ക ഭൂമിയിൽ പതിച്ചത്‌ രണ്ടായിരം വർഷങ്ങൾക്കു മുൻപായിരുന്നു. പ്രണയരാഹിത്യത്തിന്റെ ഭൂമിയിൽ അതു സ്വയം കത്തിത്തീരുകയും ചെയ്‌തു.

വിസ്‌ഫോടനത്തിന്റെ ഉൽസവമാണ്‌ ക്രിസ്‌മസ്‌. ഒരു കലാപകാലത്തിന്റെ ഓർമ്മകളാണ്‌ അതു കൊണ്ടുവരുന്നത്‌. താൻ ജീവിച്ച സ്ഥലകാലങ്ങളോട്‌ രാജിയാകാതെ പൊരുതി മരിച്ച ഒരസാധാരണ വിപ്ലവകാരിയുടെ ഓർമ്മ.

ഏതൊരു വിപ്ലവകാരിയേയുമെന്നപോലെ തന്റെ പരിസരങ്ങളിൽ അസ്വസ്ഥനായിരുന്നു ക്രിസ്‌തുവും. ആ അസ്വസ്ഥതയാണ്‌ പരസ്യജീവിതകാലത്തെ കലാപമായി പൊട്ടിത്തെറിച്ചത്‌. എന്നാൽ പതിവു വിപ്ലവങ്ങളുടെ വ്യാകരണ നിയമങ്ങൾക്ക്‌ വഴങ്ങുന്ന കലാപമായിരുന്നില്ല ക്രിസ്‌തുവിന്റേത്‌. നിലവിലെ സാമൂഹിക പ്രശ്‌നങ്ങളോട്‌ ഒരു സാധാരണ വിപ്ലവകാരിയുടെ മനസ്സോടെയായിരുന്നില്ല ക്രിസ്‌തു പ്രതികരിച്ചതും. സാമൂഹിക യാഥാർത്ഥ്യങ്ങളോട്‌ അദ്ദേഹം നേർരേഖയിൽ കലഹിച്ചില്ല. അങ്ങനെയായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കലാപം ആരംഭിക്കേണ്ടിയിരുന്നത്‌ ജൂഡിയായിലെ വൈദേശികാധിപത്യത്തിന്‌ എതിരായിട്ടായിരുന്നു. സ്വത്വനിഷേധം, സാംസ്‌കാരികാധിനിവേശം എന്നു തുടങ്ങി ദാർശനികമായ ഒരു കലാപമനസ്സിനെ പ്രചോദിപ്പിക്കാനാവശ്യമായ എല്ലാം ജൂഡിയായിലെ റോമൻ അധിനിവേശത്തിലുണ്ടായിരുന്നു. പക്ഷേ ക്രിസ്‌തുവിനെ അതൊന്നും ബാഹ്യതലത്തിൽ പോലും ആവേശിച്ചതായി കാണുന്നില്ല.

ദൈവത്തിനുളളത്‌ ദൈവത്തിനും സീസറിനുളളത്‌ സീസറിനും എന്ന ക്രിസ്‌തുവിന്റെ പ്രശസ്‌തമായ കമന്റ്‌ പിൽക്കാലത്ത്‌ തികച്ചും പുരോഗമനപരമായി വിലയിരുത്തപ്പെട്ടെങ്കിലും (പാശ്ചാത്യ മതേതരത്വത്തിന്റെ ദാർശനികാടിത്തറ എന്ന നിലയിൽ പ്രസക്‌തമാണീ വാചകം) അതുൽഭവിച്ച കാലത്ത്‌ തികച്ചും അരാഷ്‌ട്രീയമായിരുന്നു. നൂറ്റാണ്ടുകളിലൂടെ സ്വത്വപരമായി വികാസം പ്രാപിച്ച ഒരു ജനത തികച്ചും വൈദേശികവും ഒട്ടുംതന്നെ ധിഷണാപരമായി മുൻതൂക്കം ഇല്ലാത്തതുമായ ഒരു ഭരണകൂടത്തിന്റെ സാമന്തന്മായിരിക്കുന്ന രാഷ്‌ട്രീയ കാലാവസ്ഥയിലാണ്‌ അവരിലെ വിപ്ലവമനസ്സുളള യുവാവ്‌ ഈ അഭിപ്രായം പറഞ്ഞത്‌. റോമിന്റെ ആധിപത്യത്തിനെതിരെ ചെറുസംഘങ്ങളുടെ പോരാ ട്ടം നടക്കുന്ന കാലത്താണ്‌ ക്രിസ്‌തു തന്റെ പരസ്യജീവിത കാലം തുടങ്ങുന്നത്‌. എക്കാലവും അധികാരത്തോട്‌ ചേർന്നു നിൽക്കുന്ന മതനേതൃത്വം അന്നും അധീശ ഭരണകൂടത്തോടൊപ്പമായിരുന്നെങ്കിലും മതകീയമായ പൊതുബോധം വിപ്ലവകാരികളുടെ കൂടെയായിരുന്നു.

സാംസ്‌കാരികപരമായും മതപരമായും നിർവ്വചിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ആത്മചോദനയുടെ ഫലമായിരുന്ന ആ ചെറു പോരാട്ടങ്ങൾ എന്നാൽ ഒരു റബ്ബിയായി പലപ്പോഴും പരിഗണിക്കപ്പെട്ട ക്രിസ്‌തു ഈ പോരാട്ടങ്ങളോട്‌ മുഖം തിരിക്കുകയായിരുന്നു. മർദ്ദക ഭരണകൂടത്തിനെതിരെ ധൈര്യപൂർവ്വം ശബ്ദമുയർത്തുകയും പലപ്പോഴും രക്തസാക്ഷികളാവുകയും ചെയ്‌ത പ്രവാചകപരമ്പരയിലെ കണ്ണിയായി പൊതുജനം എണ്ണിയ വ്യക്തിയാണ്‌ ഇപ്രകാരം ചെയ്തത്‌. കുരിശിലേക്കുളള വഴിയിൽ വിപ്ലവനേതാവായ ബറാബാസിനും ക്രിസ്‌തുവിനുമിടയിൽ ഒരു തെരഞ്ഞെടുപ്പ്‌ വേണ്ടിവന്നപ്പോൾ ജൂഡിയായിലെ ജനങ്ങൾ ആദ്യത്തെയാളെ തെരഞ്ഞെടുക്കുകയും ചെയ്‌തു.

റോമൻ ഗവർണറെ മാറ്റി തൽസ്ഥാനത്ത്‌ തദ്ദേശ്ശീയനായ രാജാവിനെ പ്രതിഷ്‌ഠിക്കുകയെന്ന കേവല ലക്ഷ്യത്തിലേക്കുളള പ്രയാണം മാത്രമായ വിപ്ലവം യഥാർത്ഥ വിപ്ലവത്തിന്റെ നിഴൽ മാത്രമാണെന്ന്‌ ക്രിസ്‌തു തിരിച്ചറിഞ്ഞിരുന്നു. ഭരണകൂടത്തിൽ അഴിച്ചുപണി നടത്തുകയെന്ന ലക്ഷ്യം മാത്രമുളള വിപ്ലവങ്ങളുടെ നിഷ്‌ഫലത ചരിത്രത്തിൽ പിന്നീട്‌ പലവട്ടം ആവർത്തിച്ചിട്ടുളളതുമാണ്‌. ഇതു തിരിച്ചറിയാനായി എന്നതാണ്‌ ക്രിസ്‌തുവിന്റെ കാലാപത്തിന്റെ പ്രത്യേകത. മാത്രമല്ല, പരസ്യജീവിതകാലത്തിലൊരിക്കലും ഇക്കാര്യത്തിൽ നേരിയ സംശയംപോലും അദ്ദേഹത്തെ തീണ്ടിയതായി നാം കാണുന്നില്ല. രാഷ്‌ട്രീയ വിപ്ലവത്തെപ്പറ്റിയുളള സൂചന അനുയായികളിൽ നിന്നും എതിരാളികളിൽ നിന്നുമെല്ലാം ഉയരുമ്പോൾ ക്രിസ്‌തു അതെല്ലാം കൃത്യമായി തളളിക്കളയുന്നത്‌ കാണാം. “എന്റെ രാജ്യം ഇവിടെയല്ല” എന്നദ്ദേഹം പറയുമ്പോൾ ഇക്കാര്യം പൂർണ്ണമായും വിശദീകരിക്കപ്പെടുന്നു. അത്‌ ദൈനംദിന കോമാളിക്കാലത്തിൽ നിന്ന്‌ സ്വയം വേർപെട്ട മനുഷ്യന്റെ മാനിഫെസ്‌റ്റോയാണ്‌. ഒരേ സമയം പ്രതിലോമകരവും വിപ്ലവകരവുമായ ഈ വാചകം ക്രിസ്‌തുവിന്റെ ജീവിതത്തെ പൂർണ്ണമായും അടയാളപ്പെടുത്തുന്നു. ചേമ്പിലയിലെ വെളളം പോലെ വർത്തമാന ദുരിതത്തിൽനിന്ന്‌ മുഖം തിരിക്കുന്നതിലെ പ്രതിലോമകതയും പ്രശ്‌നങ്ങളുടെ യഥാർത്ഥ ആഴം തിരിച്ചറിഞ്ഞ അറിവിലെ വിപ്ലവാത്മകതയും ഈ വാക്കുകളിലുണ്ട്‌.

പിന്നെ എന്തായിരുന്നു ക്രിസ്‌തുവിന്റെ വിപ്ലവം? മനസ്സുകളുടെ മാറ്റമാണ്‌ ക്രിസ്‌തുവിന്റെ വിപ്ലവപദ്ധതി എന്ന പതിവു ഉത്തരം പക്ഷെ ഉത്തരത്തിൽ നിന്ന്‌ ഏറെ അകന്നു നിൽക്കുന്നു. മനസ്സുകളുടെ മാറ്റത്തിൽ ക്രിസ്‌തുവിശ്വസിച്ചിരുന്നു എന്നത്‌ യാഥാർത്ഥ്യമാണ്‌. ഇതു തെളിയിക്കുന്ന ചില സംഭവങ്ങളിൽ ബൈബിളിൽ കാണാനും കഴിയും. പക്ഷെ അങ്ങ നെ മാത്രം ക്രിസ്‌തുവിന്റെ ദൗത്യത്തെ വിശദീകരിക്കുന്നത്‌ വല്ലാത്ത ന്യൂനീകരണമാവും. ക്രിസ്‌തുവിനെപ്പോലെ യുക്തിസഹമായി ചിന്തിച്ചിരുന്ന കാൽപ്പനികൻ കേവലം മനസ്സുമാറ്റത്തിലൂടെ ക്രമബദ്ധമായ ലോകം കെട്ടിപ്പടുക്കാമെന്നു കരുതിയിരുന്നുവെന്നത്‌ ഭദ്രമായ യുക്തിയാവുന്നില്ല. കൺമുന്നിൽ നടന്നുകൊണ്ടിരുന്ന വിപ്ലവത്തിൽ നിന്ന്‌ അകലം പാലിച്ച ക്രിസ്‌തു മനസുകളുടെ വിപ്ലവത്തിൽ പൂർണ്ണമായി അർപ്പിച്ചിരുന്നുവെന്നത്‌ കേവല ലളിതസമവാക്യം മാത്രമായി ചുരുങ്ങുന്നു.

ക്രിസ്‌തുവിന്റെ വിപ്ലവമനസ്സിനെ വിശദീകരിക്കുമ്പോൾ ‘ബോധോദയം’ എന്ന ഭാരതീയ ആശയം പ്രസക്തമാവു ന്നതിങ്ങനെയാണ്‌. കൊട്ടാരം മനുഷ്യന്‌ താമസ്സിക്കാൻ കൊളളാവുന്ന ഇടമല്ലെന്ന തിരിച്ചറിവ്‌ ബോധോദയത്തിൽ നിന്ന്‌ ഉണ്ടാകാം. പുത്തൻ തിരിച്ചറിവുകളിലെത്തുന്ന വിപ്ലവമനസുകളുടെ സ്വയം കണ്ടെത്തലാണ്‌ ഓരോ ബോധോദയവും. അങ്ങനെ ബുദ്ധനായിത്തീരുന്ന ഗുരു തന്റെ ബോധോദയത്തിന്റെ രഹസ്യമൊഴികെ മറ്റെല്ലാം ശിഷ്യൻമാർക്ക്‌ വെളിപ്പെടുത്തുന്നതായി ഹെർമൻ ഹെസ്സെ ‘സിദ്ധാർത്ഥ’യെന്ന കൃതിയിൽ പരാതിപ്പെടുന്നുണ്ട്‌. അത്‌ യാഥാർത്ഥ്യ ​‍ുമാണ്‌. പക്ഷേ ഇക്കാര്യത്തിൽ ഗുരു നിസ്സഹായനാണ്‌. എങ്ങ നെ ബോധോദയം ലഭിച്ചുവെന്നത്‌ ഗുരുവിനും അജ്ഞാതമാണ്‌. പിന്നെങ്ങനെ അത്‌ മറ്റുളളവർക്ക്‌ പറഞ്ഞുകൊടുക്കും. അങ്ങനെ ബോധോദയത്തിന്റെ രഹസ്യമൊഴികെ മറ്റുളളതെല്ലാം പുറത്തേക്കൊഴുകുന്നു. ആ ഒഴുക്ക്‌ കാലത്തിന്റെ അടയാളമായി മാറിയതിന്റെ കഥയാണ്‌ ക്രിസ്‌തുവിന്റെ പരസ്യജീവിതകാലം. പരസ്യജീവിതത്തിന്‌ തൊട്ടുമുൻപുളള സാത്താന്റെ പരീക്ഷണം ബൈബിൾ പറയുന്നുണ്ട്‌. 40 ദിവസത്തെ ഉപവാസം. ഏകാന്തവാസവും ശരീരപീഡനവും ബോധോദയത്തിനു മുൻപുളള അന്വേഷണത്തിന്റെ ഘട്ടത്തിൽ ശരീരപീഡനം ബുദ്ധനും സ്വീകരിച്ചിരുന്നു.

ബോധോദയം ലഭിച്ച ക്രിസ്‌തു കാലത്തിന്റെ നൈരന്തര്യവും അറിഞ്ഞു. പ്രപഞ്ചരഹസ്യം തിരിച്ചറിഞ്ഞവന്‌ വർത്തമാനകാലത്തിൽ നിന്ന്‌ രക്ഷപ്പെടാൻ എളുപ്പമാണ്‌. ഓരോ അണുവിലും ഇവിടെയായിരിക്കുമ്പോഴും ഇവിടെയല്ലാ താകാൻ അവർക്കു കഴിയുന്നു. അതുകൊണ്ടാണ്‌ അപരനെ സ്നേഹിക്കാൻ ക്രിസ്‌തു പറയുന്നത്‌. ഒരു മൈൽ കൂടെവരാൻ നിർബന്ധിക്കുന്നവനോടൊപ്പം രണ്ടുമൈൽ നടക്കുക. അന്യർ നിങ്ങളോട്‌ എങ്ങനെ പെരുമാണമെന്ന്‌ ആഗ്രഹിക്കുന്നുവോ അതു പോലെ നിങ്ങൾ അവരോടും പെരുമാറുക. ഈ വാക്യങ്ങൾ സമാധാനപരമായ ജീവിതത്തിന്റെ അടിസ്ഥാനരേഖയാണ്‌. ഭൂമിയിൽ നന്നായി ജിവിക്കേണ്ടതിന്റെ ലളിതസമവാക്യങ്ങൾ. എന്നാൽ ഇതോടൊപ്പം തന്നെ തന്റെ രാജ്യം ഇവിടെയല്ല എന്നും ക്രിസ്‌തു പറയുന്നുണ്ട്‌. ഈ വൈരുദ്ധ്യമാണ്‌ ക്രിസ്‌തുവിന്റെ വിപ്ലവത്തിന്റെ കാതൽ.

സ്ഥലകാലത്തിന്റെ അതിരുകളെ ഭേദിക്കുന്ന കരുത്താണത്‌. ബോധോദയത്തിന്റെ തെളിമയുളളവർക്കേ ഇങ്ങനെ രണ്ടുകാലങ്ങളിൽ ഒരേ സമയം ജിവിക്കാനാകൂ. ഇത്തരം അകാലമായ മനസ്സുളളതിനാലാണ്‌ ദാർശനിക വ്യഥ തരിമ്പും അലട്ടാതെ വർത്തമാന വിപ്ലവത്തിൽ നിന്ന്‌ അകന്നു നിൽക്കാൻ ക്രിസ്‌തുവിനായത്‌. സ്വന്തമായ വിപ്ലവപദ്ധതി രൂപപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ഒരേ സമയം ഭൗതികവും അതിഭൗതികവുമായ ഒന്ന്‌.

സെബാസ്‌റ്റിൻ ജേക്കബ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.