പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

മാറുന്ന പാര്‍പ്പിട പരികല്പ്പന

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശങ്കു ചേർത്തല

തലചായ്ക്കാന്‍ ഒരിടം . ജനസാമാന്യത്തിന്റെ കേവലമായ ആവശ്യമോ ആഗ്രഹമോ ആയി കണക്കാക്കണം. എന്നാല്‍ എത്ര വേഗമാണ് ഈ ആവശ്യം അതിരുകള്‍ ഭേദിച്ച് ആര്‍ഭാടത്തിന്റെയും അഭിമാനത്തിന്റെയും പിന്നാലെ പാഞ്ഞ് , പാര്‍പ്പിടം എന്ന പരി കല്പ്പന തന്നെ മാറ്റി മറിച്ചതെന്ന് ഓര്‍ത്തു പോകുന്നു . വീട് എന്ന സംജ്ഞ രൂപമാറ്റത്തിനു വിധേയമായിരിക്കുന്നു. വിലകളും ഫ്ലാറ്റുകളും പാലസ്സുകളും ബംഗ്ലാവുകളുമായി അവ ആകാശം കീഴടക്കുന്നു. നാട്ടിലുള്ള വീടും പറമ്പും വിറ്റ് വിലയിടിഞ്ഞ വൃദ്ധമാതാപിതാക്കളെ അഗതി മന്ദിരങ്ങളില്‍ പ്രവേശിപ്പിച്ച് പുതിയ തലമുറ നഗരത്തിലെ ഹൗസിംഗ് അപ്പാര്‍ട്ടുമെന്റുകളില്‍ ജീവിതം ആഘോഷിക്കുന്നത് സര്‍ വസാധാരണമായിരിക്കുന്നു. പഴയ കാരണവന്മാര്‍ വീടു നിര്‍മ്മാണത്തിനു പദ്ധതിയിടുമ്പോള്‍ വീട്ടിലെ അംഗസംഖ്യ അടിസ്ഥാനമായെടുത്തിരുന്നു. കൂട്ടു കുടുംബപാരമ്പര്യത്തിനു യോജിച്ച നാലുകെട്ടും എട്ടു കെട്ടും അങ്ങനെ ഉരുത്തിരിഞ്ഞ ആശയങ്ങളാണ്. ആവശ്യത്തിനു മുറികളും സ്വകാര്യതയും വേണ്ടുവോളം. ഇന്ന് സന്താനഭാഗ്യമില്ലാത്ത ദമ്പതികള്‍ വരെ പണിതീര്‍ക്കുന്ന വീടുകള്‍ക്ക് താഴെയും മുകളിലുമായി ഒന്നിലധികം ബഡ്റൂമുകള്‍ വേണമെന്നും അവ അറ്റാച്ചഡ് ആയിരിക്കണമെന്നും ശാഠ്യമുള്ളവരാണ്.

പരിഷ്ക്കാരം വന്നുവന്ന് നടുമുറ്റവും മണിമുറ്റവും വീടുകളില്‍ നിന്നും വിടപറഞ്ഞിരിക്കുന്നു. പശ്ചാത്തല സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തറയോടുകള്‍ നിരത്തി ഭൂമിയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം തന്നെ വിച്ഛേദിപ്പിക്കപ്പെട്ടിക്കുന്നു. പോര്‍ച്ചില്‍ നിന്നും കാറുകളിലേക്കും കാറില്‍ നിന്നും മാളുകളിലേക്കുമുള്ള പ്രയാണത്തിനിടയില്‍ മണ്ണില്‍ പദമൂന്നേണ്ട കാര്യമുണ്ടോ?

മുംബയില്‍ അച്ഛനും അമ്മയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിനു പാര്‍ക്കാന്‍ ഒരു വീടു നിര്‍മ്മിക്കപെട്ടിട്ടുണ്ട്. ' ആന്റില ' എന്നാണു പേരു നല്‍കിയിരിക്കുന്നുന്നത്. 27 നിലകളുണ്ട്. പരിചാരകര്‍ മുന്നൂറോളം. ഇറ്റാലിയന്‍ മാര്‍ബിള്‍ പാകിയ അഞ്ഞൂറോളം കക്കൂസുകള്‍ ഈ വീടിന്റെ സവിശേഷതയാണ്. ഗൃഹനാഥന്റെ പേര് മുകേഷ് അംബാനി. പൊട്ടിയൊലിക്കാത്ത ദുര്‍ഗന്ധം വമിക്കാത്ത ഒരു കക്കൂസു പോലും നമ്മുടെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലോ ഓഫീസുകളിലോ കണ്ടെന്നു വരില്ല. സമൂഹത്തിലെ താഴ്ന്ന ശ്രേണിയില്‍ പെട്ട കോളനി നിവാസികളുടെ സ്ഥിതി പറയാനുമില്ല. ഈ വൈരുദ്ധ്യങ്ങള്‍ ഇന്ത്യ മഹാരാജ്യത്തു തന്നെയാണെന്നു വിശ്വസിച്ചേ പറ്റു.

വിദേശരാജ്യങ്ങളില്‍ ജോലി നോക്കുന്ന പ്രവാസിയെന്നു ചെല്ലപ്പേരുള്ള ഒരു ജനവിഭാമുണ്ട് നാട്ടില്‍ വന്നാല്‍ താമസിക്കാനായി ആധുനിക സജ്ജീകരണങ്ങളൊടു കൂടിയ മണിമന്ദിരങ്ങള്‍ പലര്‍ക്കും ഉണ്ട്. മൂന്നോ നാലോ വര്‍ഷം കൂടുമ്പോഴാണ് അവയ്ക്കു ജീവന്‍ വയ്ക്കുന്നത്. അതും ഒന്നോ രണ്ടോ മാസത്തേക്ക് മടക്കയാത്ര റ്റിക്കറ്റുമായ് വന്ന അവര്‍ വിമാനം കയറുന്നതോടെ ആ വീടുകള്‍ വീണ്ടും മൗനത്തിലേക്കു വീഴുന്നു. സര്ക്കാര്‍ കണക്കില്‍ ഇപ്രകാരം പതിനൊന്നു ലക്ഷത്തോളം ഭവനങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഉണ്ട്. കോരിച്ചൊരിയുന്ന പേമാരിയിലും കോടമഞ്ഞ് പെയ്തിറങ്ങിന്ന തണുപ്പിലും കടത്തിണ്ണകളിലും പരിമിത സൗകര്യങ്ങളിലും അന്തിയുറങ്ങുന്ന ആളുകളുള്ള ഈ നാട്ടിലാണ് നൊച്ചനെലിയും നരച്ചീറുകളും രാപ്പാര്‍ക്കുന്ന ഇമ്മാതിരി വീടുകള്‍ അനാഥമായിക്കിടക്കുന്നതെന്ന് ഓര്‍ക്കണം. വീട് കുടുംബാംഗങ്ങള്‍ക്കൊപ്പം‍ സന്തോഷത്തോടെയും സന്തോഷത്തോടെയും കഴിയാനുള്ള ശാന്തിനികേതനങ്ങളായിരിക്കണം. മുറികളുടെ എണ്ണത്തിലും വലിപ്പത്തിലുമല്ല മനസുകളുടെ ഐക്യപ്പെടലിന്റെയും പങ്കുവയ്ക്കലിന്റെയും തുറന്ന സത്യങ്ങളാകുമ്പോഴാണ് അവ സ്വര്‍ഗമാകുന്നത്. എങ്കില്‍ പിന്നെന്തിനു നരകമാക്കാന്‍ അതിനെ വിട്ടുകൊടുക്കണം.

****************

ഗ്രാമം മാസിക

ശങ്കു ചേർത്തല

വിലാസം

ശങ്കു ചേർത്തല,

മാണിക്യം, നെടുമ്പ്രക്കാട്‌,

ചേർത്തല പി.ഒ.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.