പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഓർമ്മയിലെ ഓണക്കാലം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കെ. സാനു.

ഇപ്രാവശ്യവും സർക്കാരിന്റെ ആഭിമുഖ്യത്തിൽ തിരുവോണം ആഡംബരപൂർവ്വം ആഘോഷിക്കപ്പെടുന്നതാണ്‌. ആഘോഷങ്ങളിൽ സിനിമാറ്റിക്‌ ഡാൻസും മിമിക്രിയും മറ്റും പ്രധാനപ്പെട്ട പങ്കുവഹിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഉദ്യോഗസ്ഥന്മാരും പൗരപ്രമാണിമാരും(!) അതിലെ പ്രമുഖ കഥാപാത്രങ്ങളായി പങ്കുകൊള്ളുകയും ചെയ്യും. അവരുടെ പല തരത്തിലുള്ള ചിത്രങ്ങൾ പത്രത്താളുകളെ അലങ്കരിക്കാതിരിക്കയില്ല - ഭാഗ്യം! ദൃശ്യമാദ്ധ്യമങ്ങളും അവരുടെ ലീലാവിലാസങ്ങൾ കമനീയമായി പ്രദർശിപ്പിക്കും. അവരുടെ പ്രസംഗങ്ങളോ? ‘തിരുവോണം നമ്മുടെ ദേശീയോത്സവമാകുന്നു’ എന്നതുപോലുള്ള ഗഹനമായ തത്വങ്ങൾ നിറഞ്ഞതായിരിക്കുകയും ചെയ്യും. അതിനാൽ ജനങ്ങളേവരും കാത്തിരിക്കുക - ആകാംക്ഷയോടെ കാത്തിരിക്കുക - തിരുവോണാഘോഷങ്ങളിൽ പങ്കുകൊള്ളാൻ - ആഘോഷങ്ങളുടെ മഹിമ ആസ്വദിക്കാൻ!

തിരുവോണത്തെ ഈ രീതിയിൽ കാണുന്നവരുടെ സംഖ്യ ഇന്നു കുറവല്ല. അവരുടെ സംഖ്യ വർദ്ധിച്ചുവരികയാണെന്ന്‌ ഞാൻ കാണുന്നു. അവർക്കു വേണ്ടിയാണ്‌ ഓണച്ചന്തകൾ ആർഭാടമായി പ്രവർത്തനം തുടങ്ങിയിരിക്കുന്നത്‌. അവിടെ നിന്ന്‌ സർവ്വവും ലഭിക്കുന്നു - ഓണാഘോഷത്തിനാവശ്യമായ സർവ്വവും. ഉപ്പേരി, എള്ളുണ്ട, കൊണ്ടാട്ടം, പായസം, അടപ്രഥമൻ... എന്നു വേണ്ട സാമ്പാറും രസവും മറ്റും ഉണ്ടാക്കാനുള്ള പൊടികൾ പോലും ലഭ്യമാണ്‌. കാശുകൊടുത്ത്‌ അവ വാങ്ങിക്കുകയേ നിങ്ങൾ ചെയ്യേണ്ടതുള്ളൂ. പൊതിഞ്ഞു കൊണ്ടു പോകുന്നതിനാവശ്യമായ പ്ലാസ്‌റ്റിക സഞ്ചികൾ കൂടി സൗജന്യമായി അവർ നിങ്ങൾക്കു നൽകുന്നു. അവരുടെ സന്മനസ്സ്‌ ശ്ലാഘനീയമാണ്‌. തിരുവോണം എങ്ങനെ ദേശീയോത്സവമാകാതിരിക്കും. വിശിഷ്ടഭോജ്യങ്ങൾ ആസ്വദിച്ചതിനുശേഷം സർക്കാർ സംഘടിപ്പിച്ചിട്ടുള്ള “പരിപാടികൾ” കൂടി കണ്ടുകഴിയുമ്പോൾ ആഘോഷം പൂർണ്ണമാകുന്നു.

നഗരങ്ങളിലെ ഈ അവസ്ഥാവിശേഷം ഇപ്പോൾ നാട്ടിൻപുറങ്ങളിലേക്കും കൂടി വ്യാപിച്ചിട്ടുണ്ട്‌. നഗരങ്ങളേയും ഗ്രാമങ്ങളേയും വേർതിരിക്കുന്ന അതിർവരമ്പുകൾ കേരളത്തിൽ ഇപ്പോൾ മറഞ്ഞു കൊണ്ടിരിക്കുകയാണല്ലോ.

എന്നാൽ, മുൻകാലത്ത്‌ - എന്റെ കുട്ടിക്കാലത്ത്‌ - ഓണാഘോഷത്തിന്റെ സ്വഭാവം ഇതായിരുന്നില്ല. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരേ രീതിയിൽ അതു നടത്തിയിരുന്നുമില്ല. അന്നത്തെ രീതിയെപ്പറ്റി ആദ്യമായി എനിക്കു പറയാനുള്ളത്‌, അതു കേവലമൊരു ചടങ്ങായിരുന്നില്ല എന്നാണ്‌. കേരളീയരിൽ ചിങ്ങമാസക്കാലത്ത്‌ സ്വഭാവികമായി, സ്വച്ഛന്ദമായി, വികാസം പ്രാപിച്ചുവരുന്ന ഒരു ആഘോഷമായിരുന്നു അത്‌. കേരളീയരുടെ ഹൃദയം അതിൽ വികാരവായ്പോടെ സ്പന്ദിച്ചു നിന്നിരുന്നു.

അക്കാലത്ത്‌ ഇന്നത്തേക്കാളധികവും ദാരിദ്ര്യം നാട്ടിൽ നിലനിന്നിരുന്നു. മൂന്നുനേരം വയറു നിറയെ ആഹാരം കഴിക്കുന്നവർ ഏറെയുണ്ടായിരുന്നില്ല. ദരിദ്രാവസ്ഥ അതിന്റെ മൂർദ്ധന്യത്തിലെത്തുന്നത്‌ കർക്കടകമാസത്തിലാണ്‌. അതുകൊണ്ടാണ്‌ ‘പഞ്ഞകർക്കടകം’ എന്ന ഒരു ശൈലി തന്നെ ഉണ്ടായത്‌. ആ മാസത്തിൽ തോരാതെ മഴ പെയ്യുക അന്ന്‌ പതിവായിരുന്നു. (കാടു വെട്ടി നശിപ്പിച്ചും മറ്റും മഴയില്ലാതാക്കുന്ന മനോഹരസമ്പ്രദായം അന്നു തുടങ്ങിയിരുന്നില്ല.) നെല്ലു പുഴുങ്ങിയാൽ (വെയിലില്ലാത്തതുമൂലം) ഉണങ്ങിക്കിട്ടാൻ പല ദിവസങ്ങൾ വേണ്ടിവരുമായിരുന്നു എന്ന്‌ ഞാൻ ഓർമ്മിക്കുന്നു. അതുകൊണ്ട്‌, അധികമാളുകളും അക്കാലത്ത്‌ വീട്ടിൽ ഒതുങ്ങിക്കൂടിയാണ്‌ കഴിഞ്ഞിരുന്നത്‌. നിവൃത്തിയുള്ളവർ മാത്രമേ കർക്കടകക്കഞ്ഞിയും മറ്റും ആസ്വദിച്ചിരുന്നുള്ളൂ. അവർ ചുരുക്കമായിരുന്നു. അധികമാളുകളും കർക്കടകമാസം ഒന്നവസാനിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുകയാണ്‌ പതിവ്‌. ചില തറവാട്ടുകളിൽ മാത്രം നടന്നിരുന്ന രാമായണ പാരായണത്തിൽ പങ്കുകൊള്ളുന്നവർ ഭക്തിയിൽ നിന്ന്‌ ആശ്വാസവും സുഖവും നുകർന്നുപോന്നു.

ഈ പശ്ചാത്തലത്തിലാണ്‌, തിരുവോണത്തിന്റെ വാഗ്‌ദാനമായി, പൊന്നിൻചിങ്ങമാസത്തിന്റെ ആവിർഭാവം. മഴയും തണുപ്പും പിന്മാറുന്നു. മടുപ്പുമാറ്റുന്ന പുത്തൻ പ്രതീക്ഷയായി വെയിൽ തെളിയുന്നു. പ്രകൃതിയുടെ മുഖഭാവമാകെ മാറുന്നു. പച്ചപ്പിന്റെ കല്ലോലങ്ങൾ എങ്ങും തെളിയുന്നു. തളിരുകളും പൂക്കളും പ്രത്യക്ഷപ്പെടുന്നു. പുഴയുടേയും കുളത്തിന്റെയും തോടിന്റെയും തീരങ്ങൾ വസന്തഭംഗികളാവിഷ്‌ക്കരിക്കുന്നു. എത്രയോ തരം കിളികളാണ്‌ അക്കാലത്തു പ്രത്യക്ഷപ്പെടുന്നത്‌! അവയുടെ പലതരം നാദങ്ങൾ ഏതു മനസ്സിലും ആഹ്ലാദമുളവാക്കുകതന്നെ ചെയ്യും. തിരുവോണമാകുന്നതോടെ ഉന്മേഷദായകമായ നിലാവ്‌ രാത്രികാലങ്ങളെ ഉല്ലാസപ്രദമാക്കുകയും ചെയ്യുന്നു. എല്ലാറ്റിനുമുപരിയായി കൊയ്‌ത്തുകാലത്തിന്റെ സമൃദ്ധി കേരളീയജീവിതങ്ങളെ തഴുകുന്ന കാലമാണത്‌. അപ്പോൾ പ്രകൃതിയ്‌ക്കുണ്ടാകുന്ന അതേ നവോന്മേഷമാണ്‌ കേരളീയരിൽ തിരുവോണാഘോഷമായി പ്രത്യക്ഷമാകുന്നത്‌. ‘കാണം വിറ്റും ഓണമുണ്ണുക’ എന്ന ചൊല്ല്‌ ജീവിതോല്ലാസത്തെ സ്വാഗതം ചെയ്യുന്നതിനുള്ള വെമ്പലിൽ നിന്നാണ്‌ രൂപപ്പെട്ടത്‌. വൃദ്ധമാനസങ്ങളിൽ നിന്നുപോലും തകർന്നുപോയ താരുണ്യത്തിന്റെ പുനരുജ്ജീവന ഗാനങ്ങൾ സ്വഛന്ദമായി ഉയർന്നുപൊങ്ങുന്ന എന്നത്‌ ആ ജീവിതോല്ലാസാസ്വാദനതൃഷ്ണയ്‌ക്കു തെളിവാണ്‌.

ഞാൻ ജനിച്ചുവളർന്ന പ്രദേശത്ത്‌ രണ്ടു സമുദായക്കാർ മാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളൂ. ലത്തീൻ കത്തോലിക്കരും ഈഴവരും. സംഖ്യയിൽ അവർ ഏതാണ്ടു തുല്യരായിരുന്നു. ഇടയ്‌ക്കിടെ ചില്ലറ വഴക്കുകളുണ്ടാകുമെങ്കിലും രണ്ടുകൂട്ടരും മൈത്രിയിലാണ്‌ കഴിഞ്ഞിരുന്നത്‌. ഈ മൈത്രി ഏറ്റവും ദൃശ്യമാകുന്നത്‌ ഓണക്കാലത്താണ്‌. തിരുവോണത്തിന്റെ ആഘോഷങ്ങളിൽ (ഊഞ്ഞാലാട്ടം, വട്ടക്കളി, തുമ്പിതുള്ളൽ എന്നിങ്ങനെ പലതും അതിലുണ്ടായിരുന്നു) രണ്ടുകൂട്ടരും ഒരേ ഉത്സാഹത്തോടെ പങ്കെടുത്തുപോന്നു. സമുദായഭേദത്തെ നിവർത്തിച്ചുകൊണ്ട്‌ എല്ലാവരും ഓണാഘോഷങ്ങളിൽ പങ്കുകൊണ്ടിരുന്നു എന്നാണ്‌ ഇതിനർത്ഥം.

ഇന്നത്തേതുപോലെ പൂക്കൾ വിലക്കുവാങ്ങുന്ന സമ്പ്രദായം അന്നുണ്ടായിരുന്നില്ല. പുഴവക്കിലും കുളങ്ങളുടെ തീരത്തും മാത്രമല്ല, പറമ്പുകളിലെങ്ങും തന്നെ അന്ന്‌ പൂക്കളുണ്ടായിരുന്നു. അതു ശേഖരിക്കുക എന്നതുതന്നെ രസകരമായ അനുഭവമായിരുന്നു. അത്തം മുതൽ തിരുവോണംവരെ പൂക്കളുടെ ആ ഉത്സവം നീണ്ടുനിൽക്കുന്നു. കുട്ടികളും മുതിർന്നവരുമടക്കം എല്ലാവരും അതിൽ അത്യുത്സാഹപൂർവ്വം പങ്കെടുത്തിരുന്നു. പൂക്കളം കാണുന്നതിന്‌ എല്ലാ വീട്ടുമുറ്റങ്ങളിലും ചുറ്റിക്കറങ്ങുന്നവർ കുറവായിരുന്നില്ല. അതിലൂടെ സൗഹൃദത്തിന്റെ മാധുര്യം അവർ പങ്കുവയ്‌ക്കുന്നു. ഉത്രാടനാളിൽ തേച്ചുകുളിക്കുക, തിരുവോണനാളിൽ കോടിയുടുക്കുക - ഇത്‌ ഒരു ചടങ്ങുമാത്രമായിരുന്നില്ല. അതിനപ്പുറമുള്ള പ്രാധാന്യം ഏവരും അതിനു കല്പിച്ചിരുന്നു. നെറ്റിയിൽ ചന്ദനക്കുറി അണിയുന്നതിന്‌ തുല്യമായ പ്രാധാന്യം ഓണക്കോടിവാങ്ങാൻ നിവൃത്തിയില്ലാത്ത വീട്ടിലെ കുഞ്ഞുങ്ങൾക്ക്‌ കോടിവസ്ര്തം നൽകാൻ മറ്റുള്ളവർ മത്സരിക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌.

തിരുവോണസദ്യയ്‌ക്കു വേണ്ടി നടത്തുന്ന ഒരുക്കങ്ങളും പ്രയത്നങ്ങളും പോലും ഉല്ലാസപ്രദമായിരുന്നു. അദ്ധ്വാനം ഉത്സവമായിത്തീരുന്നത്‌ അക്കാലത്താണ്‌ എനിക്കു നേരിൽ കാണാനായത്‌.

തിരുവോണദിവസം കുളി കഴിഞ്ഞാൽ അയൽക്കാർ പലഹാരങ്ങൾ പരസ്പരം നൽകുക പതിവായിരുന്നു. കുട്ടികളായ ഞങ്ങൾ പലഹാരങ്ങളുമായി അയൽവീടുകളിലേക്കു പോകുന്നതിൽ നിന്നു നുകർന്ന സന്തോഷം എത്രവലുതായിരുന്നു!

രാവിലെ മുതൽ പലതരം കളികൾ മുറ്റങ്ങളിലും പറമ്പുകളിലും നടക്കുന്നു. അഭിരുചിയനുസരിച്ച്‌ ആളുകൾ അവയിലേതിലെങ്കിലും ചേരുന്നു. ചിലർ പ്രേക്ഷകരായി നിന്ന്‌ രസം നുകരുന്നു. ആ കളികൾ അടുത്ത ദിവസം വെളുപ്പാൻ കാലം വരെ തുടരുകയും ചെയ്യുന്നു.

ഇതൊക്കെയാണ്‌ ഇപ്പോൾ, ഈ നഗരത്തിന്റെ ബഹളങ്ങൾക്കിടയിലിരുന്ന്‌, ഞാനോർമ്മിക്കുന്നത്‌. അകലെനിന്നൊഴുകിവരുന്ന മധുരഗാനത്തിന്റെ അലകളെന്നപോലെ ഈ ഓർമ്മകൾ എന്നെ തഴുകുന്നു.

എം.കെ. സാനു.

അധ്യാപകൻ, എഴുത്തുകാരൻ, വാഗ്‌മി, ചിന്തകൻ എന്ന നിലകളിൽ ഏറെ പ്രശസ്തനാണ്‌. കേരളത്തിന്റെ സാമൂഹ്യരാഷ്‌ട്രീയസാംസ്‌കാരിക രംഗത്ത്‌ സജീവമായി ഇന്നും പ്രവർത്തിക്കുന്നു.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.