പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സിംഗപ്പൂർ വിശേഷം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാഹുലേയൻ പുഴവേലിൽ

വായന ഇവിടെ ഇവരോടൊപ്പമുണ്ട്‌.

രാത്രി എട്ടരമണി കഴിഞ്ഞാണ്‌ സിംഗപ്പൂർ നാഷണൽ ലൈബ്രറിയിൽ നിന്നും ഞാൻ പുറത്തേക്കിറങ്ങിയത്‌. അവിടെ പുസ്‌തകം തിരഞ്ഞെടുക്കുന്നവരുടെ തിരക്കിന്‌ അപ്പോഴും ഒരു കുറവുമില്ല. കുട്ടികളുമട വിഭാഗത്തിൽ ആറോ ഏഴോ വയസ്സുള്ള ചില കുട്ടികൾ, രണ്ടും മൂന്നും പുസ്‌തകം വീതം കയ്യിൽ പിടിച്ച്‌ ഇരിപ്പിടം തേടുന്നു. ചില കുട്ടികൾ കാർപറ്റ്‌ വിരിച്ചതറയിൽ ഷെൽഫിൽ ചാരി ഇരുന്നു പുസ്‌തകം മറിച്ചു നോക്കുകയാണ്‌. മേശയിൽ പുസ്‌തകം വച്ച്‌ ബുക്കും പേനയുമായി ഇരിക്കുന്നത്‌ മുതിർന്ന കുട്ടികളാണ്‌. സോഫയിൽ ചാരികിടന്നുവായിക്കുന്നവരിൽ ആണും പെണ്ണുമടക്കം എല്ലാ പ്രായക്കാരുമുണ്ട്‌.

താമസസ്‌ഥലത്തേക്ക്‌ ഭൂമിക്കടിയിലൂടെ ട്രയിനിൽ യാത്രചെയ്യുമ്പോൾ പുസ്‌തകം വായിച്ചുകൊണ്ടിരിക്കുന്ന ചിലരെ കണ്ടു. അഞ്ചോ പത്തോ മിനിട്ടു നേരത്തെ ട്രയിൻയാത്രയിൽ പോലും പുസ്‌തകം വായിക്കാൻ സമയം കണ്ടെത്തുന്ന ഇവരെ കണ്ടപ്പോൾ അത്ഭുതം തോന്നി. വായന ഇവിടെ ഇപ്പോഴുമുണ്ട്‌. അതുകൊണ്ടാണല്ലോ തിരക്കുപിടിച്ച സിറ്റി ഹാൾ, ബുഗ്ഗീസ്‌ എന്നിവിടങ്ങളിൽ നാഷണൽ ലൈബ്രറിയുടെ സ്‌ഥാനം കാണിച്ചുകൊണ്ടുള്ള ചൂണ്ടുപലകകൾ പലയിടത്തും കാണാനിടയായത്‌.

സിംഗപ്പൂർ നാഷണൽ ലൈബ്രറിയുടെ മൂന്നുവശത്തും പ്രധാനപ്പെട്ട റോഡുകളാണ്‌. എവിടെ നിന്നു നോക്കിയാലും ലൈബ്രറിയുടെ ബോർഡുകാണാം. ഇതൊരു വലിയ 16 നില കെട്ടിടമാണ്‌. തറ വിസ്‌തീർണ്ണം 59,000 ചതുരശ്രമീറ്റർ വരും, മുഴുവൻ എയർകണ്ടീഷൻ ചെയ്‌ത ഈ കെട്ടിടത്തിലെ ഓരോനിലയിലും ടോയ്‌ലറ്റ്‌ സൗകര്യവുമുണ്ട്‌.

ലെൻഡിംഗ്‌ ലൈബ്രറി ബയിസ്‌മെന്റ്‌ ഒന്നിലാണ്‌. മൂന്ന്‌, നാലു, അഞ്ചു നിലകൾ തിയേറ്റർ സൗകര്യത്തോടുകൂടി ഡ്രാമസെന്ററാണ്‌, ഏഴുമുതൽ പതിമൂന്നുവരെയുള്ള നിലകളിലാണ്‌ റഫറൻസ്‌ ലൈബ്രറി. ഇതിൽ ഒൻപതാമത്തെനില, തമിഴ്‌, മലയ, ചൈനീസ്‌ എന്നീ ഭാഷകളിലെ പുസ്‌തകങ്ങൾക്കു വേണ്ടിമാത്രമുള്ളതാണ്‌.

ലെൻഡിംഗ്‌ ലൈബ്രറിയിൽ ലോകത്തിലെ പ്രധാനപ്പെട്ട പത്രങ്ങളും മാസികകളുമുണ്ട്‌. തമിഴ്‌ ഇവിടത്തെ ഒരു അംഗീകൃത ഭാഷ ആയതുകൊണ്ട്‌ ധാരാളം തമിഴ്‌ പ്രസിദ്ധീകരണങ്ങളും ഇവിടെ കിട്ടും. ഇന്ത്യയിൽ നിന്നുള്ള ഇംഗ്ലീഷ്‌ പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തിൽ ടൈംസ്‌ ഓഫ്‌ ഇൻഡ്യ ഇക്കണോമിക്‌ ടൈംസ്‌, ഹിന്ദു, ഫ്രണ്ട്‌ ലൈൻ, ഇൻഡ്യാ റ്റുഡേ എന്നിവ കണ്ടു.

ഇവിടെ പ്രവേശനം സൗജന്യമാണ്‌. ആർക്കും അവിടെ കയറി പത്രങ്ങളും മാസികകളും മാത്രമല്ല, പുസ്‌തകങ്ങളും അവിടെ ഇരുന്നു വായിക്കാം. പക്ഷേ അവിടെ മെമ്പറായി ചേർന്നിട്ടുള്ളവർക്കുമാത്രമേ പുസ്‌തകം എടുത്തു വീട്ടിൽ കൊണ്ടു പോകാനുള്ള അനുവാദമുള്ളൂ. ഇങ്ങനെ പുസ്‌തകം എടുത്തു വീട്ടിൽ കൊണ്ടു പോകുന്നതിന്‌ എവിടെയെങ്കിലും എഴുതി രേഖപ്പെടുത്തുകയോ. ലൈബ്രറി സ്‌റ്റാഫിന്റെ അനുവാദം തേടുകയൊ ചെയ്യേണ്ട ആവശ്യമില്ല. ഇതിനായി മെമ്പർമാർക്ക്‌ ഇതു തനിയെ ചെയ്യാവുന്ന ഇടക്‌ട്രോണിക്‌ സംവിധാനങ്ങളുണ്ട്‌. ഇതുപോലെ പുസ്‌തകം തിരിച്ചേല്‌പിക്കാനും ആരുടെയും സഹായം ആവശ്യമില്ല. ഏത്‌ അവധിദിവസവും ഏതു പാതിരാത്രിക്കും മെമ്പർമാർക്ക്‌ അവരുടെ കാർഡ്‌ ഉപയോഗിച്ച്‌ അവർ എടുത്ത പുസ്‌തകം തിരിച്ചേൽപ്പിക്കാം.

45 ലക്ഷത്തിൽ താഴെമാത്രം ജനസംഖ്യയുള്ള ഈ ചെറിയരാജ്യത്ത്‌ (ഏറ്റവും കൂടിയ നീളം 42 കിലോമീറ്റർ, ഏറ്റവും കൂടിയ വീതി 23 കിലോ മീറ്റർ) നാഷണൽ ലൈബ്രറി ബോർഡിന്റെ കീഴിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി നാഷണൽ ലൈബ്രറി കൂടാതെ, റീജിയണൽ ലൈബ്രറി, കമ്മ്യൂണിറ്റിലൈബ്രറി എന്നീ പേരുകളിൽ 22 ലൈബ്രറികൾ വേറെയുമുണ്ട്‌. ഇതു കൂടാതെ 18 കമ്മ്യൂണിറ്റി ചിൽഡ്രൻസ്‌ ലൈബ്രറികളുമുണ്ട്‌.

ഇതൊക്കെ കൊണ്ടുതന്നയാകാം വായനാശീലം സിംഗപ്പൂരിൽ ഇപ്പോഴും തളരാതെ നിൽക്കുന്നത്‌.

ബാഹുലേയൻ പുഴവേലിൽ

ഏനാദി. പി.ഒ,

കെ.എസ്‌. മംഗലം, വൈക്കം,

കോട്ടയം ജില്ല,

പിൻ - 686 608.


Phone: 9947133557
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.