പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

കേരള ടൂറിസത്തിന്റെ പിന്നാമ്പുറ കാഴ്ചകള്‍ വസ്തുതകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഡ്വ.തുഷാര്‍ നിര്‍മ്മല്‍ സാരഥി

1980 കള്‍ മുതലാണ് കേരള ടൂറിസത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. 1986 - ല്‍ കേരള സര്‍ക്കാര്‍ ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ചു. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച ഇന്ത്യന്‍ യൂണിയനിലെ ആദ്യ സംസ്ഥാനമാണ് കേരളം. വര്‍ഷങ്ങള്‍ക്കു ശേഷം 1992 ല്‍ മാത്രമാണ് ഇന്ത്യാ ഗവണ്മെന്റ് ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുന്നത്. വ്യവസായമായി പ്രഖ്യാപിക്കപ്പെട്ടതോടു കൂടി സര്‍ക്കാര്‍ മറ്റ് വ്യവസാ‍യങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവുകളും ആനുകൂല്യങ്ങളും ടൂറിസത്തിനും ലഭിക്കാന്‍ തുടങ്ങി. 1988 -ല്‍ ടൂറിസം വകുപ്പിനു കീഴില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവവെല്‍ സ്റ്റഡീസ് എന്ന പേരില്‍‍ ടൂറിസവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി ഒരു സ്ഥാപനം ആരംഭിച്ചു. പിന്നീട് 7 വര്‍ഷങ്ങള്‍ക്കു ശേഷം 1995 -ല്‍ കേരള സര്‍ക്കാര്‍ ഒരു സമഗ്ര ടൂറിസം നയം പ്രഖ്യാപിക്കുകയുണ്ടായി. 2000 ത്തോടു കൂടി കേരള ടൂറിസം ഒരു മള്‍ട്ടി ബില്ല്യണ്‍ ഡോളര്‍ ബിസിനസായി മാറിയിരിക്കുകയാണ്. ഇന്ന് നമ്മുടെ സമ്പദ്ഘടനയുടെ പ്രധാന അടിത്തറകളിലൊന്നാണ് ടൂറിസം. ഇടതു വലതു ഭേദമെന്യേ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പുതിയ ടൂറിസം പദ്ധതികള്‍ പ്രഖ്യാപിക്കുന്നു . നമ്മുടെ സമ്പദ് ഘടനക്ക് രക്ഷപ്പെടാനുള്ള അതീവ പ്രാധാന്യമുള്ള മേഖലയായി ടൂറിസം അവതരിപ്പിക്കപ്പെടുന്നു. ഏറ്റവും അവസാനം സ്വകാര്യ നിക്ഷേപം ക്ഷണിച്ചു കൊണ്ട് കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച എമര്‍ജിംങ് കേരളയില്‍ ഏറ്റവും അധികം പദ്ധതികള്‍ അവതരിപ്പിക്കപ്പെട്ടതും ടൂറിസം മേഖലയിലാണ്.

എന്നാല്‍ എന്താണ് വാസ്തവത്തില്‍ കേരളീയ സമൂഹത്തിന് 30 വര്‍ഷം പിന്നിട്ട ടൂറിസം വ്യവസായത്തിന്റെ സംഭാവന?. സര്‍ക്കാറുകള്‍‍ കൊട്ടിഘോഷിക്കുന്ന പോലെ നമ്മുടെ സമൂഹത്തിലെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവും സാംസ്ക്കാരികവുമായ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ ടൂറിസം വ്യവസായത്തിന്റെ പങ്കെന്താണ്? കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനത്തില്‍ ടൂറിസം വ്യവസായം ഉണ്ടാക്കിയ മാറ്റങ്ങള്‍ എന്തൊക്കെയാണ്? ജനപക്ഷത്തു നിന്ന് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതാണ്. ഉത്തരം പറയാന്‍ മാന്യത കാണിക്കാത്ത ഭരണകൂടമാണ് നമ്മെ ഭരിക്കുന്നതെന്നാണ് വസ്തുതയെങ്കിലും.

ആഗോള സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങള്‍ക്ക് അനുപൂരകമായാണ് കേരളത്തിലെ ടൂറിസം മേഖലയുടെ വളര്‍ച്ച എന്നത് കാണാന്‍ കഴിയും. 1990കള്‍ മുതല്‍ ആരംഭിച്ച ആഗോളീകരണ - ഉദാരീകരണ സ്വകാര്യവത്ക്കരണ നയങ്ങളിലൂടെ തുടക്കം കുറിച്ച നവറിബറല്‍ സാമ്പത്തിക അജണ്ടയുടെ ഭാഗമായാണ് കേരളത്തിലും ടൂറിസം മേഖല വികസിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ ബലത്തില്‍ പടുത്തുയര്‍ത്തിയ ഒരു സമ്പദ്ഘടനയാണ് നമ്മുടേത്. അടിസ്ഥാന ഉല്‍പ്പാദന മേഖലകളായ കൃഷിയും വ്യവസായവും പിന്തള്ളപ്പെടുകയും പകരം സേവന മേഖല വികസിച്ചു വരികയും ചെയ്തു. ഭക്ഷണത്തിനും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കും ആഗോള വിപണിയെ ആശ്രയിക്കേണ്ട ഗതികേടിലാണ് കൊണ്ടെത്തിച്ചത്. ആഗോള വിപണിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും മലയാളിയുടെ ജീവിതത്തെ ഗൗരവതരമായി ബാധിക്കുന്നതായി മാറി. ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന പ്രതിസന്ധികള്‍ ‍മറികടക്കാന്‍ ലോകവ്യാപാര സംഘടനയുടേയും മറ്റും നേതൃത്വത്തില്‍ നടപ്പില്‍ വന്ന നവലിബറല്‍ സാമ്പത്തിക നയത്തിന്റെ നടത്തിപ്പുകാരായി നമ്മുടെ സര്‍ക്കാ‍ര്‍ മാറുന്നതും അങ്ങനെയാണ്. കൊളോണിയല്‍ കാലഘട്ടം മുതല്‍ നടപ്പിലാക്കിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി നമ്മുടെ കര്‍ഷകര്‍ നാണ്യവിളകൃഷിയിലേക്കു തിരിയുകയും നെല്‍കൃഷി അവഗണിക്കപ്പെടുകയും ചെയ്തു. യൂറോപ്പിലെ വ്യവസായങ്ങള്‍ക്കാവശ്യമായ അസംസ്കൃത വസ്തുക്കള്‍ നിര്‍മ്മിക്കുന്ന തലത്തിലേക്ക് നമ്മുടെ വ്യവസായരംഗവും ചുരുക്കപ്പെട്ടു. സ്വതന്ത്ര്യത്തിനു ശേഷവും നമ്മുടെ ഈ ആശ്രിതാവസ്ഥക്ക് കാര്യമായ മാറ്റങ്ങള്‍: വന്നില്ലെന്നു മാത്രമല്ല മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ ആശ്രിതാവസ്ഥയെ പരിഷ്ക്കരിച്ച് നിലനിര്‍ത്താനാണ് നമ്മുടെ ഭരണാധികാരികള്‍ നാളിതുവരെ ശ്രമിച്ചത്.

ഈ പശ്ചാത്തലത്തിലാണ് ടൂറിസം നമ്മുടെ സമ്പദ്ഘടനക്ക് ഉത്തേജനം നല്‍കുന്ന മാന്ത്രിക വിദ്യയായി അവതരിപ്പിക്കപ്പെടുന്നത്. അടിസ്ഥാന ഉല്‍പ്പാദന മേഖലകള്‍ക്ക് പകരമായി ടൂറിസം വ്യവസായത്തെ ഉയര്‍ത്തിക്കാണിക്കാന്‍ പറ്റില്ല എന്നതാണ് വാസ്തവം. ടൂറിസം പോലെ Fluctuating( ആടിയുലഞ്ഞ) ആയ ഒരു മേഖലയെ അടിസ്ഥാനപ്പെടുത്തി ഒരു സമ്പദ്ഘടനക്കും അധികകാലം മുന്നോട്ടു പോകുവാന്‍ കഴിയില്ല എന്ന് തിരിച്ചറിയാന്‍ വലിയ പാണ്ഡിത്യം ഒന്നും ആവശ്യമില്ല. പുതിയതായി സൃഷ്ടിക്കപ്പെടുന്ന തൊഴില്‍ സാധ്യതകളുടെ അടിസ്ഥാനത്തിലും, ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന തൊഴില്‍ മേഖല എന്ന നിലയിലും ടൂറിസം മേഖലക്ക് കാര്യമായ സംഭാവനകളൊന്നും നല്‍കാനില്ല. എന്നാല്‍ ടൂറിസം മേഖല നടത്തുന്ന പ്രകൃതി വിഭവങ്ങളുടെ ചൂഷണവും അതുമൂലമുണ്ടാകുന്ന തൊഴില്‍ നഷ്ടങ്ങളും കണക്കിലെടുത്താല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ടൂറിസം ഉണ്ടാക്കുന്നതെന്ന് കാണാന്‍ കഴിയും.

ഉല്‍പ്പന്ന വൈവിധ്യകരണം കേരള ടൂറിസത്തിന്റെ പ്രത്യേകതയാണ്. തീര്‍ത്ഥാടന ടൂറിസം മുതല്‍ ആരോഗ്യ ടൂറിസം വരെ ഇവിടെയുണ്ട് . പദ്ധതികളുടെ വൈവിധ്യം പല തലത്തിലുള്ള ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. എമര്‍ജിങ് കേരളയില്‍ അവതരിപ്പിക്കപ്പെട്ട ടൂറിസം പദ്ധതികളുടെ ഹൈലൈറ്റ് ആരോഗ്യ ടൂറിസമായിരുന്നു യൂറോപ്പിലും അമേരിക്കയിലും മറ്റും ആരോഗ്യ മേഖല വന്‍ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന ചികിത്സാ ചിലവ് താങ്ങാന്‍ കഴിയാത്ത വിധത്തില്‍ വിദേശരാജ്യങ്ങള്‍ മാറിയിരിക്കുന്നു . കുറഞ്ഞ ചിലവില്‍ ചികിത്സ ലഭ്യമാക്കി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്ന നയമാണ് നമ്മുടെ സര്‍ക്കാര്‍ ആരോഗ്യ ടൂറിസത്തിലൂടെ മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ സ്വകാര്യ മേഖലക്ക് മേല്‍ക്കൈയുള്ള നമ്മുടെ ആരോഗ്യ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഇതുമൂലം ഉണ്ടാകും. സ്വകാര്യ മേഖലയില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ വര്‍ദ്ധിക്കുന്നതിനും ചികിത്സാ ചിലവുകള്‍ ക്രമാതീതമായി ഉയരുന്നതിനും ഇത് കാരണമാകും. സ്വകാര്യ സംരംഭകരെ ആശ്രയിച്ചാണ് നമ്മുടെ ടൂറിസം മേഖല നിലനില്‍ക്കുന്നത്. വന്‍കിട ഹോട്ടല്‍ ഗ്രൂപ്പികള്‍ ആണ് ടൂറിസം വികസനത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍. അധികം തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യാത്ത പ്രവര്‍ത്തനരീതിയാണ് ഇവരുടേത്. മാത്രവുമല്ല, വിദേശ ടൂറിസ്റ്റുകളുടെ അഭിരുചിക്കനുസൃതമായി വിദേശികളായ, പ്രത്യേകിച്ച് മംഗോളിയന്‍ വംശജരെയാണ് ഇത്തരം സ്ഥാപനങ്ങളില്‍ ജോലിക്കു വയ്ക്കുന്നത്. ഇത് നമ്മുടെ ചെറുപ്പക്കാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇത്തരം സംരംഭങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമിയുടെ വിലയിലും, കെട്ടിട നിര്‍മ്മാണരംഗത്തും ഉണ്ടാകുന്ന വിലവര്‍ദ്ധനവ് ആത്യന്തികമായി ബാധിക്കുന്നത് നമ്മുടേ നാട്ടിലെ സാധാരണക്കാരായജനങ്ങളെ തന്നെയാണ്.

കേരളത്തിന്റെ പാരിസ്ഥിതികസന്തുലത്തെ തകിടം മറിക്കുന്ന വിലകമായ വികസനനയമാണ് ടൂറിസം മേഖലയില്‍ മുന്നോട്ടു വച്ചിട്ടുള്ളത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ഫലപ്രദമായ യാതൊരു പദ്ധതിയുമില്ലാത്ത നമ്മുടെ നാട്ടില്‍ ടൂറിസം നമ്മുടെ പരിസ്ഥിതിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഗോവ പോലുള്ള സംസ്ഥാനങ്ങള്‍ മാസ് ടൂറിസത്തിന്റെ ഭാഗമായി കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. തീരദേശ സംരക്ഷണനിയമവും, വനനിയമങ്ങളും ലംഘിച്ചു കൊണ്ട് വന്‍കിട ഹോട്ടല്‍ ഗ്രൂപ്പുകളും മറ്റും നടത്തുന്ന പരിസ്ഥിതി നാശം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. പരിസ്ഥിതി സൗഹാര്‍ദ്ദ ടൂറിസമെന്നാണ് നമ്മുടെ സര്‍ക്കാര്‍ പറയുന്നതെങ്കിലും നമ്മുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന പരിസ്ഥിതി നാശം നമ്മുടെ കണ്മുന്നിലുണ്ട്. അമിതമായ ജല- ഊര്‍ജ്ജ ഉപയോഗം മുലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വേറെയും. തീരദേശം സംരക്ഷിക്കാനെന്ന പേരില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കൂര നിര്‍മ്മിക്കാന്‍ പോലും അനുവദിക്കാത്ത ഭരണകൂടം ആണ് ടൂറിസം വ്യവസായത്തിന്റെ പേരില്‍ തീരദേശത്ത് വന്‍ കിട ഹോട്ടലുകള്‍ പണീയാന്‍ അനുമതി നല്‍കുന്നത്. വന്‍തോതില്‍ മാലിന്യം ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുന്നതിനാല്‍ നമ്മുടെ ടൂറിസ്റ്റു കേന്ദ്രങ്ങളിലെ പുഴകളും, നദികളും, കായലും, കടലുമെല്ലാം വന്‍ തോതില്‍ മലിനീകരിക്കപ്പെടുന്നുണ്ട്. ആലപ്പുഴയിലെ ഹൗസ് ബോട്ടുകള്‍ ഉണ്ടാക്കുന്ന ജലമലിനീകരണം ഒരുദാഹരണമാണ്. ജലാശയങ്ങളിലെ മത്സ്യസമ്പത്തും ജൈവവൈവിധ്യവും നശിച്ചു പോകാന്‍ ഇത് ഇടയാക്കുന്നു. മത്സ്യജീവനം ഉപജീവനമാക്കിയ അടിസ്ഥാനജനവിഭാഗങ്ങളെ മലിനീകരണം ഗുരുതരമായി ബാധിക്കുന്നുണ്ട്. വന്‍തോതില്‍ വനഭൂമി കയ്യേറുന്നതിനും ടൂറിസം വ്യവസായം കാരണമാകുന്നുണ്ട്. നാശോന്മുഖമായ ജൈവവൈവിധ്യത്തിന്റെ സമ്പൂര്‍ണ്ണ നാശത്തിന് ഇത് കാരണമാകും എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്.

നമ്മുടെ സമൂഹിക സാംസ്ക്കാരിക രംഗത്തും അതീവ ഗുരുതരമായ പ്രത്യാഘാതമാണ് വ്യവസായവത്കൃത ടൂറിസം ഉണ്ടാ‍ക്കുന്നത്. നാല് ‘എസ്’ കളാണ് പ്രധാനമായും വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത് Sun, Sand, Sea and Sex. ലോകത്തെവിടേയും ടൂറിസം വികസനത്തിന്റെ അധോലോകമായി വികസിച്ചു വന്നിട്ടുള്ളത് സെക്സ് ടൂറിസവും, മയക്കുമരുന്ന് വിപണിയുമാണ്. ഇപ്പോള്‍ തന്നെ നമ്മുടെ നാട്ടില്‍ സെക്സ് ടൂറിസം വ്യാപകമാണെന്നത് പരസ്യമായ രഹസ്യമാണ്. റഷ്യ, തായ് ലാന്റ്, ഫിലിപ്പൈന്‍, തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്ന് സ്ത്രീകളെ എത്തിച്ച് നടത്തുന്ന രതി വിപണിയാണ് ടൂറിസം മേഖലയിലെ പല വന്‍കിട ഹോട്ടല്‍ ഗ്രൂപ്പുകളുടേയും പ്രധാന വരുമാനമാര്‍ഗം. എസ്കോര്‍ട്ട് സര്‍വീസ് എന്ന പേരില്‍ ടൂര്‍ ഓപ്പറേറ്ററുമാര്‍ സ്ത്രീകളെ എത്തിച്ചു കൊടുക്കുന്ന സംവിധാനം നിലവിലുണ്ട്. മസാജ് പാര്‍ലറുകളുടെ മറവില്‍ നടക്കുന്ന മാംസക്കച്ചവടമാണ് മറ്റൊരു പ്രധാന മേഖല. സ്ത്രീയുടെ മര്‍ദ്ധിതാവസ്ഥയെ ഒന്നു കൂടി ഉറപ്പിക്കാനും സ്ത്രീ വെറുമൊരു ലൈംഗികോപകരണമാണെന്ന പുരുഷാധിപത്യബോധത്തിന് അടിവരയിടാനുമെ ഇത് ഉപകരിക്കൂ. സ്ത്രീയുടെ ശക്തിയും, ദൗര്‍ലഭ്യവും അവളുടെ ശരീരമാണെന്നും, ശരീരത്തെ ശക്തിയാക്കി മാറ്റു എന്നു സന്ദേശം നല്‍കുന്ന ഫെമിനസത്തിന്റെ വ്യാജ മുഖം മൂടി ഇട്ടു വന്ന 22 ഫീമെയില്‍ കോട്ടയം പോലുള്ള സിനിമകള്‍ ടൂറിസത്തിന്റെ മറവില്‍ വളര്‍ന്നു വരുന്ന രതിവിപണിക്ക് അനുകൂലമായ സാംസ്ക്കാരിക പരിസരമാണ് ഒരുക്കിക്കൊടുക്കുന്നത് കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് എമര്‍ജിങ് കേരളയില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്ന പദ്ധതികളിലൊന്ന് വേളിയില്‍ ആരംഭിക്കാന്‍ ഉദ്ദേശിച്ച് ഡാന്‍സ്‍ബാര്‍ പ്രൊജക്ടായിരുന്നു. മുന്‍പ് ടൂറിസത്തിന്റെ മറവില്‍ വിദേശികള്‍ക്കായി സംഘടിപ്പിച്ച 'മഴനൃത്തം'.

വിവാദത്തെ തുടര്‍ന്ന് പിന്‍ വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ന്ബന്ധിതരായി. സ്ത്രീകളെ ചൂഷണം ചെയ്യാനുള്ള, സ്ത്രീത്വത്തെ അപമാനിക്കുന്ന, വികല വികസനത്തിന് സര്‍ക്കാരും കൂട്ടു നില്‍ക്കുകയാണെന്നതാണ് ഇതെല്ലാം കാണിക്കുന്നത്.

മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗവും പ്രചാരവുമാണ് ടൂറിസം വ്യവസായത്തിന്റെ മറ്റൊരു ദുരന്തം. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കണ്ണികള്‍ കേരളത്തിലും സജീവമാകുന്നതിന് ടൂറിസം കളമൊരുക്കുന്നു. വര്‍ക്കലയില്‍ ഡി എച്ച് ആര്‍ എം എന്ന ദളിത് സംഘടനക്കു നേരെ ഭരണകൂടം അടിച്ചമര്‍ത്തലിന്റെ വസ്തുതകള്‍ അന്വേഷിക്കാന്‍ ചെന്ന മനുഷ്യാവശപ്രവര്‍ത്തകര്‍ നിരീക്ഷിച്ച ഒരു പ്രധാന വസ്തുത ഈ പ്രദേശത്തെ മദ്യ മയക്കുമരുന്ന് ഉപയോഗവും വിതരണവും ഡി.എച്ച്.ആര്‍.എം. മും ശിവസേനയും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായി എന്നതായിരുന്നു. ബുദ്ധമത വിശ്വസികളായ ഡി എച്ച് ആര്‍ എം. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വലിയ ക്യാമ്പയില്‍ വര്‍ക്കലയിലെ കോളനികളില്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ അന്താരാഷ്ട്രമയക്കുമരുന്ന് വിപണിയിലെ ഒരു പ്രധാന കണ്ണിയാണ് വര്‍ക്കല. ഈ പ്രദേശങ്ങളിലെ കോളനികളിലെ ദളിതരാണ് പ്രധാന വിതരണക്കാര്‍. അതുകൊണ്ടു തന്നെ ഡി എച്ച് ആര്‍ എം ന്റെ മദ്യ മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്‍ മയക്കുമരുന്ന് ലോബിക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഈ കോളനികളിലെ വലിയൊരു വിഭാഗം ദളിതര്‍ മയക്കുമരുന്ന് ഉപയോഗവും വിതരണവും അവസാനിപ്പിച്ചതോടെ ഏതു വിധേനെയും ഡി എച്ച് ആര്‍ എമ്മിനെ തകര്‍ക്കുന്നത് ആവശ്യമായിതീര്‍ന്നു. ഇതിനെ തുടര്‍ന്ന് പോലീസും ശിവസേനയും കോണ്‍ഗ്രസും സി. പി എമ്മും ഒരു വശത്തുനിന്നു വളരെ ഏകപക്ഷീയമായ ആക്രമണങ്ങളാണ് ഡി എച്ച് ആര്‍ എം പ്രവര്‍ത്തകര്‍ക്ക് നേരെ അഴിച്ചു വിട്ടത്. ടൂറിസം മൂലം ഉണ്ടാകുന്ന സാമൂഹ്യ സംഘര്‍ഷങ്ങളുടെ സങ്കീര്‍ണ്ണതകളാണ് ഇത് വ്യക്തമാക്കുന്നത്.

ഇംഗ്ലീഷ് സംസാരിക്കുന്ന വെളുത്ത തൊലിയെ ഭയഭക്തി ബഹുമാനങ്ങളോടെ നോക്കിക്കാണുന്ന വൈദേശികമായ എന്തിനെയും ആരാധിക്കുന്ന ഒരുസാംസ്ക്കരിക മണ്ഡലത്തിന്റെ സൃഷ്ടിക്ക് ടൂറിസ വ്യവസായം കാരണമാകുന്നുണ്ട്. സാംസ്ക്കാരികമായ അടിമത്തത്തെ ഇത് ഊട്ടിയുറപിക്കുന്നു. ദരിദ്രരെയും ദളിതരെയും ആദിവാസികളേയും അവജ്ഞയോടെ കാണുന്ന ഒരു സാംസ്ക്കാരിക ബോധത്തിന്റെ സൃഷ്ടിയാണ് ഇതിന്റെ മറുപുറം.

നമ്മുടെ ആശ്രിതാവസ്ഥയെ മാറ്റിമറിക്കാതെ സ്വാശ്രയത്തിലും, സ്വാഭിമാനത്തിലും, സ്വാതന്ത്ര്യത്തിലും, സാമൂഹ്യനീതിയിലും, പരിസ്ഥിതി സൗഹാര്‍ദ്ദത്തിലും അധിഷ്ഠിതമായ ഒരു വികസ്ന കാഴ്ചപ്പാടിലൂടെ മാത്രമേ നമുക്ക് യഥാര്‍ഥ വികസനം സാധ്യമാകൂ. ദൗര്‍ഭാഗ്യാവശാല്‍ നമ്മുടെ ഭരണാധികരികള്‍ ചിന്തിക്കുന്നത് തിരിച്ചാണ്. ഭൂരിപക്ഷം ജനങ്ങള്‍ക്കും ദോഷകരമായ, ജീവിതപ്രയാസങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന, പരിസ്ഥിതി നശിപ്പിക്കുന്ന വികസനനയമാണ് ഒരു പിടി സമ്പന്നര്‍ക്കു വേണ്ടി സര്‍ക്കാര്‍ പിന്തുടരുന്നത്. ടൂറിസം വികസനം ആ നയത്തിന്റെ തുടര്‍ച്ചയാണ്. അതുകൊണ്ടു തന്നെ സര്‍ക്കാറിന്റെ എല്ലാ അവകാശവാദങ്ങള്‍ക്കപ്പുറവും ടൂറിസം വ്യവസായം ഇന്നത്തെ നിലയില്‍ തീര്‍ത്തും പരാജയമാണെന്ന് ദിനംപ്രതി വ്യക്തമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം വികല വിനാശ വികസന നയങ്ങള്‍ തിരുത്തി അടിസ്ഥാന ഉല്‍പ്പാദനമേഖലകളായ കൃഷിക്കും വ്യവസായത്തിനും ഊന്നല്‍ നല്‍കുന്ന നയങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.

അല്ലാത്ത പക്ഷം ഒരു നൂറ്റാണ്ട് നീണ്ട സമരങ്ങള്‍ക്കും സഹനങ്ങള്‍ക്കും രക്തസാക്ഷിത്വങ്ങള്‍ക്കുമൊടുവില്‍ നാം നേടിയ സ്വാതന്ത്ര്യം വൈദേശിക ശക്തികള്‍ക്കും സ്വകാര്യ മൂലധനത്തിനും അടിയറവെക്കലാവും ഫലം.

കടപ്പാട് - മൂല്യശ്രുതി

അഡ്വ.തുഷാര്‍ നിര്‍മ്മല്‍ സാരഥി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.