പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സഭാതർക്കത്തിൽ തളയ്‌ക്കപ്പെട്ട കടമറ്റത്ത്‌ കത്തനാർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സോജി ആന്റണി

ലേഖനം

പോയേടം ഗുഹയിൽനിന്നും കയറിവന്ന്‌, കടമറ്റം പളളിയുടെ അടഞ്ഞ വാതിലിനുമുന്നിൽ, മഹാമാന്ത്രികനായ കടമറ്റത്ത്‌ കത്തനാരുടെ ആത്മാവ്‌ വിതുമ്പുന്നുണ്ടാകും....പളളിച്ചുമരിൽ പിശാചുക്കളെ തുരത്താൻ കത്തനാർ പതിപ്പിച്ച ചങ്ങലപ്പാടുകൾ മാഞ്ഞുതുടങ്ങിയിരിക്കുന്നു. സഭാതർക്കത്തിന്റെ പേരിൽ പ്രേതാത്മാവിനെപ്പോലെയായ, കേരളത്തിന്റെ ഐതിഹ്യകഥകളിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നിന്റെ ഓർമ്മസ്ഥലം കുറച്ചെങ്കിലും പ്രകാശിക്കുന്നത്‌ അതിനുമുന്നിൽ മുനിഞ്ഞുകത്തുന്ന എണ്ണവിളക്കിന്റെ സാന്നിധ്യം കൊണ്ട്‌ മാത്രം....അതിൽനിന്നും ഇറ്റുവീഴുന്ന എണ്ണ തിരുനെറ്റിയിൽ തൊട്ടുമടങ്ങുന്ന ഭക്തജനങ്ങളുടെ വിശ്വാസത്തിന്റെ നിറവുകൊണ്ട്‌ മാത്രം.

മലയാളിയുടെ ഐതിഹ്യകഥകളിൽ തെളിയുന്ന ഒട്ടേറെ പേരുകളുണ്ട്‌. നാറാണത്ത്‌ ഭ്രാന്തൻ മുതൽ കളളിയങ്കാട്ടു നീലിവരെ. ഇതിനിടയിൽ ക്രിസ്‌തീയതയുടെ ളോഹയുമായി ഒരു കത്തനാരുടെ സാന്നിധ്യവുമുണ്ട്‌. മാന്ത്രികവൈഭവം ജനനന്മയ്‌ക്കായി എന്നും കരുതിയിരുന്ന കടമറ്റത്ത്‌ കത്തനാർ. മലയാളികളുടെ മാന്ത്രികകഥകളിൽ വഴിതെറ്റി വന്ന ശെമ്മാശൻ. കടമറ്റത്ത്‌ കത്തനാരുടെ കഥ ഐതിഹ്യങ്ങളെ സ്‌നേഹിക്കുന്ന ഏവർക്കും മനഃപാഠമായ ഒന്നാണ്‌. നാടകത്തിലും, സിനിമയിലും, സീരിയലിലും തെറ്റായും ശരിയായും വ്യാഖ്യാനിക്കപ്പെട്ട്‌ കത്തനാർ ഇന്നും മലയാളിയുടെ മനസ്സിൽ ജീവിക്കുന്നു. പഴയ തിരുവിതാംകൂറിലെ കുന്നത്തുനാട്‌ താലൂക്കിലെ കടമറ്റം ഗ്രാമത്തിലാണ്‌ കടമറ്റത്ത്‌ കത്തനാരായി മാറിയ പൗലോസ്‌ ജനിച്ചത്‌. കാലത്തിന്റെ കളിയാട്ടത്തിൽ കുഞ്ഞുനാളിലെ മാതാപിതാക്കളെ നഷ്‌ടപ്പെട്ട പൗലോസ്‌, അനുഭവിച്ച എല്ലാ ദുരന്തങ്ങളുടെ വേദനയിലും ദൈവത്തെ മറന്നില്ല. കർത്താവിൻമേലുണ്ടായ അചഞ്ചലമായ വിശ്വാസം പൗലോസിനെ ശെമ്മാശൻ പട്ടത്തിനർഹനാക്കി. കടമറ്റം പളളിയിലെ വലിയ കത്തനാരുടെ ആശീർവാദത്തോടെ പൗലോസ്‌ ശെമ്മാശനായി. ഒരിക്കൽ വലിയ കത്തനാരുടെ കാലികളെ മേയ്‌ക്കാൻ വനത്തിലേയ്‌ക്കിറങ്ങിയ പൗലോസ്‌ ശെമ്മാശന്‌ വഴിതെറ്റി. കാട്ടിലെ ഇരുളിലൂടെ നടന്നു നീങ്ങിയ ശെമ്മാശൻ എത്തിച്ചേർന്നത്‌ മഹാമാന്ത്രികനായ ഒരു കാട്ടുമൂപ്പന്റെ മുന്നിൽ. ശെമ്മാശന്റെ ഹൃദയശുദ്ധി അറിഞ്ഞ കാട്ടുമൂപ്പൻ, തിരിച്ചു നല്‌കിയത്‌ മാന്ത്രികതയുടെ അത്ഭുതലോകം. പിന്നീട്‌ കടമറ്റത്തേയ്‌ക്ക്‌ തിരിച്ചുവരവ്‌. കത്തനാർ പട്ടം കിട്ടിയശേഷം മനുഷ്യനന്മയ്‌ക്കായി മാന്ത്രികവിദ്യകളുടെ മഹോത്സവം കൊണ്ടാടുകയായിരുന്നു കത്തനാർ. ഒടുവിൽ ജറുസലേമിൽ നിന്നെത്തിയ ബാവാ തിരുമേനിയുടെ കർശന നിർദ്ദേശപ്രകാരം മാന്ത്രികപ്രവർത്തനങ്ങൾ ഉപേക്ഷിക്കേണ്ടിവന്ന കത്തനാർ പിന്നീട്‌ അധികകാലം കടമറ്റത്ത്‌ നിന്നില്ല. പളളിയ്‌ക്കു സമീപമുളള ഒരു ഗുഹയിലൂടെ ആ മഹാത്മാവ്‌ എങ്ങോ മറഞ്ഞു. മന്ത്രവിദ്യകൾ പകർന്നു കൊടുത്ത കാട്ടിലെ ഗുരുവിനടുത്തേയ്‌ക്കായിരുന്നു ആ യാത്രയെന്ന്‌ ചില വിശ്വാസങ്ങൾ...

ഇത്‌ പറഞ്ഞുകേട്ട കഥ. ചിലപ്പോൾ സത്യമാകാം, അസത്യമാകാം. എങ്കിലുമൊന്നുണ്ട്‌ മലയാളിയുടെ മാന്ത്രികകഥകളിൽ ളോഹയണിഞ്ഞ ഒരുവന്റെ സാന്നിധ്യം ശക്തമായുണ്ട്‌, കടമറ്റത്ത്‌ കത്തനാരുടെ. കുഞ്ചമൺ പോറ്റിയേയും, കോവിലകം തമ്പുരാനേയും മാന്ത്രികവിദ്യകളാൽ നിഷ്‌പ്രഭരാക്കിയ കടമറ്റത്ത്‌ കത്തനാർ മലയാള മാന്ത്രികകഥകളിലെ ചക്രവർത്തിയാണ്‌. കൊച്ചുമക്കൾക്ക്‌ കഥ ചൊല്ലിക്കൊടുക്കുന്ന മുത്തശ്ശിമാർ ഇന്നുണ്ടെങ്കിൽ, അവരുടെ പഴങ്കഥകളിൽ ഒരു നായകൻ കടമറ്റത്ത്‌ കത്തനാർ ആയിരിക്കും.

ഇത്‌ മലയാളി മതം നോക്കാതെ, ജാതിയുടെ ഉശിര്‌ തേടാതെ സ്‌നേഹിച്ച ഒരു മനുഷ്യസ്‌നേഹിയുടെ കഥയാണ്‌. എന്നാൽ ഇന്ന്‌ ഈ കത്തനാരുടെ കഥ വേദനാജനകം തന്നെ. കലാനിലയം നാടകവേദി കടമറ്റത്ത്‌ കത്തനാരെന്ന നാടകം വീണ്ടുമവതരിപ്പിക്കുമ്പോഴും ടെലിവിഷൻ സ്‌ക്രീനിൽ കത്തനാരെ ‘അപമാനി’ക്കും വിധമാണെങ്കിലും സീരിയലുകൾ ആഘോഷിക്കുമ്പോഴും കടമറ്റത്ത്‌ കത്തനാരെ ഇന്നും ഹൃദയത്തിലേറ്റി സ്‌നേഹിക്കുന്നവരെ, ആരാധിക്കുന്നവരെ നൊമ്പരപ്പെടുത്തുന്ന വിങ്ങലായി കടമറ്റം പളളി അടഞ്ഞു കിടക്കുകയാണ്‌. മുവാറ്റുപുഴയിൽനിന്നും പന്ത്രണ്ട്‌ കിലോമീറ്ററും കോലഞ്ചേരിയിൽ നിന്നും നാലു കിലോമീറ്ററും ദൂരെയായി സ്ഥിതിചെയ്യുന്ന കടമറ്റം പളളി ഇന്ന്‌ വെറും നോക്കുകുത്തിയാണ്‌. ബാവാ-മെത്രാൻ കക്ഷിതർക്കത്തിൽ അടഞ്ഞു കിടക്കുന്ന കടമറ്റം പളളി വെറുതെയെങ്കിലും ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്‌.

ഒരു ദേശത്തിന്റെ സ്വഭാവരൂപീകരണത്തിന്‌ കാരണമായ ഒട്ടനവധി ഇടപെടലുകൾ ഉണ്ട്‌. അതിൽ ഐതിഹ്യങ്ങൾ, മിത്തുകൾ, കാമ്പുളളതും കാമ്പില്ലാത്തതുമായ കെട്ടുകഥകൾ എന്നിവ ഇക്കാര്യത്തിൽ ചിലപ്പോൾ പ്രധാനമായും ചിലപ്പോൾ അപ്രധാനമായതുമായ പങ്ക്‌ വഹിക്കുന്നു. എങ്ങിനെയായാലും ഇവ ഒരു ദേശത്തിന്റെ സ്വന്തം കഥകളാണ്‌. അധികാരത്തർക്കത്തിന്റെ പേരിൽ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട ഒരു സ്‌മാരകവും അടഞ്ഞുകിടക്കുന്നത്‌ ആശാസ്യകരമല്ല. ഇതൊക്കെ ഒരു ദേശത്തിന്റെ പൊതുസ്വത്തായി കണക്കാക്കപ്പെടേണ്ടത്‌ ആവശ്യകത തന്നെയാണ്‌. കടമറ്റത്ത്‌ കത്തനാരെയും കടമറ്റം പളളിയേയും ഒരു പ്രത്യേക ക്രിസ്തീയ മതവിഭാഗത്തിന്റെ മാത്രം സ്വത്തായി കാണുന്നതിൽ ഒരു നീതികേടുണ്ട്‌. കാരണം പല പ്രത്യേക കാരണങ്ങൾകൊണ്ടും കടമറ്റത്ത്‌ കത്തനാരെ വിശ്വസിക്കുന്ന, ആ പളളിയുടെ സാന്നിധ്യത്തെ ആശ്വാസമായി കാണുന്ന എത്രയോ അന്യമതസ്ഥരായ ആളുകളുണ്ട്‌. ഇന്നും പോയേടം ഗുഹയുടെ കവാടത്തിൽ കോഴിക്കുരുതിയും, കളളുനേർച്ചയും, അഞ്ചുകൂട്ടം പലഹാര നേർച്ചയും ഒക്കെയായി ഹിന്ദുവും മുസൽമാനും ഇവിടെ വരുന്നുണ്ട്‌. കടമറ്റത്ത്‌ കത്തനാരെ മാനസഗുരുവായി സ്വീകരിച്ച്‌ എത്രയോ മാന്ത്രികർ ഇവിടെവന്ന്‌ വണങ്ങുന്നു. ഇതിൽ തെറ്റുകളും ശരികളും ഉണ്ടാകാം. എങ്കിലും ഒരു കത്തനാരുടെ പേരിൽ കോഴി വെട്ടി ചോരവാർത്തിയും കളള്‌ നേദിച്ചും പ്രാർത്ഥിക്കുന്ന വേറെ ഏതിടമുണ്ട്‌ ലോകത്തിൽ? വിശ്വാസത്തിന്റെയും അധികാരത്തിന്റെയും പേരിൽ പരസ്പരം പോരടിച്ച്‌ പളളിയടപ്പിച്ച്‌ സമാന്തരപളളികൾ നടത്തുന്ന ക്രിസ്തീയമതമേധാവികൾ എന്തേ ഇതൊന്നും എതിർക്കാത്തത്‌. കടമറ്റം കത്തനാരോട്‌ ജറുസലേമിലെ ബാവ തിരുമേനി മാന്ത്രികവിദ്യകൾ വേണ്ട എന്ന്‌ കർശനമായും താക്കീതു ചെയ്തതിന്റെ ഒരു അംശം പോലും ഇവർ ചെയ്യാത്തതെന്തുകൊണ്ട്‌. അമ്പലങ്ങളിൽപോലും കോഴിവെട്ട്‌ നിരോധിച്ചപ്പോൾ കടമറ്റത്ത്‌ കത്തനാരുടെ പേരിൽ കോഴിവെട്ട്‌ ഗംഭീരമായി നടക്കുന്നു. ആരും ഇത്‌ തടുക്കില്ല. കാരണം പളളി അടഞ്ഞുകിടന്ന വർഷങ്ങളിലായി കാണിക്കയായി കിട്ടിയത്‌ 30 ലക്ഷത്തോളം രൂപയാണ്‌. ഇതിന്റെ ഒരു വലിയ പങ്ക്‌ മുൻപ്‌ പറഞ്ഞ വിശ്വാസികളുടേതാണ്‌. ഒടുവിൽ കോടതിവിധി വരുമ്പോൾ ഈ പണം തങ്ങൾക്കു കിട്ടും എന്ന വിശ്വാസത്തിലാകണം ഈ അനാചാരത്തെ ബാവ കക്ഷിയും മെത്രാൻ കക്ഷിയും എതിർക്കാത്തത്‌. വിശ്വാസത്തിനുമപ്പുറം അധികാരവും പണവും വലിയ സംഭവം തന്നെയല്ലോ.....

ഏതായാലും കടമറ്റത്ത്‌ കത്തനാർ കോഴിക്കുരുതി നടത്തി മാന്ത്രികവിദ്യ നടത്തിയതായി കേട്ടറിവില്ല. ഇത്തരം അനാചാരങ്ങൾ നിർത്തുക തന്നെ വേണം. ഒപ്പം അടഞ്ഞുകിടക്കുന്ന കടമറ്റം പളളി തുറക്കുകയും വേണം. പളളി തുറക്കാൻ ഒരു സഭകൾക്കും താല്‌പര്യമില്ലെങ്കിൽ സർക്കാർ ഇതിനു മുൻകൈ എടുക്കണം. ഒരു ദേശത്തിന്റെ ഐതിഹ്യകഥയുടെ വലിയ സ്‌മാരകം, വിശ്വാസത്തിന്റെ വലിയ ഗോപുരം ഒരിക്കലും അടഞ്ഞുകിടക്കരുത്‌. ജാതിമതഭേദമെന്യേ ഏവരും വന്ന്‌ തുറന്ന പളളിക്കുളളിൽ ഒരു ചെറുമെഴുകുതിരി കത്തിയ്‌ക്കുമെങ്കിൽ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രതീകമായി നമുക്കത്‌ കാണാം. ആവശ്യമെങ്കിൽ ബാവ കക്ഷിക്കും മെത്രാൻ കക്ഷിക്കും ഓരോ മെഴുകുതിരി കൂടി കൊളുത്താം... അതിനുശേഷം പളളിമുറ്റം യുദ്ധക്കളമാക്കരുതെന്ന്‌ മാത്രം....കാരണം നിയമത്തിന്റെ കണക്കുകളിൽ അധികാരികൾ നിങ്ങളെങ്കിലും, കത്തനാരെ വിശ്വസിക്കുന്ന, കടമറ്റം പളളിയെ ആരാധിക്കുന്ന വലിയൊരു കൂട്ടം മലയാളികൾ ജീവിച്ചിരിക്കുന്നുണ്ട്‌ എന്നതുകൊണ്ട്‌.

സോജി ആന്റണി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.