പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അഷ്‌ടൈശ്വര്യം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. ഇ. സന്ധ്യ

ഭാഗം-2

മുകുന്ദാഷ്‌ടകം, ഭഗവത്‌ ഗീത, നാരായണീയം - ഈ കൃതികളിൽ നിന്ന്‌ തെരഞ്ഞടുത്ത ശോ​‍്ലകങ്ങളാണ്‌ നൃത്തത്തിനുപയോഗിച്ചത്‌ സാധാരണക്കാർക്ക്‌ ദുർഗ്രഹങ്ങളായ ശ്ലോകങ്ങളുടെ നൃത്താവിഷ്‌ക്കാരം അതിസരളവും സങ്കീർണ്ണനകളില്ലാത്തതുമായരുന്നുവെങ്കിലും ആവിഷ്‌ക്കാരരീതിയിലും ഉൾക്കാഴ്‌ചയിലും വേറിട്ടു നിന്നു. ചിട്ടയായും പാരമ്പര്യത്തിലടിയുറച്ചുമുള്ള പരിശീലനവും സൂക്ഷമായ നിരീക്ഷണപാടവവും കാരണങ്ങളിലും മുദ്രകളിലും അടവുകളിലും തികഞ്ഞ നിയന്ത്രണവുമുള്ള ഒരാൾക്കു മാത്രം സുസാധ്യമാവുന്ന ഒരവതരണമായിരുന്നു രാജശ്രീയുടേത്‌. ലോകധർമ്മിയും നാട്യധർമ്മിയും തമ്മിലുള്ള ഒരു സന്തുലനാവസ്ഥ ഉടനീളം പാലിച്ചു പോന്നു.

“കരാരവിന്ദേന......” എന്നു തുടങ്ങിയ ശ്ലോകം (മുകന്ദഷ്‌ടകം) അണിമ എന്ന ഐശ്വര്യത്തെ വർണ്ണിച്ചു. പ്രളയാവസ്ഥയിൽ, ആലിലയിൽ കാൽവിരലുണ്ടു കിടക്കുന്ന ഉണ്ണിക്കണ്ണന്റെ കാഴ്‌ച ഹൃദയംഗമമായിരുന്നു. തുടർന്ന്‌ “ബാലം മുകുന്ദം...” എന്ന ഭാഗത്തെ വിന്യാസം ബാലനായ കഷ്‌ണന്റെ കുസൃതികളുടെ മനോജ്ഞമായ ഒരു ദൃശ്യം കാഴ്‌ചവെച്ചു. മണ്ണു തിന്നുന്ന കൃഷ്‌ണൻ “ നിനക്കു വേണോ” എന്നു ചോദിച്ചപ്പോൾ “ വേണ്ട എന്നുത്തരം പറഞ്ഞ ചങ്ങാതിയെ മണ്ണു വലിച്ചെറിയുന്ന കുറുമ്പൻ! രണ്ടു കൈകൊണ്ടും വാരിവാരി വെണ്ണ തിന്നുന്ന സ്വാദോടെയാണ്‌ മണ്ണകത്താക്കുന്നത്‌! തന്നെ ഉരലിൽ കെട്ടിയിട്ട യശോദയുടെ കണ്ണുവെട്ടിച്ച്‌ ബന്ധനത്തിൽ നിന്നും മുക്തി നേടി മുട്ടുകുത്തിയോടിക്കളിക്കുന്ന ഒരുണ്ണി വെണ്ണയും പാലും നിറഞ്ഞ പാത്രങ്ങൾ കല്ലെറിഞ്ഞു പൊട്ടിച്ച്‌, ഗോപസ്‌ത്രീയുടെ മുഖത്തുവീണ വെണ്ണ കൈകൊണ്ടു തുടച്ചു കഴിയ്‌ക്കുന്ന അതും പോരാഞ്ഞ്‌ അവളുടെ മുഖത്ത്‌ പറ്റിനില്‌ക്കുന്നതിൽ ചിത്രപ്പണികൾ ചെയ്യുകയും ചെയ്യുന്ന കള്ളക്കണ്ണൻ! വൈഷ്‌ണവാവതാരമാണെങ്കിലും ബാലനായ മുകുന്ദൻ ‘കുട്ടികളിലും കുട്ടിയിരുന്നല്ലോ ആ കണ്ണനെ മടിയിലിരുത്തി ലാളിയ്‌ക്കാൻ കൊതിയ്‌ക്കാത്ത ഒരമ്മയും ആ സദസ്സലുണ്ടാവില്ല, തീർച്ച. അരങ്ങും മനസ്സും കയ്യിലെടുത്തു, അവിടെക്കണ്ട ബാലഗോപാലൻ.

’പ്രാപ്‌തി‘യെന്ന ഐശ്വര്യം ദൃശ്യവൽക്കരിക്കപ്പെട്ടത്‌ ’ത്രിവിക്ര‘യെന്ന കൃഷ്‌ണഭക്തയിലൂടെയായിരുന്നു. വളവുകൾ നിറഞ്ഞ ശരീരം കൊണ്ട്‌ ജീവിതം ദുസ്സഹമായിപ്പോയ ഒരു സാധുസ്‌ത്രീയാണ്‌ ത്രിവക്ര കംസന്റെ രാജധാനിയിൽ അംഗരാഗമുണ്ടാക്കുകയാണവരുടെ ജോലി. പുറപ്പെടാൻ തയ്യാറാറെടുക്കുന്ന ത്രിവക്രയ്‌ക്ക്‌ അയയിലിട്ട പുടവ പോലും എത്തിച്ചെടുക്കാനുവുന്നില്ലെങ്കിലും സ്വല്‌പം അണിഞ്ഞൊരുങ്ങാതിരിക്കാനുമാവുന്നില്ല. തനിയ്‌ക്കാവുന്നതുപോലെ വസ്‌ത്രധാരണം ചെയ്‌ത്‌, കണ്ണെഴുതി, പൊട്ടുതൊട്ട്‌ കുറിക്കൂട്ടുകളുമായി കൊട്ടാരത്തിലേയ്‌ക്കു വരുന്ന വഴിയിലാണ്‌ അവർ കണ്ണനു ചാരെയെത്തുന്നത്‌. മുതുകിലെ കുനു കാരണം കുനിഞ്ഞു മാത്രം നില്‌ക്കാൻ വിധിയ്‌ക്കപ്പെട്ട അവർ ആദ്യം കാണുന്നതെന്തായിരിയ്‌ക്കും? തീർച്ചയായും പൂക്കൾക്കു തുല്യമായ കണ്ണന്റെ കാലടികൾ തന്നെ. ആ ദർശനത്തിൽത്തന്നെ അവർക്ക്‌ കൃഷ്‌ണനോട്‌ അളവറ്റ ഭക്തി ബഹുമാനങ്ങൾ അങ്കുരിച്ചു. അത്ഭുതം! തന്റെ ഭക്തയെ മൃദുവായി തഴുകി വളവുകൾ തീർത്ത്‌ ഭഗവാൻ പുതിയൊരാളാക്കി മാറ്റുന്നു. കുബ്‌ജയുടെ അവസ്‌ഥയും ചലനങ്ങളും രാജശ്രീ അവിസ്‌മരണീയമാക്കി. സമൂഹത്തിലെന്നും പാർശ്വവൽക്കരിക്കപ്പെട്ടു പോകുന്നവരാണ്‌ വൈകല്യമുള്ളവർ. അവർക്കും മനുഷ്യസഹജമായ വികാരങ്ങളും വിചാരങ്ങളുംണ്ടെന്ന്‌ നാം പലപ്പോഴും വിസ്‌മരിക്കുന്നു. രാജശ്രീയുടെ ത്രിവക്രമൗനമായി നമ്മെ ഓർമ്മിപ്പിച്ചതായിരുന്നു. സഹതാപമുണർത്തുന്ന സ്‌ത്രീത്വത്തെയല്ല, മറിച്ച്‌ ദൗർബല്യങ്ങളിൽ നിന്ന്‌ മനസ്സിന്റെ ആർജവത്താൽ കരുത്തു നേടുന്ന ഒരു സ്‌ത്രീയെ കാണിച്ചു തരികയായിരുന്നു.

രാജശ്രീയുടെ ലക്ഷ്യം. അതിവിദഗ്‌ദ്ധമായി കലാകാരി അത്‌ കൈകാര്യം ചെയ്‌തു.

കൃഷ്‌ണനും ബലരാമനും കംസനിഗ്രഹത്തിനായി പുറപ്പെട്ടു. തടസ്സങ്ങളേറെയാണ്‌. കൊട്ടാരവാതിൽക്കൽ വഴിമുടക്കിനില്‌ക്കുന്ന കൂവലയപീഢമെന്ന ആനയെ കൊന്നു വേണം മുന്നേറാൻ, അപ്പുറത്ത്‌ നല്‌ക്കുന്ന ആനയുടെ വലിപ്പവും കരുത്തും ക്രൗര്യവും പകർന്നാട്ടത്തിന്റെ സഹായമില്ലാതെ തന്നെ രാജശ്രീയുടെ ചലനങ്ങളും മുഖഭാവങ്ങളും വെളിവാക്കി. ആനയെ മസ്‌തകത്തിലടിച്ചു കീഴ്‌പ്പെടുത്തി, കൊമ്പുകൊണ്ടു വലിച്ചൂരി കൊന്നു. കൃഷ്‌ണൻ അതും ചുഴറ്റിയാണ്‌ പിന്നീടുള്ള വരവ്‌. ആദ്യത്തെ കൗതുകം മാറിയപ്പോൾ കളിപ്പാട്ടങ്ങളിലൊന്ന്‌ വലിച്ചെറിഞ്ഞു. അതാ, ചാർന്നൂരൻ എന്ന അസുരൻ! അവനെ നേരിടാൻ കൈക്കരുത്തു മതി എന്നു തീരുമാനിച്ചു, കൃഷ്‌ണൻ. ഒരു ദ്വന്ദയുദ്ധത്തിന്റെ എല്ലാ അനുഭവവും പകർന്നു, ചാർന്നൂര മർദ്ദനം കയ്യിൽക്കിട്ടുന്നതെന്തും തട്ടിക്കളിക്കാനാണ്‌ ബാലനായ കൃഷ്‌ണന്‌ മോഹം. ചാർന്നൂരിന്റെ പർവതാകാരമായ ശരീരം കൃഷ്‌ണന്‌ വെറും കളിപ്പന്തായി കൃഷ്‌ണാവതാര ലക്ഷ്യങ്ങളിലൊന്ന്‌ കംസവധമാണല്ലോ. കംസനിഗ്രഹത്തോടെ ’ഗരിമ‘യെന്ന ഐശ്വര്യം സാക്ഷാൽക്കരിക്കപ്പെടുന്നു. കംസനെ നേരിടുന്ന കൃഷ്‌ണന്റെ മുഖത്ത്‌ കൗര്യമല്ല, ഒരു കളിയിലെ ലാഘവമാണ്‌ കണ്ടത്‌. ഒപ്പം ഒളിപ്പിച്ചു വെച്ച ഒരു മന്ദസ്‌മിതവും കൃഷ്‌ണന്റെ സഹജസ്വഭാവുമതാണല്ലോ.

ഇഷ്‌ടമുള്ളയിടത്ത്‌ പ്രത്യക്ഷമാവാൻ കഴിയുന്ന സിദ്ധിയാണ്‌ പ്രകാശ്യം പാഞ്ചുലീ വസ്‌ത്രാക്ഷേപമാണ്‌ അതിനുവേണ്ടി തെരഞ്ഞെടുത്തത്‌ വസ്‌ത്രാക്ഷേപമവതരിപ്പിക്കുമ്പോൾ സാധാരണ കണ്ടുവരാറുള്ള ഒരു ശൈലി പകർന്നാട്ടത്തിന്റേതാണ്‌. ദൂശ്ശാസനന്റെ അഹങ്കാരം നിറഞ്ഞ പ്രവർത്തി ചിത്രീകരിക്കുകയും അതിനുശേഷം ദ്രൗപതിയുടെ നിസ്സഹായവും നിരാലബവുമായ അവസ്‌ഥ കാണിക്കുകയും ചെയ്യുക എന്നതാണ്‌ മിയ്‌ക്കപ്പോഴും പതിവ്‌. എന്നാൽ ദ്രൗപതിയെമാത്രം കേന്ദ്രീകൃതമാക്കിയുള്ള ഒരവതരണരീതിയാണ്‌ രാജശ്രീ കൈക്കൊണ്ടത്‌ അതുതന്നെയായിരുന്നു അതിന്റെ ശക്തിയും. ദ്രൗപതിയുടെ ഒന്നോ രണ്ടോ നോട്ടം കൊണ്ടു ശരീരത്തിന്റെ ചെറുചലനംകൊണ്ടും മാത്രമാണ്‌ വേദിയിലദൃശ്യനായ ദുശ്ശാസനന്റെ സാന്നിദ്ധ്യം കാണികളനുഭവിച്ചത്‌. അപമാനിയ്‌ക്കപ്പെടുന്ന പാഞ്ചാലിയുടെ ശാരീരികാവസ്‌ഥയേക്കാൾ മാനസിക ഭാവങ്ങൾ സംവേദനം ചെയ്യുന്നതിലായിരുന്നു ഊന്നൽ. തന്റെ എക്കാലത്തെയും സഖാവായ കൃഷ്‌ണന്റെ പാദാരവിന്ദങ്ങളിലുള്ള ദ്രൗപതിയുടെ സമർപ്പണം ഒരാത്മീയനുഭവമായി മാറി. (പ്രശസ്‌ത നർത്തകി ഡോ. പത്മുസുബ്രഹ്‌മണ്യം നൃത്തം ചെയ്‌തുകൊണ്ടിരിയ്‌ക്കേ ശ്രീകൃഷ്‌ണനെ നേരിൽക്കണ്ട അനുഭവത്തെക്കുറിച്ചു പറഞ്ഞത്‌ ഇത്തരുണത്തിലോർത്തുപോകുന്നു. പിന്നീടവർക്ക്‌ നൃത്തം മഴുമിപ്പിക്കാനായില്ലത്രേ).

ഡോ. ഇ. സന്ധ്യ

നീലോൽപ്പലം, എസ്‌.എൻ. പാർക്ക്‌ റോഡ്‌, തൃശൂർ - 680004.


Phone: +91 487 2386600 ,+91 9447437250
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.