പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ചരിത്രരചനയിലെ കലാപം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രമോദ്‌.പി. സെബാൻ

ലേഖനം

ഒരേയൊരു കാരണത്താൽ ചരിത്രത്തിൽ ഒന്നും സംഭവിക്കുന്നില്ല. ഒന്നിലധികം കാരണങ്ങളുടെ ആകെത്തുകയാണ്‌ ഒരു ചരിത്രസംഭവം. നിശ്ചയിക്കപ്പെട്ട അനുമാനങ്ങളിലേക്ക്‌ എത്തുവാനുളള ചവിട്ടുപടികളായി സിദ്ധാന്തങ്ങളുടെ കൂട്ട്‌ പിടിച്ച്‌ ചരിത്രരചന നടത്തുന്നവർ ചരിത്രത്തെ ഭയക്കുന്നവരാണ്‌. ഇവിടെയാണ്‌ മലബാർ കലാപത്തിന്റെ പ്രാധാന്യം. ഈ ഓഗസ്‌റ്റ്‌ 20-ന്‌ മലബാർ കലാപത്തിന്റെ ഒരു വാർഷികം കൂടി കടന്നുപോവുകയാണ്‌. കേരളചരിത്രത്തിൽ ഇത്രയധികം ഭിന്നാഭിപ്രായങ്ങൾ സൃഷ്‌ടിച്ച സംഭവങ്ങൾ വിരളം. മലബാർ കലാപം ഒരു വർഗ്ഗീയ ലഹളയായും കാർഷികസമരമായും സ്വാതന്ത്യസമരഭാഗമായും വ്യത്യസ്‌ത വീക്ഷണങ്ങൾ ചരിത്രകാരൻമാർക്കിടയിൽ നിലനിൽക്കുന്നു. രാഷ്‌ട്രീയ മർദ്ദനങ്ങളിൽ നിന്നും ഉൽഭവിച്ച പ്രസ്തുത ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം തന്നെയാണെന്ന്‌ ഒരു കൂട്ടർ വാദിക്കുമ്പോൾ, നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ഉന്നയിച്ചുകൊണ്ട്‌ ഇതൊരു വർഗ്ഗീയകലാപം മാത്രമായിരുന്നുവെന്ന്‌ ഹിച്ച്‌കോക്കിനെ പോലുളളവർ വാദിക്കുന്നു. ഫ്യൂഡൽ ബന്ധങ്ങൾക്കും സാമ്രാജ്യത്വത്തിനും എതിരായുളള ഒരു സായുധസമരമാണ്‌ മറ്റുചിലർക്കത്‌.

1920 ഓഗസ്‌റ്റ്‌ 20-ന്‌ ആലി മുസ്‌ല്യാരെയും ശിഷ്യന്മാരെയും അറസ്‌റ്റു ചെയ്യുന്നതിനായി പട്ടാള അകമ്പടിയോടെ ആയിരുന്നു ഭരണാധികാരികൾ തിരൂരങ്ങാടിയിൽ എത്തിയത്‌. മമ്പറത്ത്‌ കിഴക്കെപളളിയിൽ പരിശോധന നടക്കുമ്പോൾ, പളളി വെടിവെച്ചു തകർത്തുവെന്ന കിംവദന്തി പരന്നതാണ്‌ സമരം രക്തച്ചൊരിച്ചിലുകളിലേക്ക്‌ വഴിമാറാൻ കാരണമായത്‌. അറേബ്യയിൽ മുസ്ല​‍്യം പുണ്യസ്ഥലങ്ങൾക്കുനേരെ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ കയ്യേറ്റം നടത്തിയതാണ്‌ ഖിലാഫത്ത്‌ പ്രക്ഷോഭത്തിന്‌ കാരണമായിത്തീർന്നതെന്ന ചരിത്രവസ്‌തുത ഇത്തരുണത്തിൽ പ്രസക്തമാണ്‌.

ലഹളയുടെ മുൻനിരയിൽ ഉണ്ടായിരുന്നതിൽ ഏറിയ പങ്കും വിമുക്തഭടന്മാരായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ വീരസ്‌മരണകളുമായി കഴിയുന്ന അവരെ സംബന്ധിച്ചിടത്തോളം മലബാർ കലാപം ഒരു രണ്ടാം യുദ്ധാനുഭവമായിരുന്നു. 1921 ഓഗസ്‌റ്റ്‌ 20-ന്‌ തിരൂരിലെ കച്ചേരിയിൽ അതിക്രമിച്ചു കടന്ന ഖിലാഫത്തുകാർ പോലീസുകാരുടെ ആയുധങ്ങൾ കൈക്കലാക്കുകയുണ്ടായി. റൈഫിൾ വാങ്ങുമ്പോൾ അതിന്റെ ടോപ്പ്‌ അഴിച്ചുമാറ്റുന്നതിൽ അവർ കാണിച്ച പരിജ്ഞാനം മേൽപ്പറഞ്ഞ വസ്‌തുത ഊട്ടിയുറപ്പിക്കുന്നതാണെന്ന്‌ കലാപത്തിൽ പങ്കെടുത്ത ഒരാൾ കൂടിയായ ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട്‌ തന്റെ ‘ഖിലാഫത്ത്‌ സ്‌മരണകളി’ൽ പറയുന്നു. ഓഗസ്‌റ്റ്‌ 21-ന്‌ ആലി മുസ്‌ല്യാർ തിരൂരങ്ങാടി പളളിയിൽ ഒരു ചെറിയ ഖാലിഫായി അധികാരത്തിലേറി. ഓഗസ്‌റ്റ്‌ 29-ന്‌ ഏറനാട്‌, വളളുവനാട്‌, പൊന്നാനി, കോഴിക്കോട്‌, വയനാട്‌ എന്നീ അഞ്ചു താലൂക്കുകളിൽ പട്ടാളനിയമം പാസാക്കുകയും ബ്രിട്ടീഷ്‌ സർക്കാർ ലഹള സായുധ മാർഗ്ഗത്തിലൂടെ അടിച്ചമർത്തുന്നതിൽ വിജയിക്കുകയും ചെയ്‌തു. ആലി മുസ്‌ല്യാരുടെ കീഴടങ്ങലിനുശേഷം 1922 ജനുവരി 22-ന്‌ കുഞ്ഞഹമ്മദ്‌ ഹാജിയെയും ചെമ്പ്രാശ്ശേരി തങ്ങളെയും ചതിയിൽ വധിച്ചതോടെ നാഥനില്ലാത്ത ഒരവസ്ഥയിലേക്ക്‌ കാര്യങ്ങൾ നീങ്ങുകയാണ്‌ ഉണ്ടായത്‌. ഹിന്ദുക്കൾക്ക്‌ നേരെയുണ്ടായ അതിക്രമങ്ങൾ അപ്പോഴും ഒരു സംഘടിത നീക്കമായിരുന്നില്ല, സ്വാർത്ഥ താൽപര്യത്തിലധിഷ്‌ഠിതമായ ഒറ്റപ്പെട്ട അനിഷ്‌ട സംഭവങ്ങളായിരുന്നുവെന്ന്‌ കാണാൻ കഴിയും.

ലഹളക്കാരെ തിരഞ്ഞുപിടിക്കാൻ പോലീസ്‌ ഹിന്ദുക്കളുടെ സഹായം തേടിയതോടുകൂടിയാണ്‌ കലാപത്തിന്‌ ഒരു വർഗ്ഗീയ സ്വഭാവം വന്നതെന്ന്‌ ‘കഴിഞ്ഞ കാല’ത്തിൽ കെ.പി.കേശവമേനോൻ സ്‌മരിക്കുന്നു. കൽപ്പനയ്‌ക്കനുസരിച്ച്‌ പ്രവർത്തിക്കാതിരുന്നാൽ പോലീസ്‌ പീഡിപ്പിക്കും, പട്ടാളക്കാരുടെ കൂടെ ലഹളക്കാരെ തിരയാൻ പോയാൽ കലാപകാരികൾ പകരം വീട്ടും. വല്ലാത്ത ഒരവസ്ഥയായിരുന്നു ഹിന്ദുക്കൾ നേരിട്ടത്‌. 1921 ആഗസ്‌റ്റ്‌ 21-ന്‌ നിലമ്പൂർ കോവിലകം ലഹളക്കാർ കയ്യേറിയത്‌ ഖിലാഫത്തുകാരെ പിടികൂടാൻ കോവിലകം പോലീസിനെ സഹായിച്ചു എന്നതിനാലാണ്‌. അതേസമയം, ബ്രിട്ടീഷുകാരെ സഹായിച്ച മുസ്ലീം ജന്മിമാരെയും ലഹളക്കാർ വെറുതെ വിട്ടിരുന്നില്ല. വടക്കെ മലബാറിലെ മാപ്പിളമാരും ആലിരാജയും മറ്റും ബ്രിട്ടീഷുകാരോട്‌ ഒത്തുനിന്നു എന്ന വസ്‌തുതയും ഇവിടെ വിസ്‌മരിക്കരുത്‌. കലാപത്തിന്റെ ഭാഗഭാക്കായി പീഡനങ്ങൾ ഏറ്റുവാങ്ങിയ എം.പി.നാരായണമേനോൻ, ചെർപ്പുളശ്ശേരി ഗോവിന്ദൻ നായർ, ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട്‌ തുടങ്ങിയവരും വാഗൺ ദുരന്തത്തിൽ മരിച്ച ഹിന്ദുക്കളും ചരിത്രത്തിന്റെ ഭാഗമല്ലെന്ന്‌ വരുന്നുണ്ടോ?

വാഗൺ ദുരന്തത്തെക്കുറിച്ചുളള നിഗമനങ്ങളിലും ഭിന്നാഭിപ്രായങ്ങൾ കാണാം. ലഹളക്കാരെ കുത്തിനിറച്ച വാഗണുമായി 1921 നവംബർ 10-ന്‌ തിരൂരിൽ നിന്നും കോയമ്പത്തൂർക്ക്‌ തിരിച്ച തീവണ്ടി പോത്തന്നൂരിൽ നിർത്തിയപ്പോഴാണ്‌ 90 തടവുകാരിൽ 64 പേർ മരിച്ചുവെന്നറിയുന്നത്‌. (67 എന്ന്‌ ഒരുകൂട്ടർ)

മലബാർ കലാപത്തിന്‌ അഖിലേന്ത്യാതലത്തിൽ അനുഭവിക്കേണ്ടിവന്ന അവഗണന ബ്രിട്ടീഷുകാർക്ക്‌ ഒരുതരത്തിൽ അനുഗ്രഹമാവുകയായിരുന്നു. ഈ സമരം ഹറാമാണെന്ന്‌ വരുത്തിത്തീർക്കാനും യാഥാസ്ഥിതികരായ ചില ജന്മിമാരെ തേടിപ്പിടിച്ച്‌ ഒരു എതിർ സംഘടനയുണ്ടാക്കാനും ഗവൺമെന്റ്‌ ശ്രമിച്ചു. ‘മഹക്കുൽ ഖിലാഫത്തി ഫിസ്‌മിൽ ഖിലാഫ്‌’ എന്ന ഫത്ത്‌വ (പണ്ഡിതന്മാരുടെ വിധി) മുഖേന ഇസ്ലാമിനു വിരുദ്ധമാണ്‌ ഖിലാഫത്ത്‌ സമരമെന്ന കുപ്രചാരത്തിന്‌ അവർ മുതിർന്നു. (‘കേരള മുസ്‌ലീം ചരിത്രം’-പി.എ. സെയ്‌ത്‌ മുഹമ്മദ്‌, പേജ്‌ 225)

പഞ്ചാബിൽ നടന്ന പോലീസ്‌ മർദ്ദനങ്ങളെ ഗൗരവമായി കണ്ട കോൺഗ്രസ്‌ പോലും മലബാറിലെ പ്രശ്‌നങ്ങൾ കണ്ടില്ലെന്ന്‌ നടിക്കുകയാണുണ്ടായത്‌. ഗവൺമെന്റിനെ മറിച്ചിടാനുളള ഒരു സമരമായി മലബാർ കലാപം അവസാനംവരെ തുടർന്നില്ല എന്നതാണ്‌ ഇന്ത്യാചരിത്രത്തിൽ മലബാർ കലാപത്തിന്‌ അനുഭവിക്കേണ്ടിവന്ന അവഗണനയ്‌ക്കു കാരണം. ചൗരിചൗരാ സംഭവത്തിൽ ഗാന്ധിജി കൈക്കൊണ്ട നടപടി ഇവിടെയും ആവർത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷെ, കലാപത്തിന്റെ ഗതിതന്നെ മാറിവരുമായിരുന്നു.

പ്രശ്‌നസങ്കീർണ്ണമായ വിപ്ലവാനന്തര മലബാറിന്റെ നവോത്ഥാനത്തിനായി കെ.പി.കേശവമേനോന്റെ പത്രാധിപത്യത്തിൽ 1923 മാർച്ച്‌ 18-ന്‌ ‘മാതൃഭൂമി’യും 1924 ഒക്‌ടോബറിൽ മുഹമ്മദ്‌ അബ്‌ദുറഹിമാന്റെ പത്രാധിപത്യത്തിൽ ‘അൽ-അമീനും’ ആരംഭിച്ചു. തെറ്റിദ്ധാരണകളും അവിശ്വാസവും ഭീതിയും നിറഞ്ഞ സാമൂഹികാന്തരീക്ഷത്തിൽ ഇവ ചെലുത്തിയ സ്വാധീനം അഭൂതപൂർവ്വമായിരുന്നു.

മലബാർ കലാപം വെറും സാമൂദായിക ലഹളയായി ചിത്രീകരിക്കപ്പെടുമ്പോൾ നാമോർക്കേണ്ടുന്ന ഒരു വസ്‌തുത, നാടൻ ലഹളകൾ ഒരിക്കലും ബ്രിട്ടീഷുകാർക്ക്‌ അരക്ഷിതാവസ്ഥ സൃഷ്‌ടിച്ചിരുന്നതേയില്ല എന്നിരിക്കെ, 1920-ലെ സംഭവങ്ങൾ അടിച്ചൊതുക്കുന്നതിനായി അന്നത്തെ മലബാർ കലക്‌ടർ ഇ.എഫ്‌.തോമസ്‌ മദ്രാസ്‌ ഗവർണർക്ക്‌ കൂടുതൽ പട്ടാളത്തെ അയച്ചുതരാൻ റിപ്പോർട്ടയച്ചു എന്നുളളതാണ്‌. 1836-നും 1853-നും ഇടയിലുണ്ടായ വ്യത്യസ്‌തങ്ങളായ ഇരുപത്തിരണ്ടിലധികം കലാപങ്ങളുടെയും 1854-ലെ മലബാർ സ്‌പെഷ്യൽ പോലീസ്‌ രൂപീകരണത്തിന്റെയും വെളിച്ചത്തിൽ 1921-ലെ സംഭവങ്ങൾ വായിക്കുമ്പോൾ മറന്നുപോവരുതാത്ത ഒന്നുണ്ട്‌- 1836-ലെ അവസ്ഥയായിരുന്നില്ല ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‌ 1921-ൽ ഉണ്ടായിരുന്നത്‌. ശിപായി ലഹള, ഒന്നാം സ്വാതന്ത്ര്യസമരം എന്നൊക്കെ ചരിത്രത്തിൽ വിവരിക്കുന്ന 1857-ലെ വിപ്ലവത്തിന്റെ കാര്യകാരണങ്ങളും 1921-ലെ മലബാർ കലാപത്തിന്റെ കാരണങ്ങളും തമ്മിലുളള സാദൃശ്യങ്ങൾ ആകസ്‌മികമെന്നു കരുതി തളളിക്കളയാവുന്നതല്ല. ആലി മുസ്‌ല്യാർക്കും കൂട്ടർക്കുമെതിരെ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ തയ്യാറാക്കിയ കുറ്റപത്രം ഇപ്രകാരമാണ്‌ഃ

“വെറും മതഭ്രാന്തോ ഭൂമി സംബന്ധമായ മറ്റു ബുദ്ധിമുട്ടുകളോ അല്ല ആലി മുസ്‌ല്യാരെയും കൂട്ടുകാരെയും ലഹളയ്‌​‍്‌ക്ക്‌ പ്രേരിപ്പിച്ചത്‌. ഖിലാഫത്തും നിസ്സഹകരണപ്രസ്ഥാനവും തെളിവിൽ നിന്ന്‌ കോടതി കാണുന്നു. ഇതുതന്നെയാണ്‌ കഴിഞ്ഞ ലഹളകളിൽ നിന്നും ഈ ലഹളയെ വ്യത്യസ്തമാക്കുന്നത്‌.”

‘ചരിത്രത്തിന്റെ ഗതി സമുദ്രം പോലെയാണ്‌. തിരമാലകൾ കണക്കെ ആളുകൾ വരുന്നുപോകുന്നു. ഈ വേലിയേറ്റ-വേലിയിറക്കങ്ങളൊക്കെയും ചരിത്രത്തിന്റെ ഭാഗമാണ്‌’ എന്നു പറഞ്ഞത്‌ മില്ലർ ആണ്‌. എന്നാൽ ഭിന്നാഭിപ്രായത്തിന്റെ വേലിയേറ്റത്തിൽ ആശ്രയമറ്റു പോവുന്നത്‌ പരിമിത വായനാസൗകര്യം മാത്രമുളള വായനക്കാരാണ്‌. മാർക്‌സിസ്‌റ്റ്‌ ചരിത്രകാരനെന്നും കീഴാള ചരിത്രകാരനെന്നും ദേശീയ ചരിത്രകാരനെന്നും മറ്റും ചേരിതിരിഞ്ഞ്‌ ചരിത്രമെഴുതുമ്പോൾ ആശയക്കുഴപ്പം വർദ്ധിക്കുന്നത്‌ വായനക്കാരനാണ്‌. കാഴ്‌ചപ്പാടുകൾ വേണം. പക്ഷെ തങ്ങളുടേതായ പ്രതലത്തിലേക്ക്‌ ഓരോ വിഭാഗവും ചരിത്രത്തെ അരിഞ്ഞുവീഴ്‌ത്തി അംഗഛേദം വരുത്തി ചില്ല്‌ കൂട്ടിലാക്കുമ്പോൾ, വഴിയോര വാണിഭക്കാർക്കിടയിൽ അകപ്പെട്ട നാട്ടിൻപുറത്തുകാരന്റെ അവസ്ഥയാവും ഒരു ശരാശരി വായനക്കാരന്‌.

ചിന്താമണ്ഡലത്തിലെ ഏകത എന്നത്‌ വിദൂരമായ ഒരു സങ്കൽപ്പമാണ്‌. ഈ ഏകത ഏറ്റവും കൂടുതൽ ദർശിക്കാവുന്നത്‌ മതങ്ങളിലാണ്‌. എന്നാൽ മതങ്ങളിൽവരെ ഇത്‌ പൂർണ്ണമല്ല. നിഗമനങ്ങളിൽ വ്യത്യസ്തത വരട്ടെ. ആധികാരികത കൈമോശം വരരുതെന്നു മാത്രം. ചരിത്ര പുനർനിർമ്മാണം നടത്തുന്ന ചരിത്രകാരന്‌ സംഭവങ്ങളെ അതേപടി പകർത്താം, വ്യാഖ്യാനിക്കുകയുമാവാം. സംഭവത്തിനും വ്യാഖ്യാനത്തിനുമിടയിലെ വിടവ്‌ അധികരിക്കുമ്പോഴാണ്‌ ചരിത്ര അപനിർമ്മാണം സംഭവിക്കുന്നത്‌. ഇന്നത്തെ ശരി നാളത്തെ തെറ്റെന്ന്‌ വന്നേക്കാം. പക്ഷെ, ചരിത്ര നിഗമനങ്ങൾ പുനർവ്യാഖ്യാനം ചെയ്യുമ്പോൾ മുൻവിധികളുടെ ചട്ടക്കൂടുകളിൽ അതിനെ ഒതുക്കാൻ ബോധപൂർവ്വം ശ്രമിക്കുകയും വർത്തമാനകാല സാധ്യതകളുടെ ഹരിതാഭകൾ കണ്ടറിഞ്ഞ്‌ ചരിത്രത്തെ ചാലുകീറുകയും ചെയ്യുന്നത്‌ മനുഷ്യരാശിയോടുളള അനീതിയാണ്‌.

കവി എ.അയ്യപ്പൻ എഴുതിയതുപോലെ;

ചരിത്രം പഠിക്കുമ്പോൾ

വരികൾക്ക്‌

അടിവരകൾ കൊടുക്കുന്നവരുണ്ട്‌

നഷ്‌ടഭൂതകാലം

ചരിത്രഗ്രന്ഥമാണ്‌.

ആ ഗ്രന്ഥത്തിന്റെ എല്ലാവരികൾക്കും

അടിവരകൾ വേണം.

പ്രമോദ്‌.പി. സെബാൻ

1975 ഏപ്രിൽ 4-ന്‌ കണ്ണൂർജില്ലയിൽ ആറളത്ത്‌ പി.ജി.സെബാസ്‌റ്റ്യന്റെയും ലീലാമ്മ ജോണിന്റെയും മകനായി ജനിച്ചു. ആറളം ഗവ.ഹൈസ്‌കൂൾ, എടൂർ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ, കൂത്തുപറമ്പ്‌ നിർമ്മലഗിരി കോളേജ്‌, കാലിക്കറ്റ്‌ സർവ്വകലാശാല ചരിത്രവിഭാഗം, കേരള സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രത്തിൽ എം.എ.യും ബി.എഡ്‌ ബിരുദവും.

ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. കാലിക്കറ്റ്‌ സർവ്വകലാശാല എ സോണിൽ ചെറുകഥയ്‌ക്ക്‌ ഒന്നാംസ്ഥാനം. ‘നിളയിലെ മത്സ്യങ്ങൾ’ എന്ന കവിത കാലിക്കറ്റ്‌ സർവകലാശാല കാമ്പസ്‌ യൂണിയൻ 2001ൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ഒന്നാം സമ്മാനാർഹമായി. കണ്ണൂർ ആകാശവാണിനിലയം, ഏഷ്യാനെറ്റ്‌ എന്നിവിടങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌.

പാരലൽ കോളേജ്‌ അധ്യാപകനായി ജോലി നോക്കുന്നു.

വിലാസം

പ്രതിഭ,

ആറളം പി.ഒ.,

കണ്ണൂർ

670 704
Phone: 0490 2450964




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.